
അയാള്‍ പ്രഭാഷകന്റെ ഡ്രൈവര്‍ ആയിരുന്നു. വര്‍ഷങ്ങളായി അയാള്‍ ആ പ്രഭാഷകന്റെ ഡ്രൈവര്‍ ആയിട്ട്. ഒരു ദിവസം ഡ്രൈവര്‍ പ്രഭാഷകനോട് പറഞ്ഞു. ഞാന്‍ അങ്ങയുടെ പ്രസംഗം എത്രനാളായി കേള്‍ക്കുന്നു. അങ്ങ് പറഞ്ഞതുതന്നെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണ്. എനിക്ക് താങ്കളുടെ പ്രസംഗമെല്ലാം കാണാതെയറിയാം. അപ്പോള്‍ പ്രഭാഷകന്‍ ചോദിച്ചു: എന്നാല്‍ നമുക്ക് ആള്‍മാറാട്ടം നടത്തിയാലോ.. അടുത്ത ദിവസം നടക്കുന്ന എന്റെ പ്രസംഗവേദി എന്നെ പരിചയമില്ലാത്ത ആളുകളുടേതാണ്. അവരുടെ മുന്നില്‍ നിങ്ങള്‍ പ്രസംഗിക്കൂ.. ഞാന്‍ നിങ്ങളുടെ ഡ്രൈവറായി അഭിനയിക്കാം. അടുത്തവേദിയില്‍ ആ ഡ്രൈവര്‍ ഗംഭീരമായി പ്രസംഗിച്ചു. പക്ഷേ, പ്രസംഗം കഴിഞ്ഞപ്പോള്‍ സദസ്സില്‍ നിന്നും ചോദ്യം ഉയര്‍ന്നു. ഉത്തരം മുട്ടിയ അയാള്‍ പറഞ്ഞു: ഇത്രയും നിസ്സാര ചോദ്യത്തിന് ഉത്തരം പറയാന്‍ എന്റെ ആവശ്യമില്ല. എന്റെ ഡ്രൈവര്‍ പറയും ഇതിന്റെ ഉത്തരം.. പ്രഭാഷകന്‍ ആ ചോദ്യത്തിന്റെ ഉത്തരം പറയുകയും ചെയ്തു. മനസ്സാന്നിധ്യമാണ് മാനദണ്ഡം. പതറാതിരിക്കുന്നതിന്റെയും തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെയും. അപ്രതീക്ഷിതമായ സാഹചര്യങ്ങളെ ആരുമറിയാതെ വരുതിയിലാക്കുന്ന കഴിവാണ് മനോബലം. മനോബലത്തില്‍ വിശ്വസിക്കുന്നവര്‍ അപകടസാധ്യതകളുടെ പേരില്‍ ഒന്നില്‍ നിന്നും പിന്മാറുകയില്ല. മുന്‍കരുതലുകളിലൂടെ അവര്‍ സ്വയം സജ്ജരാകും. പരിസരത്തെയല്ല, തന്നെത്തന്നെയാണ് വിശ്വസിക്കേണ്ടത് എന്ന് അവര്‍ക്കറിയാം. ഭയമുള്ളകാര്യങ്ങള്‍ തനിയെ ചെയ്ത് തുടങ്ങണം. എല്ലാവരും ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങള്‍ ഏറ്റെടുത്ത് ശീലിക്കണം, ഉറങ്ങിയെണീക്കുമ്പോള്‍ ഉണ്ടാകുന്ന അത്ഭുതശക്തിയല്ല മനഃശ്ശക്തി. അത് നിരന്തരപ്രയത്‌നത്തിന്റെ പരിണതഫലമാണ്. നമുക്ക് മനോബലത്തോടെ മുന്നോട്ട് പോകാം.. ശുഭദിനം.

0 comments:
Post a Comment