Day 119

അമേരിക്കയിലെ വെര്‍മോണ്ടില്‍ 1861 ലാണ് നെറ്റി മരിയ സ്റ്റീവന്‍സ് ജനിച്ചത്. സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിസിയോളജിയിലും ഹിസ്റ്റോളജിയിലും പഠനം പൂര്‍ത്തിയാക്കിയ നെറ്റി ഏകകോശജീവികളെക്കുറിച്ചും ബഹുകോശ ജീവികളെക്കുറിച്ചും കോശവിഭജനത്തെക്കുറിച്ചും പഠനം നടത്തി. പ്രശ്‌സ്ത അമേരിക്കന്‍ ജനിതകശാസ്ത്രജ്ഞന്‍ തോമസ് ഹണ്ട് മോര്‍ഗന്റെ കീഴിലായിരുന്നു പഠനം. മെന്‍ഡലിന്റെ സിദ്ധാന്തത്തെ അടിസ്ഥാനമാക്കി കീടങ്ങളിലെ കോശങ്ങളേയും അവയിലെ ആണ്‍ പെണ്‍ ക്രോമസോമുകളെയും കുറിച്ച് അവര്‍ ഗവേഷണം നടത്തി. ക്രോമസോമുകളെ X, Y എന്ന രീതിയില്‍ തരംതിരിക്കുന്ന രീതിക്ക് അടിസ്ഥാനമുണ്ടാക്കിയത് നെറ്റിയുടെ പഠനങ്ങളാണ്. സമാന്തരമായി മോര്‍ഗനും എഡ്മഡ് വില്‍സനും ഇതേക്കുറിച്ച് ഗവേഷണം നടത്തിവന്നിരുന്നു. കോണ്‍ഫ്രന്‍സുകളെക്കുറിച്ച് നടന്ന പ്രധാന കോണ്‍ഫ്രന്‍സില്‍ മോര്‍ഗനും വില്‍സനുമായിരുന്നു ക്ഷണം ലഭിച്ചത്. എന്നാല്‍ ഇതിനെക്കുറിച്ച് ആധികാരിക പഠനം നടത്തിയ നെറ്റി, വനിതയാണ് എന്ന കാരണത്താല്‍ പലയിടത്തും പിന്തള്ളപ്പെട്ടു. ലിംഗനിര്‍ണ്ണയ ക്രോമസോമുകള്‍ കണ്ടുപിടിച്ചത് നെറ്റിയായിരുന്നുവെങ്കിലും, ഇതേ കണ്ടുപിടുത്തത്തിന് നൊബെല്‍ പുരസ്‌കാരം ലഭിച്ചത് 1933 ല്‍ തോമസ് മോര്‍ഗനായിരുന്നു. നെറ്റിയെ നൊബൈല്‍ സമിതി പരിഗണിച്ചതേയില്ല. പില്‍ക്കാലത്ത് നെറ്റിയുടെ പഠനങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു തന്റെ കണ്ടുപിടുത്തമെന്ന് മോര്‍ഗന്‍ പറഞ്ഞു. നെറ്റിയാണ് ആ കണ്ടുപിടുത്തം നടത്തിയതെന്ന് വില്‍സനും പ്രസ്താവിച്ചു. പക്ഷേ, താന്‍ അംഗീകരിക്കപ്പെട്ടത് അറിയാതെ നെറ്റി ഈ ലോകത്ത് നിന്നും വിടപറഞ്ഞിരുന്നു. ഒരു അംഗീകാരം ലഭിക്കുക എന്നത് അധ്വാനിക്കുന്ന ഓരോരുത്തര്‍ക്കും ലഭിക്കുന്ന ഊര്‍ജ്ജമാണ്. പിന്നെയും പിന്നെയും മുന്നോട്ട് കുതിക്കുവാനുള്ള ഊര്‍ജ്ജം. ഒരു ചേര്‍ത്ത് നിര്‍ത്തലോ, ഒരു ആശംസയോ, ഒരു അനുഗ്രഹമോ ഒക്കെ മതി ആ ഊര്‍ജ്ജം അവര്‍ക്ക് ലഭിക്കാന്‍. പക്ഷേ, പലപ്പോഴും പലകാര്യങ്ങളിലും അംഗീകാരങ്ങള്‍ നല്‍കാന്‍ നാം തീരുമാനിക്കുമ്പോഴേക്കും അവര്‍ നമ്മുടെ ജീവിത്തില്‍ നിന്നുതന്നെ കടന്നുപോയിരിക്കും. സ്‌നേഹമായാലും, അംഗീകാരമായാലും അഭിനന്ദനങ്ങള്‍ ആയാലും അത് അപ്പോള്‍ തന്നെ നല്‍കുക, കാരണം പ്രകടപ്പിക്കാത്ത ഇത്തരം പ്രവര്‍ത്തികള്‍ പിശുക്കന്റെ ക്ലാവ് പിടിച്ച നാണയം പോലെയാണ്.. നമുക്ക് മറ്റുളളവരുടെ നന്മയെ അംഗീകരിക്കുന്ന മനസ്സ് സ്വന്തമാക്കാന്‍ ശ്രമിക്കാം.

Day 118

ആ കൂട്ടുകാര്‍ കാടു കാണാന്‍ പുറപ്പെട്ടു. കാട്ടിലെത്തിയപ്പോള്‍ അവരില്‍ ഒരാള്‍ പറഞ്ഞു: നമുക്ക് രണ്ടായി പിരിഞ്ഞ് ഈ കാട് കാണാം. അവസാനം ഇവിടെ തന്നെ തിരിച്ചെത്താം. അങ്ങനെ അവര്‍ കാടുകാണാന്‍ ഇറങ്ങി. കുറെ നേരം ചുറ്റിക്കറങ്ങി അവര്‍ പുറപ്പെട്ട സ്ഥലത്തുതന്നെ തിരിച്ചെത്തി. ഒരുമിച്ചിരുന്ന് വിശേഷങ്ങള്‍ പങ്കുവെയ്ക്കാന്‍ തുടങ്ങി. ഒരു കൂട്ടര്‍ പറഞ്ഞു: ഈ കാട്ടില്‍ വലിയ ജീവികള്‍ കൊച്ചുജീവികളെ സൂത്രത്തില്‍ വായിലാക്കുന്നത് ഞങ്ങള്‍ കണ്ടു. അപ്പോള്‍ മറ്റേ വിഭാഗം പറഞ്ഞു: ഞങ്ങള്‍ കണ്ടത് മറിച്ചാ, കൊച്ചു പക്ഷികള്‍ പോലും വമ്പന്‍മാരെ കൊത്തിത്തിന്നുന്നു. അതോടെ അവര്‍ക്ക് ആശയക്കുഴപ്പമായി. രണ്ട് പേരും കണ്ടത് രണ്ടു തരത്തിലാണ്.. എന്താണ് വാസ്തവം? അവര്‍ ഒരുമിച്ച് വീണ്ടും നടക്കാനിറങ്ങി. അവിടെ ഒരു മുതല വായ് തുറന്ന് കിടക്കുന്നു. മുതലയുടെ വായ്ക്കകത്ത് കുറെ കിളികള്‍.. ആദ്യത്തെ ആളുകള്‍ പറഞ്ഞു. കണ്ടില്ലേ ആ വലിയ ജീവി കിളികളെ സൂത്രത്തില്‍ അകത്താക്കുന്നു. അത് കേട്ടപ്പോള്‍ മറ്റേ വിഭാഗം പറഞ്ഞു: ഏത് അത് ശരിയല്ല,. ആ കിളികള്‍ ആ വലിയ ജീവിയെ കൊത്തിത്തിന്നുകയാണ്. ഇത് കേട്ട്‌കൊണ്ട് ഒരു മൂപ്പന്‍ ആ വഴി വന്നു. ആ കാഴ്ച കുറച്ച് നേരം കൂടി നോക്കി നില്‍ക്കാന്‍ അദ്ദേഹം പറഞ്ഞു. കുറച്ച് നേരം കൂടി നോക്കി നിന്നതോടെ അവര്‍ക്ക് ഒരു കാര്യം മനസ്സിലായി. രണ്ടുകൂട്ടരും ധരിച്ചത് തെറ്റാണ്. മുതലയുടെ പല്ലുകള്‍ക്കിടയില്‍ കൊത്തി വൃത്തിയാക്കുകയായിരുന്നു ആ കിളികള്‍,. മുതലപ്പല്ല് വൃത്തിയാവുകയും ചെയ്യും കിളികള്‍ക്ക് വിശപ്പും മാറും. രണ്ടുകൂട്ടരും പരസ്പരം സഹായിക്കുകയാണ്! ഇതുപോലെയാണ് നമ്മുടെ ജീവിതത്തിലെ പല കാര്യങ്ങളും. ഒറ്റനോട്ടത്തില്‍ ഒന്നും മനസ്സിലാകണമെന്നില്ല, മാത്രല്ല, അതിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാതെ തീരുമാനത്തിലെത്തുകയും ചെയ്യും. കാണുന്നതെല്ലാം സത്യമാകണമെന്നില്ല, ശരിയായ കാഴ്ചയിലെക്കെത്തിച്ചേര്‍ന്ന് ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ നമുക്ക് സാധിക്കട്ടെ.

Day 117

ഒരിക്കല്‍ ഗുരു ഒരു ഗ്രാമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു. ഈശ്വരന്‍ നമുക്ക് നല്‍കിയിട്ടുളള ചെറുതും വലുതുമായ എല്ലാ അനുഗ്രഹങ്ങളിലും നാം കൃതജ്ഞതയുള്ളവരായിരിക്കണം എന്ന് പറഞ്ഞ് അദ്ദേഹം തന്റെ പ്രഭാഷണം അവസാനിപ്പിച്ചു. പ്രഭാഷണത്തിന് ശേഷം ആശ്രമത്തിലെത്തിയ അദ്ദേഹത്തെ കാണാന്‍ ഒരാള്‍ വന്നു. ഇന്ന് ഗുരു നടത്തിയ പ്രഭാഷണത്തിലെ വിഷയത്തെക്കുറിച്ചായിരുന്നു അയാള്‍ക്ക് സംസാരിക്കാന്‍ ഉണ്ടായിരുന്നത്. ഗുരു പറഞ്ഞതുപോലെ ദൈവത്തിനോട് നന്ദി പറയത്തക്കതായി ഒന്നുംതന്നെ തന്റെ ജീവിതത്തില്‍ ഇല്ലെന്ന് ്അയാള്‍ പറഞ്ഞു. പിറ്റെദിവസം ആശ്രമത്തിലേക്ക് വരുവാന്‍ ഗുരു അയാളോട് ആവശ്യപ്പെട്ടു. ഗുരു പറഞ്ഞത് പോലെ അയാള്‍ പിറ്റെ ദിവസം എത്തി. അന്ന് ഒരു ദിവസം മുഴുവനും തന്നോടൊപ്പം ചിലവഴിക്കാന്‍ ഗുരു പറഞ്ഞപ്പോള്‍ അയാള്‍ സമ്മതം അറിയിച്ചു. അന്ന് ഗുരു രാവിലെ തന്നെ ഗ്രാമത്തിലുള്ള ഓരോരുത്തരേയും കാണുവാന്‍ പുറപ്പെട്ടു. കൂടെ അയാളും. ആദ്യം അവര്‍ പോയത് ഗ്രാമത്തിലെ ആശുപത്രിയില്‍ ആയിരുന്നു. അവിടെ ശരീരമാസകലം പൊള്ളലേറ്റ് അനങ്ങാന്‍ പോലും ആകാത്ത ഒരു സ്ത്രീയെ അവര്‍ കണ്ടു. അവരുടെ കണ്ണുകള്‍ നഷ്ടമായിരുന്നു. മുഖം പൊള്ളി ആകെ വികൃതമായിരുന്നു. അവരെ ആശ്വസിപ്പിച്ച് ഗുരു മറ്റൊരാളെ കാണാന്‍ എത്തി. നീണ്ടനാളത്തെ കാത്തിരിപ്പിന്‌ശേഷം ലഭിച്ച കുഞ്ഞ് മരിച്ച ദമ്പതികളായിരുന്നു അവര്‍. അവരുടെ സങ്കടത്തിന്റെ കേള്‍വിക്കാരനായി ഗുരുവും അയാളും മാറി. പിന്നീട് അവര്‍ ചെന്നത് ഒരു വൃദ്ധസദനത്തിലേക്കായിരുന്നു. അവിടെ കണ്ട കാഴചകള്‍ വേദനാജനകമായിരുന്നു. പലര്‍ക്കും കാഴ്ചയില്ല, കേള്‍വിശക്തിയില്ല, ഒന്ന് നടക്കാന്‍ പോലും ആകാതെ കിടപ്പിലായിപ്പോയ പലരും അവിടെയുണ്ടായിരുന്നു. പിന്നീട് അനാഥരായ കുഞ്ഞുമക്കളുടെ അടുത്തേക്ക് ഗുരു അയാളെ കൂട്ടിക്കൊണ്ടുപോയി. അവരുമായി ഗുരു സംസാരിക്കുന്നത് അയാള്‍ കേട്ടുകൊണ്ടിരുന്നു. പിന്നീട് അന്നുമുഴുവന്‍ അയാള്‍ നിശ്ശബ്ദനായിരുന്നു. ആശ്രമത്തിലെത്തിയപ്പോള്‍ അയാള്‍ ഗുരുവിനോട് പറഞ്ഞു. എന്നില്‍ എന്തെല്ലാം ഉണ്ടെന്നും ഞാന്‍ എത്ര ഭാഗ്യവാനാണെന്നും എനിക്ക് മനസ്സിലായി. തനിക്ക് ലഭിച്ച സമ്പാദ്യങ്ങളില്‍ അയാള്‍ ഏറെ സന്തുഷ്ടനായി. നമുക്കിടയിലും ഇങ്ങനെ പലരേയും നമുക്ക് കണ്ടെത്താനാകും. എല്ലാവരും നമുക്കുള്ള പരിമിതികളേയും അസൗകര്യങ്ങളേയും കുറിച്ച് ചിന്തിച്ചാണ് അസ്വസ്ഥരാകാറുള്ളത്. നമുക്കുള്ള നേട്ടങ്ങളെയും അനുഗ്രഹങ്ങളേയും ആരും കണാറില്ല. നമ്മിലെ നമ്മെ തന്നെ എപ്പോള്‍ മുതല്‍ കണ്ടെത്തുന്നുവോ.. നമ്മുടെ ഹീറോ നാം തന്നെയായി മാറുക തന്നെ ചെയ്യും.

Day 116

ഇറ്റലിയില്‍ ടസ്‌കനി എന്ന സ്ഥലത്ത് 1808 ലാണ് അന്തോണിയോ സാന്റി ജൂസെപ്പി മിയൂച്ചി ജനിച്ചത്. കെമിക്കല്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം മിയൂച്ചി വിവിധ തിയേറ്ററുകളില്‍ സ്റ്റേജ് ഡിസൈനറായും ടെക്‌നീഷ്യനായുമൊക്കെ ജോലി ചെയ്തു. ഒരിക്കല്‍ സ്റ്റേജും കണ്‍ട്രോള്‍ റൂമും തമ്മില്‍ ആശയവിനിമയം നടത്താനായി അദ്ദേഹം ഒരു പൈപ്പ് ഫോണ്‍ നിര്‍മ്മിച്ചു. ഇതുകൂടാതെ ജലശുദ്ധീകരണയന്ത്രം, ഇലക്ട്രോപ്ലേറ്റിങ്ങ് യന്ത്രം, ഓട്ടോമാറ്റിക് കര്‍ട്ടന്‍ തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ പരീക്ഷണശാലകളില്‍ ഉരുത്തിരിഞ്ഞു. 1849-1870 കാലഘട്ടത്തില്‍ ടെലിഫോണിന്റെ മുപ്പതോളം പരിഷ്‌കരിച്ച മാതൃകകള്‍ മിയൂച്ചി തയ്യാറാക്കി 1871 ല്‍ അദ്ദേഹം ടെലിഫോണിന് 'ടോക്കിങ്ങ് ടെലിഗ്രാം' എന്ന പേര് നല്‍കി താല്‍ക്കാലിക പേറ്റന്റിന് അപേക്ഷിച്ചു. ഫുള്‍പേറ്റന്റിന് കൊടുക്കാനുള്ള 250 രൂപ അദ്ദേഹത്തിന്റെ കയ്യിലില്ലായിരുന്നു. ഇതിനിടെ ഒരു അപകടത്തില്‍ മിയൂച്ചിക്ക് വലിയ പരിക്കേറ്റു. ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി അദ്ദേഹത്തിന്റെ ലബോറട്ടറിയില്‍ സൂക്ഷിച്ചിരുന്ന അമൂല്യമായ ഉപകരണങ്ങളെല്ലാം ഭാര്യ തുച്ഛമായ തുകയ്ക്ക് വിറ്റു. അതില്‍ അദ്ദേഹത്തിന്റെ ദീര്‍ഘനാളത്തെ പരിശ്രമഫലമായ ടെലിഫോണും ഉണ്ടായിരുന്നു 1876 ല്‍ അലക്‌സാണ്ടര്‍ ഗ്രഹാംബെല്ലിന് പേറ്റന്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം കോടതിയില്‍ പോയെങ്കിലും തെളിവുകളുടെ അഭാവത്തില്‍ വിജയംകണ്ടെത്താനായില്ല. പക്ഷേ, വര്‍ഷങ്ങള്‍ക്ക് ശേഷം 2002 ല്‍, ടെലിഫോണിന്റെ കണ്ടുപിടുത്തത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരാളാണ് മിയൂച്ചി എന്ന് അംഗീകരിക്കപ്പെട്ടു. അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ ഇത് പാസാക്കപ്പെട്ടു. സത്യം പലപ്പോഴും ഇങ്ങനെയാണ്, വര്‍ഷമെത്ര ചാരത്തില്‍ മൂടിക്കിടന്നാലും ഒരിക്കല്‍ അതിന്റെ ജ്വാല ലോകം കാണുക തന്നെ ചെയ്യും.

Day 115

പിറവത്ത് ഒരു അമ്മയും മകനും ഉണ്ടായിരുന്നു. അമ്മയ്ക്ക് മകനും മകന് അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. - ലീനയും ജിത്തുവും. അതുകൊണ്ട് തന്നെ ഇരുവരും വളരെ കൂട്ടായിരുന്നു. ചെറിയ ചെറിയ ജോലികള്‍ ചെയ്ത് ആണ് അമ്മ മകനെ വളര്‍ത്തിയത്. ഒരിക്കല്‍ ആ മകന്‍ അമ്മയ്ക്ക് ഒരു വീഡിയോ കാണിച്ചു കൊടുത്തു. കൂണ്‍ കൃഷിയെക്കുറിച്ചുള്ള വീഡിയോ. ആ വീഡിയോ അവനെയും കൂടുതല്‍ ആവേശഭരിതനാക്കിയിരുന്നു. അങ്ങനെ അമ്മയും മകനും പരീക്ഷണാടിസ്ഥാനത്തില്‍ കൂണ്‍ കൃഷി ചെയ്തു തുടങ്ങി. കേട്ടും വായിച്ചും കിട്ടിയ അറിവിനെ കൂട്ട് ചേര്‍ത്തു. ഒന്നും രണ്ടും തടങ്ങളില്‍ തുടങ്ങിയ കൃഷി ചെയ്ത് അവര്‍ മെല്ലെ ആത്മവിശ്വാസം നേടി. വീടിനുള്ളില്‍ അമ്മ കൂണ്‍തടങ്ങളൊരുക്കി. വിളവെടുത്ത് പാക്ക് ചെയ്തു. അയലത്തെ വീടുകളില്‍ അത് വിതരണം ചെയ്തു. പിന്നീട് കുമരകം കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ ഗവേഷകരുടെ പ്രോത്സാഹനത്തിലൂടെ 2014 ല്‍ അവന്‍ അമ്മയുടെ ഒരു സ്വപ്നത്തിന് തുടക്കം കുറിച്ചു. ലീനാസ് മഷ്‌റൂം. ഒരു ഫാക്ടറിയിലെന്നപോലെ 365 ദിവസവും ഇവിടെ കൂണ്‍ ഉത്പാദിപ്പിക്കുന്നുണ്ട്. 2400 ചതുരശ്ര മീറ്ററില്‍ 10,000 ബെഡ്ഡുകളാണ് ഒരേസമയം ഇവര്‍ കൃഷി ചെയ്യുക. ദിവസേന 60-80 കിലോ കൂണ്‍ പായ്ക്ക് ചെയ്യുന്ന ഫാക്ടറിയായി ലീനാസ് മഷ്‌റൂം വളര്‍ന്നു. വീട്ടിലെ ഒരു കുഞ്ഞ് മുറിക്കുള്ളില്‍ ആരംഭിച്ച സംരംഭം 2 ഷിഫ്റ്റിലായി പ്രവൃത്തിക്കുന്ന ഫാക്ടറിയാക്കി മാറ്റാന്‍ ഇവര്‍ക്ക് സാധിച്ചു. സ്വപ്നങ്ങള്‍ പ്രവൃത്തിപഥലെത്തിക്കുന്നതിനുള്ള വഴികള്‍ പലപ്പോഴും കഠിനമായിരിക്കും. പലപ്പോഴും പാതിവഴിയില്‍ നിര്‍ത്തിപ്പോകാനോ , തിരിഞ്ഞുനടക്കാനോ തോന്നുന്ന പ്രതിസന്ധകളുണ്ടാകാം. പക്ഷേ, ഇതിനെയെല്ലാം അതിജീവിക്കുമ്പോഴാണ് ഉറക്കത്തില്‍ കാണുന്ന സ്വപ്നത്തെ ഉണര്‍വിലെ സന്തോഷമാക്കിമാറ്റാന്‍ അഭിമാനമാക്കിമാറ്റാന്‍ സാധിക്കുന്നത്. നമുക്കും സ്വപ്നങ്ങളെ ഉണര്‍വിലെ സന്തോഷമാക്കിമാറ്റാന്‍ സാധിക്കട്ടെ.

Day 114

അവന്‍ ഗുരുവിന്റെ അടുത്തെത്തി പ്രധാനപ്പെട്ട വിദ്യകള്‍ പഠിക്കാനാന്‍ തീരുമാനിച്ചു.  ഗുരു അവനെ 4 പ്രധാനവിദ്യകളാണ് പഠിപ്പിച്ചത്.  വാള്‍പയറ്റും അസ്ത്രവിദ്യയും രാകിമിനുക്കിയ ചക്രം കൊണ്ടുള്ള പ്രയോഗവും ദണ്ഡിന്റെ പ്രയോഗവും അതീവ വൈഗ്ദ്യത്തോടെ പഠിച്ചു.  പഠനം കഴിഞ്ഞ് പുറത്തിറങ്ങിയ അയാളുടെ മുന്നിലേക്ക് ഒരു രാക്ഷസനെത്തി.  തനിക്കറിയാവുന്ന എല്ലാ വിദ്യയും താന്‍ പുതുതായി പഠിച്ച വിദ്യയും അവന്‍ പ്രയോഗിച്ചു. പക്ഷേ, അവയൊന്നും രാക്ഷസന്റെ ദേഹത്ത് ഒരു പോറല്‍ പോലും ഏല്‍പ്പിച്ചില്ല.  രാക്ഷസന്‍ തന്നെ വിഴുങ്ങുമെന്നായപ്പോള്‍ സര്‍വ്വധൈര്യവും സംഭരിച്ചു അവന്‍ പറഞ്ഞു:  നീ എന്നെ വിഴുങ്ങിയാല്‍ ഞാന്‍ എന്റെ അവസാനത്തെ അടവെടുക്കും.  ഞാന്‍ നിന്റെ ഉള്ളില്‍ കിടന്ന് പൊട്ടിത്തെറിക്കും.  പിന്നെ നമ്മള്‍ രണ്ടുപേരും ഉണ്ടാകില്ല.  ആദ്യം ഒന്ന് സംശയിച്ചെങ്കിലും രാക്ഷസന്‍ അയാളെ വെറുതെ വിട്ടു.  പഠിച്ചതൊന്നും പ്രവര്‍ത്തിപഥത്തില്‍ പ്രയോജനപ്പെടുന്നില്ലെങ്കില്‍ ആ പഠിപ്പിനെന്തോ അപാകതയുണ്ട്. പഠിക്കാനിറങ്ങുന്നവരെല്ലാം ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്.  എല്ലാവരും പഠിക്കുന്നതെന്താണ്? ഏറ്റവും നല്ല പാഠ്യപദ്ധതിയേതാണ്?  മികച്ച ഗുരുവാരാണ്?  പക്ഷേ, പ്രധാനപ്പെട്ട ചില ചോദ്യങ്ങള്‍ നാം മറന്നുപോകാറൂണ്ട്.. ഇതാണോ ഞാന്‍ പഠിക്കേണ്ടത്? പഠിച്ചിറങ്ങുമ്പോഴേക്കും ഈ പഠിച്ചവയ്ക്ക് എന്തെങ്കിലും പ്രാധാന്യം ഉണ്ടാകുമോ?  എല്ലാവരും പഠിച്ചതിന്റെ പേരില്‍ എന്തെങ്കിലും പഠിക്കുകയോ, മറ്റാരും പഠിക്കാത്തതിന്റെ പേരില്‍ ഒന്നും പഠിക്കാതിരിക്കുകയോ ചെയ്യേണ്ടതില്ല.  എനിക്ക് പ്രധാനപ്പെട്ടതാണോ എന്ന ചോദ്യമാണ് ഏതു പഠനപ്രക്രിയക്കു മുന്നിലും ചോദിക്കേണ്ട ആദ്യ ചോദ്യം.   ചിതറിത്തെറിച്ചു കിടക്കുന്ന അറിവുകള്‍ നിയതമായ ലക്ഷ്യത്തിന് ഉപകരിക്കണമെന്നില്ല.   പഠിച്ചകാര്യങ്ങള്‍ എങ്ങിനെ പ്രയോഗത്തില്‍ വരുത്തണെന്ന് കൂടി പഠിക്കുമ്പോഴാണ് പഠനം പൂര്‍ത്തിയാവുകയുള്ളൂ.

Day 113

ഡല്‍ഹിയിലെ ഒരു സാധാരണ ഇടത്തരം കുടുംബത്തിലാണ് സഞ്ജീവ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ B A ബിരുദം നേടി, ഇതില്‍ തന്നെ സ്പെഷലൈസേഷന് ശേഷം 1984ല്‍ ലിന്‍ഡാസ് എന്ന സ്ഥാപനത്തില്‍ അക്കൗണ്ട്സ് എക്സിക്യൂട്ടീവ് ആയി ആദ്യ ജോലി. 3 വര്‍ഷത്തെ ജോലിക്ക് ശേഷം IIM ല്‍ പഠനം. വീണ്ടും 1989ല്‍ ഹിന്ദുസ്ഥാന്‍ മില്‍ക്ക് ഫുഡ് മാനുഫാക്ചെഴ്സില്‍ ജോലി. അവിടെ വെച്ച് സഹപ്രവര്‍ത്തകന്‍ മാഗസിനുകളില്‍ ജോലി ഒഴിവ് പരതുന്നത് കണ്ടപ്പോള്‍ ഒരു പുതിയ ബിസിനസ് ആശയം അദ്ദേഹത്തിന്റെ മനസ്സില്‍ ഉദിച്ചു. 90കളില്‍ പ്രതിവര്‍ഷം 80,000 രൂപ ലഭിക്കുന്ന ജോലി ഉപേക്ഷിച്ചു സ്വന്തമായി ഒരു ജോബ് വെബ്സൈറ്റ് തുടങ്ങാന്‍ തീരുമാനിച്ചു. ഒരു രൂപപോലും ശമ്പളം ഇനത്തില്‍ പ്രതീക്ഷിക്കാന്‍ പോലും പറ്റാത്തിരുന്ന കാലത്താണ് അദ്ദേഹം തന്റെ ജോബ് പോര്‍ട്ടല്‍ ആരംഭിച്ചത്. മാസികകളില്‍ നിന്നും പത്രങ്ങളില്‍ നിന്നും ലഭിച്ച 1000 പരസ്യങ്ങളുമായി 1997ല്‍ ആ ജോബ് വെബ് പോര്‍ട്ടല്‍ പുറത്തു വന്നു. ആദ്യ വര്‍ഷം 2.35 ലക്ഷം രൂപയായിരുന്നു ഈ വെബ് സൈറ്റിന്റെ വരുമാനം. 2005 ല്‍ ഇത് 8.4 കോടിയായി ഇത് ഉയര്‍ന്നു. പത്രങ്ങളിലും മാഗസിനുകളിലും തൊഴില്‍ അന്വേഷിച്ചിരുന്ന ഇന്ത്യന്‍ യുവത്വത്തെ ഇന്റര്‍നെറ്റിനു മുന്നില്‍ എത്തിച്ച വ്യക്തിയാണ് സഞ്ജയ് ബിക് ലദാനിയും അദ്ദേഹത്തിന്റെ നൗകരി.കോമും- ഇന്ന് ഏകദേശം 37ലക്ഷത്തിലധികം തൊഴിലന്വേഷകരുടെ വലിയൊരു ഡാറ്റാ ബേസ് ആണ് നൗകരി ഡോട്ട് കോം. സ്വപ്നങ്ങള്‍ക്ക് പിറകെ സഞ്ചരിക്കുന്നവര്‍ കൈമുതലാക്കുന്ന ഒന്നുണ്ട്.  കഠിനധ്വാനവും ആത്മവിശ്വാസവും. അതാകട്ടെ സ്വപ്നയാത്രയിലേക്കുള്ള നമ്മുടെയും കൈമുതല്‍

Day 112

ഒരിക്കല്‍ മനഃശാസ്ത്രജ്ഞന്‍ ഒരു ക്ലാസ്സ് നടത്തുകയായിരുന്നു. അദ്ദേഹം വെളുത്ത ഒരു വലിയ തുണി വലിച്ചുകെട്ടി. അതിന്റെ മധ്യഭാഗത്ത് കടുകുമണിയുടെ ആകൃതിയില്‍ മഷികൊണ്ട് കറുത്ത അടയാളമിട്ടു. ക്ലാസ്സിലിരിക്കുന്നവരോട് നിങ്ങള്‍ എന്ത് കാണുന്നു എന്ന് പറയാന്‍ ആവശ്യപ്പെട്ടു. വിരിച്ചുകെട്ടിയ വലിയ വെള്ളത്തുണി കാണുന്നു എന്ന് ചുരുക്കം ചിലര്‍ പറഞ്ഞു. ചിലര്‍ പറഞ്ഞു, തങ്ങള്‍ കറുത്ത മഷിയടയാളം കാണുന്നു എന്ന്. ഇത്ര വലിയ വെള്ളത്തുണി കാണാന്‍ അവര്‍ക്കുകണ്ണുണ്ടായില്ല. പക്ഷേ, അവര്‍ കണ്ടത് ഒരു ചെറിയ കറുത്തപൊട്ട് മാത്രം. നമ്മളില്‍ ചിലരുടെ കാഴ്ചകളും പലപ്പോഴും ഇങ്ങനെയാണ്. മറ്റുള്ളവരിലെ നിറഞ്ഞുനില്‍ക്കുന്ന നന്മ നാം കാണില്ല. അവര്‍ എപ്പോഴെങ്കിലും ചെയ്തുപോകുന്ന തിന്മയിലാണ് നമ്മുടെ കണ്ണ്. മറ്റുള്ളവരിലെ നന്മ കാണാന്‍ കഴിയാത്തത് യഥാര്‍ത്ഥ സ്‌നേഹത്തിന്റെ അഭാവം മൂലമാണ്. നിസ്വാര്‍ത്ഥമായ സ്‌നേഹം ഒരു വരദാനമാണ്. സ്‌നേഹം ഒരിക്കലും അസൂയപ്പെടുന്നില്ല. അസഹിഷ്ണുത കാണിക്കുന്നില്ല. ആത്മപ്രശംസ ചെയ്യുന്നുമില്ല. നമ്മുടെ കണ്ണുകള്‍ നന്മ ദര്‍ശിക്കണമെങ്കില്‍ നമ്മുടെ ഹൃദയവ്യാപാരം അതുപോലെ തന്നെ ആശാസ്യവും ശ്രേഷ്ഠവുമായിരിക്കണം. നമ്മുടെ ഹൃദയം വിശാലമാകട്ടെ, നമ്മുടെ കണ്ണുകളിലൂടെ മറ്റുള്ളവരുടെ നന്മകൂടി കാണുവാന്‍ നമുക്ക് സാധിക്കട്ടെ.

Day 111

ഒരിക്കല്‍ പൂവ് തേനീച്ചയോട് ചോദിച്ചു: അനേകായിരം പൂക്കളില്‍ നിന്ന് നീ കഷ്ടപ്പെട്ട് ശേഖരിച്ചുവെയ്ക്കുന്ന തേന്‍ ഒരൊറ്റ നിമിഷം കൊണ്ട് കരടി എടുത്തുകൊണ്ടുപോകുമ്പോള്‍ നിനക്ക് സങ്കടം തോന്നുന്നില്ലേ... തേനീച്ച ഇങ്ങനെ മറുപടി പറഞ്ഞു: ഞാന്‍ എന്തിനാണ് സങ്കടപ്പെടുന്നത്. കരടിക്ക് തേനല്ലേ കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ. അത് എടുക്കാനുള്ള എന്റെ കഴിവിനെ കൊണ്ടുപോകാന്‍ സാധിക്കില്ലല്ലോ.. ഇതുപോലെ നമുക്ക് ചുറ്റും നടക്കുന്ന ചില കാര്യങ്ങളുണ്ട്. ഒരാള്‍ ഒരു സംരംഭം തുടങ്ങി വിജയിച്ചാല്‍ പിന്നെ അതിനെ അപ്പാടെ പകര്‍ത്തിക്കൊണ്ട് കൂണുപോലെ ധാരാളം സംരംഭങ്ങള്‍ തുടങ്ങുന്ന ചിലരുണ്ട്. അത് പിന്നീട് അതില്‍ ആര്‍ക്കും വിജയിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കുകയും ചെയ്യും. ഒരു സംരംഭകന്റെ വളരെ നാളത്തെ റിസര്‍ച്ചും പരിശ്രമവുമാണ് ഒരു പുതുസംരംഭം. അത് നൊടിനേരം കൊണ്ടാണ് ചിലര്‍ അപ്പാടെ കോപ്പിയടിക്കുന്നത്. സംരംഭത്തിന്റെ കാര്യത്തില്‍ മാത്രമല്ല, നിരവധി മേഖലകളിലും ഇത്തരം കോപ്പിയടികള്‍ നമുക്ക് കാണാന്‍ സാധിക്കും. ഇനിയും ഇത്തരം അനുഭവങ്ങള്‍ നേരിട്ടാല്‍ നമ്മോട് തന്നെ നമുക്ക് ഇങ്ങനെ പറയാം. മറ്റുള്ളവര്‍ പകര്‍ത്തുന്ന ലെവലില്‍ നാം എത്തിയിട്ടുണ്ടെങ്കില്‍ അതും നമ്മുടെ വിജയം തന്നെയാണ് , നമ്മുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. നമുക്കും തേനീച്ചയെപ്പോലെ ചിന്തിച്ച് സന്തോഷത്തോടെ, അഭിമാനത്തോടെ മുന്നോട്ട് തന്നെ പോകാം.

Day 110

ദേവാലയത്തിന്റെ ചുവരില്‍ അശ്ലീല ചിത്രങ്ങള്‍ വരച്ചതിന്റെ പേരില്‍ ആ യുവാക്കള്‍ പോലീസ് പിടിയിലായി. വിചാരണ നടക്കുകയാണ്. കുറ്റം സംശയതീതമായി തെളിഞ്ഞതിനാല്‍ ന്യായാധിപന്‍ ശിക്ഷ വിധിക്കാന്‍ ഒരുങ്ങുകയാണ്. അപ്പോള്‍ യുവാക്കളെ നോക്കി പുരോഹിതന്‍ പറഞ്ഞു: ജയിലിലടച്ചാല്‍ ഇവരുടെ ഭാവി അവതാളത്തിലാകും. ഇവരെ വെറുതെ വിടണം. എന്റെ കൂടെ താമസിക്കാന്‍ ഇവരെ അനുവദിക്കണം. കോടതിയുടെ തീരുമാനപ്രകാരം അവര്‍ പുരോഹിതനോടൊപ്പം കഴിയാന്‍ തുടങ്ങി. പിന്നീട് ഒരിക്കലും ഒരു കുറ്റവും അവരുടെ മേല്‍ ചാര്‍ത്തപ്പെട്ടിട്ടെ ഇല്ല. ഒരാളെ രക്ഷിക്കാന്‍ സഹായിക്കാത്ത എല്ലാ ന്യായവിധികളും ശിക്ഷാവിധികള്‍ മാത്രമാണ്. അത് കോടതിയില്‍ നടന്നാലും ജന മധ്യത്തില്‍ നടന്നാലും. ഓരോ കുറ്റകൃത്യവും നടക്കുന്നത് അജ്ഞത, അഹങ്കാരം, വ്യക്തിത്വ വൈകല്യം, പ്രതികാരവാഞ്ജ എന്നിവകൊണ്ടാകാം.. കാരണത്തിനനുസരിച്ചുള്ള പരമാവധി ശിക്ഷ അയാള്‍ക്ക് നല്‍കാം. പക്ഷെ ശിക്ഷയുടെ മറുവശത്തു അനുതാപം കൂടി ആവശ്യമാണ്. ശിക്ഷിക്കാന്‍ നിയമവും തലച്ചോറും മതി.. എന്നാല്‍ തെറ്റില്‍ നിന്നു മോചിപ്പിക്കാന്‍ ഹൃദയവും മനസാക്ഷിയും വേണം. ശിക്ഷകള്‍ക്കിടയില്‍ രക്ഷക്ക് കൂടിയുള്ള വഴികള്‍ ഉണ്ടാകട്ടെ.

Day 109

ആ ഗ്രാമത്തിലെ വിദ്യാലയത്തിലെ പ്രധാനാധ്യാപകനാണ് അയാള്‍. വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല, ആ ഗ്രാമത്തിലെ എല്ലാവര്‍ക്കും സ്വീകാര്യനായ ഒരാള്‍. ഒരു ദിവസം പതിവുപോലെ സന്ധ്യാനടത്തത്തിനിടയ്ക്ക് വഴിയരികില്‍ ദുഃഖിച്ചിരിക്കുന്ന ഒരു യുവാവിനെ അയാള്‍ കണ്ടു. തീര്‍ത്തും നിരാശ ബാധിച്ച് തലകുനിച്ചാണ് ഇരുപ്പ്. മുഷിഞ്ഞ വേഷം, എന്തെങ്കിലും കഴിച്ചിട്ട് ദിവസങ്ങളായെന്ന് തോന്നുന്ന ദൈന്യതയുണ്ട് ആ മുഖത്ത്. അദ്ദേഹം അവന്റെ അരികിലെത്തി കാര്യം തിരക്കി. നഗരത്തിലുള്ള കോളേജിലാണ് അയാള്‍ പഠിക്കുന്നത്. ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ അയാളുടെ വീട്ടിലും വെള്ളം കയറിയിരുന്നു. അയാളുടെ പഠനോപകരണങ്ങളും പുസ്തകങ്ങളുമെല്ലാം നശിച്ചുപോയി. തന്റെ ഭാവി പോലും ഇരുട്ടിലായ അവസ്ഥയാണ് തനിക്കുളളതെന്നും, ഇനി താന്‍ പഠിക്കാന്‍ പോകുന്നില്ല എന്ന തീരുമാനത്തിലെത്തിയതായും അവന്‍ അയാളോട് പറഞ്ഞു. ഇത് കേട്ട് കഴിഞ്ഞപ്പോള്‍ ആ അധ്യാപകന്‍ തന്റെ പോക്കറ്റലുണ്ടായിരുന്ന തീപ്പെട്ടി എടുത്ത് നിലത്ത് കുടഞ്ഞിട്ടു. അതിലെ കൊള്ളികള്‍ ഉപയോഗിച്ച് തീപ്പെട്ടികൊണ്ട് ഒരു വാക്ക് എഴുതി. ST... P എന്നായിരുന്നു ആ വാക്ക്. അവന്‍ നാല് തീപ്പെട്ടിക്കൊള്ളിയെടുത്ത് വിട്ടുപോയ അക്ഷരം O എന്ന് ചേര്‍ത്ത് വെച്ചു. STOP ! അത് കണ്ടപ്പോള്‍ ആ അധ്യാപകന്‍ പുഞ്ചിരിയോടെ O എന്ന വാക്കിലെ വലതുവശത്തെ കമ്പെടുത്ത് നടുവില്‍ കുറുകെ വെച്ചു. ഇപ്പോള്‍ അത് E എന്ന അക്ഷരമായി മാറി. ഒരുമിച്ചു വായിച്ചാല്‍ അത് STEP എന്നായി മാറി! അവന്‍ അത്ഭുതത്തോടെ അധ്യാപകനെ നോക്കിയപ്പോള്‍ അദ്ദേഹം തുടര്‍ന്നു. ' നോക്കൂ, STOP, STEP എന്നിവ തമ്മില്‍ ചെറിയ വ്യത്യാസങ്ങളേ ഉള്ളൂ. തടസ്സങ്ങളും പ്രതിസന്ധികളും വരുമ്പോള്‍ പലരും STOP എന്ന് പറഞ്ഞ് സ്വയം പിന്തിരിയും. എന്നാല്‍ ചിലര്‍ മാത്രം അത് STEP എന്നാക്കി മുകളിലേക്ക് കയറി പോകും. അവന്റെ മുഖം തെളിഞ്ഞു.. ജീവിതമാണ്, തിരിച്ചടികള്‍ സംഭവിക്കാം, പതിസന്ധി ഘട്ടങ്ങള്‍ ഉണ്ടായേക്കേക്കാം. ഇവയെല്ലാം സംഭവിക്കുമ്പോള്‍ തളര്‍ന്നു പിന്മാറുന്നവര്‍ക്കല്ല, കൂടുതല്‍ അധ്വാനിച്ച് മുന്നേറുന്നവര്‍ക്കാണ് വിജയവീഥിയില്‍ പ്രവേശനം കിട്ടുക. നമ്മുടെ ജീവിതത്തിലേയും ആ മൂന്നാമത്തെ അക്ഷരം നമുക്കും E എന്നാക്കി മാറ്റാം.

Day 108

കണ്ണൂരുകാരനായ ജോബിന്‍ ജോസഫും കോഴിക്കോട്ടുകാരിയായ ജിസ്മിയും ജോലിയുടെ ഭാഗമായിട്ടാണ് കൊച്ചിയില്‍ എത്തിപ്പെട്ടത്. എന്നാല്‍ ചാലക്കുടിക്കടുത്തുള്ള കൊട്ടാറ്റ് എന്ന ഗ്രാമമാണ് അവര്‍ വീടുപണിയാനായി തിരഞ്ഞടുത്തത്. സ്വന്തമായി ഒരു ബിസിനസ്സ് എന്ന ആശയത്തിന്റെ പുറത്ത് മാധ്യമപ്രവര്‍ത്തനം വിട്ട് ജോബിനും ഐടി കമ്പനിയിലെ ജോലി ഉപേക്ഷിച്ച് ജിസ്മിയും വീടിന്റെ മുകള്‍ നിലയില്‍ ഒരു ബിസിനസ്സ് ആരംഭിച്ചു. അപ്പോള്‍ ഇവരുടെ ആകെ മുടക്കുമുതല്‍ എന്ന് പറയാവുന്നത് രണ്ട് ലാപ്‌ടോപ്പും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുമായിരുന്നു. ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഡവലപ്‌മെന്റ്, ബിസിനസ്സ് അനലിസ്റ്റ്, ടെക്‌നിക്കല്‍ റൈറ്റിങ്ങ് എന്നിങ്ങനെ വിവിധ സേവനങ്ങള്‍. പതിയെ പതിയെ ഇടപാടുകാര്‍ കൂടി. മറ്റൊരാളെ കൂടി നിയമിച്ചു. ചെറിയൊരു വാടകവീടെടുത്ത് ഓഫീസ് അവിടേക്ക് മാറി. കമ്പനിയുടെ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ സേവനം തേടിയ ഒരു ആസ്‌ട്രേലിയക്കാരന്‍ നെറ്റ് സ്യൂട്ട് സേവനം കൂടി ലഭ്യമാക്കാമോ എന്ന അന്വേഷണമാണ് ഇവരുടെ യാത്രയില്‍ വഴിത്തിരിവായത്. അങ്ങനെ ക്ലൗഡ് അധിഷ്ഠിത ഇആര്‍പി സോഫ്ട് വെയര്‍ സേവനം നല്‍കാന്‍ ഇരുവരും തീരുമാനിച്ചു. 2017 ഓടെ പൂര്‍ണ്ണമായും കമ്പിനി നെറ്റ്‌സ്യൂട്ട് സേവനരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങി. ഇന്ന് 27രാജ്യങ്ങളിലായി 200ഓളം കമ്പനികള്‍ ജോബിന്‍ ആന്റ് ജിസ്മിയുടെ സേവനം തേടുന്നു. ടീമില്‍ ഇപ്പോള്‍ ഏകദേശം 150 പേരുണ്ട്. ലോകത്തിലെ മുന്‍നിര റിവ്യൂപോര്‍ട്ടലായ ക്ലച്ചില്‍ നെറ്റ്‌സ്യൂട്ട് സേവനദാതാക്കളെ തിരഞ്ഞാല്‍ ലോകത്തിലെ മൂന്നാമത്തെ പ്രമുഖ കമ്പനിയായി നമുക്ക് ഈ പേര് വായിക്കാം. ജോബിന്‍ ആന്റ് ജിസ്മി ഐ ടി സര്‍വീസസ്. തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിക്കടുത്തുള്ള കോട്ടാറ്റ് എന്ന ഗ്രാമത്തിലെ പാടവരമ്പില്‍ നിന്നും മനുഷ്യവാസമുള്ള എല്ലാ ഭൂഖണ്ഡങ്ങളിലേക്കും വളര്‍ന്ന ഒരു ബഹുരാഷ്ട്ര ഐ ടി കമ്പിനി! അതെ, നാം എവിടെയായിരിക്കുന്നു എന്നതിലല്ല, എന്തായിരിക്കുന്നു എന്നതിലാണ് കാര്യം. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുണ്ടെങ്കില്‍ വിജയപതാക പാറിപ്പിക്കാന്‍ ഏതിടവും നമുക്ക് സജ്ജമാക്കാം .

Day 107

ആ സംഗീതഞ്ജന്റെ നാട്ടില്‍ ചേരി തിരിഞ്ഞു കലാപവും ലഹളയും നടക്കുകയാണ്. ഒരു സംഗീതനിശ സംഘടിപ്പിച്ചു സംഘര്‍ഷങ്ങള്‍ക്ക് അല്പം അയവു വരുത്താം എന്നദ്ദേഹം തീരുമാനിച്ചു. പക്ഷേ പരിപാടിയുടെ രണ്ടു ദിവസം മുന്‍പ് അവര്‍ ആക്രമിക്കപ്പെട്ടു. എങ്കിലും പരിക്കുകള്‍ അവഗണിച്ചു അദ്ദേഹം സംഗീതപരിപാടി നടത്തി. തന്നെ അത്ഭുതത്തോടെ നോക്കുന്ന ആളുകളെ നോക്കി അദ്ദേഹം പറഞ്ഞു : ലോകത്തെ വികൃതമാക്കാനും നശിപ്പിക്കാനുമൊരുമ്പിട്ടിറങ്ങുന്നവര്‍ ഒരു ദിവസം പോലും വിശ്രമിക്കുന്നില്ല. പിന്നെ എങ്ങനെ എനിക്കു വിശ്രമിക്കാനാകും. ചെയ്തു പോയ തെറ്റിനെക്കാള്‍ നാശകാരണം ചെയ്യാതെ പോകുന്ന നന്മയാണ്. അധര്‍മ്മം ചെയ്യുന്നവര്‍ക്ക് അടിസ്ഥാനപരമായ ദുരുദ്ദേശം ഉണ്ട്. അതിനേക്കാള്‍ അശുഭകരവും അപകടകരവുമാണ് ധര്‍മ്മം പ്രവര്‍ത്തിക്കുന്നവരില്‍ ഒളിഞ്ഞിരിക്കുന്ന ദുരുദ്ദേശങ്ങള്‍. ഒരു നന്മ പരസ്യമായി ചെയ്യുന്നത് രഹസ്യമായി ചെയ്യുന്ന പല തിന്മകള്‍ക്കും മറ സൃഷ്ടിക്കാനാണെങ്കില്‍ ആ നന്മയുടെ ഉദ്ഭവം തന്നെ തെറ്റാണ്. മുന്‍ഗണന ക്രമത്തിന്റെ അവസാനത്തില്‍ മാത്രം പ്രത്യക്ഷപ്പെട്ടു നിവൃത്തികേടുകൊണ്ട് ചെയ്യേണ്ടി വരുന്ന സല്‍പ്രവര്‍ത്തികള്‍ക്കു സ്ഥായിയായ സ്വഭാവമില്ല. ചെയ്യാതിരിക്കാന്‍ കഴിയാതെ വരുമ്പോള്‍ ചെയ്യുന്നതല്ല നന്മ. ചെയ്തില്ലെങ്കിലും കുഴപ്പമില്ലാത്തപ്പോഴും ചെയ്തയാള്‍ ശ്രദ്ധിക്കപ്പെടാതെ വരുമ്പോഴും നിര്‍ബന്ധ ബുദ്ധിയോടെ ചെയ്യുന്ന കര്‍മങ്ങള്‍ ആണ് നന്മ. നമുക്കും നന്മകള്‍ ചെയ്യാം. നേട്ടങ്ങള്‍ നോക്കാതെ.

Day 106

ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ ഗുരുനാഥന്‍ അസുഖം പിടിച്ച് കിടപ്പിലായി. ഒരു ചിത്രരചനയുടെ ഇടയിലായിരുന്നു അദ്ദേഹത്ത് അസുഖം പിടിപ്പെട്ടത്. വരച്ചുമുഴുമിപ്പിക്കാത്ത ആ ചിത്രം പൂര്‍ത്തിയാക്കുവാന്‍ അദ്ദേഹം തന്റെ ശിഷ്യരോട് ആവശ്യപ്പെട്ടു. പക്ഷേ, അതേറ്റെടുക്കുവാന്‍ ശിഷ്യര്‍ മടിച്ചു. വീണ്ടും വീണ്ടും ഗുരു നിര്‍ബന്ധിച്ചപ്പോള്‍ ലിയോനോര്‍ഡോ ആ ചിത്രം പൂര്‍ത്തീകരിക്കാന്‍ സമ്മതിച്ചു. യുവാവായ ലിയോനാര്‍ഡോ ഡാവിഞ്ചി വരച്ചുപൂര്‍ത്തിയാക്കിയ ആ ചിത്രം കണ്ട് ഗുരു വിസ്മയിച്ചു. അത്യന്തം മനോഹരമായ ആ ചിത്രം കണ്ട് ഗുരു ശിഷ്യനെ ചേര്‍ത്തുപിടിച്ചു. ധാരാളം അഭിനന്ദിച്ചു. മാത്രമല്ല, പിന്നീടൊരിക്കലും ഒരു ചിത്രം വരയ്ക്കാന്‍ അദ്ദേഹം ശ്രമിച്ചതുമില്ല. തന്റെ ഈ ശിഷ്യന്‍ നേടുന്ന യശസ്സാണ് ഇനി തന്റെ അഭിമാനം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൃദയ നൈര്‍മ്മല്യമുള്ളവര്‍ക്കേ മറ്റുള്ളവരുടെ നന്മ കണ്ടെത്താനും, അഭിനന്ദിക്കാനും കഴിയൂ. പകരം അസൂയയും പകയുമാണ് നമ്മിലുള്ളതെങ്കില്‍ ആ നന്മകാണാന്‍ നമുക്കൊരിക്കലും സാധിക്കുകയുമില്ല. അഥവാ കണ്ടാലും പ്രശംസിക്കാന്‍ കൂട്ടാക്കുകയുമില്ല. ഈ നന്മയ്ക്ക് ഒരു പ്രത്യേകയുണ്ട്. നന്മ ആഗ്രഹിക്കുന്നവനേ നന്മ പ്രവൃത്തിക്കാനാകൂ. തനിക്കും തന്റെ കൂടെയുള്ളവര്‍ക്കും നന്മ വരാന്‍ അവര്‍ എപ്പോഴും ബദ്ധശ്രദ്ധരായിരിക്കും. നന്മയുടെ ഒരു അംശമെങ്കിലും അന്യരില്‍ കണ്ടാല്‍ അത് എടുത്തുകാട്ടാനും അവരെ അഭിനന്ദിക്കാനും അത്തരക്കാര്‍ മടിക്കുകയില്ല. പ്രതിബന്ധങ്ങള്‍ എത്രതന്നെ വന്നാലും സാഹചര്യങ്ങള്‍ എത്ര മോശമായാലും നന്മയെ വിജയിപ്പിക്കാന്‍ അവര്‍ പരിശ്രമിച്ചുകൊണ്ടേയിരിക്കും. നമ്മള്‍ ഭാരതീയരുടെ ജീവിത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള ഒരു ആശയമുണ്ട്- ലോകാഃ സമസ്തഃ സുഖിനോഃഭവന്തുഃ - ഈ ആശയത്തെ നമ്മള്‍ ഓരോരുത്തര്‍ക്കും പ്രവര്‍ത്തികമാക്കാന്‍ ശ്രമിക്കാം.

Day 105

ആ കര്‍ഷകന്‍ തന്റെ ഗ്രാമത്തിലുള്ള ആശ്രമത്തില്‍ ഒരു കുട്ട മുന്തിരിയുമായി എത്തി.  ആശ്രമമണിയടിച്ചപ്പോല്‍ വാതില്‍ തുറന്ന സന്ന്യാസിയ്ക്ക് അദ്ദേഹം മുന്തിരി നിറച്ച കുട്ട നല്‍കി.  അത് ആശ്രമാധിപനുള്ള സമ്മാനമാണെന്ന് ധരിച്ച് അദ്ദേഹം അത് ആശ്രമാധിപനെ ഏല്‍പ്പിച്ചു.  പ്രായം ചെന്ന് കിടപ്പിലായ സന്യാസിക്കാണല്ലോ ഈ പഴങ്ങള്‍ കൂടുതല്‍ ആവശ്യമെന്ന് കരുതി അദ്ദേഹം അത് ആ വയോധികനായ സന്യാസിക്ക് നല്‍കി.  വയോധികനായ സന്യാസി ആ മുന്തിരി കിട്ടിയപ്പോള്‍ അത് പാചകക്കാരനായ സന്യാസിക്ക് നല്‍കികൊണ്ട് പറഞ്ഞു:  എനിക്ക് മൂന്ന് നേരവും ഭക്ഷണം താങ്കളാണ് നല്‍കുന്നത്.  ഇത് താങ്കള്‍ക്കുള്ളതാണ്.  ആ സമ്മാനം വാങ്ങി തിരികെ വരുമ്പോള്‍ പാചകക്കാരന്‍ സന്യാസി കണ്ടത് കാവല്‍ നില്‍ക്കുന്ന സന്യാസിയെയാണ്.  ആശ്രമത്തില്‍ ചേരാന്‍ പാതിമനസ്സോടെ എത്തിയ താന്‍ തീരുമാനം ഉറപ്പിച്ചത് അന്ന് വാതില്‍ തുറന്നുതന്ന ആ സന്യാസിയിലൂടെയാണ്.  അതിനാല്‍ ഈ മുന്തിരി അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. പാചകക്കാരന്‍  സന്യാസി അത് കാവല്‍ നില്‍ക്കുന്ന സന്യാസിയെ സന്തോഷത്തോടെ ആ കുട്ട മുന്തിരി ഏല്‍പ്പിച്ചു.   അങ്ങനെ ഒടുവില്‍ മുന്തിരി ആ കാവല്‍ക്കാരന്റെ കയ്യില്‍ തന്നെ വന്നെത്തി  നമ്മള്‍ ഒഴുക്കിവിടുന്നതെന്തും നമ്മളിലേക്ക് തന്നെ വന്നെത്തും.  അത് നന്മയായാലും, തിന്മയായാലും.  എല്ലാ കര്‍മ്മങ്ങള്‍ക്കും ചാക്രിക സ്വഭാവമുണ്ട്. തൊടുത്തുവിടുന്നതെല്ലാം മറ്റാരിലൂടെയെങ്കിലും സഞ്ചരിച്ച് അവസാനം അവനവനിലേക്ക് തന്നെ തിരിച്ചെത്തും.  ഇതാണ് കര്‍മ്മഫലമെന്നതിന്റെ വിശദീകരണം.  നല്ലത് ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നതെല്ലാം നല്ലതായിരിക്കും എന്ന് അതിനര്‍ത്ഥമില്ല.  പക്ഷേ, ഏത് അശുദ്ധിയേയും നിര്‍വീര്യമാക്കാനുള്ള വിശുദ്ധിയുള്ളതിനാല്‍  അവരില്‍ വന്നുചേരുന്ന വിപത്തുക്കള്‍ പോലും ആത്യന്തികമായി അവരില്‍ നന്മ ചൊരിയും.  അതുപോലെ, ദുഷ്‌കര്‍മ്മങ്ങളുടെ ആള്‍രൂപങ്ങളില്‍ നന്മയുടെ എത്ര വെളിച്ചം വീശിയാലും, ദുഷ്ടതയുടെ പ്രതിരോധഭിത്തിയില്‍ തട്ടി അത് ചിതറിത്തെറിച്ചുപോവുകതന്നെ ചെയ്യും.    സൗഖ്യവും സന്തോഷവും വ്യക്തിപരമായി തന്നെ അവശേഷിക്കും.  എന്നാല്‍ അസുഖകരമായവയ്ക്ക് അസാധാരണമായ വ്യാപനശേഷിയുണ്ട്.  തന്നിലേക്ക് വരുന്ന തിന്മ തന്നില്‍ തന്നെ അവസാനിക്കുന്നുവെന്നും,  തന്നിലേക്കെത്തുന്ന നന്മ പലമടങ്ങായി ശക്തിപ്രാപിച്ച് പലരിലേക്കും പരക്കുന്നുണ്ടെന്നും നമുക്ക് ഉറപ്പുവരുത്താം.  നമുക്കും നന്മയുടെ സഞ്ചാരപഥത്തിലെ കണ്ണികളായി മാറാം - ശുഭദിനം .