
ആ മുയലുകള്‍ കാട്ടിലൂടെ കൂട്ടം ചേര്‍ന്ന് നടക്കുകയായിരുന്നു. അപ്പോഴാണ് ഒരു കൂട്ടം വേട്ടപ്പട്ടികള്‍ അവരെ ആക്രമിച്ചത്. അവരുടെ ആക്രമണത്തില്‍ നിന്ന് വളരെ കഷ്ടപ്പെട്ടാണ് മുയലുകള്‍ രക്ഷപ്പെട്ടത്. വേട്ടപ്പട്ടികള്‍ പോയപ്പോള്‍ അവര്‍ തങ്ങള്‍ ഒളിച്ചിരുന്ന താവളത്തില്‍ നിന്നും പുറത്തിറങ്ങി. ഒരാള്‍ പറഞ്ഞു: നമ്മള്‍ എത്ര ചെറുതാണ്. എല്ലാ മൃഗങ്ങളും നമ്മളെ ആക്രമിക്കുകയാണ്. അപ്പോള്‍ രണ്ടാമന്‍ പറഞ്ഞു: ശരിയാണ്. നമ്മുടെ സൃഷ്ടിയില്‍ പോലും ദൈവം അനീതി കാണിച്ചു. അപ്പോള്‍ വേറൊരാള്‍ പറഞ്ഞു: ഇത്രയും പ്രതിസന്ധികള്‍ നിറഞ്ഞ ഈ ജീവിതം ഞാന്‍ അവസാനിപ്പിക്കുകയാണ്. ജീവനൊടുക്കാന്‍ തീരുമാനിച്ച് അവരെല്ലാം കുളക്കരയിലേക്ക് നടന്നു. അവിടെയെത്തിയപ്പോഴാണ് അവര്‍ ഒരു കാഴ്ച കണ്ടത്. കരയിലിരുന്ന തവളകളെല്ലാം മുയലുകളെപ്പേടിച്ചു കുളത്തിലേക്ക് ചാടി. അതുകണ്ട് കൂട്ടത്തില്‍ പ്രായം കുറഞ്ഞ മുയല്‍ പറഞ്ഞു. അപ്പോള്‍ നമ്മളെ പേടിക്കുന്നവരും ഉണ്ടല്ലേ... പിന്നെന്തിനാണ് നാം നിരാശപ്പെടുന്നത്. അവര്‍ക്ക് ജീവിക്കാമെങ്കില്‍ നമുക്കും ജീവിച്ചുകൂടെ. മുയല്‍കൂട്ടം തിരിഞ്ഞുനടന്നു. പ്രകൃതിനിയമം എല്ലായിടത്തും ഉണ്ട്. വലുപ്പം കൂടിയ ജീവികളും വലുപ്പം കുറഞ്ഞവരും ഉണ്ട്. സന്തോഷവും സങ്കടവും ഉണ്ട്. ഒരേ സമയം എല്ലാവരും ഇരകളും വേട്ടക്കാരുമാണ്. ജയിക്കാനോ തോല്‍ക്കാനോ മാത്രമായി ആരും ജനിക്കുന്നില്ല. രണ്ടിനുമിടയിലുള്ള ജീവിതം സന്തോഷകരമായി കൊണ്ടുപോകണം. ചിലയിടത്ത് ഓടിയൊളിക്കണം, ചിലപ്പോള്‍ ഓടി ജയിക്കണം. ചിലരെ ആശ്രയിക്കണം. ചിലര്‍ക്ക് അഭയം നല്‍കണം. ജീവിതം അങ്ങിനെയാണ്.. മികവുകളുണ്ടാകും ന്യൂനതകളും.. ഉള്ള മികവുകളെയും ന്യൂനതകളെയും കൂട്ടിവിളക്കി സാഹചര്യങ്ങള്‍ക്കനുസരിച്ച് മുന്നേറാന്‍ നമുക്ക് സാധിക്കട്ടെ - ശുഭദിനം.

0 comments:
Post a Comment