Day 130

അവന്‍ വിമാനത്താവള പരിപാലന വിഭാഗത്തില്‍ പരിശീലനത്തിനായി നിയോഗിക്കപ്പെട്ടിരിക്കുകയാണ്.   അവന് അവിടെ വെച്ച് ഒരു ബുക്ക് കിട്ടി.  എങ്ങനെ വിമാനം പറത്താം എന്നതായിരുന്നു  അതിലെ ഉള്ളടക്കം.  അവന്‍ ആ ബുക്കിലെ ആദ്യം ഭാഗം വായിച്ചു.  വിമാനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ചുവന്ന ബട്ടണ്‍ അമര്‍ത്താന്‍ അതില്‍ എഴുതിയിരിക്കുന്നു അവന്‍ വിമാനത്തില്‍ കയറി അതുപോലെ ചെയ്തപ്പോള്‍ വിമാനം സ്റ്റാര്‍ട്ട് ആയി.  പിന്നീടുള്ള നിര്‍ദ്ദേശം വിമാനം ചലിക്കണമെങ്കില്‍ നീല ബട്ടണ്‍ അമര്‍ത്താനായിരുന്നു.  അത് ചെയ്തപ്പോള്‍ വിമാനം ചലിച്ചു.  തൊട്ടടുത്ത പേജുകളില്‍ വിമാനം മുകളിലേക്ക് പറത്താനുള്ള വഴി പറഞ്ഞിരുന്നു.  അയാള്‍ അതനുസരിച്ച് വിമാനം പറത്തി.  അവസാനം താഴെ ഇറങ്ങാന്‍ ഉള്ള നിര്‍ദ്ദേശം നോക്കിയപ്പോള്‍ ആ ബുക്കിന്റെ അവസാനം ഇങ്ങനെ എഴുതിയിരിക്കുന്നത് കണ്ടു. തിരികെയിറക്കുന്നത് എങ്ങിനെയെന്നറിയാന്‍ പുസ്തകത്തിന്റെ രണ്ടാംഭാഗം വായിക്കുക പറന്നുയരാന്‍ മാത്രമല്ല, പറന്നിറങ്ങാന്‍ കൂടി പഠിക്കണം.അത്യുന്നതങ്ങളില്‍ നില്‍ക്കുന്നവര്‍ക്കും അടിമപ്പണി ചെയ്യുന്നവര്‍ക്കും അടിസ്ഥാനാവശ്യങ്ങള്‍ ഒന്നുതന്നെയാണ്.  വായു, ഭക്ഷണം, വസ്ത്രം, സൗഹൃദം, ദൈന്യതകളിലെ പരാശ്രയത്വം ഇതെല്ലാം പറക്കുന്നവര്‍ക്കും ഇഴയുന്നവര്‍ക്കും ഒരുപോലെയാണ്.  എത്ര ഉയര്‍ന്നുപറന്നാലും ഒരിക്കല്‍കാലുകുത്തണം.  അതിന് സ്വന്തമായ ലാന്റിങ്ങ് സ്‌പേസ് ഉണ്ടാകണം.  ആ തിരിച്ചിറങ്ങലില്‍ ശുദ്ധവായുവും മനസമാധാനവും ലഭിക്കണം.   നമുക്കും പറക്കാം, തിരിച്ചിറങ്ങാനുള്ള ലാന്റിങ്ങ് സ്‌പേസ് സ്വന്തമാക്കിക്കൊണ്ട്

Day 129

അച്ഛന്‍ വ്യോമസേനാ ഉദ്യോഗസ്ഥനായതിനാല്‍ രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ സ്‌കൂളുകള്‍ മാറേണ്ടിവന്നു ആ കുട്ടിക്ക്. അലഹബാദിലെ കേന്ദ്രീയ വിദ്യാലത്തില്‍ നിന്ന് പ്ലസ്ടു കഴിഞ്ഞ് ഐഐടി കാന്‍പൂരില്‍ പ്രവേശനം കിട്ടുന്നു. 1995 ല്‍ ഐഐടി ജയിച്ചപ്പോള്‍ പിന്നെ ഐഐഎം പ്രവേശനത്തിനുള്ള തയ്യാറെടുപ്പ് നടത്തി. ആ വഴി കുറച്ച് മുന്നോട്ട് പോയപ്പോള്‍ ഈ വഴിയല്ല തന്റേതെന്ന് അയാള്‍ക്ക് തോന്നിത്തുടങ്ങി. അങ്ങനെയാണ് അയാള്‍ സിവില്‍ സര്‍വീസ് പരീക്ഷാ തയ്യാറെടുപ്പിലേക്ക് തിരിയാന്‍ തീരുമാനിച്ചത്. അങ്ങനെ 1996 ല്‍ തന്നെ അയാള്‍ സിവില്‍ സര്‍വീസ് നേടി. ആ വര്‍ഷത്തെ ബാച്ചില്‍ ഐപിഎസുകാരനായി ജോലിയിലും കയറി. കേരളത്തില്‍ തിരുവനന്തപുരം പോലീസ് കമ്മീഷണറായി. - രാജന്‍ സിങ്ങ്. 2005 ല്‍ ഐപിഎസ് വേണ്ടെന്ന് വെച്ച് അദ്ദേഹം പുതിയ വഴി തേടി. അങ്ങനെ ഐപിഎസില്‍ നിന്ന് രാജിവെച്ച് യുഎസിലെ പ്രശ്‌സ്തമായ വാര്‍ട്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ എംബിഎ. പഠനശേഷം ലോകത്തിലെ തന്നെ ഒന്നാം നന്വര്‍ കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ മക്കിന്‍സിയില്‍ കണ്‍സള്‍റ്റന്റായി. അവിടെ കുറച്ചുകാലം ജോലി ചെയ്ത് തിരികെ ഇന്ത്യയിലേക്ക്. ഒരു ഇന്‍വെസ്റ്റഅമെന്റ് ബാങ്കില്‍ അഡൈ്വസറായി. പിന്നെ കരുതി എന്തിന് മറ്റുള്ളവര്‍ക്ക് വേണ്ടി ജോലി ചെയ്യണം എന്ന്.. അങ്ങനെ ലക്ഷകണക്കിന് രൂപ ശമ്പളം കിട്ടുന്ന ആ ജോലി രാജിവെച്ച് തിരുവനന്തപുരത്ത് ഒരു കമ്പനി തുടങ്ങി. 'ഹാബിറ്റ് സ്‌ട്രോങ്ങ്' ! Focussed Learning and Focussed Work എന്നതാണ് ഈ കമ്പനിയുടെ മുദ്രാവാക്യം. പഠനമായാലും ജോലിയായാലും അതില്‍ ഏറ്റവും കൂടുതല്‍ എങ്ങിനെ ഫോക്കസ് ചെയ്യണമെന്ന് ഈ കമ്പനി നമ്മളെ പഠിപ്പിക്കുന്നു.. എന്ത് പഠിക്കുന്നു എന്നതല്ല, എങ്ങിനെ പഠിക്കുന്നു എന്നതാണ് പ്രധാനം. ജീവിതയാത്രകള്‍ തുടര്‍ന്നുകൊണ്ടിരിക്കും. പക്ഷേ ലക്ഷ്യബോധത്തോടെയുള്ള യാത്രകള്‍ നമ്മെ വിജയവീഥിയിലെത്തിക്കുക തന്നെ ചെയ്യും.

Day 128

ആഫിക്കന്‍ രാജ്യമായ മൗറീഷ്യസില്‍ ഒരു പക്ഷിവംശം ഇല്ലാതായി. ഡ്യോഡു എന്നാണ് ആ പക്ഷിയുടെ പേര്. ഏകദേശം നമ്മുടെ താറാവിനെപോലെയിരിക്കും. ഇതൊടൊപ്പം തന്നെ മറ്റൊരു കാര്യവും അവിടെ നടന്നു. കല്‍വാരിയ എന്ന പേരുള്ള മധുരമുള്ള പഴങ്ങള്‍ ധാരാളം ഉണ്ടാകുന്ന ഒരു മരവും അവിടെ അപ്രത്യക്ഷമായി. ഈ പക്ഷിയും മരവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നായി അടുത്ത അന്വേഷണം. അവസാനം അവര്‍ ഉത്തരം കണ്ടെത്തി. കല്‍വാരിയ മരത്തിന്റെ വിത്തുകള്‍ മരച്ചുവട്ടില്‍ നിന്നും പലയിടത്തായി കൊണ്ടുപോയി നിക്ഷേപിച്ചിരുന്നത് ഡ്യോഡു പക്ഷിയായിരുന്നു. ആ പക്ഷിയുടെ ദഹനപ്രക്രിയയില്‍ മാത്രമേ വിത്തിന് പതം വന്ന് പുതിയ നാമ്പുകള്‍ മുളയ്ക്കാന്‍ ആ വിത്ത് പ്രാപ്തമാവുകയുള്ളൂ. ആ പക്ഷിയില്ലാതായപ്പോള്‍ ആ മരവും ഇല്ലാതായി നമ്മുടെ ജീവിത്തിലും അങ്ങിനെ തന്നെയാണ്.. ഒരാള് പോയാല്‍ വേറൊരാളെ കിട്ടൂലെ എന്നെല്ലാം ചോദിക്കാന്‍ എത്ര എളുപ്പമാണ്. പ്രകൃതിയെ മാത്രമല്ല, ചില മനുഷ്യരേയും അങ്ങിനെ തന്നെയാണ് ഈശ്വരന്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. പലരും പലരുടേയും മുറിവുകളെ ഉണക്കുന്ന പച്ചമരുന്നാണ്. സ്‌നേഹിക്കാന്‍ ഒരു കാരണമെങ്കിലും ബാക്കിയുണ്ടെങ്കില്‍ നമുക്കും മറ്റുള്ളവരെ ചേര്‍ത്തുനിര്‍ത്താം.

Day 127

ഫിമി ഒത്ത്‌ഡോല ആഫ്രിക്കയിലെ കോടീശ്വരനാണ്. ഒരിക്കല്‍ ഒരു ഇന്റര്‍വ്യൂവില്‍ അദ്ദേഹത്തിനോട് ഒരു ചോദ്യം ഒരാള്‍ ചോദിച്ചു: ഇതുവരെ ജീവിച്ചുതീര്‍ത്ത ആയുസ്സിലെ ഏറ്റവും അര്‍ത്ഥപൂര്‍ണ്ണമായ നിമിഷം ഏതാണ്? അപ്പോള്‍ അദ്ദേഹം ഒരു സംഭവം പറഞ്ഞു: ' ഈയടുത്ത് എന്റെ സുഹൃത്ത് ഒരു സഹായം ചോദിച്ചു. നടക്കാന്‍ കഴിയാത്ത കുറച്ച് കുട്ടികള്‍ താമസിക്കുന്ന ഒരു സ്ഥാപനമുണ്ട്. അവര്‍ക്ക് കുറച്ച് വീല്‍ചെയറുകള്‍ കിട്ടിയാല്‍ വളരെ ഉപകാരമായിരിക്കും. എന്റെ കമ്പനി അതേറ്റെടുത്തു. വീല്‍ ചെയര്‍ കൈമാറുന്ന ചടങ്ങില്‍ ഞാന്‍ ഉണ്ടാകണമെന്ന് സുഹൃത്ത് നിര്‍ബന്ധിച്ചു. അങ്ങനെ ഞാന്‍ അവിടെ പോയി. വേദിയിലേക്ക് ഇഴഞ്ഞുവരുന്ന കുഞ്ഞുമക്കള്‍ വീല്‍ചെയറില്‍ തിരിച്ചുപോകുന്നത് കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി. അവിടെയുള്ള മുഴുവന്‍ കുട്ടികളും വീല്‍ചെയറില്‍ ഇരുന്ന് പുഞ്ചിരിച്ചപ്പോള്‍ എന്ന മനസ്സ് നിറഞ്ഞതുപോലെ തോന്നി. പക്ഷേ, എന്റെ ആയുസ്സിലെ ഏറ്റവും അര്‍ത്ഥപൂര്‍ണ്ണമായ നിമിഷം സംഭവിച്ചത് പിന്നീടാണ്. ആ സ്ഥാപനത്തില്‍ നിന്നും തിരികെ പോരാന്‍ ഒരുങ്ങുമ്പോള്‍ ഒരു കുഞ്ഞ് എന്റെ കാലില്‍ ചുറ്റിപ്പിടിച്ചു മുഖത്തേക്ക് നോക്കുന്നു. ഞാന്‍ പുഞ്ചിരിച്ചുകൊണ്ട് എന്തേ എന്ന ഇങ്ങനെ നോക്കുന്നു എന്ന് ചോദിച്ചപ്പോള്‍ അവളൊരു മറുപടി പറഞ്ഞു: പ്രാര്‍ത്ഥിക്കുമ്പോള്‍ എനിക്കീ മുഖം ഓര്‍മ്മിക്കാനാണ്. എന്ന് ! ... ജീവിതത്തിലെ ചില നിമിഷങ്ങള്‍ അങ്ങനെയാണ് മനസ്സും കണ്ണും ഒരുമിച്ച് നിറച്ച്കളയും. നമുക്കും നമ്മുടെ ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍ ശ്രമിക്കാം

Day 126

തൊണ്ണൂറുകളില്‍ ടെക്‌നോപാര്‍ക്കിന്റെ ആദ്യകാലത്ത് അവിടത്തെ ക്ലീനിങ്ങ് സ്റ്റാഫായാണ് ബിനു എന്ന ചെറുപ്പക്കാരന്‍ ജോലിചെയ്യാനെത്തിയത്. പ്രീഡിഗ്രി വിദ്യാഭ്യാസയോഗ്യയുള്ള പതിനെട്ട് വയസ്സ്മാത്രം പ്രായമുള്ള ഒരാള്‍. അയാളുടെ അച്ഛന് പേരൂര്‍ക്കടയില്‍ തലച്ചുമടാണ് ജോലി. അമ്മ സെക്രട്ടറിയേറ്റില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റായി ജോലി ചെയ്യുന്നു. സ്വന്തമായി ഒരു സംരംഭം അയാളുടെ സ്വപ്നമായിരുന്നു. ജോലിയില്‍ പ്രവേശിച്ച് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ പതിയെ തന്റെ സ്വപ്നത്തെ പൊടിതട്ടിയെടുത്തു. ചെയ്തുകൊണ്ടിരിക്കുന്ന, തനിക്ക് പരിചയമുള്ള മേഖലയില്‍ തന്നെ ഒരു ബിസിനസ്സ്. തന്നോടൊപ്പം രണ്ടുമൂന്ന് പേരെ കൂടി കൂട്ടി വളരെ ചെറിയ നിലയില്‍ അയാള്‍ ഒരു ക്ലീനിങ്ങ് സംരംഭം ആരംഭിച്ചു. കുറച്ച് നാളുകള്‍ക്ക് ശേഷം ടെക്‌നോപാര്‍ക്കിലെ വിവിധ കമ്പനികള്‍ക്ക് ആളെ കൊടുക്കുന്ന നിലയിലേക്ക് അയാള്‍ വളര്‍ന്നു. മാത്രമല്ല, പുറമെയുള്ള കമ്പനികള്‍ക്കും ശുചീകരണത്തിന് ആളുകളെ സപ്ലൈ ചെയ്യാനും അയാള്‍ക്ക് സാധിച്ചു. ഇന്ന് അദ്ദേഹത്തിന് കീഴില്‍ ഏകദേശം 200 ഓളം പേര്‍ ജോലി ചെയ്യുന്നുണ്ട്. പഠനവും ബിരുദവുമെല്ലാം ജീവിതത്തില്‍ പ്രധാനം തന്നെയാണ്. പക്ഷേ, കിട്ടിയ സാഹചര്യങ്ങളാല്‍ ഉന്നതപഠനത്തിന്റെ പടവുകള്‍ കയറിപ്പോകാന്‍ സാധിക്കാതിരുന്നതുകൊണ്ട് നിരാശയോടെ ജീവിതത്തില്‍ കാലിടയവര്‍ക്ക് ബിനു ഒരു ചൂണ്ടുപലകയാണ്. കിട്ടിയ അവസരങ്ങളൊന്നും നഷ്ടപ്പെടുത്താതെ കൃത്യമായ ആസൂത്രണത്തോടെ തന്നെ അയാള്‍ മുന്നോട്ട് പോയി. ക്ലീനിങ്ങ് ബോയി ആയി അവസാനിക്കേണ്ട ജീവിതത്തെ തന്റെ കഠിനാധ്വാനവും ദീര്‍ഘവീക്ഷണവും അവസരോചിതമായ പ്രവര്‍ത്തനങ്ങളും മൂലം വിജയവീഥിയിലെത്തിക്കാന്‍ അയാള്‍ക്ക് സാധിച്ചു. ചെറിയ മോഹങ്ങളുടെ തടവറയില്‍ സ്വയം തളച്ചിടാതെ, ചെറിയ വട്ടത്തില്‍ നിന്നും വലിയ റേഡിയസ്സിലേക്ക് ജീവിതത്തെ നമുക്ക് വരച്ചുവലുതാക്കാം.

Day 125

ആ മത്സ്യം ഒരു ചില്ലുപാത്രത്തിലാണ് നീന്തിക്കളിച്ചിരുന്നത്. പെട്ടെന്നാണ് ഒരു കല്ല് വന്ന് ആ പാത്രയില്‍ ഒരു തുളയുണ്ടാക്കി കടന്നുപോയത്. അതിലൂടെ വെള്ളം പുറത്തേക്ക് ഒഴുകി. അതിലുള്ള മത്സ്യത്തിന് ആകെ പരിഭ്രാന്തിയായി. മത്സ്യം മരണം മുന്നില്‍ കണ്ടു. പെട്ടന്നാണ് ഒരാള്‍ കടന്നുവന്ന് ആ ദ്വാരത്തില്‍ അമര്‍ത്തിപ്പിടിച്ചത്. പിന്നെ ഒരു തുള്ളിപോലും വെള്ളം പുറത്തേയ്ക്ക് ഒഴുകിയില്ല. തിരിച്ചുകിട്ടിയ പ്രാണനുമായി മത്സ്യം പതിയെ നീന്തുതുടങ്ങി. ഈ ചെറുമത്സ്യത്തിനുമാത്രമല്ല, ഇങ്ങനെ നമ്മുടെ നോവുകള്‍ക്കും സാന്ത്വനമാകാന്‍ ഒരു കൈവന്നിരുന്നെങ്കില്‍.. ഒരു മനുഷ്യന്‍ തന്റെ ജീവിതത്തില്‍ പറയാനാഗ്രഹിക്കുന്നതിന്റെ പത്ത് ശതമാനം പോലും പറയുന്നില്ല. പറയാത്ത കാര്യങ്ങളിലാണ്, പറയാനൊന്നും കഴിയാത്ത കാര്യങ്ങളിലാണ് ഓരോരുത്തരുടേയും പ്രാണന്‍ പിടയുന്നത്. ' ഞാന്‍ അനുഭവിച്ചതൊന്നും ആര്‍ക്കും മനസ്സിലാവില്ല' എന്ന ഒറ്റവാക്കില്‍ അവര്‍ എല്ലാം ഒളിപ്പിക്കും. കണ്ണ് തുറന്നുനോക്കിയാല്‍ നമുക്ക് ചുറ്റും ഇത്തരമാളുകളെ കാണാം, നമ്മോടൊപ്പം നടക്കുന്ന , നമ്മോട് സംസാരിക്കുന്ന, ഒരേ വീട്ടില്‍ കഴിയുന്ന, ഒരേ ഓഫീസില്‍ ജോലിചെയ്യുന്ന, കൂട്ടുകൂടുന്ന ആളുകള്‍. അവരെ നമ്മള്‍ വളരെ കുറച്ചുമാത്രമേ അറിഞ്ഞിട്ടുള്ളൂ. ബാക്കിയെല്ലാം ആ കണ്ണുകളിലും മുഴുമിക്കാതെ ബാക്കിവെച്ച വാക്കുകളിലുമുണ്ട്. വലിയ വിലപിടിപ്പുള്ളതൊന്നും നാം അവര്‍ക്ക് നല്‍കേണ്ട, ഒരു പുഞ്ചിരി അവര്‍ക്ക് നല്‍കിയാല്‍ മതി... ഒരിറ്റു പേലും പരിഹാസമില്ലാത്ത ഒരു പുഞ്ചിരി.. ഹൃദയത്തില്‍ നിന്നും പുറപ്പെട്ട് കണ്ണില്‍ തെളിയുന്ന തെളിഞ്ഞ ചിരി.....

Day 124

അയാള്‍ ഒരു ആല്‍മരചുവട്ടില്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു കുട്ടി രണ്ടു കിളികളെ കൂട്ടില്‍ ഇട്ടിരിക്കുന്നത് കണ്ടത്. അയാള്‍ ആ കുട്ടിയോട് ചോദിച്ചു: നീ ഈ കിളികളെകൊണ്ട് എന്താണ് ചെയ്യുക? അപ്പോള്‍ കുട്ടി പറഞ്ഞു: ഞാന്‍ ഇവയെ കുറെ നേരം കളിപ്പിക്കും. പിന്നെ കാലുകള്‍ കൂട്ടികെട്ടുകയോ ചിറകുകള്‍ കൂട്ടികെട്ടുകയോ ചെയ്ത് പറപ്പിക്കും. അപ്പോള്‍ ഇവയുടെ കരച്ചില്‍ കേള്‍ക്കാന്‍ നല്ലരസമാണ്. അപ്പോള്‍ അയാള്‍ ചോദിച്ചു: അതുകഴിയുമ്പോള്‍ നീ എന്താണ് ചെയ്യുക? കുട്ടി പറഞ്ഞു: ഞാന്‍ ഇവയെ പൂച്ചയ്ക്ക് കൊടുക്കും. അയാള്‍ വീണ്ടും ചോദിച്ചു: നീ ഇതിനു തീറ്റകൊടുക്കുന്നുണ്ടോ? അവന്‍ പറഞ്ഞു: ഉവ്വ്, എനിക്കാവശ്യമുള്ള അത്രയും നേരം ജീവന്‍ നിലനില്‍ക്കാനുള്ള ഭക്ഷണം ഞാന്‍ കൊടുക്കുന്നുണ്ട്... അന്നം തരുന്നവരെല്ലാം അഭ്യുദയകാംക്ഷികളല്ല, ചിലപ്പോള്‍ അത്തരം അപ്പകഷ്ണങ്ങളുടെ പിറകില്‍ ഒരു ചൂണ്ടക്കൊളുത്ത് ഉണ്ടാകും. ആഹാരം തരുന്നവരോടുള്ള ഉപകാരസ്മരണ ചിലപ്പോള്‍ അടിമത്തമായിമാറിപോകാന്‍ സാധ്യതയുണ്ട്. അത്തരം ദുര്‍ബലനിമിഷത്തിലാണ് ഒരാള്‍ക്ക് ആത്മാവ് നഷ്ടപ്പെടുന്നത്. ഒരു സൗജന്യവും സൗജന്യമല്ല. അവയുടെ പിറകില്‍ നല്‍കുന്നവരുടെ ചില ഉദ്ദേശങ്ങളുണ്ട്. അതിന്റെ ശരിതെറ്റുകളിലാണ് നല്‍കുന്ന സൗജന്യത്തിന്റെ നൈതികത. എന്നും കുറച്ച് വീതം അന്നം നല്‍കുക. അപ്പോള്‍ അവന്‍ എന്നും സ്തുതിപാഠകരായി കൂടെത്തന്നെയുണ്ടാകും. എന്നാല്‍ സ്വയം അന്നം കണ്ടെത്താന്‍ അത്തരക്കാര്‍ നമ്മെ പഠിപ്പിക്കില്ല. കാരണം, അങ്ങയായാല്‍ അവര്‍ക്ക് തങ്ങളിലുള്ള ആശ്രയത്വം നഷ്ടപ്പെടും. കൂടെ നിര്‍ത്തുന്നവരെല്ലാം കൂടപ്പിറപ്പുകളാകണമെന്നില്ല. കുടിപ്പകയുള്ളവരും കൂട്ടുകൂടും. ആവശ്യത്തിന് ശേഷം ഉപേക്ഷിക്കും എന്ന മുന്‍കരുതലോടെ വേണം ഓരോ ബന്ധങ്ങളിലൂടെയും യാത്ര തുടരാന്‍. അങ്ങനെ ചെയ്താല്‍ നമുക്ക് സ്വയം പര്യാപ്തതയുടെ ബാലപാഠങ്ങള്‍ പഠിക്കാം. ആശ്രയത്വം അടിമത്തമായി മാറാതെ നമുക്ക് ശ്രദ്ധിക്കാം.

Day 123

തിരുവനന്തപുരത്തെ വെഞ്ഞാറമൂടാണ് സഫീറിന്റെ ജന്മദേശം. നാട്ടിലുള്ള മുസ്ലീം അസോസിയേഷന്‍ എന്‍ജിനീയറിങ്ങ് കോളേജില്‍ ബിടെക് പഠനം. 2011 ല്‍ ബി.ടെക് പഠനം അവസാനിച്ചുവെങ്കിലും സപ്ലി ഉണ്ടായിരുന്നതിനാല്‍ ഡിഗ്രി കിട്ടിയത് 2012 ലാണ്. സപ്ലിക്ക് വേണ്ടി മാറ്റിവെച്ച ആ ഒരു വര്‍ഷമാണ് സഫീറിന്റെ ജീവിത്തെ മാറ്റിമറിക്കുന്നത്. പാസ്സാകാത്ത പേപ്പറുകള്‍ പഠിക്കുന്നതിനിടയില്‍ ഹെല്‍ത്ത് ആക്ഷന്‍ ഫോര്‍ പീപ്പിള്‍ എന്ന എന്‍ജിഒ യിലും സഫീര്‍ ജോലി ചെയ്തു. ഇവിടെ വെച്ചാണ് തുണി സഞ്ചി പലസ്ഥലത്തുനിന്നും ശേഖരിച്ച് വില്‍പനനടത്താന്‍ സഫീര്‍ ആരംഭിച്ചത്. കേരളത്തിനകത്തും തമിഴ് നാട്ടില്‍ നിന്നുമെല്ലാം ഇങ്ങനെ വൈവിധ്യങ്ങളായ തുണിസഞ്ചികള്‍ ശേഖരിച്ച് അദ്ദേഹം തിരുവനന്തപുരത്ത് വിറ്റഴിച്ചു. 2016 ല്‍ തിരുവനന്തപുരം നഗരം പ്ലാസ്റ്റിക് മുക്തമാക്കാനുള്ള നഗരസഭയുടെ തീരുമാനത്തില്‍ സഫീറും ഭാഗഭാക്കായി. സാഞ്ചി ബാഗ്‌സ് എന്ന പേരില്‍ തുണിസഞ്ചി അദ്ദേഹം നിര്‍മ്മിച്ചു. ബിടെക്കുകാരന്‍ തുണിസഞ്ചി വില്‍ക്കാന്‍ നടക്കുന്നുവെന്ന് പലരും കളിയാക്കി. പക്ഷേ, തന്റെ കുടുംബം മുഴുവന്‍ സഫീറിന്റെ ഒപ്പമുണ്ടായിരുന്നു. പണ്ട് ചലചിത്രോത്സവവേദിക്ക് പുറത്ത് തുണിസഞ്ചി വിറ്റുനടന്നിരുന്ന ആ ചെറുപ്പക്കാരന്റെ ബാഗുകള്‍ ഇന്ന് കേരള രാജ്യാന്തര ചലചിത്രമേളയുടെ 25-ാം വര്‍ഷത്തില്‍ ഔദ്യോഗിക ഡെലിഗേറ്റ് ബാഗായി മാറി. പരാജയങ്ങള്‍ വിജയത്തിനുള്ള ഒരു അവസരമാണ്. നഷ്ടങ്ങളില്‍ തളര്‍ന്നിരിക്കാതെ, നേട്ടങ്ങളിലേക്ക് ആവേശപൂര്‍വ്വം ചുവട് വെയ്ക്കാന്‍ നമുക്കും സാധിക്കട്ടെ.

Day 122

കാട്ടിലേക്ക് യാത്ര നടത്തുക അയാള്‍ക്ക് ഒരു ഹരമായിരുന്നു. ഒരിക്കല്‍ ഇതുപോലെയൊരു യാത്രയില്‍ അയാള്‍ ഒരു മലയുടെ മുകളിലെത്തി. അല്പനേരം അവിടെ ചിലവഴിച്ചശേഷം താഴേക്കിറങ്ങാനൊരുങ്ങുമ്പോള്‍ മുന്നില്‍ ഒരു പാമ്പ്. പേടിയോടെ നില്‍ക്കുന്ന അയാളോട് പാമ്പ് പറഞ്ഞു: ഒരു കഴുകന്റെ കയ്യില്‍ നിന്നും രക്ഷപ്പെട്ട് ഞാന്‍ ഇവിടെ എത്തിയതാണ്. ഇതിനുമുകളിലെ കാലാവസ്ഥ എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല. മുറിവ് പറ്റിയതിനാല്‍ ഒരുപാട് ദൂരം ഇഴഞ്ഞ് നീങ്ങാനും എനിക്ക് സാധിക്കുന്നില്ല. എന്നെകൂടി താഴേക്ക് കൊണ്ടുപോകാമോ? അപ്പോള്‍ അയാള്‍ ചോദിച്ചു: നീ എന്നെ ഉപദ്രവിക്കുമോ? അപ്പോള്‍ പാമ്പ് പറഞ്ഞു: ഞങ്ങള്‍ സഹായിക്കുന്നവരെ ഉപദ്രവിക്കാറില്ല. അയാള്‍ പാമ്പിനെയുമെടുത്ത് താഴ്വാരത്തിലെത്തി. നിലത്ത് വിട്ടയുടനെ പാമ്പ് അയാളുടെ കാലില്‍ ആഞ്ഞുകൊത്തി. വേദനകൊണ്ട് പുളയുമ്പോള്‍ അയാള്‍ ചോദിച്ചു: നീയല്ലേ ഉപദ്രവിക്കില്ലെന്ന് പറഞ്ഞത്. അപ്പോള്‍ പാമ്പ് ചോദിച്ചു: ഞാന്‍ ഇങ്ങനെയാണെന്നറിഞ്ഞിട്ടും നീ എന്തിനാണ് എന്നെ ചുമന്നത് നമ്മുടെ ജിവിതത്തിലും പലപ്പോഴും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറില്ലേ.. ആകസ്മിക അപകടങ്ങള്‍ കൊണ്ടല്ല, അനര്‍ത്ഥമുണ്ടാകുമെന്നറിഞ്ഞിട്ടും ക്ഷണിച്ചുവരുത്തുന്ന അപകടങ്ങള്‍ മൂലമാണ് അധികമാളുകളും അര്‍ഹിക്കാത്ത യാതനകള്‍ അനുഭവിക്കുന്നത്. അറിയാതെ ചെയ്യുന്ന തെറ്റുകള്‍ തിരുത്താം. പക്ഷേ, മനഃപൂര്‍വ്വം ഏര്‍പ്പെടുന്ന ദുഷ്‌കര്‍മ്മങ്ങളില്‍ നിന്നുംപുറത്തുവരിക പലപ്പോഴും ദുഷ്‌കരമാണ്. ആദ്യത്തേത് അബദ്ധവും രണ്ടാമത്തേത് അടിമത്തവുമാണ്. ക്ഷണിച്ചുവരുത്തുന്ന അപകടങ്ങളെ നമുക്ക് മനപൂര്‍വ്വം ഒഴിവാക്കാം.. അത്തരം മാനസികഅടിമത്തത്തില്‍ നിന്നും നമുക്ക് മാനസികസ്വാതന്ത്ര്യത്തിലേക്ക് നടക്കാം.

Day 121

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അമേരിക്കയിലെ ഒരു ശീതകാലം. ഇലക്ട്രിക് ഹീറ്റര്‍ ഇല്ലാതിരുന്നതിനാല്‍ അന്ന് എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും ചിമ്മിണിയോടുകൂടിയ ഒരടുപ്പ് സജ്ജമാക്കിയിരുന്നു. ഒരിക്കല്‍ ഒരു ശീതകാലത്ത് വിദ്യാലയത്തിലെ അടുപ്പ് ചൂടാക്കുവാന്‍ അടുത്തുതാമസമാക്കിയ ഒരു വിദ്യാര്‍ത്ഥിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. അതിന് അവന് ചെറിയൊരു തുക വരുമാനവും ലഭിച്ചിരുന്നു. വിദ്യാലയം തുറക്കുന്നതിന് വളരെ മുമ്പ് തന്നെ അവന്‍ വന്ന് ചിമ്മി ണി അടുപ്പ് കത്തിക്കുമായിരുന്നു. ഒരു ദിവസം വിദ്യാലയത്തിലെത്തിയ അധ്യാപകര്‍ കണ്ടത് വിദ്യാലയം കത്തിയെരിയുന്നതാണ്. അവര്‍ ആദ്യം ചെയ്തത് അതിനുള്ളില്‍ ബോധരഹിതനായി കിടക്കുന്ന ആ വിദ്യാര്‍ത്ഥിയെ രക്ഷിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പക്ഷേ അവന്റെ ശരീരം മുഴുവന്‍ പൊള്ളലേറ്റിരുന്നു പ്രത്യേകിച്ച് അരയ്ക്ക് താഴോട്ടുള്ള മാംസമെല്ലാം തീയില്‍ ദഹിച്ചിരുന്നു. അര്‍ദ്ധബോധാവസ്ഥയില്‍ ഡോക്ടര്‍ തന്റെ അമ്മയോട് പറയുന്നത് അവന്‍ കേട്ടു: അവന്‍ ജീവിക്കാനുള്ള സാധ്യത വെറും 5% മാത്രമാണ്. അല്ലെങ്കിലും ഈ കുട്ടി ജീവിക്കുന്നതിലും മരിക്കുന്നതാണ് നല്ലത്. കാരണം അത്രയധികം മാരകമാണ് അവന്റെ ഈ പൊള്ളല്‍. ഇത് കേട്ടപ്പോള്‍ താന്‍ മരിക്കുകയില്ലെന്നും ജീവിക്കുമെന്നും അവന്‍ ദൃഢനിശ്ചയം ചെയ്തു. പതിയെ പതിയെ വൈദ്യശാസ്ത്രത്തെപോലും ഞെട്ടിച്ച് അവന്‍ പൊള്ളലില്‍ നിന്നും മുക്തി നേടി. വീല്‍ ചെയറില്‍ ഇരിക്കാനും സഞ്ചരിക്കാനും തുടങ്ങി. പിന്നെ അവന്‍ പതിയെ പിടിച്ചു നില്‍ക്കാനും കാലുകള്‍ വലിച്ചുവെച്ച് നടക്കാനും ശീലിച്ചു. പിന്നെ പിന്നെ ഓടാനായി അവന്റെ താല്‍പര്യം. നിരന്തരമായ ഫിസിയോതെറാപ്പി ചികിത്സയും അവന്റെ സ്ഥിരപരിശ്രമവും. സ്‌കൂളുകളിലെ ഓട്ടമത്സരങ്ങളിലെല്ലാം അവന് സമ്മാനം നേടിക്കൊടുത്തു. അങ്ങനെ അവന്‍ മഡിസണ്‍ സ്‌ക്വയിം ഗാര്‍ഡനിലെ ദേശീയ ഓട്ടമത്സരത്തില്‍ ഒന്നാമനായി. തീര്‍ന്നില്ല, ഓട്ടത്തില്‍ ലോക റെക്കോര്‍ഡും നേടി. ലോകപ്രശസ്തനായ ഓട്ടക്കാരനായ ഡോ.ഗ്ലെന്‍ കണ്ണിങ്ഹാം ആയിരുന്നു ആ അത്ഭുത ബാലന്‍. ഒരു മനുഷ്യനില്‍ വേണ്ട മൂന്ന് ഗുണങ്ങളാണ് ഇച്ഛാശക്തി, സ്ഥിരോത്സാഹം, ശുഭാപ്തി വിശ്വാസം എന്നിവ. ഇത് മൂന്നുമുള്ളയാളുകള്‍ ജീവിതത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും. വിപരീതാനുഭവങ്ങളെയും നിരാശാജനകമായ സാഹചര്യങ്ങളേയും ഇവര്‍ വിജയകരമായി അതിജീവിക്കുന്നത് നമുക്ക് കാണാം. അസാധ്യമായവ സാധ്യമാക്കാന്‍ ഈ മൂന്ന് ഗുണങ്ങളെ നമുക്കും ശീലമാക്കാം.

Day 120

ഒരു വാമൊഴിക്കഥ.. നാട്ടില്‍ പകര്‍ച്ചവ്യാധി പിടിപെട്ടു. വളരെയധികം ആളുകള്‍ മരിക്കേണ്ട സാഹചര്യം അവിടെയുണ്ടായിരുന്നു. ഒരു നൂറുപേരുടെ ആയുസ്സെടുക്കാമെന്ന് യമദേവന്‍ തീരുമാനിച്ചു. തന്റെ ദൂതനെ അദ്ദേഹം നാട്ടിലേക്കയച്ചു. പക്ഷേ, ദൂതന്‍ തിരിച്ചുവന്നത് ആയിരം പേരുടെ ജീവനുമായായിരുന്നു. തന്റെ കല്‍പനധിക്കരിച്ച ദൂതനോട് യമദേവന്‍ അതൃപ്തിപ്രകടിപ്പിച്ചു. അപ്പോള്‍ ദൂതന്‍ പറഞ്ഞു: അങ്ങ് ഒരു കാര്യം മനസ്സിലാക്കണം, ഞാന്‍ ഒരു നൂറുപേരുടെ ആയുസ്സേ എടുത്തുള്ളൂ. ഇത്രയുംപേര്‍ ഒരുമിച്ച് മരിച്ചെന്ന് കേട്ട്, പേടിച്ച് മരിച്ചവരാണ് ബാക്കിയുളളവര്‍.. അതിജീവനം ശീലിക്കാത്ത ആര്‍ക്കും അധികകാലം പിടിച്ചുനില്‍ക്കാനാകില്ല. അതിനടുത്തപടി ആദ്യപടിയെ മറികടക്കലാണ്. പേടികൊണ്ടോ സമ്മര്‍ദ്ദംകൊണ്ടോ തുടര്‍ന്നുള്ള ചുവടുകള്‍ വയ്ക്കാത്തവര്‍ തീരുമാനത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ പൂര്‍ണ്ണവിരാമമിടും. സ്വയം സമ്മര്‍ദ്ദത്തിലാകുന്നവര്‍ പുലര്‍ത്തുന്ന ചില പൊതുസ്വഭാവങ്ങളുണ്ട്. മറ്റുള്ളവര്‍ക്ക് സംഭവിക്കുന്ന ദുരിതങ്ങള്‍ നാളെ തനിക്കും സംഭവിക്കും എന്ന് ഉറപ്പിച്ച് ആ ദിവസത്തിന് വേണ്ടിയാണ് അവര്‍ കാത്തിരിക്കുക. എല്ലാ സംഭവങ്ങള്‍ക്കും വിനാശകരമായ വിശദീകരണങ്ങള്‍ നല്‍കി സ്വയം മുറിവേല്‍പ്പിക്കും. അന്യന്റെ വളര്‍ച്ചയില്‍ നിന്നും ഉടലെടുക്കുന്ന അപകര്‍ഷതയിലൂടെ ഇവര്‍ സ്വയം ചെറുതായിക്കൊണ്ടിരിക്കും. എല്ലാ സംഭവങ്ങളും ഒരേ സന്ദേശമല്ല എല്ലാവര്‍ക്കും കൈമാറുന്നത്. ഏതെങ്കിലും ഒരാളെ പഠിപ്പിക്കാന്‍ മാത്രമായി ഒരു സംഭവവും ഉടലെടുക്കുന്നുമില്ല. തങ്ങള്‍ക്ക് വേണ്ട പാഠങ്ങള്‍ സ്വയം തിരഞ്ഞെടുക്കുകയാണ് ഓരോരുത്തരും ചെയ്യുന്നത്. ഇതില്‍ പക്വതയോടെ പാഠങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് പ്രകാശപൂര്‍ണ്ണമായ ദീര്‍ഘായസ്സും, ആശങ്കയില്‍ അകപ്പെടുന്നവര്‍ക്ക് ആകസ്മിക ജീവഹാനിയുമായിരിക്കും സമ്മാനം.. ഭയം ഇന്നുവരെയും ആരെയും രക്ഷപ്പെടുത്തിയിട്ടില്ല. അതിജീവിച്ചവര്‍ക്കെല്ലാം പറയാനുണ്ടാവുക തങ്ങള്‍ ചാടിക്കടന്ന ഭയത്തിന്റെ വേലിക്കെട്ടുകളെക്കുറിച്ചായിരിക്കും. ഭയക്കാത്തവര്‍ മാത്രമാണ് ജീവിതത്തില്‍ ജയിക്കുന്നതും, മരണശേഷവും ജീവിക്കുന്നതും. നമുക്കും നമ്മെ പിന്നോട്ടുവലിക്കുന്ന ഭയത്തെ അതിജീവിക്കാന്‍ ശീലിക്കാം.