Day 122

കാട്ടിലേക്ക് യാത്ര നടത്തുക അയാള്‍ക്ക് ഒരു ഹരമായിരുന്നു. ഒരിക്കല്‍ ഇതുപോലെയൊരു യാത്രയില്‍ അയാള്‍ ഒരു മലയുടെ മുകളിലെത്തി. അല്പനേരം അവിടെ ചിലവഴിച്ചശേഷം താഴേക്കിറങ്ങാനൊരുങ്ങുമ്പോള്‍ മുന്നില്‍ ഒരു പാമ്പ്. പേടിയോടെ നില്‍ക്കുന്ന അയാളോട് പാമ്പ് പറഞ്ഞു: ഒരു കഴുകന്റെ കയ്യില്‍ നിന്നും രക്ഷപ്പെട്ട് ഞാന്‍ ഇവിടെ എത്തിയതാണ്. ഇതിനുമുകളിലെ കാലാവസ്ഥ എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല. മുറിവ് പറ്റിയതിനാല്‍ ഒരുപാട് ദൂരം ഇഴഞ്ഞ് നീങ്ങാനും എനിക്ക് സാധിക്കുന്നില്ല. എന്നെകൂടി താഴേക്ക് കൊണ്ടുപോകാമോ? അപ്പോള്‍ അയാള്‍ ചോദിച്ചു: നീ എന്നെ ഉപദ്രവിക്കുമോ? അപ്പോള്‍ പാമ്പ് പറഞ്ഞു: ഞങ്ങള്‍ സഹായിക്കുന്നവരെ ഉപദ്രവിക്കാറില്ല. അയാള്‍ പാമ്പിനെയുമെടുത്ത് താഴ്വാരത്തിലെത്തി. നിലത്ത് വിട്ടയുടനെ പാമ്പ് അയാളുടെ കാലില്‍ ആഞ്ഞുകൊത്തി. വേദനകൊണ്ട് പുളയുമ്പോള്‍ അയാള്‍ ചോദിച്ചു: നീയല്ലേ ഉപദ്രവിക്കില്ലെന്ന് പറഞ്ഞത്. അപ്പോള്‍ പാമ്പ് ചോദിച്ചു: ഞാന്‍ ഇങ്ങനെയാണെന്നറിഞ്ഞിട്ടും നീ എന്തിനാണ് എന്നെ ചുമന്നത് നമ്മുടെ ജിവിതത്തിലും പലപ്പോഴും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറില്ലേ.. ആകസ്മിക അപകടങ്ങള്‍ കൊണ്ടല്ല, അനര്‍ത്ഥമുണ്ടാകുമെന്നറിഞ്ഞിട്ടും ക്ഷണിച്ചുവരുത്തുന്ന അപകടങ്ങള്‍ മൂലമാണ് അധികമാളുകളും അര്‍ഹിക്കാത്ത യാതനകള്‍ അനുഭവിക്കുന്നത്. അറിയാതെ ചെയ്യുന്ന തെറ്റുകള്‍ തിരുത്താം. പക്ഷേ, മനഃപൂര്‍വ്വം ഏര്‍പ്പെടുന്ന ദുഷ്‌കര്‍മ്മങ്ങളില്‍ നിന്നുംപുറത്തുവരിക പലപ്പോഴും ദുഷ്‌കരമാണ്. ആദ്യത്തേത് അബദ്ധവും രണ്ടാമത്തേത് അടിമത്തവുമാണ്. ക്ഷണിച്ചുവരുത്തുന്ന അപകടങ്ങളെ നമുക്ക് മനപൂര്‍വ്വം ഒഴിവാക്കാം.. അത്തരം മാനസികഅടിമത്തത്തില്‍ നിന്നും നമുക്ക് മാനസികസ്വാതന്ത്ര്യത്തിലേക്ക് നടക്കാം.

0 comments:

Post a Comment