
യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ വളരെ വിദഗ്ധനായിരുന്നു അയാള്‍. ഒരിക്കല്‍ അയാള്‍ ഒരു യന്ത്രവിമാനം നിര്‍മ്മിച്ചു. കാറ്റിന്റെ സഹായത്തോടെ ഏറെ ദൂരം പറക്കാവുന്ന ഒരു വിമാനം. അതില്‍ പലതവണ പറന്ന് അത് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തി. അതിന് ശേഷം തന്റെ ശിഷ്യനോട് പറഞ്ഞു: ഇനി താന്‍ ഒന്നു പറന്നുനോക്കൂ.. പക്ഷേ ശിഷ്യന്‍ ഒന്ന് സംശയിച്ചു. ശിഷ്യന്‍ ചോദിച്ചു: പറക്കുന്നതിനിടെ പക്ഷികള്‍ വന്ന് വിമാനച്ചിറകുകള്‍ കൊത്തിക്കീറാന്‍ ശ്രമിച്ചാല്‍ എന്ത് ചെയ്യും? അയാള്‍ പറഞ്ഞു: കത്തികൊണ്ടാല്‍ പോലും മുറിയാത്ത തുണികൊണ്ടല്ലേ നമ്മള്‍ ഈ ചിറകുകള്‍ ഉണ്ടാക്കിയത്. എന്നിട്ടും ശിഷ്യന്റെ സംശയം തീര്‍ന്നില്ല. പരുന്തുകളോ മറ്റോ ആക്രമിച്ചാലോ? ഗുരു പറഞ്ഞു: യന്ത്രവിമാനം കണ്ടാല്‍ അവ ഒഴിഞ്ഞുമാറും. ശിഷ്യന്‍ പിന്നെയും ചോദിച്ചു: കൂട്ടത്തോടെയാണ് അവ വരുന്നതെങ്കില്‍ അവയ്ക്ക് പേടിയുണ്ടാകില്ലല്ലോ? ഗുരു ഒന്നും മിണ്ടാതെ കുറെ കല്ലുകള്‍ പറക്കി ചാക്കിലാക്കി കൊണ്ടുവന്ന് ഗുരു പറഞ്ഞു. ഈ ചാക്ക് കൂടി വിമാനത്തില്‍ വെച്ചോളൂ.. പക്ഷികള്‍ വരുമ്പോള്‍ കല്ല് വലിച്ചെറിയാം. ശിഷ്യന്റെ സംശയം തീര്‍ന്നില്ല. ഇത്രയും ഭാരം കയറ്റിയാല്‍ വിമാനം എങ്ങനെ പറക്കും? അയാള്‍ പറഞ്ഞു: വാസ്തവത്തില്‍ നിന്റെ സംശയങ്ങള്‍ക്കാണ് ഇതിനേക്കാള്‍ വലിയ ഭാരം. ചിലരങ്ങനെയാണ്.. ഏത് കാര്യം തുടങ്ങുന്നതിനുമുമ്പും നിറയെ ആശങ്കകളാണ്. ചിലപ്പോള്‍ സത്യം അവരുടെ നിഗമനങ്ങളേക്കാള്‍ ഒരുപാട് ദൂരയായിരിക്കും. അടിസ്ഥാനമില്ലാത്ത ആശങ്കകള്‍ നമ്മളെ പിന്നോട്ട് വലിക്കും. അതിനാല്‍ എന്ത് ചെയ്യാന്‍ തീരുമാനിച്ചാലും അത് ചെയ്യുക, ആശങ്കകളെ അകറ്റി മുന്നോട്ട് തന്നെ പോവുക - ശുഭദിനം.

0 comments:
Post a Comment