
ഹിന്ദി ദേശീയഭാഷയാക്കണമെന്ന അപേക്ഷയുമായി ഒരു യു പി ക്കാരന്‍ പയ്യന്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ സമീപിച്ചു. മുഴുവന്‍ ദക്ഷിണേന്ത്യക്കാരേയും ഹിന്ദി പഠിപ്പിക്കണമെന്നാതായിരുന്നു മറ്റൊരാവശ്യം. അതിന് നെഹ്‌റു ഇങ്ങനെ മറുപടി പറഞ്ഞു: നീയിപ്പോള്‍ ഒരു വിദ്യാര്‍ത്ഥി മാത്രമാണ്. നിനക്ക് അങ്ങിനെയൊക്കെ പറയാം. എനിക്ക് ഭാരതത്തിലെ മുഴുവന്‍ ജനങ്ങളേയും തൃപ്തിപ്പെടുത്തേണ്ട കടമയുണ്ട്. ദക്ഷിണേന്ത്യക്കാര്‍, അവര്‍ സ്വമേധയാ പഠിക്കാന്‍ തയ്യാറാകന്നതുവരെ അവരില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ഞാന്‍ ഒരുക്കമല്ല. ഒരു ഉത്തരേന്ത്യക്കാരന് ഒരു ജന്മം മുഴുവന്‍ തലകുത്തിനിന്നാല്‍ ഏതെങ്കിലും ഒരു ദ്രാവിഡ ഭാഷ പഠിക്കാന്‍ കഴിയുമോ? പറ്റുമെങ്കില്‍ നീയൊരു കാര്യം ചെയ്യ്. അങ്ങ് തെക്ക് കേരളത്തില്‍ മലയാളം എന്നൊരു ഭാഷയുണ്ട്. കഴിയുമെങ്കില്‍ അതൊന്ന് പഠിച്ചെടുക്കാന്‍ നോക്ക്. മലയാളം വെറുതെ പഠിച്ചാല്‍ പോര , ആ ഭാഷയില്‍ നിന്റെയൊരു കയ്യൊപ്പ് പതിയണം. നെഹ്‌റുവിന്റെ വെല്ലുവിളി ആ19 കാരന്‍ പയ്യന്‍ ഏറ്റെടുത്തു. പിന്നീട് അദ്ദേഹം 1960 ല്‍ ചതുര്‍വേദി ഡല്‍ഹി സര്‍വ്വകലാശാലയില്‍ മലയാളം പഠനത്തിന് ചേര്‍ന്നു. 9 പെണ്‍കുട്ടികള്‍ക്കൊപ്പം ആരംഭിച്ച പഠനം തുടര്‍ന്നുള്ള ദിവസങ്ങള്‍ എത്തിയപ്പോള്‍ ആ ക്ലാസ്സിലെ ഏക വിദ്യാര്‍ത്ഥിയായി മാറി. രണ്ടു വര്‍ഷത്തിന് ശേഷം പി കേശവദേവിന്റെ ഓടയില്‍ നിന്ന് , കുട്ടികൃഷ്ണമാരാരരുടെ ഭാരതപര്യടനം എന്നിവ ഹിന്ദിയിലേക്ക് തര്‍ജ്ജമ ചെയ്തു. മലയാളം പഠിച്ചെങ്കിലും ദക്ഷിണേന്ത്യയില്‍ ഹിന്ദി പ്രചരിപ്പിക്കണം എന്ന ആഗ്രഹം അയാള്‍ വിട്ടുകളഞ്ഞില്ല. അങ്ങനെ കേരളത്തിലേക്ക് എത്തിയ അദ്ദേഹം കൊല്ലം ഹിന്ദി ട്രെയിനിങ്ങ് കോളേജില്‍ നിയമിതനായി. ഇതിനിടെ കേരള സര്‍വ്വകലാശാലയില്‍ നിന്നും മലയാളത്തില്‍ ഡോക്ടറേറ്റ് നേടി. പിന്നീട് തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ ഹിന്ദി അധ്യാപകനായി. കേരളവര്‍മ്മയില്‍ പ്രിന്‍സിപ്പലായി വിരമിച്ചു. കേരളത്തിലുണ്ടായിരുന്ന നാല് പതിറ്റാണ്ടുകള്‍ പകരം വെയ്ക്കാനാകാത്ത സംഭാവനയാണ് അദ്ദേഹം ഹിന്ദി - മലയാള ഭാഷകള്‍ക്ക് നല്‍കിയത്. ഇത് ഉത്തര്‍പ്രദേശുകാരനായ ഡോ.സുധാംശു ചതുര്‍വേദിയുടെ കഥ. വിജയത്തിന് കഠിനാധ്വാനം എന്നൊരു പേരുകൂടിയുണ്ട്. -ശുഭദിനം.

0 comments:
Post a Comment