Day 105

ആ കര്‍ഷകന്‍ തന്റെ ഗ്രാമത്തിലുള്ള ആശ്രമത്തില്‍ ഒരു കുട്ട മുന്തിരിയുമായി എത്തി.  ആശ്രമമണിയടിച്ചപ്പോല്‍ വാതില്‍ തുറന്ന സന്ന്യാസിയ്ക്ക് അദ്ദേഹം മുന്തിരി നിറച്ച കുട്ട നല്‍കി.  അത് ആശ്രമാധിപനുള്ള സമ്മാനമാണെന്ന് ധരിച്ച് അദ്ദേഹം അത് ആശ്രമാധിപനെ ഏല്‍പ്പിച്ചു.  പ്രായം ചെന്ന് കിടപ്പിലായ സന്യാസിക്കാണല്ലോ ഈ പഴങ്ങള്‍ കൂടുതല്‍ ആവശ്യമെന്ന് കരുതി അദ്ദേഹം അത് ആ വയോധികനായ സന്യാസിക്ക് നല്‍കി.  വയോധികനായ സന്യാസി ആ മുന്തിരി കിട്ടിയപ്പോള്‍ അത് പാചകക്കാരനായ സന്യാസിക്ക് നല്‍കികൊണ്ട് പറഞ്ഞു:  എനിക്ക് മൂന്ന് നേരവും ഭക്ഷണം താങ്കളാണ് നല്‍കുന്നത്.  ഇത് താങ്കള്‍ക്കുള്ളതാണ്.  ആ സമ്മാനം വാങ്ങി തിരികെ വരുമ്പോള്‍ പാചകക്കാരന്‍ സന്യാസി കണ്ടത് കാവല്‍ നില്‍ക്കുന്ന സന്യാസിയെയാണ്.  ആശ്രമത്തില്‍ ചേരാന്‍ പാതിമനസ്സോടെ എത്തിയ താന്‍ തീരുമാനം ഉറപ്പിച്ചത് അന്ന് വാതില്‍ തുറന്നുതന്ന ആ സന്യാസിയിലൂടെയാണ്.  അതിനാല്‍ ഈ മുന്തിരി അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. പാചകക്കാരന്‍  സന്യാസി അത് കാവല്‍ നില്‍ക്കുന്ന സന്യാസിയെ സന്തോഷത്തോടെ ആ കുട്ട മുന്തിരി ഏല്‍പ്പിച്ചു.   അങ്ങനെ ഒടുവില്‍ മുന്തിരി ആ കാവല്‍ക്കാരന്റെ കയ്യില്‍ തന്നെ വന്നെത്തി  നമ്മള്‍ ഒഴുക്കിവിടുന്നതെന്തും നമ്മളിലേക്ക് തന്നെ വന്നെത്തും.  അത് നന്മയായാലും, തിന്മയായാലും.  എല്ലാ കര്‍മ്മങ്ങള്‍ക്കും ചാക്രിക സ്വഭാവമുണ്ട്. തൊടുത്തുവിടുന്നതെല്ലാം മറ്റാരിലൂടെയെങ്കിലും സഞ്ചരിച്ച് അവസാനം അവനവനിലേക്ക് തന്നെ തിരിച്ചെത്തും.  ഇതാണ് കര്‍മ്മഫലമെന്നതിന്റെ വിശദീകരണം.  നല്ലത് ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നതെല്ലാം നല്ലതായിരിക്കും എന്ന് അതിനര്‍ത്ഥമില്ല.  പക്ഷേ, ഏത് അശുദ്ധിയേയും നിര്‍വീര്യമാക്കാനുള്ള വിശുദ്ധിയുള്ളതിനാല്‍  അവരില്‍ വന്നുചേരുന്ന വിപത്തുക്കള്‍ പോലും ആത്യന്തികമായി അവരില്‍ നന്മ ചൊരിയും.  അതുപോലെ, ദുഷ്‌കര്‍മ്മങ്ങളുടെ ആള്‍രൂപങ്ങളില്‍ നന്മയുടെ എത്ര വെളിച്ചം വീശിയാലും, ദുഷ്ടതയുടെ പ്രതിരോധഭിത്തിയില്‍ തട്ടി അത് ചിതറിത്തെറിച്ചുപോവുകതന്നെ ചെയ്യും.    സൗഖ്യവും സന്തോഷവും വ്യക്തിപരമായി തന്നെ അവശേഷിക്കും.  എന്നാല്‍ അസുഖകരമായവയ്ക്ക് അസാധാരണമായ വ്യാപനശേഷിയുണ്ട്.  തന്നിലേക്ക് വരുന്ന തിന്മ തന്നില്‍ തന്നെ അവസാനിക്കുന്നുവെന്നും,  തന്നിലേക്കെത്തുന്ന നന്മ പലമടങ്ങായി ശക്തിപ്രാപിച്ച് പലരിലേക്കും പരക്കുന്നുണ്ടെന്നും നമുക്ക് ഉറപ്പുവരുത്താം.  നമുക്കും നന്മയുടെ സഞ്ചാരപഥത്തിലെ കണ്ണികളായി മാറാം - ശുഭദിനം .

0 comments:

Post a Comment