1865 - ഇംഗ്ലണ്ടിലെ, കെന്റ് എന്ന ഗ്രാമം - നിരത്തിലൂടെ അതുവരെ ആരും കാണാത്ത ഒരു യന്ത്രവണ്ടി ഉരുണ്ട് വരുന്നു. കൃഷിക്കാരും നാട്ടുകാരും ഭയന്നോടി. തോമസ് ഏവ്‌ലിംഗ് എന്ന എഞ്ചിനീയറുടെ കണ്ടുപിടുത്തം ആയിരുന്നു ആ വണ്ടി. എഞ്ചിനീയര്‍ ആണെങ്കിലും കൃഷിയില്‍ ആയിരുന്നു അദ്ദേഹത്തിന് താല്‍പര്യം. കൃഷിപണി എളുപ്പമാക്കാന്‍ പലവിധ യന്ത്രങ്ങള്‍ ഉണ്ടാക്കാം എന്നൊരു ആശയം അദ്ദേഹം മുന്നോട്ട് വെച്ചെങ്കിലും, കൃഷിക്കാര്‍ അതിനെ എതിര്‍ത്തു. തുടര്‍ന്ന് എന്ത് ചെയ്യും എന്നായി ആലോചന. അക്കാലത്തു നിരത്തുനിര്‍മ്മാണം വളരെ ശ്രമകരവും ഉറപ്പ് കുറഞ്ഞതും ആയിരുന്നു. അതിനൊരു പരിഹാരമായി അദ്ദേഹം കണ്ടെത്തിയതാണ് റോഡ് റോളര്‍. എന്നാല്‍ ജനം അദ്ദേഹത്തിന് എതിരായി. റോഡ് മുഴുവന്‍ കുണ്ടും കുഴിയും ആവും എന്നായിരുന്നു ജനത്തിന്റെ പരാതി. എന്നാല്‍ തോമസ് പിന്നോട്ട് തിരിഞ്ഞു നോക്കിയില്ല. ഈ സമയത്ത് റോഡ് റോളര്‍ കണ്ട് ഒരു കുതിര വിരണ്ടോടി. അതോടെ തോമസിനെതിരെ കേസ്സായി. അതിനെ തുടര്‍ന്ന് റോഡ് റോളറിനു മുന്നില്‍ ഒരാള്‍ ചുവന്നകൊടി പിടിച്ച് ഓടണം എന്ന നിയമം വന്നു. തോമസ് ആ കടമ്പയും കടന്നു. പക്ഷെ ജനം വെറുതെ ഇരുന്നില്ല. അവര്‍ റോഡ് പണി നടക്കുന്നിടത്ത് ചെന്ന് 'ഭൂതവണ്ടിയെ' കല്ലെറിഞ്ഞു. പക്ഷെ തോമസ് ഇത്തവണയും തോല്‍ക്കാന്‍ തയ്യാറായില്ല. മാത്രമല്ല ജനങ്ങള്‍ എറിഞ്ഞ കല്ലുകള്‍ റോഡ് റോളര്‍ ഉപയോഗിച്ച് മണ്ണില്‍ ഉറപ്പിച്ചു അവര്‍ക്ക് തന്നെ കാണിച്ച് കൊടുക്കുകയും ചെയ്തു. അമേരിക്കയും ചൈനയും ഇന്ത്യയും ഈ യന്ത്രം ഉപയോഗിച്ചു തുടങ്ങി. അതിനു ശേഷം സ്വന്തം നാടായ ബ്രിട്ടനും റോഡ് റോളറിനെ അംഗീകരിച്ചു. വിജയത്തിന് ഒരു ഷോട്ട്കട്ടുകളും ഇല്ല. ക്ഷമയോടെ കാത്തിരുന്ന് കാലത്തിനു മുന്നില്‍ തെളിയിച്ചുകൊടുക്കുക. നമ്മെ അംഗീകരിക്കുന്ന ഒരു ദിവസം വന്നെത്തുക തന്നെ ചെയ്യും - ശുഭദിനം
Part - 55
10 വയസ്സുകാരന്‍ ജോണിക്ക് വരും ദിവസങ്ങളില്‍ സ്‌കൂളില്‍ സൈക്കിളോട്ടമത്സരമാണ്. അവനതില്‍ പങ്കെടുക്കുന്ന വിവരം പിതാവായ ജോണ്‍ ബോയിഡിനെ അറിയിച്ചു. സ്‌കോട്ട്‌ലാന്റിലെ ബല്‍ഫാസ്റ്റ് എന്ന ഗ്രാമത്തിലെ മൃഗഡോക്ടറാണ് അദ്ദേഹം. കാലം 1887. അക്കാലത്ത് മുച്ചക്രസൈക്കിളുകളാണ് ഉണ്ടായിരുന്നത്. 'ഞാനെന്റെ പരമാവധി ശക്തി ഉപയോഗിച്ചാലും ചരലിലും മണ്ണിലും കൂടി സൈക്കിള്‍ മുന്നേറുക പ്രയാസമാണ്' . ജോണി പിതാവിനെ അറിയിച്ചു. മകനെ എങ്ങനെ സഹായിക്കാം എന്നായി പിന്നീട് ജോണിന്റെ ചിന്ത. പൂന്തോട്ടം നനയ്ക്കുന്നതിനിടയില്‍ ഒരു റബ്ബര്‍ കുഴല്‍ ജോണിന്റെ ശ്രദ്ധയില്‍ പെട്ടു. അദ്ദേഹം അത് മുറിച്ച് 3 കഷ്ണമാക്കി വട്ടത്തില്‍ ചേര്‍ത്തൊട്ടിച്ച് സൈക്കിള്‍ വീലുകളില്‍ കെട്ടിവെച്ചു. എന്നിട്ട് ഒരു ദ്വാരമുണ്ടാക്കി അതിലൂടെ കാറ്റ് നിറച്ചു. ആദ്യത്തെ സൈക്കിള്‍ ട്യൂബ് അവിടെ പിറന്നു. മത്സരത്തില്‍ ജോണി വിജയിച്ചു. ആളുകള്‍ ട്യൂബിന് വേണ്ടി ജോണിനെ സമീപിച്ചു. ക്രമേണ മറ്റൊന്നിനും സമയമില്ലാത്ത വണ്ണം ജോണ്‍ തിരക്കിലായി. ഒരിക്കല്‍ ജോണിയുടെ സൈക്കിള്‍ സവാരി ഒരു വഴിയാത്രക്കാരന്‍ ശ്രദ്ധിച്ചു. ആരാണ് ഈ ട്യൂബ് ഉണ്ടാക്കി തന്നെതെന്ന് കുട്ടിയോട് ചോദിച്ചപ്പോള്‍ തന്റെ പിതാവാണെന്ന് ജോണി മറുപടി നല്‍കി. അയാള്‍ ജോണ്‍ ബോയിഡിനെ തേടി വീട്ടില്‍ എത്തി. കണ്ടുപിടുത്തത്തെ അഭിനന്ദിച്ചു. കണ്ടുപിടുത്തത്തിന്റെ പേറ്റന്റിന് അപേക്ഷിക്കാന്‍ നിര്‍ദ്ദേശവും നല്‍കി. അങ്ങനെ ജോണ്‍ പേറ്റന്റ് രജിസ്റ്റര്‍ ചെയ്തു. തന്റെ മുഴുവന്‍ പേരിലായിരുന്നു ആ രജിസ്‌ട്രേഷന്‍. ആ പേര് ഇങ്ങനെ ആയിരുന്നു. ജോണ്‍ ബോയിഡ് ഡണ്‍ലപ്. കാറ്റ് നിറച്ച റബ്ബര്‍ ബാന്റ്, ടയര്‍ ട്യൂബിന് അദ്ദേഹം നല്‍കിയ നിര്‍വ്വചനം ഇതായിരുന്നു. തുടര്‍ന്ന് ഒരു അയര്‍ലന്റ് കമ്പനി ഡണ്‍ലപ് ടയര്‍ ട്യൂബുകളുടെ നിര്‍മ്മാണം ഏറ്റെടുത്തു. 50-ാമത്തെ വയസ്സില്‍ ഡണ്‍ലപ് മറ്റൊരു കാര്യം കൂടി ചെയ്തു. താന്‍ കണ്ടുപിടിച്ച ടയര്‍ട്യൂബിന്റെ ഗുണം അറിയാന്‍ വേണ്ടി സൈക്കിള്‍ സവാരി പഠിച്ചു. ഡണ്‍ലപ് ടയര്‍ട്യൂബ് പിന്നീട് ഗതാഗതരംഗത്തെ വലിയ മാറ്റങ്ങള്‍ക്ക് വഴിതുറന്നു. നമ്മളെല്ലാവരുടേയും ഓര്‍മ്മകളില്‍ ഇടയ്‌ക്കെങ്കിലും ഡണ്‍ലപ് കടന്നുവരാറുണ്ട്. എന്നാല്‍ ഇതൊരു വലിയ സംഭവമാകും എന്ന് മുന്‍കൂട്ടികണ്ട് യാതൊരു ലാഭേച്ഛയില്ലാതെ പേറ്റന്റിന് നിര്‍ദ്ദേശിച്ച അജ്ഞാതനെ ആരെങ്കിലും ഓര്‍ക്കുന്നുണ്ടാകുമോ? ഒരു വാക്കും പാഴ്‌വാക്കല്ല. എല്ലാ വാക്കുകളും കേള്‍ക്കുക. സാധ്യമായത് സ്വീകരിക്കുക. - ശുഭദിനം
Part - 54
ആര്‍ക്കും ഇഷ്ടം തോന്നുന്ന, നന്മയുളള ഒരു മനുഷ്യന്‍. പേര് നിക്കൊളാസ്. പണ്ടത്തെ തുര്‍ക്കിയിലെ മിറ എന്ന പട്ടണത്തിലാണ് അദ്ദേഹം പാര്‍ത്തിരുന്നത്. ഒരു ദിവസം അദ്ദേഹത്തെ ജയിലിലാക്കാന്‍ ചക്രവര്‍ത്തി ഉത്തരവിട്ടു. ഡയാന ദേവതയെ ആരാധിക്കാത്തതായിരുന്നു നിക്കോളാസ് ചെയ്ത കുറ്റം. അദ്ദേഹം വിശ്വസിച്ചിരുന്നത് ക്രിസ്തുവിലായിരുന്നു. കുറച്ചുകാലം കഴിഞ്ഞ് അധികാരമേറ്റ പുതിയ ചക്രവര്‍ത്തി ക്രിസ്തുമതത്തെ രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. അതോടെ നിക്കോളാസിനെ ജയില്‍ നിന്നും വിട്ടയച്ചു. മാത്രമല്ല, അദ്ദേഹത്തെ ബിഷപ്പാക്കുകയും ചെയ്തു. മിറ പട്ടണത്തില്‍ ഇടയ്ക്കിടെ വേഷം മാറി നടക്കുക നിക്കോളാസിന്റെ പതിവായിരുന്നു. ഒരിക്കല്‍ അദ്ദേഹം ഒരു സാധു സ്ത്രീയെ കണ്ടുമുട്ടി. അവരുടെ മൂന്ന് ആണ്‍മക്കളെയും ഒരു സത്രമുടമ കൊലപ്പെടുത്തിയിരുന്നു. ആ കുട്ടികളുടെ ജീവനുവേണ്ടി നിക്കോളാസ് പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയുടെ ഫലമായി അവര്‍ക്ക് ജീവന്‍ തിരിച്ചുകിട്ടിയെന്നാണ് വിശ്വാസം. അതോടെ നിക്കോളാസ് കുട്ടികളുടെ പ്രിയങ്കരനായി മാറി. മരണത്തിനു ശേഷം അദ്ദേഹത്തെ പുണ്യാളനായി വാഴ്ത്തി. അങ്ങനെ നിക്കോളാസ് സെയ്ന്റ് നിക്കോളാസ് ആയി മാറി. സെയ്ന്റ് നിക്കോളാസ് പിന്നീട് സാന്തോക്ലാസ്സ് ആയി മാറി. സത്യവും പുരാവൃത്തങ്ങളും ഇഴചേര്‍ന്ന ഈ വിശുദ്ധന്റെ കഥ കതിരും പതിരുമായി തിരിക്കേണ്ടതില്ല. കാരണം കാലം കൈമാറി വരുന്ന വിശ്വാസങ്ങള്‍ സ്വാന്തനം നല്‍കുന്നുവെങ്കില്‍ അത് അങ്ങനെ തന്നെ തുടരട്ടെ. കാരണം മറ്റുള്ളവര്‍ക്ക് സ്വാന്തനം നല്‍കുന്ന നിമിഷങ്ങള്‍ സൃഷ്ടിക്കപ്പെടുക അത്ര നിസ്സാരമല്ല. - ശുഭദിനം
Part - 53
ജോര്‍ജ് ബിറോ, ലാസ്‌ലോ ബിറോ- ഇരുവരും സഹോദരങ്ങളാണ്. സ്വദേശം ഹംഗറി. ഒരാള്‍ രസതന്ത്രജ്ഞന്‍. മറ്റേയാള്‍ പത്രപ്രവര്‍ത്തകന്‍. എഴുതുക എന്നത് രണ്ടുപേര്‍ക്കും ഒഴിച്ചുകൂടാനാകാത്ത കാര്യം. പെട്ടന്ന് ഒടിഞ്ഞുപോകുന്ന നിബ്ബുകളുള്ള നിലവാരമില്ലാത്ത ഫൗണ്ടന്‍ പേനകളുടെ കാലം. ഇരുവര്‍ക്കും അതൊരു തലവേദനയായിരുന്നു. ഇതിനൊരു പരിഹാരം വേണം. ഇരുവരും ആലോചിച്ചു. പരീക്ഷണങ്ങളും തുടങ്ങി. പക്ഷേ, രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചു. ഹിറ്റലര്‍ ഹംഗറിയിലേക്ക്. ബിറോ സഹോദരന്മാര്‍ അര്‍ജന്റീനയില്‍ അഭയം തേടി. പേന നിര്‍മ്മിക്കാനുള്ള പരീക്ഷണങ്ങള്‍ തുടര്‍ന്നു. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ പേനയ്ക്ക് രൂപം നല്‍കി. വായുവിന്റെ മര്‍ദ്ദം കൊണ്ട് കുഴലിലൂടെ മഷി പുറത്തേക്ക് വരുന്നതായിരുന്നു സംവിധാനം. പക്ഷേ, എഴുതാത്തപ്പോഴും മഷി പുറത്തേക്ക് വന്നുകൊണ്ടേയിരുന്നു. അതിനു പരിഹാരമായി അറ്റത്ത് ഒരു ബോള്‍ സജ്ജീകരിച്ചു. ആദ്യത്തെ ബോള്‍പോയിന്റ് പെന്‍ അവിടെ പിറന്നു. പക്ഷെ, അതിനുശേഷം പേനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിൽ ബിറോ സഹോദരന്മാര്‍ ശ്രദ്ധ ചെലുത്തിയില്ല. മാത്രമല്ല, 1943 ല്‍ നിര്‍മ്മാണാവകാശം ഇംഗ്ലീഷുകാരായ ഹെന്‍ട്രി മാര്‍ട്ടിനും, ഫെഡറിക് മൈല്‍സിനും കൈമാറി. ബ്രിട്ടീഷ് വ്യോമസേനയ്ക്ക് ഇരുവരും പേനകള്‍ നിര്‍മ്മിച്ചുനല്‍കി. പേനകളുടെ പ്രചാരം വര്‍ദ്ധിച്ചു. ഇതേസമയം അമേരിക്കയില്‍ ജോണ്‍ ലൗഡ് എന്നൊരാള്‍ ബോള്‍ പോയിന്റ് പേനകളുടെ നിര്‍മ്മാണത്തില്‍ ഗേവഷണം നടത്തിയിരുന്നു. ഈ സമയത്താണ് അമേരിക്കന്‍ ബിസിനസ്സുകാരനായ മില്‍ട്ടണ്‍ റെയ്‌നോള്‍സിന്റെ കൈവശം ബിറോ സഹോദരന്മാര്‍ നിര്‍മ്മിച്ച ഒരു പേന എത്തിച്ചേരുന്നത്. കൗതുകം തോന്നിയ അദ്ദേഹം ബിറോ സഹോദരന്മാരുടെ പേനയും ജോണ്‍ ലൗഡിന്റെ പേനയും ചേര്‍ത്ത് പുതിയൊരു പേന നിര്‍മ്മിച്ചു വിപണിയില്‍ ഇറക്കി. ലോകം ആ പേനയെ റെയ്‌നോള്‍സ് എന്ന് വിളിച്ചു. ഇപ്പോഴും വിളിച്ചുകൊണ്ടിരിക്കുന്നു. പറഞ്ഞുപഴകിയ ഒരു മൊഴി ഓര്‍ക്കാം. എറിയാന്‍ അറിയുന്നവന്റെ കയ്യില്‍ വടി കൊടുക്കണം എന്നത്. അപൂര്‍ണ്ണതകളില്‍ വിജയം കൂടെയുണ്ടാകില്ല. പൂര്‍ണ്ണതയില്‍ മാത്രമാണ് വിജയം. അപൂര്‍ണ്ണതകളെ പൂര്‍ണ്ണതയിലെത്തിക്കാന്‍ ഉള്ള ശ്രമമാകട്ടെ ഓരോ ദിനവും - ശുഭദിനം
Part - 55
അമേരിക്കയിലെ മിസോറി സംസ്ഥാനം. മാര്‍ഷ് ഫീല്‍ഡ് എന്ന കുഗ്രാമം. നാട്ടില്‍ അറിയപ്പെടുന്ന കുടുംബത്തില്‍ 7 മക്കളില്‍ മൂന്നാമന്‍. പിതാവ് ജോണ്‍, അമ്മ വെര്‍ജീനിയ ലീ. നാട്ടില്‍ അറിയപ്പെടുന്ന കുടുംബം. ധാരാളം ഭൂസ്വത്ത്. ഇതെല്ലാമായിരുന്നു ആ ബാലന്റെ ബാല്യ പശ്ചാത്തലം. അധ്യാപകരുടെ നോട്ടപ്പുള്ളി. ക്ലാസ്സില്‍ അച്ചടക്കം തീരെയില്ല. എന്നാല്‍ ആ അച്ചടക്കമില്ലായ്മയുടെ കാരണം മറ്റൊന്നായിരുന്നു. അധ്യാപകര്‍ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങള്‍ വളരെ വേഗം മനസ്സിലാക്കിയശേഷം സമയം പോകാനുള്ള കുസൃതികളായിരുന്നു അവയെല്ലാം. എല്ലാ വിഷയങ്ങളിലും മികവ് . പക്ഷെ, സ്‌പെല്ലിങ്ങ് മാത്രം അറിയില്ല. സ്‌പെല്ലിങ്ങ് ശ്രദ്ധിക്കാന്‍ താല്‍പര്യവുമില്ല. ഒഴിവുവേളകള്‍ മുഴുവന്‍ ആകാശത്തേക്ക് നോക്കിയിരിക്കും. ആകാശം അവനോടും, അവന്‍ ആകാശത്തോടും അവരുടേതായ ഭാഷയില്‍ എന്തോ സംസാരിച്ചുകൊണ്ടിരുന്നു. ഒരു ജന്മദിനത്തില്‍ മുത്തച്ഛന്‍ ഒരു സമ്മാനം നല്‍കി. തോട്ടത്തില്‍ മുത്തച്ഛന്‍ സ്ഥാപിച്ചിരുന്ന ദൂരദര്‍ശിനിയിലൂടെ ഒരു രാത്രി മുഴുവന്‍ ആകാശകാഴ്ചകള്‍ കാണുവാനുള്ള അനുവാദമായിരുന്നു ആ സമ്മാനം. ആ നോട്ടം അവിടംകൊണ്ട് തീര്‍ന്നില്ല. അതൊരു തുടക്കമായിരുന്നു. കോടാനുകോടി നക്ഷത്രങ്ങള്‍, നെബുലകള്‍, ക്ഷീരപദങ്ങള്‍, പ്രപഞ്ചമൊട്ടാകെയും അതങ്ങനെ വികസിച്ചുകൊണ്ടിരുന്നു. ഒരു പിറന്നാള്‍ സമ്മാനത്തിലൂടെ, ഒരു നക്ഷത്ര തിളക്കത്തിലൂടെ, ലോകപ്രശസ്തനായ ജ്യോതി ശാസ്ത്രജ്ഞന്‍ എഡ്വിന്‍ ഹബ്ബിള്‍ പിറവിയെടുത്തു. പിന്നീട് ഇതുവരെയുള്ള എല്ലാ ജ്യോതി ശാസ്ത്ര കണ്ടെത്തലുകളുടേയും ആധാരശില എഡ്വിന്‍ ഹബ്ബിളിന്റെ നക്ഷത്ര തിളക്കമുളള കണ്ടെത്തലുകള്‍ ആയിരുന്നു. അര്‍ത്ഥപൂര്‍ണ്ണമായൊരു സമ്മാനം, അര്‍ത്ഥപൂര്‍ണ്ണമായ മറ്റൊരു തുടക്കമാകുന്നു. കൊടുക്കുന്നത് ഒരു നക്ഷത്ര തിളക്കമാകട്ടെ.. വഴി കാണിക്കാന്‍ ആ നക്ഷത്രങ്ങള്‍ എന്നും മുന്നിലുണ്ടാകട്ടെ ...
നക്ഷത്ര തിളക്കമാര്‍ന്ന ക്രിസ്തുമസ്ദിനാശംസകള്‍.
നക്ഷത്ര തിളക്കമാര്‍ന്ന ക്രിസ്തുമസ്ദിനാശംസകള്‍.
Part - 52
ആ തവള ആദ്യമായാണ് തേരട്ടയെ കാണുന്നത്. തേരട്ടയുടെ കാലുകളുടെ എണ്ണം കണ്ടപ്പോള്‍ തവളക്ക് അത്ഭുതമായി. 'ഞാന്‍ നാലു കാലുകള്‍ തന്നെ പലപ്പോഴും കഷ്ടപ്പെട്ടാണ് ഉപയോഗിക്കുന്നത്. നീ എങ്ങിനെയാണ് ഇത്രയേറെ കാലുകള്‍ ഒരു ബുദ്ധിമുട്ടും കൂടാതെ ഉപയോഗിക്കുന്നത് ? ഏതു കാലാണ് നീ ആദ്യം വെക്കുക? ' അപ്പോള്‍ മുതല്‍ തേരട്ടയും ഇത് ശ്രദ്ധിക്കാന്‍ തുടങ്ങി. ആദ്യം ഏതു കാല്‍, പിന്നെ ഏതു കാല്‍... ഇത് ശ്രദ്ധിച്ച് ശ്രദ്ധിച്ച് തേരട്ടക്ക് ഒരടി മുന്നോട്ട് വെക്കാന്‍ സാധിക്കാതായി. വീണ്ടും തവളയെ കണ്ടപ്പോള്‍ തേരട്ട പറഞ്ഞു: ' ദയവു ചെയ്ത് ഈ ചോദ്യം നീയിനി ഒരു അട്ടയോടും ചോദിക്കരുത്. ഒന്നും ആലോചിക്കാതെ സ്വസ്ഥമായി ഞാന്‍ നടന്നിരുന്നതാണ്. ഇപ്പോള്‍ ഒരടിപോലും എനിക്ക് മുന്നോട്ട് വെയ്ക്കാന്‍ സാധിക്കുന്നില്ല. നീയെന്റെ ജീവിതമാണ് നശിപ്പിച്ചത്... ' സ്വതന്ത്രവും സ്വാഭാവികവുമായ ചലനങ്ങളാണ് നമ്മുടെ ജീവിതത്തിന്റെ സൗന്ദര്യം. നമ്മുടെ സമ്പത്തും അതു തന്നെയാണ്. എല്ലാ കാര്യത്തിന്റെയും ഉള്ളറിഞ്ഞും ഉദ്ദേശമറിഞ്ഞും പ്രതികരിക്കേണ്ട ആവശ്യമില്ല. തനതു ശൈലിയില്‍ ഒരു നിബന്ധനകളുമില്ലാതെ അവ കടന്നു പോകട്ടെ. ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും സ്വാംശീകരിച്ച സഹജഭാവങ്ങളെ അവയുടെ നൈസര്‍ഗികതയില്‍ വളരാന്‍ അനുവദിക്കുമ്പോഴാണ് ഓരോരുത്തരും തങ്ങളുടെതായെ ഒരു ലോകം തന്നെ സൃഷ്ടിക്കുന്നത്. അനാവശ്യമായ ചിന്താകുഴപ്പങ്ങള്‍ കുത്തിവെയ്ക്കുക എന്നതാണ് ഒരാളുടെ ആത്മവിശ്വാസം തകര്‍ക്കാനുള്ള എളുപ്പമാര്‍ഗ്ഗം. ജീവിതവഴിയില്‍ കാണുന്ന എല്ലാവര്‍ക്കും കാതോര്‍ത്തിരുന്നാല്‍ മുന്നോട്ടും പിന്നോട്ടും എന്തിന് നടക്കാനുള്ള ശേഷിപോലും നമുക്ക് നഷ്ടപ്പെടും. അതിനാല്‍ നാം ആവശ്യമുള്ളവയെക്കുറിച്ച് മാത്രം ആലോചിക്കുക, മറ്റെല്ലാം അവഗണിക്കാാന്‍ ശീലിക്കുക - ശുഭദിനം
Part -51
'ചിലവ് ചെയ്യണം' . നാം എത്ര തവണ മറ്റുള്ളവരോട് പറയുകയും, സന്തോഷത്തോടെ ചെയ്യുകയും ചെയ്തിരിക്കുന്നു. ജീവിതത്തിലെ വിജയങ്ങള്‍ക്കും,സന്തോഷങ്ങള്‍ക്കും നമ്മള്‍ വെക്കുന്ന സ്‌നേഹമുളള ഉപാധിയാണ് ഈ ചിലവ് ചെയ്യല്‍. ഇതും ഒരു ചിലവ് ചെയ്യലിന്റെ കഥയാണ്. 1989 മെയ് 22 ന് അഗ്നി മിസൈലിന്റെ വിക്ഷേപണം നിശ്ചയിച്ചിരിക്കുകയാണ്. വിക്ഷേപണത്തിനു സാക്ഷിയാകാന്‍ പ്രതിരോധമന്ത്രി കെ. സി പന്ത് തലേന്നു തന്നെ എത്തി. അദ്ദേഹം കലാമിനോടു ചോദിച്ചു. 'കലാം, നാളെ അഗ്നിയുടെ വിജയം ആഘോഷിക്കാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?' കലാം ഉടന്‍ പറഞ്ഞു: 'ഇവിടെ ഞങ്ങളുടെ ഗവേഷണകേന്ദ്രത്തില്‍ നടാന്‍ ഒരു ലക്ഷം വൃക്ഷത്തൈകള്‍ ഞങ്ങള്‍ക്കുവേണം.' . മന്ത്രി അത്ഭുതപ്പെട്ടുപോയി. അദ്ദേഹം പ്രതീക്ഷിക്കാത്ത മറുപടിയായിരുന്നു അത്. മന്ത്രി പറഞ്ഞു: ' നാളെ നാം തീര്‍ച്ചയായും വിജയിക്കും' മന്ത്രിയുടെ വാക്കുകള്‍ പോലെ പിറ്റേന്ന് അഗ്നി വിജയത്തിലേക്ക് കുതിച്ചു! ഒരു പാര്‍ട്ടിയില്‍ അവസാനിപ്പിക്കാവുന്ന സന്തോഷം, അതിനും എത്രയോ മുകളിലാണ് തലമറകളുടെ ഭാവിയെ കരുതിയുളള ഒരു 'സമ്മാനം'. നമ്മുടെ മുന്നില്‍ തെളിയുന്ന ഒരു ചെറിയ സാധ്യത പോലും പരമാവധി നല്ലതിനുവേണ്ടി പ്രയോജനപ്പെടുത്താന്‍ നമുക്കാകട്ടെ - ശുഭദിനം
Part - 50
സ്‌കോട്ട്‌ലാന്റിലെ ഒരു മലയോര ഗ്രാമത്തില്‍ ജനിച്ച വെള്ളക്കാരന്‍. കൃഷിയായിരുന്നു കുടുംബവരുമാനം. 1841 മെയ് 17 ന് ജനനം. 1856 ല്‍ ഏറ്റവും ബുദ്ധിശാലിയായ വിദ്യാര്‍ത്ഥിക്കുള്ള ഡ്യൂക്ക് മെഡല്‍ സ്വന്തമാക്കി. തുടര്‍ന്ന് എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷുകാരുടെ ഗ്ലാമര്‍ സ്വപ്‌നമായിരുന്ന ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് ആയിരുന്നു ലക്ഷ്യം. 1862 ആഗസ്റ്റ് 16 ന് മദ്രാസ് സിവില്‍ സര്‍വ്വീസില്‍ നിയമനം നേടി. അതുവരെ ശുപാര്‍ശകളിലൂടെ മാത്രം നടന്നിരുന്ന നിയമനം ഒരു ഇംഗ്ലീഷ് കര്‍ഷക യുവാവ് അധ്വാനത്തിലൂടെ കരസ്ഥമാക്കി. തുടര്‍ന്ന് മലയാളം, തെലുങ്ക്, തമിഴ് എന്നീ മൂന്ന് പ്രാദേശിക പരീക്ഷകള്‍ കൂടി പാസ്സായി. പിന്നീട് ഒരു പ്രവിശ്യയുടെ സബ് കളക്ടറും, ജോയിന്റ് മജിസ്‌ട്രേറ്റുമായി. ആ കാലത്ത് അവിടത്തെ ജന്മി വ്യവസ്ഥയില്‍ അതൃപ്തരായ കര്‍ഷകര്‍ ഭരണകൂടത്തിനെതിരെ തിരിഞ്ഞു. ഭരണ നേതൃത്വം ഇക്കാര്യം പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ആ യുവ കളക്ടറെ ചുമതലപ്പെടുത്തി. സത്യസന്ധവും നീതിയുക്തവുമായ ഒരു റിപ്പോര്‍ട്ടായിരുന്നു സമര്‍പ്പിക്കപ്പെട്ടത്. കര്‍ഷകന്റെ കഷ്ടപ്പാടുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ജന്മിമാര്‍ക്ക് രസിച്ചില്ല. അവരുടെ സ്വാധീനം മൂലം റിപ്പോര്‍ട്ട് തഴയപ്പെട്ടു. 1884 - സര്‍ക്കാര്‍ സര്‍ ടി മാധവറാവുവിനെ പ്രസിഡന്റാക്കി ഈ യുവ കളക്ടറേയും കമ്മിറ്റിയിലുള്‍പ്പെടുത്തിക്കൊണ്ട് പുതിയ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ആ റിപ്പോര്‍ട്ടും തഴയപ്പെട്ടു. 1886 ല്‍ വീണ്ടും കമ്മിറ്റി രൂപീകരിച്ചു. ഇത്തവണ ആ കമ്മിറ്റിയില്‍ യുവ കളക്ടര്‍ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങളെല്ലാം ഒഴിവാക്കിക്കൊണ്ട് പുതിയൊരു റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടു. ആ റിപ്പോര്‍ട്ടിനേയും ജന്മിമാര്‍ എതിര്‍ത്തു. ആ നാട്ടുരാജ്യത്തിന്റെ പുഴകളേയും മലകളേയും മണ്ണിനേയും വെള്ളത്തേയും സ്‌നേഹിച്ച ആ യുവഭരണാധികാരി തന്റെ റിപ്പോര്‍ട്ടിലെ ഭാഗങ്ങളൊന്നും തിരുത്താന്‍ തയ്യാറായില്ല. അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതിരുന്ന അദ്ദേഹത്തെ, അദ്ദേഹത്തിന്റെ സ്വപ്‌ന പദവിയില്‍ നിന്നും സര്‍ക്കാര്‍ പിരിച്ചുവിട്ടു. എന്നാല്‍ റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും പഠനങ്ങളും ആഴത്തിലും പരപ്പിലും ഉള്ളതായിരുന്നു. നിലവിലുള്ള സാമൂഹ്യഅവസ്ഥയുടേയും രാഷ്ട്രീയ നിലപാടുകളുടേയും പ്രകൃതിയുടേയും ചരിത്രത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും ജനജീവിതത്തിന്റെയും എല്ലാവശങ്ങളും ഉള്‍ക്കൊള്ളുന്ന സമഗ്രമായ പഠനവും പരിഹാര നിര്‍ദ്ദേശങ്ങളും കാഴ്ചപ്പാടുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍. ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട അദ്ദേഹം താന്‍ ശേഖരിച്ച അറിവുകളെ പുസ്തകമായി ക്രോഡീകരിച്ചു. അതിനദ്ദേഹം ആ നാട്ടുരാജ്യത്തിന്റെ പേര് നല്‍കി. ആ പേര് ഇതായിരുന്നു - മലബാര്‍ ! പിന്നീട് ചരിത്രമായി മാറിയ മലബാര്‍ മാന്വവല്‍. ആ യുവാവ് വില്യം ലോഗനും. അന്ന് ആ ജോലിയില്‍ നിന്നും അദ്ദേഹം പിരിച്ചുവിടപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ മലബാര്‍ മാന്വവല്‍ ഉണ്ടാകുമായിരുന്നില്ല. അവഗണിക്കപ്പെടുന്നത് കഴിവുകേടുകൊണ്ടല്ല. മറ്റൊന്നില്‍ പരിഗണിക്കപ്പെടേണ്ട കഴിവുള്ളതുകൊണ്ടാണ്. - ശുഭദിനം
Part - 49
ടെലിവിഷന്‍ കണ്ടുപിടിച്ചത് ആര് ... ഈ ചോദ്യത്തിന് ജെ എല്‍ ബേഡ് എന്ന ഉത്തരമാണ് ലോകമാകെ അംഗീകരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന് മുന്‍പും പിന്‍പും ആ മേഖലയില്‍ പ്രവര്‍ത്തിച്ചവര്‍ പലരും ടെലിവിഷന്‍ യാഥാര്‍ത്ഥ്യമാക്കിയിരുന്നു. എന്നാല്‍, തങ്ങളുടെ കണ്ടുപിടുത്തത്തിന്റെ പിഴവ് തീര്‍ത്ത് ലോകത്തെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. അമേരിക്കക്കാരനായ ചാള്‍സ് ഫ്രാന്‍സിസ് ജെങ്കിന്‍സ് 1925 ല്‍ താന്‍ കണ്ടുപിടിച്ച് ടിവിയുടെ സംപ്രേഷണം നടത്തുകയുണ്ടായി. ബെല്‍ ടെലിഫോണ്‍ കമ്പനിയിലെ ഹെര്‍ബര്‍ട്ട് ഇ ഐവ്‌സും ഫ്രാങ്ക് ഗ്രേയും 1927 ല്‍ ഒരു മെക്കാനിക്കല്‍ ടെലിവിഷന്റെ പൊതു പ്രദര്‍ശനവും നടത്തിയിട്ടുണ്ട്. ഇങ്ങനെ ജര്‍മ്മിനിയിലും ഹംഗറിയിലുമെല്ലാം പല ഗവേഷകരും ടെലിവിഷന്‍ കണ്ടുപിടച്ചതിന്റെ അവകാശവാദം ഉന്നയിക്കുകയുണ്ടായി. പലരും തങ്ങളുടെ ആദ്യ ടെലിവിഷന്റെ പൊതുപ്രദര്‍ശനവും നടത്തി. ഈ ആദ്യകാല ടെലിവിഷനുകള്‍ ഒന്നും കുറ്റമറ്റത് എന്നു പറയാനാകില്ലായിരുന്നു. അതുപോലെ തന്നെ ജെ.എല്‍ ബേഡിന്റെ ആദ്യ ടെലിവിഷനും ഒട്ടേറെ പോരായ്മകള്‍ ഉള്ളതായിരുന്നു. എന്നാല്‍ ടെലിവിഷന്‍ സംപ്രേഷണം ആരംഭിക്കാന്‍ മുന്‍കൈ എടുത്തു എന്നത് ജെ. എല്‍ ബേഡ് മാത്രം ചെയ്ത കാര്യമാണ്. നിരന്തരപഠനത്തിലൂടെ ടെലിവിഷന്‍ മികവുറ്റതാക്കാന്‍ ബേഡ് ശ്രമിച്ചു. അദ്ദേഹം സ്ഥാപിച്ച കമ്പനി ടെലിവിഷന്‍ സെറ്റുകള്‍ ഉണ്ടാക്കി വില്‍ക്കുകയും ചെയ്തു. ഇതൊക്കെ അദ്ദേഹത്തെ ടെലിവിഷന്റെ പിതാവെന്ന സ്ഥാനത്തിന് അര്‍ഹനാക്കി. ലക്ഷ്യം... അതിനെ ഒരു നിശ്ചിത കാലത്തിന്റെ പരിമിതിയില്‍ നിര്‍ത്തരുത് . തുടര്‍ച്ച അതാണ് വിജയത്തിന്റെ വളര്‍ച്ച - ശുഭദിനം
Part - 48
ഇന്ന് റോബോട്ട് എന്ന വാക്ക് കേൾക്കാത്ത ആരുണ്ട്, ആ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ത് എന്നും നമ്മുക്ക് കൃത്യമായി അറിയാം, സാങ്കേതിക വിദ്യ എല്ലാ മേഖലയിലും വികസിച്ചുകൊണ്ടേ ഇരിക്കുന്നു, സൈന്റിസ്റ്റുകൾ ലോകത്തിനു ഒരു പുതിയ മുഖം നല്കിക്കൊണ്ടേയിരിക്കുന്നു. റോബോട്ട് അതിലെ നിർണായക ഘടകവും. ഏത് റോബോട്ടിക് എഞ്ചിനീയർ ആയിരിക്കും ഈ വാക്ക് കണ്ടുപിടിച്ചത്. ഉറപ്പായിട്ടും സാങ്കേതിക വിദ്യയുടെ മേഖലയിലെ പ്രഗത്ഭനായ ഒരാൾ എന്നായിരിക്കും നമ്മൾ ചിന്തിക്കുക. എന്നാൽ അങ്ങനെയല്ല, 20ആം നൂറ്റാണ്ടിന്റെ ആദ്യകാലത്തു റഷ്യയിൽ ജീവിച്ചിരുന്ന ഒരു നാടക കൃത്തായിരുന്നു കാരെൻ കാപെക്. 1921ൽ അദ്ദേഹം എഴുതിയ നാടകം ആയിരുന്നു Rossumen's Universal Robots. ഒരു ഫാക്ടറിയിൽ യന്ത്ര മനുഷ്യരെ ജോലിക്ക് വെക്കുന്നതും പിന്നീട് ഇവ മനുഷ്യനെതിരെ ആകുന്നതുമാണ് കഥ. റോബോട്ട് എന്ന വാക്ക് ആദ്യം വന്നത് ഈ നാടകത്തിൽ ആയിരുന്നു, അടിമ എന്ന അർത്ഥത്തിൽ ആയിരുന്നു വാക്കിന്റെ ഉപയോഗം, നോക്ക് ഒരു സയൻസ് വാക്ക് പിറവിയെടുത്തത് ഒരു കലാകാരനിൽ നിന്നും !
ഒന്നും പ്രവചന സ്വഭാവ ത്തിൽ കാണരുത്. നമ്മുടെ മേഖലകൾക്ക് വേലികെട്ടരുത്. ഒരുപക്ഷെ നാളെയുടെ നാഴിക കല്ലുകൾ ആകുന്നതു നമ്മുടെ ഒരു ചെറിയ ചിന്ത ആകാം. -ശുഭദിനം
Part - 47
അനിൽ കുംബ്ലെ - ഇന്ത്യയുടെ മികച്ച ക്യാപ്റ്റൻമാരിൽ ഒരാൾ. ഇന്ത്യ കണ്ട മികച്ച ലെഗ് സ്പിന്നർ, ഏകദിനത്തിലും ടെസ്റ്റിലും മികച്ച വിക്കറ്റ് വേട്ടക്കാരൻ, ടെസ്റ്റിൽ 500ൽ പരം വിക്കറ്റുകൾ, ടെസ്റ്റിൽ ഏറ്റവും അധികം വിക്കറ്റെടുത്ത ഇന്ത്യൻ കളിക്കാരൻ, തീർന്നില്ല ടെസ്റ്റിൽ 10 വിക്കറ്റും സ്വന്തമാക്കിയ ബൗളർ ! കുംബ്ലെ അങ്ങനെ വലിയൊരു സംഭവം ആയിരുന്നു ആ കാലത്ത്. ഇനി മറ്റുചിലത് കൂടി ഈ ക്യാപ്റ്റനെ കുറിച്ച്. 2007ൽ ഇന്ഗ്ലണ്ടിനെതിരെ നടന്ന ഓവൽ ടെസ്റ്റിൽ കുംബ്ലെ സെഞ്ചുറി നേടി, അതായിരുന്നു കുംബ്ലെയുടെ ആദ്യത്തെ സെഞ്ച്വറി, അത് മാത്രമായിരുന്നു രാജ്യാന്തര മത്സരത്തിലെ ഒരേയൊരു സെഞ്ചുറിയും. കരിയറിലെ 151 ഇന്നിങ്സിൽ ആയിരുന്നു ആ സെഞ്ച്വറി. മറ്റൊന്നുകൂടി, ആദ്യത്തെ ആ സെഞ്ച്വറി നേടാൻ അദ്ദേഹം നേരിട്ടത് 118 ടെസ്റ്റുകൾ ! ഒരു വശത്തു നേട്ടങ്ങളുടെ കൂമ്പാരം, മറുവശത്തു ഒരു സെഞ്ചുറിക്ക് വേണ്ടി 118 ടെസ്റ്റ് കാത്തിരുന്നു കളിക്കാരൻ, ഏതിനെയാണ് നമ്മൾ ബഹുമാനിക്കേണ്ടത്. ഒരാൾക്ക് എല്ലാ കഴിവുകളും ഉണ്ടാകണം എന്ന് നിർബന്ധം ആവശ്യമില്ല, അല്ലാതെയും ക്യാപ്റ്റൻ ആയി ശോഭിക്കാം - ശുഭദിനം


