
ഒരു വാമൊഴിക്കഥ.. നാട്ടില്‍ പകര്‍ച്ചവ്യാധി പിടിപെട്ടു. വളരെയധികം ആളുകള്‍ മരിക്കേണ്ട സാഹചര്യം അവിടെയുണ്ടായിരുന്നു. ഒരു നൂറുപേരുടെ ആയുസ്സെടുക്കാമെന്ന് യമദേവന്‍ തീരുമാനിച്ചു. തന്റെ ദൂതനെ അദ്ദേഹം നാട്ടിലേക്കയച്ചു. പക്ഷേ, ദൂതന്‍ തിരിച്ചുവന്നത് ആയിരം പേരുടെ ജീവനുമായായിരുന്നു. തന്റെ കല്‍പനധിക്കരിച്ച ദൂതനോട് യമദേവന്‍ അതൃപ്തിപ്രകടിപ്പിച്ചു. അപ്പോള്‍ ദൂതന്‍ പറഞ്ഞു: അങ്ങ് ഒരു കാര്യം മനസ്സിലാക്കണം, ഞാന്‍ ഒരു നൂറുപേരുടെ ആയുസ്സേ എടുത്തുള്ളൂ. ഇത്രയുംപേര്‍ ഒരുമിച്ച് മരിച്ചെന്ന് കേട്ട്, പേടിച്ച് മരിച്ചവരാണ് ബാക്കിയുളളവര്‍.. അതിജീവനം ശീലിക്കാത്ത ആര്‍ക്കും അധികകാലം പിടിച്ചുനില്‍ക്കാനാകില്ല. അതിനടുത്തപടി ആദ്യപടിയെ മറികടക്കലാണ്. പേടികൊണ്ടോ സമ്മര്‍ദ്ദംകൊണ്ടോ തുടര്‍ന്നുള്ള ചുവടുകള്‍ വയ്ക്കാത്തവര്‍ തീരുമാനത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ പൂര്‍ണ്ണവിരാമമിടും. സ്വയം സമ്മര്‍ദ്ദത്തിലാകുന്നവര്‍ പുലര്‍ത്തുന്ന ചില പൊതുസ്വഭാവങ്ങളുണ്ട്. മറ്റുള്ളവര്‍ക്ക് സംഭവിക്കുന്ന ദുരിതങ്ങള്‍ നാളെ തനിക്കും സംഭവിക്കും എന്ന് ഉറപ്പിച്ച് ആ ദിവസത്തിന് വേണ്ടിയാണ് അവര്‍ കാത്തിരിക്കുക. എല്ലാ സംഭവങ്ങള്‍ക്കും വിനാശകരമായ വിശദീകരണങ്ങള്‍ നല്‍കി സ്വയം മുറിവേല്‍പ്പിക്കും. അന്യന്റെ വളര്‍ച്ചയില്‍ നിന്നും ഉടലെടുക്കുന്ന അപകര്‍ഷതയിലൂടെ ഇവര്‍ സ്വയം ചെറുതായിക്കൊണ്ടിരിക്കും. എല്ലാ സംഭവങ്ങളും ഒരേ സന്ദേശമല്ല എല്ലാവര്‍ക്കും കൈമാറുന്നത്. ഏതെങ്കിലും ഒരാളെ പഠിപ്പിക്കാന്‍ മാത്രമായി ഒരു സംഭവവും ഉടലെടുക്കുന്നുമില്ല. തങ്ങള്‍ക്ക് വേണ്ട പാഠങ്ങള്‍ സ്വയം തിരഞ്ഞെടുക്കുകയാണ് ഓരോരുത്തരും ചെയ്യുന്നത്. ഇതില്‍ പക്വതയോടെ പാഠങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് പ്രകാശപൂര്‍ണ്ണമായ ദീര്‍ഘായസ്സും, ആശങ്കയില്‍ അകപ്പെടുന്നവര്‍ക്ക് ആകസ്മിക ജീവഹാനിയുമായിരിക്കും സമ്മാനം.. ഭയം ഇന്നുവരെയും ആരെയും രക്ഷപ്പെടുത്തിയിട്ടില്ല. അതിജീവിച്ചവര്‍ക്കെല്ലാം പറയാനുണ്ടാവുക തങ്ങള്‍ ചാടിക്കടന്ന ഭയത്തിന്റെ വേലിക്കെട്ടുകളെക്കുറിച്ചായിരിക്കും. ഭയക്കാത്തവര്‍ മാത്രമാണ് ജീവിതത്തില്‍ ജയിക്കുന്നതും, മരണശേഷവും ജീവിക്കുന്നതും. നമുക്കും നമ്മെ പിന്നോട്ടുവലിക്കുന്ന ഭയത്തെ അതിജീവിക്കാന്‍ ശീലിക്കാം.

0 comments:
Post a Comment