Day 171

ദൈവം തന്റെ ശിഷ്യനോട് പറഞ്ഞു:  ഭൂമിയില്‍ നിന്ന് ഏറ്റവും മഹത്തായ ഒന്നിനെ എന്റെ അടുക്കല്‍ കൊണ്ടുവരണം.  ശിഷ്യന്‍ ഭൂമിയിലെത്തിയപ്പോള്‍ ഒരുപാട് പേരുടെ ജീവന്‍ രക്ഷിച്ച ഒരാളുടെ മരണം കണ്ടു.  അയാളുടെ അവസാന ശ്വാസമെടുത്ത് ദൈവത്തിനടുത്തെത്തി.  ദൈവം പറഞ്ഞു ഇത് മഹത്തായതു തന്നെ പക്ഷേ, ഇതിനേക്കാള്‍ മഹത്തരമായ മറ്റൊന്നുണ്ട്.  ശിഷ്യന്‍ പലകാര്യങ്ങളും കൊണ്ടുവന്നെങ്കിലും ദൈവം അതെല്ലാം നിരാകരിച്ചു.  പിന്നെയും ശിഷ്യന്‍ ഭൂമിയിലെത്തിയപ്പോള്‍ ഒരാള്‍ കുതിരപ്പുറത്ത് സഞ്ചരിക്കുന്നത് കണ്ടു.  എങ്ങോട്ടാണ് യാത്രയെന്ന് അന്വേഷിച്ചപ്പോള്‍ അയാളെ ചതിച്ചവനെ കൊല്ലാനുള്ള യാത്രയാണ് അതെന്ന് മനസ്സിലായി.  ശിഷ്യനും അയാളുടെ ഒപ്പം കൂടി.  ഒരു വീട്ടുമുറ്റത്തെത്തിയ അയാള്‍ തോക്കെടുത്ത് ജനാലയ്ക്കുള്ളിലൂടെ നോക്കിയപ്പോള്‍ തന്റെ ശത്രു അയാളുടെ മക്കളെ ചുംബിച്ച് ഉറക്കാന്‍ കെടുത്തുന്നതാണ് കണ്ടത്.  അത് കണ്ട് കണ്ണുനിറഞ്ഞ് അയാള്‍ തിരിച്ചുപോയി.  ശിഷ്യന്‍ ആ കണ്ണുനീരെടുത്ത് ദൈവത്തിനടുത്തെത്തി.  ദൈവം പറഞ്ഞു: ഇതു തന്നെയാണ് ഏറ്റവും മൂല്യമുള്ള വസ്തു. അനുതാപം.  മടങ്ങിവരവിനേക്കാള്‍ മനോഹരമായ യാത്ര മറ്റൊന്നില്ല.. തെറ്റിന് ശേഷമാണെങ്കിലും തീര്‍ത്ഥാടനത്തിന് ശേഷമാണെങ്കിലും തിരിച്ചുവരാനൊരു സ്ഥലമുണ്ട് എന്നതാണ് എല്ലാ യാത്രകളുടേയും മനോഹാരിത.  രണ്ടു തരം യാത്രകളുണ്ട്.  ആയിരിക്കുന്ന സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ നടത്തുന്ന യാത്രയും., ആയിരിക്കുന്ന സ്ഥലത്തിന്റെ സമ്പന്നത തിരിച്ചറിയുന്ന യാത്രയും.   മടങ്ങിവരാനാകാത്ത ഒരു യാത്രയുമില്ല.   പലരും തിരിച്ചുവരാത്തതിന് കാരണം തിരിച്ചെത്തുമ്പോഴുള്ള ചോദ്യങ്ങളോടുള്ള ഭയമാണ്.  തെറ്റി എന്നുമനസ്സിലായാല്‍ തിരുത്തുക എന്നത് തന്നെയാണ് പോംവഴി.  തെറ്റ് തിരുത്തുന്നതിനേക്കാള്‍ വിശുദ്ധമായി മറ്റെന്താണുള്ളത്.   തെറ്റ് ചെയ്യുന്നതിനേക്കാള്‍ മനസ്സാന്നിധ്യവും മുന്നൊരുക്കവും വേണം തെറ്റില്‍ നിന്നും തിരിച്ചുവരാന്‍.  തെറ്റില്‍ നിന്നും ഒരാള്‍ പിന്മാറാന്‍ തീരുമാനിച്ചാല്‍ അയാള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് വീണ്ടും ആ തെറ്റിലേക്ക് അയാളെ തള്ളിവിടാതിരിക്കാന്‍ നാം കാണിക്കേണ്ട ഉത്തരവാദിത്ത്വം..  മടങ്ങിവരവിന്റെ യാത്രകള്‍ ആഘോഷമാക്കാന്‍ നമുക്ക് സാധിക്കട്ടെ - ശുഭദിനം.

Day 170

ഒരു അലക്കുകാരന്‍ തന്റെ കഴുതയെ വിറകുവെട്ടുകാരന് വിറ്റു. പക്ഷേ, ഒരാഴ്ച തികയുന്നതിന് മുമ്പേ വിറകുവെട്ടുകാരന്‍ അലക്കുകാരന്റെ വീട്ടില്‍ വന്ന് കുറെ ചീത്തവിളിച്ചു.  നിങ്ങള്‍ എന്നെ കബളിപ്പിച്ചു. ഈ കഴുത ഒരു പണിയുമെടുക്കില്ല.  എനിക്കാ എല്ലാ ദിവസവും വിറക് ശേഖരിക്കേണ്ടതാണ്. ഇതിനെ എത്ര തല്ലിയാലും വരില്ല.  ഭക്ഷണവും ഉറക്കവും മാത്രമേ ഇതിനുള്ളൂ.  അപ്പോള്‍ അലക്കുകാരന്‍ പറഞ്ഞു:  ക്ഷമിക്കണം.  അത് അതിന്റെ കുറ്റമല്ല.  എന്റെ കുറ്റമാണ്. എനിക്ക് ആഴ്ചയില്‍ രണ്ടു ദിവസമേ ജോലിയുണ്ടാകാറുള്ളൂ.  തുണി ശേഖരിക്കാന്‍ പോകാനും തുണി കഴുകി തിരിച്ചേല്‍പ്പിക്കാനും. പുതിയ ഉടമസ്ഥന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറുവാന്‍ അതിന് കുറച്ച് സമയം അനുവദിക്കുക.  ഉടമയുടെ ല ക്ഷ്യങ്ങളെക്കാളോ ശീലങ്ങളേക്കാളോ വലുതാകില്ല തൊഴിലാളിയുടെ ദിനചര്യകളും കര്‍മ്മങ്ങളും.  താന്‍ രൂപപ്പെടുത്തിയ നടപടിക്രമങ്ങള്‍ക്കനുസരിച്ചായിരിക്കും തന്റെ കൂടെയുള്ളവരെ ഓരോ ഉടമകളും നേതാക്കളും ക്രമീകരിക്കുക. നേതാക്കളുടെ പ്രഘോഷണങ്ങളാണ് അനുയായിയുടെ മഹദ് വചനങ്ങള്‍.  ഓരോ ഉടമസ്ഥനും ചില ലക്ഷ്യങ്ങളും അവയിലേക്കെത്താന്‍ ചില വഴികളും ഉണ്ടായിരിക്കും.  അത് അവര്‍ തന്റെ അനുയായികളെ പഠിപ്പിക്കുന്നുണ്ടായിരിക്കും.  മികവുറ്റ ലക്ഷ്യങ്ങളും സഞ്ചാരപദങ്ങളും ഉള്ളവരുടെ കൂടെ യാത്ര ചെയ്യുക എന്നതാണ് വലിയ നേട്ടങ്ങളിലേക്ക് എത്താനുള്ള എളുപ്പവഴി.  നമുക്കും മികവിനൊപ്പം സഞ്ചരിക്കാന്‍ ശീലിക്കാം - ശുഭദിനം.

Day 169

അതിര്‍ത്തിക്കടുത്തുളള മലമ്പാതയിലൂടെ അവര്‍ നടന്നുപോവുകയായിരുന്നു.  അപ്പോഴാണ് മലയടിവാരത്തില്‍ കൊള്ളക്കാരെ അവര്‍ കണ്ടത്.  അവരില്‍ ഒരാള്‍ പറഞ്ഞു:  കുറച്ചകലെ സൈനികരുടെ ഒരു കൂടാരമുണ്ട്.  നമുക്ക് അങ്ങോട്ട് ഓടിപ്പോകാം.  അവിടെ ആയുധങ്ങള്‍ കാണാതിരിക്കില്ല.   അപ്പോള്‍ രണ്ടാമന്‍ പറഞ്ഞു:  നമ്മുടെ കയ്യിലും ആയുധമുണ്ട്.  അതും പറഞ്ഞ് അയാള്‍ മുന്നോട്ട് കുതിച്ചു.  വലിയ പാറക്കല്ലുകള്‍ തുടരെത്തുടരെ താഴേക്ക് ഉരുട്ടിവിട്ടുകൊണ്ടിരുന്നു.  ഇത് കണ്ട് മറ്റുള്ളവരും അതുപോലെ ചെയ്തു.  അവസാനം കൊള്ളക്കാര്‍ പിന്തിരിഞ്ഞോടി.  അതുകണ്ട് ആദ്യത്തെയാള്‍ ചോദിച്ചു:  ഈ കല്ലാണല്ലേ നീ പറഞ്ഞ ആയുധം!  അപ്പോള്‍ രണ്ടാമന്‍ പറഞ്ഞു:   കല്ല് അല്ല, സമയമാണ് ആയുധം.  കൊള്ളക്കാര്‍ മുകളിലെത്തിയാല്‍ നമുക്കവരെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല.  സമയവും ആയുധമാണ്.  കൃത്യമായി അത് വിനിയോഗിച്ചാല്‍ നമുക്ക് അതിനെ വിജയത്തിന്റെ ചവിട്ടുപടിയായി മാറ്റാന്‍ സാധിക്കുക തന്നെ ചെയ്യും - ശുഭദിനം.

Day 168

ആ ഗവേഷകന്റെ സഹായിയായി നിന്ന് കൂടുതല്‍ പഠിക്കാനായി വന്നതാണ് അയാള്‍. എന്നാല്‍ അവിടെ വന്നപ്പോള്‍ മുതല്‍ കാര്യങ്ങളെ പഠിക്കാനല്ല, മറ്റുള്ള സഹായികളെ പഠിപ്പിക്കാനായിരുന്നു അയാള്‍ക്ക് ഉത്സാഹം.  അയാളുടെ ഈ സ്വഭാവത്തില്‍ മറ്റു ഗവേഷകര്‍ക്കെല്ലാം മുറുമുറുപ്പ് തുടങ്ങി.  ഒരു ദിവസം ഗവേഷകന്‍ അയാളെയും കൂട്ടി ഒരു കാട്ടിലേക്ക് പോയി.  അവിടെ ഒരു കിളിക്കൂട് കാണിച്ചുകൊടുത്തിട്ട് പറഞ്ഞു:  ഈ കൂടിന് ഒരു പ്രത്യേതയുണ്ട്.  ഇതിന് പുറത്തേക്ക് തുറക്കുന്ന വാതിലാണ് ഉള്ളത്.  പക്ഷേ, കിളിക്ക് അകത്തേക്കും കടക്കാം!  അയാള്‍ക്ക് ചിരിവന്നു.  ഇതാണോ ഇത്ര വലിയ കാര്യം.. പക്ഷേ, കുറച്ച് കഴിഞ്ഞപ്പോള്‍ എന്താണ് ഗവേഷകന്‍ ഉദ്ദേശിച്ചത് എന്ന് അയാള്‍ക്ക് മനസ്സിലായി.  അന്നുമുതല്‍ അയാള്‍ പരമാവധി സമയം പഠിക്കാന്‍ വേണ്ടി ചിലവഴിച്ചു.  ചില മനുഷ്യര്‍ അങ്ങിനെയാണ്.  താന്‍ വലിയ സംഭവമാണെന്ന് കാണിക്കാന്‍ എപ്പോഴും മറ്റുള്ളവര്‍ക്കായി തന്റെ ചെറിയ അറിവുകള്‍ വലുതാക്കി കാണിച്ചു പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കും. ആരില്‍ നിന്നും ഒന്നും തന്നെ സ്വീകരിക്കാന്‍ അവര്‍ തയ്യാറല്ല.  അവരുടെ എല്ലാ പ്രവൃത്തിയിലും ഒരു താന്‍പോരിമ കാണാന്‍ സാധിക്കും.  അറിവ് സമ്പാദനത്തില്‍ നമുക്കും ആ കിളിക്കൂട് പോലെയാകാന്‍ ശ്രമിക്കാം.  പുറത്തേക്ക് മാത്രം തുറക്കാതെ, ഉള്ളിലേക്കും സ്വീകരിക്കാന്‍ ശീലിക്കാം - ശുഭദിനം.

Day 167

യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ വളരെ വിദഗ്ധനായിരുന്നു അയാള്‍.  ഒരിക്കല്‍ അയാള്‍ ഒരു യന്ത്രവിമാനം നിര്‍മ്മിച്ചു.  കാറ്റിന്റെ സഹായത്തോടെ ഏറെ ദൂരം പറക്കാവുന്ന ഒരു വിമാനം.  അതില്‍ പലതവണ പറന്ന് അത് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തി.  അതിന് ശേഷം തന്റെ ശിഷ്യനോട് പറഞ്ഞു:  ഇനി താന്‍ ഒന്നു പറന്നുനോക്കൂ.. പക്ഷേ ശിഷ്യന്‍ ഒന്ന് സംശയിച്ചു.  ശിഷ്യന്‍ ചോദിച്ചു: പറക്കുന്നതിനിടെ പക്ഷികള്‍ വന്ന് വിമാനച്ചിറകുകള്‍ കൊത്തിക്കീറാന്‍ ശ്രമിച്ചാല്‍ എന്ത് ചെയ്യും?  അയാള്‍ പറഞ്ഞു:  കത്തികൊണ്ടാല്‍ പോലും മുറിയാത്ത തുണികൊണ്ടല്ലേ നമ്മള്‍ ഈ ചിറകുകള്‍ ഉണ്ടാക്കിയത്.  എന്നിട്ടും ശിഷ്യന്റെ സംശയം തീര്‍ന്നില്ല.  പരുന്തുകളോ മറ്റോ ആക്രമിച്ചാലോ?  ഗുരു പറഞ്ഞു:  യന്ത്രവിമാനം കണ്ടാല്‍ അവ ഒഴിഞ്ഞുമാറും.   ശിഷ്യന്‍ പിന്നെയും ചോദിച്ചു:  കൂട്ടത്തോടെയാണ് അവ വരുന്നതെങ്കില്‍ അവയ്ക്ക് പേടിയുണ്ടാകില്ലല്ലോ?  ഗുരു ഒന്നും മിണ്ടാതെ കുറെ കല്ലുകള്‍ പറക്കി ചാക്കിലാക്കി കൊണ്ടുവന്ന് ഗുരു പറഞ്ഞു.  ഈ ചാക്ക് കൂടി വിമാനത്തില്‍ വെച്ചോളൂ.. പക്ഷികള്‍ വരുമ്പോള്‍ കല്ല് വലിച്ചെറിയാം.  ശിഷ്യന്റെ സംശയം തീര്‍ന്നില്ല.  ഇത്രയും ഭാരം കയറ്റിയാല്‍ വിമാനം എങ്ങനെ പറക്കും?  അയാള്‍ പറഞ്ഞു:  വാസ്തവത്തില്‍ നിന്റെ സംശയങ്ങള്‍ക്കാണ് ഇതിനേക്കാള്‍ വലിയ ഭാരം.    ചിലരങ്ങനെയാണ്.. ഏത് കാര്യം തുടങ്ങുന്നതിനുമുമ്പും നിറയെ ആശങ്കകളാണ്.  ചിലപ്പോള്‍ സത്യം അവരുടെ നിഗമനങ്ങളേക്കാള്‍ ഒരുപാട് ദൂരയായിരിക്കും.  അടിസ്ഥാനമില്ലാത്ത ആശങ്കകള്‍ നമ്മളെ പിന്നോട്ട് വലിക്കും.  അതിനാല്‍ എന്ത് ചെയ്യാന്‍ തീരുമാനിച്ചാലും അത് ചെയ്യുക, ആശങ്കകളെ അകറ്റി മുന്നോട്ട് തന്നെ പോവുക - ശുഭദിനം.

Day 166

തമിഴ്‌നാട്ടില്‍ നിന്നാണ് ആ കുടുംബം കേരളത്തിലെത്തിയത്.  വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്നതില്‍ നിന്നും കിട്ടിയിരുന്ന തുച്ഛമായ വരുമാനമാണ് ആ കുടുംബത്തിന്റ വരുമാനം.  തന്റെ മകളേയും മകനേയും നന്നായി പഠിപ്പിക്കാന്‍ ആ അച്ഛന്‍ ആഗ്രഹിച്ചിരുന്നു.  പഠിച്ച് ഉയരങ്ങളിലെത്തണമെന്ന് മക്കള്‍ക്കും ആഗ്രഹമുണ്ടായിരുന്നു. പഠിക്കാന്‍ മിടുക്കനായ അവനെ പഠിച്ച സ്‌കൂളിലെ സിസ്റ്റേഴ്‌സ് കൂടുതല്‍ നല്ല പഠനം ലഭിക്കുന്ന സ്‌കൂളിലേക്ക് പറഞ്ഞയച്ചു.  ആ സ്‌കൂളിലെ കൂട്ടുകാരനായിരുന്നു അമര്‍നാഥിന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളപ്പിച്ചത്.  രാജ്യാന്തരസര്‍വ്വകലാശാലയില്‍ പ്രവേശനം നേടി സുഹൃത്ത് പോയപ്പോള്‍ തന്റെ പഠനസാമഗ്രികള്‍ കൂട്ടുകാരന് നല്‍കിയാണ് ആ സ്വപ്നത്തിന് വിത്തുപാകിയത്.  അന്നുമുതല്‍ രാപ്പകലില്ലാതെ അവന്‍ നടത്തിയ കഠിനപരിശ്രമത്തിന് ഫലമുണ്ടായി.  അമേരിക്കയിലെ നാലുവര്‍ഷത്തെ എന്‍ജിനീയറിങ്ങ് പഠനത്തിന് സര്‍വ്വകലാശാലയുടെ ഒന്നരകോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് ആ മിടുക്കന്‍ നേടിയെടുത്തു.  പക്ഷേ, അവനെ പിന്നേയും ഒരുപാട് തടസ്സങ്ങള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.  രണ്ടാം വര്‍ഷം മുതലേ സ്‌കോളര്‍ഷിപ്പ് കിട്ടിതുടങ്ങുകയുള്ളൂ. ആദ്യ വര്‍ഷത്തേക്കുള്ള പണവും യാത്രയ്ക്കുളള തുകയും കണ്ടെത്തണമായിരുന്നു.  ഒട്ടും ചെറുതല്ലാത്ത ആ തുക അവര്‍ക്ക് ചിന്തിക്കാന്‍ സാധിക്കുന്നതിലും അപ്പുറമായിരുന്നു.  പല സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും ചെറുതും വലുതുമായ സഹായങ്ങള്‍ ലഭിച്ചു.  അതെല്ലാം ആദ്യവര്‍ഷ പഠനത്തിന് മാത്രമേ തികയുമായിരുന്നുള്ളൂ.. യാത്രാക്കൂലി അപ്പോഴും സംഘടിപ്പിക്കാന്‍ ആയിരുന്നില്ല.  അപ്പോഴാണ് ഒരു രാത്രി അവനെ തേടി ഒരു അപരിചിതനെത്തിയത്.  സ്വന്തം പേരുപോലും വെളിപ്പെടുത്താതെ അവനു യാത്രചെയ്യാനുളള ടിക്കറ്റുമായി അയാള്‍ എത്തി. അങ്ങനെ അവന്‍ അമേരിക്കയിലെത്തി.  ഒരു പാട് പേര്‍ക്ക് സ്വപ്നം കാണാനുള്ള ചിറകുകള്‍ നല്‍കിയാണ് അയാള്‍ അവിടെയെത്തിയത്.  ഇത് അമര്‍നാഥ്.  തമിഴ്‌നാട് കമ്പം തേനിയില്‍ നിന്നും കേരളത്തിലെത്തിയ മുരുകേശന്റെ മകന്‍.  നമുക്ക് പൗലോ കൊയ്‌ലോയുടെ വാക്കുകളെ കൂട്ടിച്ചേര്‍ക്കാം.. ഒരു കാര്യം നേടണമെന്ന് നാം ആഗ്രഹിക്കുകയാണെങ്കില്‍  അത് നേടുവാന്‍ ഈ മുഴുവന്‍ പ്രപഞ്ചവും നമുക്ക് വേണ്ടി കരുക്കള്‍ നീക്കുക തന്നെ ചെയ്യും - ശുഭദിനം.

Day 165

അയാള്‍ ഒരു മണ്‍പാത്രകച്ചവടക്കാരനായിരുന്നു. ഒരിക്കല്‍ സുഹൃത്തുമായി ചേര്‍ന്ന് അയാള്‍ ഒരു വഞ്ചിയില്‍ യാത്ര ചെയ്യുകയായിരുന്നു.  അയാള്‍ സുഹൃത്തിനോട് പറഞ്ഞു:  കച്ചവടമെല്ലാം കുറവാണ്.  ഇപ്പോള്‍ ആര്‍ക്കും അടുക്കളയിലേക്ക് മണ്‍പാത്രം വേണ്ടല്ലോ...  ഇത് കേട്ട് കൂട്ടുകാരന്‍ ഇങ്ങനെ പറഞ്ഞു:  നീ ആ വഞ്ചിക്കാരനെ ശ്രദ്ധിച്ചിരുന്നുവോ.. പുറപ്പെടുന്ന സമയത്ത് അയാള്‍ നീളമുള്ള മുള കുത്തിയാണ് വഞ്ചി മുന്നോട്ട് നീക്കിയിരുന്നത്.  ആഴം കൂടിയ ഭാഗത്ത് എത്തിയപ്പോള്‍ മുള മാറ്റി പങ്കായം കയ്യിലെടുത്ത് തുഴയാന്‍ തുടങ്ങി.   അയാള്‍ക്ക് കൂട്ടുകാരന്‍ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായി.  വൈകാതെ തന്നെ അയാള്‍ ചെടിച്ചട്ടികളും, അലങ്കാര പാത്രങ്ങളും നിര്‍മ്മിക്കാന്‍ തുടങ്ങി.  അയാളുടെ കച്ചവടം മെച്ചപ്പെടുകയും ചെയ്തു.   ജീവിതവും ഇങ്ങനെ തന്നെയാണ്.  സാഹചര്യങ്ങള്‍ മാറി മാറി വരും.  പക്ഷേ, ആ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറുക എന്നതാണ് വിവേകം. ആ വിവേകം നമ്മുടെ ഓരോ നീക്കങ്ങളിലും ഉണ്ടാക്കിയെടുക്കാന്‍ നമുക്ക് ശ്രമിക്കാം- ശുഭദിനം.

Day 164

ആ കൃഷിക്കാരന്‍ ഭയങ്കര അഹങ്കാരിയായിരുന്നു.  താന്‍ നിലം ഉഴുത് വിത്ത് വിതച്ച് കൊയ്യുന്നതുകൊണ്ടാണ് നിങ്ങള്‍ എല്ലാം ഭക്ഷണം കഴിക്കുന്നത്.  ഞാനില്ലെങ്കില്‍ നിങ്ങള്‍ എന്ത് ചെയ്യും.  അതുകൊണ്ട് തന്നെ ബാക്കിയുള്ളവരെല്ലാം എന്നേക്കാള്‍ താഴ്ന്ന പദവിയില്‍ ഉള്ളവരാണ്. അയാള്‍ ഇതെല്ലാം എപ്പോഴും പറഞ്ഞുകൊണ്ടേയിരിന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ വാഹനം അപകടത്തില്‍ തകര്‍ന്നു.  അത് നന്നാക്കാന്‍ വര്‍ക്ഷോപ്പ്കാരന്‍ എത്തിയപ്പോള്‍ അയാള്‍ ഇങ്ങനെ പറഞ്ഞു:  നിങ്ങളടെ പൊങ്ങച്ചം നിര്‍ത്താതെ ഞാന്‍ വണ്ടി നന്നാക്കില്ല.  അപ്പോള്‍ മുതല്‍ കര്‍ഷകന്‍ ഇങ്ങനെ പറയാന്‍ തുടങ്ങി:  വര്‍ക്ഷോപ്പ് കാരന്‍ ഒഴികെ എല്ലാവരും എന്നെ ആശ്രയിച്ചാണ് ജീവിക്കുന്നത്.  ഒരിക്കല്‍ കീറിപ്പോയ ഷൂ നന്നാക്കാന്‍ ചെരുപ്പുകുത്തിയുടെ അടുത്തെത്തിയപ്പോഴും അയാളും അഹാങ്കാരം കുറയ്ക്കാന്‍ പറഞ്ഞു.  പിന്നീട് കര്‍ഷകന്‍ ഇങ്ങനെ പറഞ്ഞു:  വര്‍ക്ഷോപ്പ്കാരനും ചെരുപ്പുകുത്തിയുമൊഴികെ ബാക്കിയെല്ലാവരും എന്നെ ആശ്രയിക്കുന്നു.  പിന്നീട് ഓരോ ആവശ്യത്തിനായി ആശാരിയേയും തയ്യല്‍ക്കാരനേയും മില്ലുടമയേയും കടക്കാരനേയും ഒക്കെ സമീപിച്ചപ്പോള്‍ അവരും ഇതേ ആവശ്യമുന്നയിച്ചു.  അപ്പോള്‍ കര്‍ഷകന്‍ പറഞ്ഞു: എല്ലാവരും കര്‍ഷകരെ ആശ്രയിക്കുന്നു.  അതുപോലെ കര്‍ഷകരും എല്ലാവരേയും ആശ്രയിക്കുന്നു.  സ്വയംപര്യാപ്തതയുടെ പരിപൂര്‍ണ്ണതയില്‍ വാഴുന്ന ആരും തന്നെയില്ല.  മറ്റ് പലരും ഉളളതുകൊണ്ടാണ് എല്ലാവരും തങ്ങളുടെ ഇടത്തില്‍ സ്വതന്ത്രമായി വാഴുന്നത്.  പലരും ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന അദൃശ്യമായ കണ്ണികള്‍ അപ്രത്യക്ഷമാകുമ്പോള്‍ മാത്രമാണ് അവയുടെ പ്രാധാന്യം നാം മനസ്സിലാക്കുക.   എല്ലാവരും എല്ലാക്കാലത്തും ആരേയെങ്കിലും ആശ്രയിക്കുന്നുണ്ട്.  ചവിട്ടി നില്‍ക്കുന്നമണ്ണ് പോലും മറ്റാരില്‍ നിന്നോ നമുക്ക് ലഭിച്ചതാണ്.  ആരുടെയൊക്കെയോ തുടര്‍ച്ചയാണ് താനെന്നും തനിക്ക് ശേഷവും പൂര്‍ണ്ണ ആര്‍ജ്ജവത്തോടെയും പുതുമയോടെയും എല്ലാം തുടരുമെന്നും ഉള്ള തിരിച്ചറിവ് നമുക്ക് ഉണ്ടാകട്ടെ - ശുഭദിനം.

Day 163

1812ല്‍ ഇംഗ്ലണ്ടിലാണ് അയാള്‍ ജനിച്ചത്.  അവന് അച്ഛന്‍ മാത്രമാണുണ്ടായിരുന്നത്.  ഒരു ബിസിനസ്സില്‍ തകര്‍ന്ന് അവന്റെ അച്ഛന്‍ ജയിലിലായി. പത്ത് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ അവന്‍ തെരുവിലേക്ക് എറിയപ്പെട്ടു. ഒരുപാട് നാളത്തെ അലച്ചിലിനൊടുവില്‍ അവന്‍ ഒരു ചെറിയ ജോലി തരപ്പെടുത്തി.  ഒരു ഉത്പന്നം കയറ്റുമതി ചെയ്യുന്ന കുപ്പികളുടെ പുറത്ത് ഉള്ളടക്കത്തെപ്പറ്റിയുള്ള ലേബല്‍ ഒട്ടിക്കുക.  അവന്റെ പണിപ്പുരയുടെ മൂലയില്‍ തന്നെ കിടക്കാനൊരിടവും ആ കമ്പനി അവന് നല്‍കി.  നിറയെ അഴുക്കുകൂമ്പാരങ്ങള്‍ നിറഞ്ഞതായിരുന്നു ആ പണിസ്ഥലം.  ഒപ്പം നിറയെ എലികളും.  തന്റെ ലോകത്ത് ചെറിയ ജോലികള്‍ ചെയ്യുമ്പോഴും അവനൊരു സ്വപ്നമുണ്ടായിരുന്നു.  ഒരു എഴുത്തുകാരനാകണം.  വെറും നാലാംക്ലാസ്സ് മാത്രം വിദ്യാഭ്യാസയോഗ്യതയുളള തനിക്ക് ഇതൊരു അതിമോഹമാണെന്ന് അവന് നല്ല ബോധ്യമായിരുന്നു.  എങ്കിലും ആ അതിമോഹത്തെ അവന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.  രാത്രികള്‍ തന്റെ സ്വപ്നത്തിനായി അവന്‍ മാറ്റിവെച്ചു.  താന്‍ എഴുതിയതെല്ലാം ആരും കാണാതെ ചില പ്രസിദ്ധീകരണങ്ങള്‍ക്ക് അയച്ചുകൊടുത്തു.  ഒരു സ്ഥലത്ത് നിന്നും മറുപടിയൊന്നും വന്നില്ലെങ്കിലും അവന്‍ തന്റെ എഴുത്ത് തുടര്‍ന്നുകൊണ്ടേയിരുന്നു.  അവസാനം ഒരു പത്രാധിപരില്‍ നിന്ന് ഒരു അനുകൂലമായ ഒരു മറുപടി  ലഭിച്ചു.  പിന്നെ ഒന്നിനു പിറകെ ഒന്നൊന്നായി കൃതികള്‍ പുറത്തുവന്നു.  അന്നത്തെ സമൂഹികാവസ്ഥയെ അപഗ്രഥനം ചെയ്തും വിമര്‍ശിച്ചും ധാരാളം കൃതികള്‍ ജനശ്രദ്ധപിടിച്ചുപറ്റി.   വെറും നാലാം ക്ലാസ്സ് മാത്രം വിദ്യാഭ്യാസമുള്ള അയാളുടെ കൃതികള്‍ പഠന വിഷയമായി മാറി.. ലോകം അത്ഭുതത്തോടെ അദ്ദേഹത്തെ ഇങ്ങനെ വിളിച്ചു.  ചാള്‍സ് ഡിക്കന്‍സ്. ജന്മസിദ്ധമായ കഴിവുകള്‍ നമുക്ക് ധാരാളം ഉണ്ടാകും.  അവയെ നിരന്തരപരിശ്രമത്തിലൂടെ രാകി മിനുക്കാന്‍ ശ്രമിച്ചാല്‍ നാം ഉയരങ്ങള്‍ കീഴടക്കുക തന്നെ ചെയ്യും - ശുഭദിനം.

Day 162

ആ ഗുരു വളരെ പ്രശസ്തനായിരുന്നു. വിവിധ നാടുകളില്‍ നിന്നായി നിരവധിപേര്‍ ഗുരുവിന്റെ കീഴില്‍ ആയുധവിദ്യപഠിക്കാന്‍ എത്തിയിരുന്നു. ഒരിക്കല്‍ ഒരു യുവാവ് ആയുധവിദ്യ പഠിക്കാന്‍ ഗുരുവിനടുത്തെത്തി. ഒരു മാസം കൊണ്ട് തന്നെ യോദ്ധാവാക്കണം എന്നതായിരുന്നു ആവശ്യം. ഒരു നല്ല യോദ്ധാവാകാന്‍ ഒരുമാസം മതിയാകില്ലെന്ന് ഗുരു പറഞ്ഞെങ്കിലും അയാള്‍ അത് കേട്ടില്ല. അപ്പോള്‍ ഗുരു ഒരു വിളക്ക് ചൂണ്ടി കാണിച്ചിട്ടു പറഞ്ഞു: പഠനം തുടങ്ങാം. പക്ഷേ ആദ്യം ഈ വിളക്കില്‍ എണ്ണയൊഴിക്കൂ.. കത്തുന്ന തിരിയിലേക്ക് വേണം എണ്ണയൊഴിക്കാന്‍. അയാള്‍ അതുപോലെ ചെയ്തു. കത്തിനിന്നിരുന്ന ആ തിരി എണ്ണ വീണതോടെ കെട്ടുപോയി. ഗുരു പറഞ്ഞു: തിരി കത്തണമെങ്കില്‍ എണ്ണ വേണം. എന്നാല്‍ അത് താഴെ നിന്നും പതുക്കെ കയറി വന്നാല്‍ മാത്രമേ പറ്റൂ.. അതു പോലെയാണ് പഠനവും.. എന്തും ശരിയായി പഠിക്കണമെങ്കില്‍ അതിനാവശ്യമായ സമയം കൊടുക്കണം. അപൂര്‍ണ്ണമായവയില്‍ നിന്നും പാതി നിര്‍ത്തിയിടത്തു നിന്നും നമുക്ക് തുടങ്ങാം.. ആവശ്യമായ സമയമെടുത്ത് തന്നെ - ശുഭദിനം.

Day 161

വളരെ പ്രസിദ്ധനായ ഗുരുവിന്റെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു അയാള്‍. ഒരിക്കല്‍ സൈന്യത്തിലേക്ക് ആളെ എടുക്കുന്നു എന്ന വിളംബരം കേട്ട് ശിഷ്യനും കൊട്ടാരത്തിലേക്ക് പുറപ്പെട്ടു. പിറ്റേന്ന് ശിഷ്യന്‍ മടങ്ങി വന്നപ്പോള്‍ അവന്റെ മുഖം മങ്ങിയിരിക്കുന്നത് ഗുരു ശ്രദ്ധിച്ചു. ഗുരു ശിഷ്യനെ സമാധാനിപ്പിച്ചു. അപ്പോള്‍ ശിഷ്യന്‍ പറഞ്ഞു: ഗുരോ , ആയുധപരീക്ഷയില്‍ ഞാന്‍ വിജയിച്ചു. എനിക്ക് സൈന്യത്തില്‍ ജോലിയും കിട്ടി. പിന്നെന്തിനാണ് നിന്റെ മുഖം വാടിയിരിക്കുന്നത്? ഗുരു ചോദിച്ചു. ശിഷ്യന്‍ പറഞ്ഞു: ആയുധപരിശീലനത്തിനുള്ള പരിശീലനത്തിനിടെ കഴിഞ്ഞ ആഴ്ച എന്റെ വാള്‍ത്തലപ്പ് ഒടിഞ്ഞില്ലേ, ആ ദുഃഖം ഇപ്പോഴും മനസ്സില്‍ നിന്നും പോകുന്നില്ല.. പട്ടണത്തില്‍ ഒരു പ്രദര്‍ശനം നടക്കുന്നുണ്ട്. നമുക്ക് അവിടേക്ക് പോകാം. മനസ്സിന് സന്തോഷം വരാന്‍ അത് നല്ലതാണ്. ഗുരു പറഞ്ഞു. അവര്‍ പ്രദര്‍ശനശാലയിലെത്തി. അവിടെ പലതരം ജീവികളുടെ അസ്ഥികൂടങ്ങളും പഴയ ആയുധങ്ങളും പാത്രങ്ങളുമൊക്കെയുണ്ട്. അകത്തേക്ക് കടന്നതും ഗുരു ഉറയില്‍ നിന്നും വാള് ഊരിപ്പിടിച്ചു. അത് കണ്ട് ശിഷ്യന്‍ ചോദിച്ചു: എന്തിനാണ് അങ്ങ് ആയുധമെടുത്തത്? ഗുരു പറഞ്ഞു: ആനയുടേയും കടുവയുടേയുമൊക്കെ അസ്ഥികൂടമല്ലേ.. നമ്മള്‍ സൂക്ഷിക്കണം. ശിഷ്യന്‍ ഇത് കേട്ട് ചിരിച്ചു. പണ്ടെങ്ങോ ചത്തുപോയ മൃഗങ്ങളുടെ അസ്ഥികൂടത്തെ ഭയക്കണമോ? അപ്പോള്‍ ഗുരു പറഞ്ഞു: മുന്‍പെപ്പോഴോ കഴിഞ്ഞ കാര്യത്തിന്റെ പേരില്‍ ഇപ്പോഴും ദുഃഖിക്കാമെങ്കില്‍ ഈ അസ്ഥികൂടങ്ങളേയും പേടിക്കണം. ശിഷ്യന് ഗുരു ഉദ്ദേശിച്ച കാര്യം മനസ്സിലായി. കഴിഞ്ഞുപോയ കാര്യങ്ങളെപ്പറ്റി അനാവശ്യമായി വേവലാതിപ്പെടുന്നത് വിഢ്ഢിത്തമാണ്. നമുക്ക് ഇന്നില്‍ ജീവിക്കാം. ഈ നിമിഷത്തെ പൂര്‍ണ്ണതയിലെത്തിക്കാന്‍ ശ്രമിക്കാം - ശുഭദിനം.

Day 160

ഏത് കാര്യത്തിലും സമയനിഷ്ഠപാലിക്കുന്ന ഒരു വ്യക്തിയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍. ഒരിക്കല്‍ ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റിയില്‍ അദ്ദേഹത്തെ മുഖ്യപ്രഭാഷകനായി ക്ഷണിക്കപ്പെട്ടു. പക്ഷേ, അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിന് തകരാറു സംഭവിച്ചതുമൂലം സമ്മേളനത്തിന് എത്താന്‍ ഒരുപാട് വൈകി. മീറ്റിങ്ങ് തീരുന്നതിന് അഞ്ച് മിനിറ്റ് മുന്‍പാണ് അദ്ദേഹം അവിടെ എത്തിച്ചേര്‍ന്നത്. പക്ഷേ, അവിടെയുള്ളവരെല്ലാം അദ്ദേഹത്തെ കാത്തിരിക്കുകയായിരുന്നു. സമയം തീരാറായതിനാല്‍ താന്‍ പ്രസംഗിക്കുന്നില്ലെന്ന് ചര്‍ച്ചില്‍ പറഞ്ഞു. പക്ഷേ, എന്തെങ്കിലും സന്ദേശം നല്‍കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. അദ്ദേഹം പ്രസംഗിക്കാന്‍ എഴുന്നേറ്റു. മൂന്നുവാക്കുകളില്‍ അദ്ദേഹം തന്റെ പ്രസംഗം ചുരുക്കി. - Never give up - ഒരിക്കലും വിട്ടുകളയരുത് (പിന്മാറരുത്). വീണ്ടും അല്‍പസമയത്തെ നിശബ്ദതയ്ക്ക് ശേഷം ആവര്‍ത്തിച്ചു: Never, Never give up. അപ്പോഴേക്കും സദസ്സില്‍ കരഘോഷം മുഴങ്ങി. അദ്ദേഹം വീണ്ടും ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. Never Never Never give up. അദ്ദേഹം വലിയൊരു തത്വമായിരുന്നു യുവതലമുറയ്ക്ക് പകര്‍ന്ന് കൊടുത്തത്. പ്രശ്‌നങ്ങളും പ്രയാസങ്ങളും ഉയരുമ്പോള്‍ നമുക്ക് മുന്നേറുവാനുളള ധൈര്യം നഷ്ടപ്പെടുന്നു. നമ്മുടെ ആത്മധൈര്യം കെടുത്തുന്നത് ചിലപ്പോള്‍ നമ്മുടെ സ്‌നേഹിതരോ, സഹപ്രവര്‍ത്തകരോ, പ്രിയപ്പെട്ടവരോ ആകാം. പക്ഷേ, വിട്ടുകൊടുക്കാതെ നമുക്ക് മുന്നേറാം. പ്രതിബന്ധങ്ങളെ വകഞ്ഞുമാറ്റി, ലക്ഷ്യത്തിലേക്ക് - ശുഭദിനം.

Day 159

അവന്റെ ക്ലാസ്സില്‍ അവനൊഴികെ എല്ലാവര്‍ക്കും സൈക്കിള്‍ ഉണ്ടായിരുന്നു. ഒരുദിവസം ക്ലാസ്സില്‍ ടീച്ചര്‍ എല്ലാവരോടും അവരവരുടെ ജീവിതാഭിലാഷം എഴുതാന്‍ പറഞ്ഞു. മിക്കവരും തങ്ങള്‍ക്ക് ഭാവിയില്‍ ലഭിക്കുന്ന ജോലിയെ കുറിച്ച് എഴുതിയപ്പോള്‍ അവന്‍ മാത്രം ഇങ്ങനെ എഴുതി: എനിക്കൊരു സൈക്കിള്‍ വാങ്ങണം. അവന്റെ ആഗ്രഹം കണ്ട് ടീച്ചര്‍ക്ക് സങ്കടം തോന്നി. ടീച്ചര്‍ ഇക്കാര്യം അവന്റെ അച്ഛനോട് പറഞ്ഞു. മകന്‍ വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍ ചോദിച്ചു: നിനക്ക് സൈക്കിള്‍ വാങ്ങണമെങ്കില്‍ എന്നോട് പറഞ്ഞാല്‍ പോരായിരുന്നോ? അപ്പോള്‍ അവന്‍ പറഞ്ഞു: എനിക്ക് സൈക്കിള്‍ വാങ്ങാനുള്ള പണമൊന്നും അച്ഛന്റെ ജോലിയില്‍ നിന്നും കിട്ടുന്നില്ല എന്ന് എനിക്കറിയാം. അച്ഛനെ ബുദ്ധിമുട്ടിക്കാതെ വലുതാകുമ്പോള്‍ ഞാന്‍ തന്നെ ഒരു സൈക്കിള്‍ വാങ്ങിച്ചുകൊള്ളാം... പക്വതയുണ്ടാകുന്നതിന് പ്രായമാകേണ്ട ആവശ്യമില്ല. പരിസരമറിഞ്ഞ് പ്രതികരിക്കുമ്പോഴാണ് പക്വതയുണ്ടാകുന്നത്. പ്രായമാകുന്ന എല്ലാവരും വളരുന്നില്ല. വളരണമെങ്കില്‍ തന്റേതായ തീരുമാനങ്ങളും സ്വയം തുടങ്ങിയ നടപടിക്രമങ്ങളും വേണം. പൂര്‍ണ്ണവളര്‍ച്ചയെത്തുന്നത് ഒരു ശാരീരിക പ്രക്രിയ മാത്രമല്ല, മാനസിക, ബൗദ്ധിക പ്രക്രിയ കൂടിയാണ്. വളരുന്നുണ്ടോ എന്ന് സ്വയം തിരിച്ചറിയാന്‍ ചില ചോദ്യങ്ങള്‍ ചോദിച്ചാല്‍ മതി. അപരന്റെ പരിമിതികളെ ബഹുമാനിക്കാറുണ്ടോ, ആഗ്രഹങ്ങള്‍ക്കനുസരിച്ച് പരിശ്രമങ്ങളെ ബലപ്പെടുത്താറുണ്ടോ, ചുറ്റുപാടുകളേയും സഹജീവികളേയും ബഹുമാനിക്കാറുണ്ടോ.. തണലാകുന്നവര്‍ കൊള്ളുന്ന വെയിലിന്റെ കാഠിന്യം നിഴലില്‍ നില്‍ക്കുന്നവര്‍ അറിയാന്‍ ശ്രമിക്കുക തന്നെ വേണം. ആ തിരിച്ചറിവാണ് പക്വതയുടെ തെളിമ - ശുഭദിനം