'നിക്കോളാസ് മാക്‌സിം സ്‌പെഷല്‍ അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ് ഇന്‍ മാനുസ്‌ക്രിപ്റ്റ് പെന്‍മാന്‍ഷിപ്പ് ' ഒന്നൊന്നര നീളമുള്ളൊരു പേര്! ഇതൊരു ദേശീയ പുരസ്‌കാരത്തിന്റെ പേരാണ്. അമേരിക്കയില്‍ തുടര്‍ച്ചയായി നടത്തുന്ന മത്സരമാണിത്. ചുരുക്കി പറഞ്ഞാല്‍ കൈയ്യക്ഷര മത്സരം. 2016 ലെവിജയി , അമേരിക്ക വിര്‍ജീനിയയിലുള്ള ' അനയ എലിക് ' എന്ന ഏഴുവയസ്സുകാരിയായിരുന്നു. ആദ്യ കാലം മുതല്‍ അനയ തന്റെ കൈയ്യക്ഷരം നന്നാക്കുന്നതില്‍ ശ്രദ്ധിച്ചിരുന്നു. ചിലപ്പോഴൊക്കെ നിന്നുകൊണ്ട് എഴുതിയാലെ കൂടുതല്‍ മികവാര്‍ന്ന കയ്യക്ഷരം വരികയുള്ളൂ ഈ കൊച്ചുമിടുക്കിക്ക്! 7-മത്തെ വയസ്സിലാണ് അനയ ഈ ദേശീയ പുരസ്‌കാരം നേടുന്നത്. അനയയുടെ അമ്മയുടെ വാക്കുകള്‍ക്ക് നമുക്ക് ശ്രദ്ധകൊടുക്കാം. ' ഞാനവള്‍ക്ക് ഒരു സഹായവും ചെയ്തു കൊടുക്കുന്നില്ല. എല്ലാം അവള്‍ തനിയെ ശീലിച്ചു. കൂടാതെ ഈ ചെറിയ പ്രായത്തില്‍ തന്നെ വസ്ത്രം മാറാനും, ഷൂസുകള്‍ തയ്യാറാക്കി കാലില്‍ ഇട്ട് കെട്ടുന്നതും അവള്‍ തന്നെയാണ്. ' കയ്യക്ഷരത്തില്‍ മിടുക്ക് കാണിച്ച അനയയെ നമുക്ക് ഒന്നുകൂടി കാണാം - ജന്മനാ രണ്ടു കൈപ്പത്തികളും ഇല്ലാതെയാണ് അവള്‍ ജനിച്ചത്! അതുകൊണ്ടുതന്നെ അവള്‍ ചെയ്യുന്നതെല്ലാം നേട്ടങ്ങളുടെ പട്ടികയില്‍ നമുക്ക് പെടുത്തിയേ മതിയാകൂ. കാരണം അവള്‍ക്കറിയാം തന്റെ കാര്യങ്ങളുടെ തമ്പുരാന്‍ താന്‍ തന്നെയാണെന്ന്. ഓര്‍ക്കുക, ചായാന്‍ ഇടമുണ്ടാകുമ്പോള്‍ തളര്‍ച്ച കൂടും... നമുക്ക് നമ്മില്‍ വിശ്വസിക്കാം, നിവര്‍ന്ന് നിന്ന് പ്രതിസന്ധികളെ നേരിടാം, വിജയം നമ്മോടൊപ്പം വരുന്ന ഒരു പുലരിയെ വരവേല്‍ക്കാം.
Part 44
ഇംഗ്ലണ്ടിലെ വടക്കന്‍ ഡാര്‍ട്ട്മൂര്‍ എന്ന സ്ഥലം. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന 'ക്രാന്‍മര്‍ ' തടാകം. അവിടുത്തെ ഗൈഡ് ആയിരുന്നു ജയിംസ് പെരോട്ട്. ഒരു ദിവസം ജെയിംസ് ഒരു കാലി കന്നാസ് തടാക തീരത്ത് ഉപേക്ഷിച്ചു. എന്നാല്‍ പിന്നീട് വന്ന സന്ദര്‍ശകര്‍, തങ്ങളുടെ യാത്രയുടെ ഓര്‍മ്മക്കായി സ്വന്തം മേല്‍വിലാസം എഴുതിയ കുറിപ്പുകള്‍ ആ കന്നാസില്‍ നിക്ഷേപിച്ചു. അതിന്റെ തുടര്‍ച്ച മറ്റാരുരീതിയിലായിരന്നു. തുടര്‍ന്ന് വന്ന സന്ദര്‍ശകര്‍, ആദ്യം കുറിപ്പെഴുതി ഇട്ടയാളുടെ അഡ്രസ്സിലേക്ക് ആശംസകള്‍ എഴുതി അയക്കാന്‍ തുടങ്ങി. സ്ഥലപരിമിതി മൂലം കന്നാസിനൊപ്പം ഒരു തകരപാട്ടകൂടി എത്തി. കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ ഇതൊരു 'സിസ്റ്റം ' ആയി മാറി. അധികൃതര്‍ റബ്ബര്‍സ്റ്റാമ്പും, സ്റ്റാമ്പ് പാഡും കൂടി ഏര്‍പ്പെടുത്തി. അങ്ങനെ ജെയിംസ് പെരോട്ട് ഉപേക്ഷിച്ച ആ കാലികന്നാസ് ലോകത്തിലെ ആദ്യത്തെ തപാല്‍പെട്ടിയായി ചരിത്രത്തില്‍ ഇടം നേടി. സ്വയം ഒന്ന് തെളിഞ്ഞുനോക്കൂ, മറ്റുള്ളവര്‍ ആ തെളിച്ചം കാണുക തന്നെ ചെയ്യും. മുഷിഞ്ഞ് മാറി നിന്നാല്‍ കാലികന്നാസുപോലെയാകും ജീവിതം. എന്നാല്‍ മറിച്ച് സ്വയം തെളിഞ്ഞാല്‍ ചരിത്രത്തില്‍ ഒരു തിരിവെട്ടമായി മാറൂം. സ്വയം തെളിഞ്ഞ് മറ്റുള്ളവരുടെ ജീവിതം കൂടി പ്രകാശഭരിതമാകാന്‍ നമുക്ക് സാധിക്കട്ടെ - ശുഭദിനം
Part 43
കര്‍ണാടകയിലെ കാര്‍വാര്‍ ജില്ലയിലെ ചെന്‍ഡിയ എന്ന ഗ്രാമത്തിലായിരുന്നു സെക്കന്റ് ലെഫ്റ്റനന്റ് രാമ രഘോബ റാണെ എന്ന യുദ്ധവീരന്റെ ജനനം. 1948 ഏപ്രില്‍ 8 - റാണയുടെ നേതൃത്വത്തില്‍ രാജൗരിയിലേക്ക് പട്ടാളം നീങ്ങി. ബാര്‍വാലിയില്‍ വെച്ച് പാക്‌സേനയുടെ ആക്രമണം. വഴിനീളെ മൈനുകളും റോഡ് ബ്ലോക്കും. അന്ന് തന്നെ തടസ്സങ്ങള്‍ നീക്കാന്‍ റാണ തീരുമാനിച്ചു. ഫലം രണ്ട് സൈനികരെ റാണയ്ക്ക് നഷ്ടമായി. 12 മണിക്കൂര്‍ തുടര്‍ച്ചയായി ശ്രമിച്ചിട്ടും റാണക്ക് തടസ്സങ്ങള്‍ നീക്കാനായില്ല. സൈനിക വാഹനത്തിന്റെ അടിയില്‍ കിടന്നുകൊണ്ട് പാക് ഷെല്ലുകളെ പ്രതിരോധിച്ച് റാണ മൈനുകള്‍ നീക്കം ചെയ്തു. അപ്പോഴാണ് 5 പൈന്‍മരങ്ങള്‍ വെട്ടിയിട്ട് തടസ്സം സൃഷ്ടിച്ച കാഴ്ച കണ്ടത്. ആ രാത്രി, ഇരുട്ടില്‍ ആരും കാണാതെ പാക് ഷെല്ലുകളെ വകവെക്കാതെ ഒറ്റക്ക് പൈന്‍മരങ്ങള്‍ നീക്കം ചെയ്തു. തുടര്‍ന്നു സാഹസികമായ നീക്കങ്ങള്‍; ടാങ്കറിനു താഴെ പറ്റിച്ചേര്‍ന്ന് കിടന്ന് തടസ്സങ്ങളെ നീക്കികൊണ്ടിരുന്നു റാണ. ഏപ്രില്‍ 11 രാത്രി 10 മണി വരെ ആ സാഹസിക മുന്നേറ്റം അദ്ദേഹം നടത്തി. 'സേനയുടെ സുഗമമായ നീക്കത്തിന് റാണയുടെ ധൈര്യവും, മികവും ഏറെ സഹായകമായി എന്നായിരുന്നു പിന്നീട് അദ്ദേഹത്തിന് ലഭിച്ച പരംവീര്‍ചക്ര ബഹുമതി പത്രത്തില്‍ രാജ്യം രേഖപ്പെടുത്തിയത്' . നമുക്ക് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ വാക്കുകള്‍ കടമെടുക്കാം. 'ഭയത്തിന്റെ വെള്ളച്ചാട്ടത്തെ തടയുവാന്‍ ധൈര്യത്തിന്റെ അണക്കെട്ടുകള്‍ നാം നിരന്തരം നിര്‍മ്മിച്ചു കൊണ്ടേയിരിക്കണം ' - ശുഭദിനം
Part 42
2006ൽ അദ്ദേഹത്തിന്റെ സ്വപ്നങ്ങളിലേക്കുള്ള വാതിൽ താഴിട്ടു പൂട്ടി കാർഡിയാക് സർജറിക്ക് വിധേയനായി. 2007 ൽ തനിയാവർത്തനം, രണ്ടാമത്തെ സർജറി. ജപ്പാൻകാരനായ ഒരു പർവതാരോഹകന്റെ സ്വപ്നങ്ങളെ നുള്ളിയെടുത്തുകൊണ്ടുള്ള അസുഖങ്ങൾ. ഇത് യുചിറോ മിയുറ എന്ന പർവതാരോഹകന്റെ കഥ. മഞ്ഞുറഞ്ഞ താഴ് വരകളിലാണ് കുഞ്ഞു മിയുറ കളിച്ചു വളർന്നത്. ഏറെ ചെറുപ്പത്തിലേ ശൈത്യകാല വിനോദങ്ങളിൽ വലിയ പ്രകടനമികവ് അവൻ കാണിച്ചിരുന്നു. വളർന്നപ്പോൾ കൂടെ ലക്ഷ്യങ്ങളും വളർന്നു. ശീത താഴ് വരക്ക് അതിരിട്ടു നിൽക്കുന്ന എവറസ്റ്റ്. കീഴടക്കണം. പൂർവികർ ചവുട്ടിതള്ളിയ മഞ്ഞുപാളികൾക്കു മുകളിലൂടെ ഉയരത്തിലെത്തണം. പല ശ്രമങ്ങൾ. ചിലതെല്ലാം പരാജയപ്പെട്ടു. 2006, 2007 അദ്ദേഹത്തിന്റെ ജീവിതപരീക്ഷണങ്ങൾ കടുത്തതായിരുന്നു. രണ്ട് കാലിലും 5 കിലോഗ്രാം ഭാരവും പുറത്ത് 30 കിലോ ഭാരവുമായി 5.5 മൈൽ എന്നും നടത്തം. ഓക്സിജൻ അളവ് കുറഞ്ഞ മുറിയിൽ താമസം. ഇതൊക്കെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രാക്ടീസ്. 2013 മെയ് 23. യുചിറോ എവറസ്റ്റ് കീഴടക്കി. മഞ്ഞണിഞ്ഞ മാമലകൾക്കു മുകളിൽ എവറെസ്റ്റിനു മുകളിൽ നിന്നും യുചിറോ ചിരിച്ചു. ആ ചിരിക്ക് ഒരുപാട് പ്രത്യേകതകൾ ഉണ്ടായിരുന്നു. അന്നദ്ദേഹത്തിന്ടെ പ്രായം വെറും 80 വയസ്സ് ആയിരുന്നു. ചിന്തിക്കാൻ ആകുമോ 80 ആം വയസ്സിൽ നമ്മൾ എവറസ്റ് കയറുന്നത് !! മോട്ടിവേഷൻ സ്പീച്ചുകളിൽ നമ്മൾ പറയും പ്രായം, അത് വെറും അക്കങ്ങൾ മാത്രമാണെന്ന്. എന്നിട്ടും ഒന്നും ചെയ്യാതെ പ്രായത്തെ പഴിച്ചു നാം എന്തെല്ലാം മാറ്റിവെച്ചിരിക്കുന്നു. നമുക്ക് വീണ്ടും ഓർക്കാം, ഒരു ജന്മം, അതിൽ ചെയ്തു തീർക്കാൻ എത്രയോ കാര്യങ്ങൾ... പ്രായം, കാലം, അവസരം... ഇതിനൊന്നുമല്ല പ്രാധാന്യം... ' ആറ്റിട്യൂഡ് ' അതാണ് പ്രധാനം. - നമ്മിലെ മാറ്റിവെക്കപ്പെട്ട ലക്ഷ്യങ്ങൾ പൊടിതട്ടിയെടുക്കാം, അവക്ക് പുത്തൻ ചിറകുകൾ നൽകാം - ശുഭദിനം
Part 41
ശിഷ്യൻ ഗുരുവിനോട് ചോദിച്ചു. അങ്ങ് ധ്യാനത്തിലായിരിക്കുമ്പോൾ എന്തെങ്കിലും കാണുന്നുണ്ടോ ? ഗുരു പറഞ്ഞു - ഞാൻ കാണുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല ; കാണുന്നില്ലേ എന്ന് ചോദിച്ചാൽ ഉണ്ട് ! ശിഷ്യൻ വീണ്ടും ചോദിച്ചു : ഒരാൾക്ക് എങ്ങനെയാണു ഒരേസമയം കാണാനും കാണാതിരിക്കാനും കഴിയുന്നത്? അപ്പോൾ ഗുരു പറഞ്ഞു : ധ്യാന സമയത്തു എന്റെ മനസ്സിന്റെ ചാഞ്ചാട്ടവും ചുറ്റിത്തിരിയലും ഞാൻ കാണുന്നുണ്ട്. എന്നാൽ മറ്റുള്ളവരിലെ ശരിയും, തെറ്റും, നന്മയും, തിന്മയും ഞാൻ കാണാറില്ല. ഒന്ന് ഓർത്ത് നോക്കൂ, ചുറ്റുപാടുകളെ അളന്നു തിരിച്ചു വ്യാഖ്യാനിക്കാനും വിമർശിക്കാനും വേണ്ടി ദൂരദർശിനികളും സൂക്ഷ്മദര്ശിനികളുമായി നടക്കുന്നവർക്ക് സ്വയം കാണാൻ കഴിയുന്ന ഒരു കണ്ണാടിച്ചില്ലു പോലും സ്വന്തമായി ഇല്ലെന്നതാണ് പരിതാപകരം. ലോകം നന്നാക്കാൻ ഇറങ്ങി പുറപ്പെടുന്ന എല്ലാവരുടെയും ശ്രദ്ധ അപരനിലാണ്. അന്യന്റെ കറ കഴുകിക്കളയാൻ നടത്തുന്ന ശ്രമത്തിന്റെ പകുതിയെങ്കിലും സ്വന്തം ചെളി കഴുകിക്കളയാൻ കാണിച്ചിരുന്നുവെങ്കിൽ മാലിന്യമില്ലാത്ത മനസ്സിന്റെ ഉടമകൾ ആകാൻ കഴിയുമായിരുന്നു. ഒരു നന്മയെങ്കിലും ഇല്ലാത്തവർ ചുരുക്കമായിരിക്കും. മറ്റുള്ളവരിലെ ആ നന്മകളെ നമുക്കു കണ്ടെത്താൻ ശ്രമിക്കാം - ശുഭദിനം
Part 40
അതുവരെയും അതായിരുന്നു അയാളുടെ മികവ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തി. 2.36 മീറ്റർ ഉയരം. പേര് ബാഓ സിഷൂൺ - ചൈനക്കാരൻ. എന്നാൽ മറ്റൊരു ഉയരമുള്ളൊരാൾ എത്തിയതോടെ ആ റെക്കോർഡ് സിഷൂവിനു നഷ്ടമായി. മാത്രമല്ല, ഉയരം പലപ്പോഴും അദ്ദേഹത്തിന് 'തലവേദന ' ആയി മാറുകയും ചെയ്തു. ആദ്യമെല്ലാം ലോകത്തിനു സിഷൂന്റെ ഉയരം കൗതുകം ആയിരുന്നു എങ്കിൽ തുടർന്ന് അത് പലപ്പോഴും മറ്റുള്ള നേരം പോക്കുകളിലേക്കു നീങ്ങി. പ്രത്യേകിച്ചു മറ്റൊന്നിലും തല്പരനായിരുന്നില്ല സിഷൂൻ. അങ്ങനെയിരിക്കെ വടക്കു കിഴക്കൻ ചൈനയിലെ ഒരു പ്രവിശ്യയിൽ ഒരു അക്വാറിയത്തിലെ ഡോൾഫിൻ അബദ്ധത്തിൽ പ്ലാസ്റ്റിക് വിഴുങ്ങി. ശസ്ത്രക്രിയ ഉപകരണങ്ങൾ കൊണ്ടുപോലും ഡോൾഫിന്റെ വയറ്റിൽ നിന്നും ആ പ്ലാസ്റ്റിക് എടുത്ത് കളയാൻ സാധിച്ചില്ല. അധികൃതർ ആരോ പറഞ്ഞറിഞ്ഞു, സിഷൂൻ എന്ന പൊക്കക്കാരനെ കുറിച്ച്. 106 c m നീളമുള്ള അയാളുടെ കൈകളെ കുറിച്ച്. ഡോൾഫിന്റെ മേൽത്താടിയും കീഴ്താടിയും തുണി കൊണ്ട് കെട്ടി അമർത്തി പിടിച്ചു സിഷൂൻ ഡോൾഫിന്റെ ശരീരത്തിൽ കുടുങ്ങിയ പ്ലാസ്റ്റിക് കൈകൊണ്ടു എടുത്ത് നീക്കം ചെയ്തു. ആ സംഭവത്തിനു ശേഷം അദ്ദേഹം പുതിയൊരു ബഹുമതിക്ക് കൂടി അർഹനായി. ' ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൃഗ സ്‌നേഹി'. പിന്നീടങ്ങോട്ടുള്ള സിഷൂ ന്റെ ജീവിതം തീർത്തും മൃഗസ്നേഹി ആയിട്ടായിരുന്നു. നമുക്ക് കാത്തിരിക്കാം.. ഒന്നും വെറുതെ ആവില്ല. അനുയോജ്യമായ ഒരു അവസരത്തിൽ നാം ഉയർത്തപ്പെടുക തന്നെ ചെയ്യും. ചിലപ്പോൾ നമ്മൾ ആഗ്രഹിച്ചതിലും പ്രതീക്ഷിച്ചതിലും ഉയരത്തിൽ. - ശുഭദിനം
Part 39
ഒരു പശുകുട്ടി തന്റെ അമ്മയോട് ചോദിച്ചു, എങ്ങനെയാണ് നടക്കാൻ പഠിക്കുക? ഞാൻ ആദ്യം എന്താണ് ചെയ്യേണ്ടത്? ആദ്യം വലതു കാലാണോ വെക്കേണ്ടത് അതോ ഇടതു കാലോ? അതോ ആദ്യം മുൻകാലുകൾ വെച്ചതിനു ശേഷമാണോ പിൻകാലുകൾ വെക്കേണ്ടത്? മുന്നിലുള്ള കാലുകൾ ആദ്യം വെക്കുന്നത് കൊണ്ട് എന്തെങ്കിലും നേട്ടമുണ്ടോ? അമ്മ എങ്ങിനെയാണ് നടക്കാൻ തുടങ്ങിയത്? അപ്പോൾ പശു പറഞ്ഞു : ഞാൻ ഇത്രക്കൊന്നും ആലോചിച്ചിട്ടില്ല. എഴുന്നേറ്റു, നടന്നു... അത്രതന്നെ !! നമ്മുടെ ജീവിതത്തിലെ ചില കാര്യങ്ങൾ എല്ലാം ഇങ്ങനെ അല്ലേ.. ഈ പശുക്കുട്ടിയെ പോലെ ചിന്തിച്ചു ചിന്തിച്ചു... വിചാരങ്ങളും വിചിന്തനങ്ങളും പ്രവൃത്തികൾ വൈകിപ്പിക്കുന്നതിനു വേണ്ടിയാകരുത്. എല്ലാറ്റിനും ചിന്തിച്ചു പരിഹാരമുണ്ടാക്കിയ ശേഷം ഒന്നും തുടങ്ങാനാകില്ല. പല കാര്യങ്ങളും ചെയ്യുന്നതിന് മുൻപും ചെയ്തതിനു ശേഷവും അതെങ്ങനെ സംഭവിക്കുന്നു, സംഭവിച്ചു എന്ന് ചോദിച്ചാൽ ഒരു ഉത്തരവും ലഭിക്കുകയും ഇല്ല. ഒരു കാര്യം ചെയ്യുമ്പോൾ കിട്ടുന്ന ആത്മവിശ്വാസമാണ് അവ ചെയ്യുന്നതിനെക്കുറിച്ചുള്ള രേഖകൾ ഉണ്ടാകുന്നതിനേക്കാൾ പ്രധാനം. ചിന്തകൾ ഇല്ലാത്തവരുടെ ചോദ്യങ്ങൾ പ്രവർത്തനക്ഷമമായവയെ നിർജ്ജീവമാക്കും. ചിന്തകൾ ഉള്ളവരുടെ ചോദ്യങ്ങൾ നിർജീവമായവയെ പ്രവർത്തനസജ്ജമാക്കും.അതിനാൽ നിരർത്ഥകമായ ചോദ്യങ്ങളെ നമുക്കു ഒഴിവാക്കാം, ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാം - ശുഭദിനം
Part 38
സ്വപ്നത്തിലും ചിന്തയിലും ഒന്നുമാത്രമേയുണ്ടായിരുന്നുള്ളു. പഠിക്കണം. ഭൗമ ശാസ്ത്രം, പുരാവസ്തു ശാസ്ത്രം ഇതായിരുന്നു പഠിക്കാൻ ഇഷ്ടപെട്ട വിഷയങ്ങൾ. ഇത് ബീർബൽ സാഹ്‌നി. ആഗ്രഹിച്ചത് പഠിച്ച സാഹ്‌നി അതിനായി ലണ്ടൻ, കേംബ്രിഡ്ജ് സർവകലാശാലകളിൽ നിന്നും ഉന്നത ബിരുദങ്ങൾ നേടി. നാഷണൽ അക്കാദമി ഓഫ് സയൻസിന്റെ, പ്രസിഡന്റ് ആയി ഏറെക്കാലം പ്രവർത്തിച്ച സാഹ്‌നിയെ ഇന്ത്യ ഇങ്ങനെ വിശേഷിപ്പിച്ചു. "ഇന്ത്യൻ പാലിയോ ബോട്ടണിയുടെ പിതാവ് " എന്ന്. പാലിയോ ബോട്ടണി - സസ്യങ്ങളുടെ ഫോസിലുകളെ കുറിച്ചുള്ള പഠനം, എന്നാൽ സാഹ്‌നി പഠിച്ച അദ്ദേഹത്തിന്റെ കർമ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തി എന്നതാണ് ശ്രദ്ധേയം. എന്ത് പഠിക്കുന്നു എന്നതല്ല, ക്രിയാത്‌മകമായി അതിനെ എങ്ങനെ മാറ്റിയെടുക്കാം എന്നതാണ് വിജയം. നമ്മുടെ ഇടപെടൽ 'യന്ത്ര സാമാനം' ആയാൽ ജീവിതവും ഒരു യന്ത്രം ആയിരിക്കും. മറിച്ചു ക്രിയാത്‌മകമായാൽ ഓരോ ദിവസവും ആന്ദകരം ആയിത്തീരും, ക്രിയാത്‌മകം ആകട്ടെ ഓരോ നിമിഷവും - ശുഭദിനം
Part 37
ഗുജറാത്തിലെ ഇഖാർ ഗ്രാമത്തിലെ ഒരു കാർഷിക കുടുംബത്തിലാണ് അവന്റെ ജനനം. മാതാപിതാക്കൾ ദിവസവും പാടത്തുപോയാലും പട്ടിണി മാത്രമായിരുന്നു മിച്ചം. 8 ക്ലാസ്സിൽ പഠിക്കുമ്പോൾ, പഠനത്തിന്റെ ഇടവേളകളിൽ ടൈൽ ഫാക്ടറിയിൽ ജോലിക്ക് പോകുമായിരുന്നു. 8 മണിക്കൂർ ജോലി ചെയ്താൽ 35 രൂപയായിരുന്നു വരുമാനം. പഠനത്തിന്റെയും ജോലിയുടെയും ഇടയിൽ ക്രിക്കറ്റ് കളിക്കാനും അവൻ സമയം കണ്ടെത്തുമായിരുന്നു. പട്ടിണി അവൻ മറന്നിരുന്നത് ക്രിക്കറ്റ് കളിയിലൂടെയായിരുന്നു. കളിയിലെ അവന്റെ മികവ് കണ്ട് ഒരു പരിചയക്കാരൻ അവനെ ബറോഡയിലെ ക്രിക്കറ്റ് അക്കാഡമിയിൽ ചേർത്തു. അവിടെ വെച്ചാണ് കിരൺ മോറ അവനെ കണ്ടെത്തുന്നത്. മോറ തന്റെ അക്കാഡമിയിൽ അവന് സൗജന്യ പരിശീലനം വാഗ്ദാനം ചെയ്തു.. ഇവിടേയ്ക്ക് ദിവസവും 140 കിലോമീറ്റർ യാത്ര ചെയ്തു അവൻ എത്തുമായിരുന്നു. മോറയുടെ കീഴിൽ അവൻ വജ്രം പോലെ മൂല്യവത്തായി മാറി. ബൗളിംഗ് മികവിൽ അവൻ പ്രസിദ്ധനായി തീർന്നു. ഇത് മുനാഫ് പട്ടേൽ. ചരട് പിടിച്ചപോലെ ഓഫ് സ്റ്റമ്പിൽ പന്തെറിഞ്ഞു ഇന്ത്യൻ മക്‌ഗ്രാത് എന്ന പെരുമയോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തിളങ്ങിയ വ്യക്തിത്വം. ചില നന്മമരങ്ങൾ ഉണ്ട്... ജീവിത വഴിയിൽ നമ്മെ കണ്ടെത്തുകയോ നാം കണ്ടെത്തുകയോ ചെയ്യുന്ന ചില നന്മ മരങ്ങൾ... നന്മ മരങ്ങളുടെ തണൽ നഷ്ടപ്പെടുത്താതിരിക്കുക. കാരണം അവ എപ്പോഴും നമ്മെ തേടി എത്തുന്നവയല്ല
Part 36
I have a dream, എനിക്കൊരു സ്വപ്‌നമുണ്ട്... പലതവണ വായിച്ചും പഠിച്ചും പരിചിതമായ ഒരു വാചകമാണിത്. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് എന്ന ഭരണാധികാരിയുടെ ഏറ്റവും പ്രസിദ്ധമായ വാചകം. ഇത്തരത്തിലുള്ള നിരവധി പ്രസംഗങ്ങള്‍ ഭരണകര്‍ത്താക്കളില്‍ നിന്നും നമ്മള്‍ കേട്ടിരിക്കാം... അധികാരത്തിന്റെ പടവുകളിലേക്ക് കയറുമ്പോള്‍ പാലും തേനുമൊഴുക്കാം എന്ന മോഹനവാഗ്ദാനങ്ങള്‍. അത്തരം വാക്കുകളുടെ ആഴവും അര്‍ത്ഥവും തിരിച്ചറിഞ്ഞ് കൊള്ളുകയും തള്ളുകയും ചെയ്യുക സാധാരണമാണ്. ഭരണനേതൃത്വത്തിലിരിക്കുന്ന ഒരാളുടെ വാക്കുകള്‍ ആ സമൂഹത്തിന്റെ ആകെ കേള്‍വിയാണ്. അതുകൊണ്ട് തന്നെ അത് സത്യസന്ധമായി അവതരിപ്പിക്കാന്‍ കഴിയേണ്ടതുണ്ട്. ജിഗ് മേ ഖേസര്‍ നംഗ്യാല്‍ വാങ്ചുക് - ഇങ്ങനെയൊരു പേര് നമുക്ക് പരിചയമില്ല. ഇത് ഒരു രാജാവിന്റെ പേരാണ്. ഇന്ത്യയുടെ തൊട്ട് അയല്‍രാജ്യമായ ഭൂട്ടാന്‍ ഭരണാധികാരിയുടെ പേര്. ഒരു പക്ഷേ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജാവ് ഇദ്ദേഹമായിരിക്കും. 1980 ലാണ് ജിഗ് മേ ജനിക്കുന്നത്. 2006 ല്‍ അധികാരത്തിലെത്തുകയും ചെയ്തു. അധികാരം ഏറ്റെടുത്തുകൊണ്ട് അദ്ദേഹം രാജ്യത്തോട് ഇങ്ങനെ സംസാരിച്ചു: ' ഞാനൊരിക്കലും ഒരു രാജാവിനെപോലെ ഭരിക്കുകയില്ല, രക്ഷിതാവിനെപോലെ സംരക്ഷിക്കും, സഹോദരനെപോലെ ശ്രദ്ധിക്കും, മകനെപോലെ സേവിക്കും...' ഏതൊരു ഭരണകര്‍ത്താവില്‍ നിന്നും പ്രതീക്ഷിക്കാവുന്ന വാക്കുകള്‍ തന്നെയായിരുന്നു ജിഗ് മേയുടെ ആദ്യ പ്രസംഗത്തിലും ഉണ്ടായിരുന്നത്. എന്നാല്‍ ഭൂട്ടാന്‍ ജനതയെ ഒന്നാകെ അമ്പരിപ്പിച്ചുകൊണ്ട്, ലോക പ്രസംഗങ്ങളുടെ ചരിത്രത്തില്‍ ഇടം പിടിച്ചുകൊണ്ട്, അദ്ദേഹം ഒരു വാചകം കൂടി കൂട്ടിച്ചേര്‍ത്തു. എല്ലാ ഭരണകര്‍ത്താക്കളില്‍ നിന്നും നമ്മള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരുവാചകം. അത് ഇതായിരുന്നു. ' നിങ്ങളുടെ കുഞ്ഞിന് മാതൃകയാവുന്ന ഒരു നല്ലമനുഷ്യനായി ഞാന്‍ ജീവിക്കും...' . ലോകം എടുത്ത് സൂക്ഷിക്കുന്ന ഒരു വാചകമായി ഇത് പിന്നീട് മാറി. സ്ഥാനമാനങ്ങള്‍ ഏതുമാകട്ടെ, അവസരങ്ങളും ഏതുമാകട്ടെ, സാധ്യതകള്‍ എന്തുമാകട്ടെ, അടിസ്ഥാനപരമായി നാം നാമാവുക., നല്ലൊരു മനുഷ്യനായിരിക്കുക - ശുഭദിനം
Part 35
1800 കളുടെ അവസാന കാലം. കൈകൊണ്ട് നൂല്‍ നൂറ്റാണ് ജപ്പാനില്‍ തുണി നെയ്‌തെടുത്തിരുന്നത്. അതുകൊണ്ടു തന്നെ ഒരുപാട് സമയമെടുത്താണ് ആളുകള്‍ നൂല്‍ നൂറ്റ് തുണി നെയ്‌തെടുത്തിരുന്നത്. സാകിചി തന്റെ അമ്മയെ നോക്കിയിരിക്കുകയാണ്. നൂലുകള്‍ ചേര്‍ത്ത് തുണി നെയ്‌തെടുക്കുന്ന ജോലിയിലാണ് അമ്മ. വീട്ടുജോലികളെല്ലാം കഴിഞ്ഞാല്‍ സാകിചിയുടെ അമ്മ എപ്പോഴും ഈ ജോലിയിലായിരിക്കും. ഇതു കാണുമ്പോഴെല്ലാം ഈ ജോലി എങ്ങനെ കുറെക്കൂടി എളുപ്പത്തില്‍ ചെയ്യാം എന്ന് സാകിചി ആലോചിക്കും. ഒരിക്കല്‍ അവന്‍ ടോകിയോ നഗരം കാണാന്‍ പോയി. വലിയ ഫാക്ടറികളും യന്ത്രങ്ങളും കണ്ടുവന്ന സാകിചി നൂല്‍ നൂല്‍ക്കാന്‍ ഒരു യന്ത്രം കണ്ടുപിടിച്ചു. പക്ഷേ ഇതിന് ഒരുപാട് പിഴവുകള്‍ ഉണ്ടായിരുന്നു. സാകിചി യന്ത്രം വീണ്ടും വീണ്ടും മെച്ചപ്പെടുത്തി. കാലങ്ങള്‍ കടന്നുപോയി. അദ്ദേഹം വിവാഹിതനായി. മക്കള്‍ ഉണ്ടായി. അപ്പോഴും അദ്ദേഹം തന്റെ യന്ത്രം കുറ്റമറ്റതാക്കാന്‍ പരിശ്രമിച്ചുകൊണ്ടിരുന്നു. മക്കള്‍ വളര്‍ന്നു. അവരും അച്ഛനോടൊപ്പം കൂടി. അങ്ങനെ നീണ്ട വര്‍ഷത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ 1924 ല്‍ അവരുടെ സ്വപ്‌നം സഫലമായി. ഒരു ഓട്ടോമാറ്റിക് തറി അവര്‍ നിര്‍മ്മിച്ചു. ടൊയോട്ട ഓട്ടോമാറ്റിക് തറി എന്ന കമ്പനി രൂപം കൊണ്ടു. ജപ്പാനിലെ ടെക്‌സ്റ്റൈല്‍ മേഖലയില്‍ ഇത് വിപ്ലവം സൃഷ്ടിച്ചു. കാലം കടന്നുപോയി. ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ നിന്ന് വാഹന മേഖലയിലേക്ക് സാചികിയും മക്കളും കടന്നു. കുറ്റമറ്റ ഒരു വാഹനം നിര്‍മ്മിക്കാന്‍ അവര്‍ പരിശ്രമിച്ചുകൊണ്ടിരുന്നു. ഒരു സ്ഥലം പോലും വേസ്റ്റ് ചെയ്യാതെ, ചെലവു ചുരുക്കുന്നിടത്തെല്ലാം ചെലവ് ചുരുക്കി, ഒരു ആണിപോലും വേസ്റ്റാക്കാതെ അവര്‍ പുതിയ കാര്‍ നിര്‍മ്മിച്ചു. അങ്ങനെ 1933ല്‍ സാകിചി ടൊയോഡയുടെ മരണശേഷം മകൻ കിച്ചിറോ ടൊയോഡയുടെ നേതൃത്വത്തിൽ 'ടൊയോട്ടോ' എന്ന മോട്ടോര്‍ നിര്‍മ്മാണകമ്പിനി നിലവില്‍ വന്നു. ഗുണമേന്മയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതിരുന്ന ടൊയോട്ടയുടെ വാഹനങ്ങള്‍ വാഹനപ്രമികളുടെ അഭിമാനമായി മാറി. തങ്ങളുടെ ഉയര്‍ച്ചയ്ക്ക് കാരണം 'ഫൈവ് വൈ തിയറി ' യാണെന്ന് സാചികി പറയുമായിരുന്നു. 'വൈ' (എന്തുകൊണ്ട് ?) എന്ന ചോദ്യവുമായി അഞ്ചു തവണ ഏതു പ്രശ്‌നത്തെ സമീപിച്ചാലും അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കാം എന്നാണ് ഈ തിയറി പറയുന്നത്. തിയറികള്‍ എന്തുമാകട്ടെ, പ്രശ്‌നങ്ങള്‍ എന്തുമാകട്ടെ, തോറ്റുകൊടുക്കാതിരിക്കാനുള്ള മനസ്സ് കൈമോശം വരാത്തിടത്തോളം കാലം, നാം അവയെ അഭിമുഖീകരിക്കുക തന്നെ ചെയ്യും. - ശുഭദിനം
Part 34
ജീവിതത്തിന്റെ ആറ് പതിറ്റാണ്ടുകള്‍ പിന്നിട്ട ഒരാളോട് യാത്രാ സൗകര്യങ്ങളെക്കുറിച്ച് ഒന്ന് ചോദിച്ചുനോക്കൂ. ഗ്രാമവഴിയിലൂടെ നടന്ന്‌പോയതും പിന്നെ കാളവണ്ടിയില്‍ കുടുങ്ങിപോയതും മോട്ടോര്‍ വാഹനങ്ങള്‍ വന്നതും തുടങ്ങി ഇന്നത്തേ സൂപ്പര്‍ എക്‌സ്പ്രസ്സ് ട്രെയിനുകള്‍ വരെ എത്തി നില്‍ക്കുന്ന അനുഭവം പറയുവാനുണ്ടാകും. എന്നിട്ട് അവസാനമായി ഒന്നുകൂടി കൂട്ടിച്ചേര്‍ക്കും. നമ്മുടെ സൂപ്പര്‍ എക്‌സ്പ്രസ് ട്രെയിനിന് വേഗം പോരാ. ചൈനയിലൊക്കെ മണിക്കൂറില്‍ 300 കി മീ ആണ് വേഗത. ടച്ച് സ്‌കീനുകള്‍ക്ക് മുമ്പ് കീപാഡ് ഫോണ്‍, അതിലെ ഇന്റര്‍നെറ്റ്, പിന്നെ വട്ടം കറങ്ങി നിന്ന 2G, വട്ടംകറക്കിയ 3G, ഇപ്പോള്‍ 4G യും 5Gയും ഒക്കെ.... എന്നിട്ടും നമ്മള്‍ പറയുന്നു, ഇതിന്റെ ഡേറ്റാ സ്ലോ ആണെന്ന്. ഹൊവാര്‍ഡ്. എച്ച്. എയ്ക്കണ്‍ തന്റെ ഫിസിക്‌സ് പഠനം എളുപ്പമാക്കാന്‍ വഴിതേടി നടന്ന് ഒടുവില്‍ ഒരു കാല്‍ക്കുലേറ്റര്‍ തിയറി കണ്ടെടുത്തു. എല്ലാവരും തള്ളിക്കളഞ്ഞ ആ പദ്ധതി IBM ഏറ്റെടുത്തു പൂര്‍ത്തിയാക്കി. അതിന്റെ തുടര്‍ച്ചയായി ഹൊവാര്‍ഡ്, കമ്പ്യൂട്ടര്‍ നിര്‍മ്മാണത്തിനിറങ്ങി. 1944 - ഹൊവാര്‍ഡ് എന്ന അതി ബുദ്ധിമാന്‍ ആ കമ്പ്യൂട്ടര്‍ പുറത്തിറക്കി. ആ മഹത്തായ കമ്പ്യൂട്ടറിന് രണ്ടക്കങ്ങള്‍ കൂട്ടിയെടുത്ത് ഉത്തരം പറയാന്‍ 6 സെക്കന്റ് സമയം വേണമായിരുന്നു. ഇന്ന്, നാനോ സെക്കന്റില്‍ അനേകം സംഖ്യകളെ ചതുര്‍ക്രിയ ചെയ്‌തെടുക്കുന്ന ആധുനിക സിസ്റ്റവും 6 സെക്കന്റില്‍ 2 അക്കം കൂട്ടുന്ന ആ കമ്പ്യൂട്ടറും തമ്മില്‍ താരതമ്യം ചെയ്യാന്‍ സാധിക്കുമോ? വേഗത, പുതിയ വേഗം, പുതിയ ലക്ഷ്യം, പുതിയ അതിര് എന്നൊക്കെ നമ്മളിതിനെ 'മോട്ടിവേറ്റ്' ചെയ്യും. യാഥാര്‍ത്ഥ്യം അതാണോ... വേഗത കൂടുന്നതല്ല, നമ്മുടെ ക്ഷമാശേഷി കുറയുന്നതല്ലേ പ്രധാന പ്രശ്‌നം. 10km യാത്ര ചെയ്യാന്‍ 70km വേഗതയില്‍ പോയി 4 മിനിറ്റ് ലാഭിച്ചിട്ട് എന്ത് നേടുന്നു. (ചിലപ്പോള്‍ അപകടത്തിലേക്കു എത്തുന്നു). ഒന്നും നേടുന്നില്ല. ക്ഷമ കുറവ് മാത്രമാണ് വേഗതയെ നിയന്ത്രിക്കുന്നത്. ക്ഷമയോടെ കാത്തിരുന്ന് പ്രവര്‍ത്തിച്ച് പൂര്‍ണ്ണത കൈവരിക്കാം. അങ്ങനെ സമ്പൂര്‍ണ്ണമായ ഔട്ട്പുട്ട് എന്ന ലക്ഷ്യം നേടാം. - ശുഭദിനം
Part 33
ഗ്വാണ്ടിനാമോ, അബുഗരീസി, ആന്തമാന്‍ സെല്ലുലാര്‍... ഏതൊരു കാരണം കൊണ്ടുപോലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത പേരുകളാണിതെല്ലാം. മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ ജയിലറകള്‍. ഇത്തരം ജയിലറകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്നുമുണ്ടായിരുന്നു. അമേരിക്കയിലെ മാര്‍ട്ടിനിക് ദ്വീപിലെ സെന്റ്പിയറിയില്‍ ഒരു കരിങ്കല്‍ ജയില്‍ ഉണ്ടായിരുന്നു. ലഡ്ഗര്‍ സില്‍ബാരിസ് എന്ന പ്രതിയുടെ ഏകാന്ത തടവ് ഇവിടെയായിരുന്നു. കുഴപ്പക്കാരനായ കൊടും കുറ്റവാളി. കാറ്റുപോലും കടക്കാത്ത ഇരുട്ടറയായിരുന്നു ഈ ജയില്‍. ഒരു പ്രഭാതം, നിലവിളികള്‍ കേട്ടാണ് ലഡ്ഗര്‍ ഉറക്കമെഴുന്നേറ്റത്. ചുറ്റും ഇരുട്ട്. ഒന്നും മനസ്സിലാകുന്നില്ല. തന്റെ ശരീരം പൊള്ളുന്നത് അയാള്‍ അറിഞ്ഞു. ജയിലിനു സമീപമുള്ള പെലി അഗ്നിപര്‍വ്വതം പൊട്ടിയിരിക്കുന്നു. മുപ്പതിനായിരം പേര്‍ ആ ദുരന്തത്തില്‍ കൊല്ലപ്പെട്ടു. പക്ഷെ ഒരാള്‍ മാത്രം രക്ഷപ്പെട്ടു. കരിങ്കല്‍ തുറുങ്കിലടയ്ക്കപ്പെട്ട ലഡ്ഗര്‍. അത്ഭുതമനുഷ്യനെന്ന പേര് ലെഡ്ഗറിനു വീണു. സര്‍ക്കാര്‍ ശിക്ഷയില്‍ ഇളവ് നല്‍കി ജയില്‍ മോചിതനാക്കി. ബാര്‍ നം 4 ബെയ്‌ലി എന്ന സര്‍ക്കസ് കമ്പനി 'ആ ഭാഗ്യമനുഷ്യന് ' ജോലി നല്‍കി. നാടെങ്ങും പ്രദര്‍ശനങ്ങള്‍ ഒരുക്കി. ലഡ്ഗറിന്റെ ജീവിതം മറ്റൊന്നാകുകയായിരുന്നു. ഇന്നുകള്‍ അല്ല നാളെകള്‍, ഇന്നിന്റെ വിഷമതകള്‍ നാളെയും തുടരും എന്ന് കരുതരുത്. നല്ലതുകളുടെ ഒരു നാളെ നമ്മളെ കാത്തിരിക്കുന്നുണ്ട്. അതിനായി ഇന്നത്തെ വിഷമതകളില്‍ നിന്നും കരുത്താര്‍ജ്ജിക്കാന്‍ സ്വയം തയ്യാറാകുക. മറിച്ചാണ് ചിന്തിക്കുന്നതെങ്കില്‍ അതിനുത്തരവാദി നമ്മള്‍ തന്നെയാണ്. ഓര്‍ക്കുക ' ഈ നിമിഷവും കടന്ന് പോകും ' എന്ന് - ശുഭദിനം
Part 32
ലാന്റ്, ലേബര്‍, ക്യാപിറ്റല്‍, ഒര്‍ഗനൈസേഷന്‍. സംരംഭകത്വത്തിന്റെ അടിസ്ഥാന മന്ത്രങ്ങളാണിവ. ഒരു പുതിയ സംരംഭം ആരംഭിക്കാന്‍ ഈ നാലുഘടകങ്ങളും സാമ്പത്തിക ശാസ്ത്രമനുസരിച്ച് അനിവാര്യമാണ്. ഇതില്‍ നിന്നുകൊണ്ടുതന്നെയാണ് സംരംഭകത്വം വിജയിക്കുന്നതും പരാജയപ്പെടുന്നതും. ഇനി ഒരു സഞ്ചാരിയുടെ കഥ. തെക്കന്‍ ജര്‍മ്മനിയിലെ ഒരു കുഗ്രാമത്തില്‍ 1861 ല്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. സാങ്കേതിക വിദ്യാഭ്യാസം കുട്ടിക്ക് കൊടുക്കുക എന്നതായിരുന്നു മാതാപിതാക്കളുടേയും ആഗ്രഹം. അതുകൊണ്ടു തന്നെ പഠിപ്പില്‍ സാങ്കേതിവിദ്യാപഠനരംഗത്ത് മിടുക്കനായി ആ യുവാവ് വളര്‍ന്നു. താന്‍ ആര്‍ജ്ജിച്ച അറിവുകളെ എങ്ങനെ പ്രായോഗിക തലത്തില്‍ എത്തിക്കണമെന്നായിരുന്നു അയാളുടെ പിന്നത്തെ ചിന്ത. ഏതൊരു സംരംഭകനും ചിന്തിക്കുന്നതുപോലെ ലാന്റ്, ലേബര്‍, ക്യാപിറ്റല്‍, ഒര്‍ഗനൈസേഷന്‍ എന്ന അടിസ്ഥാന തത്വങ്ങളുടെ പരിമിതിയില്‍ നില്‍ക്കുവാന്‍ ആ യുവാവ് തയ്യാറായില്ല. ആ കാലഘട്ടത്തില്‍ ആരും ചെയ്യാത്ത മറ്റൊന്നുകൂടി അദ്ദേഹം കൂട്ടിചേര്‍ത്തു. യാത്രകള്‍. ലോകമെമ്പാടും യാത്രകള്‍ചെയ്തു. ജനങ്ങള്‍, കാലാവസ്ഥ, പ്രകൃതി, സംസ്‌കാരം, സാമ്പത്തികം, സാങ്കതിക വിദ്യ എന്തിനേറെ താന്‍ സഞ്ചരിച്ച കപ്പലിനെക്കുറിച്ചുവരെ നിരീക്ഷണം നടത്തി. മടങ്ങിവന്ന് ജര്‍മ്മനിയില്‍ വ്യവസായം ആരംഭിച്ചു. ഓരോ ദിവസവും അഭിവൃദ്ധി. പിന്നീട് വ്യവസായരംഗത്തെ അതികായനായിമാറി ആ യുവാവ്. വിജയത്തിന്റെ മന്ത്രം ഒന്നുമാത്രമായിരുന്നു. യാത്രയില്‍ നിന്ന് ആര്‍ജ്ജിച്ച മനുഷ്യത്വം. ജര്‍മ്മന്‍ വ്യവസായ രംഗത്ത് ആദ്യമായി തന്റെ തൊഴിലാളികളുടെ പ്രവര്‍ത്തനസമയം 8 മണിക്കൂറായി ചുരുക്കി ലോകത്തിനു തന്നെ മാതൃകയായി അദ്ദേഹം. ജീവനക്കാരുടെ സന്തോഷം ഉത്പാദനക്ഷമത വര്‍ദ്ധിപ്പിച്ചു. അതിനെല്ലാം കാരണമായത് ആ യുവാവ് നടത്തിയ യാത്രകളായിരുന്നു. മനുഷ്യന്റെ മനസ്സറിഞ്ഞ ആ വ്യവസായിയുടെ പേര് ഇന്ന് ലോകത്തിന്റെ മുക്കിലും മൂലയിലും ഉണ്ട്. ബോഷ് എന്ന ബ്രാന്റിന്റെ ശില്പി റോബര്‍ട്ട് ബോഷ് ! നല്ലൊരു നേതാവ് തന്നെകുറിച്ച് ചിന്തിക്കുമ്പോള്‍ തന്റെ അനുയായികളെയാണ് പരിഗണിക്കേണ്ടത്. അവരുടെ ഉയര്‍ച്ചകൊണ്ടുമാത്രമേ 'നേതാവ് ' സൃഷ്ടിക്കപ്പെടുകയുള്ളൂ. കൂടെ കൂട്ടുക മറ്റുള്ളവരേയും - ശുഭദിനം
Part 31
1983 - അരിസോണയില്‍ ആയിരുന്നു ജെസീക്ക കോക്‌സിന്റെ ജനനം. കുട്ടിക്കാലം അതവള്‍ക്ക് നൃത്തത്തിന്റെ കാലം ആയിരുന്നു. അതുകഴിഞ്ഞപ്പോള്‍ ആയോധന കലയിലായി കമ്പം. 14 വയസ്സായപ്പോള്‍ ഇന്റര്‍നാഷ്ണല്‍ തൈക്വാണ്ട ഫെഡറേഷനില്‍ നിന്ന് ബ്ലാക്ക് ബെല്‍റ്റ് നേടി. സൈക്കോളജിയില്‍ ബിരുദവും ജെസീക്ക നേടി. നേട്ടങ്ങളുടെ ആ പട്ടിക പിന്നെയും നീണ്ടു. വിമാനം പറത്തണം എന്നായായി ജെസീക്കയുടെ സ്വപ്‌നം. അതങ്ങനെ സ്വപ്‌നം മാത്രമായി നിര്‍ത്താന്‍ ഉദ്ദേശമുണ്ടായിരുന്നില്ല. ശ്രമിച്ചു, പഠിച്ചു, വിജയംകണ്ടു. അവള്‍ പറത്തിയ വിമാനം ആകാശത്തിലൂടെ വട്ടമിട്ടു. അതൊരു റെക്കോര്‍ഡ് പറക്കല്‍ ആയിരുന്നു. ചരിത്രത്തിലെ ആദ്യത്തെ പൈലറ്റ്; ജന്മനാ കൈകള്‍ ഇല്ലാത്ത, തന്റെ രണ്ടുകാലുകള്‍ മാത്രം ഉപയോഗിച്ചായിരുന്നു ആ പറക്കല്‍. അധികമായി നിലനിന്ന ഇച്ഛാശക്തി ഒന്നുമാത്രമാണ് ജെസീക്കയുടെ വിജയ രഹസ്യം. എന്നാല്‍ ഈ കഥയിലെ ഹീറോ അവളുടെ അച്ഛന്‍ ആയിരുന്നു. 'ഞാനൊരിക്കലും അവളുടെ ഇല്ലാത്ത കൈകളെക്കുറിച്ചോര്‍ത്ത് കരഞ്ഞില്ല, അവളുടെ കാലുകള്‍കൊണ്ട് എല്ലാം സാധ്യമായിരുന്നു. അതുകൊണ്ടുതന്നെ കൈകള്‍ ഇല്ലാത്ത കുട്ടി എന്ന ഒരു പരിഗണനയും അവള്‍ക്ക് നല്‍കിയില്ല.' അച്ഛന്‍ പറഞ്ഞു. സത്യത്തില്‍ അതുകൊണ്ടുതന്നെ ആ കുറവിനെക്കുറിച്ച് അവളും ചിന്തിച്ചില്ല. ഇല്ലാത്തതല്ല, ഉള്ളതാണ് നമ്മളെ നയിക്കുക. ഇല്ലാത്ത ഒന്നിന്റെ പിറകെ നടന്ന് സങ്കടപ്പെടാനുള്ളതല്ല ജീവിതം. ഉള്ളതിന്റെ മേന്മയില്‍ തിളങ്ങാൻ കഴിയട്ടെ നമുക്ക് - ശുഭദിനം
Part 30
ക്രൊയേഷ്യയില്‍ യുദ്ധം നടക്കുകയാണ്. സെര്‍ബിയന്‍ സൈന്യം ക്രൊയേഷ്യന്‍ വംശജരോട് നാട് വിട്ടുപോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. ലൂക്കായ്ക്ക് അന്ന് 6 വയസ്സാണ്. അവന്റെ അച്ഛന്‍ ഒരു മെക്കാനിക്കും, അമ്മ ഒരു തയ്യല്‍ തൊഴിലാളിയുമായിരുന്നു. മുത്തച്ഛനായിരുന്നു അവന്റെയും അനിയത്തിയുടേയും സംരക്ഷകനും കൂട്ടുകാരനും. ലൂക്കയുടെ മുത്തച്ഛന്‍ ഒരു പഴയ പട്ടാളക്കാരനായിരന്നു. അതുകൊണ്ടുതന്നെ സൈന്യത്തിന്റെ ഭീഷണിക്ക് മുന്നില്‍ വഴങ്ങാന്‍ അദ്ദേഹം തയ്യാറായില്ല. ഒരു ദിവസം കാലിമേക്കാന്‍ പോയ മുത്തച്ഛനെ ശത്രുസൈന്യം വകവരുത്തി. മാത്രമല്ല, ലൂക്കയുടെ വീടും തീയിട്ട് നശിപ്പിച്ചു. തിരിച്ചുകിട്ടിയ ജീവനുമായി അവര്‍ ആ ഗ്രാമത്തില്‍ നിന്നും പട്ടണത്തിലെ ക്യാംപിലേക്ക് കുടിയേറി. ഭക്ഷണമോ തലചായ്ക്കാന്‍ ഒരിഞ്ചുസ്ഥലമോ ഇല്ലാത്ത ഒരിടമായിരുന്നു ആ ക്യാംപ്. എത്ര സങ്കടം വന്നാലും ഫുഡ്‌ബോള്‍ കണ്ടാല്‍ കുഞ്ഞ് ലൂക്കയുടെ സങ്കടം സന്തോഷത്തിന് വഴിമാറും. മൈന്‍ കുഴിച്ചിട്ട പട്ടണത്തിന്റെ ഇടവഴികളില്‍ കുഞ്ഞ് ലൂക്ക ഫുഡ്‌ബോള്‍ ഉരുട്ടി നടന്നു. 1995 ല്‍ ക്രൊയേഷ്യ സ്വതന്ത്രമായി. കുഞ്ഞു ലൂക്കയുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളച്ചു. കുട്ടികള്‍ക്കുള്ള ഫുഡ്‌ബോള്‍ ക്ലബ്ബില്‍ അവന്‍ അംഗമായി. മുതിര്‍ന്നപ്പോള്‍ ശാരീരികക്ഷമതയില്ലെന്ന് പറഞ്ഞ് ക്രൊയേഷ്യന്‍ ക്ലബ്ബുകള്‍ ലൂക്കയെ പുറന്തള്ളി. വീണ്ടും നിരന്തര പരിശ്രമങ്ങള്‍. പല പല ക്ലബ്ബുകള്‍. അങ്ങനെ 2012 ല്‍ റയല്‍മാഡ്രില്‍ എത്തിപ്പെട്ടു. കഴിഞ്ഞ ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനലിലെത്തിച്ച് നിഷ്‌കളങ്കമായ ചിരിയോടെ നിന്ന ലൂക്കയെ ലോകം നെഞ്ചിലേറ്റി. ഇത് ലൂക്ക മോഡ്രിച്ച്. അഭയാര്‍ത്ഥിക്യാംപില്‍ നിന്ന് ലോകഫുട്‌ബോളറിലേക്ക് ഉയര്‍ന്ന വ്യക്തിത്വം. ഇച്ഛാശക്തി ഒന്ന് മാത്രം മതി അതിജീവനത്തിന്റെ പുഞ്ചിരിവിരിയിക്കാന്‍ എന്ന് ലൂക്ക മോഡ്രിച്ച് നമുക്ക് കാട്ടിതരുന്നു. അതിജീവനത്തിന്റെ നാള്‍വഴികളില്‍ പ്രതിസന്ധികളെ നേരിടാനുള്ള ഇച്ഛാശക്തി, തോല്‍വികളെ പുഞ്ചിരിയോടെ നേരിടാനുള്ള ഇച്ഛാശക്തി. വിജയത്തിലേക്ക് സധൈര്യം നടന്നുകയറാനുള്ള ഇച്ഛാശക്തി.... അത് നമ്മുടേയും കൈമുതലായി മാറട്ടെ - ശുഭദിനം
Part 29
എല്ലാം വളരെ പെട്ടെന്നായിരുന്നു. ഏറെ പരിചിതമായ ഒരു സിനിമാനര്‍മ്മഭാഷണം. അതിനുമപ്പുറം പലരുടേയും വിജയത്തിന്റെ 'റിവ്യൂ പോയിന്റുകളില്‍ ' നമ്മള്‍ ഇങ്ങനെ കേട്ടിരിക്കാം... എത്രയോ കാലമായി ശ്രമിക്കുന്നു എന്നിട്ടും ഒന്നുമായില്ല. ലോകത്തെ സാങ്കേതിക വിദ്യ നയിച്ചുകൊണ്ടിരിക്കുന്നു. ഓരോ ദിവസവും അനവധി സാങ്കേതിക പദങ്ങളിലൂടെ നമ്മളും കടന്നുപോകുന്നു. IT എന്ന വാക്ക് നമുക്ക് ഏറെ പരിചിതമാണ്. എന്നാല്‍ ഇന്ത്യയില്‍ അത്ര പരിചിതമല്ലെങ്കിലും, വികസിത രാജ്യങ്ങളില്‍ ചിരപരിചിതമായ ഒരു പ്രയോഗമാണ് IoT (ഐ.ഒ.ടി) 'ഇന്റര്‍ നെറ്റ് ഓഫ് തിങ്ങ്‌സ് ' എന്നാണ് പൂര്‍ണ്ണരൂപം. ഇന്റര്‍നെറ്റിന്റെ സാധ്യതകളാണ് ഇതിന്റെ ആശയം. ഇന്റര്‍നെറ്റ് നിത്യജീവിതത്തില്‍ എല്ലാ മേഖലയിലും എങ്ങനെയൊക്കെ പ്രയോഗിക്കാം എന്നതാണ് IoT. പ്രോക്ടര്‍ ആന്റ് ഗാംബിള്‍സ് കമ്പനിയുടെ ബ്രാന്റ് മാനേജര്‍ ആയിരുന്നു കെവിന്‍ ആഷ്ടണ്‍. കമ്പനി ഉള്‍പ്പന്നങ്ങളെ 'ട്രാക്ക് ' ചെയ്യുവാന്‍ ഒരു പ്രോഗ്രാം അദ്ദേഹം ചിന്തിച്ചെടുത്തു. കോര്‍പ്പറേറ്റ് മീറ്റിങ്ങില്‍ തന്റെ ആശയം ഒരു പ്രസ്‌ന്റേഷന്‍ ആയി അദ്ദേഹം അവതരിപ്പിച്ചു. (ആശയം എല്ലാവര്‍ക്കും ഇഷ്ടമായി. ഇന്ത്യക്കാരനായ സഞ്ജയ് ശര്‍മ്മയ്‌ക്കൊപ്പം ചേര്‍ന്ന് അദ്ദേഹം പിന്നീടത് നടപ്പിലാക്കി.) ആ പ്രസന്റേഷന് ആഷ്ടണ്‍ ഒരു പേര് നല്‍കി. 'ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ് '. വെറുതെ ഒരു PPT യ്ക്ക് നല്‍കിയ പേര്. പക്ഷെ ഇന്നത് ആധുനിക വിവരസാങ്കേതിക രംഗത്ത് ഒരു സാങ്കേതികവിദ്യയുടെ തന്നെ പേരായി അത് മാറി. ലോകം ആ പേരിലാണ് ആ ആശയത്തെ വിനിമയം ചെയ്യുന്നത്. നിസ്സാരം എന്ന് നാം കരുതുന്നത് ചിലപ്പൊഴൊക്കെ നമ്മളറിയാതെ തന്നെ ഗൗരവമുള്ളതായി മാറുന്നു. മികച്ച ഒരു ആശയത്തിനായ് കാത്തിരുന്ന് കാലം കഴിക്കാതിരിക്കൂ, ചിലപ്പോള്‍ കയ്യിലുളള ആശയത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളതായി മാറാം - ശുഭദിനം
Part 28
പാറ്റി സ്മിത്ത് ഹില്‍, ഒരു കിന്റര്‍ ഗാര്‍ട്ടന്‍ സ്‌കൂളിന്റെ പ്രിന്‍സിപ്പാള്‍ ആയിരുന്നു. അതേ സ്‌ക്കൂളിലെ സംഗീതാദ്ധ്യാപികയായിരുന്നു മില്‍ഡ്രഡ് ജെ ഹില്‍. ഇരുവരും സഹോദരിമാര്‍. പക്ഷേ, ഇങ്ങനെ ഒരു പരിചയപ്പെടുത്തലിലൂടെ ലോകം ഇവരെ അറിയണം എന്നില്ല. അമേരിക്കയിലെ 'കെന്റക്കി ' പട്ടണത്തിലെ ഒരു സാധാരണ ടീച്ചര്‍മാര്‍ അത്രമാത്രം. എന്നാല്‍ ലോകം മുഴുവന്‍ പാടുന്ന ഒരു പാട്ടിന് സംഗീതം ഒരുക്കിയത് ഇവരാണ്. 'ഗുഡ് മോണിങ്ങ് ടു ആള്‍ ' എന്ന നേഴ്‌സറി ഗാനം ഇവരുടെ കുട്ടികള്‍ക്ക് വേണ്ടിയാണ് ഒരുക്കിയത്. എന്നാല്‍ പിന്നീട് ഇതേ ഈണത്തില്‍ അവരില്‍ നിന്നും മറ്റൊരു ഗാനം പിറന്നു. 'ഹാപ്പി ബര്‍ത്ത് ഡേ ടു യു' . 1893 ല്‍ ആയിരുന്നു ഈ ഗാനത്തിന്റെ പിറവി. ഇംഗ്ലീഷില്‍ ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെട്ട ഗാനം, ഗിന്നസ് ബുക്കില്‍ ഇടം നേടിയ ഗാനം. അനവധി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഗാനം. 80 വര്‍ഷത്തോളം പകര്‍പ്പവകാശത്തെ തുടര്‍ന്ന് കോടതി നടപടികള്‍ക്ക് വിധേയമായ ഗാനം. പകര്‍പ്പവകാശനിയമ പ്രകാരം ലക്ഷക്കണക്കിന് ഡോളര്‍ വരുമാനം നേടിയിരുന്നു ഈ പാട്ടിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയ കമ്പനി. എന്നാല്‍ ഈ പാട്ട് പിറവി കൊണ്ട അന്നുമുതല്‍ ഹില്‍ സഹോദരിമാര്‍ മരിക്കുവോളം ഒരു നയാ പൈസ പോലും അവര്‍ക്ക് ലഭിക്കുകയുണ്ടായില്ല !! പണം ഒരാവശ്യഘടകം തന്നെയാണ്. എന്നാല്‍ ചിലപ്പോള്‍ പണത്തേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന ചിലതെല്ലാം സംഭവിക്കുന്നുണ്ട്. ഓരോ തവണയും 'ഹാപ്പി ബര്‍ത്തഡേ' പാടുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന സന്തോഷവും, ആഘോഷവും, കരുതലും ഏത് യൂണിറ്റ് വെച്ച് അളന്ന് നോക്കും. അപ്പോഴും കാലാതീതമായി ഹില്‍ സോഹാദരിമാരുടെ സൃഷ്ടി കൂടുതല്‍ തിളങ്ങിക്കൊണ്ടിരിക്കും. ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്, പ്രതിഫലം എപ്പോഴും പണം മാത്രമായിരിക്കില്ലെന്നും, പണത്തിനേക്കാള്‍ മൂല്യവത്തായ പലതും പ്രതിഫലമായി നല്‍കാമെന്നും നേടാമെന്നുമുള്ള ഓര്‍മ്മപ്പെടുത്തല്‍ - ശുഭദിനം

