
ആ മത്സ്യം ഒരു ചില്ലുപാത്രത്തിലാണ് നീന്തിക്കളിച്ചിരുന്നത്. പെട്ടെന്നാണ് ഒരു കല്ല് വന്ന് ആ പാത്രയില്‍ ഒരു തുളയുണ്ടാക്കി കടന്നുപോയത്. അതിലൂടെ വെള്ളം പുറത്തേക്ക് ഒഴുകി. അതിലുള്ള മത്സ്യത്തിന് ആകെ പരിഭ്രാന്തിയായി. മത്സ്യം മരണം മുന്നില്‍ കണ്ടു. പെട്ടന്നാണ് ഒരാള്‍ കടന്നുവന്ന് ആ ദ്വാരത്തില്‍ അമര്‍ത്തിപ്പിടിച്ചത്. പിന്നെ ഒരു തുള്ളിപോലും വെള്ളം പുറത്തേയ്ക്ക് ഒഴുകിയില്ല. തിരിച്ചുകിട്ടിയ പ്രാണനുമായി മത്സ്യം പതിയെ നീന്തുതുടങ്ങി. ഈ ചെറുമത്സ്യത്തിനുമാത്രമല്ല, ഇങ്ങനെ നമ്മുടെ നോവുകള്‍ക്കും സാന്ത്വനമാകാന്‍ ഒരു കൈവന്നിരുന്നെങ്കില്‍.. ഒരു മനുഷ്യന്‍ തന്റെ ജീവിതത്തില്‍ പറയാനാഗ്രഹിക്കുന്നതിന്റെ പത്ത് ശതമാനം പോലും പറയുന്നില്ല. പറയാത്ത കാര്യങ്ങളിലാണ്, പറയാനൊന്നും കഴിയാത്ത കാര്യങ്ങളിലാണ് ഓരോരുത്തരുടേയും പ്രാണന്‍ പിടയുന്നത്. ' ഞാന്‍ അനുഭവിച്ചതൊന്നും ആര്‍ക്കും മനസ്സിലാവില്ല' എന്ന ഒറ്റവാക്കില്‍ അവര്‍ എല്ലാം ഒളിപ്പിക്കും. കണ്ണ് തുറന്നുനോക്കിയാല്‍ നമുക്ക് ചുറ്റും ഇത്തരമാളുകളെ കാണാം, നമ്മോടൊപ്പം നടക്കുന്ന , നമ്മോട് സംസാരിക്കുന്ന, ഒരേ വീട്ടില്‍ കഴിയുന്ന, ഒരേ ഓഫീസില്‍ ജോലിചെയ്യുന്ന, കൂട്ടുകൂടുന്ന ആളുകള്‍. അവരെ നമ്മള്‍ വളരെ കുറച്ചുമാത്രമേ അറിഞ്ഞിട്ടുള്ളൂ. ബാക്കിയെല്ലാം ആ കണ്ണുകളിലും മുഴുമിക്കാതെ ബാക്കിവെച്ച വാക്കുകളിലുമുണ്ട്. വലിയ വിലപിടിപ്പുള്ളതൊന്നും നാം അവര്‍ക്ക് നല്‍കേണ്ട, ഒരു പുഞ്ചിരി അവര്‍ക്ക് നല്‍കിയാല്‍ മതി... ഒരിറ്റു പേലും പരിഹാസമില്ലാത്ത ഒരു പുഞ്ചിരി.. ഹൃദയത്തില്‍ നിന്നും പുറപ്പെട്ട് കണ്ണില്‍ തെളിയുന്ന തെളിഞ്ഞ ചിരി.....

0 comments:
Post a Comment