
അവര്‍ ആ നാട്ടിലെ ജന്മിമാരായിരുന്നു. തങ്ങളുടെ വകയായി അവര്‍ ആ പട്ടണത്തിന് ഒത്ത നടുക്ക് ഒരു ക്ലോക്ക് പണിയാന്‍ തീരുമാനിച്ചു. അനേക ദിവസത്തെ അന്വേഷണത്തിനൊടുവില്‍ വളരെ മനോഹരമായി ക്ലോക്ക് നിര്‍മ്മിക്കുന്ന ഒരാളെ അവര്‍ കണ്ടെത്തി. അയാള്‍ നിര്‍മ്മിച്ച ക്ലോക്ക് കാണുന്നതിനും അതിന്റെ ശബ്ദം കേള്‍ക്കുന്നതിനുമായി പല നാടുകളില്‍ നിന്നും ധാരാളം പേര്‍ വന്നെത്തി. അപ്പോഴാണ് അവര്‍ക്ക് ഒരു ചിന്ത വന്നത്. ഈ ക്ലോക്ക് ചെയ്യിപ്പിച്ചയാളെ കൊണ്ട് ആരെങ്കിലും അവരുടെ നാട്ടില്‍ ഇതുപോലൊന്ന് പണിയിപ്പിച്ചാല്‍ തങ്ങളുടെ പേരു നഷ്ടപ്പെടില്ലേ.. അവര്‍ അയാളെ പിടിച്ച് കണ്ണും കാതും കുത്തിപ്പൊട്ടിച്ച ശേഷം നാടുകടത്തി. പക്ഷേ, പിറ്റേന്ന് മുതല്‍ ക്ലോക്ക് സമയം തെറ്റിച്ച് ഓടാന്‍ തുടങ്ങി. അതിന്റെ ശബ്ദം നാട്ടുകാര്‍ക്ക് അരോചകമാകാനും തുടങ്ങി... തന്നേക്കാള്‍ മികച്ചതായി ആരും ഉണ്ടാകരുതെന്ന ചിന്തയാണ് തകര്‍ച്ചയുടെ ആരംഭം. രണ്ടു തരത്തില്‍ വളരുന്നവരുണ്ട്. തന്റെ ഇന്നലകളെ മറക്കാതെ സ്വയം പുരോഗതി കണ്ട്പിടിച്ചു മുന്നോട്ട് പോകുന്നവരും, മറ്റുളളവരെ തുലനം ചെയ്ത് സ്വന്തം പുരോഗതി വിലയിരുത്തുന്നവരും. ഒരാളെ ഏതുവിധേനയും തോല്‍പ്പിച്ചാല്‍ മാത്രമേ തനിക്ക് ജയമുള്ളൂ എന്ന് ചിന്തിക്കുന്നതാണ് അപകടകരം. നമുക്ക് ജയിക്കാന്‍ ശ്രമിക്കാം.. ആരേയും അപായപ്പെടുത്താതെ.. ആരെയും നശിപ്പിക്കാതെ.. ആരെയും തോല്‍പ്പിക്കാതെ - ശുഭദിനം.

0 comments:
Post a Comment