Day 194

വിവാഹജീവിതത്തിന്റെ ആദ്യത്തെ കുറെ വര്‍ഷങ്ങള്‍ അവര്‍ മാതൃകാദമ്പതികളായിരുന്നു. പിന്നീട് അവരുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളും വഴക്കുകളുമായി. അവര്‍ കുറച്ചുനാള്‍ പിരിഞ്ഞും താമസിച്ചു. എങ്കിലും ആ വര്‍ഷത്തെ വിവാഹവാര്‍ഷികത്തിന് അയാള്‍ ഒരു കെട്ട് പൂക്കളുമായി തന്റെ ഭാര്യയുടെ അടുത്തെത്തി. പിണക്കം മറന്ന് അവര്‍ അത് സന്തോഷത്തോടെ സ്വീകരിച്ചു. അവള്‍ തന്നെ ഉണ്ടാക്കിയ കേക്കെടുത്ത് അലങ്കരിക്കുന്ന സമയത്ത് ഒരു ഫോണ്‍വന്നു. ഫോണെടുത്തപ്പോള്‍ മറുവശത്ത് ഒരു പോലീസുകാരന്‍ ആയിരുന്നു. അയാള്‍ പറഞ്ഞു: നിങ്ങളുടെ ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിയിക്കാനാണ് ഞാന്‍ വിളിക്കുന്നത്. വാര്‍ത്ത് അവര്‍ നിഷേധിച്ചു. തന്റെ ഭര്‍ത്താവ് തന്റെ കൂടെയുണ്ടെന്ന് അവള്‍ പറഞ്ഞു. പോലീസുകാരന്‍ പറഞ്ഞു: ഇന്ന് വൈകുന്നേരമുണ്ടായ ഒരു വാഹനാപകടത്തില്‍ നിങ്ങളുടെ ഭര്‍ത്താവ് മരിച്ചു. അയാളുടെ പേഴ്‌സില്‍ നിന്നും കിട്ടിയ നമ്പറില്‍ നിന്നാണ് ഞാന്‍ നിങ്ങളെ വിളിക്കുന്നത്. പൂക്കളുമായി വന്ന ഭര്‍ത്താവ് തന്റെ തോന്നലായിരുന്നോ എന്ന് ഒരുനമിഷം അവര്‍ ശങ്കിച്ചു. അവര്‍ നിലവിളിച്ചു. ഒരവസരം കൂടി കിട്ടിയിരുന്നെങ്കില്‍ എല്ലാ പിണക്കങ്ങളും പരിഹരിക്കാനാകുമായിരുന്നുവെന്ന് അവര്‍ അപ്പോള്‍ ഓര്‍ത്തു. അപ്പോഴാണ് കുളിമുറയില്‍ നിന്ന് ഭര്‍ത്താവിന്റെ ശബ്ദം വന്നത്: നിന്നോട് ഒരു കാര്യം ഞാന്‍ പറയാന്‍ മറന്നു.. എന്റെ പേഴ്‌സ് ഇന്ന് നഷ്ടപ്പെട്ടു.. ജീവിതത്തില്‍ രണ്ടാം ജന്മം മാത്രമല്ല, രണ്ടാമതൊരു അവസരം പോലും അസാധ്യമോ അപൂര്‍വ്വമോ ആകും. ഒരിക്കല്‍ മാത്രമേ ലഭിക്കൂ എന്നറിയുന്ന എല്ലാ കാര്യങ്ങളേയും കരുതലോടെയും ജാഗ്രതയോടെയും സമീപിച്ചെങ്കില്‍ എല്ലാവസ്തുക്കള്‍ക്കും സംഭവങ്ങള്‍ക്കും അവയര്‍ഹിക്കുന്ന സ്ഥാനം ലഭിച്ചേനെ. കൂടെയുള്ളപ്പോള്‍ അവഗണിക്കുകയും നഷ്ടപ്പെടുമ്പോള്‍ ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന കാപട്യം കുറ്റബോധം മാത്രമേ സൃഷ്ടിക്കൂ. എല്ലാം നൈമിഷികമാണെന്നും എന്തും എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാമെന്നുമുള്ള ബോധം എല്ലാവര്‍ക്കുമുണ്ടെങ്കിലും പലപ്പോഴും നാം അത് മറന്നുപോകുന്നു.. ജീവിതത്തില്‍ രണ്ടാമതൊരവസരം അപ്രതീക്ഷിതമായിരിക്കാം .. അത് എല്ലാവര്‍ക്കും ലഭിക്കണമെന്നുമില്ല.. ആനന്ദപൂര്‍ണ്ണമാകട്ടെ നമ്മുടെ ജീവിതം - ശുഭദിനം.

Day 193

തന്റെ മകള്‍ കുറച്ച് ദിവസങ്ങളായി ആകെ ദുഃഖിതയായിരിക്കുന്നത് കണ്ട അച്ഛന്‍ അവളോട് കാരണമാരാഞ്ഞു. ജോലിയിലെ പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങള്‍ അവള്‍ക്ക് പറയാനുണ്ടായിരുന്നു. അച്ഛന്‍ അവളെ അടുക്കളയിലേക്ക് വിളിച്ചു. അവിടെ ഒരേ പോലത്തെ മൂന്ന് അടുപ്പുകളില്‍ ഒരേ അളവില്‍ ഒരേ പാത്രങ്ങളില്‍ വെള്ളം വെയ്ക്കാന്‍ ആവശ്യപ്പെട്ടു. ഒരു പാത്രത്തില്‍ ഉരുളക്കിഴങ്ങും, ഒരു പാത്രത്തില്‍ മുട്ടയും ഒരു പാത്രത്തില്‍ കാപ്പിപൊടിയും ഇടാന്‍ ആവശ്യപ്പെട്ടു. മൂന്ന് പാത്രത്തിലെ വെള്ളവും തിളച്ചു. പാത്രത്തിലെ ഓരോന്നിനേയും സസൂക്ഷ്മം നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ടു. ഉരുളക്കിഴങ്ങ് കൂടുതല്‍ സോഫ്റ്റായി മാറി. മുട്ട കൂടുതല്‍ കട്ടിയായി. കാപ്പിപ്പൊടിയാകെട്ടെ ആ വെള്ളത്തിന്റെ നിറത്തെയും മണത്തേയും തന്നെ മാറ്റി രുചികരമായ കാപ്പിയായി മാറി. അച്ഛന്‍ മകളോട് പറഞ്ഞു: ഈ മൂന്ന് വസ്തുക്കള്‍ക്കും ഒരേ അളവില്‍ വെള്ളവും ചൂടും നല്‍കി. എന്നിട്ടും അവ മൂന്ന് രീതിയിലാണ് മാറിയത്. പ്രശ്‌നങ്ങള്‍ ജീവിത്തില്‍ കടന്നുവരുമ്പോള്‍ നാം ഉരുളക്കിഴങ്ങ് പോലെ പൊടിഞ്ഞുപോകരുത്. മുട്ടയെപ്പോലെ കഠിനമാകണം, അതുപോലെ കാപ്പിയെപ്പോലെ ആ പ്രശ്‌നങ്ങളെ തന്നെ ആകെ മാറ്റി നമുക്ക് അനുകൂലമാക്കി മാറ്റണം. പ്രശ്‌നങ്ങളും പ്രതിസന്ധികളും വരുമ്പോള്‍ നാം അതിനെ എങ്ങിനെ നേരിടുന്നു എന്നതാണ് തുടര്‍ന്നുള്ള നമ്മുടെ ജീവിതത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നത്. കാപ്പിയെ പോലെ പ്രശ്‌നങ്ങളെ നമുക്ക് അനുകൂലമാക്കി മാറ്റാന്‍ സാധിച്ചില്ലെങ്കിലും ഉരുളക്കിഴങ്ങ് പോലെ പൊടിഞ്ഞുപോകാതിരിക്കാന്‍ ശ്രമിക്കാം - ശുഭദിനം.

Day 192

ഒരിക്കല്‍ ബുദ്ധശിഷ്യന്‍ ആശ്രമത്തിലേക്ക് സഹപാഠികളുമൊത്ത് വരുന്നതിനിടെ സുന്ദരിയായ ഒരു സ്ത്രീയെ കണ്ടു. അവര്‍ തന്റെ വീട്ടിലേക്ക് അയാളെ ക്ഷണിച്ചു. കുറച്ചുനാള്‍ താമസിച്ച് തിരികെ വരാമെന്നും പറഞ്ഞു. താന്‍ ഗുരുവിനോട് ചോദിച്ച് മറുപടിതരാമെന്ന് പറഞ്ഞ് അയാള്‍ ബുദ്ധന്റെ അടുത്തെത്തി വിവരം പറഞ്ഞു. ബുദ്ധന്‍ ശിഷ്യന് അനുവാദം കൊടുത്തു. ഇത് കേട്ട് മറ്റു ശിഷ്യന്മാരെല്ലാം ആ തീരുമാനത്തെ എതിര്‍ക്കാന്‍ തുടങ്ങി. അയാള്‍ സന്യാസം ഉപേക്ഷിക്കുമെന്നുവരെ അവര്‍ പ്രവചിച്ചു. കുറച്ചുനാള്‍ കഴിഞ്ഞ് അയാള്‍ തിരിച്ചെത്തി. കൂടെ ആ സ്ത്രീയുമുണ്ടായിരുന്നു. അവള്‍ പറഞ്ഞു: ഇദ്ദേഹത്തെ സ്വന്തമാക്കാനുള്ള എന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരിക്കുന്നു. എന്റെ സ്വത്തുക്കള്‍ ആശ്രമത്തിന് നല്‍കുന്നു. ഇനി തുടര്‍ന്നുളള ജീവിതം ആശ്രമവാസിയായി ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു... ബുദ്ധന്‍ അവരെ തന്റെ ശിഷ്യയായി സ്വീകരിച്ചു.. സ്വന്തം ന്യൂനതകളെ മറയ്ക്കാനുള്ള സൂത്രം അവ മറ്റുള്ളവരില്‍ ആരോപിക്കുക എന്നതാണ്. എല്ലാവരും അവനവന്റെ സാമര്‍ത്ഥ്യത്തിലൂടെയും ബലഹീനതയിലൂടെയുമാണ് കടന്നുപോകുന്നത്. വേറൊരാള്‍ക്കും അതിന്റെ ആഴമോ പരപ്പോ അളക്കാനാകില്ല. നിലവിലുള്ള പൊതുധാരണകളുടേയും സ്വന്തം അനുഭവങ്ങളുടേയും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് നടത്തുന്ന ഒരു നീരീക്ഷണവും യാഥാര്‍ത്ഥ്യമാകില്ല. ആരും മറ്റൊരാളുടെ അതേ മനോഭാവത്തിലൂടെയും കാഴ്ചപ്പാടിലൂടെയും ജീവിക്കുന്നില്ല. അപരനെ വിധിക്കുന്നതിന് മുമ്പ് നമുക്ക് ഇവയെല്ലാം ഓര്‍മ്മിക്കാം - ശുഭദിനം.

Day 191

അയാളുടെ കണ്ണിന് അസഹ്യമായ വേദനയായിരുന്നു. നിരവധി ഡോക്ടര്‍മാരെ കണ്ടെങ്കിലും വേദനക്ക് കുറവുണ്ടായതേയില്ല. അപ്പോഴാണ് അറിഞ്ഞത്, അടുത്തുളള ഗ്രാമത്തില്‍ ഒരു വൈദ്യനുണ്ടെന്നും അദ്ദേഹം മാറ്റാത്ത അസുഖങ്ങളില്ല എന്നും. അയാള്‍ ആ വൈദ്യനെ ചെന്നുകണ്ടു. ചികിത്സയുടെ ആദ്യപടിയായി പച്ചനിറത്തിലേക്ക് മാത്രം നോക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. അയാള്‍ തിരികെ വീട്ടിലെത്തി. തന്റെ കാഴ്ചയെത്തുന്നിടത്തെല്ലാം പച്ചനിറം അടിച്ചു. കുറച്ച് ദിവസം കഴിഞ്ഞ് വൈദ്യന്‍ വീട്ടിലെത്തിയപ്പോള്‍ അതിശയിച്ചുപോയി. വീടും അതിനകത്തുള്ള എല്ലാ വസ്തുക്കളും പച്ച നിറം. ഇവിടം നിറയെ പച്ചനിറമാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: അങ്ങല്ലേ, ഞാന്‍ നോക്കുന്ന ഭാഗം മുഴുവന്‍ പച്ചനിറം വേണമെന്ന് പറഞ്ഞത്? അപ്പോള്‍ പുഞ്ചിരിച്ചുകൊണ്ട് വൈദ്യന്‍ തുടര്‍ന്നു: ഈ ലോകം മുഴുവന്‍ നിങ്ങള്‍ക്ക് പച്ചനിറം ആക്കാന്‍ സാധിക്കുമോ? വെറും ഒരു പച്ചക്കണ്ണട വാങ്ങി വെച്ചാല്‍ പോരേ... ആ കണ്ണടക്കുപകരം ഇത്രയും പണം ചിലവാക്കി പച്ചനിറം ആക്കേണ്ടതുണ്ടോ? വൈദ്യന്‍ തുടര്‍ന്നു: ഈ ലോകമോ ലോകത്തിന്റെ രൂപമോ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റാന്‍ ശ്രമിക്കുന്നത് വിഢ്ഢിത്തമാണ്. പകരം സ്വയം മാറാന്‍ ശ്രമിക്കുക. കാഴ്ചപ്പാടാണ് മാറ്റേണ്ടത്.. നമ്മുടെ കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍ ഈ ലോകം മുഴുവന്‍ തെളിഞ്ഞു നില്‍ക്കുന്നത് നമുക്ക് കാണാം - ശുഭദിനം.

Day 190

അയാള്‍ തന്റെ നാലുമക്കളില്‍ നിന്ന് അനന്തരാവകാശിയെ കണ്ടെത്താന്‍ തീരുമാനിച്ചു. അതിനായി ഒരു പരീക്ഷണം നടത്തി. നാലുമക്കള്‍ക്കും ഒരോ കുട്ട ഗോതമ്പ് അയാള്‍ നല്‍കി. നാലുവര്‍ഷം കഴിഞ്ഞ് താന്‍ തിരിച്ചുവരുമ്പോള്‍ ഇത് തിരിച്ചേല്‍പ്പിക്കണമെന്നും പറഞ്ഞു. അച്ഛനു ബുദ്ധിഭ്രമം സംഭവിച്ചതാണെന്ന് കരുതി ഒന്നാമന്‍ അവ എറിഞ്ഞുകളഞ്ഞു. സൂക്ഷിക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി രണ്ടാമന്‍ അത് പാകം ചെയ്തു. മൂന്നാമന്‍ അതൊരു മുറിയില്‍ സൂക്ഷിച്ചു. നാലാമന്‍ അതെടുത്ത് പാടത്ത് വിതച്ചു. പലതവണ കൃഷിചെയ്തു വിളവെടുത്തു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛന്‍ തിരിച്ചെത്തിയപ്പോള്‍ മൂന്നുപേര്‍ക്ക് നല്‍കാന്‍ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ, നാലാമന്‍ നൂറ് ചാക്ക് ഗോതമ്പ് അച്ഛന് തിരിച്ചു നല്‍കി. അയാള്‍ അവനെ തന്റെ അനന്തരാവകാശിയാക്കി. വിത അറിയാത്തവന് വിത്ത് ഒരു ബാധ്യതയാണ്. അവരില്‍ നിന്ന് അര്‍ഹിക്കുന്ന ബഹുമാനം ഒരു ധാന്യമണിക്കും കിട്ടില്ല. വളരാനും വിളവാകാനും എല്ലാവര്‍ക്കും അവകാശമുണ്ട്. ജീവിക്കുന്ന സാഹചര്യത്തെയും ഉപയോഗിക്കുന്ന വസ്തുക്കളെയും ക്രിയാത്മകമായി കൈകാര്യം ചെയ്യാനറിയാത്തവന്‍ സ്വന്തം ജീവിതവും അന്യന്റെ ജീവിതവും പ്രയോജനരഹിതമാക്കും. ഒരാള്‍ എന്തൊക്കെ തള്ളിക്കളയുന്നു എന്നുപരിശോധിച്ചാല്‍ അയാളുടെ മനോഭാവവും അധ്വാനശീലവും പിടികിട്ടും. കറപറ്റാതെയും ചെളിപുരളാതെയും ജീവിച്ചതുകൊണ്ട് മാത്രം ജീവിതം ശ്രേഷ്ഠമാകില്ല. എന്ത് ഉത്പാദിപ്പിച്ചു? അത് എത്ര പേര്‍ക്ക് പ്രയോജനപ്പെട്ടു എന്നതെല്ലാം അളവുകോലിന്റെ മാനദ്ണ്ഢങ്ങളാണ്.. നമ്മുടെ ജീവിതം അളക്കുമ്പോള്‍ ഈ മാനദ്ണ്ഢങ്ങള്‍ പാലിക്കപ്പെട്ടിരുന്നു എന്ന് ഉറപ്പുവരുത്താന്‍ നമുക്കാകട്ടെ - ശുഭദിനം.

Day 189

ഗുരു താന്‍ ജനിച്ചുവളര്‍ന്ന നാട്ടില്‍ ഒരു പ്രഭാഷണം നടത്തുകയായിരുന്നു. ആയിരക്കണക്കിന് ആളുകള്‍ അവിടെ സന്നിഹിതരായിരുന്നു.  ഗുരുവിന്റെ സഹപാഠിയായിരുന്ന കള്ളനും അവിടെയെത്തി.  അതിമനോഹരമായ പ്രഭാഷണത്തിന് ശേഷം തന്റെ നാട്ടില്‍ ഒരു ആശുപത്രി പണിയാനുള്ള ആഗ്രഹം ഗുരു പ്രകടിപ്പിച്ചു.  അതിനുളള സംഭാവനയും അദ്ദേഹം ചോദിച്ചു.  ഗുരുവിന്റെ പ്രഭാഷണത്തില്‍ ആകൃഷ്ടനായ കള്ളന്‍ പതിനായിരം രൂപ സംഭാവന നല്‍കാന്‍ തീരുമാനിച്ചു.  എല്ലാവരും പണം നല്‍കുന്നത് കണ്ടപ്പോള്‍ രൂപ തിരിച്ചു തന്റെ പോക്കറ്റില്‍ തന്നെ വെച്ചു.  ആള്‍ക്കൂട്ടം പിരിഞ്ഞപ്പോള്‍ കള്ളന്‍ ഗുരുവിനെ സ്വയം പരിചയപ്പെടുത്തി. ഗുരുവിന്റെ പ്രഭാഷണത്തെ പുകഴ്ത്തി. അപ്പോള്‍ ഗുരു ചോദിച്ചു: നീ എത്ര രൂപ സംഭാവന നല്‍കി?  കള്ളന്‍ പറഞ്ഞു:  ഒന്നും നല്‍കിയില്ല.  അപ്പോള്‍ എന്റെ പ്രസംഗം കൊണ്ട് എന്ത് പ്രയോജനം?  ഗുരു ചോദിച്ചു.  കള്ളന്‍ പറഞ്ഞു:  പിരിവിനിടയില്‍ കറന്റ് പോയപ്പോള്‍ ബക്കറ്റ് എന്റെ കയ്യിലായിരുന്നു.  ആ പണത്തില്‍ നിന്നും കുറച്ചെടുത്താലോ എന്നാണ് ആദ്യം ആലോചിച്ചത്.  പിന്നീട് ഞാന്‍ അത് വേണ്ടെന്ന് വെച്ചു.  അതായിരുന്നു അങ്ങയുടെ പ്രസംഗത്തിന്റെ മഹത്വം.. ഗുരു അയാളെ ആലിംഗനം ചെയ്തു.    ഒരു സത്കര്‍മ്മവും പാഴാകില്ല.   എല്ലാം അവ പോകേണ്ടയിടങ്ങളൂടെ സഞ്ചരിച്ച് എത്തേണ്ടയിടങ്ങളില്‍ കൃത്യമായി എത്തിച്ചേരും.     ആളുകളെ സ്വയം നവീകരണത്തിന്റെ പാതയിലൂടെ നടക്കാന്‍ അനുവദിച്ചാല്‍ അവര്‍ക്കാവശ്യമായ മാറ്റങ്ങള്‍ അവര്‍ സ്വയം വരുത്തും. ഒരു മാറ്റവുമില്ലാതെ നിശ്ചലമായി തുടരുന്ന ആരുമുണ്ടാകില്ല.  ചിലരുടെ മാറ്റങ്ങള്‍ അളവുകോലുകളേക്കാള്‍ ചെറുതായിരിക്കും.  ചിലരുടേത് അദൃശ്യമായിരിക്കും. മറ്റാര്‍ക്കും മനസ്സിലാകാത്ത മാറ്റങ്ങളിലൂടെ സഞ്ചരിക്കുന്നവരുണ്ട്.  തങ്ങള്‍ വരുത്തുന്ന ചെറിയൊരു പുരോഗതിയുടെ പേരില്‍ ഓരോരുത്തരും അംഗീകരിക്കപ്പെടാന്‍ തുടങ്ങിയാല്‍ എല്ലാവരും അവനനവന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടും.  നന്മകള്‍ക്ക് ഒരിക്കലും വഴിതെറ്റില്ല - ശുഭദിനം.

Day 188

രാജാവിന് ആ യുദ്ധത്തില്‍ ഒരു കണ്ണ് നഷ്ടപ്പെട്ടു. എങ്കിലും ആ യുദ്ധം അദ്ദേഹം വിജയിച്ചു. കാലം കടന്നുപോയി. അദ്ദേഹത്തിന്റെ ഭരണം ആ രാജ്യത്തിന്റെ സുവര്‍ണ്ണകാലമായി എഴുതപ്പെട്ടു. ഒരിക്കല്‍ തന്റെ പൂര്‍വ്വികരുടെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ അതുപോല തന്റെയും മനോഹരമായ ഒരു ചിത്രം വരപ്പിക്കണം എന്ന് രാജാവിന് തോന്നി. അതിനായി രാജ്യത്തെ ചിത്രകാരന്മാരെയെല്ലാം വിവരം അറിയിച്ചു. ചിത്രകാരന്മാര്‍ ചിത്രം വരച്ചെങ്കിലും അദ്ദേഹത്തിന്റെ വികൃതമായ കണ്ണ് കൂടി വരയക്കുമ്പോള്‍ ചിത്രത്തിന് ഒട്ടും ഭംഗിയില്ലാതായി. നിരവധി പേര്‍ ആ ഉദ്യമത്തില്‍ നിന്നും പിന്മാറി. ചിത്രം വരച്ചവരെല്ലാം അദ്ദേഹത്തിന്റെ കോപത്തിന് പാത്രമാവുകയും ചെയ്തു. അയല്‍ രാജ്യത്തെ ഒരു ചിത്രകാരന്‍ രാജാവിനെ കാണാന്‍ തീരുമാനിച്ചു. പക്ഷേ, ഇതറിഞ്ഞ എല്ലാവരും അയാളെ നിരുത്സാഹപ്പെടുത്തി. രാജാവിന്റെ കോപത്തിന് ഇരയാകരുതെന്ന് എല്ലാവരും ഉപദേശിച്ചു. പക്ഷേ അയാള്‍ രാജാവിന്റെ ചിത്രം വരയ്ക്കാന്‍ ആരംഭിച്ചു. ചിത്രം പൂര്‍ത്തിയായപ്പോള്‍ രാജാവും പരിവാരങ്ങളും മറ്റ് ചിത്രകാരന്മാരുമെല്ലാം അവിടെയത്തി. ചിത്രം കണ്ട എല്ലാവരും അതിശയിച്ചു. രാജാവ് കുതിരപ്പുറത്തിരുന്ന് ഒരു കണ്ണ് അടച്ചുപിടിച്ചു അമ്പും വില്ലും ഉപയോഗിച്ച് ഉന്നം പിടിക്കുന്ന ചിത്രം... വൈകൃതമുള്ള കണ്ണ് അടച്ചുപിടിച്ചിരുന്നത് കൊണ്ട് തന്നെ ആ ചിത്രം അതിമനോഹരമായിരുന്നു എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ട്. ആ പരിഹാരം കണ്ടെത്താനുളള ശ്രമങ്ങള്‍ പാതിവഴിയിലുപേക്ഷിക്കാതെ പൂര്‍ണ്ണതയിലെത്തിക്കാന്‍ നമുക്ക് സാധിക്കട്ടെ - ശുഭദിനം.

Day 187

ആ മാധ്യമപ്രവര്‍ത്തകന്‍ ദൈവത്തെ ഇന്റര്‍വ്യൂചെയ്യുന്നതായി അന്ന് രാത്രി സ്വപ്നം കണ്ടു. അയാള്‍ ആദ്യചോദ്യം ചോദിച്ചു: മനുഷ്യരാശിയെക്കുറിച്ച് അങ്ങയെ ഏറ്റവും അതിശയപ്പെടുത്തിയത് എന്താണ്? ദൈവം പറഞ്ഞുതുടങ്ങി: ചെറുപ്പത്തില്‍ അവര്‍ വളരാന്‍ തിരക്ക് കൂട്ടുന്നു. പക്ഷേ, മുതിര്‍ന്നുകഴിഞ്ഞാല്‍ വീണ്ടും കുട്ടികളാകാന്‍ ആഗ്രഹിക്കുന്നു. പണം ഉണ്ടാക്കാന്‍ ആരോഗ്യം നശിപ്പിച്ചും പണിയെടുക്കുന്നു. പിന്നീട് അതേ ആരോഗ്യം തിരച്ചുകിട്ടാന്‍ അതെ പണം മുടക്കുന്നു. ഭാവിയെകുറിച്ച് എപ്പോഴും ഉത്കണ്ഠാകുലരായി വര്‍ത്തമാനകാലത്തില്‍ ജീവിക്കാന്‍ മറക്കുന്നു. മാത്രമല്ല, കഴിഞ്ഞുപോയവയെ കുറിച്ച് ഓര്‍ത്ത് വര്‍ത്തമാനകാലം വെറുതെ കളയുന്നു. പിന്നീട് അയാള്‍ അടുത്ത ചോദ്യം ചോദിച്ചു. മാതാപിതാക്കള്‍ ജീവിതത്തില്‍ പകര്‍ത്തേണ്ട പാഠമെന്താണ്? ദൈവം പറഞ്ഞു: കുട്ടികളോട് മറ്റുളളവരെ സ്‌നേഹിക്കണം എന്ന് പറഞ്ഞു പഠിപ്പിക്കാതെ, നിങ്ങളിലൂടെ അവര്‍ തനിയെ എല്ലാവരേയും സ്‌നേഹിക്കാന്‍ പഠിക്കണം. നിങ്ങളാണ് അവര്‍ക്ക് മാതൃകയാകേണ്ടത്. ഒരാളെ മറ്റൊരാളുമായി താരതമ്യം ചെയ്യുന്നത് തെറ്റാണെന്ന് പഠിപ്പിക്കണം, പലര്‍ക്കും പലകഴിവാണ്. അവരെ ക്ഷമിക്കാന്‍ പഠിപ്പിക്കാതെ, സ്വയം ക്ഷമിച്ചുകൊണ്ട് പരിശീലിച്ചു വളരാന്‍ വിടുക, സ്‌നേഹിക്കുന്നവരെ മുറിപ്പെടുത്താന്‍ വളരെ കുറച്ച് സമയം മതി.. പക്ഷേ, ആ മുറിവുണങ്ങാന്‍ കാലങ്ങള്‍ വേണ്ടിവന്നേക്കാം എന്ന് അവരെ പഠിപ്പിക്കുക, ഒന്നുകൂടി, രണ്ടു വ്യക്തികള്‍ ഒരേ കാര്യങ്ങള്‍ കാണുന്നത് രണ്ടുതരത്തിലായിരിക്കുമെന്നും അവരെ പഠിപ്പിക്കുക. ദൈവം പറഞ്ഞു നിര്‍ത്തി.. തലമുറകള്‍ മാറിവരും, ജീവിത സാഹചര്യങ്ങളും... ജീവിച്ചു തീര്‍ക്കാനുള്ള തിരക്കിനിടയില്‍ ജീവിക്കാന്‍ മറന്നുപോകാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം - ശുഭദിനം.

Day 186

അയാള്‍ക്ക് മനോഹരമായ ഒരു പൂന്തോട്ടം ഉണ്ടായിരുന്നു. തന്റെ തോട്ടത്തിലെ എല്ലാ നല്ല പഴങ്ങളും കൊത്തിതിന്നുന്ന ഒരു പക്ഷിയെ അയാള്‍ കെണിയിലാക്കി.  തന്നെ തുറന്നുവിട്ടാല്‍ മൂന്ന് ജ്ഞാനപ്രബോധനങ്ങള്‍ നല്‍കാമെന്ന് പക്ഷി പറഞ്ഞു.  അയാള്‍ സമ്മതം മൂളി ആ പക്ഷിയെ തുറന്നുവിട്ടു.  തോട്ടക്കാരന്‍ തന്നെ പിടിക്കില്ലെന്ന് ഉറപ്പായ ഒരു സ്ഥാനത്ത് ചെന്നിരുന്ന് ആ പക്ഷി പറഞ്ഞു:  തിരിച്ചെടുക്കാനാവാത്തതിനെ ഓര്‍ത്ത് ഖേദിക്കരുത്, അസാധ്യമായതില്‍ വിശ്വസിക്കരുത്, അപ്രാപ്യമായതിനെ തേടിപ്പോകരുത്.   അയാളെ നോക്കി ചിരിച്ചുകൊണ്ട് ഇതുകൂടി പറഞ്ഞു:  നിങ്ങള്‍ എന്നെ തുറന്നുവിട്ടാല്ലായിരുന്നുവെങ്കില്‍ ഒരു നാരങ്ങയുടെ അത്രയും വലുപ്പമുള്ള മുത്ത് എന്റെയുള്ളില്‍ നിന്നും നിങ്ങള്‍ക്ക് കിട്ടിയേനെ.. ഇത് കേട്ടതും അയാള്‍ ആ പക്ഷിയെ പിടിക്കാന്‍ മരത്തില്‍ കയറി.  പക്ഷി ആ മരത്തിന്റെ തുഞ്ചത്ത് കയറിയിരുന്നു. അയാള്‍ അവിടെയെത്തിയതും പക്ഷി പറന്നുപോവുകയും ആ ചില്ല ഒടിഞ്ഞ് അയാള്‍ താഴെ വീഴുകയും ചെയ്തു.  പക്ഷി അയാളോട് പറഞ്ഞു:  ജ്ഞാനം വിവേകികള്‍ക്ക് ഉള്ളതാണ്.   തിരിച്ചുകിട്ടാത്തിനെ ഓര്‍ത്ത് ഖേദിക്കരുതെന്ന് ഞാന്‍ പറഞ്ഞു.  പക്ഷേ, നിങ്ങള്‍ തുറന്നുവിട്ടയുടനെ എന്നെ തേടി വന്നു.  അസംഭവ്യമായതു വിശ്വസിക്കരുതെന്ന് പറഞ്ഞു, എന്നിട്ടും ഈ ഇത്തിരിപോന്നയെന്റെയുള്ളില്‍ ചെറുനാരങ്ങാ വലുപ്പത്തില്‍ ഒരു മുത്തുണ്ടെന്ന് നിങ്ങള്‍ വിശ്വസിച്ചു.  അപ്രാപ്യമായതിന്റെ പിന്നാലെ പോകരുതെന്ന് പറഞ്ഞിട്ടും ഒരു പക്ഷിയെപിടിക്കാന്‍ നിങ്ങള്‍ മരക്കൊമ്പില്‍ കയറി ഇത്രയും പറഞ്ഞ് ആ പക്ഷി പറന്നുപോയി... നമ്മളില്‍ പലരും ഇങ്ങനെയാണ്.. മറ്റുള്ളവര്‍ പറയുന്നതിന് പിന്നാലെപോയി സമയവും, പണവും നഷ്ടപ്പെടുത്തും. യുക്തിഭദ്രമാകട്ടെ ജീവിതം - ശുഭദിനം.

Day 185

അതൊരു ചേരിയായിരുന്നു. അവിടെതന്നെ ജനിച്ച് അവിടെ തന്നെ വളര്‍ന്ന് അവിടെ തന്നെ മരിച്ച് പോവുകയായിരുന്നു അവിടെയുളള എല്ലാ ജനങ്ങളും. ആ ചേരിക്ക് പുറത്ത് മറ്റൊരു ലോകമുണ്ടെന്ന് അവര്‍ ആരും തന്നെ തിരിച്ചറിഞ്ഞിരുന്നില്ല എന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകത. ഒരിക്കല്‍ ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ ആ ചേരിയിലെത്തുകയും അവിടെയുള്ളവരെ ബോധവത്കരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷേ, ആ ശ്രമത്തില്‍ അയാള്‍ പരാജയപ്പെട്ടു. അവര്‍ പറഞ്ഞു: ഞങ്ങള്‍ ഇവിടെ പൂര്‍ണ്ണ സന്തോഷത്തിലാണ് ജീവിക്കുന്നത്. ഞങ്ങള്‍ക്ക് പുറംലോകത്തെക്കുറിച്ചോ അവിടത്തെ സൗകര്യങ്ങളെക്കുറിച്ചോ അറിയണമെന്നില്ല.. അവര്‍ അയാളെ അവിടെനിന്നും ഓടിപ്പിക്കുകയും ചെയ്തു. അടിമത്തം ആസ്വദിക്കുന്നു എന്നതാണ് അടിമയുടെ അടിസ്ഥാന പിഴവ്. ഏതെങ്കിലും അവസ്ഥയില്‍ ആഹ്‌ളാദം കണ്ടെത്തിയാല്‍ പിന്നെ അതില്‍ നിന്നും പിരിയാന്‍ ആര്‍ക്കും താല്‍പര്യമുണ്ടാകണമെന്നില്ല. ആനുകൂല്യങ്ങള്‍ക്കോ സൗജന്യങ്ങള്‍ക്കോ അടിമപ്പെട്ടുപോയ ഒരാളും അവയില്‍ നിന്നും പിന്തിരിയില്ല. അവ നല്‍കുന്ന മിനിമം ഗാരന്റിയില്‍ തങ്ങളുടെ കഴിവുകളും മികവുകളും പണയംവെച്ച് അവസാന ശ്വാസം വരെ അവിടെത്തന്നെ ജീവിക്കും. മാറ്റമുണ്ടായാല്‍ ചില കാര്യങ്ങള്‍ ഉപേക്ഷിക്കേണ്ടിവരും. ചില കാര്യങ്ങള്‍ നേടുകയും ചെയ്യും. സമയനിഷ്ഠ ശീലമാക്കിയാല്‍ അതിരാവിലെ എഴുന്നേല്‍ക്കേണ്ടിവരും. അധികം ഉറക്കം നഷ്ടപ്പെടും. പക്ഷേ, ആരോഗ്യം മെച്ചപ്പെടും. നഷ്ടപ്പെടുന്നതില്‍ മാത്രമാണ് ശ്രദ്ധയെങ്കില്‍ ആരിലും ക്രിയാത്മകമായ ഒരു മാറ്റവും സംഭവിക്കില്ല. യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ തിരുത്തണമെന്നും മെച്ചപ്പെടണമെന്നും ആഗ്രഹമുണ്ടാകൂ.. മാനസിക ശാരീരിക അടിമത്തത്തില്‍ നിന്നും പുറത്തുകടക്കാന്‍ നമുക്കും ശ്രമിക്കാം - ശുഭദിനം.

Day 184

ആ മുയലുകള്‍ കാട്ടിലൂടെ കൂട്ടം ചേര്‍ന്ന് നടക്കുകയായിരുന്നു. അപ്പോഴാണ് ഒരു കൂട്ടം വേട്ടപ്പട്ടികള്‍ അവരെ ആക്രമിച്ചത്. അവരുടെ ആക്രമണത്തില്‍ നിന്ന് വളരെ കഷ്ടപ്പെട്ടാണ് മുയലുകള്‍ രക്ഷപ്പെട്ടത്. വേട്ടപ്പട്ടികള്‍ പോയപ്പോള്‍ അവര്‍ തങ്ങള്‍ ഒളിച്ചിരുന്ന താവളത്തില്‍ നിന്നും പുറത്തിറങ്ങി. ഒരാള്‍ പറഞ്ഞു: നമ്മള്‍ എത്ര ചെറുതാണ്. എല്ലാ മൃഗങ്ങളും നമ്മളെ ആക്രമിക്കുകയാണ്. അപ്പോള്‍ രണ്ടാമന്‍ പറഞ്ഞു: ശരിയാണ്. നമ്മുടെ സൃഷ്ടിയില്‍ പോലും ദൈവം അനീതി കാണിച്ചു. അപ്പോള്‍ വേറൊരാള്‍ പറഞ്ഞു: ഇത്രയും പ്രതിസന്ധികള്‍ നിറഞ്ഞ ഈ ജീവിതം ഞാന്‍ അവസാനിപ്പിക്കുകയാണ്. ജീവനൊടുക്കാന്‍ തീരുമാനിച്ച് അവരെല്ലാം കുളക്കരയിലേക്ക് നടന്നു. അവിടെയെത്തിയപ്പോഴാണ് അവര്‍ ഒരു കാഴ്ച കണ്ടത്. കരയിലിരുന്ന തവളകളെല്ലാം മുയലുകളെപ്പേടിച്ചു കുളത്തിലേക്ക് ചാടി. അതുകണ്ട് കൂട്ടത്തില്‍ പ്രായം കുറഞ്ഞ മുയല്‍ പറഞ്ഞു. അപ്പോള്‍ നമ്മളെ പേടിക്കുന്നവരും ഉണ്ടല്ലേ... പിന്നെന്തിനാണ് നാം നിരാശപ്പെടുന്നത്. അവര്‍ക്ക് ജീവിക്കാമെങ്കില്‍ നമുക്കും ജീവിച്ചുകൂടെ. മുയല്‍കൂട്ടം തിരിഞ്ഞുനടന്നു. പ്രകൃതിനിയമം എല്ലായിടത്തും ഉണ്ട്. വലുപ്പം കൂടിയ ജീവികളും വലുപ്പം കുറഞ്ഞവരും ഉണ്ട്. സന്തോഷവും സങ്കടവും ഉണ്ട്. ഒരേ സമയം എല്ലാവരും ഇരകളും വേട്ടക്കാരുമാണ്. ജയിക്കാനോ തോല്‍ക്കാനോ മാത്രമായി ആരും ജനിക്കുന്നില്ല. രണ്ടിനുമിടയിലുള്ള ജീവിതം സന്തോഷകരമായി കൊണ്ടുപോകണം. ചിലയിടത്ത് ഓടിയൊളിക്കണം, ചിലപ്പോള്‍ ഓടി ജയിക്കണം. ചിലരെ ആശ്രയിക്കണം. ചിലര്‍ക്ക് അഭയം നല്‍കണം. ജീവിതം അങ്ങിനെയാണ്.. മികവുകളുണ്ടാകും ന്യൂനതകളും.. ഉള്ള മികവുകളെയും ന്യൂനതകളെയും കൂട്ടിവിളക്കി സാഹചര്യങ്ങള്‍ക്കനുസരിച്ച് മുന്നേറാന്‍ നമുക്ക് സാധിക്കട്ടെ - ശുഭദിനം.

Day 183

എന്നും ഒരേ കടത്തുകാരന്റെയൊപ്പമാണ് അയാള്‍ പട്ടണത്തിലേക്ക് പോകാറ്. വളളത്തിലെ യാത്രയ്ക്കിടയില്‍ അയാള്‍ ജീവിതത്തെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചുമെല്ലാം പറയും. നിരക്ഷരനായ ആ കടത്തുകാരന്‍ അതെല്ലാം ശ്രദ്ധിച്ചുകേള്‍ക്കും. ഒരിക്കല്‍ അയാള്‍ കടത്തുകാരനെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് കടത്തുകാരന്‍ അയാളുടെ വീട്ടിലെത്തി. കടത്തുകാരനെ അയാള്‍ സത്കരിച്ചു. പോകാന്‍ നേരം കുറെ പണം കടത്തുകാരന് നല്‍കിയിട്ട് പറഞ്ഞു: എന്റെ കൈവശം ധാരാളം പണമുണ്ട്. പക്ഷേ, ഈ പണമുപയോഗിച്ച് എനിക്ക് എന്റെ കുടുംബത്തെ ഒരു ദുരന്തത്തില്‍ നിന്നും രക്ഷിക്കാനായില്ല. അതുകൊണ്ട് തന്നെ ഇനി എനിക്കീപ ണം കൊണ്ട് പ്രയോജനമില്ല. ഇത് നിങ്ങള്‍ക്കെടുക്കാം. കടത്തുകാരന്‍ ആ പണം തിരികെ കൊടുത്തിട്ടുപറഞ്ഞു: സൗജന്യമായി കിട്ടുന്ന സമ്പത്ത് എന്റെ സ്വഭാവം തന്നെ നശിപ്പിക്കും. എന്നെ മടിയനാക്കും. അതും പറഞ്ഞ് കടത്തുകാരന്‍ യാത്രപറഞ്ഞ് തിരികെ പോന്നു. മനംമാറ്റമില്ലാത്ത ഒരു രൂപമാറ്റവും പരിവര്‍ത്തനമല്ല. അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഒന്ന് നേരം ഇരുട്ടിവെളുക്കുമ്പോള്‍ സംഭവിക്കുന്നതല്ല. മാനസികമായ രൂപാന്തരത്തിന് അനേകകാലംനീളുന്ന പ്രക്രിയയാവശ്യമാണ്. അടിമുടിമാറ്റം എപ്പോഴും സാധ്യമല്ല. അടിവേരില്‍ പഴയ ശീലങ്ങളുടേയും കാഴ്ചപ്പാടുകളുടേയും നനവ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. എല്ലാവരുടേയും കാണ്‍കെയുളള പെരുമാറ്റവ്യത്യാസം മാറ്റത്തിന്റെ തെളിവായി കാണാനാവില്ല. ആളുകളെ വിശ്വസിപ്പിക്കാനുളള തന്ത്രം മാത്രമാകാം അത്. വസ്ത്രം ആരേയും വിശുദ്ധനാക്കില്ല. കുടിലിലെ താമസം ആരേയും ത്യാഗിയുമാക്കില്ല. സ്വയം ഒരു അളവുകോല്‍ കണ്ടെത്താം.. മാറിയത് എത്രത്തോളമെന്ന് തിരിച്ചറിയാം - ശുഭദിനം.

Day 182

അയാള്‍ വളരെ ദുഃഖത്തോടെ മൈതാനത്ത് ഇരിക്കുകയായിരുന്നു. മറ്റാരാള്‍ വന്ന് കാര്യം തിരക്കി. അയാള്‍ പറഞ്ഞു: ഞാന്‍ ഒരു ദരിദ്രന്‍ ആണ്. ഒരു ജോലിയും ലഭിക്കുന്നില്ല. ഒന്നും ഇതുവരെ നേടാനായില്ല. എന്നും ദാരിദ്ര്യത്തില്‍ ജീവിക്കാനാണ് എന്റെ വിധി അപ്പോള്‍ മറ്റേയാള്‍ ചോദിച്ചു: നിങ്ങള്‍ക്ക് രണ്ടു കയ്യും രണ്ടും കാലുമില്ലേ.. കണ്ണുകള്‍ ഇല്ലേ.. താങ്കളുടെ ശരീരത്തില്‍ എത്രയോ അത്ഭുതപ്പെടുത്തുന്ന അതിശയപ്പെടുത്തുന്ന നാഡികള്‍ ഉണ്ട്. അവയില്‍ കൂടി സഞ്ചരിക്കുന്ന എത്രയോ രാസപ്രവര്‍ത്തനങ്ങള്‍.. ഇതെല്ലാം ഉള്ള താങ്കള്‍ എങ്ങിനെയാണ് ദരിദ്രന്‍ ആകുന്നത്? ഇതിനേക്കാള്‍ വിലപിടിപ്പുള്ള എന്താണ് ലോകത്തുള്ളത്? രണ്ടാമന്‍ തുടര്‍ന്നു: ധാരാളം സമ്പത്തുള്ള ആളുകളെ കണ്ടിട്ടില്ലേ.. പക്ഷേ, പണം ഉണ്ടെങ്കിലും അവര്‍ക്ക് സമാധാനം ഉണ്ടായെന്ന് വരില്ല. ചിലപ്പോള്‍ മനസ്സിനോ ശരീരത്തിനോ അംഗവൈകല്യം ഉണ്ടായേക്കാം.. പണം മാത്രം വിലയിരുത്തി ഒരാളെ സമ്പന്നനെന്നോ ദരിദ്ര്യനെന്നോ മുദ്രകുത്താനാകില്ല. ഒരാളുടെ കാഴ്ചപ്പാടാണ് അയാളെ സമ്പന്നനും ദരിദ്ര്യനും ആക്കുന്നത്. ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ആ പ്രശ്‌നത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാതെ അതിനുളള പരിഹാരത്തില്‍ കൂടി ശ്രദ്ധകേന്ദ്രീകരിക്കണം. അപ്പോള്‍ ആ പ്രശ്‌നം ദുരീകരിക്കാനുളള വഴിയും തെളിയും.. മാറ്റം, നമ്മുടെ കാഴ്ചപ്പാടില്‍ നിന്നാകട്ടെ - ശുഭദിനം.