Day 145

അന്ന് രാജാവിനെ കാണാന്‍ അന്യദേശത്ത് നിന്നും ഒരാള്‍ വന്നെത്തി. അയാളുടെ കയ്യില്‍ ഒരു പാത്രമുണ്ടായിരുന്നു. ഇതൊരു പ്രത്യേകതരം പാത്രമാണെന്നും എങ്ങിനെ താഴെയിട്ടാലും ഇത് ചങ്ങുകയേ ഉള്ളൂ പൊട്ടുകയില്ല എന്നും അയാള്‍ അവകാശപ്പെട്ടു. ഭൃത്യന്മാര്‍ ചുറ്റികകൊണ്ട് അടിച്ചുനോക്കിയെങ്കിലും അത് പൊട്ടിയില്ല. കൊട്ടാരത്തിലെ വിദഗ്ദര്‍ പരിശോധിച്ചു നോക്കിയതിന് ശേഷം പറഞ്ഞു: ഇത് അലുമിനിയം ആണ്. ഭൂമിയില്‍ ഇത് വളരെകുറച്ച് മാത്രമേ ഉള്ളൂ. ഇത് വേര്‍തിരിച്ചെടുക്കാനും ബുദ്ധിമുട്ടാണ്. പക്ഷേ, രാജാവ് ചിന്തിച്ചത് മറ്റൊന്നായിരുന്നു. ഈ ലോഹം ശ്രദ്ധനേടിയാല്‍ സ്വര്‍ണ്ണത്തേക്കാളും വെള്ളിയേക്കാളും വില വരുമോ? അങ്ങനെ ഇയാള്‍ കൂടുതല്‍ ധനവാനായി മാറുമോ? അവസാനം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ അയാളെ ജീവിതകാലം മുഴുവന്‍ തുറുങ്കിലടയ്ക്കാന്‍ രാജാവ് ഉത്തരവിട്ടു. കിട്ടാതാകുമ്പോള്‍ മാത്രം വിലതിരിച്ചറിയുന്നത് കൊണ്ടാണ് സുലഭമായവയെ ആളുകള്‍ ആഘോഷിക്കാത്തത്. ആവശ്യത്തിന് ഉള്ളവയെയും എപ്പോഴും കൂടെയുള്ളവയെയും ജന്മാവകാശമായി കരുതി അവഗണിക്കും. അപ്രത്യക്ഷമാകുന്നത് വരെ കാത്തിരുന്നാല്‍ ഒന്നിനും അതര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുവാന്‍ സാധിക്കില്ല. എല്ലാം അവസാനിച്ചതിന് ശേഷം ബോധോദയമുണ്ടാകുന്നതിലും അര്‍ത്ഥമില്ല. ഒന്ന് ക്ഷമിക്കാന്‍ മറവിരോഗം വരുന്നതുവരെ കാത്തുനില്‍ക്കാതിരുന്നെങ്കില്‍ എത്ര സന്തോഷകരവും സംതൃപ്തകരവുമായേനെ ജീവിതം! ഓരോ വസ്തുവിനും വ്യക്തിക്കും എന്തെങ്കിലുമൊക്കെ കൂട്ടിച്ചേര്‍ക്കാനും പഠിപ്പിക്കാനുമുണ്ടാകും. ഓരോന്നിനും അതിന്റെതായ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനുണ്ടാകും. ഒരിക്കലുള്ളതെല്ലാം എന്നുമുണ്ടാകണമെന്നില്ല. ഒന്ന് നമുക്ക് ഓര്‍മ്മയില്‍ വെയ്ക്കാം. അധികമുള്ളതെല്ലാം ഒരിക്കല്‍ ഇല്ലാതാകാം - ശുഭദിനം.

Day 144

അയാള്‍ ലോകപ്രശസ്തനായിരുന്നു. ലോകം മുഴുവനും ധാരാളം ആരാധകരും ശിഷ്യരും അദ്ദേഹത്തിനുണ്ടായിരുന്നു. വിദേശത്ത് നിന്നും ഒരു യുവാവ് അറിഞ്ഞുകേട്ട തന്റെ മാനസഗുരുവിനെ കാണാന്‍ എത്തി. വഴിയില്‍ കണ്ടയാളോട് യുവാവ് ഗുരുവിന്റെ വീട്ടിലേക്കുള്ള വഴി ചോദിച്ചു. അയാള്‍ തിരിച്ചു ചോദിച്ചു: ഇയാളെ കാണാനാണോ ഇത്രദൂരം യാത്ര ചെയ്തു വന്നത്. ഇദ്ദേഹത്തെ എനിക്കറിയാം. അയാള്‍ ഒരു വട്ടപൂജ്യമാണ്. ഒരു കഴിവും ഇല്ലാത്ത മനുഷ്യന്‍. താങ്കളുടെ പണവൂം സമയവും നഷ്ടപ്പെടുത്തിയതില്‍ എനിക്ക് സങ്കടം തോന്നുന്നു. ഇതു കേട്ട യുവാവിന് ദേഷ്യം വന്നു. അയാളെ വിവരദോഷിയെന്ന് പറഞ്ഞ് യുവാവ് നടന്നകന്നു. അവസാനം യുവാവ് ആശ്രമത്തിലെത്തി. ഗുരുവിനെ കണ്ട യുവാവ് ഞെട്ടിപ്പോയി. താന്‍ രാവിലെ കണ്ടുമുട്ടിയ ആള്‍തന്നെയായിരുന്നു ഗുരു. കാല്‍ക്കല്‍ വീണ യുവാവിനോട് ഗുരു പറഞ്ഞു: താങ്കള്‍ എന്നോട് പറഞ്ഞതും, ഞാന്‍ താങ്കളോട് പറഞ്ഞതും സത്യമാണ്..... രണ്ടുതരം ആളുകളുണ്ട് നമുക്ക് ചുറ്റും. വലുതാകുന്നതിലൂടെ സ്വയം ചെറുതാകുന്നവരും, ചെറുതാകുന്നതിലൂടെ സ്വയം വലുതാകുന്നവരും. താന്‍ എത്രമാത്രം വലുതാണെന്ന് തെളിയിക്കാനുള്ളതാണ് ആദ്യകൂട്ടരുടെ ഓരോ ശ്രമവും. തങ്ങളെ വണങ്ങുന്നവരെ മാത്രമേ അവര്‍ അംഗീകരി്ക്കുയുള്ളൂ. എപ്പോവും തങ്ങളെ പുകഴ്ത്താന്‍ ഒരു സംഘത്തെതന്നെ അവര്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കും. എത്ര അറിവും ആദരവും നേടി നില്‍ക്കുമ്പോഴും അദൃശ്യരായിരിക്കാനാണ് രണ്ടാംവിഭാഗക്കാര്‍ക്ക് ഇഷ്ടം. അവര്‍ ഒരിക്കലും സ്വയം വാഴ്ത്തുകയില്ല. മറ്റുള്ളവരെ തങ്ങളെ സ്തുതിക്കാന്‍ അനുവദിക്കുകയുമില്ല. ചെറുതാകുന്നവര്‍ക്ക് രണ്ട് ഗുണങ്ങളുണ്ടാകും. അവര്‍ സ്തുതിഗീതങ്ങള്‍ക്ക് മുന്നില്‍ മയങ്ങി വീഴില്ല. അവര്‍ വിമര്‍ശനങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നവരായിരിക്കും. ഇവരിലൂടെയാണ് ഈ ലോകം വലുതാകുന്നത്. നമുക്കും ചെറുതാകാം... വലുതാകാനായി - ശുഭദിനം.

Day 143

അവിടെ ഒരു മത്സരം നടക്കുകയാണ്. കമുകിന്റെ ഏറ്റവും മുകളിലെത്തുന്നയാളാണ് വിജയി. കുട്ടികള്‍ മത്സരിച്ച് കയറുന്നുണ്ടെങ്കിലും പലരും പാതിവഴിയില്‍ താഴേക്ക് ഊര്‍ന്നുവീണു. അവസാനം ഒരാള്‍ വിജയിയായി. ഇതെല്ലാം കണ്ടുകൊണ്ട് നിന്ന ഒരാള്‍ വിജയിച്ച കുട്ടിയോട് ചോദിച്ചു. നിനക്ക് മാത്രം എങ്ങിനെയാണ് മുകളിലേക്ക് എത്താന്‍ കഴിഞ്ഞത്? കുട്ടി പറഞ്ഞു: മറ്റുള്ളവരെല്ലാം കയറുന്നതിനിടക്ക് തങ്ങള്‍ എത്ര ഉയരത്തിലായെന്നറിയാന്‍ താഴേക്ക് നോക്കി. അവര്‍ പേടിച്ചു താഴോട്ടു പോന്നു. ഞാന്‍ മുകളിലേക്ക് മാത്രമേ നോക്കിയുള്ളൂ. അതുകൊണ്ട് താഴെ വീണില്ല. അയാള്‍ അവന്റെ തോളില്‍ തട്ടി അഭിനന്ദിച്ചു. ഉയരങ്ങളിലേക്ക് സഞ്ചരിക്കുന്നവരുടെ മുന്നില്‍ രണ്ടു സാധ്യതകളാണ് ഉള്ളത്. ഒന്നുകില്‍ താഴേക്ക് നോക്കി പരിഭ്രാന്തരാവുക. അല്ലെങ്കില്‍ മുകളിലേക്ക് നോക്കി ആവേശഭരിതരാകുക. പിന്നിട്ട വഴികളേക്കാള്‍ പ്രാധാനമാണ് പിന്നിടാനുള്ള വഴികള്‍. കൃത്യമായ ലക്ഷ്യം മുന്നില്‍ കണ്ടോ പദ്ധതികള്‍ ആവിഷ്‌കരിച്ചോ എല്ലാ യാത്രകളും പൂര്‍ത്തീകരിക്കാന്‍ ആകില്ല. കൊടുമുടികളില്‍ നില്‍ക്കുമ്പോള്‍ ആഴങ്ങളേക്കാള്‍ ആസ്വദിക്കേണ്ടത് ഉയരങ്ങളെയാണ്. കീഴോട്ട് നോക്കുമ്പോഴാണ് കൈകാലുകള്‍ വിറയ്ക്കുന്നത്. നോട്ടം മുകളിലേക്കായാല്‍ നമ്മള്‍ നക്ഷത്രങ്ങളിലേക്ക് അടുക്കുന്നതായി തോന്നും! ഏത് കര്‍മ്മവും തുടങ്ങിയോ എന്നതല്ല, പൂര്‍ത്തിയാക്കിയോ എന്നതാണ് പ്രധാനം. തുടങ്ങാന്‍ താല്‍ക്കാലിക പ്രലോഭനം മതി. പക്ഷേ, പൂര്‍ത്തിയാക്കാന്‍ ആത്മവിശ്വാസവും നിരന്തര പ്രയത്‌നവും വേണം. തുടങ്ങിയതിന്റെ ഇരട്ടിവാശിയുണ്ടെങ്കിലേ തുടരാനാകൂ. തുടങ്ങിയ സ്ഥലത്തിന്റെ സുരക്ഷിതത്വത്തേക്കാള്‍ എത്തിച്ചേരേണ്ട സ്ഥലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യമുണ്ടെങ്കില്‍ മാത്രമേ യാത്രകള്‍ ലക്ഷ്യസ്ഥാനങ്ങളിലെത്തുകയുള്ളൂ.. സഞ്ചരിച്ച വഴികളെ സംശയത്തോടെ കാണാതെ മുന്നോട്ട് തന്നെ പോവുക. തുടങ്ങിവെച്ച യാത്രകള്‍ പൂര്‍ത്തീകരിക്കാന്‍ നമുക്ക് സാധിക്കട്ടെ - ശുഭദിനം.

Day 142

1936 ബെര്‍ളിന്‍ ഒളിംപിക്‌സ്. ലോകത്തിലെ ഏററവും മികച്ച പിസ്റ്റള്‍ ഷൂട്ടര്‍ ഹംഗറിക്കാരനായ കരളി ട്ടാക്കസിന് ഒളിംപിക്‌സ് ടീമില്‍ സ്ഥാനം നിഷേധിക്കപ്പെട്ടു. അക്കാലത്ത് ഓഫീസര്‍മാരെ മാത്രമേ ഒളിംപിക് ടീമില്‍ എടുക്കാന്‍ പാടുളളൂ എന്നൊരു നിയമം അന്നത്തെ ഹംഗേറിയന്‍ ഗവണ്‍മെന്റിന് ഉണ്ടായിരുന്നു. അയാള്‍ ഹംഗറിയന്‍ സൈന്യത്തില്‍ ഒരു സാധാരണ സര്‍ജന്റ് മാത്രമായിരുന്നു.. പിന്നീട് നിയമം മാറി 1940 ലെ ഒളിപിക്‌സിനായി കരളി ട്ടാക്കസിസ് കഠിനമായി പരിശ്രമിച്ചു. പക്ഷേ, 1938 ലെ ഒരു സൈനിക അഭ്യാസത്തിനിടയില്‍ അയാള്‍ക്ക് തന്റെ വലതുകൈ നഷ്ടപ്പെട്ടു! തന്റെ സ്വപ്നം അവിടെ അവസാനിപ്പിക്കാന്‍ അയാളുടെ മനസ്സ് അനുവദിച്ചില്ല. അയാള്‍ തന്റെ ഇടതു കൈകൊണ്ട് ഷൂട്ടിങ്ങ് പരിശീലനമാരംഭിച്ചു. പക്ഷേ, വിധി വീണ്ടും വില്ലനായി. രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് 1940ലെ ടോക്കിയോ ഒളിംപിക്‌സ് റദ്ദാക്കപ്പെട്ടു. ട്ടാക്കസിസ് പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. 1944 ലെ ലണ്ടന്‍ ഒളിംപിക്‌സിനായി അദ്ദേഹം പരിശീലനം തുടര്‍ന്നു. 1944 ലെ ഒളിംപിക്‌സും റദ്ദാക്കപ്പെട്ടു. വീണ്ടും ടാക്കസിസ് 1948 ലെ ലണ്ടന്‍ ഒളിംപിക്‌സിനെ ലക്ഷ്യം വെച്ചു. ഒടുവില്‍ ഒറ്റക്കൈയ്യനായ ആ 38 കാരന്‍ സ്വര്‍ണ്ണം നേടി! വീണ്ടും 4 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന ഒളിംപിക്‌സിലും അയാള്‍ തന്റെ സുവര്‍ണ്ണനേട്ടം ആവര്‍ത്തിച്ചു. തന്റെ സ്വപ്നത്തിനായി, ലക്ഷ്യത്തിനായി കരളി ട്ടാക്കസിസ് മാറ്റിവെച്ചത് ഒന്നും രണ്ടും വര്‍ഷമല്ല, പന്ത്രണ്ട് വര്‍ഷം. ഒരു വ്യാഴവട്ടക്കാലം! നഷ്ടങ്ങള്‍ വിലപിക്കുവാനുള്ളതല്ല, ജീവിതം മുന്നില്‍ നിവര്‍ന്നുകിടക്കുകയാണ്... മുന്നേറിക്കൊണ്ടേയിരിക്കുക.. പരിശ്രമിക്കുക.. പ്രതിബന്ധങ്ങള്‍ എന്നവാക്കിനെ ജീവിതത്തില്‍ നിന്നും എടുത്തുകളയുക - ശുഭദിനം.

Day 141

ആ പ്രാസംഗികന്‍ വളരെ പ്രശസ്തനാണ്. അതുകൊണ്ട്തന്നെ വളരെ അച്ചടക്കത്തോടെയും ശ്രദ്ധയോടും കൂടി മാത്രമേ ആളുകള്‍ അദ്ദേഹത്തെ ശ്രവിക്കുകയുള്ളൂ. ഒരു ദിവസം പ്രസംഗം നടക്കുന്നതിനിടയില്‍ ഒരാള്‍ ചാടിയെഴുന്നേറ്റ് പുറത്തേക്ക് ഓടിപ്പോയി. ഇത് പ്രാസംഗികനെയും മറ്റുള്ളവരെയും അസ്വസ്ഥരാക്കി. പിറ്റെ ദിവസവും പ്രസംഗം കേള്‍ക്കാന്‍ അയാള്‍എത്തി. അയാളെ കണ്ടപ്പോള്‍ പ്രാസംഗികന്‍ ഇങ്ങനെ പറഞ്ഞു: ഇന്നലത്തെ പോലെ ഇടക്കിറങ്ങി ഓടാനാണെങ്കില്‍ ഇവിടേക്ക് കയറണമെന്നില്ല. അയാള്‍ പറഞ്ഞു: ഇതുവഴിയുള്ള ബസ്സ് വന്നപ്പോഴാണ് ഞാന്‍ ഇന്നലെ പോയത്. ആ ബസ്സിലാണ് എനിക്കുള്ള പാഴ്‌സല്‍ വരുന്നത്. അതില്‍ നിറയെ കത്തുകളാണ്. ഞാന്‍ ഇവിടുത്തെ പോസ്റ്റ്മാന്‍ ആണ്. ആ കത്തുകള്‍ വിതരണം ചെയ്യുക എന്റെ ഉത്തരവാദിത്വമാണ്. പിന്നീട് ആരും അയാളോട് ഒന്നും പറഞ്ഞില്ല. എത്ര സമയം ചെലവഴിച്ചു എന്നതിനേക്കാള്‍ പ്രധാനമാണ് എത്ര ഫലപ്രദമായി ചെലവഴിച്ചു എന്നത്. മുഴുവന്‍ സമയവും സാന്നിധ്യമറിച്ചിട്ടും ഒന്നും മനസ്സിലായില്ലെങ്കില്‍ എന്താണ് പ്രയോജനം.. അതുപോലെ എല്ലാം മനസ്സിലായിട്ടും ഒന്നും പ്രയോഗത്തില്‍ വരുത്തിയില്ലെങ്കില്‍ പിന്നെ എന്താണ് നേട്ടം.. ഒരു പ്രഭാഷണത്തില്‍ മുഴുകിയിരുന്നു അന്ന് ചെയ്യേണ്ട കര്‍ത്തവ്യങ്ങള്‍ അവഗണിക്കപ്പെടുകയാണെങ്കില്‍ അതിനല്ലേ മാറ്റം വരുത്തേണ്ടത്. ഏത് ആകസ്മികതകള്‍ക്കിടയിലും തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ മറക്കാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം. - ശുഭദിനം.

Day 140

തലമുറകളായി അവര്‍ കാട്ടിലാണ് വസിച്ചിരുന്നത്. ഗോതമ്പ് ചുട്ട് ഭക്ഷിച്ചാണ് അയാളും കുടുംബവും ജീവിച്ചിരുന്നത്. ഒരു ദിവസം അയാള്‍ കാടിനടുത്തുള്ള പട്ടണത്തിലെത്തി. അയാളുടെ ഒരു സുഹൃത്ത് അവിടെ താമസിച്ചിരുന്നു. അയാള്‍ക്ക് രാവിലെ കഴിക്കാന്‍ അവര്‍ റൊട്ടികൊടുത്തു. ഇതെങ്ങനെ ഉണ്ടാക്കുന്നു അയാള്‍ ചോദിച്ചു. അവര്‍ പറഞ്ഞു: ഗോതമ്പ് ഉപയോഗിച്ച്. ഉച്ചഭക്ഷണം കഴിഞ്ഞപ്പോള്‍ ഒരു പായസം കിട്ടി. ആ പായസവും അയാള്‍ക്ക് ഇഷ്ടപ്പെട്ടു. അയാള്‍ ചോദ്യം ആവര്‍ത്തിച്ചു: ഇത് എന്തുകൊണ്ടാണ് ഉണ്ടാക്കുന്നത്? ഗോതമ്പ് കൊണ്ട് അവര്‍ പറഞ്ഞു. വൈകുന്നേരം കാട്ടിലേക്ക് തിരിച്ചുപോകുംമുന്‍പ് അവര്‍ അയാള്‍ക്ക് ഒരു കേക്ക് കൊടുത്തു. കേക്ക് എങ്ങിനെയുണ്ടാക്കുന്നുവെന്നായി അയാള്‍. അവര്‍ പറഞ്ഞു. ഗോതമ്പുകൊണ്ട്. അയാള്‍ ആലോചിച്ചു. താന്‍ വിതയ്ക്കുന്നതും കൊയ്യുന്നതും ഗോതമ്പാണ്. പിന്നെന്തുകൊണ്ടാണ് ഞാന്‍ ചുട്ട അപ്പം മാത്രം കഴിക്കുന്നത്... വിഭവങ്ങളില്ലാത്തതല്ല, വിരുന്നുണ്ടാക്കാന്‍ അറിയാത്തതാണ് ജീവിതം ആഘോഷരഹിതമാക്കാന്‍ കാരണം. തങ്ങള്‍ക്കില്ലാത്തവയെക്കുറിച്ച് പരാതി പറഞ്ഞ് കുറെക്കാലം ജീവിക്കും. പിന്നെ മറ്റുള്ളവര്‍ക്കുള്ളവയെയും അവര്‍ സമ്പാദിച്ചവയേയും നോക്കി അസൂയപൂണ്ട് ബാക്കി കാലം ജീവിക്കും. അവസാനം ജീവിതം കുറച്ചുകൂടി ആഘോഷഭരിതമാക്കാമായിരുന്നു എന്ന കുറ്റബോധത്തോടെ വിടപറയും! എല്ലാം ആവശ്യത്തിലധികം ഉള്ളവരല്ല, ഉള്ളവയെ ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കുന്നവരാണ് ഓരോ നിമിഷവും ഉത്സവമാക്കുന്നത്. അപ്രതീക്ഷിതമായി കടന്നുവന്ന് കണ്ണഞ്ചിപ്പിക്കുന്നവയല്ല, അത്യധ്വാനം ചെയ്ത് നിര്‍മ്മിച്ചെടുക്കുന്നതാണ് ഓരോ അത്ഭുതവും. അവനവന്‍ സൃഷ്ടിച്ച അത്ഭുതങ്ങളിലൂടെ യാത്ര ചെയ്യുമ്പോഴാണ് ജീവിതം ശരിക്കും ആഘോഷപൂര്‍ണ്ണമാകുന്നത്. നമുക്കും മറ്റുള്ളവരിലേക്കുള്ള നോട്ടം അവസാനിപ്പിക്കാം, ഉള്ളത് കൊണ്ട് ഉത്സവമാക്കാം - ശുഭദിനം

Day 139

ഗുരു യാത്രയ്ക്കിടെ ഒരു വലിയ മരത്തണലില്‍ വിശ്രമിക്കാന്‍ ഇരുന്നു. മരത്തില്‍ നിന്നും പഴങ്ങള്‍ കഴിച്ചു. അരികെയുള്ള നദിയില്‍ നിന്നും വെള്ളം കുടിച്ചു. ക്ഷീണം മാറിയപ്പോള്‍ യാത്ര തുടരാന്‍ തയ്യാറായി. അപ്പോള്‍ അദ്ദേഹം മരത്തോട് ചോദിച്ചു: നിനക്ക് എന്ത് അനുഗ്രഹമാണ് വേണ്ടത്. മരം പറഞ്ഞു: എന്റെ പഴങ്ങള്‍ക്ക് നല്ല മധുരമുണ്ടാകണം. അപ്പോള്‍ ഗുരു പറഞ്ഞു. അതു വേണ്ട ഇപ്പോള്‍ തന്നെ നല്ല മധുരമുണ്ട്. ധാരാളം ഇലകള്‍ ചോദിച്ചപ്പോള്‍ ഇലകള്‍ ധാരാളം മരത്തിനുള്ളത് കൊണ്ട് അതും ഗുരു അനുവദിച്ചില്ല. അരുവി അടുത്തുള്ളതുകൊണ്ട് ജലാംശത്തിനു വേണ്ടിയുള്ള ആവശ്യവും അപ്രസക്തമായി. അവസാനം ഗുരു ഇങ്ങനെ ഒരു അനുഗ്രഹം നല്‍കി: നിന്റെ വിത്തില്‍ നിന്നും പൊട്ടിമുളയ്ക്കുന്ന എല്ലാ മരങ്ങളും നിറയെ ഫലങ്ങള്‍ നല്‍കട്ടെ. മരത്തിന് ഒരുപാട് സന്തോഷമായി. ഗുരു തന്റെ യാത്ര തുടര്‍ന്നു... സ്വയം എന്തായി തീര്‍ന്നു എന്നതിനേക്കാള്‍ പ്രധാനമാണ് തന്നിലൂടെ വളര്‍ന്നവര്‍ എന്തായി തീര്‍ന്നു എന്നത്. അവനവന്‍ നന്നാകണമെന്നതും അപരനേക്കാള്‍ ഒരുപടി കൂടി മുന്നില്‍ നില്‍ക്കണമെന്നതുമാണ് സാധാരണ മനോഭാവം. തന്റെ തണലില്‍ വളര്‍ത്തുന്നവരും, തന്റെയൊപ്പം വളര്‍ത്തുന്നവരും, തന്നേക്കാള്‍ മുകളില്‍ വളര്‍ത്തുന്നവരും ഉണ്ട്. തണലില്‍ വളര്‍ത്തുന്നവര്‍ക്ക് തങ്ങളുടെ മാനസിക സുഖം മാത്രമാണ് പ്രധാനം. ഇത്തരക്കാര്‍ ആശ്രിതരില്ലാതായാല്‍ തളര്‍ന്ന് വീഴാന്‍ സാധ്യതയുണ്ട്. തന്റെയൊപ്പം വളര്‍ത്തുന്നവര്‍ അധികമായി വളരുന്ന ഓരോ കൊമ്പും വെട്ടിയൊതുക്കി നിര്‍ത്തും, സ്വയം ഒതുങ്ങേണ്ടതിന്റെ ആവശ്യകത അവര്‍ വളരുന്നവരെ ബോധ്യപ്പെടുത്തും. തന്നേക്കാള്‍ ഉയരത്തില്‍ വളര്‍ത്താന്‍ ശ്രമിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ ചങ്കൂറ്റമുള്ളവര്‍. വളര്‍ന്ന് തലയ്ക്ക്മീതെ ഇവര്‍ ചായും എന്ന ആകുലതയേക്കാള്‍ തനിമ കാട്ടി ഇവര്‍ വളരണം എന്നാണ് അവര്‍ ചിന്തിക്കു. കരുത്തുള്ള വിത്തില്‍ നിന്നുമാത്രമേ ശൗര്യമുളള നാമ്പുകള്‍ മുളച്ചുപൊങ്ങൂ. കരുത്ത് ഉള്ളില്‍ നിന്നും രൂപപ്പെടുത്താന്‍ സാധിക്കട്ടെ - ശുഭദിനം.

Day 138

നേതാവും അനുയായികളും കൂടി കാട്ടിലൂടെ നടക്കുകയാണ്. ഉള്‍ക്കാട്ടിലെത്തിയപ്പോള്‍ മരത്തിനു മുകളില്‍ ഒരു സ്വര്‍ണ്ണപക്ഷി ഇരിക്കുന്നത് കണ്ടു. ആ പക്ഷിയെ പിടിക്കാന്‍ അവര്‍ക്കാഗ്രഹം തോന്നി. വളരെ ഉയരമുള്ള മരമായതുകൊണ്ട് ആരും അതില്‍ കയറാന്‍ തയ്യാറായില്ല. അവസാനം നേതാവ് പറഞ്ഞു. നിങ്ങള്‍ പരസ്പരം തോളില്‍ കയറിനിന്നാല്‍ ഞാന്‍ അതിന്റെ ഏറ്റവും മുകളില്‍ കയറി പക്ഷിയെ പിടിക്കാം. അവര്‍ സമ്മതിച്ചു. വലിയ ഗോവണിപോലെയായവര്‍. നേതാവ് മുകളിലെത്താറായപ്പോഴേക്കും താഴെ നില്‍ക്കുന്നവര്‍ക്ക് ക്ഷീണംകൊണ്ടും വേദനകൊണ്ടും മടുത്തു. ഏറ്റവും താഴെ നിന്നവര്‍ പിന്മാറി. അതോടെ നേതാവ് താഴെ വീണു. അടിത്തറയില്ലെങ്കില്‍ മേല്‍ക്കൂരയുമില്ല. വേരിന് ആഴമില്ലെങ്കില്‍ എത്രവലിയ വൃക്ഷമായാലും ചെറിയ മണ്ണൊലിപ്പില്‍ കടപുഴകി വീഴും. ആകര്‍ഷകമാക്കാന്‍ നടത്തുന്ന ചിത്രപ്പണികളുടെ പാതി അധ്വാനമെങ്കിലും അടിസ്ഥാനകാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നടത്തിയിരുന്നെങ്കില്‍ ദൃഢതയുള്ള ഒരു സമൂഹവും വ്യവസ്ഥിതിയും ഉണ്ടായേനെ. ആരെ മറന്നാലും നമ്മള്‍ ആധാരശിലകളെ മറക്കരുത്. അരങ്ങത്ത് നില്‍ക്കുന്നവരോട് തോന്നുന്ന ആരാധന അണിയറയിലുള്ളവരോട് ഉണ്ടാകണമെന്നില്ല. പക്ഷേ, അവരുടെ അധ്വാനമാണ് അരങ്ങിനെ മനോഹരമാക്കുന്നത്. പിന്നാമ്പുറങ്ങളില്‍ മാത്രം പണിയെടുക്കുന്ന ചില നിശ്ശബ്ദ ജന്മങ്ങളുണ്ട്. മുന്‍നിരയില്‍ അവര്‍ പ്രത്യക്ഷപ്പെടാറേയില്ല. പക്ഷേ, അവരായിരിക്കും മുന്‍നിരയുടെ നെടുതൂണുകള്‍. അടിത്തട്ടില്‍ നില്‍ക്കുന്നവരുടെ മനോഭാവവും മനോബലവും ആരോഗ്യകരമായി നിലനിര്‍ത്തുക എന്നതാണ് മുകളില്‍ നില്‍ക്കുന്നവരുടെ ഉത്തരവാദിത്വം. നമുക്ക് നമ്മുടെ ആദ്യപടിയെ ബഹുമാനിക്കാന്‍ ശീലിക്കാം. - ശുഭദിനം.

Day 137

ഇത് സരിത. മുബൈ ഘാട്‌കോപറിലെ ചേരിയില്‍ റാമിന്റെയും സരോജിന്റെയും രണ്ടാമത്തെ മകള്‍. ചേച്ചിയും രണ്ടനിയന്‍മാരും ഉള്ള കുടുബത്തിന്റെ ആകെ സമ്പാദ്യം ദാരിദ്ര്യം മാത്രമായിരുന്നു. മാലി സമുദായത്തില്‍ പെട്ടവര്‍ പൂക്കള്‍ വില്‍ക്കേണ്ടവരാണെന്ന അലിഘിത നിയമത്തിന്റെ പേരില്‍ പൂവില്‍പന തൊഴിലാക്കിയവരാണ് ഈ കുടുംബം. അമ്മയും ചേച്ചിമാരും നേരംപുലരുവോളം കെട്ടുന്ന പൂക്കള്‍ രാവിലെ സരിതയും അച്ഛനും അനിയന്മാരും ചേര്‍ന്നാണ് തെരുവുകളില്‍ വില്‍ക്കാറുള്ളത്. ഉച്ചയ്ക്ക് 12മണി വരെ പൂക്കള്‍വിറ്റാല്‍ ഒരുനേരം വയറുനിറയ്ക്കാനുള്ളത് കഷ്ടിച്ച് ലഭിക്കും. റാമിന് ഒന്നറിയാമായിരുന്നു, രക്ഷപ്പെടണമെങ്കില്‍ പഠിക്കണം. അത് അദ്ദേഹം തന്റെ മക്കളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരുന്നു. അതുകൊണ്ട് തന്നെ വയറെത്രയെരിഞ്ഞാലും സരിത പുസ്തകം താഴെവെയ്ക്കില്ലായിരുന്നു. പൂവില്‍ക്കുന്ന ഇടവേളകളിലെല്ലാം അവള്‍ പഠിച്ചുകൊണ്ടേയിരുന്നു.. ദാരിദ്ര്യത്തിന്റെയും കുറ്റകൃത്യത്തിന്റെയും, ജാതീയമായ അധിഷേപത്തിന്റെയും ഇടയില്‍ നിന്നും രക്ഷപ്പെടണമെന്ന് അച്ഛനോട് പറയുമ്പോഴെല്ലാം അദ്ദേഹം മക്കളുടെ മടിയിലേക്ക് പുസ്തകങ്ങള്‍ വെച്ചുകൊടുക്കുമായിരുന്നു. ഘാട്‌കോപറിലെ കെജെ സോമയ്യ കോളേജില്‍ നിന്ന് 2014 ല്‍ ബിരുദം പൂര്‍ത്തിയാക്കി ഇറങ്ങുമ്പോള്‍ സരിതയുടെ കഴുത്തില്‍ ഒരു നേട്ടം കിടന്ന് തിളങ്ങി. ഒരു സ്വര്‍ണ്ണമെഡല്‍. ഡിഗ്രിക്ക് ശേഷം എന്തെന്ന ചോദ്യത്തിന് സരിതയ്ക്ക് ഒരു ഉത്തരമുണ്ടായിരുന്നു. 2011 ല്‍ തന്റെ സഹോദരനില്‍ നിന്നാണ് അവള്‍ ആ പേര് ആദ്യമായി കേട്ടത്. അവിടെ പഠിക്കുന്നവര്‍ ജീവിതത്തില്‍ എന്തെങ്കിലുമൊക്കെയാകുമെന്ന സഹോദരന്റെ വാക്കുകളായിരുന്നു ആ സ്വപ്നത്തിന് വിത്തിട്ടത്. അങ്ങനെ സരിത, ജെ എന്‍ യു യില്‍ ബിരുദാനന്തരബിരുദത്തിന് ചേര്‍ന്നു. 2016 ല്‍ അത് പൂര്‍ത്തിയാക്കി അവിടെ തന്നെ പിഎച്ച്ഡിക്ക് അപേക്ഷിച്ചു. അച്ഛനെ വിളിച്ച് പിഎച്ച്ഡിക്ക് ചേരണമെന്ന് പറഞ്ഞപ്പോള്‍ അത് എന്താണെന്ന് തിരിച്ചറിയാന്‍ പോലും അദ്ദേഹത്തിനായിരുന്നില്ല. എങ്കിലും ആ അച്ഛന്‍ ഇങ്ങനെ പറഞ്ഞു: നീ പഠിക്കൂ!.. അപ്പോഴാണ് യുഎസില്‍ തുടര്‍പഠനം എന്നൊരു വഴിതുറന്നത്. ഹിന്ദിഭാഷയുമായി ബന്ധപ്പെട്ട ഗവേഷണത്തിന് വാഷിങ്ടണ്‍, കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ അപേക്ഷിച്ചു. അതുവരെയുള്ള പഠനമികവ് കണക്കിലെടുത്ത് കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നിന്ന് ഒരു സന്ദേശമെത്തി - 7 വര്‍ഷ കോഴ്‌സിന് 'ചാന്‍സലര്‍ ഫെല്ലോഷിപ്പ്'. അങ്ങനെ മുബൈയിലെ തെരുവില്‍ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക് സരിത നടന്നുകയറുകയാണ്. പൂവില്‍ നിന്ന് പുസ്തകത്തിലേക്കും അവിടെ നിന്ന് കാലിഫോര്‍ണിയയിലേക്കും വളര്‍ന്ന പെണ്‍കുട്ടിയുടെ കഥ. മുന്നില്‍ പ്രതിസന്ധികള്‍ കടന്നുവരുമ്പോള്‍, പ്രതീക്ഷയുടെ എല്ലാവാതിലുകളും അടഞ്ഞുപോയി എന്ന് തോന്നുമ്പോള്‍, നിശ്ചയദാര്‍ഢ്യത്തിന്റെ പൂമാല കോര്‍ത്ത ഈ 28 കാരിയുടെ കഥ നമുക്ക് ഓര്‍മ്മിക്കാം - ശുഭദിനം.

Day 136

അവര്‍ സുഹൃത്തുക്കള്‍ ആയിരുന്നു. ഒരാള്‍ പഞ്ചസാരച്ചാക്കിലും മറ്റെയാള്‍ ഉപ്പുചാക്കിലുമായിരുന്നു താമസം. ഉപ്പുചാക്കിലെ ഉറുമ്പ് ശോഷിച്ചിരിക്കുന്നതു കണ്ട് പഞ്ചസാരച്ചാക്കിലെ ഉറുമ്പിനു വിഷമമായി. ശരീരം നന്നാക്കാന്‍ അവന്‍ സുഹൃത്തിനെ സ്വന്തം വീട്ടിലേക്കു കൊണ്ടുപോയി. അവിടെ ആഴ്ചകളോളം താമസിച്ചിട്ടും കൂട്ടുകാരനു മാറ്റമൊന്നുമില്ലാത്തതിനാല്‍ അവര്‍ തങ്ങളുടെ വൈദ്യന്റെ അടുത്തെത്തി. ആദ്യ പരിശോധനയില്‍ പ്രത്യേകിച്ച് ഒന്നും തന്നെ കണ്ടെത്താനായില്ല. അവസാനം വായ് തുറന്നുനോക്കിയപ്പോള്‍ വൈദ്യന്‍ അദ്ഭുതപ്പെട്ടു. കൂട്ടുകാരന്റെ വായില്‍ ഒരു ഉപ്പുകല്ല്! ശീലങ്ങളുടെ അടിമകളാണ് പലരും. ഒഴിവാക്കാനാകാത്ത ദിനചര്യകളും ഉപേക്ഷിക്കാനറിയാത്ത ബലഹീനതകളുമാണ് ഒരാളുടെ ജീവിതനിലവാരം തീരുമാനിക്കുന്നത്. തുടരേണ്ട കാര്യങ്ങള്‍ നിര്‍ബാധം തുടരാനും അവസാനിപ്പിക്കേണ്ടവ ആശങ്കകളില്ലാതെ അവസാനിപ്പിക്കാനും കഴിയുമ്പോഴാണു ജീവിതത്തിന്റെ കടിഞ്ഞാണ്‍ നമ്മുടെ കൈകളിലാകുന്നത്. നമുക്കും മാറാന്‍ ശ്രമിക്കാം..കാലഘട്ടത്തിന്റെ അഭിരുചികള്‍ക്കനുസരിച്ചു മാത്രമല്ല, സ്വന്തം വളര്‍ച്ചയ്ക്ക് അനുഗതമായും. - ശുഭദിനം

Day 135

അയല്‍നാടുകള്‍ തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതിന്റെ ഭാഗമായി രാജ്യങ്ങള്‍ തമ്മില്‍ സമ്മാനങ്ങള്‍ കൈമാറുന്ന ഒരു ചടങ്ങ് ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി അയല്‍ രാജ്യത്തെ രാജാവ് അമൂല്യമായ ഒരു രത്‌നം സമ്മാനിച്ചു. രത്‌നം ലഭിച്ച രാജ്യത്തെ രാജ്ഞി പകരമായി അഞ്ചു ജീവിതപ്രമാണങ്ങളടങ്ങിയ ഫലകം നല്‍കി. കൂടെ ഒരു കുറിപ്പും. ഇത് അങ്ങയുടെ രാജ്യത്തെ എല്ലാ വീടുകളുടെ മുന്നിലും തൂക്കിയിടണം. അമൂല്യ രത്‌നത്തിന് പകരം വെറും ഫലകം കൊടുത്തയച്ച രാജ്ഞിയോട് രാജാവിന് ദേഷ്യം തോന്നി. ഇതറിഞ്ഞ രാജ്ഞി ഒരു കുറിപ്പ് കൂടി രാജാവിന് കൊടുത്തയച്ചു. ' അങ്ങ് അയച്ചുതന്ന രത്‌നം സൂക്ഷിക്കാന്‍ ഞാന്‍ രാവും പകലും കാവലിരിക്കണം. എന്നാല്‍ ഞാന്‍ തന്ന പ്രമാണങ്ങള്‍ അങ്ങയെയും അങ്ങയുടെ ജനങ്ങളേയും സംരക്ഷിക്കും.' നമ്മള്‍ സംരക്ഷിക്കുന്നവയല്ല, നമ്മളെ സംരക്ഷിക്കുന്നവയാണ് യഥാര്‍ത്ഥ സമ്പാദ്യം. അമൂല്യമെന്ന് കരുതപ്പെടുന്ന സ്വത്തു സംരക്ഷിക്കാന്‍ ചിലവഴിക്കുന്ന പണവും സമയവും, സ്വന്തം സ്വപ്നങ്ങളും പെരുമാറ്റസംഹിതകളും സംരക്ഷിക്കാന്‍ ചെലവഴിച്ചിരുന്നെങ്കില്‍ അടുത്ത തലമുറയ്ക്ക് വേണ്ടി അവശേഷിപ്പിക്കുന്ന സമ്പാദ്യങ്ങളുടെ കൂടെ സന്മാര്‍ഗ്ഗങ്ങളും ഗുണപാഠങ്ങളും ഉള്‍പ്പെടുമായിരുന്നു. വിലയുള്ളവ വാങ്ങിക്കൂട്ടിയ തുകയും അവ നഷ്ടപ്പെടാതിരിക്കാന്‍ വിനിയോഗിക്കുന്ന തുകയും ചേര്‍ത്ത് വായിച്ചാല്‍ നഷ്ടങ്ങളുടെ ആകെത്തുക മനസ്സിലാകും. നമുക്ക് മൂല്യങ്ങള്‍ക്ക് വിലകല്പിക്കുന്ന ഒരു തലമുറയുടെ ഭാഗമാകാന്‍ പരിശ്രമിക്കാം - ശുഭദിനം.

Day 134

ടെന്നീസ് കാര്‍ട്ടൂണുകള്‍ വരച്ചു നല്‍കിയാണ് അച്ഛന്‍ അവളെ വളര്‍ത്തിയത്. ആഭ്യന്തര വംശീയപ്രശ്‌നങ്ങളില്‍ ഉഴലുന്ന ആ നാട്ടില്‍ ഒരു നല്ല ടെന്നീസ് കോര്‍ട്ട് പോലും ഉണ്ടായിരുന്നില്ല. കാര്‍പോര്‍ച്ചായിരുന്നു 8 വയസ്സ് വരെ അവളുടെ ടെന്നീസ് കോര്‍ട്ട്. അവളുടെ കളിയുടെ മികവ് കണ്ട് തനിക്ക് ഉള്ളതെല്ലാം വിറ്റുപെറുക്കി അവളുടെ അച്ഛന്‍ രണ്ടും കല്പിച്ചൊരു പലായനം നടത്തി. ബോംബുകള്‍ക്കും, മരണങ്ങള്‍ക്കും, അറ്റ്‌പോയ കൈകാലുകള്‍ക്കും, വെറുപ്പുകള്‍ക്കും നടുവില്‍ വശംകെട്ട് പോയ ഒരു കുടുംബത്തിന്റെ അതിജീവനയാത്രയായിരുന്നു അത്. ആ യാത്ര എത്തിനിന്നത്, വിഖ്യാതമായ ഒരു ടെന്നീസ് അക്കാദമിക്ക് മുന്നില്‍ ആയിരുന്നു. ക്രിസ് എവര്‍ട്, ആ്രേന്ദ അഗാസി പോലുള്ളവര്‍ ടെന്നീസ് പഠിച്ച അമേരിക്കയിലെ പ്രസിദ്ധമായ നിക്ക് ബെല്ലോട്ടോറി അക്കാദമിയില്‍. 1980 കളില്‍ വനിത ടെന്നീസ് സംഭവബഹുലമായിരുന്നു. മാര്‍ട്ടീന നവരത്‌ലോവ, സ്റ്റെഫി ഗ്രാഫ് എന്നിവര്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചകാലം. 1989ല്‍ സ്റ്റെഫിയുടെ തേരോട്ടം തുടരുന്ന സമയത്താണ് ആ അഭയാര്‍ഥി ബാലികയുടെ ടെന്നീസിലേക്കുള്ള അരങ്ങേറ്റം. മാസങ്ങള്‍ക്ക് ശേഷം സാക്ഷാല്‍ ക്രിസ് എവെര്‍ട്‌നെ തേല്‍പിച്ച് ആദ്യ കിരീടം അവള്‍ സ്വന്തമാക്കി. 1990 ഫ്രഞ്ച് ഓപ്പണില്‍ സ്റ്റെഫിയെ തോല്‍പ്പിച്ചതോടെ വനിതാ ടെന്നീസിന്റെ പുതിയ റാണിയായി അവള്‍ അവരോധിക്കപ്പെട്ടു. മോണിക്ക സെലസ് സെലസ്. അവള്‍ അതീവ പ്രതിഭാശാലിയും കഠിനാധ്വാനിയുമായിരുന്നു. പരമ്പരാഗത ടെന്നീസ് ശൈലികള്‍ തകര്‍ത്തെറിഞ്ഞായിരുന്നു അവളുടെ വരവ്. 1991 മുതല്‍ 1993 വരെ മത്സരിച്ച 34 ടൂര്‍ണമെന്റുകളില്‍ 33 ലും അവര്‍ ഫൈനലില്‍ എത്തി. അതില്‍ 22 കിരീടങ്ങള്‍ നേടി. 9 ഗ്രാന്റഡ് സ്ലാമുകളില്‍ 8 ജേതാവ് ഈ ഇടംകൈ താരമായിരുന്നു. 55 കളികളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് അവള്‍ തോറ്റത്. ഓരോ ഗെയിം കഴിയുമ്പോഴും ആ 16 കാരി തന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ അശ്രാന്തപരിശ്രമം നടത്തിയിരുന്നു. നമുക്ക് ചെന്നേത്തണ്ട വഴികള്‍ കഠിനങ്ങളായിരിക്കാം, ആ വഴികളില്‍ ആധിപത്യം സ്ഥാപിച്ച് കടന്നുപോയര്‍ നിരവധി ഉണ്ടായിരിക്കാം, അവരുടെ ആ ആധിപത്യങ്ങളെ കണ്ട് ഭയപ്പെടാതെ, തന്നില്‍ വിശ്വസിച്ച് മുന്നോട്ട് പോകുന്നവര്‍ക്ക് ഈ പ്രതിബന്ധങ്ങളെ വകഞ്ഞുമാറ്റി മുന്നോട്ട് യാത്ര തുടരാന്‍ സാധിക്കുക തന്നെ ചെയ്യും - ശുഭദിനം.

Day 133

അവന് സ്‌കൂളില്‍ നിന്നും ഒരു വൃക്ഷത്തൈ കിട്ടി.  ഞാവല്‍ ആണെന്ന് പറഞ്ഞാണ് ആ തൈ അവന് കൊടുത്തത്.  അവനത് വീട്ടില്‍ കൊണ്ടുവെച്ചു.   തൈ അല്‍പം വളര്‍ന്നപ്പോള്‍ അമ്മ പറഞ്ഞു.  ഇത് ഞാവല്‍ അല്ല, ഇലകണ്ടിട്ട് റംബൂട്ടാന്‍ ആണെന്ന് തോന്നുന്നു.  ചേച്ചി പറഞ്ഞു അത് സബിര്‍ജെല്ലിയാണെന്ന്.  അച്ഛന്‍ അതിന്റെ ഇലയല്പം കടിച്ചുനോക്കി.  ഭയങ്കര ചവര്‍പ്പായിരുന്നു.  ഇതൊരു പാഴ്മരമാണെന്ന് അച്ഛന്‍ വിലയിരുത്തി. ഒപ്പം വെട്ടിക്കളയാനും പറഞ്ഞു.  ഇതുകേട്ട് മുത്തശ്ശന്‍ തന്റെ അഭിപ്രായം വ്യക്തമാക്കി. വെട്ടിക്കളയണ്ട, അതവിടെ നില്‍ക്കട്ടെ.   കാലം കടന്നുപോയി, മരത്തിന് അല്പം വലുപ്പം വെച്ചതോടെ അതില്‍ കിളികള്‍ ചേക്കാറാന്‍ തുടങ്ങി.  വെയിലുള്ളപ്പോള്‍ അവന്‍ അതിന്റെ ചുവട്ടില്‍ പോയിരുന്ന് വിശ്രമിച്ചു.  വര്‍ഷങ്ങള്‍ കടന്നുപോയി.  മരം കായ്ചു.  അതില്‍ കായകള്‍ നിറഞ്ഞു. കായകള്‍ പഴുത്തപ്പോള്‍ രുചികരമായ ഒരു പഴം. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അത് ഓടപ്പഴമാണെന്ന് മനസ്സിലായി.  ഈ മരത്തിന്റെ വളര്‍ച്ച കണ്ടുകൊണ്ടിരുന്ന ഒരു കിളി മരത്തോട് ചോദിച്ചു.  അവരെല്ലാം ഓരോന്ന് പറയുന്നത് കേട്ടിട്ടും, വെട്ടിക്കളയാന്‍ തീരുമാനിച്ചപ്പോഴുമെല്ലാം നീ വീണുപോകാഞ്ഞത് എന്തുകൊണ്ടാണ്?  മരം കിളിയോട് പറഞ്ഞു:   അവര്‍ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ, ഞാന്‍ ആരാണെന്ന് എനിക്കറിയാമായിരുന്നു.   ഈ മരം കിളിയോട് പറഞ്ഞത് നമുക്കും സ്വീകരിക്കാം.. നമ്മെക്കുറിച്ച് ആരും എന്ത് വേണമെങ്കിലും പറയട്ടെ, ഏത് വിമര്‍ശനങ്ങളും കടന്നുവരട്ടെ, നാം ആരെന്ന് നമുക്ക് അറിയുന്നിടത്തോളം നിശബ്ദനായി തന്റെ കര്‍ത്തവ്യങ്ങള്‍ തുടരുക.  ഒരിക്കല്‍ അവര്‍ നമ്മെ തിരിച്ചറിയുക തന്നെ ചെയ്യും - ശുഭദിനം.

Day 132

മുത്തച്ഛന്റെ കൂടെ നടക്കാന്‍ ഇറങ്ങിയതാണ് ആ കുഞ്ഞ്. പുറത്തിറങ്ങിയപ്പോള്‍ മുതല്‍ അവന് നിറയെ സംശയങ്ങളാണ്. സൂര്യപ്രകാശത്തിനെന്താണ് മഞ്ഞ നിറം ആകാശം എന്തുകൊണ്ടാണ് നീലയായി കാണുന്നത്? പുല്ലിന് പച്ച നിറം എങ്ങനെയാണ് കിട്ടുന്നത്? അവന്റെ ചോദ്യങ്ങള്‍ക്കെല്ലാം മുത്തച്ഛന്റെ മറുപടി അറിയില്ല എന്നായിരുന്നു. കുറെ ചോദ്യങ്ങള്‍ വീണ്ടും വന്നപ്പോള്‍ മുത്തച്ഛന് ദേഷ്യം വന്നു ഇങ്ങനെ ചോദ്യം ചോദിച്ച് കുഴപ്പിക്കാനാണെങ്കില്‍ നിന്നെ ഞാന്‍ ഇനി നടക്കാന്‍ കൊണ്ടുവരില്ല എന്ന് അയാള്‍ പറഞ്ഞു. പിന്നെ അവന്‍ മുത്തച്ഛനോട് ചോദ്യങ്ങള്‍ ഒന്നുംതന്നെ ചോദിച്ചില്ല. ആത്മവിശ്വാസം തകര്‍ക്കുന്നതാണ് ഏറ്റവും വലിയ വ്യക്തിഹത്യ. ഉറങ്ങുന്നവനെ ഉണര്‍ത്തുന്നതിനേക്കാള്‍ നൂറിരട്ടി സമയവും പ്രയ്തനവും വേണം ആത്മധൈര്യം നഷ്ടപ്പെട്ടവനെ ഉയര്‍ത്തെണീപ്പിക്കാന്‍. ഒരാളെ തളര്‍ത്താന്‍ അതിവിദഗ്ദപരിശീലനത്തിന്റെ ആവശ്യമില്ല. പക്ഷേ, വളര്‍ത്താന്‍ വിവേകവും പക്വതയാര്‍ന്ന സമീപനവും വേണം. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടിയുണ്ട്. ഉത്തരമറിയാമെങ്കിലും ഇല്ലെങ്കിലും. നമ്മുടെ നോട്ടവും നിശബ്ദതയും ദേഷ്യവും എല്ലാം മറുപടികളാണ്. ചോദ്യങ്ങള്‍ വിഢ്ഢിത്തമാണോ എന്നതല്ല, മറുപടികള്‍ ബുദ്ധിപൂര്‍വ്വമാണോ എന്നതാണ് പ്രധാനം. ചോദ്യം ചോദിക്കുന്നവര്‍ ഇല്ലായിരുന്നെങ്കില്‍ ഒരു കണ്ടുപിടുത്തം പോലും ഉണ്ടാകുമായിരുന്നില്ല. അറിയാത്ത ചോദ്യങ്ങളോടുള്ള സമീപനങ്ങളാണ് ആ ചോദ്യത്തിനുള്ള യഥാര്‍ത്ഥമറുപടി. ചോദ്യങ്ങള്‍ ഉയരട്ടെ, ആ ചോദ്യങ്ങളോട് ശരിയായ രീതിയില്‍ പ്രതികരിക്കാനുളള മാനസികാവസ്ഥ നമുക്കും നേടാനാകട്ടെ - ശുഭദിനം.

Day 131

നൃത്തം അയാള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. പക്ഷേ, മറ്റുള്ളവരുടെ മുന്‍പില്‍ ഒരു ചുവട് വെയ്ക്കാന്‍ പോലും അയാള്‍ക്ക് ഭയമായിരുന്നു. അതുകൊണ്ട് തന്നെ ആഘോഷങ്ങള്‍ക്കിടെ നൃത്തം ചെയ്യാന്‍ ആരെങ്കിലും അയാളെ വിളിച്ചാല്‍ അയാള്‍ തന്ത്രപൂര്‍വ്വം ഒഴിവാകുമായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തക വിരുന്നിനിടെ അദ്ദേഹത്തെ നൃത്തം ചെയ്യാന്‍ ക്ഷണിച്ചു. പരസ്യമായ ക്ഷണമായതുകൊണ്ട് തന്നെ ഒഴിഞ്ഞുമാറുവാന്‍ അയാള്‍ക്കായില്ല. കാല്‍വിരലിലൂന്നി ആളുകള്‍ നൃത്തം ചെയ്യുന്നത് കണ്ട് അയാള്‍ക്ക് ഭയമായി. ആ ധര്‍മ്മസങ്കടം മനസ്സിലാക്കിയ സഹപ്രവര്‍ത്തക അയാളുടെ കാതില്‍ പറഞ്ഞു: നീ വേറെയാരേയും ശ്രദ്ധിക്കേണ്ട. നിന്റെ ഉള്ളിലേക്ക് വരുന്ന സംഗീതത്തെ മാത്രം ശ്രദ്ധിക്കുക. അതിന്റെ താളത്തിനനുസരിച്ച് നൃത്തം ചെയ്യുക. അയാള്‍ സാവധാനം അപ്രകാരം ചെയ്തു. അങ്ങനെ നൃത്തം ജീവിതത്തിലാദ്യമായി അയാളിലേക്കെത്തി. ഭയം ഇല്ലാതാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ആ ഭയത്തെ മുഖാമുഖം നേരിടുക എന്നതാണ്. ഭയത്തെ രണ്ടുതരത്തില്‍ നമുക്ക് സമീപിക്കാം. ഒന്ന്. അതില്‍ നിന്നും ഒളിച്ചോടി. രണ്ട്, അതിനെ അഭിമുഖീകരിച്ച്. ഒളിച്ചോടുന്നവര്‍ക്ക് എന്നും ഒളിത്താവളങ്ങളില്‍ മാത്രമേ സ്ഥാനമുണ്ടാകൂ.. പേടിക്കുന്ന എന്തിനെയും നേരിട്ട് അഭിമുഖീകരിച്ചാല്‍ പേടി എത്ര അസ്ഥാനത്തായിരുന്നു എന്ന് നമുക്ക് മനസ്സിലാകും. നമ്മുടെ ഒളിത്താവളങ്ങളെ നമുക്ക് ഒഴിഞ്ഞുകൊടുക്കാം, ജീവിതത്തെ, പ്രശ്‌നങ്ങളെ, ഭയത്തെ സധൈര്യം അഭിമുഖീരിക്കാന്‍ ശീലിക്കാം. എന്തെന്നാല്‍ അവിടെ മാത്രമേ പുതുമയും വളര്‍ച്ചയും കണ്ടെത്താനാകൂ - ശുഭദിനം.