Day 99

കെനിയന്‍ അത്‌ലറ്റ് ആബേല്‍ മ്യൂടായ്, സ്പാനിഷ് അത്‌ലറ്റ് ഇവാന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ പങ്കെടുത്ത ദീര്‍ഘദൂര ഓട്ടമത്സരം.  മുന്നിലെത്തിയ ആബേല്‍, ഫിനിഷിങ്ങ് ലൈന്‍ തിരിച്ചറിയുന്നതിലെ ആശയക്കുഴപ്പം മൂലം ലൈനിനു മുന്‍പ് ഓട്ടം അവസാനിപ്പിച്ചു. കാര്യം മനസ്സിലാക്കിയ ഇവാന്‍, ആബേലിനോട് ഓട്ടം തുടരാന്‍ വിളിച്ചു പറഞ്ഞു.ഭാഷ അറിയാത്തതിനാല്‍ ആബേലിനു കാര്യം മനസ്സിലായില്ല.  ഇവാന്‍, ആബേലിനെ പിറകില്‍ നിന്നും തള്ളി ഒന്നാമതെത്തിച്ചു.  കാഴ്ചക്കാരുടെ ഇടയില്‍ നിന്ന് ഒരാള്‍ ഇവാനോടു ചോദിച്ചു: താങ്കള്‍ അയാളെ തള്ളിവിട്ടില്ലായിരുന്നെങ്കില്‍ വിജയം താങ്കളുടേതാകുമായിരുന്നില്ലേ?  ഇവാന്‍ പറഞ്ഞു:  വിജയപാതയിലായ ഒരാളുടെ ആശയക്കുഴപ്പത്തില്‍ നിന്നും ഞാന്‍ നേടുന്ന വിജയത്തിന് എന്ത് മേന്മയാണുള്ളത്?  വിജയസൂത്രവാക്യങ്ങള്‍ നിര്‍മ്മിക്കുന്ന തിരക്കിലാണ് എല്ലാവരും.  എങ്ങനെയും വിജയിക്കണം എന്നതുമാത്രമാണ് അടിസ്ഥാന പ്രമാണം.  അത് പരീക്ഷയാണെങ്കിലും പ്രതിസന്ധിയാണെങ്കിലും.  വിജയിക്കുന്നവര്‍ക്കു മാത്രമായി അനുമോദനങ്ങളും ആശംസകളും പരിമിതപ്പെടുന്നു.  പരാജയപ്പെടുന്നവരെയും പിന്നില്‍ നില്‍ക്കുന്നവരേയും പരിഗണിക്കാനോ പ്രശംസിക്കാനോ ആര്‍ക്കും താല്‍പര്യമില്ല.  ജയത്തിന്റെ ആവേശം ജയിക്കുന്നതോടെ അവസാനിക്കും.  എന്നാല്‍ തോല്‍വിയുടെ ആഘാതം ജയിക്കുന്നതുവരെ നിലനില്‍ക്കും.  എല്ലാവരും തോല്‍ക്കുന്നത് കഴിവുകേടുകൊണ്ടല്ല.  ചിലര്‍ തോറ്റുകൊടുക്കുന്നതാണ് - തന്നെക്കാള്‍ അര്‍ഹതയുള്ളവര്‍ ജയിക്കുന്നതുകാണാന്‍ , തോല്‍വിയില്‍ നിന്നും സ്വയം പഠിക്കാന്‍.  മറ്റാരാളെ തോല്‍പ്പിക്കുമ്പോഴാണ് വിജയിക്കുന്നതെന്നു പഠിപ്പിക്കുന്നവര്‍ക്കിടയില്‍, സ്വയം തോറ്റുകൊടുത്തും മറ്റുള്ളവരെ ജയിക്കാന്‍ അനുവദിച്ചും വിജയപാഠം പങ്കുവെയ്ക്കുന്നവരാണ് യഥാര്‍ത്ഥ വിജയികള്‍ - ശുഭദിനം 

0 comments:

Post a Comment