
ഗുരു യാത്രയ്ക്കിടെ ഒരു വലിയ മരത്തണലില്‍ വിശ്രമിക്കാന്‍ ഇരുന്നു. മരത്തില്‍ നിന്നും പഴങ്ങള്‍ കഴിച്ചു. അരികെയുള്ള നദിയില്‍ നിന്നും വെള്ളം കുടിച്ചു. ക്ഷീണം മാറിയപ്പോള്‍ യാത്ര തുടരാന്‍ തയ്യാറായി. അപ്പോള്‍ അദ്ദേഹം മരത്തോട് ചോദിച്ചു: നിനക്ക് എന്ത് അനുഗ്രഹമാണ് വേണ്ടത്. മരം പറഞ്ഞു: എന്റെ പഴങ്ങള്‍ക്ക് നല്ല മധുരമുണ്ടാകണം. അപ്പോള്‍ ഗുരു പറഞ്ഞു. അതു വേണ്ട ഇപ്പോള്‍ തന്നെ നല്ല മധുരമുണ്ട്. ധാരാളം ഇലകള്‍ ചോദിച്ചപ്പോള്‍ ഇലകള്‍ ധാരാളം മരത്തിനുള്ളത് കൊണ്ട് അതും ഗുരു അനുവദിച്ചില്ല. അരുവി അടുത്തുള്ളതുകൊണ്ട് ജലാംശത്തിനു വേണ്ടിയുള്ള ആവശ്യവും അപ്രസക്തമായി. അവസാനം ഗുരു ഇങ്ങനെ ഒരു അനുഗ്രഹം നല്‍കി: നിന്റെ വിത്തില്‍ നിന്നും പൊട്ടിമുളയ്ക്കുന്ന എല്ലാ മരങ്ങളും നിറയെ ഫലങ്ങള്‍ നല്‍കട്ടെ. മരത്തിന് ഒരുപാട് സന്തോഷമായി. ഗുരു തന്റെ യാത്ര തുടര്‍ന്നു... സ്വയം എന്തായി തീര്‍ന്നു എന്നതിനേക്കാള്‍ പ്രധാനമാണ് തന്നിലൂടെ വളര്‍ന്നവര്‍ എന്തായി തീര്‍ന്നു എന്നത്. അവനവന്‍ നന്നാകണമെന്നതും അപരനേക്കാള്‍ ഒരുപടി കൂടി മുന്നില്‍ നില്‍ക്കണമെന്നതുമാണ് സാധാരണ മനോഭാവം. തന്റെ തണലില്‍ വളര്‍ത്തുന്നവരും, തന്റെയൊപ്പം വളര്‍ത്തുന്നവരും, തന്നേക്കാള്‍ മുകളില്‍ വളര്‍ത്തുന്നവരും ഉണ്ട്. തണലില്‍ വളര്‍ത്തുന്നവര്‍ക്ക് തങ്ങളുടെ മാനസിക സുഖം മാത്രമാണ് പ്രധാനം. ഇത്തരക്കാര്‍ ആശ്രിതരില്ലാതായാല്‍ തളര്‍ന്ന് വീഴാന്‍ സാധ്യതയുണ്ട്. തന്റെയൊപ്പം വളര്‍ത്തുന്നവര്‍ അധികമായി വളരുന്ന ഓരോ കൊമ്പും വെട്ടിയൊതുക്കി നിര്‍ത്തും, സ്വയം ഒതുങ്ങേണ്ടതിന്റെ ആവശ്യകത അവര്‍ വളരുന്നവരെ ബോധ്യപ്പെടുത്തും. തന്നേക്കാള്‍ ഉയരത്തില്‍ വളര്‍ത്താന്‍ ശ്രമിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ ചങ്കൂറ്റമുള്ളവര്‍. വളര്‍ന്ന് തലയ്ക്ക്മീതെ ഇവര്‍ ചായും എന്ന ആകുലതയേക്കാള്‍ തനിമ കാട്ടി ഇവര്‍ വളരണം എന്നാണ് അവര്‍ ചിന്തിക്കു. കരുത്തുള്ള വിത്തില്‍ നിന്നുമാത്രമേ ശൗര്യമുളള നാമ്പുകള്‍ മുളച്ചുപൊങ്ങൂ. കരുത്ത് ഉള്ളില്‍ നിന്നും രൂപപ്പെടുത്താന്‍ സാധിക്കട്ടെ - ശുഭദിനം.

0 comments:
Post a Comment