Day 124

അയാള്‍ ഒരു ആല്‍മരചുവട്ടില്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു കുട്ടി രണ്ടു കിളികളെ കൂട്ടില്‍ ഇട്ടിരിക്കുന്നത് കണ്ടത്. അയാള്‍ ആ കുട്ടിയോട് ചോദിച്ചു: നീ ഈ കിളികളെകൊണ്ട് എന്താണ് ചെയ്യുക? അപ്പോള്‍ കുട്ടി പറഞ്ഞു: ഞാന്‍ ഇവയെ കുറെ നേരം കളിപ്പിക്കും. പിന്നെ കാലുകള്‍ കൂട്ടികെട്ടുകയോ ചിറകുകള്‍ കൂട്ടികെട്ടുകയോ ചെയ്ത് പറപ്പിക്കും. അപ്പോള്‍ ഇവയുടെ കരച്ചില്‍ കേള്‍ക്കാന്‍ നല്ലരസമാണ്. അപ്പോള്‍ അയാള്‍ ചോദിച്ചു: അതുകഴിയുമ്പോള്‍ നീ എന്താണ് ചെയ്യുക? കുട്ടി പറഞ്ഞു: ഞാന്‍ ഇവയെ പൂച്ചയ്ക്ക് കൊടുക്കും. അയാള്‍ വീണ്ടും ചോദിച്ചു: നീ ഇതിനു തീറ്റകൊടുക്കുന്നുണ്ടോ? അവന്‍ പറഞ്ഞു: ഉവ്വ്, എനിക്കാവശ്യമുള്ള അത്രയും നേരം ജീവന്‍ നിലനില്‍ക്കാനുള്ള ഭക്ഷണം ഞാന്‍ കൊടുക്കുന്നുണ്ട്... അന്നം തരുന്നവരെല്ലാം അഭ്യുദയകാംക്ഷികളല്ല, ചിലപ്പോള്‍ അത്തരം അപ്പകഷ്ണങ്ങളുടെ പിറകില്‍ ഒരു ചൂണ്ടക്കൊളുത്ത് ഉണ്ടാകും. ആഹാരം തരുന്നവരോടുള്ള ഉപകാരസ്മരണ ചിലപ്പോള്‍ അടിമത്തമായിമാറിപോകാന്‍ സാധ്യതയുണ്ട്. അത്തരം ദുര്‍ബലനിമിഷത്തിലാണ് ഒരാള്‍ക്ക് ആത്മാവ് നഷ്ടപ്പെടുന്നത്. ഒരു സൗജന്യവും സൗജന്യമല്ല. അവയുടെ പിറകില്‍ നല്‍കുന്നവരുടെ ചില ഉദ്ദേശങ്ങളുണ്ട്. അതിന്റെ ശരിതെറ്റുകളിലാണ് നല്‍കുന്ന സൗജന്യത്തിന്റെ നൈതികത. എന്നും കുറച്ച് വീതം അന്നം നല്‍കുക. അപ്പോള്‍ അവന്‍ എന്നും സ്തുതിപാഠകരായി കൂടെത്തന്നെയുണ്ടാകും. എന്നാല്‍ സ്വയം അന്നം കണ്ടെത്താന്‍ അത്തരക്കാര്‍ നമ്മെ പഠിപ്പിക്കില്ല. കാരണം, അങ്ങയായാല്‍ അവര്‍ക്ക് തങ്ങളിലുള്ള ആശ്രയത്വം നഷ്ടപ്പെടും. കൂടെ നിര്‍ത്തുന്നവരെല്ലാം കൂടപ്പിറപ്പുകളാകണമെന്നില്ല. കുടിപ്പകയുള്ളവരും കൂട്ടുകൂടും. ആവശ്യത്തിന് ശേഷം ഉപേക്ഷിക്കും എന്ന മുന്‍കരുതലോടെ വേണം ഓരോ ബന്ധങ്ങളിലൂടെയും യാത്ര തുടരാന്‍. അങ്ങനെ ചെയ്താല്‍ നമുക്ക് സ്വയം പര്യാപ്തതയുടെ ബാലപാഠങ്ങള്‍ പഠിക്കാം. ആശ്രയത്വം അടിമത്തമായി മാറാതെ നമുക്ക് ശ്രദ്ധിക്കാം.

0 comments:

Post a Comment