Day 117

ഒരിക്കല്‍ ഗുരു ഒരു ഗ്രാമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു. ഈശ്വരന്‍ നമുക്ക് നല്‍കിയിട്ടുളള ചെറുതും വലുതുമായ എല്ലാ അനുഗ്രഹങ്ങളിലും നാം കൃതജ്ഞതയുള്ളവരായിരിക്കണം എന്ന് പറഞ്ഞ് അദ്ദേഹം തന്റെ പ്രഭാഷണം അവസാനിപ്പിച്ചു. പ്രഭാഷണത്തിന് ശേഷം ആശ്രമത്തിലെത്തിയ അദ്ദേഹത്തെ കാണാന്‍ ഒരാള്‍ വന്നു. ഇന്ന് ഗുരു നടത്തിയ പ്രഭാഷണത്തിലെ വിഷയത്തെക്കുറിച്ചായിരുന്നു അയാള്‍ക്ക് സംസാരിക്കാന്‍ ഉണ്ടായിരുന്നത്. ഗുരു പറഞ്ഞതുപോലെ ദൈവത്തിനോട് നന്ദി പറയത്തക്കതായി ഒന്നുംതന്നെ തന്റെ ജീവിതത്തില്‍ ഇല്ലെന്ന് ്അയാള്‍ പറഞ്ഞു. പിറ്റെദിവസം ആശ്രമത്തിലേക്ക് വരുവാന്‍ ഗുരു അയാളോട് ആവശ്യപ്പെട്ടു. ഗുരു പറഞ്ഞത് പോലെ അയാള്‍ പിറ്റെ ദിവസം എത്തി. അന്ന് ഒരു ദിവസം മുഴുവനും തന്നോടൊപ്പം ചിലവഴിക്കാന്‍ ഗുരു പറഞ്ഞപ്പോള്‍ അയാള്‍ സമ്മതം അറിയിച്ചു. അന്ന് ഗുരു രാവിലെ തന്നെ ഗ്രാമത്തിലുള്ള ഓരോരുത്തരേയും കാണുവാന്‍ പുറപ്പെട്ടു. കൂടെ അയാളും. ആദ്യം അവര്‍ പോയത് ഗ്രാമത്തിലെ ആശുപത്രിയില്‍ ആയിരുന്നു. അവിടെ ശരീരമാസകലം പൊള്ളലേറ്റ് അനങ്ങാന്‍ പോലും ആകാത്ത ഒരു സ്ത്രീയെ അവര്‍ കണ്ടു. അവരുടെ കണ്ണുകള്‍ നഷ്ടമായിരുന്നു. മുഖം പൊള്ളി ആകെ വികൃതമായിരുന്നു. അവരെ ആശ്വസിപ്പിച്ച് ഗുരു മറ്റൊരാളെ കാണാന്‍ എത്തി. നീണ്ടനാളത്തെ കാത്തിരിപ്പിന്‌ശേഷം ലഭിച്ച കുഞ്ഞ് മരിച്ച ദമ്പതികളായിരുന്നു അവര്‍. അവരുടെ സങ്കടത്തിന്റെ കേള്‍വിക്കാരനായി ഗുരുവും അയാളും മാറി. പിന്നീട് അവര്‍ ചെന്നത് ഒരു വൃദ്ധസദനത്തിലേക്കായിരുന്നു. അവിടെ കണ്ട കാഴചകള്‍ വേദനാജനകമായിരുന്നു. പലര്‍ക്കും കാഴ്ചയില്ല, കേള്‍വിശക്തിയില്ല, ഒന്ന് നടക്കാന്‍ പോലും ആകാതെ കിടപ്പിലായിപ്പോയ പലരും അവിടെയുണ്ടായിരുന്നു. പിന്നീട് അനാഥരായ കുഞ്ഞുമക്കളുടെ അടുത്തേക്ക് ഗുരു അയാളെ കൂട്ടിക്കൊണ്ടുപോയി. അവരുമായി ഗുരു സംസാരിക്കുന്നത് അയാള്‍ കേട്ടുകൊണ്ടിരുന്നു. പിന്നീട് അന്നുമുഴുവന്‍ അയാള്‍ നിശ്ശബ്ദനായിരുന്നു. ആശ്രമത്തിലെത്തിയപ്പോള്‍ അയാള്‍ ഗുരുവിനോട് പറഞ്ഞു. എന്നില്‍ എന്തെല്ലാം ഉണ്ടെന്നും ഞാന്‍ എത്ര ഭാഗ്യവാനാണെന്നും എനിക്ക് മനസ്സിലായി. തനിക്ക് ലഭിച്ച സമ്പാദ്യങ്ങളില്‍ അയാള്‍ ഏറെ സന്തുഷ്ടനായി. നമുക്കിടയിലും ഇങ്ങനെ പലരേയും നമുക്ക് കണ്ടെത്താനാകും. എല്ലാവരും നമുക്കുള്ള പരിമിതികളേയും അസൗകര്യങ്ങളേയും കുറിച്ച് ചിന്തിച്ചാണ് അസ്വസ്ഥരാകാറുള്ളത്. നമുക്കുള്ള നേട്ടങ്ങളെയും അനുഗ്രഹങ്ങളേയും ആരും കണാറില്ല. നമ്മിലെ നമ്മെ തന്നെ എപ്പോള്‍ മുതല്‍ കണ്ടെത്തുന്നുവോ.. നമ്മുടെ ഹീറോ നാം തന്നെയായി മാറുക തന്നെ ചെയ്യും.

0 comments:

Post a Comment