Day 104

അതൊരു പ്രസിദ്ധമായ വലിയൊരു ആശുപത്രിയായിരുന്നു.  അടിച്ചുവാരുക, മുഷിഞ്ഞ വസ്ത്രങ്ങള്‍ കഴുകി ഉണക്കുക, കിടക്ക വിരിച്ചു തയ്യാറാക്കുക തുടങ്ങിയ പല ജോലികളും ആശുപത്രിയില്‍ ചെയ്യേണ്ടതുണ്ടാവും.  ധാരാളം ജീവനക്കാര്‍ അവിടെ ജോലി ചെയ്തിരുന്നുവെങ്കിലും പലപ്പോഴും ജോലികള്‍ ബാക്കിയായിരുന്നു.  ഒരു ദിവസം 60 കഴിഞ്ഞ ഒരു അപരിചിതന്‍ ഇത്തരം പണികളില്‍ സ്വയം സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച്‌ സൂപ്രണ്ടിനെ സമീപിച്ചു.  ദിവസേന കൃത്യസമയത്തു തന്നെ വന്ന് ഏല്‍പ്പിച്ച ജോലികളെല്ലാം ചെയ്തു തീര്‍ക്കും.  കൂടുതല്‍ വല്ല ജോലിയും ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അതും സന്തോഷത്തോടെ ഏറ്റെടുക്കും.  ഇതിനുപുറമേ രോഗികളുടെ അടുത്ത് ചെന്ന് അവരെ ആശ്വസിപ്പിക്കും, അവര്‍ക്ക് ധൈര്യം പകര്‍ന്നു നല്‍കും.  താങ്കള്‍ ആരാണെന്ന് സൂപ്രണ്ട് ചോദിച്ചാല്‍ ഒരു ചെറുപുഞ്ചിരിയോടെ അദ്ദേഹം ഒഴിഞ്ഞുമാറും.  അങ്ങനെ മാസങ്ങള്‍ കഴിഞ്ഞു.  സൂപ്രണ്ടിനെ കാണാന്‍ വന്ന ഒരാള്‍ വഴിയാണ് ഇദ്ദേഹത്തെകൂറിച്ച് സൂപ്രണ്ടിന് കൂടുതല്‍ അറിയാന്‍ സാധിച്ചത്.  ഒരു വലിയൊരു കമ്പനിയിലെ ഡയറക്ടറായി വിരമിച്ച വ്യക്തിയായിരുന്നു അയാള്‍.  വേണ്ടുവോളം സ്വത്തുമുണ്ട്.  ജീവിതപങ്കാളിയുടെ മരണം അയാളെ ഒറ്റപ്പെടുത്തി.  കുറെക്കാലം ആ ദുഃഖത്തില്‍ അദ്ദേഹം കഴിഞ്ഞു.  ആ ജീവിത്തിന് ഒരു മാറ്റം വരുത്തണമെന്ന് ആഗ്രഹിച്ചപ്പോഴാണ് എന്തെങ്കിലും നിസ്വാര്‍ത്ഥ സേവനത്തിലേര്‍പ്പെട്ട് മനസ്സിന് ആശ്വാസം വരുത്തുക എന്ന തീരുമാനത്തിലെത്തിയത്.  അപ്പോഴാണ് തന്റെ വീട്ടില്‍ നിന്ന് അധികം അകലെയല്ലാത്ത ഈ ആശുപത്രി സേവനരംഗമായി തീര്‍ന്നത്.  മറ്റുള്ളവരുടെ സംതൃപ്തി അദ്ദേഹത്തെ ഉന്മേഷവാനാക്കി മാറ്റി.  നിസ്വാര്‍ത്ഥ സേവനത്തെപറ്റി നാം ഒട്ടേറെ കേള്‍ക്കാറുണ്ട്.  എന്നാല്‍ അങ്ങനെ ചെയ്യുന്ന പലര്‍ക്കും ആ സേവനത്തെപറ്റി മറ്റുള്ളവര്‍ അറിഞ്ഞിരിക്കണമെന്ന് ആഗ്രഹം ഉള്ളിന്റെയുള്ളില്‍ ഉണ്ടാകാറുണ്ട്.  അംഗീകാരത്തിനായുള്ള ദാഹം മനുഷ്യന്റെ കൂടപ്പിറവിയാണ്.  യഥാര്‍ത്ഥ നിസ്വാര്‍ത്ഥ സേവനം പരിശീലനം കൊണ്ടേ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ.  കൊട്ടിഘോഷിക്കാത്ത നിസ്വാര്‍ത്ഥ സേവനംകൊണ്ട് ഉണ്ടാകാനിടയുള്ള മനഃസംതൃപ്തിയും ആനന്ദവും കൃതാര്‍ത്ഥതയും ഒന്നുവേറെയാണ്.  പ്രവൃത്തി നല്ലതാണോ അതു മറ്റുള്ളവര്‍ക്ക് ആശ്വാസവും സന്തോഷവും ഉണ്ടാക്കുമോ എന്നുമാത്രം ഓര്‍ത്ത് അതില്‍ ഏര്‍പ്പെട്ടാല്‍ ഫലപ്രദമായ കാര്യങ്ങള്‍ നമുക്ക് ചെയ്തുതീര്‍ക്കാന്‍ സാധിക്കുക തന്നെ ചെയ്യും - ശുഭദിനം  

Day 103

ജാഗ്രതയോടെ ഇരിക്കുക!  കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നമ്മള്‍ ഏറ്റവും അധികം കേട്ടതും കേട്ടുകൊണ്ടിരിക്കുന്നതും ഈയൊരു മുന്നറിയിപ്പാണ്.  കോവിഡ് കാലത്ത് സാമൂഹ്യമാധ്യമങ്ങള്‍ നിര്‍ദ്ദേശങ്ങളും, ഉപദേശങ്ങളും, യാഥാര്‍ത്ഥ്യങ്ങളും ചിലപ്പോഴൊക്കെ തമാശകളും ഒക്കെയായി ലോകത്തോട് സംവദിച്ചുകൊണ്ടിരിന്നു.  ആ കൂട്ടത്തില്‍ നിന്നൊരു അടരാണിത്.  രോഗബാധിതനായ വൃദ്ധന്‍.  ഇദ്ദേഹത്തിന് 70 വയസ്സ് പിന്നിട്ടിരിക്കുന്നു.  നീണ്ടുനിന്ന രോഗാവസ്ഥ, ആശുപത്രിവാസം ഒടുവില്‍ കോവിഡ് 19 ല്‍ നിന്നും മോചനം,  ആശുപത്രി ഡിസിചാര്‍ജ് രേഖകള്‍ തയ്യാറാക്കി.  കൂട്ടത്തില്‍ അദ്ദേഹത്തിന് അവരുടെ ചിലവിന്റെ ബില്ലുമുണ്ട്.  ബില്ല് വൃദ്ധന്‍ സസൂക്ഷമം വായിച്ചു.  പിന്നീട് ഏറെ സങ്കപ്പെട്ട് കരഞ്ഞുകൊണ്ടിരുന്നു.  ആശുപത്രി അധികൃതര്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചു.  ബില്ലില്‍ ഉയര്‍ന്ന തുക അടയ്ക്കുന്നതില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ തയ്യാറായി.  അപ്പോൾ സങ്കടത്തോടെ ആ വൃദ്ധന്‍ ആശുപത്രി അധികൃതരോട് പറഞ്ഞു:  ഈ ബില്ലില്‍ കാണുന്ന തുക എനിക്ക് അടയ്ക്കാവുന്നതേയുള്ളൂ.  അതിനുള്ള സാമ്പത്തിക ശേഷി എനിയ്ക്കുണ്ട്.  എന്നെ സങ്കടപ്പെടുത്തുന്നത് അതല്ല.  ഈ ആശുപത്രിയില്‍ ചിലവഴിച്ച ഏതാനു ദിവസങ്ങളില്‍ എനിക്ക് നല്‍കിയ ഓക്‌സിജന്റെ വിലകണ്ട് കരഞ്ഞതാണ്.  കഴിഞ്ഞ 70 വര്‍ഷമായി ഈ ഭൂമിയില്‍ ഓക്‌സിജന്‍ സൗജന്യമായി സ്വീകരിച്ച് ജീവിച്ച ഞാന്‍ ഇതുവരെയും അതിന്റെ മൂല്യം അറിഞ്ഞില്ല. ചിന്തിച്ചില്ല.  അങ്ങനെ എനിക്ക് ഈ പ്രകൃതി നല്‍കിയ സൗജന്യങ്ങള്‍ ഒന്നൂം ഞാന്‍ ഇതുവരെയും ശ്രദ്ധിക്കാതെ നടന്നു.  ഇപ്പോഴറിയുന്നു ആ സൗജന്യങ്ങളുടെ മൂല്യവും വിലയും!  മണ്ണ്, മരം, വെള്ളം, വായു ആ ശൃംഖലയ്ക്കകത്താണ് നമ്മള്‍ സുരക്ഷിതരാകുന്നത്.  വിലയറിഞ്ഞ് മൂല്യമുള്‍ക്കൊണ്ട് പ്രകൃതിയ്‌ക്കൊപ്പം നമുക്ക് ഇനിയുള്ളകാലം സഞ്ചരിക്കാം - ശുഭദിനം 

Day 102

ആ   തവള ആദ്യമായാണ് തേരട്ടയെ കാണുന്നത്.  തേരട്ടയുടെ കാലുകളുടെ എണ്ണം കണ്ടപ്പോള്‍ തവളക്ക് അത്ഭുതമായി.  'ഞാന്‍ നാലു കാലുകള്‍ തന്നെ പലപ്പോഴും കഷ്ടപ്പെട്ടാണ് ഉപയോഗിക്കുന്നത്.  നീ എങ്ങിനെയാണ് ഇത്രയേറെ കാലുകള്‍ ഒരു ബുദ്ധിമുട്ടും കൂടാതെ ഉപയോഗിക്കുന്നത് ? ഏതു കാലാണ് നീ ആദ്യം വെക്കുക? ' അപ്പോള്‍ മുതല്‍ തേരട്ടയും ഇത് ശ്രദ്ധിക്കാന്‍ തുടങ്ങി.  ആദ്യം ഏതു കാല്‍, പിന്നെ ഏതു കാല്‍... ഇത് ശ്രദ്ധിച്ച് ശ്രദ്ധിച്ച് തേരട്ടക്ക് ഒരടി മുന്നോട്ട് വെക്കാന്‍ സാധിക്കാതായി.  വീണ്ടും തവളയെ കണ്ടപ്പോള്‍ തേരട്ട പറഞ്ഞു: ' ദയവു ചെയ്ത് ഈ ചോദ്യം നീയിനി ഒരു അട്ടയോടും ചോദിക്കരുത്.  ഒന്നും ആലോചിക്കാതെ സ്വസ്ഥമായി ഞാന്‍ നടന്നിരുന്നതാണ്.  ഇപ്പോള്‍ ഒരടിപോലും എനിക്ക് മുന്നോട്ട് വെയ്ക്കാന്‍ സാധിക്കുന്നില്ല.  നീയെന്റെ ജീവിതമാണ് നശിപ്പിച്ചത്... '  സ്വതന്ത്രവും സ്വാഭാവികവുമായ ചലനങ്ങളാണ് നമ്മുടെ ജീവിതത്തിന്റെ സൗന്ദര്യം. നമ്മുടെ സമ്പത്തും അതു തന്നെയാണ്.  എല്ലാ കാര്യത്തിന്റെയും ഉള്ളറിഞ്ഞും ഉദ്ദേശമറിഞ്ഞും പ്രതികരിക്കേണ്ട ആവശ്യമില്ല.  തനതു ശൈലിയില്‍ ഒരു നിബന്ധനകളുമില്ലാതെ അവ കടന്നു പോകട്ടെ.  ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും സ്വാംശീകരിച്ച സഹജഭാവങ്ങളെ അവയുടെ നൈസര്‍ഗികതയില്‍ വളരാന്‍ അനുവദിക്കുമ്പോഴാണ് ഓരോരുത്തരും തങ്ങളുടെതായെ ഒരു ലോകം തന്നെ സൃഷ്ടിക്കുന്നത്.  അനാവശ്യമായ ചിന്താകുഴപ്പങ്ങള്‍ കുത്തിവെയ്ക്കുക എന്നതാണ് ഒരാളുടെ ആത്മവിശ്വാസം തകര്‍ക്കാനുള്ള എളുപ്പമാര്‍ഗ്ഗം.  ജീവിതവഴിയില്‍ കാണുന്ന എല്ലാവര്‍ക്കും കാതോര്‍ത്തിരുന്നാല്‍ മുന്നോട്ടും പിന്നോട്ടും എന്തിന് നടക്കാനുള്ള ശേഷിപോലും നമുക്ക് നഷ്ടപ്പെടും.  അതിനാല്‍ നാം ആവശ്യമുള്ളവയെക്കുറിച്ച് മാത്രം ആലോചിക്കുക, മറ്റെല്ലാം അവഗണിക്കാാന്‍ ശീലിക്കുക - ശുഭദിനം   

Day 101

ഗുരുവിന്റെ പ്രസംഗം യുവാവിനു വളരെ ഇഷ്ടപ്പെട്ടു.  തിരിച്ചുപോകുമ്പോള്‍ ഗുരുവിനെ വീട്ടിലേക്ക് ക്ഷണിക്കാനും അവന്‍ മറന്നില്ല.  സന്ധ്യ കഴിഞ്ഞാണു ഗുരുവെത്തിയത്.  വന്നയുടന്‍ ഗുരു ചോദിച്ചു: നിങ്ങള്‍ ഈശ്വരവിശ്വാസിയാണോ? നിങ്ങള്‍ക്ക് എങ്ങിനെയാണ് ദൈവാനുഗ്രഹം ലഭിക്കുന്നത്?  യുവാവ് അമ്പരന്നു.  ഗുരു കൂട്ടിച്ചേര്‍ത്തു:  നിങ്ങളുടെ അയല്‍വാസിക്ക് ഇന്ന് അത്താഴമില്ല.  യുവാവ് പറഞ്ഞു: ഞാനത് അറിഞ്ഞില്ല.  തയ്യാറാക്കിവെച്ചിരിക്കുന്ന ഭക്ഷണവുമെടുത്ത് ഗുരു അയാളെയും കൂട്ടി അയല്‍ക്കാരന്റെ വീട്ടിലെത്തി.  ഒരുമിച്ച് അത്താഴം കഴിച്ചിറങ്ങുന്നമ്പോള്‍ ഗുരു പറഞ്ഞു: അയല്‍വാസിയെ മനസ്സിലാകാത്തവന് ഈശ്വരേനേയും മനസ്സിലാകില്ല.  വിശ്വാസിയാണെന്ന് തെളിയിക്കാനും ആത്മീയ മനുഷ്യനാണെന്ന പൊതുഅഭിപ്രായം നേടാനും നടത്തുന്ന പ്രഹസനങ്ങളില്‍ ഈശ്വരന്‍ പ്രസാദിക്കില്ല.  സഹജീവികളില്‍ ഈശ്വരനെ കാണാന്‍ കഴിയാത്തതുകൊണ്ടാണ്  ഈശ്വരാന്വേഷണം പലര്‍ക്കും സാഹസ പ്രവൃത്തിയാകുന്നത്.  അവനവന് ആവശ്യമുള്ളതെല്ലാം സമ്പാദിച്ചു കൂട്ടുന്നതിനിടയ്ക്ക് അടുത്തുള്ളവരുടെ അവസ്ഥകളിലേക്ക് ഒരു ആകാശ വീക്ഷണമെങ്കിലും നടത്തണം.  ആരുമറിയാതെ വിങ്ങിപ്പൊട്ടുന്നവരും കതകടച്ച് ആത്മാഭിമാനം മുറുകെ പിടിക്കുന്നവരുമെല്ലാം അവിടെയുണ്ടാകും.  ആവശ്യമുള്ളവരുടെ മുന്നില്‍ ഈശ്വരനായി പ്രത്യക്ഷപ്പെടുന്നവരെയാണ് ഈശ്വരന് ആവശ്യം.  ആരെങ്കിലും കൈപിടിക്കാനുണ്ടെങ്കില്‍ ആര്‍ക്കും ഒറ്റയാള്‍ പോരാട്ടങ്ങള്‍ നടത്തേണ്ടിവരില്ല.  'അത്താഴപഷ്ണിക്കാരുണ്ടോ' എന്ന ചോദ്യം വയറു നിറയ്ക്കാന്‍ വേണ്ടി മാത്രമായിരുന്നില്ല, മനസ്സ് നിറയ്ക്കാന്‍ വേണ്ടിയായിരുന്നു.  തനിച്ചായിപോയി എന്ന തോന്നലുണ്ടാക്കാതെ നമുക്ക് മറ്റുളളവരെയും ചേര്‍ത്ത് പിടിക്കാം - ശുഭദിനം    

Day 100

അതിജീവനകഥയുടെ ഇന്നത്തെ മുഖം അമൃത എന്ന അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുടേതാണ്.  അന്ന് അവള്‍ 5-ാം ക്ലാസ്സിലാണ് പഠിക്കുന്നത്.  പഠിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരു പുസ്തകം കാണാനില്ല, പുസ്തകം തിരഞ്ഞ് കട്ടിലിനടിയിലേക്ക് മണ്ണെണ്ണവിളക്കുമായി പോയ ആ കുട്ടിയുടെ നിലവിളിയാണ് വീട്ടുകാര്‍ കേട്ടത്.  അവര്‍ വരുമ്പോഴേക്കും തീ, അവളുടെ മുഖവും നെഞ്ചുമെല്ലാം വിഴുങ്ങിയിരുന്നു.  ആദ്യത്തെ 1 മാസം അവള്‍ വെന്റിലേറ്ററിലായിരുന്നു.  ആ കുഞ്ഞിനെ തിരിച്ചുകിട്ടുമോ എന്ന് ഡോക്ടര്‍മാര്‍ ആശങ്കപ്പെട്ടു.  മാസങ്ങള്‍ക്ക് ശേഷം അവള്‍ ജീവിതത്തിലേക്ക് പതിയെ തിരിച്ചുനടന്നു.  മുഖവും നെഞ്ചുമെല്ലാം ഉരുകിയൊലിച്ചുപോയ അവളെ സഹപാഠികളും നാട്ടുകാരും അത്ഭുതജീവിയെപ്പോലെ നോക്കി.  ഈ നോട്ടം സഹിക്കാനാകാതെ അവള്‍ ക്ലാസ്സിലേക്ക് പോകാന്‍ വിസമ്മതിച്ചു.  പക്ഷേ, അമ്മ എപ്പോഴും ധൈര്യമായി ആ ആറാംക്ലാസ്സുകാരിക്കൊപ്പം നിന്നു.  സ്‌കൂളിലെ അധ്യാപകര്‍ അവള്‍ക്ക് കൂട്ടായി.  സാധാരണജീവിത്തിലേക്ക് അവള്‍ നടന്നടുത്തുകൊണ്ടിരുന്നു.  പൊള്ളലേറ്റ ശേഷം കയ്യിലേയും തോളെല്ലുകളിലേയും തൊലി ഒട്ടിപ്പിടിച്ചിരുന്നതിനാല്‍ വലതുകൈ ഉയര്‍ത്താന്‍ ആകുമായിരുന്നില്ല.  അത് മാറ്റിയെടുക്കാന്‍ ഒരു വ്യായാമം എന്ന നിലയിലായിരുന്നു ബാറ്റ്‌മിന്റണ്‍ കളിച്ചുതുടങ്ങിയത്.  പിന്നീട് അത് ഹാന്റ്‌ബോളിലേക്ക് മാറി.  +2 ന് പഠിക്കുമ്പോഴാണ് അമൃത സൈക്ലിളിങ്ങില്‍ ആദ്യമായി പങ്കെടുത്തത്.  അതൊരു തുടക്കമായിരുന്നു. വിജയതിളക്കങ്ങളുടെ... 2016 ലെ സംസ്ഥാന ചാമ്പ്യന്‍, 2018 ലെ സംസ്ഥാന ട്രാക് സൈക്ലിങ്ങില്‍ മൂന്നാം സ്ഥാനം, 2017 മുതല്‍ തുടര്‍ച്ചയായ 3 വര്‍ഷം ഇന്റര്‍ യൂണിവേഴ്‌സിറ്റി സൈക്ലിങ്ങിലെ വിജയങ്ങള്‍ ... സങ്കടദൂരങ്ങളെ ചവിട്ടിത്തോല്‍പിച്ച് ഈ പെണ്‍കുട്ടി മുന്നോട്ട് കുതിക്കുകയാണ്, തളരാതെ, കാരണം അവള്‍ക്ക് മുന്നേറാന്‍ ഇനിയുമേറെ ദൂരം ബാക്കിയുണ്ട്. അതിജീവനം ഒരിക്കലും സുഖകരമല്ല.  തീരാത്ത പരീക്ഷണങ്ങള്‍ വഴികളില്‍ കാത്തിരിപ്പുണ്ടാകും.  നിരന്തരമായ കഠിനാധ്വാനത്തിലൂടെ, മനോധൈര്യത്തിലൂടെ, വിജയത്തിളക്കം നേടാന്‍ നമുക്ക് സാധിക്കുക തന്നെ ചെയ്യും - ശുഭദിനം 

Day 99

കെനിയന്‍ അത്‌ലറ്റ് ആബേല്‍ മ്യൂടായ്, സ്പാനിഷ് അത്‌ലറ്റ് ഇവാന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ പങ്കെടുത്ത ദീര്‍ഘദൂര ഓട്ടമത്സരം.  മുന്നിലെത്തിയ ആബേല്‍, ഫിനിഷിങ്ങ് ലൈന്‍ തിരിച്ചറിയുന്നതിലെ ആശയക്കുഴപ്പം മൂലം ലൈനിനു മുന്‍പ് ഓട്ടം അവസാനിപ്പിച്ചു. കാര്യം മനസ്സിലാക്കിയ ഇവാന്‍, ആബേലിനോട് ഓട്ടം തുടരാന്‍ വിളിച്ചു പറഞ്ഞു.ഭാഷ അറിയാത്തതിനാല്‍ ആബേലിനു കാര്യം മനസ്സിലായില്ല.  ഇവാന്‍, ആബേലിനെ പിറകില്‍ നിന്നും തള്ളി ഒന്നാമതെത്തിച്ചു.  കാഴ്ചക്കാരുടെ ഇടയില്‍ നിന്ന് ഒരാള്‍ ഇവാനോടു ചോദിച്ചു: താങ്കള്‍ അയാളെ തള്ളിവിട്ടില്ലായിരുന്നെങ്കില്‍ വിജയം താങ്കളുടേതാകുമായിരുന്നില്ലേ?  ഇവാന്‍ പറഞ്ഞു:  വിജയപാതയിലായ ഒരാളുടെ ആശയക്കുഴപ്പത്തില്‍ നിന്നും ഞാന്‍ നേടുന്ന വിജയത്തിന് എന്ത് മേന്മയാണുള്ളത്?  വിജയസൂത്രവാക്യങ്ങള്‍ നിര്‍മ്മിക്കുന്ന തിരക്കിലാണ് എല്ലാവരും.  എങ്ങനെയും വിജയിക്കണം എന്നതുമാത്രമാണ് അടിസ്ഥാന പ്രമാണം.  അത് പരീക്ഷയാണെങ്കിലും പ്രതിസന്ധിയാണെങ്കിലും.  വിജയിക്കുന്നവര്‍ക്കു മാത്രമായി അനുമോദനങ്ങളും ആശംസകളും പരിമിതപ്പെടുന്നു.  പരാജയപ്പെടുന്നവരെയും പിന്നില്‍ നില്‍ക്കുന്നവരേയും പരിഗണിക്കാനോ പ്രശംസിക്കാനോ ആര്‍ക്കും താല്‍പര്യമില്ല.  ജയത്തിന്റെ ആവേശം ജയിക്കുന്നതോടെ അവസാനിക്കും.  എന്നാല്‍ തോല്‍വിയുടെ ആഘാതം ജയിക്കുന്നതുവരെ നിലനില്‍ക്കും.  എല്ലാവരും തോല്‍ക്കുന്നത് കഴിവുകേടുകൊണ്ടല്ല.  ചിലര്‍ തോറ്റുകൊടുക്കുന്നതാണ് - തന്നെക്കാള്‍ അര്‍ഹതയുള്ളവര്‍ ജയിക്കുന്നതുകാണാന്‍ , തോല്‍വിയില്‍ നിന്നും സ്വയം പഠിക്കാന്‍.  മറ്റാരാളെ തോല്‍പ്പിക്കുമ്പോഴാണ് വിജയിക്കുന്നതെന്നു പഠിപ്പിക്കുന്നവര്‍ക്കിടയില്‍, സ്വയം തോറ്റുകൊടുത്തും മറ്റുള്ളവരെ ജയിക്കാന്‍ അനുവദിച്ചും വിജയപാഠം പങ്കുവെയ്ക്കുന്നവരാണ് യഥാര്‍ത്ഥ വിജയികള്‍ - ശുഭദിനം 

Day 98

എബ്രഹാം ലിങ്കൺ യു എസ് പ്രസിഡന്റ്‌ ആയ ശേഷം അദ്ദേഹത്തിന്റെ ശത്രുവെന്നു എല്ലാവരും കരുതിയിരുന്ന ആളെക്കുറിച്ചു നല്ലതു മാത്രം സംസാരിക്കാൻ തുടങ്ങി.   അനുയായികളിൽ ഒരാൾ ലിങ്കനോട് ചോദിച്ചു : എന്തിനാണ് ആ വ്യക്തിയെ ഇത്ര പുകഴ്ത്തി സംസാരിക്കുന്നത്?  താങ്കൾക്കു ഇപ്പോൾ അധികാരമുണ്ട്.  പകരം വീട്ടാൻ പറ്റിയ സമയമല്ലേ?  ലിങ്കൺ പറഞ്ഞു : ശത്രുക്കളെ അമർച്ച ചെയ്യുന്നതിനേക്കാൾ എനിക്ക് താല്പര്യം സുഹൃത്തുക്കളെ സമ്പാദിക്കുന്നതിലാണ്.  മാത്രമല്ല, സുഹൃത്തുക്കളുടെ എണ്ണം കൂടുന്നതിനനുസരിച്ചു ശത്രുക്കളുടെ എണ്ണം കുറയുകയും ചെയ്യും.  ഓരോ സ്ഥാനവും ഓരോ ഉത്തരവാദിത്തം ആണ്.  എല്ലാവരുടെയും സ്വന്തമാകാനും എല്ലാവരെയും മുന്നോട്ട് നയിക്കാനുമുള്ള പൂർണ ചുമതല.  പിന്നോട്ട് നടന്ന് പഴയ കാല പ്രതിയോഗികളുടെ പട്ടിക തയ്യാറാക്കി പ്രതികാരത്തിന് മുതിരുന്നവരാരും നേതൃസ്ഥാനത്തിന് അർഹരല്ല.  ഓരോ മത്സരവും ഫല പ്രഖ്യാപനം വരുമ്പോഴെങ്കിലും അവസാനിക്കണം.  അതിന് ശേഷവും തുടരുന്ന മത്സരബോധം അനാരോഗ്യവും ആപൽക്കരവുമാണ്.  മത്സരക്ഷമതയുടെ  അതിർവരമ്പിനകത്തു വ്യക്തിവിദ്വേഷത്തിന്റെ മുകുളങ്ങൾ വളരാൻ പാടില്ല.  ജയവും തോൽവിയും കളിക്കളത്തിന് ഉള്ളിൽ അവസാനിക്കണം.  ഒരു മിത്രം ശത്രുവാകാൻ നിമിഷങ്ങൾ മതിയാകും.  എന്നാൽ ഒരു ശത്രു മിത്രമാകാൻ നാളുകളുടെ പ്രയത്നവും കാത്തിരിപ്പും ആവശ്യമാണ്. നല്ല മിത്രങ്ങളെ ജീവിതത്തിൽ കണ്ടെത്താനാകട്ടെ - ശുഭദിനം