Day 104

അതൊരു പ്രസിദ്ധമായ വലിയൊരു ആശുപത്രിയായിരുന്നു.  അടിച്ചുവാരുക, മുഷിഞ്ഞ വസ്ത്രങ്ങള്‍ കഴുകി ഉണക്കുക, കിടക്ക വിരിച്ചു തയ്യാറാക്കുക തുടങ്ങിയ പല ജോലികളും ആശുപത്രിയില്‍ ചെയ്യേണ്ടതുണ്ടാവും.  ധാരാളം ജീവനക്കാര്‍ അവിടെ ജോലി ചെയ്തിരുന്നുവെങ്കിലും പലപ്പോഴും ജോലികള്‍ ബാക്കിയായിരുന്നു.  ഒരു ദിവസം 60 കഴിഞ്ഞ ഒരു അപരിചിതന്‍ ഇത്തരം പണികളില്‍ സ്വയം സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച്‌ സൂപ്രണ്ടിനെ സമീപിച്ചു.  ദിവസേന കൃത്യസമയത്തു തന്നെ വന്ന് ഏല്‍പ്പിച്ച ജോലികളെല്ലാം ചെയ്തു തീര്‍ക്കും.  കൂടുതല്‍ വല്ല ജോലിയും ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അതും സന്തോഷത്തോടെ ഏറ്റെടുക്കും.  ഇതിനുപുറമേ രോഗികളുടെ അടുത്ത് ചെന്ന് അവരെ ആശ്വസിപ്പിക്കും, അവര്‍ക്ക് ധൈര്യം പകര്‍ന്നു നല്‍കും.  താങ്കള്‍ ആരാണെന്ന് സൂപ്രണ്ട് ചോദിച്ചാല്‍ ഒരു ചെറുപുഞ്ചിരിയോടെ അദ്ദേഹം ഒഴിഞ്ഞുമാറും.  അങ്ങനെ മാസങ്ങള്‍ കഴിഞ്ഞു.  സൂപ്രണ്ടിനെ കാണാന്‍ വന്ന ഒരാള്‍ വഴിയാണ് ഇദ്ദേഹത്തെകൂറിച്ച് സൂപ്രണ്ടിന് കൂടുതല്‍ അറിയാന്‍ സാധിച്ചത്.  ഒരു വലിയൊരു കമ്പനിയിലെ ഡയറക്ടറായി വിരമിച്ച വ്യക്തിയായിരുന്നു അയാള്‍.  വേണ്ടുവോളം സ്വത്തുമുണ്ട്.  ജീവിതപങ്കാളിയുടെ മരണം അയാളെ ഒറ്റപ്പെടുത്തി.  കുറെക്കാലം ആ ദുഃഖത്തില്‍ അദ്ദേഹം കഴിഞ്ഞു.  ആ ജീവിത്തിന് ഒരു മാറ്റം വരുത്തണമെന്ന് ആഗ്രഹിച്ചപ്പോഴാണ് എന്തെങ്കിലും നിസ്വാര്‍ത്ഥ സേവനത്തിലേര്‍പ്പെട്ട് മനസ്സിന് ആശ്വാസം വരുത്തുക എന്ന തീരുമാനത്തിലെത്തിയത്.  അപ്പോഴാണ് തന്റെ വീട്ടില്‍ നിന്ന് അധികം അകലെയല്ലാത്ത ഈ ആശുപത്രി സേവനരംഗമായി തീര്‍ന്നത്.  മറ്റുള്ളവരുടെ സംതൃപ്തി അദ്ദേഹത്തെ ഉന്മേഷവാനാക്കി മാറ്റി.  നിസ്വാര്‍ത്ഥ സേവനത്തെപറ്റി നാം ഒട്ടേറെ കേള്‍ക്കാറുണ്ട്.  എന്നാല്‍ അങ്ങനെ ചെയ്യുന്ന പലര്‍ക്കും ആ സേവനത്തെപറ്റി മറ്റുള്ളവര്‍ അറിഞ്ഞിരിക്കണമെന്ന് ആഗ്രഹം ഉള്ളിന്റെയുള്ളില്‍ ഉണ്ടാകാറുണ്ട്.  അംഗീകാരത്തിനായുള്ള ദാഹം മനുഷ്യന്റെ കൂടപ്പിറവിയാണ്.  യഥാര്‍ത്ഥ നിസ്വാര്‍ത്ഥ സേവനം പരിശീലനം കൊണ്ടേ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ.  കൊട്ടിഘോഷിക്കാത്ത നിസ്വാര്‍ത്ഥ സേവനംകൊണ്ട് ഉണ്ടാകാനിടയുള്ള മനഃസംതൃപ്തിയും ആനന്ദവും കൃതാര്‍ത്ഥതയും ഒന്നുവേറെയാണ്.  പ്രവൃത്തി നല്ലതാണോ അതു മറ്റുള്ളവര്‍ക്ക് ആശ്വാസവും സന്തോഷവും ഉണ്ടാക്കുമോ എന്നുമാത്രം ഓര്‍ത്ത് അതില്‍ ഏര്‍പ്പെട്ടാല്‍ ഫലപ്രദമായ കാര്യങ്ങള്‍ നമുക്ക് ചെയ്തുതീര്‍ക്കാന്‍ സാധിക്കുക തന്നെ ചെയ്യും - ശുഭദിനം  

0 comments:

Post a Comment