Day 116

ഇറ്റലിയില്‍ ടസ്‌കനി എന്ന സ്ഥലത്ത് 1808 ലാണ് അന്തോണിയോ സാന്റി ജൂസെപ്പി മിയൂച്ചി ജനിച്ചത്. കെമിക്കല്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം മിയൂച്ചി വിവിധ തിയേറ്ററുകളില്‍ സ്റ്റേജ് ഡിസൈനറായും ടെക്‌നീഷ്യനായുമൊക്കെ ജോലി ചെയ്തു. ഒരിക്കല്‍ സ്റ്റേജും കണ്‍ട്രോള്‍ റൂമും തമ്മില്‍ ആശയവിനിമയം നടത്താനായി അദ്ദേഹം ഒരു പൈപ്പ് ഫോണ്‍ നിര്‍മ്മിച്ചു. ഇതുകൂടാതെ ജലശുദ്ധീകരണയന്ത്രം, ഇലക്ട്രോപ്ലേറ്റിങ്ങ് യന്ത്രം, ഓട്ടോമാറ്റിക് കര്‍ട്ടന്‍ തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ പരീക്ഷണശാലകളില്‍ ഉരുത്തിരിഞ്ഞു. 1849-1870 കാലഘട്ടത്തില്‍ ടെലിഫോണിന്റെ മുപ്പതോളം പരിഷ്‌കരിച്ച മാതൃകകള്‍ മിയൂച്ചി തയ്യാറാക്കി 1871 ല്‍ അദ്ദേഹം ടെലിഫോണിന് 'ടോക്കിങ്ങ് ടെലിഗ്രാം' എന്ന പേര് നല്‍കി താല്‍ക്കാലിക പേറ്റന്റിന് അപേക്ഷിച്ചു. ഫുള്‍പേറ്റന്റിന് കൊടുക്കാനുള്ള 250 രൂപ അദ്ദേഹത്തിന്റെ കയ്യിലില്ലായിരുന്നു. ഇതിനിടെ ഒരു അപകടത്തില്‍ മിയൂച്ചിക്ക് വലിയ പരിക്കേറ്റു. ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി അദ്ദേഹത്തിന്റെ ലബോറട്ടറിയില്‍ സൂക്ഷിച്ചിരുന്ന അമൂല്യമായ ഉപകരണങ്ങളെല്ലാം ഭാര്യ തുച്ഛമായ തുകയ്ക്ക് വിറ്റു. അതില്‍ അദ്ദേഹത്തിന്റെ ദീര്‍ഘനാളത്തെ പരിശ്രമഫലമായ ടെലിഫോണും ഉണ്ടായിരുന്നു 1876 ല്‍ അലക്‌സാണ്ടര്‍ ഗ്രഹാംബെല്ലിന് പേറ്റന്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം കോടതിയില്‍ പോയെങ്കിലും തെളിവുകളുടെ അഭാവത്തില്‍ വിജയംകണ്ടെത്താനായില്ല. പക്ഷേ, വര്‍ഷങ്ങള്‍ക്ക് ശേഷം 2002 ല്‍, ടെലിഫോണിന്റെ കണ്ടുപിടുത്തത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരാളാണ് മിയൂച്ചി എന്ന് അംഗീകരിക്കപ്പെട്ടു. അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ ഇത് പാസാക്കപ്പെട്ടു. സത്യം പലപ്പോഴും ഇങ്ങനെയാണ്, വര്‍ഷമെത്ര ചാരത്തില്‍ മൂടിക്കിടന്നാലും ഒരിക്കല്‍ അതിന്റെ ജ്വാല ലോകം കാണുക തന്നെ ചെയ്യും.

0 comments:

Post a Comment