Day 118

ആ കൂട്ടുകാര്‍ കാടു കാണാന്‍ പുറപ്പെട്ടു. കാട്ടിലെത്തിയപ്പോള്‍ അവരില്‍ ഒരാള്‍ പറഞ്ഞു: നമുക്ക് രണ്ടായി പിരിഞ്ഞ് ഈ കാട് കാണാം. അവസാനം ഇവിടെ തന്നെ തിരിച്ചെത്താം. അങ്ങനെ അവര്‍ കാടുകാണാന്‍ ഇറങ്ങി. കുറെ നേരം ചുറ്റിക്കറങ്ങി അവര്‍ പുറപ്പെട്ട സ്ഥലത്തുതന്നെ തിരിച്ചെത്തി. ഒരുമിച്ചിരുന്ന് വിശേഷങ്ങള്‍ പങ്കുവെയ്ക്കാന്‍ തുടങ്ങി. ഒരു കൂട്ടര്‍ പറഞ്ഞു: ഈ കാട്ടില്‍ വലിയ ജീവികള്‍ കൊച്ചുജീവികളെ സൂത്രത്തില്‍ വായിലാക്കുന്നത് ഞങ്ങള്‍ കണ്ടു. അപ്പോള്‍ മറ്റേ വിഭാഗം പറഞ്ഞു: ഞങ്ങള്‍ കണ്ടത് മറിച്ചാ, കൊച്ചു പക്ഷികള്‍ പോലും വമ്പന്‍മാരെ കൊത്തിത്തിന്നുന്നു. അതോടെ അവര്‍ക്ക് ആശയക്കുഴപ്പമായി. രണ്ട് പേരും കണ്ടത് രണ്ടു തരത്തിലാണ്.. എന്താണ് വാസ്തവം? അവര്‍ ഒരുമിച്ച് വീണ്ടും നടക്കാനിറങ്ങി. അവിടെ ഒരു മുതല വായ് തുറന്ന് കിടക്കുന്നു. മുതലയുടെ വായ്ക്കകത്ത് കുറെ കിളികള്‍.. ആദ്യത്തെ ആളുകള്‍ പറഞ്ഞു. കണ്ടില്ലേ ആ വലിയ ജീവി കിളികളെ സൂത്രത്തില്‍ അകത്താക്കുന്നു. അത് കേട്ടപ്പോള്‍ മറ്റേ വിഭാഗം പറഞ്ഞു: ഏത് അത് ശരിയല്ല,. ആ കിളികള്‍ ആ വലിയ ജീവിയെ കൊത്തിത്തിന്നുകയാണ്. ഇത് കേട്ട്‌കൊണ്ട് ഒരു മൂപ്പന്‍ ആ വഴി വന്നു. ആ കാഴ്ച കുറച്ച് നേരം കൂടി നോക്കി നില്‍ക്കാന്‍ അദ്ദേഹം പറഞ്ഞു. കുറച്ച് നേരം കൂടി നോക്കി നിന്നതോടെ അവര്‍ക്ക് ഒരു കാര്യം മനസ്സിലായി. രണ്ടുകൂട്ടരും ധരിച്ചത് തെറ്റാണ്. മുതലയുടെ പല്ലുകള്‍ക്കിടയില്‍ കൊത്തി വൃത്തിയാക്കുകയായിരുന്നു ആ കിളികള്‍,. മുതലപ്പല്ല് വൃത്തിയാവുകയും ചെയ്യും കിളികള്‍ക്ക് വിശപ്പും മാറും. രണ്ടുകൂട്ടരും പരസ്പരം സഹായിക്കുകയാണ്! ഇതുപോലെയാണ് നമ്മുടെ ജീവിതത്തിലെ പല കാര്യങ്ങളും. ഒറ്റനോട്ടത്തില്‍ ഒന്നും മനസ്സിലാകണമെന്നില്ല, മാത്രല്ല, അതിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാതെ തീരുമാനത്തിലെത്തുകയും ചെയ്യും. കാണുന്നതെല്ലാം സത്യമാകണമെന്നില്ല, ശരിയായ കാഴ്ചയിലെക്കെത്തിച്ചേര്‍ന്ന് ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ നമുക്ക് സാധിക്കട്ടെ.

0 comments:

Post a Comment