
അതൊരു ചേരിയായിരുന്നു. അവിടെതന്നെ ജനിച്ച് അവിടെ തന്നെ വളര്‍ന്ന് അവിടെ തന്നെ മരിച്ച് പോവുകയായിരുന്നു അവിടെയുളള എല്ലാ ജനങ്ങളും. ആ ചേരിക്ക് പുറത്ത് മറ്റൊരു ലോകമുണ്ടെന്ന് അവര്‍ ആരും തന്നെ തിരിച്ചറിഞ്ഞിരുന്നില്ല എന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകത. ഒരിക്കല്‍ ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ ആ ചേരിയിലെത്തുകയും അവിടെയുള്ളവരെ ബോധവത്കരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷേ, ആ ശ്രമത്തില്‍ അയാള്‍ പരാജയപ്പെട്ടു. അവര്‍ പറഞ്ഞു: ഞങ്ങള്‍ ഇവിടെ പൂര്‍ണ്ണ സന്തോഷത്തിലാണ് ജീവിക്കുന്നത്. ഞങ്ങള്‍ക്ക് പുറംലോകത്തെക്കുറിച്ചോ അവിടത്തെ സൗകര്യങ്ങളെക്കുറിച്ചോ അറിയണമെന്നില്ല.. അവര്‍ അയാളെ അവിടെനിന്നും ഓടിപ്പിക്കുകയും ചെയ്തു. അടിമത്തം ആസ്വദിക്കുന്നു എന്നതാണ് അടിമയുടെ അടിസ്ഥാന പിഴവ്. ഏതെങ്കിലും അവസ്ഥയില്‍ ആഹ്‌ളാദം കണ്ടെത്തിയാല്‍ പിന്നെ അതില്‍ നിന്നും പിരിയാന്‍ ആര്‍ക്കും താല്‍പര്യമുണ്ടാകണമെന്നില്ല. ആനുകൂല്യങ്ങള്‍ക്കോ സൗജന്യങ്ങള്‍ക്കോ അടിമപ്പെട്ടുപോയ ഒരാളും അവയില്‍ നിന്നും പിന്തിരിയില്ല. അവ നല്‍കുന്ന മിനിമം ഗാരന്റിയില്‍ തങ്ങളുടെ കഴിവുകളും മികവുകളും പണയംവെച്ച് അവസാന ശ്വാസം വരെ അവിടെത്തന്നെ ജീവിക്കും. മാറ്റമുണ്ടായാല്‍ ചില കാര്യങ്ങള്‍ ഉപേക്ഷിക്കേണ്ടിവരും. ചില കാര്യങ്ങള്‍ നേടുകയും ചെയ്യും. സമയനിഷ്ഠ ശീലമാക്കിയാല്‍ അതിരാവിലെ എഴുന്നേല്‍ക്കേണ്ടിവരും. അധികം ഉറക്കം നഷ്ടപ്പെടും. പക്ഷേ, ആരോഗ്യം മെച്ചപ്പെടും. നഷ്ടപ്പെടുന്നതില്‍ മാത്രമാണ് ശ്രദ്ധയെങ്കില്‍ ആരിലും ക്രിയാത്മകമായ ഒരു മാറ്റവും സംഭവിക്കില്ല. യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ തിരുത്തണമെന്നും മെച്ചപ്പെടണമെന്നും ആഗ്രഹമുണ്ടാകൂ.. മാനസിക ശാരീരിക അടിമത്തത്തില്‍ നിന്നും പുറത്തുകടക്കാന്‍ നമുക്കും ശ്രമിക്കാം - ശുഭദിനം.

0 comments:
Post a Comment