Part - 55

അമേരിക്കയിലെ മിസോറി സംസ്ഥാനം.  മാര്‍ഷ് ഫീല്‍ഡ് എന്ന കുഗ്രാമം.  നാട്ടില്‍ അറിയപ്പെടുന്ന കുടുംബത്തില്‍ 7 മക്കളില്‍ മൂന്നാമന്‍.  പിതാവ് ജോണ്‍, അമ്മ വെര്‍ജീനിയ ലീ.  നാട്ടില്‍ അറിയപ്പെടുന്ന കുടുംബം.  ധാരാളം ഭൂസ്വത്ത്.  ഇതെല്ലാമായിരുന്നു ആ ബാലന്റെ ബാല്യ പശ്ചാത്തലം.  അധ്യാപകരുടെ നോട്ടപ്പുള്ളി.  ക്ലാസ്സില്‍ അച്ചടക്കം തീരെയില്ല.  എന്നാല്‍ ആ അച്ചടക്കമില്ലായ്മയുടെ കാരണം മറ്റൊന്നായിരുന്നു.  അധ്യാപകര്‍ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങള്‍ വളരെ വേഗം മനസ്സിലാക്കിയശേഷം സമയം പോകാനുള്ള കുസൃതികളായിരുന്നു അവയെല്ലാം.  എല്ലാ വിഷയങ്ങളിലും മികവ് .  പക്ഷെ, സ്‌പെല്ലിങ്ങ് മാത്രം അറിയില്ല.  സ്‌പെല്ലിങ്ങ് ശ്രദ്ധിക്കാന്‍ താല്‍പര്യവുമില്ല.  ഒഴിവുവേളകള്‍ മുഴുവന്‍ ആകാശത്തേക്ക് നോക്കിയിരിക്കും.   ആകാശം അവനോടും, അവന്‍ ആകാശത്തോടും അവരുടേതായ ഭാഷയില്‍ എന്തോ സംസാരിച്ചുകൊണ്ടിരുന്നു.  ഒരു ജന്മദിനത്തില്‍ മുത്തച്ഛന്‍ ഒരു സമ്മാനം നല്‍കി.  തോട്ടത്തില്‍ മുത്തച്ഛന്‍ സ്ഥാപിച്ചിരുന്ന ദൂരദര്‍ശിനിയിലൂടെ ഒരു രാത്രി മുഴുവന്‍ ആകാശകാഴ്ചകള്‍ കാണുവാനുള്ള അനുവാദമായിരുന്നു ആ സമ്മാനം.  ആ നോട്ടം അവിടംകൊണ്ട് തീര്‍ന്നില്ല.  അതൊരു തുടക്കമായിരുന്നു.  കോടാനുകോടി നക്ഷത്രങ്ങള്‍, നെബുലകള്‍, ക്ഷീരപദങ്ങള്‍, പ്രപഞ്ചമൊട്ടാകെയും അതങ്ങനെ വികസിച്ചുകൊണ്ടിരുന്നു.  ഒരു പിറന്നാള്‍ സമ്മാനത്തിലൂടെ, ഒരു നക്ഷത്ര തിളക്കത്തിലൂടെ, ലോകപ്രശസ്തനായ ജ്യോതി ശാസ്ത്രജ്ഞന്‍ എഡ്വിന്‍ ഹബ്ബിള്‍ പിറവിയെടുത്തു.  പിന്നീട് ഇതുവരെയുള്ള എല്ലാ ജ്യോതി ശാസ്ത്ര കണ്ടെത്തലുകളുടേയും ആധാരശില എഡ്വിന്‍ ഹബ്ബിളിന്റെ നക്ഷത്ര തിളക്കമുളള കണ്ടെത്തലുകള്‍ ആയിരുന്നു.  അര്‍ത്ഥപൂര്‍ണ്ണമായൊരു സമ്മാനം, അര്‍ത്ഥപൂര്‍ണ്ണമായ മറ്റൊരു തുടക്കമാകുന്നു.  കൊടുക്കുന്നത് ഒരു നക്ഷത്ര തിളക്കമാകട്ടെ.. വഴി കാണിക്കാന്‍ ആ നക്ഷത്രങ്ങള്‍ എന്നും മുന്നിലുണ്ടാകട്ടെ ...
നക്ഷത്ര തിളക്കമാര്‍ന്ന ക്രിസ്തുമസ്ദിനാശംസകള്‍.

Part - 52

ആ   തവള ആദ്യമായാണ് തേരട്ടയെ കാണുന്നത്.  തേരട്ടയുടെ കാലുകളുടെ എണ്ണം കണ്ടപ്പോള്‍ തവളക്ക് അത്ഭുതമായി.  'ഞാന്‍ നാലു കാലുകള്‍ തന്നെ പലപ്പോഴും കഷ്ടപ്പെട്ടാണ് ഉപയോഗിക്കുന്നത്.  നീ എങ്ങിനെയാണ് ഇത്രയേറെ കാലുകള്‍ ഒരു ബുദ്ധിമുട്ടും കൂടാതെ ഉപയോഗിക്കുന്നത് ? ഏതു കാലാണ് നീ ആദ്യം വെക്കുക? ' അപ്പോള്‍ മുതല്‍ തേരട്ടയും ഇത് ശ്രദ്ധിക്കാന്‍ തുടങ്ങി.  ആദ്യം ഏതു കാല്‍, പിന്നെ ഏതു കാല്‍... ഇത് ശ്രദ്ധിച്ച് ശ്രദ്ധിച്ച് തേരട്ടക്ക് ഒരടി മുന്നോട്ട് വെക്കാന്‍ സാധിക്കാതായി.  വീണ്ടും തവളയെ കണ്ടപ്പോള്‍ തേരട്ട പറഞ്ഞു: ' ദയവു ചെയ്ത് ഈ ചോദ്യം നീയിനി ഒരു അട്ടയോടും ചോദിക്കരുത്.  ഒന്നും ആലോചിക്കാതെ സ്വസ്ഥമായി ഞാന്‍ നടന്നിരുന്നതാണ്.  ഇപ്പോള്‍ ഒരടിപോലും എനിക്ക് മുന്നോട്ട് വെയ്ക്കാന്‍ സാധിക്കുന്നില്ല.  നീയെന്റെ ജീവിതമാണ് നശിപ്പിച്ചത്... '  സ്വതന്ത്രവും സ്വാഭാവികവുമായ ചലനങ്ങളാണ് നമ്മുടെ ജീവിതത്തിന്റെ സൗന്ദര്യം. നമ്മുടെ സമ്പത്തും അതു തന്നെയാണ്.  എല്ലാ കാര്യത്തിന്റെയും ഉള്ളറിഞ്ഞും ഉദ്ദേശമറിഞ്ഞും പ്രതികരിക്കേണ്ട ആവശ്യമില്ല.  തനതു ശൈലിയില്‍ ഒരു നിബന്ധനകളുമില്ലാതെ അവ കടന്നു പോകട്ടെ.  ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും സ്വാംശീകരിച്ച സഹജഭാവങ്ങളെ അവയുടെ നൈസര്‍ഗികതയില്‍ വളരാന്‍ അനുവദിക്കുമ്പോഴാണ് ഓരോരുത്തരും തങ്ങളുടെതായെ ഒരു ലോകം തന്നെ സൃഷ്ടിക്കുന്നത്.  അനാവശ്യമായ ചിന്താകുഴപ്പങ്ങള്‍ കുത്തിവെയ്ക്കുക എന്നതാണ് ഒരാളുടെ ആത്മവിശ്വാസം തകര്‍ക്കാനുള്ള എളുപ്പമാര്‍ഗ്ഗം.  ജീവിതവഴിയില്‍ കാണുന്ന എല്ലാവര്‍ക്കും കാതോര്‍ത്തിരുന്നാല്‍ മുന്നോട്ടും പിന്നോട്ടും എന്തിന് നടക്കാനുള്ള ശേഷിപോലും നമുക്ക് നഷ്ടപ്പെടും.  അതിനാല്‍ നാം ആവശ്യമുള്ളവയെക്കുറിച്ച് മാത്രം ആലോചിക്കുക, മറ്റെല്ലാം അവഗണിക്കാാന്‍ ശീലിക്കുക - ശുഭദിനം  

Part -51

'ചിലവ് ചെയ്യണം' . നാം എത്ര തവണ മറ്റുള്ളവരോട് പറയുകയും, സന്തോഷത്തോടെ ചെയ്യുകയും ചെയ്തിരിക്കുന്നു.  ജീവിതത്തിലെ വിജയങ്ങള്‍ക്കും,സന്തോഷങ്ങള്‍ക്കും നമ്മള്‍ വെക്കുന്ന സ്‌നേഹമുളള ഉപാധിയാണ് ഈ ചിലവ് ചെയ്യല്‍.  ഇതും ഒരു ചിലവ് ചെയ്യലിന്റെ കഥയാണ്.    1989 മെയ് 22 ന് അഗ്നി മിസൈലിന്റെ വിക്ഷേപണം നിശ്ചയിച്ചിരിക്കുകയാണ്.  വിക്ഷേപണത്തിനു സാക്ഷിയാകാന്‍ പ്രതിരോധമന്ത്രി കെ. സി പന്ത് തലേന്നു തന്നെ എത്തി.  അദ്ദേഹം കലാമിനോടു ചോദിച്ചു.  'കലാം, നാളെ അഗ്നിയുടെ വിജയം ആഘോഷിക്കാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?' കലാം ഉടന്‍ പറഞ്ഞു: 'ഇവിടെ ഞങ്ങളുടെ ഗവേഷണകേന്ദ്രത്തില്‍ നടാന്‍ ഒരു ലക്ഷം വൃക്ഷത്തൈകള്‍ ഞങ്ങള്‍ക്കുവേണം.' .  മന്ത്രി അത്ഭുതപ്പെട്ടുപോയി.  അദ്ദേഹം പ്രതീക്ഷിക്കാത്ത മറുപടിയായിരുന്നു അത്.  മന്ത്രി പറഞ്ഞു: ' നാളെ നാം തീര്‍ച്ചയായും വിജയിക്കും' മന്ത്രിയുടെ വാക്കുകള്‍ പോലെ പിറ്റേന്ന് അഗ്നി വിജയത്തിലേക്ക് കുതിച്ചു!  ഒരു പാര്‍ട്ടിയില്‍ അവസാനിപ്പിക്കാവുന്ന സന്തോഷം, അതിനും എത്രയോ മുകളിലാണ് തലമറകളുടെ ഭാവിയെ കരുതിയുളള ഒരു 'സമ്മാനം'.  നമ്മുടെ മുന്നില്‍ തെളിയുന്ന ഒരു ചെറിയ സാധ്യത പോലും പരമാവധി നല്ലതിനുവേണ്ടി പ്രയോജനപ്പെടുത്താന്‍ നമുക്കാകട്ടെ - ശുഭദിനം 

Part - 50

സ്‌കോട്ട്‌ലാന്റിലെ ഒരു മലയോര ഗ്രാമത്തില്‍ ജനിച്ച വെള്ളക്കാരന്‍.  കൃഷിയായിരുന്നു കുടുംബവരുമാനം. 1841 മെയ് 17 ന് ജനനം.  1856 ല്‍ ഏറ്റവും ബുദ്ധിശാലിയായ വിദ്യാര്‍ത്ഥിക്കുള്ള ഡ്യൂക്ക് മെഡല്‍ സ്വന്തമാക്കി.  തുടര്‍ന്ന് എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷുകാരുടെ ഗ്ലാമര്‍ സ്വപ്‌നമായിരുന്ന ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് ആയിരുന്നു ലക്ഷ്യം.  1862 ആഗസ്റ്റ് 16 ന് മദ്രാസ് സിവില്‍ സര്‍വ്വീസില്‍ നിയമനം നേടി.  അതുവരെ ശുപാര്‍ശകളിലൂടെ മാത്രം നടന്നിരുന്ന നിയമനം ഒരു ഇംഗ്ലീഷ് കര്‍ഷക യുവാവ് അധ്വാനത്തിലൂടെ കരസ്ഥമാക്കി.  തുടര്‍ന്ന് മലയാളം, തെലുങ്ക്, തമിഴ് എന്നീ മൂന്ന് പ്രാദേശിക പരീക്ഷകള്‍ കൂടി പാസ്സായി.  പിന്നീട് ഒരു പ്രവിശ്യയുടെ സബ് കളക്ടറും, ജോയിന്റ് മജിസ്‌ട്രേറ്റുമായി. ആ കാലത്ത് അവിടത്തെ ജന്മി വ്യവസ്ഥയില്‍ അതൃപ്തരായ കര്‍ഷകര്‍ ഭരണകൂടത്തിനെതിരെ തിരിഞ്ഞു.  ഭരണ നേതൃത്വം ഇക്കാര്യം പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ആ യുവ കളക്ടറെ ചുമതലപ്പെടുത്തി.  സത്യസന്ധവും നീതിയുക്തവുമായ ഒരു റിപ്പോര്‍ട്ടായിരുന്നു സമര്‍പ്പിക്കപ്പെട്ടത്.  കര്‍ഷകന്റെ കഷ്ടപ്പാടുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ജന്മിമാര്‍ക്ക് രസിച്ചില്ല.  അവരുടെ സ്വാധീനം മൂലം റിപ്പോര്‍ട്ട് തഴയപ്പെട്ടു.  1884 - സര്‍ക്കാര്‍ സര്‍ ടി മാധവറാവുവിനെ പ്രസിഡന്റാക്കി ഈ യുവ കളക്ടറേയും കമ്മിറ്റിയിലുള്‍പ്പെടുത്തിക്കൊണ്ട് പുതിയ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.  ആ റിപ്പോര്‍ട്ടും തഴയപ്പെട്ടു.  1886 ല്‍ വീണ്ടും കമ്മിറ്റി രൂപീകരിച്ചു.  ഇത്തവണ ആ കമ്മിറ്റിയില്‍ യുവ കളക്ടര്‍ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങളെല്ലാം ഒഴിവാക്കിക്കൊണ്ട് പുതിയൊരു റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടു.  ആ റിപ്പോര്‍ട്ടിനേയും ജന്മിമാര്‍ എതിര്‍ത്തു.  ആ നാട്ടുരാജ്യത്തിന്റെ പുഴകളേയും മലകളേയും മണ്ണിനേയും വെള്ളത്തേയും സ്‌നേഹിച്ച ആ യുവഭരണാധികാരി തന്റെ റിപ്പോര്‍ട്ടിലെ ഭാഗങ്ങളൊന്നും തിരുത്താന്‍ തയ്യാറായില്ല.  അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതിരുന്ന അദ്ദേഹത്തെ, അദ്ദേഹത്തിന്റെ സ്വപ്‌ന പദവിയില്‍ നിന്നും സര്‍ക്കാര്‍ പിരിച്ചുവിട്ടു.  എന്നാല്‍ റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും പഠനങ്ങളും ആഴത്തിലും പരപ്പിലും ഉള്ളതായിരുന്നു.  നിലവിലുള്ള സാമൂഹ്യഅവസ്ഥയുടേയും രാഷ്ട്രീയ നിലപാടുകളുടേയും പ്രകൃതിയുടേയും ചരിത്രത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും ജനജീവിതത്തിന്റെയും എല്ലാവശങ്ങളും ഉള്‍ക്കൊള്ളുന്ന സമഗ്രമായ പഠനവും പരിഹാര നിര്‍ദ്ദേശങ്ങളും കാഴ്ചപ്പാടുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍.  ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട അദ്ദേഹം താന്‍ ശേഖരിച്ച അറിവുകളെ പുസ്തകമായി ക്രോഡീകരിച്ചു.  അതിനദ്ദേഹം ആ നാട്ടുരാജ്യത്തിന്റെ പേര് നല്‍കി.  ആ പേര് ഇതായിരുന്നു - മലബാര്‍ !  പിന്നീട് ചരിത്രമായി മാറിയ മലബാര്‍ മാന്വവല്‍.  ആ യുവാവ് വില്യം ലോഗനും.  അന്ന് ആ ജോലിയില്‍ നിന്നും അദ്ദേഹം പിരിച്ചുവിടപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ മലബാര്‍ മാന്വവല്‍ ഉണ്ടാകുമായിരുന്നില്ല.  അവഗണിക്കപ്പെടുന്നത് കഴിവുകേടുകൊണ്ടല്ല.  മറ്റൊന്നില്‍ പരിഗണിക്കപ്പെടേണ്ട കഴിവുള്ളതുകൊണ്ടാണ്.  - ശുഭദിനം 

Part - 49

ടെലിവിഷന്‍ കണ്ടുപിടിച്ചത് ആര് ... ഈ ചോദ്യത്തിന് ജെ എല്‍ ബേഡ് എന്ന ഉത്തരമാണ് ലോകമാകെ അംഗീകരിക്കുന്നത്.  എന്നാല്‍ അദ്ദേഹത്തിന് മുന്‍പും പിന്‍പും ആ മേഖലയില്‍ പ്രവര്‍ത്തിച്ചവര്‍ പലരും ടെലിവിഷന്‍ യാഥാര്‍ത്ഥ്യമാക്കിയിരുന്നു.  എന്നാല്‍, തങ്ങളുടെ കണ്ടുപിടുത്തത്തിന്റെ പിഴവ് തീര്‍ത്ത് ലോകത്തെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.   അമേരിക്കക്കാരനായ ചാള്‍സ് ഫ്രാന്‍സിസ് ജെങ്കിന്‍സ് 1925 ല്‍ താന്‍ കണ്ടുപിടിച്ച് ടിവിയുടെ സംപ്രേഷണം നടത്തുകയുണ്ടായി.  ബെല്‍ ടെലിഫോണ്‍ കമ്പനിയിലെ ഹെര്‍ബര്‍ട്ട് ഇ ഐവ്‌സും ഫ്രാങ്ക് ഗ്രേയും 1927 ല്‍ ഒരു മെക്കാനിക്കല്‍ ടെലിവിഷന്റെ പൊതു പ്രദര്‍ശനവും നടത്തിയിട്ടുണ്ട്.  ഇങ്ങനെ ജര്‍മ്മിനിയിലും ഹംഗറിയിലുമെല്ലാം പല ഗവേഷകരും ടെലിവിഷന്‍ കണ്ടുപിടച്ചതിന്റെ അവകാശവാദം ഉന്നയിക്കുകയുണ്ടായി.  പലരും തങ്ങളുടെ ആദ്യ ടെലിവിഷന്റെ പൊതുപ്രദര്‍ശനവും നടത്തി.  ഈ ആദ്യകാല ടെലിവിഷനുകള്‍ ഒന്നും കുറ്റമറ്റത് എന്നു പറയാനാകില്ലായിരുന്നു.  അതുപോലെ തന്നെ ജെ.എല്‍ ബേഡിന്റെ ആദ്യ ടെലിവിഷനും ഒട്ടേറെ പോരായ്മകള്‍ ഉള്ളതായിരുന്നു.  എന്നാല്‍ ടെലിവിഷന്‍ സംപ്രേഷണം ആരംഭിക്കാന്‍ മുന്‍കൈ എടുത്തു എന്നത് ജെ. എല്‍ ബേഡ് മാത്രം ചെയ്ത കാര്യമാണ്.  നിരന്തരപഠനത്തിലൂടെ ടെലിവിഷന്‍ മികവുറ്റതാക്കാന്‍ ബേഡ് ശ്രമിച്ചു.  അദ്ദേഹം സ്ഥാപിച്ച കമ്പനി ടെലിവിഷന്‍ സെറ്റുകള്‍ ഉണ്ടാക്കി വില്‍ക്കുകയും ചെയ്തു.  ഇതൊക്കെ അദ്ദേഹത്തെ ടെലിവിഷന്റെ പിതാവെന്ന സ്ഥാനത്തിന് അര്‍ഹനാക്കി.  ലക്ഷ്യം... അതിനെ ഒരു നിശ്ചിത കാലത്തിന്റെ പരിമിതിയില്‍ നിര്‍ത്തരുത് .  തുടര്‍ച്ച അതാണ് വിജയത്തിന്റെ വളര്‍ച്ച - ശുഭദിനം

Part - 48

ഇന്ന് റോബോട്ട് എന്ന വാക്ക് കേൾക്കാത്ത ആരുണ്ട്, ആ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ത് എന്നും നമ്മുക്ക് കൃത്യമായി അറിയാം, സാങ്കേതിക വിദ്യ എല്ലാ മേഖലയിലും വികസിച്ചുകൊണ്ടേ ഇരിക്കുന്നു, സൈന്റിസ്റ്റുകൾ ലോകത്തിനു ഒരു പുതിയ മുഖം നല്കിക്കൊണ്ടേയിരിക്കുന്നു. റോബോട്ട് അതിലെ നിർണായക ഘടകവും. ഏത് റോബോട്ടിക് എഞ്ചിനീയർ ആയിരിക്കും ഈ വാക്ക് കണ്ടുപിടിച്ചത്. ഉറപ്പായിട്ടും സാങ്കേതിക വിദ്യയുടെ മേഖലയിലെ പ്രഗത്ഭനായ ഒരാൾ എന്നായിരിക്കും നമ്മൾ ചിന്തിക്കുക. എന്നാൽ അങ്ങനെയല്ല, 20ആം നൂറ്റാണ്ടിന്റെ ആദ്യകാലത്തു റഷ്യയിൽ ജീവിച്ചിരുന്ന ഒരു നാടക കൃത്തായിരുന്നു കാരെൻ കാപെക്‌. 1921ൽ അദ്ദേഹം എഴുതിയ നാടകം ആയിരുന്നു Rossumen's Universal Robots. ഒരു ഫാക്ടറിയിൽ യന്ത്ര മനുഷ്യരെ ജോലിക്ക് വെക്കുന്നതും പിന്നീട് ഇവ മനുഷ്യനെതിരെ ആകുന്നതുമാണ് കഥ. റോബോട്ട് എന്ന വാക്ക് ആദ്യം വന്നത് ഈ നാടകത്തിൽ ആയിരുന്നു, അടിമ എന്ന അർത്ഥത്തിൽ ആയിരുന്നു വാക്കിന്റെ ഉപയോഗം, നോക്ക് ഒരു സയൻസ് വാക്ക് പിറവിയെടുത്തത് ഒരു കലാകാരനിൽ നിന്നും ! 

ഒന്നും പ്രവചന സ്വഭാവ ത്തിൽ കാണരുത്. നമ്മുടെ മേഖലകൾക്ക് വേലികെട്ടരുത്. ഒരുപക്ഷെ നാളെയുടെ നാഴിക കല്ലുകൾ ആകുന്നതു നമ്മുടെ ഒരു ചെറിയ ചിന്ത ആകാം. -ശുഭദിനം

Part - 47

അനിൽ കുംബ്ലെ - ഇന്ത്യയുടെ മികച്ച ക്യാപ്റ്റൻമാരിൽ ഒരാൾ. ഇന്ത്യ കണ്ട മികച്ച ലെഗ് സ്പിന്നർ, ഏകദിനത്തിലും ടെസ്റ്റിലും മികച്ച വിക്കറ്റ് വേട്ടക്കാരൻ, ടെസ്റ്റിൽ 500ൽ പരം വിക്കറ്റുകൾ,  ടെസ്റ്റിൽ ഏറ്റവും അധികം വിക്കറ്റെടുത്ത ഇന്ത്യൻ കളിക്കാരൻ, തീർന്നില്ല ടെസ്റ്റിൽ 10 വിക്കറ്റും സ്വന്തമാക്കിയ ബൗളർ ! കുംബ്ലെ അങ്ങനെ വലിയൊരു സംഭവം ആയിരുന്നു ആ കാലത്ത്. ഇനി മറ്റുചിലത് കൂടി ഈ ക്യാപ്റ്റനെ കുറിച്ച്. 2007ൽ  ഇന്ഗ്ലണ്ടിനെതിരെ നടന്ന ഓവൽ ടെസ്റ്റിൽ കുംബ്ലെ സെഞ്ചുറി നേടി, അതായിരുന്നു കുംബ്ലെയുടെ ആദ്യത്തെ സെഞ്ച്വറി, അത് മാത്രമായിരുന്നു രാജ്യാന്തര മത്സരത്തിലെ ഒരേയൊരു സെഞ്ചുറിയും. കരിയറിലെ 151 ഇന്നിങ്സിൽ ആയിരുന്നു ആ സെഞ്ച്വറി. മറ്റൊന്നുകൂടി, ആദ്യത്തെ ആ സെഞ്ച്വറി നേടാൻ അദ്ദേഹം നേരിട്ടത് 118 ടെസ്റ്റുകൾ ! ഒരു വശത്തു നേട്ടങ്ങളുടെ കൂമ്പാരം, മറുവശത്തു ഒരു സെഞ്ചുറിക്ക് വേണ്ടി 118 ടെസ്റ്റ്‌ കാത്തിരുന്നു  കളിക്കാരൻ, ഏതിനെയാണ് നമ്മൾ ബഹുമാനിക്കേണ്ടത്. ഒരാൾക്ക് എല്ലാ കഴിവുകളും ഉണ്ടാകണം എന്ന് നിർബന്ധം ആവശ്യമില്ല, അല്ലാതെയും ക്യാപ്റ്റൻ ആയി ശോഭിക്കാം - ശുഭദിനം

Part - 46

ഇന്ത്യയിലെ രാഷ്ട്രീയ കാർട്ടൂണിന്റെ പിതാവ്, ശങ്കർ - ലോകമെന്പാടും ഉള്ള രാഷ്ട്രീയ നേതാക്കളെ തന്റെ  വരക്കുള്ളിൽ നിർത്തിയ ആൾ, ഇന്ത്യയിൽ കാർട്ടൂൺ പത്ര പ്രവർത്തനത്തിന്റെ ഭാഗമാക്കിയത് മലയാളിയായ ശങ്കർ ആയിരുന്നു. അദ്ദേഹത്തിന്റെ വര ഹിന്ദുസ്ഥാൻ ടൈംസിനെയും അദ്ദേഹത്തെയും ഒരുപോലെ പ്രസിദ്ധനാക്കി, അദ്ദേഹത്തിന്റെ വരയുടെ മൂർച്ച അറിയാത്ത നേതാക്കൻമാർ അന്ന് കുറവായിരുന്നു ഇൻഡ്യയിൽ. ഒരിക്കൽ ശങ്കറിനോട് ഒരു അപേക്ഷ എത്തി, പ്രിയപ്പെട്ട ശങ്കർ, അങ്ങയുടെ വരകളിൽ നിന്നും എന്നെ ദയവായി  ഒഴിവാക്കരുത്. ഇതായിരുന്നു ആ അപേക്ഷ, ശങ്കറിനെ തേടി വന്ന ഈ അപേക്ഷ മറ്റാരുടെയും ആയിരുന്നില്ല, സാക്ഷാൽ ജവഹർലാൽ നെഹ്‌റു ആയിരുന്നു ആ അപേക്ഷകൻ, മറ്റൊരുകാര്യം കൂടി ഉണ്ട്, നെഹ്‌റു ഇങ്ങനെ ഒരു അപേക്ഷ വെക്കുമ്പോൾ അദ്ദേഹം ഇൻഡ്യയുടെ പ്രധാന മന്ത്രി കൂടി ആയിരുന്നു. വിമർശനം വളർച്ചയുടെ വളം ആണ്. വിമർശനങ്ങളെ സഹിഷ്ണതയോടെ ഉൾകൊള്ളാൻ നമുക്ക് ആവണം, കാരണം വിജയം വിമർശനത്തിൽ നിന്നും ഊർജം കണ്ടെത്തും - ശുഭദിനം

Part 45

'നിക്കോളാസ് മാക്‌സിം സ്‌പെഷല്‍ അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ് ഇന്‍ മാനുസ്‌ക്രിപ്റ്റ് പെന്‍മാന്‍ഷിപ്പ് ' ഒന്നൊന്നര നീളമുള്ളൊരു പേര്!  ഇതൊരു ദേശീയ പുരസ്‌കാരത്തിന്റെ പേരാണ്.  അമേരിക്കയില്‍ തുടര്‍ച്ചയായി നടത്തുന്ന മത്സരമാണിത്.  ചുരുക്കി പറഞ്ഞാല്‍ കൈയ്യക്ഷര മത്സരം.  2016 ലെവിജയി , അമേരിക്ക വിര്‍ജീനിയയിലുള്ള ' അനയ എലിക് ' എന്ന ഏഴുവയസ്സുകാരിയായിരുന്നു.  ആദ്യ കാലം മുതല്‍ അനയ തന്റെ കൈയ്യക്ഷരം നന്നാക്കുന്നതില്‍ ശ്രദ്ധിച്ചിരുന്നു.  ചിലപ്പോഴൊക്കെ നിന്നുകൊണ്ട് എഴുതിയാലെ കൂടുതല്‍ മികവാര്‍ന്ന കയ്യക്ഷരം വരികയുള്ളൂ ഈ കൊച്ചുമിടുക്കിക്ക്!  7-മത്തെ വയസ്സിലാണ്‌ അനയ ഈ ദേശീയ പുരസ്‌കാരം നേടുന്നത്.  അനയയുടെ അമ്മയുടെ വാക്കുകള്‍ക്ക് നമുക്ക് ശ്രദ്ധകൊടുക്കാം.  ' ഞാനവള്‍ക്ക് ഒരു സഹായവും ചെയ്തു കൊടുക്കുന്നില്ല.  എല്ലാം അവള്‍ തനിയെ ശീലിച്ചു.  കൂടാതെ ഈ ചെറിയ പ്രായത്തില്‍ തന്നെ വസ്ത്രം മാറാനും, ഷൂസുകള്‍ തയ്യാറാക്കി കാലില്‍ ഇട്ട് കെട്ടുന്നതും അവള്‍ തന്നെയാണ്. ' കയ്യക്ഷരത്തില്‍ മിടുക്ക് കാണിച്ച അനയയെ നമുക്ക് ഒന്നുകൂടി കാണാം - ജന്മനാ രണ്ടു കൈപ്പത്തികളും ഇല്ലാതെയാണ് അവള്‍ ജനിച്ചത്!  അതുകൊണ്ടുതന്നെ  അവള്‍ ചെയ്യുന്നതെല്ലാം നേട്ടങ്ങളുടെ പട്ടികയില്‍ നമുക്ക് പെടുത്തിയേ മതിയാകൂ.  കാരണം അവള്‍ക്കറിയാം തന്റെ കാര്യങ്ങളുടെ തമ്പുരാന്‍ താന്‍ തന്നെയാണെന്ന്.  ഓര്‍ക്കുക, ചായാന്‍ ഇടമുണ്ടാകുമ്പോള്‍ തളര്‍ച്ച കൂടും... നമുക്ക് നമ്മില്‍ വിശ്വസിക്കാം, നിവര്‍ന്ന് നിന്ന് പ്രതിസന്ധികളെ നേരിടാം, വിജയം നമ്മോടൊപ്പം വരുന്ന ഒരു പുലരിയെ വരവേല്‍ക്കാം.

Part 44

ഇംഗ്ലണ്ടിലെ വടക്കന്‍ ഡാര്‍ട്ട്മൂര്‍ എന്ന സ്ഥലം. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന 'ക്രാന്‍മര്‍ ' തടാകം.  അവിടുത്തെ ഗൈഡ് ആയിരുന്നു ജയിംസ് പെരോട്ട്.  ഒരു ദിവസം ജെയിംസ് ഒരു കാലി കന്നാസ് തടാക തീരത്ത് ഉപേക്ഷിച്ചു.  എന്നാല്‍ പിന്നീട് വന്ന സന്ദര്‍ശകര്‍, തങ്ങളുടെ യാത്രയുടെ ഓര്‍മ്മക്കായി സ്വന്തം മേല്‍വിലാസം എഴുതിയ കുറിപ്പുകള്‍ ആ കന്നാസില്‍ നിക്ഷേപിച്ചു.  അതിന്റെ തുടര്‍ച്ച മറ്റാരുരീതിയിലായിരന്നു.  തുടര്‍ന്ന് വന്ന സന്ദര്‍ശകര്‍, ആദ്യം കുറിപ്പെഴുതി ഇട്ടയാളുടെ അഡ്രസ്സിലേക്ക് ആശംസകള്‍ എഴുതി അയക്കാന്‍ തുടങ്ങി.  സ്ഥലപരിമിതി മൂലം കന്നാസിനൊപ്പം ഒരു തകരപാട്ടകൂടി എത്തി. കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ ഇതൊരു 'സിസ്റ്റം ' ആയി മാറി.  അധികൃതര്‍ റബ്ബര്‍സ്റ്റാമ്പും, സ്റ്റാമ്പ് പാഡും കൂടി ഏര്‍പ്പെടുത്തി.  അങ്ങനെ ജെയിംസ് പെരോട്ട് ഉപേക്ഷിച്ച ആ കാലികന്നാസ് ലോകത്തിലെ ആദ്യത്തെ തപാല്‍പെട്ടിയായി ചരിത്രത്തില്‍ ഇടം നേടി.  സ്വയം ഒന്ന് തെളിഞ്ഞുനോക്കൂ, മറ്റുള്ളവര്‍ ആ തെളിച്ചം കാണുക തന്നെ ചെയ്യും.  മുഷിഞ്ഞ് മാറി നിന്നാല്‍ കാലികന്നാസുപോലെയാകും ജീവിതം.  എന്നാല്‍ മറിച്ച് സ്വയം തെളിഞ്ഞാല്‍ ചരിത്രത്തില്‍ ഒരു തിരിവെട്ടമായി മാറൂം. സ്വയം തെളിഞ്ഞ് മറ്റുള്ളവരുടെ ജീവിതം കൂടി പ്രകാശഭരിതമാകാന്‍ നമുക്ക് സാധിക്കട്ടെ - ശുഭദിനം 

Part 43

കര്‍ണാടകയിലെ കാര്‍വാര്‍ ജില്ലയിലെ ചെന്‍ഡിയ എന്ന ഗ്രാമത്തിലായിരുന്നു സെക്കന്റ് ലെഫ്റ്റനന്റ് രാമ രഘോബ റാണെ എന്ന യുദ്ധവീരന്റെ ജനനം.  1948 ഏപ്രില്‍ 8 - റാണയുടെ നേതൃത്വത്തില്‍ രാജൗരിയിലേക്ക് പട്ടാളം നീങ്ങി.  ബാര്‍വാലിയില്‍ വെച്ച് പാക്‌സേനയുടെ ആക്രമണം. വഴിനീളെ മൈനുകളും റോഡ് ബ്ലോക്കും.  അന്ന്‌ തന്നെ തടസ്സങ്ങള്‍ നീക്കാന്‍ റാണ തീരുമാനിച്ചു.  ഫലം രണ്ട് സൈനികരെ റാണയ്ക്ക് നഷ്ടമായി.  12 മണിക്കൂര്‍ തുടര്‍ച്ചയായി ശ്രമിച്ചിട്ടും റാണക്ക് തടസ്സങ്ങള്‍ നീക്കാനായില്ല.  സൈനിക വാഹനത്തിന്റെ അടിയില്‍ കിടന്നുകൊണ്ട് പാക് ഷെല്ലുകളെ പ്രതിരോധിച്ച് റാണ മൈനുകള്‍ നീക്കം ചെയ്തു.  അപ്പോഴാണ് 5 പൈന്‍മരങ്ങള്‍ വെട്ടിയിട്ട് തടസ്സം സൃഷ്ടിച്ച കാഴ്ച കണ്ടത്.  ആ രാത്രി, ഇരുട്ടില്‍ ആരും കാണാതെ പാക് ഷെല്ലുകളെ വകവെക്കാതെ ഒറ്റക്ക് പൈന്‍മരങ്ങള്‍ നീക്കം ചെയ്തു.  തുടര്‍ന്നു സാഹസികമായ നീക്കങ്ങള്‍; ടാങ്കറിനു താഴെ പറ്റിച്ചേര്‍ന്ന് കിടന്ന് തടസ്സങ്ങളെ നീക്കികൊണ്ടിരുന്നു റാണ.  ഏപ്രില്‍ 11 രാത്രി 10 മണി വരെ ആ സാഹസിക മുന്നേറ്റം അദ്ദേഹം നടത്തി.  'സേനയുടെ സുഗമമായ നീക്കത്തിന് റാണയുടെ ധൈര്യവും, മികവും ഏറെ സഹായകമായി  എന്നായിരുന്നു പിന്നീട് അദ്ദേഹത്തിന് ലഭിച്ച പരംവീര്‍ചക്ര ബഹുമതി പത്രത്തില്‍ രാജ്യം രേഖപ്പെടുത്തിയത്' .  നമുക്ക് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ വാക്കുകള്‍ കടമെടുക്കാം. 'ഭയത്തിന്റെ വെള്ളച്ചാട്ടത്തെ തടയുവാന്‍ ധൈര്യത്തിന്റെ അണക്കെട്ടുകള്‍ നാം നിരന്തരം നിര്‍മ്മിച്ചു കൊണ്ടേയിരിക്കണം ' - ശുഭദിനം 

Part 42

2006ൽ അദ്ദേഹത്തിന്റെ സ്വപ്നങ്ങളിലേക്കുള്ള വാതിൽ താഴിട്ടു പൂട്ടി കാർഡിയാക് സർജറിക്ക് വിധേയനായി. 2007 ൽ തനിയാവർത്തനം, രണ്ടാമത്തെ സർജറി.  ജപ്പാൻകാരനായ ഒരു പർവതാരോഹകന്റെ സ്വപ്നങ്ങളെ നുള്ളിയെടുത്തുകൊണ്ടുള്ള അസുഖങ്ങൾ.  ഇത് യുചിറോ മിയുറ എന്ന പർവതാരോഹകന്റെ കഥ. മഞ്ഞുറഞ്ഞ താഴ് വരകളിലാണ്‌ കുഞ്ഞു മിയുറ കളിച്ചു വളർന്നത്.  ഏറെ ചെറുപ്പത്തിലേ ശൈത്യകാല വിനോദങ്ങളിൽ വലിയ പ്രകടനമികവ് അവൻ കാണിച്ചിരുന്നു.  വളർന്നപ്പോൾ കൂടെ ലക്ഷ്യങ്ങളും വളർന്നു.  ശീത താഴ് വരക്ക് അതിരിട്ടു നിൽക്കുന്ന എവറസ്റ്റ്.  കീഴടക്കണം.  പൂർവികർ ചവുട്ടിതള്ളിയ മഞ്ഞുപാളികൾക്കു മുകളിലൂടെ ഉയരത്തിലെത്തണം.  പല ശ്രമങ്ങൾ. ചിലതെല്ലാം പരാജയപ്പെട്ടു.  2006,  2007 അദ്ദേഹത്തിന്റെ ജീവിതപരീക്ഷണങ്ങൾ കടുത്തതായിരുന്നു. രണ്ട് കാലിലും 5 കിലോഗ്രാം ഭാരവും പുറത്ത് 30 കിലോ ഭാരവുമായി 5.5 മൈൽ എന്നും നടത്തം.  ഓക്സിജൻ അളവ് കുറഞ്ഞ മുറിയിൽ താമസം. ഇതൊക്കെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രാക്ടീസ്. 2013 മെയ് 23. യുചിറോ എവറസ്റ്റ് കീഴടക്കി. മഞ്ഞണിഞ്ഞ മാമലകൾക്കു മുകളിൽ എവറെസ്റ്റിനു മുകളിൽ നിന്നും യുചിറോ ചിരിച്ചു.  ആ ചിരിക്ക് ഒരുപാട് പ്രത്യേകതകൾ ഉണ്ടായിരുന്നു.  അന്നദ്ദേഹത്തിന്ടെ പ്രായം വെറും 80 വയസ്സ് ആയിരുന്നു.  ചിന്തിക്കാൻ ആകുമോ 80 ആം വയസ്സിൽ നമ്മൾ എവറസ്റ് കയറുന്നത്‌ !! മോട്ടിവേഷൻ സ്പീച്ചുകളിൽ നമ്മൾ പറയും പ്രായം,  അത് വെറും അക്കങ്ങൾ മാത്രമാണെന്ന്.  എന്നിട്ടും ഒന്നും ചെയ്യാതെ പ്രായത്തെ പഴിച്ചു നാം എന്തെല്ലാം മാറ്റിവെച്ചിരിക്കുന്നു.  നമുക്ക് വീണ്ടും ഓർക്കാം,  ഒരു ജന്മം, അതിൽ ചെയ്തു തീർക്കാൻ എത്രയോ കാര്യങ്ങൾ... പ്രായം, കാലം, അവസരം... ഇതിനൊന്നുമല്ല പ്രാധാന്യം...  ' ആറ്റിട്യൂഡ് ' അതാണ് പ്രധാനം.  - നമ്മിലെ മാറ്റിവെക്കപ്പെട്ട ലക്ഷ്യങ്ങൾ പൊടിതട്ടിയെടുക്കാം,  അവക്ക് പുത്തൻ ചിറകുകൾ നൽകാം - ശുഭദിനം

Part 41

ശിഷ്യൻ ഗുരുവിനോട് ചോദിച്ചു. അങ്ങ് ധ്യാനത്തിലായിരിക്കുമ്പോൾ എന്തെങ്കിലും കാണുന്നുണ്ടോ ?  ഗുരു പറഞ്ഞു - ഞാൻ കാണുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല ; കാണുന്നില്ലേ എന്ന് ചോദിച്ചാൽ ഉണ്ട് ! ശിഷ്യൻ വീണ്ടും ചോദിച്ചു  : ഒരാൾക്ക് എങ്ങനെയാണു ഒരേസമയം കാണാനും കാണാതിരിക്കാനും കഴിയുന്നത്?  അപ്പോൾ ഗുരു പറഞ്ഞു : ധ്യാന സമയത്തു എന്റെ മനസ്സിന്റെ ചാഞ്ചാട്ടവും ചുറ്റിത്തിരിയലും ഞാൻ കാണുന്നുണ്ട്.  എന്നാൽ മറ്റുള്ളവരിലെ ശരിയും, തെറ്റും, നന്മയും, തിന്മയും ഞാൻ കാണാറില്ല.  ഒന്ന് ഓർത്ത് നോക്കൂ, ചുറ്റുപാടുകളെ അളന്നു തിരിച്ചു വ്യാഖ്യാനിക്കാനും വിമർശിക്കാനും വേണ്ടി ദൂരദർശിനികളും സൂക്ഷ്മദര്ശിനികളുമായി നടക്കുന്നവർക്ക് സ്വയം കാണാൻ കഴിയുന്ന ഒരു കണ്ണാടിച്ചില്ലു പോലും സ്വന്തമായി ഇല്ലെന്നതാണ് പരിതാപകരം.  ലോകം നന്നാക്കാൻ ഇറങ്ങി പുറപ്പെടുന്ന എല്ലാവരുടെയും ശ്രദ്ധ അപരനിലാണ്.  അന്യന്റെ കറ കഴുകിക്കളയാൻ നടത്തുന്ന ശ്രമത്തിന്റെ പകുതിയെങ്കിലും സ്വന്തം ചെളി കഴുകിക്കളയാൻ കാണിച്ചിരുന്നുവെങ്കിൽ മാലിന്യമില്ലാത്ത മനസ്സിന്റെ ഉടമകൾ ആകാൻ കഴിയുമായിരുന്നു.   ഒരു നന്മയെങ്കിലും ഇല്ലാത്തവർ ചുരുക്കമായിരിക്കും. മറ്റുള്ളവരിലെ ആ നന്മകളെ നമുക്കു കണ്ടെത്താൻ ശ്രമിക്കാം - ശുഭദിനം