Part - 96

രാജാവ് കണ്ണാടി കൊണ്ടൊരു കൊട്ടാരം പണിതു.   ചുമരും തറയുമെല്ലാം കണ്ണാടി മാത്രം.  ഒരിക്കല്‍ രാജാവിന്റെ വേട്ടനായ കൊട്ടാരത്തിലെ ഒരു മുറിയില്‍ അകപ്പെട്ടു.  ഇതറിയാതെ സേവകര്‍ ആ മുറി പുറത്തുനിന്നും പൂട്ടി.  . ചുറ്റും നൂറ്കണക്കിന് നായകള്‍.  നായയ്ക്ക് ഭയമായി.   മറ്റ് നായ്ക്കളെ പേടിപ്പിക്കാന്‍ വേണ്ടി അവന്‍ ഉറക്കെ കുരച്ചു.  ചുറ്റുമുള്ള നായ്ക്കള്‍ മുഴുവനും അവനെ നോക്കി കുരച്ചു.  അവന്‍ ചാടിയപ്പോള്‍ അവരും ചാടി.  പിറ്റേന്നു സേവകര്‍ വന്ന് നോക്കിയപ്പോഴേക്കും ആ വേട്ടനായ ചത്തുകഴിഞ്ഞിരുന്നു !   നമ്മുടെ ജീവിതത്തിലും നാം മനസ്സിലാക്കേണ്ട കാര്യവും ഇതാണ്.  പ്രതിബിംബങ്ങളെല്ലാം പ്രതിഫലനങ്ങളാണ്.  ഓരോരുത്തരും പറയുന്ന കാര്യങ്ങളും ചെയ്യുന്ന കര്‍മ്മങ്ങളുമെല്ലാം പ്രതിധ്വനികള്‍ സൃഷ്ടിക്കുമെന്നുമാത്രല്ല, തനതായ അടയാളങ്ങളും അവശേഷിപ്പിക്കും.   ചില പുസ്തകങ്ങള്‍, സംഗീതം, ശില്പം ഇതിലെല്ലാം അവയുടെ ശില്പിയുടെ പേരില്ലെങ്കിലും നമ്മള്‍ തിരിച്ചറിയാറില്ലേ.  അവനവന്‍ സൃഷ്ടിക്കുന്ന പ്രതിബിംബങ്ങള്‍ക്ക് നടുവിലാണ് ഓരോ ജീവിതവും.  ഹീനകൃത്യങ്ങളുടെ ഉടമകളെ ആര്‍ക്കാണ് ഓര്‍ത്തിരിക്കാന്‍ ഇഷ്ടം.  അവരുടെ മരണത്തോടെ ആ പ്രതിബിംബങ്ങളും അവസാനിക്കും.  എന്നാല്‍ നന്മകള്‍ ചെയ്യുന്നവരുടെ സാന്നിധ്യം അവര്‍ വിടപറഞ്ഞതിനുശേഷവും ഉണ്ടാകും.  ഇടപഴകിയ ഇടങ്ങളിലെല്ലാം തങ്ങളുടെ ക്രിയാത്മക പ്രതിരൂപം നിര്‍മ്മിക്കാന്‍ കഴിഞ്ഞിട്ടുള്ളവര്‍ ചരിത്രമോ പാഠപുസ്തകങ്ങളോ ആയിട്ടുണ്ട്.  ചുറ്റുമുളളതിലെല്ലാം തങ്ങളുടെ ചെയ്തികള്‍ പ്രതിഫലിക്കുമെന്ന തിരിച്ചറിവാരംഭിക്കുന്നിടത്ത് പ്രവൃത്തികള്‍ വിശുദ്ധമാക്കപ്പെടും.  പ്രവൃത്തികളെ വിശുദ്ധമാക്കപ്പെടുന്ന ആ നന്മ എന്നും നമ്മില്‍ പ്രതിഫലിക്കട്ടെ - ശുഭദിനം 

Part - 95

2012 ജൂണ്‍ 2 - മാത്യു എ ചെറി ഇങ്ങനെ ട്വീറ്റ് ചെയ്തു.  'എനിക്ക് ഒരു ദിവസമെന്തായാലും ഓസ്‌കാര്‍ നോമിനേഷന്‍ ലഭിക്കും.  ഇപ്പോഴേ ഞാനത് ഉറപ്പിച്ചു പറയുന്നു'  കാലം കടന്നുപോയി.  2016 മെയ് 11 - 'എന്റെ കയ്യില്‍ ഓസ്‌കാര്‍ പുരസ്‌കാരം ലഭിക്കാവുന്ന ഒരു ഷോട്ട് ഫിലിം ഐഡിയ ഉണ്ട്.  ഇവിടെ ഏതെങ്കിലും 3D ആര്‍ട്ടിസ്റ്റ് ഉണ്ടോ? ' മാത്യു വീണ്ടും ട്വീറ്റ് ചെയ്തു.  വര്‍ഷങ്ങള്‍ പിന്നേയും കടന്നുപോയി.  2020 ഫെബ്രുവരി 10 - ഓസ്‌കാര്‍ വേദി - അന്ന് അത് സംഭവിച്ചു. Best Animated Short Film Director - Mathew A Cherry - നീണ്ട കരഘോഷങ്ങള്‍ക്കിടയില്‍ 8 വര്‍ഷങ്ങള്‍ക്ക് മുമ്പ് തീരുമാനിച്ചുറപ്പിച്ച ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായി ഓസ്‌കാര്‍ ശില്പവുമായി മാത്യു എ ചെറി ആ വേദിയില്‍ തലയുയര്‍ത്തി നിറഞ്ഞ പുഞ്ചിരിയുമായി നിന്നു.  ഒരൊറ്റ ആനിമേറ്റഡ് ഫ്രെയിമില്‍ നിന്നാണ് മാത്യു തന്റെ ഷോര്‍ട്ട് ഫിലിമിനുള്ള കഥ വികസിപ്പിച്ചത്.  അസുഖബാധിതയായ അമ്മയുടെ അസാന്നിധ്യത്തില്‍ കറുത്തവംശജനായ അച്ഛന്‍ മകള്‍ക്ക് മുടികെട്ടാന്‍ പഠിപ്പിക്കുന്നതാണ് ' ഹെയര്‍ ലവ് ' എന്ന് ഷോര്‍ട്ട് ഫിലിമിന്റെ ഇതിവൃത്തം.  കറുത്തവരുടെ ചരിത്രവും പൈതൃകവും മുടിയെ വെച്ച് അടയാളപ്പെടുത്തുന്നതാണ് 6 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഫിലിം.  നമ്മുടെ പ്രിയപ്പെട്ട APJ യുടെ വാക്കുകള്‍ ഇവിടെ ചേര്‍ത്ത് വായിക്കാം.  'സ്വപ്‌നം അത് ഉറങ്ങുമ്പോള്‍ കാണുന്നതല്ല, ഉറക്കം നഷ്ടപ്പെടുത്തുന്നതാണ് '.   അതെ, നമുക്കും സ്വപ്‌നം കാണാം, സ്വപ്‌നത്തെക്കുറിച്ച് ചിന്തിക്കാം, ആ ചിന്തകളെ പ്രവര്‍ത്തിപഥത്തില്‍ എത്തിക്കാം. - ശുഭദിനം  

Part - 94

രാജ്യത്തെ ഏറ്റവും ധൈര്യശാലിയെ കണ്ടെത്താനുള്ള മത്സരത്തിന്റെ അവസാന റൗണ്ടിലെത്തിയത് മൂന്ന് പേരാണ്.  ഇരുട്ടറയില്‍ കയറി അവിടെ ഒളിപ്പിച്ചിട്ടുളള സ്വര്‍ണ്ണനാണയങ്ങള്‍ കരസ്ഥമാക്കുക എന്നതാണ് മത്സരം.  ആദ്യത്തെയാള്‍ ആദ്യ ചുവടു വെച്ചപ്പോള്‍തന്നെ ശക്തമായ കാറ്റുവീശാന്‍ തുടങ്ങി.  ഭയന്നുവിറച്ചു മുന്നോട്ട് നീങ്ങുന്നതിനിടെ മിന്നലുമെത്തി.  അയാള്‍ പേടിച്ചു താഴെ വീണു.  ഇതു കണ്ടു ഞെട്ടിയ രണ്ടാമന്‍ പതുക്കെ മുന്നോട്ട് നീങ്ങി.  കൊടുങ്കാറ്റും മിന്നലും വീണ്ടുമെത്തി.  കുറച്ച് ചുവടുകള്‍ കൂടി വെച്ച് അയാളും വീണു.  മൂന്നാമന്‍ ആദ്യ ചുവടു വെച്ചപ്പോള്‍ തന്നെ സ്വയം പറഞ്ഞു - നിലവില്‍ ഞാന്‍ സുരക്ഷിതനാണ്. ഇനിയും ഞാന്‍ ഇതിനെ അതിജീവിക്കുക തന്നെ ചെയ്യും.  കനത്ത മഴയും കാറ്റും മിന്നലും വന്നു.  അയാള്‍ അതേ കാര്യങ്ങള്‍ വീണ്ടും വീണ്ടും ഉരുവിട്ടുകൊണ്ടിരുന്നു.  മുന്‍പ് പോയവര്‍ വീണുകിടന്ന സ്ഥലത്തും അയാള്‍ പതറിയില്ല.  എല്ലാവരേയും അത്ഭുതപ്പെടുത്തി നാണയങ്ങളെടുത്ത് അയാള്‍ തിരിച്ചെത്തി.  കാറ്റും മഴയും നിലച്ചു.  അപ്പോള്‍ രാജാവ് ചോദിച്ചു - ഇപ്പോള്‍ എന്ത് തോന്നുന്നു?   അയാള്‍ പറഞ്ഞു: നിലവില്‍ ഞാന്‍ സുരക്ഷിതനാണ്. ഇനിയും പ്രതിസന്ധികളില്‍ ഞാന്‍ അതിജീവിക്കുക തന്നെ ചെയ്യും!   ഭയത്തില്‍ തുടങ്ങുന്നതെല്ലാം പാതിവഴിയിലും നിശ്ചയദാര്‍ഢ്യത്തില്‍ തുടങ്ങുന്നതെല്ലാം ലക്ഷ്യം കണ്ടും അവസാനിക്കും.  പതിയിരിക്കുന്ന അപകടത്തിന്റെ വലുപ്പമല്ല, ഓരോ അപായത്തേയും മറികടക്കാനുള്ള മുന്നൊരുക്കവും മനോധൈര്യവുമാണ് ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ നമ്മെ സഹായിക്കുന്നത്. നമുക്ക് മുന്‍പേ പോയവര്‍ ലക്ഷ്യം പൂര്‍ത്തീകരിച്ചില്ല എന്നതിന് അര്‍ത്ഥം ആ ലക്ഷ്യം ആര്‍ക്കും പൂര്‍ത്തീകരിക്കാനാകില്ല എന്നല്ല.  ആര്‍ക്കും കഴിയില്ല എന്ന് കരുതിയിരുന്നവയൊക്കെ ആരെങ്കിലുമൊക്കെ വെട്ടിപ്പിടിച്ചിട്ടുണ്ട്.  ചരിത്രം നമ്മെ പഠിപ്പിക്കുന്നതും അതാണ്.  തളര്‍ന്നു കിടക്കുമ്പോഴും ഒരടി കൂടി മുന്നോട്ട് വെയ്ക്കാനുള്ള കരുത്ത് നാം അവശേഷിപ്പിക്കണം. എന്തുകൊണ്ടെന്നാല്‍ തോല്‍ക്കാന്‍ തയ്യാറാകാത്തവനെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല - ശുഭദിനം

Part - 93

ഒരു സ്‌കൂള്‍ അധ്യാപകനാകണമെന്നായിരുന്നു രാജസ്ഥാന്‍ സ്വദേശി ധരംവീര്‍ ഝക്കറിന്റെ ആഗ്രഹം. എന്നാല്‍ ധരംവീര്‍ന്റെ കുടുംബത്തിനാണെങ്കില്‍ വിദ്യാഭ്യാസത്തിനായിരുന്നില്ല പ്രഥമ പരിഗണന.  എന്നിട്ടും അയാള്‍ ഹിന്ദിസാഹിത്യത്തില്‍ ബിഎഡ് നേടാന്‍ ശ്രമിച്ചു. പക്ഷേ, അവസാന പരീക്ഷ വിജയിക്കാന്‍ കഴിഞ്ഞില്ല.  കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മൂലം തുടര്‍ന്നു പഠിക്കാനും സാധിച്ചില്ല.  സാഹചര്യങ്ങള്‍ ധരംവീറിനെ ഒരു പോലീസ് കോണ്‍സ്റ്റബിളാക്കി.  പോലീസായിട്ടും ധരംവീര്‍ തന്റെയുളളിലെ അധ്യാപക മോഹം ഉപേക്ഷിച്ചില്ല.  ആ സ്വപ്‌നം പൂര്‍ത്തിയാക്കിയതു രാജസ്ഥാനിലെ ചുരു ഗ്രാമത്തിലെ ചേരിയിലെ കുട്ടികള്‍ക്കായി ഒരു അനൗപചാരിക സ്‌കൂള്‍ തുടങ്ങിക്കൊണ്ടായിരുന്നു.  ചേരിയിലെ കുട്ടികള്‍ പഠിക്കാന്‍ പോകാതെ ചുറ്റിത്തിരിയുന്നതു കണ്ടാണ് ധരംവീര്‍ ഒരു സ്‌കൂളിനെ കുറിച്ച് ആലോചിച്ചത്.  ഒരു പ്രായമായിക്കഴിഞ്ഞാല്‍ കുട്ടികളെ എന്തെങ്കിലും ജോലിക്കു വിട്ടു പണം സമ്പാദിക്കുന്നതിലായിരുന്നു അവരുടെ മാതാപിതാക്കളുടെ ശ്രദ്ധ.  എന്നാല്‍ പ്രാഥമിക വിദ്യാഭ്യാസം ഓരോ കുട്ടിയുടേയും അവകാശമാണെന്നു വിശ്വസിച്ച ധരംവീര്‍ 2016 ല്‍ പാവപ്പെട്ടകുട്ടികള്‍ക്കായി അപ്‌നി പാഠശാലയെന്ന സൗജന്യസ്‌കൂള്‍  ആരംഭിച്ചു.  ഒന്നു മുതല്‍ 5 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതൊരു അനൗപചാരിക സ്‌കൂളാണ്.  അതിനു മുകളിലുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്കാകട്ടെ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനുള്ള ഇടവുമായിരുന്നു.  നിര്‍ബന്ധിത തൊഴില്‍, ഭിക്ഷാടനം, നിയമവിരുദ്ധ റാക്കറ്റുകള്‍ തുടങ്ങിയവയില്‍ നിന്നു രക്ഷപ്പെട്ട നിരവധി കുട്ടികളാണ് ഈ പാഠശാല വഴി പഠനവഴിയിലെത്തിയത്.  7 കുട്ടികളുമായി ഒരു ചെറിയ മുറിയിലാണ് അപ്‌നി പാഠശാല ആരംഭിച്ചത്.  നിരവധി കുട്ടികള്‍ ഈ പാഠശാല തിരക്കിയെത്തിയതോടെ അല്പംകൂടി വലിയ സ്ഥലം വേണമെന്നായി.  തന്റെ മേലുദ്യോഗസ്ഥരുടെ അനുവാദത്തോടെ പോലീസ് സ്‌റ്റേഷന്റെ പരിധിയിലുള്ള ഒരു പുതിയ ഇടം അപ്‌നി പാഠശാലയ്ക്ക് ലഭിച്ചു. മാത്രമല്ല, കൂടെ കുറച്ച് അധ്യാപകരേയും.  സമയം കിട്ടുമ്പോഴെല്ലാം ഒഴിവുസമയങ്ങളില്‍ മറ്റ് പോലീസ് സുഹൃത്തുക്കളും കുട്ടികളെ പഠിപ്പിക്കാനെത്തി.  കുട്ടികളുടെ പുസ്തകങ്ങള്‍ക്കും മറ്റുമുള്ള ചെലവുകള്‍ ധരംവീര്‍ കണ്ടെത്തുന്നതു വ്യക്തിപരമായും സാമൂഹികമാധ്യമങ്ങളില്‍ നിന്നു ലഭിക്കുന്ന ചെറിയ സഹായങ്ങളിലൂടെയുമാണ്.   ധരംവീറിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ട് പ്രചോദിതരായി പലരും ഈ വഴി കടന്നുവന്നിട്ടുണ്ട്.  നന്മ മരങ്ങള്‍ എല്ലായിടത്തും എല്ലായ്‌പ്പോഴും കാണാന്‍ കഴിയില്ല. എന്നാല്‍ ഇത്തരം നന്മമരങ്ങളുടെ തണലുകള്‍ ഒരുപാട് പേര്‍ക്ക് സ്വാന്തനമാകാറുണ്ട്.  എല്ലാവരിലും നന്മമരത്തിന്റെ വിത്തുകള്‍ ഉണ്ട്.  ആ വിത്തുകള്‍ വളര്‍ന്ന് ഒരു നന്മമരമായി മാറാന്‍ നമുക്കും സാധിക്കട്ടെ - ശുഭദിനം    

Part - 92

നികുതി കൂടിയതില്‍ വിഷമിച്ചിരിക്കുകയാണ് ആ വീട്ടമ്മ.  മാത്രമല്ല, അടുത്തദിവസം വീട്ടില്‍ കുറെ വിരുന്നുകാര്‍ വരും.  അതും ചിലവ് കൂട്ടും.  അപ്പോഴാണ് മകള്‍ എന്തോ എഴുതുന്നത് അമ്മയുടെ ശ്രദ്ധയില്‍ പെട്ടത്.  ചോദിച്ചപ്പോള്‍ ടീച്ചര്‍ നല്‍കിയ ഹോംവര്‍ക് ആണെന്നു മനസ്സിലായി.  - ദോഷകരമെന്ന് ആദ്യം തോന്നിയതും പിന്നീട് ഉപകാരപ്രദമെന്ന് മനസ്സിലായ കാര്യങ്ങള്‍ എഴുതുക - അതാണ് ഹോംവര്‍ക്.  മകള്‍ എഴുതിയിരിക്കുന്നത് അമ്മ വായിച്ചു.  വാര്‍ഷിക പരീക്ഷ വരുന്നത് നന്നായി.  സ്‌കൂള്‍ അടയ്ക്കാറായല്ലോ..., കയ്പുള്ള മരുന്ന് കഴിച്ചതു നന്നായി.  അസുഖം മാറിയല്ലോ, അമ്മ രണ്ടു വാചകങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തു. നികുതി കൂടിയതു നന്നായി , വരുമാനം കൂടിയതുകൊണ്ടാണല്ലോ, വിരുന്നുകാര്‍ വരുന്നതു നന്നായി, കുറച്ചുപേരെങ്കിലും ബന്ധുക്കളായി ഉണ്ടല്ലോ !!   പലതും ഇങ്ങിനെയാണ്.  ആഗ്രഹമുണ്ടെങ്കിലും ഇല്ലെങ്കിലും സംഭവിക്കുന്നതും സംഭവിക്കേണ്ടതുമായ ഒട്ടേറെ കാര്യങ്ങളുണ്ട്.  പ്രിയങ്ങള്‍ക്കും പദ്ധതികള്‍ക്കും വിരുദ്ധമായി സംഭവിക്കുന്നതുകൂടിയാണ് ജീവിതം.  സംഭവിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും എന്തെങ്കിലും പറയാനോ, പഠിപ്പിക്കാനോ ഉണ്ടാകും.  അപ്പോള്‍ നമുക്ക് അതിന്റെ അര്‍ത്ഥം മനസ്സിലായില്ലെങ്കിലും, കാലം ആ അര്‍ത്ഥം പിന്നീട് മനസ്സിലാക്കി തരിക തന്നെചെയ്യും.  ഭയപ്പെടുത്തുന്ന പ്രശ്‌നങ്ങളുടെയോ സംഭവങ്ങളുടേയോ മുന്നില്‍ മുട്ടുമടക്കുന്നവരും നിര്‍ഭയരായി നില്‍ക്കുന്നവരുമുണ്ട്. എന്തിനേയം സ്വീകരിക്കാനും വെല്ലുവിളി ഏറ്റെടുക്കാനും തയ്യാറാകുന്നവരില്‍ ക്രിയാത്മകതയും, പോരാട്ടവീര്യവും രൂപപ്പെടും.  ചിന്തകള്‍ പ്രവര്‍ത്തികളെ സ്വാധീനിക്കുന്നുവെങ്കില്‍ നല്ല ചിന്തകളിലൂടെ നല്ലതു പ്രവര്‍ത്തിച്ചുകൂടേ? എന്തിന്റേയും പോംവഴി ആദ്യം ഉടലെടുക്കുന്നത് മനസ്സിലാണെന്ന് പറയാറില്ലേ ,   അതുകൊണ്ട് മനസ്സ് തെളിയിച്ചുവെക്കുക, അപ്പോള്‍ മാര്‍ഗ്ഗവും തനിയെ തെളിയുക തന്നെ ചെയ്യും -  ശുഭദിനം.  

Part - 91

പാട്രിക് ജോണിന്റെയും പട്രീഷ്യ ഹ്യൂസിന്റേയും മകനായി 1988 ലാണ് പാട്രിക് ഹെന്‍ട്രി ഹ്യൂസ് ജനിച്ചത്.  വളരെ പ്രതീക്ഷയോടെ ആദ്യ കണ്‍മണിയെ കാണാന്‍ എത്തിയ ജോണിനെ കുഞ്ഞിനെ കണ്ട് വിശ്വസിക്കാനായില്ല.  കാഴ്ചശക്തിയില്ല എന്നതിനപ്പുറം കണ്‍പോളകള്‍ തുറക്കാനാവാത്ത അവസ്ഥയിലായിരുന്നു ആ കുഞ്ഞ്.  കൈകാലുകള്‍ക്ക് വൈകല്യം,. ഭാവിയില്‍ നിവര്‍ന്നുനില്‍ക്കാന്‍ കഴിയാത്തവിധം നട്ടെല്ലിന് ബലമില്ലായ്മ, ഇതൊന്നും കൂടാതെ കുഞ്ഞിന് മാനസിക വൈകല്യമുണ്ടോ എന്നും ഡോക്ടര്‍മാര്‍ സംശയിച്ചു.  വേദനയോടെ ആ മാതാപിതാക്കള്‍ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തു.  അവരുടെ സ്വപ്‌നങ്ങളില്‍ പോലും ഇല്ലാത്തവിധം വൈകല്യാവസ്ഥയിലുള്ള ആ കുഞ്ഞിനെ എങ്ങനെ വളര്‍ത്തണമെന്നുപോലും അവര്‍ക്ക് അറിയില്ലായിരുന്നു.  കണ്‍പോളകള്‍ തുറക്കാനും ശരീരം നേരെ നിര്‍ത്താനുമായി 7 മാസത്തിനുള്ളില്‍ 6 ശസ്ത്രക്രിയകള്‍.  തളര്‍ന്നുകിടക്കുമ്പോഴും അവന്‍ ശബ്ദങ്ങളോട് പ്രതികരിച്ചു.  ആറാം മാസം മുതല്‍ സംസാരിച്ചു തുടങ്ങി.  തന്റെ ചുറ്റും നടക്കുന്ന കാര്യങ്ങളെ മറ്റുള്ളവരെ അതിശയിപ്പിക്കുന്ന വിധത്തില്‍ പാട്രിക് പഠിച്ചെടുത്തു.  ഒരു ദിവസം കുഞ്ഞ് പാട്രിക് നിര്‍ത്താതെ കരയാന്‍ തുടങ്ങി.  കരച്ചില്‍ മാറ്റാനുള്ള തത്രപ്പാടില്‍ ജോണിന്റെ കൈതട്ടി ഒരു പുസ്തകം പിയാനോയില്‍ വീണു.  അതില്‍ നിന്നും വീണ ശബ്ദം അവന്റെ കരച്ചില്‍ നിര്‍ത്തി.  ആ സംഭവം അവന്റെ ജീവിതത്തിലെ ആദ്യവഴിത്തിരിവായിരുന്നു.  പാട്രിക്കിന്റെ കുഞ്ഞു കൈകള്‍ ജോണ്‍ പിയാനയോട് ചേര്‍ത്തു വെച്ചു.  കാലുകള്‍കൊണ്ട് പിച്ചവെക്കേണ്ട പ്രായത്തില്‍ കൈകള്‍കൊണ്ട് പാട്രിക് പിയാനോയില്‍ പിച്ചവെച്ചു.  പാട്രിക്കിന്റെ കൈകള്‍ പിയാനോയില്‍ അത്ഭുതങ്ങള്‍ കാണിച്ചു.  ഒരു പിറന്നാള്‍ ദിവസം പാട്രിക്കിന് ജോണ്‍ ഒരു ട്രംപെറ്റ് സമ്മാനിച്ചു.  ആ സമ്മാനവും അവന്‍ തന്റെ ജീവിതത്തോട് ചേര്‍ത്തു.  ഇരുട്ടുമൂടിയ അവന്റെ ജീവിതത്തില്‍ സംഗീതമായിരുന്നു വെളിച്ചം.  ആ വെളിച്ചത്തിലൂടെ അവന്‍ ലോകത്തെ അറിഞ്ഞു.  യൂണിവേഴ്‌സിറ്റി പഠനകാലത്ത് മാര്‍ച്ച്‌ഫാസ്റ്റിന് ട്രംപെറ്റ് വായിക്കാന്‍ പാട്രിക്കിനെ ജോണ്‍ വീല്‍ചെയറില്‍ കൊണ്ടുപോയി.  അന്ന് ലോകം മുഴുവന്‍ ആ പിതാവിനേയും മകനേയും അവന്റെ വാദനത്തേയും കണ്ടു.  പിന്നീട് പല വേദികളും പാട്രിക്കിനായി തുറന്നു.  എല്ലാവരും എല്ലാ കഴിവുകളാലും ജനിക്കുന്നില്ല.  എന്നാല്‍ നമ്മിലെ കഴിവുകള്‍ കണ്ടെത്തി അതിലൂടെ ലോകത്തെ സധൈര്യം നേരിടുന്നവരാണ് ജീവിതവിജയം നേടുന്നത്.  നമ്മില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ വെളിച്ചത്തിലേക്ക് കൊണ്ടുവരുവാനുള്ള ആത്മവിശ്വാസം നമുക്ക് നേടാനാകട്ടെ - ശുഭദിനം.

Part - 90

പ്രൈമറി സ്‌കൂളില്‍ തങ്ങളെ പഠിപ്പിച്ച അധ്യാപകന്റെ വീട്ടില്‍ വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ ഒത്തുകൂടി.  എല്ലാവരും സാറിനോടു ചോദിച്ചത് ഒരേ ചോദ്യം. സന്തോഷം ലഭിക്കാന്‍ എന്തു ചെയ്യണം? അധ്യാപകന്‍ എല്ലാവര്‍ക്കും ചായ നല്‍കി.  അവരെല്ലാം ചായ എടുത്തു കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഇനിയും രണ്ടു ചായമിച്ചമുണ്ട്.  അതു രണ്ടും സ്റ്റീല്‍ ഗ്ലാസ്സിലാണ്.  ഞാന്‍ എല്ലാ ഗ്ലാസ്സിലും ഒരേ ചായയാണ്  ഒഴിച്ചിരിക്കുന്നത്.  എന്തുകൊണ്ടാണ് എല്ലാവരും ചിത്രപ്പണികള്‍ നിറഞ്ഞ വിലകൂടിയ കപ്പുകള്‍ എടുത്തതും സ്റ്റീല്‍ ഗ്ലാസ്സിനെ അവഗണിച്ചതും?  നിങ്ങള്‍ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം ലളിതമാണ്. ചായക്കു നല്‍കേണ്ട പ്രാധാന്യം ചായകോപ്പകള്‍ക്കു നല്‍കുമ്പോഴാണ് ജീവിതത്തിന്റെ സന്തോഷം നഷ്ടപ്പെടുന്നത്'.  പുറംമോടികളില്‍ ആകൃഷ്ടരാകുന്നവരുടെ സന്തോഷങ്ങള്‍ ചായക്കൂട്ടുകള്‍ ഇളകുമ്പോള്‍ അവസാനിക്കും.  എന്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന തിരിച്ചറിവും അവയെ മാത്രം തിരഞ്ഞെടുക്കാനുള്ള വിവേകവുമാണ് സന്തോഷത്തിന്റെ ആരംഭം.  ജീവിതത്തിനു വേണ്ട സമ്പാദ്യങ്ങളും സൗഭാഗ്യങ്ങളും സംഘടിപ്പിക്കുന്നതിനിടെ ജീവിക്കാന്‍ മറന്നുപോകുന്നവരാണ് ഭൂരിഭാഗവും.  തൊഴിലും വരുമാനങ്ങളുമെല്ലാം ചായക്കോപ്പകള്‍ മാത്രമാണെന്നും ആയുസ്സും ആത്മബന്ധങ്ങളും കൂടിച്ചേരുന്നിടത്താണ് ജീവിതമെന്ന കടുപ്പമുള്ള ചായ രുചികരമാകുന്നതെന്ന്‌ മനസ്സിലാക്കിയവര്‍ക്ക് അപ്രധാനമായവയൊന്നും പ്രിയങ്കരമാവുകയില്ല.  ഒരാളുടെ തിരഞ്ഞെടുപ്പുകള്‍ നിരീക്ഷിച്ചാല്‍ അയാള്‍ വിലകല്‍പിക്കുന്ന മൂല്യങ്ങളെ തിരിച്ചറിയാനാകും.  വസ്ത്രവും ആഹാരവും സൗഹൃദങ്ങളുമെല്ലാം ഇതിന്റെ സാക്ഷ്യപത്രങ്ങളാണ്.  നമ്മുടെ ശ്രദ്ധയും പ്രാധാന്യവും രുചികരമായ ആ ചായയ്ക്ക് വേണ്ടിയാകട്ടെ. ചായക്ക് വേണ്ടിയാണ് കപ്പുകള്‍ എന്നും, കപ്പുകള്‍ക്ക് വേണ്ടിയല്ല ചായ എന്നുള്ള തിരിച്ചറിവിലാകട്ടെ നമ്മുടെ പുതിയ ദിനം - ശുഭദിനം 

Part - 89

1980 കള്‍.  അമേരിക്കയിലെ വമ്പന്‍ പ്രിന്റര്‍ കമ്പനിയായ സിറോക്‌സിലെ കംപ്യൂട്ടര്‍ എഞ്ചിനീയര്‍മാര്‍.  ചാള്‍സ് ഗെഷെ, ജോണ്‍ വാര്‍നോക്ക്.  ഇന്നെത്തെപ്പോലെ കംപ്യൂട്ടറില്‍ നിന്ന് പ്രിന്റിങ്ങ് നടക്കില്ല.  ലോഹ അച്ചില്‍ വാര്‍ത്തെടുക്കുന്ന അക്ഷരങ്ങളില്‍ മഷിപുരട്ടിയാണ് അച്ചടി നടന്നിരുന്നത്‌.  ഇതിന് ഏറെ സമയവും അധ്വാനവും വേണമായിരുന്നു.  ഇതിനൊരു പരിഹാരം എന്ന നിലക്ക് പുതിയ ഒരു പ്രോഗ്രാം ഇരുവരും ചേര്‍ന്ന് കണ്ടുപിടിച്ചിരിക്കുകയാണ്.  പക്ഷേ, സിറോക്‌സ് കമ്പനി ആ പ്രോഗ്രാം ഏറ്റെടുക്കാന്‍ തയ്യാറായില്ല.  അതിന്റെ വിജയസാധ്യതയില്‍ കമ്പനിക്ക് ഒട്ടും വിശ്വാസമില്ലായിരുന്നു.  പക്ഷേ, തങ്ങളുണ്ടാക്കിയ പ്രോഗ്രാമില്‍ ജോണിനും ചാള്‍സിനും വലിയ ആത്മവിശ്വാസമായിരുന്നു.  അവര്‍ സിറോക്‌സ് കമ്പനി വിട്ടു.  പുതിയൊരു കമ്പനി രൂപീകരിച്ചു.  കമ്പനിക്ക് ഒരു പേര് വേണം.  കുട്ടിക്കാലം മുതല്‍ തങ്ങള്‍ കണ്ടുവളര്‍ന്ന കളിച്ചുതിമിര്‍ത്ത ഒരു കൊച്ചു നദി അവരുടെ അവരുടെ മുന്നിലൂടെ ഒഴുകി. തങ്ങളുടെ പ്രോഗ്രാമിന് ആ നദിയുടെ പേര് തന്നെ കൊടുക്കാന്‍ അവര്‍ തീരുമാനിച്ചു.  അഡോബി !!  അവരുടെ ആത്മവിശ്വാസം പോലെ തന്നെ ആ പ്രോഗ്രാം ഹിറ്റായി.  ഈ പ്രോഗ്രാമിന്റെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്ന മറ്റൊരു വമ്പൻ കമ്പനി ഉണ്ടായിരുന്നു.  സാക്ഷാല്‍ ആപ്പിള്‍.  ആപ്പിള്‍ ഈ പ്രോഗ്രാം ഏറ്റെടുക്കാന്‍ തീരുമാനിച്ചു.  അങ്ങനെ ആപ്പിളുമായി ചേര്‍ന്ന് ആപ്പിള്‍ മാക്കിന്റോഷ് വിപണിയിലെത്തി.  പിന്നീട് പ്രിന്റിങ്ങ് രംഗത്ത് വലിയൊരു കുതിച്ചുചാട്ടം തന്നെ സംഭവിച്ച പ്രിന്റിങ്ങ് രീതി, Desk Top Publishing നിലവില്‍ വന്നു.  അഡോബി തന്റെ ഗവേഷണം തുടര്‍ന്നു.  വലിയ പരിശീലനം ഇല്ലാത്തവര്‍ക്ക് പോലും മനോഹരമായ ഡിസൈനുകള്‍ വരച്ചെടുക്കാവുന്ന അഡോബി ഇല്ലുസ്‌ട്രേറ്റര്‍ പിറന്നു.  പിന്നെ Adobe Photoshop, Adob PDF, വീഡിയോ എഡിറ്റിങ്ങ് സോഫ്റ്റ്‌വെയര്‍ ആയ അഡോബി പ്രീമിയര്‍, അഡോബി ആഫ്റ്റര്‍ ഇഫക്ട്, അഡോബി ഇന്‍ഡിസൈന്‍, അഡോബി ഫ്‌ളാഷ്, ഡ്രീംവീവര്‍, ഫയര്‍ വര്‍ക്‌സ് ...  അങ്ങനെ തൊട്ടതെല്ലാം പൊന്നാക്കി അഡോബി ഒഴുകിക്കൊണ്ടേയിരിക്കുന്നു.... നമ്മുടെ ആത്മവിശ്വാസവും ഒരു നദിപോലെയാണ്,  എത്ര പ്രതിബന്ധങ്ങളും തടസ്സങ്ങളും ഉണ്ടായാലും അതിനെയെല്ലാം വകഞ്ഞുമാറ്റി, വലിയൊരു നദിയായി, പുഴയായി, കടല്‍പോലെ അവ പരക്കട്ടെ -  ശുഭദിനം  

Part - 88

മികച്ച ഗുരുവിനെ തേടി ആ യുവാവ് യാത്രതിരിച്ചു.  ഒരു സ്ഥലത്തെത്തിയപ്പോള്‍ മരച്ചുവട്ടില്‍ ഒരു മധ്യവയസ്‌കന്‍ ഇരിക്കുന്നുണ്ടായിരുന്നു.  അദ്ദേഹത്തോട് അക്കാര്യം ചോദിച്ചപ്പോള്‍ അദ്ദേഹം കുറച്ചുപേരുടെ വിലാസങ്ങള്‍ നല്‍കി.  അലഞ്ഞുതിരിഞ്ഞ ആ യുവാവ് ഗുരുവിനെ കണ്ടെത്താനാകാതെ നിരാശനായി മടങ്ങി. പഴയ മരച്ചുവട്ടില്‍ അതേ ആള്‍ തൂവെള്ളതാടിയും മുടിയുമൊക്കെയായി ഇരിക്കുന്നു.    ആ മടങ്ങിവരവില്‍ താന്‍ അന്വേഷിച്ചു നടന്ന ഗുരുവിനെ അയാള്‍ കണ്ടെത്തി. അയാള്‍ പറഞ്ഞു: ഇതാണ് ഞാന്‍ തേടി നടന്നഗുരു. എന്തുകൊണ്ടാണ് അങ്ങ് അന്ന് ഈ സത്യങ്ങള്‍ വെളിപ്പെടുത്താതെ മറ്റു വിലാസങ്ങള്‍ തന്നത്.  അപ്പോള്‍ ഗുരു പറഞ്ഞു: ' അന്ന് എന്നെ തിരിച്ചറിയാനുള്ള വളര്‍ച്ച നിനക്കുണ്ടായിരുന്നില്ല.  ഇപ്പോള്‍ നീ അതിനു പ്രാപ്തനായിരിക്കുന്നു.  നീ നടത്തിയ ആ യാത്രകളാണ് നിനക്ക് പ്രാപ്തി നേടിതന്നത്. '  അനുഭവങ്ങള്‍ ഇല്ലാത്തവര്‍ അകകാമ്പ് ഇല്ലാത്തവരാണ്.  അന്വേഷിച്ചു നടക്കുന്നവര്‍ കടന്നുപോകുന്ന അതുല്യ അനുഭവങ്ങളാണ് അവര്‍ കണ്ടെത്തിയ സത്യത്തേക്കാള്‍ നിര്‍ണായകം.  എവിടെയോ ഉള്ള എന്തിനേയോ ലക്ഷ്യമാക്കി അതിവേഗം പായുന്നതിനിടെ, കാണേണ്ടവയെ കാണാതെയും, അറിയേണ്ടവയെ അറിയാതെയും പോകുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം.  അന്വേഷിച്ചു കണ്ടുകിട്ടിയില്ല എന്നതിനേക്കാള്‍ ഹൃദയഭേദകമാണ് കൂടെയുണ്ടായിട്ടും തിരിച്ചറിയാതെ പോകുന്നത്.  ആദ്യ യാത്രയില്‍ പല കാഴ്ചകളും, അവ എത്ര ശ്രേഷ്ടമായിരുന്നാലും ശ്രദ്ധിക്കപ്പെടാതെ പോകും.  ആവര്‍ത്തിക്കപ്പെടുന്ന യാത്രകളാണ് നിഷേധിച്ച പലതും എത്ര നിര്‍ണ്ണായകമായിരുന്നുവെന്ന് നമുക്ക് കാ
ട്ടിത്തരുന്നത്.  ഒരു ലക്ഷ്യവും ഒന്നാം ദിവസം തന്നെ പൂര്‍ത്തീകരിക്കപ്പെടാറില്ല.  ഒരു തിരിച്ചുവരവും അപമാനത്തിനും അവഹേളനത്തിനുമുള്ള കാരണവുമല്ല.  എന്ത് തിരിച്ചറിയുന്നതിനും ഒരു പിന്‍വാങ്ങല്‍ നല്ലതാണ്.  നമ്മുടെ ഓരോ സഞ്ചാരവും തിരിച്ചറിവിന്റെ യാത്രകളായി മാറട്ടെ - ശുഭദിനം 

Part - 87

1985 ഡിസംബര്‍ 27, ഡയാന്‍ ഫോസി വധിക്കപ്പെട്ടു.  ആരായിരുന്നു അത് ചെയ്തത്.  അറിയില്ല.  എന്നാല്‍ ഒന്നുറപ്പ് ഡയാന്റെ പ്രവര്‍ത്തനങ്ങളില്‍ എതിരുള്ള ആരോ ആയിരുന്നു അത്.  ഡയാന്‍ ഫോസി അമേരിക്കയില്‍ ജനിച്ച് ആഫ്രിക്കന്‍ വനമേഖലയില്‍ ജീവിച്ച പെണ്‍കുട്ടി.  ഗൊറില്ലകളെക്കുറിച്ചുള്ള പഠനമായിരുന്നു ലക്ഷ്യം.  മഴ, മഞ്ഞ്, കാട്, ഒറ്റപ്പെടല്‍, ആസ്മ, ചുമ ഇതൊക്കെയായിരുന്നു ഡയാന്റെ ജീവിത പശ്ചാത്തലം.  ഗൊറില്ലകള്‍ക്ക് സംരക്ഷണം നല്‍കാന്‍ പ്രാദേശിക ഭരണകൂടം തയ്യാറാകാതിരുന്ന കാലം.  ഒരു ജീവിതം മുഴുവന്‍ അവര്‍ കൊടുംകാട്ടില്‍, വംശീയകലാപം കൊടികുത്തിയ ആഫ്രിക്കയില്‍ ബുണ്ടുഗോത്രഭാഷ പഠിച്ച് അനുകൂലമല്ലാത്ത സാഹചര്യത്തെ അതിജീവിച്ചു.   ഗൊറില്ലകളുടെ അമ്മ എന്ന് സ്വയം വിശേഷിപ്പിച്ച ആ വ്യക്തിയാണ് ആരാലോ വധിക്കപ്പെട്ടത്.  അതിസാഹസികമായിരുന്നു ആ ജീവിതം.  ഇനി ഒരു തിരനോട്ടം.  1932 ല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ജനനം. ബാല്യത്തില്‍ തന്നെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു.  രണ്ടാനച്ഛന്‍ കുഞ്ഞു ഡയാനെ പരിഗണിച്ചതേയില്ല.  അനാരോഗ്യം ഒരു വശത്ത് ഒറ്റപ്പെടല്‍ മറുവശത്ത്.  ചില്ലുകൂട്ടിലെ ഒരു ഗോള്‍ഡ്ഫിഷ് മാത്രമായിരുന്നു ആകെ കൂട്ട്.  സയന്‍സ് ഇഷ്ടപ്പെട്ട ഡയാനെ രണ്ടാനച്ഛന്‍ ബിസിനസ്സ് സ്റ്റഡീസിന് പറഞ്ഞ് വിട്ടു.  ഫീസ് നല്‍കാന്‍ ആ കുട്ടി കടകളില്‍ ജോലി ചെയ്തു. വളര്‍ത്തുമൃഗങ്ങള്‍ മാത്രമായിരുന്നു ആ കുട്ടിയുടെ ആശ്രയം.  ഡയാന്‍ വളര്‍ന്നു.  ചെറുപ്പത്തിലെ ഒറ്റപ്പെടലും നിരാശയുമൊക്കെ ഡയാനില്‍ കൂടുതല്‍ വീര്യം കൂട്ടി.  അന്നവള്‍ ഒരു പ്രതിജ്ഞയെടുത്തു.  ജീവിതത്തോട് വിട്ടുവീഴ്ച ചെയ്യാതിരിക്കുക.  ആ തീരുമാനം പിന്നീട് ഒരു വലിയ യാത്രയായി മാറി.  ഡയാന്‍ നമുക്കും ഒരു പാഠപുസ്തകമാണ്.  ഡയാനെന്ന പുസ്തകം വായിക്കുമ്പോള്‍ ഈ വരികള്‍ നമ്മുടെ മനസ്സില്‍ തങ്ങും - ജീവിതത്തോട് ഒരിക്കലും വിട്ടുവീഴ്ച ചെയ്യാതിരിക്കുക - ശുഭദിനം   

Part - 86

ഇതൊരു വാമൊഴി കഥയാണ്.  ഒരു നാട്ടില്‍ വിശുദ്ധനായ ഒരാളുണ്ടായിരുന്നു.  അദ്ദേഹത്തിന്റെ സത്കര്‍മ്മങ്ങളില്‍ സംപ്രീതരായ മാലാഖ ചോദിച്ചു:  നിനക്ക് എന്ത് വരമാണ് വേണ്ടത്.  അത്ഭുതങ്ങള്‍ ചെയ്യണോ?  അദ്ദേഹം പറഞ്ഞു:  അത്ഭുതങ്ങള്‍ ചെയ്യുന്നത് എല്ലാം ദൈവമാണ്.  എനിക്കാ വരം ആവശ്യമില്ല.  എങ്കില്‍ ആളുകള്‍ നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള വരം നല്‍കട്ടെ? അദ്ദേഹം അതും നിഷേധിച്ചു.  എന്നെ ആരാധിക്കാന്‍ തുടങ്ങിയാല്‍ അവര്‍ ദൈവത്തെ മറന്നു തുടങ്ങും.  അവസാനം മാലാഖയുടെ നിര്‍ബന്ധത്തിന് വഴങ്ങി അയാള്‍ ഒരു വരം ചോദിച്ചു. : ഞാനറിയാതെ  എനിക്ക് കുറെ നന്മകള്‍ ചെയ്യണം. മാലാഖ അയാളുടെ നിഴലിന് അത്ഭുതശക്തി നല്‍കി.  പിന്നീട് അയാളുടെ നിഴല്‍ വീഴുന്നിടത്തെല്ലാം പൂക്കള്‍ വിരിയും.  ഉറവ രൂപപ്പെടും.  സന്തോഷമുണ്ടാകും.  അയാള്‍ യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു.  പിന്നീട് ആളുകള്‍ അയാളെ വിളിച്ചത് 'വിശുദ്ധ നിഴല്‍'  എന്നാണ്.  സല്‍പേര് സമ്പാദിക്കാനും പ്രശസ്തരാകാനുമുള്ള എളുപ്പമാര്‍ഗ്ഗം സാമൂഹികസേവനമാണെന്നു തെറ്റിദ്ധരിക്കുന്നവരുണ്ട്.  ആരുമറിയാതെ തുടങ്ങുന്ന പ്രവര്‍ത്തികള്‍ ആരൊക്കെയോ പ്രചരിപ്പിക്കും.  പിന്നീട് ആദരവും അംഗീകാരവും വന്നുതുടങ്ങും.  ചെയ്യുന്ന കര്‍മ്മങ്ങളേക്കാള്‍ ഇത് പിന്നീട് ചെയ്യുന്ന ആളിന്റെ പ്രസക്തി വര്‍ദ്ധിച്ചുവരും.  ആ മാസ്മരിക വലയത്തില്‍  നിന്ന് പിന്നീട് അവര്‍ വിചാരിച്ചാല്‍ പോലും രക്ഷപ്പെടാന്‍ പറ്റാതാകും.  ജനപ്രീതിയുടെ വൈകാരികാനുഭൂതിക്കു വിധേയപ്പെടാതിരിക്കുന്നവരെയാണ് നാം വിശുദ്ധരെന്ന് വിളിക്കേണ്ടത്.   നിഴലാകുക എളുപ്പമല്ല.  നിഴല്‍ നിശബ്ദമാണ്.  ആത്മസ്തുതിയോ അഹംബോധമോ നിഴലിന്റെ സംസ്‌കാരമല്ല.  സ്വന്തമെന്ന് പറയാമെങ്കിലും സ്വന്തമാക്കാനാകാത്തതാണ് നിഴല്‍.  പക്ഷേ, നിഴലായി സഞ്ചരിക്കുന്ന പലരും പിന്നീട് വെളിച്ചമായി മാറുന്ന മാന്ത്രികതയും കാണാം.  അത്തരത്തില്‍ വെളിച്ചമായി മാറുന്ന നിഴലായി മാറുവാന്‍ നമുക്ക് സാധിക്കട്ടെ - ശുഭദിനം  

Part - 85

ക്രിസ്റ്റഫര്‍ റീവ്.  ലോകം മുഴുവന്‍ ആരാധകരുള്ള സിനിമാതാരം.  സൂപ്പര്‍മാന്‍ എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കികൊണ്ടാണ് ക്രിസ്റ്റഫര്‍ റീവ് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവരുന്നത്.  1980കളുടെ അവസാനം സൂപ്പര്‍മാന്‍ പരമ്പരയിലെ 4 സിനിമകളിലും ക്രിസ്റ്റഫര്‍ സൂപ്പര്‍മാനായി അരങ്ങുതകര്‍ത്തു. ഈ കഥാപാത്രം പുതുമുഖനായകനുള്ള ബ്രിട്ടീഷ് അക്കാദമി അവാര്‍ഡ് റീവ് ന് നേടിക്കൊടുത്തു.  1995 മെയ്മാസത്തിലെ ഒരു സായാഹ്നം.  വിര്‍ജീനിയയിലെ കള്‍പെപ്പറില്‍ കുതിരയോട്ട മത്സരം നടക്കുന്നു.  മത്സരിക്കാന്‍ റീവുമുണ്ട്.  തന്റെ കുതിരയായ ഇസ്‌റ്റേണ്‍ എക്‌സ്പ്രസ്സും റീവും മത്സരത്തിന് തയ്യാറായി.  3 റൗണ്ടാണ് മത്സരം.  ആദ്യത്തെ 2 റൗണ്ടും റീവ് വിജയിച്ചു.  3-ാമത്തെ റൗണ്ടിലെ ട്രാക്കില്‍ വേലിക്ക് ഉയരം കൂടുതലായിരുന്നു.  വേലിക്ക് അടുത്തെത്തിയ കുതിര അപ്രതീക്ഷിതമായി നിന്നു.  റീവ് കുതിരപ്പുറത്ത് നിന്ന് താഴേക്ക്.  തലശക്തിയായി ഇടിച്ചു. കഴുത്ത് ഒടിഞ്ഞു.  പിന്നെ ആശുപത്രിവാസം, നിരവധി ശസ്ത്രക്രിയകള്‍.  സ്‌പൈനല്‍കോഡ് തകര്‍ന്നു.  കഴുത്തിന് താഴെ തളര്‍ന്നതുകൊണ്ട് തലച്ചോറും മറ്റ് അവയവങ്ങളും തമ്മിലുള്ള ആശയവിനിമയം നിലച്ചു. ഈ അവസ്ഥയില്‍ നിന്നും ഒരു മോചനമില്ലെന്ന് വൈദ്യശാസ്ത്രം വിധിയെഴുതി.  പക്ഷേ തോല്‍ക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.  ദിവസവും ശരീരഭാഗങ്ങള്‍ ചലിപ്പിക്കാന്‍ അദ്ദേഹം പരിശ്രമിച്ചുകൊണ്ടേയിരുന്നു.  ഈ ശ്രമങ്ങളെ ഡോക്ടര്‍മാര്‍ എതിര്‍ത്തു.  ആ എതിര്‍പ്പിനെ അവഗണിച്ച് അദ്ദേഹം തന്റെ പരിശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.  അങ്ങനെ 5 വര്‍ഷത്തേ നിരന്ത പരിശ്രമം.   അദ്ദേഹം തന്റെ കൈയ്യും കാലുകളും ചലിപ്പിച്ചു.  1997 ല്‍ 'ഇന്‍ ദ ഗ്ലോമിങ്ങ് '  എന്ന ഫിലിം വീല്‍ ചെയറില്‍ ഇരുന്നു സംവിധാനം ചെയ്തു.  ആ സിനിമയ്ക്ക് 5 എമി നോമിനേഷന്‍ ലഭിച്ചു.  1998 ല്‍ റിയല്‍ വിന്‍ ഡേ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു.  ആ അഭിനയത്തിന് സ്‌ക്രീന്‍ ആക്ടര്‍ ഗില്‍ഡ് പുരസ്‌കാരം ലഭിച്ചു.  തുടര്‍ന്നും ടെലിവിഷന്‍ പരമ്പരകളിലും സിനിമയിലും അഭിനയിച്ചു. പുസ്തകങ്ങള്‍ രചിച്ചു.  അദ്ദേഹത്തിന്റെ ആത്മകഥയ്ക്ക് പ്രസാധകര്‍ നല്‍കിയപേര് ' സൂപ്പര്‍ ഹീറോ ' എന്നായിരുന്നു!!  .  ജീവിതം ചിലപ്പോഴൊക്കെ അങ്ങിനെയാണ്.  അവിചാരിതമായിട്ടായിരിക്കും വിധി വന്ന് വിലങ്ങനെ നില്‍ക്കുന്നത്.  എന്നാല്‍ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്ന വിധിയെ ഇച്ഛാശക്തികൊണ്ട് കീഴടക്കാന്‍ കഴിയുന്ന ഒരു സൂപ്പര്‍ഹീറോ നമ്മുടെ ഉള്ളിലും എന്നും ഉണ്ടാകട്ടെ - ശുഭദിനം  

Part - 84

ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയില്‍ കൊടപാടുഗ്രാമത്തിലെ കര്‍ഷകത്തൊഴിലാളികളുടെ കുടുംബത്തിലാണ് ഗന്ധാം ജനിച്ചത്.  നിരക്ഷരരായ കര്‍ഷകരാണ് അവിടെ അധികവും.  ഗന്ധാമിന്റെ കുടുംബത്തിലെ തന്നെ ആദ്യ വിദ്യാര്‍ത്ഥിയായിരുന്നു അവന്‍.  അടുത്തുള്ള ഗ്രാമീണവിദ്യാലയത്തിലാണ് 5 -ാം ക്ലാസ്സുവരെ അവന്‍ പഠിച്ചത്.  പഠിക്കാനുള്ള അവന്റെ ഇഷ്ടം കണ്ട് ടീച്ചര്‍മാര്‍ അവനെ നവോദയ വിദ്യാലയത്തിന്റെ പ്രവേശന പരീക്ഷ എഴുതിപ്പിച്ചു.  നല്ല മാര്‍ക്കോടെ അവന്‍ ആ പ്രവേശന പരീക്ഷ പാസ്സായി.  പിന്നെ 10 ക്ലാസ്സ് വരെ പഠനം നവോദയയില്‍ ആയിരുന്നു.  പ്ലസ്ടുവിന് ശേഷം തൊഴിലധിഷ്ഠിത വൊക്കേഷ്ണല്‍ കോഴ്‌സ്.  അവിടെ നിന്നും റെയില്‍വേ ടിക്കറ്റ് കളക്ടര്‍ ജോലി നേടി.  ഈ ജോലി നേടുമ്പോള്‍ ഗദ്ദാമിന് 18 വയസ്സ് മാത്രം പ്രായം!  പഠനം പിന്നെയും ഗദ്ദാമിനെ മാടിവിളിച്ചു.  ഇഗ്നോയില്‍ നിന്ന് ബിരുദവും പിജിയും. ഒപ്പം ഈ ജോലിയില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് അനിയനെപഠിപ്പിച്ചു അസിസ്റ്റന്റ് പ്രൊഫസറാക്കി.   ഈ ജോലിക്കിടെ ഗദ്ദാമിന്റെ മനസ്സില്‍ വീണ്ടും ഒരു സ്വപ്‌നം കൂടി മുളച്ചു.  സിവില്‍ സര്‍വ്വീസ്.  പക്ഷേ ജോലിക്കിടയില്‍ പഠിക്കാന്‍ സമയം കുറവ്.  അധികം ലീവും എടുക്കാന്‍ സാധിക്കില്ല.  തന്റെ സൂപ്രവൈസറെ കണ്ട് തിരക്ക് കുറവുളള രാത്രികാല ഷിഫ്റ്റുകള്‍ ഗദ്ദാം ചോദിച്ചുവാങ്ങി.  അങ്ങനെ രാത്രിയെ പകലാക്കി ഒരു വര്‍ഷത്തോളം പഠനം.  ഒടുവില്‍ അഖിലേന്ത്യാ പരീക്ഷയില്‍ 198-ാം റാങ്കോടെ IAS ലേക്ക്.  ഇപ്പോള്‍ അനന്തപൂര്‍ ജില്ലാ കളക്ടര്‍ - ഗന്ധാം ചന്ദ്രുഡു IAS  മാജിക് കഥകള്‍ കേള്‍ക്കുന്ന അത്ഭുതത്തോടെ നമുക്കിദ്ദേഹത്തെ വായിക്കാം.  ചിലരങ്ങനെയാണ് , ജീവിതം ഒരു മാജിക് പോലെ തോന്നിപ്പിച്ചു കളയും.  ഇവിടെ മാജിക് എന്നാല്‍ അവനനവിലെ വിശ്വാസമാണ്.  ആ വിശ്വാസമുണ്ടെങ്കില്‍ നമുക്കെന്തും സാധിക്കും.  നമ്മുടെ ജീവിതത്തിലും ചില മാജിക്കുകള്‍ സംഭവിപ്പിക്കാന്‍ നമുക്കും കഴിയട്ടെ - ശുഭദിനം