
തലമുറകളായി അവര്‍ കാട്ടിലാണ് വസിച്ചിരുന്നത്. ഗോതമ്പ് ചുട്ട് ഭക്ഷിച്ചാണ് അയാളും കുടുംബവും ജീവിച്ചിരുന്നത്. ഒരു ദിവസം അയാള്‍ കാടിനടുത്തുള്ള പട്ടണത്തിലെത്തി. അയാളുടെ ഒരു സുഹൃത്ത് അവിടെ താമസിച്ചിരുന്നു. അയാള്‍ക്ക് രാവിലെ കഴിക്കാന്‍ അവര്‍ റൊട്ടികൊടുത്തു. ഇതെങ്ങനെ ഉണ്ടാക്കുന്നു അയാള്‍ ചോദിച്ചു. അവര്‍ പറഞ്ഞു: ഗോതമ്പ് ഉപയോഗിച്ച്. ഉച്ചഭക്ഷണം കഴിഞ്ഞപ്പോള്‍ ഒരു പായസം കിട്ടി. ആ പായസവും അയാള്‍ക്ക് ഇഷ്ടപ്പെട്ടു. അയാള്‍ ചോദ്യം ആവര്‍ത്തിച്ചു: ഇത് എന്തുകൊണ്ടാണ് ഉണ്ടാക്കുന്നത്? ഗോതമ്പ് കൊണ്ട് അവര്‍ പറഞ്ഞു. വൈകുന്നേരം കാട്ടിലേക്ക് തിരിച്ചുപോകുംമുന്‍പ് അവര്‍ അയാള്‍ക്ക് ഒരു കേക്ക് കൊടുത്തു. കേക്ക് എങ്ങിനെയുണ്ടാക്കുന്നുവെന്നായി അയാള്‍. അവര്‍ പറഞ്ഞു. ഗോതമ്പുകൊണ്ട്. അയാള്‍ ആലോചിച്ചു. താന്‍ വിതയ്ക്കുന്നതും കൊയ്യുന്നതും ഗോതമ്പാണ്. പിന്നെന്തുകൊണ്ടാണ് ഞാന്‍ ചുട്ട അപ്പം മാത്രം കഴിക്കുന്നത്... വിഭവങ്ങളില്ലാത്തതല്ല, വിരുന്നുണ്ടാക്കാന്‍ അറിയാത്തതാണ് ജീവിതം ആഘോഷരഹിതമാക്കാന്‍ കാരണം. തങ്ങള്‍ക്കില്ലാത്തവയെക്കുറിച്ച് പരാതി പറഞ്ഞ് കുറെക്കാലം ജീവിക്കും. പിന്നെ മറ്റുള്ളവര്‍ക്കുള്ളവയെയും അവര്‍ സമ്പാദിച്ചവയേയും നോക്കി അസൂയപൂണ്ട് ബാക്കി കാലം ജീവിക്കും. അവസാനം ജീവിതം കുറച്ചുകൂടി ആഘോഷഭരിതമാക്കാമായിരുന്നു എന്ന കുറ്റബോധത്തോടെ വിടപറയും! എല്ലാം ആവശ്യത്തിലധികം ഉള്ളവരല്ല, ഉള്ളവയെ ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കുന്നവരാണ് ഓരോ നിമിഷവും ഉത്സവമാക്കുന്നത്. അപ്രതീക്ഷിതമായി കടന്നുവന്ന് കണ്ണഞ്ചിപ്പിക്കുന്നവയല്ല, അത്യധ്വാനം ചെയ്ത് നിര്‍മ്മിച്ചെടുക്കുന്നതാണ് ഓരോ അത്ഭുതവും. അവനവന്‍ സൃഷ്ടിച്ച അത്ഭുതങ്ങളിലൂടെ യാത്ര ചെയ്യുമ്പോഴാണ് ജീവിതം ശരിക്കും ആഘോഷപൂര്‍ണ്ണമാകുന്നത്. നമുക്കും മറ്റുള്ളവരിലേക്കുള്ള നോട്ടം അവസാനിപ്പിക്കാം, ഉള്ളത് കൊണ്ട് ഉത്സവമാക്കാം - ശുഭദിനം

0 comments:
Post a Comment