Day 115

പിറവത്ത് ഒരു അമ്മയും മകനും ഉണ്ടായിരുന്നു. അമ്മയ്ക്ക് മകനും മകന് അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. - ലീനയും ജിത്തുവും. അതുകൊണ്ട് തന്നെ ഇരുവരും വളരെ കൂട്ടായിരുന്നു. ചെറിയ ചെറിയ ജോലികള്‍ ചെയ്ത് ആണ് അമ്മ മകനെ വളര്‍ത്തിയത്. ഒരിക്കല്‍ ആ മകന്‍ അമ്മയ്ക്ക് ഒരു വീഡിയോ കാണിച്ചു കൊടുത്തു. കൂണ്‍ കൃഷിയെക്കുറിച്ചുള്ള വീഡിയോ. ആ വീഡിയോ അവനെയും കൂടുതല്‍ ആവേശഭരിതനാക്കിയിരുന്നു. അങ്ങനെ അമ്മയും മകനും പരീക്ഷണാടിസ്ഥാനത്തില്‍ കൂണ്‍ കൃഷി ചെയ്തു തുടങ്ങി. കേട്ടും വായിച്ചും കിട്ടിയ അറിവിനെ കൂട്ട് ചേര്‍ത്തു. ഒന്നും രണ്ടും തടങ്ങളില്‍ തുടങ്ങിയ കൃഷി ചെയ്ത് അവര്‍ മെല്ലെ ആത്മവിശ്വാസം നേടി. വീടിനുള്ളില്‍ അമ്മ കൂണ്‍തടങ്ങളൊരുക്കി. വിളവെടുത്ത് പാക്ക് ചെയ്തു. അയലത്തെ വീടുകളില്‍ അത് വിതരണം ചെയ്തു. പിന്നീട് കുമരകം കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ ഗവേഷകരുടെ പ്രോത്സാഹനത്തിലൂടെ 2014 ല്‍ അവന്‍ അമ്മയുടെ ഒരു സ്വപ്നത്തിന് തുടക്കം കുറിച്ചു. ലീനാസ് മഷ്‌റൂം. ഒരു ഫാക്ടറിയിലെന്നപോലെ 365 ദിവസവും ഇവിടെ കൂണ്‍ ഉത്പാദിപ്പിക്കുന്നുണ്ട്. 2400 ചതുരശ്ര മീറ്ററില്‍ 10,000 ബെഡ്ഡുകളാണ് ഒരേസമയം ഇവര്‍ കൃഷി ചെയ്യുക. ദിവസേന 60-80 കിലോ കൂണ്‍ പായ്ക്ക് ചെയ്യുന്ന ഫാക്ടറിയായി ലീനാസ് മഷ്‌റൂം വളര്‍ന്നു. വീട്ടിലെ ഒരു കുഞ്ഞ് മുറിക്കുള്ളില്‍ ആരംഭിച്ച സംരംഭം 2 ഷിഫ്റ്റിലായി പ്രവൃത്തിക്കുന്ന ഫാക്ടറിയാക്കി മാറ്റാന്‍ ഇവര്‍ക്ക് സാധിച്ചു. സ്വപ്നങ്ങള്‍ പ്രവൃത്തിപഥലെത്തിക്കുന്നതിനുള്ള വഴികള്‍ പലപ്പോഴും കഠിനമായിരിക്കും. പലപ്പോഴും പാതിവഴിയില്‍ നിര്‍ത്തിപ്പോകാനോ , തിരിഞ്ഞുനടക്കാനോ തോന്നുന്ന പ്രതിസന്ധകളുണ്ടാകാം. പക്ഷേ, ഇതിനെയെല്ലാം അതിജീവിക്കുമ്പോഴാണ് ഉറക്കത്തില്‍ കാണുന്ന സ്വപ്നത്തെ ഉണര്‍വിലെ സന്തോഷമാക്കിമാറ്റാന്‍ അഭിമാനമാക്കിമാറ്റാന്‍ സാധിക്കുന്നത്. നമുക്കും സ്വപ്നങ്ങളെ ഉണര്‍വിലെ സന്തോഷമാക്കിമാറ്റാന്‍ സാധിക്കട്ടെ.

0 comments:

Post a Comment