Day 98

എബ്രഹാം ലിങ്കൺ യു എസ് പ്രസിഡന്റ്‌ ആയ ശേഷം അദ്ദേഹത്തിന്റെ ശത്രുവെന്നു എല്ലാവരും കരുതിയിരുന്ന ആളെക്കുറിച്ചു നല്ലതു മാത്രം സംസാരിക്കാൻ തുടങ്ങി.   അനുയായികളിൽ ഒരാൾ ലിങ്കനോട് ചോദിച്ചു : എന്തിനാണ് ആ വ്യക്തിയെ ഇത്ര പുകഴ്ത്തി സംസാരിക്കുന്നത്?  താങ്കൾക്കു ഇപ്പോൾ അധികാരമുണ്ട്.  പകരം വീട്ടാൻ പറ്റിയ സമയമല്ലേ?  ലിങ്കൺ പറഞ്ഞു : ശത്രുക്കളെ അമർച്ച ചെയ്യുന്നതിനേക്കാൾ എനിക്ക് താല്പര്യം സുഹൃത്തുക്കളെ സമ്പാദിക്കുന്നതിലാണ്.  മാത്രമല്ല, സുഹൃത്തുക്കളുടെ എണ്ണം കൂടുന്നതിനനുസരിച്ചു ശത്രുക്കളുടെ എണ്ണം കുറയുകയും ചെയ്യും.  ഓരോ സ്ഥാനവും ഓരോ ഉത്തരവാദിത്തം ആണ്.  എല്ലാവരുടെയും സ്വന്തമാകാനും എല്ലാവരെയും മുന്നോട്ട് നയിക്കാനുമുള്ള പൂർണ ചുമതല.  പിന്നോട്ട് നടന്ന് പഴയ കാല പ്രതിയോഗികളുടെ പട്ടിക തയ്യാറാക്കി പ്രതികാരത്തിന് മുതിരുന്നവരാരും നേതൃസ്ഥാനത്തിന് അർഹരല്ല.  ഓരോ മത്സരവും ഫല പ്രഖ്യാപനം വരുമ്പോഴെങ്കിലും അവസാനിക്കണം.  അതിന് ശേഷവും തുടരുന്ന മത്സരബോധം അനാരോഗ്യവും ആപൽക്കരവുമാണ്.  മത്സരക്ഷമതയുടെ  അതിർവരമ്പിനകത്തു വ്യക്തിവിദ്വേഷത്തിന്റെ മുകുളങ്ങൾ വളരാൻ പാടില്ല.  ജയവും തോൽവിയും കളിക്കളത്തിന് ഉള്ളിൽ അവസാനിക്കണം.  ഒരു മിത്രം ശത്രുവാകാൻ നിമിഷങ്ങൾ മതിയാകും.  എന്നാൽ ഒരു ശത്രു മിത്രമാകാൻ നാളുകളുടെ പ്രയത്നവും കാത്തിരിപ്പും ആവശ്യമാണ്. നല്ല മിത്രങ്ങളെ ജീവിതത്തിൽ കണ്ടെത്താനാകട്ടെ - ശുഭദിനം

0 comments:

Post a Comment