Day 158

കുന്നിന്‍മുകളിലേക്കുള്ള പാതവൃത്തിയാക്കുകയായിരുന്നു അവരിരുവരും. അവിടെ വിരിച്ചിരിക്കുന്ന കല്ലുകളില്‍ കേടുവന്നവയെല്ലാം ഇളക്കിമാറ്റി പകരം പുതിയത് വിരിക്കണം. അതായിരുന്നു അവരെ ഏല്‍പ്പിച്ചിരുന്ന ജോലി. ജോലിക്കിടയില്‍ നോക്കിയപ്പോള്‍ അവരില്‍ ഒരാള്‍ കല്ലുകള്‍ തട്ടിനോക്കി കേടുണ്ടെന്ന് മനസ്സിലായിട്ടും അവ മാറ്റാതെ മുന്നോട്ട് പോകുന്നതാണ് കണ്ടത്. ഇത് കണ്ട് രണ്ടാമനോട് കാര്യം ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു: ഇതിലൊന്നും നമ്മള്‍ അത്രയ്ക്ക ആത്മാര്‍ത്ഥത കാണിക്കേണ്ട കാര്യമൊന്നുമില്ല. ചെറിയ കേടൊക്കെ ആരറിയാനാണ്.. അതിന്റെ മുന്നിലും പിന്നിലുമുള്ള കല്ലുകള്‍ ഉറപ്പുളളതാണെങ്കില്‍ ഇതൊന്നും ആരും ശ്രദ്ധിക്കുകയില്ല. കേടുപാടുള്ള കല്ലുകള്‍ മാറ്റിയില്ലെങ്കില്‍ അത് അപകടമാണ് ഒന്നാമന്‍ പറഞ്ഞു. പക്ഷേ, മറ്റേയാള്‍ അതൊന്നും കേട്ടതേയില്ല. മുകളിലേക്ക് ചെല്ലുന്തോറും കുത്തനെയുള്ള കയറ്റം കൂടിവന്നു. അപ്പോള്‍ രണ്ടാമന്‍ ഒന്നാമനോട് പറഞ്ഞു. മുകളിലേക്ക് കയറുമ്പോള്‍ ഒരു വടി കുത്തിപ്പിടിച്ചാല്‍ എളുപ്പമാണ്. നീ ഒരു വടി കൊണ്ടുവരാമോ? ഒന്നമന്‍ സമ്മതിച്ചു. കൊണ്ടുവന്ന വടികണ്ടപ്പോള്‍ രണ്ടാമന്‍ ചിരിച്ചുപോയി. വടിയുടെ നടുവില്‍ മുറിഞ്ഞിരിക്കുകയാണ് മുറിഞ്ഞ ഭാഗം ഒരു വള്ളികൊണ്ട് പരസ്പരം ബന്ധിപ്പിച്ചിട്ടുമുണ്ട്. രണ്ടാമന്‍ ചോദിച്ചു: ഈ വടികുത്തി എങ്ങിനെ നടക്കും? വടിയുടെ താഴത്തെ ഭാഗം തൂങ്ങിയാടുകയാണല്ലോ? അപ്പോള്‍ ഒന്നാമന്‍ പറഞ്ഞു: അത് സാരമില്ല. വടിയുടെ മുന്നിലും പിന്നിലുമുളള ഭാഗങ്ങള്‍ക്ക് നല്ല ഉറപ്പുണ്ട്. രണ്ടാമന് ആ മറുപടിയുടെ അര്‍ത്ഥം വേഗം മനസ്സിലായി. അയാള്‍ താന്‍ അവഗണിച്ചുവിട്ട കേടുപാടുള്ള കല്ലുകള്‍ മാറ്റി പുതിയത് സ്ഥാപിക്കാന്‍ തുടങ്ങി. എന്തു കാര്യവും ചെയ്യുമ്പോള്‍ ഇങ്ങനെതന്നെയാണ് വേണ്ടത്. അത് പൂര്‍ണ്ണമായിരിക്കണം. ഏതു കാര്യത്തിന്റെയും ഓരോ ചെറിയ അംശവും ഒരുപോലെ പ്രാധാനമാണ്. അത് പൂര്‍ണ്ണതയിലേക്കുള്ള യാത്രയാണ് - ശുഭദിനം

Day 157

അവര്‍ ആ നാട്ടിലെ ജന്മിമാരായിരുന്നു. തങ്ങളുടെ വകയായി അവര്‍ ആ പട്ടണത്തിന് ഒത്ത നടുക്ക് ഒരു ക്ലോക്ക് പണിയാന്‍ തീരുമാനിച്ചു. അനേക ദിവസത്തെ അന്വേഷണത്തിനൊടുവില്‍ വളരെ മനോഹരമായി ക്ലോക്ക് നിര്‍മ്മിക്കുന്ന ഒരാളെ അവര്‍ കണ്ടെത്തി. അയാള്‍ നിര്‍മ്മിച്ച ക്ലോക്ക് കാണുന്നതിനും അതിന്റെ ശബ്ദം കേള്‍ക്കുന്നതിനുമായി പല നാടുകളില്‍ നിന്നും ധാരാളം പേര്‍ വന്നെത്തി. അപ്പോഴാണ് അവര്‍ക്ക് ഒരു ചിന്ത വന്നത്. ഈ ക്ലോക്ക് ചെയ്യിപ്പിച്ചയാളെ കൊണ്ട് ആരെങ്കിലും അവരുടെ നാട്ടില്‍ ഇതുപോലൊന്ന് പണിയിപ്പിച്ചാല്‍ തങ്ങളുടെ പേരു നഷ്ടപ്പെടില്ലേ.. അവര്‍ അയാളെ പിടിച്ച് കണ്ണും കാതും കുത്തിപ്പൊട്ടിച്ച ശേഷം നാടുകടത്തി. പക്ഷേ, പിറ്റേന്ന് മുതല്‍ ക്ലോക്ക് സമയം തെറ്റിച്ച് ഓടാന്‍ തുടങ്ങി. അതിന്റെ ശബ്ദം നാട്ടുകാര്‍ക്ക് അരോചകമാകാനും തുടങ്ങി... തന്നേക്കാള്‍ മികച്ചതായി ആരും ഉണ്ടാകരുതെന്ന ചിന്തയാണ് തകര്‍ച്ചയുടെ ആരംഭം. രണ്ടു തരത്തില്‍ വളരുന്നവരുണ്ട്. തന്റെ ഇന്നലകളെ മറക്കാതെ സ്വയം പുരോഗതി കണ്ട്പിടിച്ചു മുന്നോട്ട് പോകുന്നവരും, മറ്റുളളവരെ തുലനം ചെയ്ത് സ്വന്തം പുരോഗതി വിലയിരുത്തുന്നവരും. ഒരാളെ ഏതുവിധേനയും തോല്‍പ്പിച്ചാല്‍ മാത്രമേ തനിക്ക് ജയമുള്ളൂ എന്ന് ചിന്തിക്കുന്നതാണ് അപകടകരം. നമുക്ക് ജയിക്കാന്‍ ശ്രമിക്കാം.. ആരേയും അപായപ്പെടുത്താതെ.. ആരെയും നശിപ്പിക്കാതെ.. ആരെയും തോല്‍പ്പിക്കാതെ - ശുഭദിനം.

Day 156

ആ രാജ്യത്തെ രാജാവിന് അയല്‍ രാജാക്കന്മാരുമായി വളരെ നല്ല സൗഹൃദമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ രാജാവിനെ കാണാന്‍ അയല്‍ രാജ്യത്തെ രാജാക്കന്മാര്‍ വരുമ്പോഴെല്ലാം ധാരാളം സമ്മാനങ്ങള്‍ നല്‍കുമായിരുന്നു. ഒരിക്കല്‍ വിദേശത്തുനിന്നും ഒരു പ്രഭു രാജാവിനെ സന്ദര്‍ശിക്കാനെത്തി. രാജാവ് വളരെ ശ്രദ്ധയോടെ തന്നെ ആതിഥ്യമരുളി. പ്രഭുവിന് രാജാവിനെ വളരെ ഇഷ്ടമായി. തിരിച്ചുപോകുന്നതിന് മുമ്പ് വളരെ അമൂല്യമായ ഒരു കല്ല് പ്രഭു രാജാവിനെ ഏല്‍പ്പിച്ചു. രാജാവ് ഈ കല്ല്‌കൊണ്ട് ഒരു ശില്പമുണ്ടാക്കണമെന്ന ആവശ്യം മന്ത്രിയെ അറിയിച്ചു. ആ ശില്പിക്ക് നൂറ് സ്വര്‍ണ്ണനാണയങ്ങളും രാജാവ് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. വിഖ്യാതനായ ഒരു ശില്പിയെതന്നെ മന്ത്രി കല്ല് ഏല്‍പ്പിച്ചു. പത്ത് ദിവസത്തിനുളളില്‍ ശില്പം നല്‍കണമെന്നായിരുന്നു വ്യവസ്ഥ. 5 ദിവസം തുടര്‍ച്ചയായി കൊത്തിയിട്ടും കല്ല് ഒന്ന് പൊട്ടുകപോലും ചെയ്തില്ല. അവസാനം ശില്പി ആ കല്ല് മന്ത്രിക്ക് തിരികെ കൊടുത്തു. മന്ത്രി ആ കല്ല് വീണ്ടും ഒരു സാധാരണ ശില്പിയെ ഏല്‍പ്പിച്ചു. ആദ്യത്തെ അടിയില്‍ തന്നെ കല്ല് പൊട്ടുകയും അതില്‍ നിന്ന് ശില്പം ഉണ്ടാക്കുകയും ചെയ്തു. അങ്ങനെ രണ്ടാമത്തെ ശില്പിക്ക് ആ നൂറ് സ്വര്‍ണ്ണനാണയങ്ങള്‍ ലഭിക്കുകയും ചെയ്തു. സത്യത്തില്‍ ആദ്യത്തെ ശില്പിയുടെ 5 ദിവസത്തെ പ്രവര്‍ത്തനത്തിന്റെ ഫലമായിരുന്നു 6-ാം ദിവസം കല്ല് പൊട്ടിയത്. നമ്മുടെ ജീവിത്തിലും ഇങ്ങനെ സംഭവിക്കാറുണ്ട്. ഒരു കാര്യത്തിനായി നമ്മള്‍ ദിവസങ്ങളോളം കഷ്ടപ്പെടുകയും അത് ലക്ഷ്യപ്രാപ്തിയിലെത്തിയില്ല എന്ന കാരണത്തില്‍ വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ടാകും. ചിലപ്പോള്‍ ഒരു തവണ കൂടിയ ശ്രമിച്ചിരുന്നെങ്കില്‍ നമുക്ക് ആ ലക്ഷ്യം കൈവരിക്കാനായേനെ. ഓരോ തോല്‍വിയില്‍ നിന്നും നാം പുതിയത് പലതും പഠിക്കുന്നുണ്ട്. എന്തുകൊണ്ട് തോറ്റുപോയെന്ന പാഠം തോല്‍വിയില്‍ നിന്നുമാത്രമേ നമുക്ക് ലഭിക്കൂ.. ഇങ്ങനെ പാതിവഴിയില്‍ നാം ഉപേക്ഷിച്ച സ്വപ്നങ്ങളും ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ഇല്ലേ, അവയെ ഒന്നുകൂടി പൊടിതട്ടിയെടുക്കുക, നമ്മള്‍ പഠിച്ച തോല്‍വികളില്‍ നിന്നുള്ള പാഠത്തെ അടിത്തറയാക്കുക.. വീണ്ടും ശ്രമിക്കുക.. മുന്നേറുക.. - ശുഭദിനം.

Day 155

ചെന്നൈ നഗരത്തിലെ ഒരു പ്രളയകാലം. സോഷ്യല്‍ മീഡിയയില്‍ വളരെയധികം ആളുകളുടെ ഹൃദയത്തെ തൊട്ട ഒരു അതിജീവനചിത്രമുണ്ടായിരുന്നു. തേഞ്ഞൊരഞ്ഞ് ഓട്ടയായി വള്ളിപൊട്ടിയ ചെരുപ്പില്‍ നനഞ്ഞൊട്ടിയിരിക്കുന്ന ഒരു കോഴിക്കുഞ്ഞിന്റെ ചിത്രം! വളളിപൊട്ടി ഉപേക്ഷിക്കപ്പെട്ട ഒരു ചെരുപ്പിന് പോലും ഒരു ജീവന്‍ രക്ഷിക്കാനായി... നമ്മുടെ ചുറ്റിലും ഇതുപോലെ മുന്‍വിധികള്‍ കൊണ്ട് മാറ്റി നിര്‍ത്തപ്പെട്ട ഒരുപാട് പേരുണ്ട്. ചില അധികപ്രസംഗികള്‍, കുരുത്തംകെട്ടവന്മാര്‍, തലതെറിച്ചവര്‍ അങ്ങനെ പലരും. പക്ഷേ, ഒരു ആപത്ത് സംഭവിക്കുമ്പോഴോ അപകടഘട്ടങ്ങളിലോ സ്വഭാവശുദ്ധികൊണ്ട് നമ്മള്‍ മാര്‍ക്കിട്ടവര്‍ പലരും നോക്കുകുത്തിയായി നില്‍ക്കുമ്പോള്‍ കടന്നുവരുന്നത് ആ അധികപ്രസംഗികളും, കുരുത്തംകെട്ടവുരും, തലതെറിച്ചവരോ ഒക്കെയായിരിക്കും.. നമ്മള്‍ കാണുന്നതോ കേള്‍ക്കുന്നതോ മാത്രമല്ല ശരി.. ഓരോരുത്തര്‍ക്കും അവരവരുടേതായ ശരികള്‍ ഉണ്ടാകും. അവരുടെ ശരി ചിലപ്പോള്‍ നമുക്ക് തെറ്റായി തോന്നുന്നതായിരിക്കും.. ചേര്‍ത്ത് പിടിക്കലുകള്‍ ഒരു തിരിച്ചറിവാണ്.. നമുക്ക് മുന്‍വിധികള്‍ മാറ്റിനിര്‍ത്താം.. എല്ലാവരേയും ഹൃദയത്തിലേക്ക് ചേര്‍ക്കാന്‍ ശ്രമിക്കാം - ശുഭദിനം.

Day 154

അയാള്‍ പ്രഭാഷകന്റെ ഡ്രൈവര്‍ ആയിരുന്നു. വര്‍ഷങ്ങളായി അയാള്‍ ആ പ്രഭാഷകന്റെ ഡ്രൈവര്‍ ആയിട്ട്.  ഒരു ദിവസം ഡ്രൈവര്‍ പ്രഭാഷകനോട് പറഞ്ഞു.  ഞാന്‍ അങ്ങയുടെ പ്രസംഗം എത്രനാളായി കേള്‍ക്കുന്നു.  അങ്ങ് പറഞ്ഞതുതന്നെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണ്.  എനിക്ക് താങ്കളുടെ പ്രസംഗമെല്ലാം കാണാതെയറിയാം.  അപ്പോള്‍ പ്രഭാഷകന്‍ ചോദിച്ചു:  എന്നാല്‍ നമുക്ക് ആള്‍മാറാട്ടം നടത്തിയാലോ..  അടുത്ത ദിവസം നടക്കുന്ന എന്റെ പ്രസംഗവേദി എന്നെ പരിചയമില്ലാത്ത ആളുകളുടേതാണ്.  അവരുടെ മുന്നില്‍ നിങ്ങള്‍ പ്രസംഗിക്കൂ.. ഞാന്‍ നിങ്ങളുടെ ഡ്രൈവറായി അഭിനയിക്കാം.  അടുത്തവേദിയില്‍ ആ ഡ്രൈവര്‍ ഗംഭീരമായി പ്രസംഗിച്ചു.  പക്ഷേ, പ്രസംഗം കഴിഞ്ഞപ്പോള്‍ സദസ്സില്‍ നിന്നും ചോദ്യം ഉയര്‍ന്നു.  ഉത്തരം മുട്ടിയ അയാള്‍ പറഞ്ഞു:  ഇത്രയും നിസ്സാര ചോദ്യത്തിന് ഉത്തരം പറയാന്‍ എന്റെ ആവശ്യമില്ല.  എന്റെ ഡ്രൈവര്‍ പറയും ഇതിന്റെ ഉത്തരം.. പ്രഭാഷകന്‍ ആ ചോദ്യത്തിന്റെ ഉത്തരം പറയുകയും ചെയ്തു.  മനസ്സാന്നിധ്യമാണ് മാനദണ്ഡം.  പതറാതിരിക്കുന്നതിന്റെയും തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെയും.  അപ്രതീക്ഷിതമായ സാഹചര്യങ്ങളെ ആരുമറിയാതെ വരുതിയിലാക്കുന്ന കഴിവാണ് മനോബലം. മനോബലത്തില്‍ വിശ്വസിക്കുന്നവര്‍ അപകടസാധ്യതകളുടെ പേരില്‍ ഒന്നില്‍ നിന്നും പിന്മാറുകയില്ല.  മുന്‍കരുതലുകളിലൂടെ അവര്‍ സ്വയം സജ്ജരാകും.  പരിസരത്തെയല്ല, തന്നെത്തന്നെയാണ് വിശ്വസിക്കേണ്ടത് എന്ന് അവര്‍ക്കറിയാം. ഭയമുള്ളകാര്യങ്ങള്‍ തനിയെ ചെയ്ത് തുടങ്ങണം.  എല്ലാവരും ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങള്‍ ഏറ്റെടുത്ത് ശീലിക്കണം,  ഉറങ്ങിയെണീക്കുമ്പോള്‍ ഉണ്ടാകുന്ന അത്ഭുതശക്തിയല്ല മനഃശ്ശക്തി.  അത് നിരന്തരപ്രയത്‌നത്തിന്റെ പരിണതഫലമാണ്.  നമുക്ക് മനോബലത്തോടെ മുന്നോട്ട് പോകാം.. ശുഭദിനം.

Day 153

അയാള്‍ക്ക് നിരവധി ആരാധകരുണ്ടായിരുന്നു. അയാള്‍ വയലിന്‍ വായിക്കുമ്പോള്‍ ഒരു മാന്ത്രികലോകത്ത് എത്തിയത് പോലെയാണെന്നാണ് ആരാധകര്‍ പറയുക. പോളിയോ ബാധിതനായതിനാല്‍ കാലുകള്‍ ഇരുമ്പുചട്ടയില്‍ പൊതിഞ്ഞ് ഊന്നുവടിപിടിച്ചായിരുന്നു അദ്ദേഹം നടന്നിരുന്നത്. ഒരിക്കല്‍ കച്ചേരി നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ വയലിന്റെ ഒരു കമ്പി പൊട്ടി. പുതിയൊരു വയലിനില്‍ തന്റെ കച്ചേരി പൂര്‍ത്തിയാക്കുമെന്ന് കാണികള്‍ വിചാരിച്ചെങ്കിലും യാതൊരു ഭാവഭേദവും കൂടാതെ അദ്ദേഹം തന്റെ പൊട്ടിയ വയലിനില്‍ തന്നെ കച്ചേരി പൂര്‍ത്തിയാക്കി. പരിപാടി അവസാനിച്ചപ്പോള്‍ ആരാധകര്‍ ചോദിച്ചു: എങ്ങിനെയാണ് താങ്കള്‍ മൂന്ന് കമ്പികളുപയോഗിച്ച് കച്ചേരി നടത്തിയത്.. അദ്ദേഹം പറഞ്ഞു: എന്ത് അവശേഷിക്കുന്നോ അതില്‍ നിന്നും സംഗീതമുണര്‍ത്തുക എന്നതാണ് എന്റെ ദൗത്യം. അത് കച്ചേരിയിലായാലും ജീവിതത്തിലായാലും. പൂര്‍ണ്ണതകാത്തിരിക്കുന്നവരാണ് സമ്പൂര്‍ണ്ണ പരാജയമാകുന്നത്. ലഭിക്കുന്ന കഴിവുകള്‍ക്കും സാഹചര്യങ്ങള്‍ക്കും കുറവുകളുണ്ടോ എന്നതല്ല, പോരായ്മകളെ എങ്ങിനെ കുറ്റമറ്റതാക്കാം എന്നതാണ് ക്രിയാത്മക ചിന്ത. ഒന്നും ആര്‍ക്കും ജന്മനാ അതിന്റെ പൂര്‍ണ്ണതയില്‍ ലഭിക്കുന്നില്ല. അത് ജീവിതത്തിലൂടെ ഊതിക്കാച്ചി മിനുക്കി എടുക്കുന്നതാണ്. എല്ലാം ആവശ്യത്തിലധികം ഉള്ളവര്‍ ഒന്നും അവസാന തുള്ളിവരെ ഉപയോഗിക്കുകയോ, ശരിയായ ഉപയോഗം കണ്ടെത്തുകയോ ഇല്ല. ദൗര്‍ലഭ്യമുണ്ടെങ്കില്‍ പരമാവധി ഉപയോഗിക്കാന്‍ നാം ശ്രദ്ധിക്കും എന്നതാണ് പ്രത്യേകത. നമ്മുടെ ജീവിതത്തിലെ ഓരോ പ്രകടനങ്ങളും പ്രവൃത്തികളുമെല്ലാം ഒരു പ്രയാണമാണ്. അപൂര്‍ണ്ണതയില്‍ നിന്ന് പൂര്‍ണ്ണതയിലേക്കുളള പ്രയാണം - ശുഭദിനം.

Day 152

അലഹബാദിലുള്ള പ്രയാഗ് രാജിലെ ഒരു സാധാരണ കുടുംബത്തിലാണ് അലക് ജനിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം 8-ാം ക്ലാസ്സ് മുതല്‍ കുട്ടികള്‍ക്ക് ടൂഷ്യന്‍ എടുത്താണ് തന്റെ ചിലവിനുളള തുക അലക് കണ്ടെത്തിയിരുന്നത്. അലഹബാദിലുള്ള എന്‍ജീനീയറിങ്ങ് കോളേജില്‍ പഠനം ആരംഭിച്ചെങ്കിലും സാമ്പത്തിക പരാധീനതകള്‍ മൂലം അയാള്‍ക്ക് പഠനം തുടരാന്‍ ആയില്ല. പിന്നീട് പട്ടണത്തിലുള്ള ഒരു ട്യൂഷന്‍ സെന്ററില്‍ അധ്യാപകനായി ജോലി നേടി. 5000 രൂപയായിരുന്നു അദ്ദേഹത്തിന്റെ വരുമാനം. 2014 ല്‍ അലക് പഠനവുമായി ബന്ധപ്പെട്ട് ഒരു യുടൂബ് ചാനല്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ എടുത്തു നല്‍കുക. 2016 ല്‍ 4000 സബ്‌സ്‌ക്രൈബര്‍ ആയിരുന്ന ഈ യൂടൂബ് ചാനല്‍ 2019 ആയപ്പോഴേക്കും 20 ലക്ഷം സബ്‌സ്‌ക്രൈബര്‍ ആയി ഉയര്‍ന്നു. Edutec മാതൃകയില്‍ തുടങ്ങിയ ചാനലിന് ധാരാളം ആരാധകരുണ്ടായി. ഏതൊരു സാധാരണക്കാരനും താങ്ങാവുന്ന ഫീസ് ആയിരുന്നു അലകിന്റെ ഓണ്‍ലൈന്‍ ട്യൂഷന് ഉണ്ടായിരുന്നത്. IIT, JEE, NEET തുടങ്ങിയ പരീക്ഷകള്‍ക്കുള്ള പരിശീലനത്തിന് പോലും ചെറിയൊരു തുകമാത്രമേ ഫീസായി ഈടാക്കിയിരുന്നുള്ളൂ. പക്ഷേ, എത്ര ചെറിയ ഫീസ് ആയിരുന്നാലും ക്വാളിറ്റിയില്‍ കോംപ്രമൈസ് ചെയ്യാന്‍ അലക് തയ്യാറായിരുന്നില്ല. മറ്റുളള എഡ്യുടെക് ചാനലുകള്‍ കോടികള്‍ മുടക്കി പരസ്യം ചെയ്യുമ്പോഴും പഠിച്ചിറങ്ങിയ ഓരോ വിദ്യാര്‍ത്ഥികളില്‍ നിന്നും മൗത്ത് പബ്ലിസിറ്റിവഴി അലകും അലകിന്റെ യുട്യൂബ് ചാനലും ഓരോ വിദ്യാര്‍ത്ഥികളുടേയും പ്രിയപ്പെട്ട ട്യൂഷന്‍ ചാനലായി മാറിക്കൊണ്ടേയിരുന്നു. 2020 ആയപ്പോള്‍ ഒരു ആപ്പും ഇവര്‍ പുറത്തിറക്കി. അങ്ങനെ ഫിസിക്‌സ് വാല എന്ന യുട്യൂബ് ചാനലും ആപ്പും 101-ാമത്തെ യൂണികോണ്‍ പദവി നേടി. 7500 കോടി വാല്യുവിന് മുകളില്‍ ഒരു കമ്പനി എത്തുമ്പോഴാണ് യൂണികോണ്‍ പദവി നേടുക അധ്യാപനം എന്ന തന്റെ ഇഷ്ടത്തെ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ എല്ലാ വിദ്യാര്‍ത്ഥികളിലേക്കും എത്തിക്കാനും ഓരോ വിദ്യാര്‍ത്ഥിയും മുടക്കുന്ന പണത്തിന് ഇരട്ടി മൂല്യം നല്‍കാനുമുള്ള അലകിന്റെ ശ്രമമാണ് ഫിസിക്‌സ് വാലയുടെ വിജയം.. വിജയത്തിന് കുറുക്കുവഴികളില്ല. നേര്‍വഴികള്‍ മാത്രം - ശുഭദിനം.

Day 151

ആ കാട്ടില്‍ ദൈവം പ്രത്യക്ഷപ്പെട്ടു. ചെറിയ മരങ്ങള്‍ ദൈവത്തോട് പരാതി പറഞ്ഞു: വന്‍മരങ്ങള്‍ പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്നത് കൊണ്ട് ഞങ്ങളെ ആരും ശ്രദ്ധിക്കുന്നതേയില്ല. വേണ്ടത്ര സൂര്യപ്രകാശം ലഭിക്കാത്തതുകൊണ്ട് വളരാനും സാധിക്കുന്നില്ല. ഞങ്ങള്‍ എന്നും ചെറുതായിതന്നെ നില്‍ക്കുന്നു. പിറ്റേന്നുതന്നെ ദൈവം വന്‍മരങ്ങളെയെല്ലാം അപ്രതൃക്ഷമാക്കി. അതിശക്തമായ മഴയും വെയിലുമേറ്റ് ചെറുമരങ്ങള്‍ തളരാന്‍ തുടങ്ങി. അവര്‍ വീണ്ടും ദൈവത്തെ വിളിച്ചു കരഞ്ഞു: ഞങ്ങള്‍ക്ക് തെറ്റുപറ്റി. ദയവുചെയ്ത് വന്‍മരങ്ങളെ തിരിച്ചുകൊണ്ടുവരിക. അവയ്ക്കിടയിലൂടെ ഞങ്ങള്‍ വളര്‍ന്നുകൊള്ളാം. ദൈവം കാടിനെ പൂര്‍വ്വസ്ഥിതിയിലാക്കി. പരാതിയൊന്നുമില്ലാതെ പിന്നെയവര്‍ അവിടെ വളര്‍ന്നു. ഒന്നും പരസ്പരവിരുദ്ധമല്ല. എല്ലാം പരസ്പര പൂരകങ്ങളാണ്. തന്റെ കഴിവുകൊണ്ടുമാത്രം വളരുന്ന ഒന്നുമില്ല. ഓരോന്നും മറ്റൊന്നിനെ സാധൂകരിക്കുകയും സഹായിക്കുകയും ചെയ്യുന്നുണ്ട്. പൊതുക്രമീകരണത്തില്‍ നില്‍ക്കുമ്പോള്‍ ഒന്നിനും മറ്റൊന്നിന്റെ വില മനസ്സിലാകില്ല. നിസ്സാരമെന്ന് കരുതുന്നവ അപ്രത്യക്ഷമാകുമ്പോഴാണ് നാം തിരിച്ചറിയുക , അവയുടെ സാന്നിധ്യം എത്രമാത്രം ഗൗരവതരമായിരുന്നു എന്ന്. ഓരോന്നിനും അതിന്റേതായ പ്രാധാന്യമുണ്ട്. വ്യത്യസ്തതകൊണ്ടും വൈശിഷ്ട്യം കൊണ്ടും ഓരോന്നും തങ്ങളുടെ ആവാസവ്യവസ്ഥയെ ക്രമീകരിക്കുന്നുണ്ട്. തനിക്കൊപ്പം വളരുന്നവയ്‌ക്കെല്ലാം തന്റെ വളര്‍ച്ചയില്‍ ആധികാരികമായ പങ്കുണ്ട് എന്ന തിരിച്ചറിവുണ്ടായാല്‍ ഈ ലോകത്ത് ഒന്നിനും വിലയില്ലാതാവുകയില്ല - ശുഭദിനം.

Day 150

കൂട്ടുകാര്‍ സംസാരിച്ചിരിക്കുകയായിരുന്നു. സംഭാഷണത്തിനിടെ അയാള്‍ കൂട്ടുകാരനോട് പറഞ്ഞു: വാസ്തവത്തില്‍ രാജാവിന് നാം നികുതി കൊടുക്കേണ്ട ആവശ്യമില്ല. കാര്യമന്വേഷിച്ച സുഹൃത്തിനോട് അയാള്‍ പറഞ്ഞു. രാജാവിന്റെ കൊട്ടാരത്തില്‍ തന്നെയാണ് എല്ലാ നാണയങ്ങളും അടിക്കുന്നത്. അതില്‍ നിന്ന് ആവശ്യത്തിന് രാജാവിന് എടുത്താല്‍ പോരെ. അപ്പോള്‍ സുഹൃത്ത് പറഞ്ഞു: രാജാവിന് ആവശ്യം നാണയമല്ല. നിന്റെ കയ്യിലുള്ള നാണയമാണ്..! പൊതുവായതൊന്നും ആര്‍ക്കും പ്രിയപ്പെട്ടവയല്ല. അതുപോലെ തന്നെ സ്വന്തമായതൊന്നും ആരും പിരിയാന്‍ അനുവദിക്കുകയില്ല. സ്വകാര്യസ്വത്തുസംരക്ഷണത്തിലെ ആത്മാര്‍ത്ഥതയുടെ പാതിയെങ്കിലും പൊതുസ്വത്തു കൈകാര്യം ചെയ്യുന്നതിലുണ്ടെങ്കില്‍ പൊതുവായതൊന്നും നശിക്കുകയോ ഉപയോഗശൂന്യമാവുകയോ ഇല്ല. സ്വന്തമെന്ന് കരുതി കൈവശം വെക്കുന്നവപോലും പൂര്‍ണ്ണമായും സ്വന്തമല്ലെന്നും അന്യന്റേത് എന്നുറപ്പിച്ച് അകറ്റി നിര്‍ത്തിയവയും സ്വന്തം ജീവിതത്തെ സ്വാധീനിക്കുമെന്ന് തിരിച്ചറിയുമ്പോഴേ പരസ്പര ബഹുമാനത്തോടെയുള്ള ജീവിതം സാധ്യമാകൂ. പങ്കുപറ്റുന്നവര്‍ക്കെല്ലാം പങ്കുവെയ്ക്കാനും കടമയുണ്ട്. ജലവും വായുവും സുരക്ഷിതത്വവുമെല്ലാം ആരുടേയും സ്വകാര്യമല്ല. കൈനീട്ടിവാങ്ങുമ്പോള്‍ കൃതാര്‍ത്ഥതയില്ലാത്തിനേക്കാള്‍ അപകടകരമാണ് ഇരുകരവും നീട്ടി നല്‍കേണ്ടപ്പോള്‍ കൈ ചുരുട്ടി പിന്‍വാങ്ങുന്നത്. പങ്കുപറ്റാന്‍ മാത്രമല്ല, പങ്കുവെയ്ക്കാനും നമുക്ക് ശീലിക്കാം - ശുഭദിനം.

Day 149

അന്താരാഷ്ട്ര ഓട്ടമത്സരം നടക്കുകയാണ്. ആ ഓട്ടമത്സരത്തില്‍ കെനിയയെ പ്രതിനിധീകരിച്ചിരുന്ന അത്‌ലറ്റ് ആബേല്‍ മുത്തയ്യും സ്പാനിഷ് അത്‌ലറ്റ് ഇവാന്‍ ഫെര്‍ണ്ണാണ്ടസ്സും ഫിനിഷിങ്ങ് പോയിന്റിന് അരികിലെത്തി. പക്ഷേ, അപ്പോഴാണ് അത് സംഭവിച്ചത്. ആദ്യം എത്തിയ ആബേല്‍ മുത്തയ്യും ഫിനിഷിങ്ങ് ലൈനിന്റെ അടയാളം തെറ്റി മനസ്സിലാക്കി ഓട്ടം നിര്‍ത്തി. പിന്നാലെ വന്ന ഇവാന് അത് മനസ്സിലായി. ഫിനിഷിങ്ങ് പോയിന്റ് എത്തിയിട്ടില്ല, ഓട്ടം തുടരാന്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, സ്പാനിഷ് ഭാഷയിലായതിനാല്‍ ആബേലിന് അത് മനസ്സിലായില്ല. ഇത് തിരിച്ചറിഞ്ഞ ഇവാന്‍ ആബേലിനെ പുറകില്‍ നിന്നും തള്ളി ഫിനിഷിങ്ങ് പോയിന്റില്‍ എത്തിച്ചു! ലോകം മുഴുവന്‍ അമ്പരന്നുപോയ നിമിഷമായിരുന്നു അത്. ലോകം ചോദിക്കാന്‍ വന്ന ആ ചോദ്യം ഒരു പത്രക്കാരന്‍ ഇവാനോട് ചോദിച്ചു: നിങ്ങള്‍ എന്തിനാണ് അയാളെ വിജയത്തിലേക്ക് തള്ളിവിട്ടത്. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ വിജയം താങ്കളുടേതാകുമായിരുന്നില്ലേ? ഈ ചോദ്യത്തിന് ഇവാന്‍ ലോകത്തോട് പറഞ്ഞ മറുപടി ഇതായിരുന്നു. ' എന്നേക്കാള്‍ കഴിവുകൊണ്ട് വിജയത്തിന്റെ പാതയിലായിരുന്ന അയാളുടെ ആശയക്കുഴപ്പത്തില്‍ ഞാന്‍ നേടുന്ന വിജയത്തിന് എന്ത് അര്‍ഹതയും യോഗ്യതയുമാണുള്ളത്.. ഞാന്‍ അത് ചെയ്താല്‍ ഇത് കണ്ടുകൊണ്ടിരിക്കുന്ന, നീതി മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് എന്നെ പഠിപ്പിച്ച അച്ഛനോടും അമ്മയോടും ഞാന്‍ എന്ത് മറുപടി പറയും! ചില തോല്‍വികള്‍ക്ക് വിജയത്തിനേക്കാള്‍ മൂല്യമുണ്ടാകുന്നത് ഇങ്ങനെയാണ്. സത്യസന്ധതയുടെ മൂല്യങ്ങളെ ചേര്‍ത്ത്പിടിച്ച് വിജയത്തിലേക്ക് നമുക്കും നടക്കാം - ശുഭദിനം.

Day 148

അന്ന് ക്ലാസ്സിലെ ആദ്യ പിരിയഡില്‍ തന്നെ അധ്യാപകന്‍ പടം വരയ്ക്കാന്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് താന്‍ പെന്‍സില്‍ എടുക്കാന്‍ മറന്നു എന്ന് അവന് ഓര്‍ത്തത്. അടുത്തിരുന്ന കുട്ടിയോട് രണ്ടു പെന്‍സിലില്‍ നിന്ന് ഒന്ന് തരുമോ എന്ന് ചോദിച്ചെങ്കിലും നീ വീട്ടില്‍ നിന്നു കൊണ്ടുവരണമായിരുന്നു എന്ന് പറഞ്ഞ് ആ കുട്ടി മുഖം തിരിച്ചു. പെന്‍സില്‍ കൊടുക്കാതിരുന്ന കുട്ടിയോട് അല്പം കഴിഞ്ഞപ്പോള്‍ അധ്യാപകന്‍ പറഞ്ഞു: ഇന്നലെ പഠിപ്പിച്ച മൂന്ന് അക്കങ്ങള്‍ എഴുതൂ. അവന്‍ ഒന്ന്, രണ്ട്, മൂന്ന് എന്ന് എഴുതി. അപ്പോള്‍ അധ്യാപകന്‍ പറഞ്ഞു: നീ പഠിക്കേണ്ട ഒന്നാമത്തെ കാര്യം കൂട്ടുകാരന്‍ പെന്‍സില്‍ ചോദിച്ചാല്‍ കൊടുക്കുക എന്നതാണ്. നീ പഠിക്കേണ്ട രണ്ടാമത്തെ കാര്യം, കൂട്ടുകാരന്‍ പെന്‍സില്‍ ചോദിച്ചാല്‍ കൊടുക്കുക എന്നതാണ്, നീ പഠിക്കേണ്ട മൂന്നാമത്തെ കാര്യം കൂട്ടുകാരന്‍ പെന്‍സില്‍ ചോദിച്ചാല്‍ കൊടുക്കുക എന്നതാണ്. അക്ഷരങ്ങളും അക്കങ്ങളും പകര്‍ത്താനറിയുന്നത് മാത്രമല്ല, പെരുമാറാന്‍ അറിയുന്നതുകൂടിയാണ് പഠനം. എല്ലാം കൃത്യമായി അറിയുമോ എന്നതല്ല, അറിയുന്നതില്‍ പാതിയെങ്കിലും ശരിയായി ഉപയോഗിക്കാന്‍ കഴിയുന്നുണ്ടോ എന്നതാകണം പഠനത്തിന്റെ അടിസ്ഥാനലക്ഷ്യം. അറിവില്ലാത്തവര്‍ വരുത്തുന്ന അപകടങ്ങളിലൂടെയല്ല, അറിവുള്ളവരുടെ നെറികേടിലൂടെയാണ് ലോകം വികൃതമാകുന്നത്. ഉയര്‍ന്ന ബൗദ്ധികനിലവാരത്തില്‍ നാം എത്തിയോ എന്നത് മാത്രമല്ല, മറ്റുള്ളവരോട് ദയയോടെ പെരുമാറാന്‍ സാധിക്കുന്നുണ്ടോ എന്നതും നമുക്ക് വിലയിരുത്താം - ശുഭദിനം.

Day 147

കാട്ടില്‍ ആരോ കെണി വെച്ചിരുന്നു. ആ കെണിയില്‍ സിംഹമാണ് അകപ്പെട്ടത്. സിംഹത്തിന്റെ കരച്ചില്‍ കേട്ട് ഒരു ആട്ടിന്‍കുട്ടി വന്നു. സിംഹം ചോദിച്ചു: എന്നെ രക്ഷിക്കാമോ? തന്നെ ഉപദ്രവിക്കില്ല എന്ന വ്യവസ്ഥയില്‍ ആട്ടിന്‍കുട്ടി സിംഹത്തെ തുറന്നുവിട്ടു. പുറത്തെത്തിയ സിംഹത്തിന്റെ മട്ടുമാറി. തന്നെ തിന്നാനൊരുങ്ങിയ സിംഹത്തോട് ആട് കരഞ്ഞപേക്ഷിച്ചു. അപ്പോഴേക്കും അവിടെ മറ്റുമൃഗങ്ങളെല്ലാവരുമെത്തി. പക്ഷേ, സിംഹത്തെ പിണക്കുന്നത് ബുദ്ധിയല്ലെന്ന് അറിയാവുന്നതുകൊണ്ട് ആരും ഒന്നും പറഞ്ഞില്ല. അപ്പോഴാണ് ഒരു കഴുത ആ വഴിയെത്തിയത്. കഴുത പറഞ്ഞു: സത്യത്തില്‍ ഇവിടെ എന്താണ് നടന്നതെന്ന് എനിക്ക് മനസ്സിലായില്ല. ഒന്ന് കാണിച്ചു തരാമോ? ഇത് കേട്ട് സിംഹം കൂട്ടിനകത്തുകയറി. പുറത്ത് നിന്ന് കൂട് പൂട്ടാനാവശ്യപ്പെട്ടു. കൂട് പൂട്ടിയതിന് ശേഷം സിംഹം പറഞ്ഞു: ഞാന്‍ ഇവിടെ ഇങ്ങനെ നിന്നു കരഞ്ഞപ്പോള്‍ ആ ആട്ടിന്‍കുട്ടി എന്നെ രക്ഷിച്ചു. അപ്പോള്‍ കഴുത പറഞ്ഞു: ഇപ്പോഴാണ് എനിക്ക് കാര്യങ്ങള്‍ വ്യക്തമായത്. എന്തായാലും താങ്കളെ ഇനി ആരും രക്ഷിക്കാന്‍ പോകുന്നുമില്ല, ഈ കൂടിനി ആരും തുറക്കാനും പോകുന്നില്ല. എല്ലാവര്‍ക്കും കഴുതയുടെ പ്രവൃത്തിയില്‍ മതിപ്പുതോന്നി. മുന്‍വിധികളിലൂടെ മുദ്രകുത്തപ്പെടുന്നവരാണ് പിന്നീട് അത്ഭുതങ്ങള്‍ സമ്മാനിക്കുന്നത്. സിംഹം ഒരു രാജാവും ബുദ്ധിമാനുമാണെന്നും കഴുത ഒരു വിഢ്ഢിയാണെന്നും എഴുതപ്പെടാത്ത ഒരു പഴമൊഴിയുണ്ടല്ലോ.. വംശവും വര്‍ഗ്ഗവും അടിസ്ഥാമാക്കിയുള്ള ഒരു വിലയിരുത്തലും നിഷ്പക്ഷമല്ല. സങ്കുചിതമനോഭാവവും സ്ഥാപിതതാല്‍പര്യങ്ങളും ഊട്ടിയുറപ്പിക്കുക മാത്രമാണ് ലക്ഷ്യം. അകറ്റി നിര്‍ത്തപ്പെടുന്നവര്‍ക്കുള്ള മറുപടി അവസരത്തിനൊത്ത് ഉയരുക എന്നത് മാത്രമാണ്. നമുക്ക് മുന്‍വിധികളെ നിര്‍ത്തലാക്കാന്‍ ശീലിക്കാം. - ശുഭദിനം.

Day 146

ഈ സന്യാസി ഒരു കെട്ടിടത്തിന്റെ സമീപത്താണ് നിന്നിരുന്നത്. ആ സമയത്ത് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ഒരാള്‍ താഴേക്ക് ചാടി. അയാള്‍ വീണത് സന്യാസിയുടെ മേല്‍ ആയിരുന്നു. വീണയാള്‍ക്ക് വലിയ പരുക്കകളൊന്നും സംഭവിച്ചില്ല പക്ഷേ സന്യസിയുടെ നില ഗുരുതരമായി. ആളുകള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ കാണാനെത്തിയ ശിഷ്യന്മാര്‍ ചോദിച്ചു: വെറുതെ നിന്ന അങ്ങേക്കാണ് അപകടം സംഭവിച്ചത്. താഴേക്ക് ചാടിയ ആള്‍ക്ക് ഒന്നും സംഭവിച്ചുമില്ല. എന്താണ് ഈ ജീവിതം ഇങ്ങനെ? സന്യാസി പറഞ്ഞു: ഈ ലോകത്ത് നമ്മള്‍ വിചാരിക്കുന്നപോലെ എല്ലാ കാര്യങ്ങളും നടക്കണമെന്നില്ല... മുന്‍കൂട്ടി തയ്യാറാക്കിയ വഴികളിലൂടെ നടന്നും, തീരുമാനിച്ചുറപ്പിച്ച സ്ഥലങ്ങളില്‍ കൃത്യസമയത്ത് മാത്രം വിശ്രമിച്ചും ഒരു പ്രയാണവും പൂര്‍ത്തിയാക്കാനാകില്ല. ജീവിത്തില്‍ ആകസ്മികതയും അത്യാഹിതവും അനുവാദം ചോദിക്കാതെയാണ് കടന്നുവരിക. എഴുതി തയ്യാറാക്കിയ തിരക്കഥയനുസരിച്ച് മാത്രം സംഭവികാസങ്ങള്‍ ഉണ്ടാകുന്ന ജീവിതത്തിന് എന്ത് സാഹസികതയാണ് ഉള്ളത്. ആകസ്മികമായി സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് ചില നേട്ടങ്ങള്‍ കൂടിയുണ്ട്. അടിയന്തിര ഘട്ടങ്ങളില്‍ മനഃസാന്നിധ്യം ശീലിക്കും. ഒരു മറുപദ്ധതിയെകുറിച്ച് ബോധവാനായിരിക്കും. നിരാശയില്‍ പതിക്കുമ്പോഴും തിരിച്ചുവരണമെന്ന് ആഗ്രഹിക്കും. ഓരോ അനുഭവത്തിനും അതിന്റേതായ കാരണങ്ങളുണ്ടാകും. അതനുഭവിക്കുന്നവര്‍ക്ക് അതിന്റെ മേല്‍ ഒരു നിയന്ത്രണങ്ങളും ഉണ്ടാകില്ല. വന്നുചേരുന്ന അനുഭവങ്ങളെ വിവേകപൂര്‍വ്വം സമീപിക്കുക എന്നതാണ് ജീവിതത്തിന്റെ അളവുകോല്‍ - ശുഭദിനം.