
തമിഴ്‌നാട്ടില്‍ നിന്നാണ് ആ കുടുംബം കേരളത്തിലെത്തിയത്. വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്നതില്‍ നിന്നും കിട്ടിയിരുന്ന തുച്ഛമായ വരുമാനമാണ് ആ കുടുംബത്തിന്റ വരുമാനം. തന്റെ മകളേയും മകനേയും നന്നായി പഠിപ്പിക്കാന്‍ ആ അച്ഛന്‍ ആഗ്രഹിച്ചിരുന്നു. പഠിച്ച് ഉയരങ്ങളിലെത്തണമെന്ന് മക്കള്‍ക്കും ആഗ്രഹമുണ്ടായിരുന്നു. പഠിക്കാന്‍ മിടുക്കനായ അവനെ പഠിച്ച സ്‌കൂളിലെ സിസ്റ്റേഴ്‌സ് കൂടുതല്‍ നല്ല പഠനം ലഭിക്കുന്ന സ്‌കൂളിലേക്ക് പറഞ്ഞയച്ചു. ആ സ്‌കൂളിലെ കൂട്ടുകാരനായിരുന്നു അമര്‍നാഥിന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളപ്പിച്ചത്. രാജ്യാന്തരസര്‍വ്വകലാശാലയില്‍ പ്രവേശനം നേടി സുഹൃത്ത് പോയപ്പോള്‍ തന്റെ പഠനസാമഗ്രികള്‍ കൂട്ടുകാരന് നല്‍കിയാണ് ആ സ്വപ്നത്തിന് വിത്തുപാകിയത്. അന്നുമുതല്‍ രാപ്പകലില്ലാതെ അവന്‍ നടത്തിയ കഠിനപരിശ്രമത്തിന് ഫലമുണ്ടായി. അമേരിക്കയിലെ നാലുവര്‍ഷത്തെ എന്‍ജിനീയറിങ്ങ് പഠനത്തിന് സര്‍വ്വകലാശാലയുടെ ഒന്നരകോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് ആ മിടുക്കന്‍ നേടിയെടുത്തു. പക്ഷേ, അവനെ പിന്നേയും ഒരുപാട് തടസ്സങ്ങള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. രണ്ടാം വര്‍ഷം മുതലേ സ്‌കോളര്‍ഷിപ്പ് കിട്ടിതുടങ്ങുകയുള്ളൂ. ആദ്യ വര്‍ഷത്തേക്കുള്ള പണവും യാത്രയ്ക്കുളള തുകയും കണ്ടെത്തണമായിരുന്നു. ഒട്ടും ചെറുതല്ലാത്ത ആ തുക അവര്‍ക്ക് ചിന്തിക്കാന്‍ സാധിക്കുന്നതിലും അപ്പുറമായിരുന്നു. പല സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും ചെറുതും വലുതുമായ സഹായങ്ങള്‍ ലഭിച്ചു. അതെല്ലാം ആദ്യവര്‍ഷ പഠനത്തിന് മാത്രമേ തികയുമായിരുന്നുള്ളൂ.. യാത്രാക്കൂലി അപ്പോഴും സംഘടിപ്പിക്കാന്‍ ആയിരുന്നില്ല. അപ്പോഴാണ് ഒരു രാത്രി അവനെ തേടി ഒരു അപരിചിതനെത്തിയത്. സ്വന്തം പേരുപോലും വെളിപ്പെടുത്താതെ അവനു യാത്രചെയ്യാനുളള ടിക്കറ്റുമായി അയാള്‍ എത്തി. അങ്ങനെ അവന്‍ അമേരിക്കയിലെത്തി. ഒരു പാട് പേര്‍ക്ക് സ്വപ്നം കാണാനുള്ള ചിറകുകള്‍ നല്‍കിയാണ് അയാള്‍ അവിടെയെത്തിയത്. ഇത് അമര്‍നാഥ്. തമിഴ്‌നാട് കമ്പം തേനിയില്‍ നിന്നും കേരളത്തിലെത്തിയ മുരുകേശന്റെ മകന്‍. നമുക്ക് പൗലോ കൊയ്‌ലോയുടെ വാക്കുകളെ കൂട്ടിച്ചേര്‍ക്കാം.. ഒരു കാര്യം നേടണമെന്ന് നാം ആഗ്രഹിക്കുകയാണെങ്കില്‍ അത് നേടുവാന്‍ ഈ മുഴുവന്‍ പ്രപഞ്ചവും നമുക്ക് വേണ്ടി കരുക്കള്‍ നീക്കുക തന്നെ ചെയ്യും - ശുഭദിനം.

0 comments:
Post a Comment