Part - 80

ഇത് 60കളിലെ കഥയാണ്.  അമേരിക്കയിലെ ഒരു തുറമുഖത്ത് വലിയ കപ്പലുകള്‍ ചരക്കിറക്കുന്നതും കാത്ത് കടലില്‍ കിടക്കുന്നു.  'ഇങ്ങനെ പോയാല്‍ ഈ ബിസിനസ്സ് തന്നെ നിര്‍ത്തേണ്ടി വരും.  നഷ്ടം സഹിച്ച് എങ്ങിനെ ഇങ്ങനെ ചരക്ക് നീക്കം നടത്തും' ആ കപ്പലുകളിലുള്ള കമ്പനി ഉടകള്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു.  കപ്പലുകളിലെ ചരക്കുകളെ കുറിച്ചുള്ള രേഖകള്‍ വിശദമായി പരിശോധിച്ചുമാത്രമേ തുറമുഖം അധികൃതര്‍ക്ക് ചരക്ക് ഇറക്കാനുള്ള അനുവാദം നല്‍കൂ.  അത്രയും നേരം കപ്പലുകള്‍ തുറമുഖത്ത് കാത്തിരിക്കണം.  ഇങ്ങനെ കാത്തിരിക്കുന്നതിന് തുറമുഖത്തിന് വലിയ വാടകയും നല്‍കണം.  ഇത് ഭീമമായ നഷ്ടമാണ് പല കമ്പനികള്‍ക്കും വരുത്തിവെച്ചത്.  അഡ്രിയാന്‍ ഡാല്‍സെ, ലാറി ഹില്‍ബോം, റോബര്‍ട്ട് ലിന്‍ എന്ന മൂന്ന് പേരുടെ ഇടയിലേക്ക് ഇക്കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് വന്നു.  'കപ്പല്‍ എത്തുന്നതിന് മുമ്പ് അതിന്റെ രേഖകള്‍ തുറമുഖത്ത് എത്തിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാം' ഒന്നാമന്‍ പറഞ്ഞു.  'രേഖകള്‍ പരിശോധിക്കാന്‍ അപ്പോള്‍ ആവശ്യത്തിന് സമയം കിട്ടുകയും കപ്പല്‍ വന്നാല്‍ ചരക്ക് താമസംവിനാ ഇറക്കാനും സാധിക്കും' രണ്ടാമനും അഭിപ്രായപ്പെട്ടു.  'എന്നാല്‍ വിമാനമാര്‍ഗ്ഗം രേഖകള്‍ എത്തിക്കുന്നതാണ് നല്ലത്' എന്നായി മൂന്നാമന്‍.  ഈ ചര്‍ച്ചകള്‍ക്കെടുവില്‍ 1969 ല്‍ അവര്‍ ഒരു കൊറിയര്‍ കമ്പനി തുടങ്ങി.  മൂന്ന് പേരുടേയും പേരിന്റെ രണ്ടാം ഭാഗത്തിന്റെ ആദ്യാക്ഷരം പേരായി നല്‍കി.  ഡിഎച്ച്എല്‍ !!   രേഖകള്‍ സുരക്ഷിതമായി അതിവേഗം എത്തിക്കേണ്ടിടത്ത് ഉത്തരവാദിത്വത്തോടെ എത്തിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തില്‍ അവര്‍ വിജയിച്ചു.  അമേരിക്കയില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്കും അവരുടെ സേവനങ്ങള്‍ വ്യാപിച്ചു.  10 വര്‍ഷങ്ങള്‍ക്കകം യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, തെക്കേ അമേരിക്ക, ആഫ്രിക്ക  തുടങ്ങിയ രാജ്യങ്ങളിലും DHL തന്റെ വെന്നിക്കൊടി പാറിച്ചു.  2015 ല്‍ DHL ഹെലികോപ്റ്റര്‍ ഡെലിവറി എന്ന സംവിധാനത്തിനും തുടക്കമിട്ടു. ഇ-മെയില്‍ പോലെയുള്ള നിരവധി സംവിധാനങ്ങള്‍ വന്നെങ്കിലും ഇന്നും കാലത്തിനനുസരിച്ച് പുതിയ സംവിധാനങ്ങള്‍ രൂപപ്പെടുത്തി DHL സ്വയം പുതുക്കിക്കൊണ്ടിരിക്കുന്നു.  നമുക്ക് ചുറ്റും നോക്കിയാല്‍ കാണാം പല പുതിയ ബിസിനസ്സുകളും രൂപം കൊള്ളുന്നതും അതുപോലെ തന്നെ നഷ്ടത്തില്‍ കൂപ്പുകുത്തി നാമാവശേഷമായിപോകുന്നതും.  കാലത്തിനനുസരിച്ച് പുതുമകള്‍ കണ്ടെത്താത്തതാണ് അവ പലതും നഷ്ടമാകാന്‍ കാരണം.  ഒരു സംരംഭം ആരംഭിക്കുന്ന ആത്മാര്‍ത്ഥതയും പ്രതീക്ഷയും ഇടയിലെവിടെയോ നഷ്ടപ്പെടുന്നതാണ് ഇതിനു കാരണം.  പരിശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുക. കാലാനുസൃതമായ പുതിയ മാറ്റങ്ങള്‍ സ്വയം വരുത്തുക. വിജയം തേടിയെത്തുക തന്നെ ചെയ്യും - ശുഭദിനം 

0 comments:

Post a Comment