
ആ രാജ്യത്തെ രാജാവിന് അയല്‍ രാജാക്കന്മാരുമായി വളരെ നല്ല സൗഹൃദമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ രാജാവിനെ കാണാന്‍ അയല്‍ രാജ്യത്തെ രാജാക്കന്മാര്‍ വരുമ്പോഴെല്ലാം ധാരാളം സമ്മാനങ്ങള്‍ നല്‍കുമായിരുന്നു. ഒരിക്കല്‍ വിദേശത്തുനിന്നും ഒരു പ്രഭു രാജാവിനെ സന്ദര്‍ശിക്കാനെത്തി. രാജാവ് വളരെ ശ്രദ്ധയോടെ തന്നെ ആതിഥ്യമരുളി. പ്രഭുവിന് രാജാവിനെ വളരെ ഇഷ്ടമായി. തിരിച്ചുപോകുന്നതിന് മുമ്പ് വളരെ അമൂല്യമായ ഒരു കല്ല് പ്രഭു രാജാവിനെ ഏല്‍പ്പിച്ചു. രാജാവ് ഈ കല്ല്‌കൊണ്ട് ഒരു ശില്പമുണ്ടാക്കണമെന്ന ആവശ്യം മന്ത്രിയെ അറിയിച്ചു. ആ ശില്പിക്ക് നൂറ് സ്വര്‍ണ്ണനാണയങ്ങളും രാജാവ് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. വിഖ്യാതനായ ഒരു ശില്പിയെതന്നെ മന്ത്രി കല്ല് ഏല്‍പ്പിച്ചു. പത്ത് ദിവസത്തിനുളളില്‍ ശില്പം നല്‍കണമെന്നായിരുന്നു വ്യവസ്ഥ. 5 ദിവസം തുടര്‍ച്ചയായി കൊത്തിയിട്ടും കല്ല് ഒന്ന് പൊട്ടുകപോലും ചെയ്തില്ല. അവസാനം ശില്പി ആ കല്ല് മന്ത്രിക്ക് തിരികെ കൊടുത്തു. മന്ത്രി ആ കല്ല് വീണ്ടും ഒരു സാധാരണ ശില്പിയെ ഏല്‍പ്പിച്ചു. ആദ്യത്തെ അടിയില്‍ തന്നെ കല്ല് പൊട്ടുകയും അതില്‍ നിന്ന് ശില്പം ഉണ്ടാക്കുകയും ചെയ്തു. അങ്ങനെ രണ്ടാമത്തെ ശില്പിക്ക് ആ നൂറ് സ്വര്‍ണ്ണനാണയങ്ങള്‍ ലഭിക്കുകയും ചെയ്തു. സത്യത്തില്‍ ആദ്യത്തെ ശില്പിയുടെ 5 ദിവസത്തെ പ്രവര്‍ത്തനത്തിന്റെ ഫലമായിരുന്നു 6-ാം ദിവസം കല്ല് പൊട്ടിയത്. നമ്മുടെ ജീവിത്തിലും ഇങ്ങനെ സംഭവിക്കാറുണ്ട്. ഒരു കാര്യത്തിനായി നമ്മള്‍ ദിവസങ്ങളോളം കഷ്ടപ്പെടുകയും അത് ലക്ഷ്യപ്രാപ്തിയിലെത്തിയില്ല എന്ന കാരണത്തില്‍ വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ടാകും. ചിലപ്പോള്‍ ഒരു തവണ കൂടിയ ശ്രമിച്ചിരുന്നെങ്കില്‍ നമുക്ക് ആ ലക്ഷ്യം കൈവരിക്കാനായേനെ. ഓരോ തോല്‍വിയില്‍ നിന്നും നാം പുതിയത് പലതും പഠിക്കുന്നുണ്ട്. എന്തുകൊണ്ട് തോറ്റുപോയെന്ന പാഠം തോല്‍വിയില്‍ നിന്നുമാത്രമേ നമുക്ക് ലഭിക്കൂ.. ഇങ്ങനെ പാതിവഴിയില്‍ നാം ഉപേക്ഷിച്ച സ്വപ്നങ്ങളും ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ഇല്ലേ, അവയെ ഒന്നുകൂടി പൊടിതട്ടിയെടുക്കുക, നമ്മള്‍ പഠിച്ച തോല്‍വികളില്‍ നിന്നുള്ള പാഠത്തെ അടിത്തറയാക്കുക.. വീണ്ടും ശ്രമിക്കുക.. മുന്നേറുക.. - ശുഭദിനം.

0 comments:
Post a Comment