
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അമേരിക്കയിലെ ഒരു ശീതകാലം. ഇലക്ട്രിക് ഹീറ്റര്‍ ഇല്ലാതിരുന്നതിനാല്‍ അന്ന് എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും ചിമ്മിണിയോടുകൂടിയ ഒരടുപ്പ് സജ്ജമാക്കിയിരുന്നു. ഒരിക്കല്‍ ഒരു ശീതകാലത്ത് വിദ്യാലയത്തിലെ അടുപ്പ് ചൂടാക്കുവാന്‍ അടുത്തുതാമസമാക്കിയ ഒരു വിദ്യാര്‍ത്ഥിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. അതിന് അവന് ചെറിയൊരു തുക വരുമാനവും ലഭിച്ചിരുന്നു. വിദ്യാലയം തുറക്കുന്നതിന് വളരെ മുമ്പ് തന്നെ അവന്‍ വന്ന് ചിമ്മി ണി അടുപ്പ് കത്തിക്കുമായിരുന്നു. ഒരു ദിവസം വിദ്യാലയത്തിലെത്തിയ അധ്യാപകര്‍ കണ്ടത് വിദ്യാലയം കത്തിയെരിയുന്നതാണ്. അവര്‍ ആദ്യം ചെയ്തത് അതിനുള്ളില്‍ ബോധരഹിതനായി കിടക്കുന്ന ആ വിദ്യാര്‍ത്ഥിയെ രക്ഷിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പക്ഷേ അവന്റെ ശരീരം മുഴുവന്‍ പൊള്ളലേറ്റിരുന്നു പ്രത്യേകിച്ച് അരയ്ക്ക് താഴോട്ടുള്ള മാംസമെല്ലാം തീയില്‍ ദഹിച്ചിരുന്നു. അര്‍ദ്ധബോധാവസ്ഥയില്‍ ഡോക്ടര്‍ തന്റെ അമ്മയോട് പറയുന്നത് അവന്‍ കേട്ടു: അവന്‍ ജീവിക്കാനുള്ള സാധ്യത വെറും 5% മാത്രമാണ്. അല്ലെങ്കിലും ഈ കുട്ടി ജീവിക്കുന്നതിലും മരിക്കുന്നതാണ് നല്ലത്. കാരണം അത്രയധികം മാരകമാണ് അവന്റെ ഈ പൊള്ളല്‍. ഇത് കേട്ടപ്പോള്‍ താന്‍ മരിക്കുകയില്ലെന്നും ജീവിക്കുമെന്നും അവന്‍ ദൃഢനിശ്ചയം ചെയ്തു. പതിയെ പതിയെ വൈദ്യശാസ്ത്രത്തെപോലും ഞെട്ടിച്ച് അവന്‍ പൊള്ളലില്‍ നിന്നും മുക്തി നേടി. വീല്‍ ചെയറില്‍ ഇരിക്കാനും സഞ്ചരിക്കാനും തുടങ്ങി. പിന്നെ അവന്‍ പതിയെ പിടിച്ചു നില്‍ക്കാനും കാലുകള്‍ വലിച്ചുവെച്ച് നടക്കാനും ശീലിച്ചു. പിന്നെ പിന്നെ ഓടാനായി അവന്റെ താല്‍പര്യം. നിരന്തരമായ ഫിസിയോതെറാപ്പി ചികിത്സയും അവന്റെ സ്ഥിരപരിശ്രമവും. സ്‌കൂളുകളിലെ ഓട്ടമത്സരങ്ങളിലെല്ലാം അവന് സമ്മാനം നേടിക്കൊടുത്തു. അങ്ങനെ അവന്‍ മഡിസണ്‍ സ്‌ക്വയിം ഗാര്‍ഡനിലെ ദേശീയ ഓട്ടമത്സരത്തില്‍ ഒന്നാമനായി. തീര്‍ന്നില്ല, ഓട്ടത്തില്‍ ലോക റെക്കോര്‍ഡും നേടി. ലോകപ്രശസ്തനായ ഓട്ടക്കാരനായ ഡോ.ഗ്ലെന്‍ കണ്ണിങ്ഹാം ആയിരുന്നു ആ അത്ഭുത ബാലന്‍. ഒരു മനുഷ്യനില്‍ വേണ്ട മൂന്ന് ഗുണങ്ങളാണ് ഇച്ഛാശക്തി, സ്ഥിരോത്സാഹം, ശുഭാപ്തി വിശ്വാസം എന്നിവ. ഇത് മൂന്നുമുള്ളയാളുകള്‍ ജീവിതത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും. വിപരീതാനുഭവങ്ങളെയും നിരാശാജനകമായ സാഹചര്യങ്ങളേയും ഇവര്‍ വിജയകരമായി അതിജീവിക്കുന്നത് നമുക്ക് കാണാം. അസാധ്യമായവ സാധ്യമാക്കാന്‍ ഈ മൂന്ന് ഗുണങ്ങളെ നമുക്കും ശീലമാക്കാം.

0 comments:
Post a Comment