Day 181

അതൊരു ഉള്‍ഗ്രാമമായിരുന്നു.  യാതൊരു പുരോഗമനവും കടന്നുചെല്ലാത്തയിടം.  ഒരു ദിവസം താമസസ്ഥലത്തേക്ക് പോകുന്നതിനിടെ ഒരാള്‍ ഒരു വസ്തു വഴിയില്‍ കിടക്കുന്നതു കണ്ടു. എടുത്തുനോക്കിയപ്പോള്‍ അയാള്‍ അത്ഭുതപ്പെട്ടു.  തന്റെ മരിച്ചുപോയ അച്ഛന്റെ മുഖം അതില്‍ കാണാമായിരുന്നു.  വീട്ടില്‍ കൊണ്ടുപോയി അയാള്‍ ആ വസ്തുവിനെ രഹസ്യമാക്കിവെച്ചു.  ഇടയ്ക്കിടെ അതില്‍ നോക്കി അച്ഛനോട് സംസാരിക്കാനും തുടങ്ങി. ഇതയാളുടെ ഭാര്യയുടെ ശ്രദ്ധയില്‍ പെട്ടു. അയാള്‍ ഇല്ലാത്ത സമയത്ത് അവര്‍ ആ വസ്തു നോക്കിയപ്പോള്‍ ഒരു സുന്ദരിയായ സ്ത്രീയുടെ മുഖം കണ്ടു.  പരിഭവിച്ചും കരഞ്ഞും അവര്‍ അത് തന്റെ അമ്മായി അമ്മയുടെ അടുത്തെത്തിച്ചു. മരുമകളെ സമാധാനിപ്പിച്ച് അവര്‍ അതില്‍ നോക്കിയപ്പോള്‍ അതിലൊരു പടുകിളവിയുടെ മുഖമായിരുന്നു കണ്ടത്.  ഇത്രയൊക്കെയായിട്ടും തങ്ങള്‍ നോക്കുന്നത് ഒരു കണ്ണാടിയിലാണെന്ന് അവര്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചില്ല!  കണ്ണിന് കാഴ്ചമാത്രമേയുളളൂ.  കാഴ്ചപ്പാടോ നിരൂപണമോ ഇല്ല.  എല്ലാം കണ്ട് തിരിച്ചറിഞ്ഞുപോകുന്നു എന്നല്ലാതെ, നിരീക്ഷണമോ ദര്‍ശനമോ കണ്ണിന്റെ ഉത്തരവാദിത്വമല്ല.  കണ്‍മുന്നില്‍ പ്രത്യക്ഷപ്പെടുന്നതെന്തും കാണുക എന്നത് മാത്രമാണ് കണ്ണിന്റെ ഉത്തരവാദിത്വം.  സത്യത്തില്‍ കണ്ണിനേക്കാള്‍ പ്രാധാന്യം അകക്കണ്ണാണ്.  കാഴ്ചയേക്കാള്‍ പ്രധാനം ഉള്‍ക്കാഴ്ചയാണ്.  കണ്ണുകൊണ്ട് കണ്ടതെല്ലാം ശരിയാവണമെന്നില്ല. അതുപോലെ കാണാത്തതെല്ലാം തെറ്റാണെന്നും പറയാനാകില്ല.  എല്ലാ കാഴ്ചകള്‍ക്കും മുന്‍പും പിന്‍പും ചില കാഴ്ചകളുണ്ട്.  കണ്ടകാര്യങ്ങളെ വിലയിരുത്തി കാണാത്തകാര്യങ്ങളെക്കുറിച്ച് നിഗമനത്തിലെത്തുന്നതാണ് തിരുത്തപ്പെടേണ്ട വസ്തുത.  കാഴ്ചമാത്രമല്ല, ഉള്‍കാഴ്ചകൂടി നമുക്ക് നേടാനാകട്ടെ - ശുഭദിനം.

Day 180

അയാള്‍ തന്റെ ഗുരുവിനോട് ഇങ്ങനെ പറഞ്ഞു:  ഗുരോ, ഞാനിനി പഠിക്കുന്നില്ല,  എല്ലാവരും എന്നെ മണ്ടനെന്നു വിളിച്ചു കളിയാക്കുന്നു.  ഇത് കേട്ട് ഗുരു ഒന്നും മിണ്ടാതെ അടുത്തിരുന്ന വിളക്ക് ഊതിക്കെടുത്തി.  എന്നിട്ട് തൊട്ടടുത്ത തീകുണ്ഠം ഊതി കത്തിച്ചു. എന്നിട്ട് ശിഷ്യന്റെ മുഖത്തേക്ക് നോക്കി.  തന്നോട് ഗുരു എന്താണ് പറഞ്ഞതെന്ന് ശിഷ്യന് മനസ്സിലായി.  ഒരു വിളക്കിലെ തീ കെടുത്താന്‍ ഊതിയാല്‍ മതി.  അതുപോലെ തന്നെ ഒരു തീകുണ്ഠം തെളിയിക്കാനും ഊതിയാല്‍ മതി.  മറ്റുള്ളവരുടെ വാക്ക് കേട്ട് തളര്‍ന്നുപോകാന്‍ തയ്യാറായാല്‍ ഒരിക്കലും നിവര്‍ന്നുനില്‍ക്കാന്‍ നമുക്ക് സാധിക്കുകയില്ല.  തങ്ങളിലുള്ള വിശ്വാസം നശിക്കുമ്പോഴാണ് ഒരാള്‍ മറ്റൊരാളുടെ വാക്കില്‍ തളര്‍ന്നുപോകുന്നത്.  ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ നമുക്ക് നമ്മളിലുള്ള വിശ്വാസം കെട്ടുപോവുകയല്ല വേണ്ടത്, ആ വിശ്വാസത്തെ ആളികത്തിക്കുകയാണ് വേണ്ടത്.  മനസ്സിനെ ഒരു തീകുണ്ഠം പോലെ തെളിച്ചമുള്ളതാക്കാന്‍ നമുക്കും സാധിക്കട്ടെ - ശുഭദിനം.

Day 179

അന്ന് രാജാവും രാജ്ഞിയും നാടുകാണാന്‍ ഇറങ്ങി.  യാത്രകഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് രാജ്ഞിയുടെ കയ്യിലെ സ്വര്‍ണ്ണവള കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്.  ഒരു വയോധികനാണ് ആ വള കളഞ്ഞുകിട്ടിയത്.  മുപ്പതു ദിവസത്തിനുള്ളില്‍ കളഞ്ഞു കിട്ടിയ വള ഏല്‍പ്പിക്കുന്നവര്‍ക്ക് സമ്മാനം നല്‍കുമെന്നും അതു കഴിഞ്ഞ് ആരുടെയെങ്കിലും കയ്യില്‍ ആ വള കണ്ടാല്‍ അയാളുടെ തലകൊയ്യുമെന്നും കൊട്ടാരത്തില്‍ നിന്നും ഒരറിയിപ്പുണ്ടായി.  മുപ്പത്തിയൊന്നാം ദിവസം അയാള്‍ ആ വള കൊട്ടാരത്തിലേല്‍പ്പിച്ചു. രാജ്ഞി ചോദിച്ചു:  എന്നാണ് ഇതു കിട്ടിയത്.  അയാള്‍ പറഞ്ഞു:  ആദ്യ ദിനം തന്നെ.  പിന്നെന്താണ് ഇത്രയും താമസിച്ചത്?  ഞാന്‍ നേരത്തേ തന്നാല്‍ അതു താങ്കളുടെ സമ്മാനത്തിനുവേണ്ടിയോ താങ്കളെ ഭയന്നിട്ടോ ആണെന്നുവരും.  എന്റേതല്ലാത്ത ഒന്നും ഞാന്‍ സ്വന്തമാക്കാറില്ല എന്നതുകൊണ്ടാണ് ഞാന്‍ ഇത് തിരിച്ചേല്‍പ്പിക്കുന്നത്!   എന്തു ചെയ്യുന്നു എന്നതിനേക്കാള്‍ പ്രധാനമാണ് എന്തുകൊണ്ട് ചെയ്യുന്നു എന്നത്.  സ്വന്തമായ വിശ്വാസപ്രമാണങ്ങളില്ലാതെ ചെയ്യുന്ന ഒരു കര്‍മ്മത്തിനും സ്ഥിരതയോ നൈതികതയോ ഉണ്ടാകില്ല.  സ്വന്തമായി കാഴ്ചപ്പാടുകളുള്ളവരെ പ്രലോഭനങ്ങളില്‍ വീഴ്ത്താനോ ഭയപ്പെടുത്താനോ സാധിക്കുകയില്ല.  ഇരുളോ വെളിച്ചമോ അവരുടെ പ്രവര്‍ത്തനശൈലിയെ ബാധിക്കുന്നില്ല.  അവര്‍ രഹസ്യമായും പരസ്യമായും ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് ഒരേ നിലവാരമായിരിക്കും.  ഒരു കാര്യലാഭവുമില്ലാതെ ഒരാള്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ ആകെത്തുകയാണ് അയാളുടെ സ്വഭാവം.  അവരാണ് പ്രലോഭനങ്ങളില്‍ വീഴാത്തവര്‍... അവരെയാണ് നമുക്ക് കണ്ണടച്ചു വിശ്വസിക്കാനാവുക - ശുഭദിനം.

Day 178

ആ പറമ്പില്‍ ഒരു കഴുതയെ കെട്ടിയിട്ടിരുന്നു. വികൃതിയായ ഒരു ബാലന്‍ ആ കഴുതയെ അഴിച്ചുവിട്ടു. കഴുത സമീപത്തെ കൃഷിയിടത്തില്‍ കയറി വിളവുമുഴുവന്‍ നശിപ്പിച്ചു. ഓടിയെത്തിയ കൃഷിക്കാരന്റെ ഭാര്യ കഴുതയെ ഓടിക്കാനായി അതിനെ തലങ്ങും വിലങ്ങും അടിച്ചു. അടികൊണ്ട് കഴുത ചത്തു. ഇതുകണ്ടുവന്ന കഴുതയുടെ ഉടമ ആ സ്ത്രീയെ അടിച്ചു. അവര്‍ ബോധരഹിതയായി വീണു. ഇതുകണ്ട കൃഷിക്കാരന്‍ അരിവാളുകൊണ്ട് കഴുതയുടെ ഉടമയെ വെട്ടി. തുടര്‍ന്ന് അയാളുടെ മക്കള്‍ കൃഷിക്കാരന്റെ വീടിന് തീയിട്ടു. സംഭവങ്ങള്‍ ഇങ്ങനെ കുറെ നീണ്ടുപോയെങ്കിലും കുറെ കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ ശാന്തമായി. അപ്പോള്‍ കര്‍ഷകന്‍ ആ ബാലനോട് ചോദിച്ചു: നീയെന്തിനാണ് ആ കഴുതയെ അഴിച്ചുവിട്ടത്. അതല്ലേ ഈ പ്രശ്‌നമെല്ലാം ഉണ്ടായത്. അപ്പോള്‍ അവന്‍ പറഞ്ഞു: കഴുതയുടെ കെട്ടഴിഞ്ഞുപോയതല്ല, നിങ്ങളുടെ ഉള്ളിലെ പകയും വിദ്വേഷവും കെട്ടഴിഞ്ഞതാണ് ഈ ദുരന്തങ്ങളുടെ കാരണം. ഒരാള്‍ എന്തിന് പ്രകോപിതനാകുന്നു എന്നു കണ്ടെത്തിയാല്‍ അയാളുടെ ദൗര്‍ബല്യം എന്തെന്ന് മനസ്സിലാകും. ആര്‍ക്കും ആരേയും പുറമെനിന്നു പ്രകോപിപ്പിക്കാനാകില്ല. നിന്റെ വാക്കാണ് എന്നെ ദേഷ്യപ്പെടുത്തിയത്, നിന്റെ നോട്ടമാണ് എല്ലാത്തിനും കാരണം എന്നൊക്കെ സ്വയം രക്ഷപ്പെടുന്നതിന് ഉള്ള മുഖംമൂടികള്‍ മാത്രമാണ്. സംഭവിക്കുന്ന നന്മകളുടെയെല്ലാം ഉടമസ്ഥാവകാശം കൈക്കലാക്കുകയും വന്നുപോകുന്ന തെറ്റുകളെല്ലാം അപരന്റെ തലയില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നതു സ്വയം നിഷ്‌കളങ്കനായി ചിത്രീകരിക്കാനുള്ള കപടതന്ത്രമാണ്. അനുകൂല വര്‍ത്തമാനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ക്കും നടുവില്‍ ദിവ്യനായി ജീവിക്കാന്‍ ആര്‍ക്കും കഴിയും. മറിച്ച് പ്രതികൂലിക്കുകയും അവഹേളിക്കുകയും ചെയ്യുന്നവര്‍ക്ക് മുന്നില്‍ ആത്മനിയന്ത്രണം നഷ്ടപ്പെടാതെ നിലനില്‍ക്കാന്‍ സാധിക്കുന്നതിലാണ് സ്വഭാവവൈശഷ്ട്യം വെളിപ്പെടുന്നത്. നമുക്കും പ്രതികൂല സാഹചര്യങ്ങളില്‍ ആത്മനിയന്ത്രണത്തോടെ പ്രതികരിക്കാന്‍ ശീലിക്കാം - ശുഭദിനം.

Day 177

ഒരിക്കല്‍ ഗുരു ശിഷ്യന് ഒരു പാത്രം കൊടുത്തിട്ട് പറഞ്ഞു:  ഈ പാത്രം വെള്ളത്തിലിടണം പക്ഷേ, ചെരിഞ്ഞു പോകരുത്.  ഗുരുവിന്റെ ശിഷ്യരില്‍ ഏറ്റവും ബുദ്ധിമാനും മിടുക്കനും താനാണ് എന്നൊരു അഹങ്കാരം അവനുണ്ടായിരുന്നു.  അയാള്‍ പാത്രം വെള്ളത്തിലിട്ടു. പക്ഷേ, പാത്രം ചെരിഞ്ഞു.  ആ പാത്രത്തിന്റെ മൂടിക്ക് പാത്രത്തിനേക്കാള്‍ ഭാരം ഉണ്ടായിരുന്നു. ആ പാത്രത്തില്‍ കുറച്ച് കല്ലുകള്‍ പെറുക്കിയിടാന്‍ ഗുരു ആവശ്യപ്പെട്ടു.  അയാള്‍ ആ പാത്രം എടുത്ത് കുറച്ച് കല്ലുകള്‍ പെറുക്കി അതിലിട്ടു.  അതോടെ പാത്രത്തിനകത്ത് അടപ്പിനേക്കാള്‍ ഭാരമായി. പിന്നീട് വെള്ളത്തിലിട്ടപ്പോള്‍ പാത്രം ചെരിയാതെ തന്നെ നിന്നു.  അപ്പോള്‍ ഗുരു പറഞ്ഞു: തലയ്ക്ക് മാത്രം കനമുളള അഹങ്കാരികള്‍ ഈ പാത്രം പോലെ ചെരിഞ്ഞു വീഴും.  ഗുരു എന്താണ് വ്യക്തിമാക്കിയത് എന്ന് ശിഷ്യന് മനസ്സിലായി.  അതിനുശേഷം അഹങ്കാരമില്ലാത്ത നല്ലൊരു ശിഷ്യനായി അയാള്‍ മാറി. ഈ ഗുരു പഠിപ്പിച്ച പാഠം നമുക്കും പ്രാവര്‍ത്തികമാക്കാം.. തലക്കനമില്ലാത്തവരായി ജീവിക്കാം - ശുഭദിനം.

Day 176

ചെന്നൈയില്‍ നിന്ന് 15000 കിലോമീറ്റര്‍ അകലെയുള്ള യു എസ്സിലെ മയാമിയില്‍ എഫ്ടിഎക്‌സ് ക്രിപ്‌റ്റോകപ്പിന്റെ അവസാന റൗണ്ടില്‍ ലോക ചെസ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സനോട് പോരാടുകയാണ് അവന്‍.   ചെന്നൈയില്‍ നിന്നും അവന്റെ സഹോദരി അവനൊരു സന്ദേശം അയച്ചിരുന്നു.  ' കാള്‍സനെ തോല്‍പിക്കണം' വല്ലാത്തൊരു മൂര്‍ച്ഛയുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്... ഏഴാം റൗണ്ടില്‍ ആദ്യ 2 കളികള്‍ സമനിലയിലായെങ്കിലും പിന്നീട് നടന്ന 2 അതിവേഗ കളികളിലും കാള്‍സനെ കടത്തിവെട്ടി ഒരു അതിവേഗ ഹാട്രിക് വിജയവും മാച്ച് പോയിന്റും അവന്‍ നേടി.  ലോക ചെസ് ചാമ്പ്യന്‍ തുടര്‍ച്ചയായ മൂന്നു കളികളില്‍ ഒരേ എതിരാളിയോട് പരാജയപ്പെട്ട ഒരു ചരിത്ര സംഭവവും കൂടിയായിരുന്നു അത്.  ലോകത്തില്‍ ആദ്യമായിട്ടായിരിക്കും ഒരാള്‍ ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കുന്നത്.  ഇത് രമേഷ് ബാബു പ്രഗ്‌നാനന്ദ  ചെന്നൈയില്‍ 2005 ലാണ് പ്രഗ്‌നാനന്ദ ജനിച്ചത്.  ചെന്നൈ സ്വേദശികളായ നാഗലക്ഷമിയുടേയും രമേഷ് ബാബുവിന്റെയും മകന്‍.   ചേച്ചി വൈശാലിയുടെ ചെസ്സ് ബോര്‍ഡിലെ കരുക്കളായിരുന്നു കുഞ്ഞുനാളിലേ അവന്റെ കൂട്ടുകാര്‍...  2013 ല്‍ നടന്ന വേള്‍ഡ് യൂത്ത് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ 8 വയസ്സിന് താഴെയുള്ള വിഭാഗത്തില്‍ നടന്ന മത്സരത്തില്‍ വിജയിച്ചുകൊണ്ടാണ് അവന്‍ തന്റെ ജൈത്രയാത്ര ആരംഭിക്കുന്നത്.  പിന്നീട് 2016 ല്‍ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര ചെസ്സ് ചാമ്പ്യന്‍ എന്ന നേട്ടം അവനെ തേടിയെത്തി.  അന്ന് 10 വയസ്സായിരുന്നു അവന്റെ പ്രായം.  രണ്ട് വര്‍ഷത്തിന് ശേഷം 12-ാം വയസ്സില്‍ റഷ്യന്‍ താരമായ സെര്‍ജേയ് കര്‍ജ്കിന്നിന് ശേഷം ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്റ്മാസ്റ്റര്‍ ആയി. ലോകത്തെ അസാമാന്യ കഴിവുകളുള്ള കുട്ടികള്‍ക്ക് നല്‍കുന്ന ഗ്ലോബല്‍ ചൈല്‍ഡ് പ്രൊഡിഗി പുരസ്‌കാരമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനാണ്  ഈ 17കാരന്‍.  ഇത് ഭാഗ്യമോ സൂത്രമോ അല്ല, പ്രതിഭ തന്നെയാണ്.  സ്വന്തം കഴിവിലുളള ആത്മവിശ്വാസം ആണ്.  അതെ, സ്വപ്നങ്ങള്‍ ഉറക്കത്തില്‍ മാത്രം കാണാനുള്ളതല്ല, ഒരു ജയവും അസാധ്യമല്ല... - ശുഭദിനം.

Day 175

യുദ്ധരംഗത്തു വച്ച് ക്ഷിപ്രകോപിയായ രാജാവിന്റെ ഒരു കണ്ണിന് പരിക്ക് പറ്റി. മുറിവേറ്റ കണ്ണ് വികൃതമാണെങ്കിലും കാലക്രമേണ അദ്ദേഹം അതിനോട് പൊരുത്തപ്പെട്ടു. വികൃതമായ കണ്ണിന്റെ കാര്യം രാജാവ് മറന്നു. ഒരിക്കല്‍ അദ്ദേഹം തന്റെ കൊട്ടാരത്തില്‍ കൂടി നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ പൂര്‍വ്വികരായ രാജാക്കന്മാരുടെ മനോഹരമായ ചിത്രങ്ങള്‍ ചുവരില്‍ ഇരിക്കുന്നത് കണ്ടു. അപ്പോള്‍ അദ്ദേഹത്തിനും തന്റെ മനോഹരമായ ഒരു ചിത്രം വരയ്ക്കണമെന്നു ആഗ്രഹം തോന്നി. അങ്ങനെ തന്റെ ഒരു മനോഹര ചിത്രം വരയ്ക്കാന്‍ അദ്ദേഹം ഉത്തരവിട്ടു. അങ്ങനെ ധാരാളം ചിത്രകാരന്‍മാര്‍ കൊട്ടാരത്തില്‍ എത്തി. പക്ഷെ വികൃതമായ ഒരു കണ്ണ് കൂടി വരക്കുമ്പോള്‍ അതിനു ഒട്ടും ഭംഗി ഉണ്ടാകില്ലെന്ന് ചിത്രകാരമാര്‍ക്കു മനസ്സിലായി. അങ്ങനെ അവര്‍ എല്ലാവരും പിന്മാറി. ഇത് രാജാവിനെ വളരെ അധികം ദുഃഖിപ്പിച്ചു. അപ്പോള്‍ ഒരു ചിത്രകാരന്‍ മുന്നോട്ട് വന്നു. അയാള്‍ രാജാവിന്റെ ചിത്രം വരക്കാമെന്ന് ഏറ്റു. പക്ഷെ മറ്റു ചിത്രകാരന്മാര്‍ അയാളോട് പറഞ്ഞു,' വികൃതമായ ഒരു കണ്ണ് ഉള്ള രാജാവിന്റെ ചിത്രം വരച്ചാല്‍ ആ ചിത്രം കാണാന്‍ വളരെ മോശമായിരിക്കും. അങ്ങിനെ രാജാവിന്റെ അതൃപ്തിക്കു നീ ഇരയാകും'. പക്ഷെ ആ ചിത്രകാരന്‍ അതില്‍നിന്നു പിന്മാറാന്‍ തയാറായില്ല. അദ്ദേഹം ചിത്രം വരയ്ക്കാന്‍ തന്നെ തീരുമാനിച്ചു. അങ്ങനെ അദ്ദേഹം രാജാവിന്റെ ചിത്രം വരയ്ക്കാന്‍ ആരംഭിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ താന്‍ വരച്ച ചിത്രം പൂര്‍ത്തിയായെന്നും രാജാവിനെ അറിയിച്ചു. ചിത്രം കാണാന്‍ രാജാവും കൂട്ടരും മറ്റു ചിത്രകാരന്മാരും വന്നു. ചിത്രകാരന്‍ താന്‍ വരച്ച രാജാവിന്റെ ചിത്രം അവരുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ചിത്രം കണ്ട എല്ലാവരും അതിശയിച്ചു. രാജാവ് യുദ്ധഭൂമിയില്‍ ശത്രുവിന് നേരെ ഒരു കണ്ണ് അടച്ചു പിടിച്ചു കൊണ്ട് അമ്പും വില്ലും ഉപയോഗിച്ച് ഉന്നം പിടിക്കുന്ന ചിത്രമായിരുന്നു ചിത്രകാരന്‍ വരച്ചത്. വൈകൃതം ഉള്ള ആ കണ്ണ് അടച്ചു കൊണ്ട് ഒരു കണ്ണ് കൊണ്ട് ഉന്നം പിടിക്കുന്ന രാജാവിന്റെ അതി മനോഹരമായ ചിത്രം.  നമ്മുടെ ജീവിതത്തിലും ഇങ്ങനെ തന്നെയാണ്. എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരമുണ്ട്. പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. ജീവിതത്തില്‍ പ്രശ്നങ്ങളും പ്രതിസന്ധികളും വരുമ്പോള്‍ പ്രശ്നങ്ങളിലേക്ക് നോക്കി ദുഃഖിച്ചിരിക്കാതെ അത് എങ്ങനെ പരിഹരിക്കാമെന്ന് നമുക്ക് ചിന്തിക്കാന്‍ സാധിക്കട്ടെ - ശുഭദിനം.

Day 174

ഒരു ദിവസം അയാള്‍ തന്റെ വഞ്ചിയില്‍ മീന്‍ പിടിക്കാന്‍ പോയി.  കുറച്ച് നേരം കാത്തിരുന്നപ്പോള്‍ ചൂണ്ടയില്‍ എന്തോ ഒന്ന് കൊളുത്തി.  അയാള്‍ ചൂണ്ടവലിച്ചുനോക്കിയപ്പോള്‍ വെള്ളിയും സ്വര്‍ണ്ണവും ഇടകലര്‍ന്ന ചിറകുകളുള്ള അതിമനോഹരമായ ഒരു മത്സ്യം. അയാള്‍ അതിനെ വഞ്ചിയില്‍ എടുത്തിട്ടു.  ആ മത്സ്യം ജീവനുവേണ്ടി പിടയ്ക്കാന്‍ തുടങ്ങി. പെട്ടെന്ന് അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അത് പറഞ്ഞു:  എന്നെ നദിയിലേക്ക് പോകാന്‍ അനുവദിക്കൂ.  എന്നെ പോകാന്‍ അനുവദിച്ചാല്‍ ഞാന്‍ നിനക്ക് മൂന്ന് വരങ്ങള്‍ നല്‍കാം.  നിനക്ക് എന്ത് വരം വേണമെങ്കിലും ചോദിക്കാം.  എന്നെ ഇപ്പോള്‍ വെള്ളത്തിലേക്ക് ഇടൂ.  അയാള്‍ കുറച്ചധികം സമയം ആലോചിച്ചു.  ആ മത്സ്യമാകട്ടെ ജീവനുവേണ്ടി പിടഞ്ഞ് തളര്‍ന്നുകൊണ്ടേയിരുന്നു.  അയാള്‍ പറഞ്ഞു:  ശരി അഞ്ച് വരങ്ങള്‍ തന്നാല്‍ ഞാന്‍ നിന്നെ തിരിച്ച് വെള്ളത്തിലേക്ക് ഇടാം.  മത്സ്യം പറഞ്ഞു:  എനിക്ക് അതിന് സാധിക്കില്ല. മൂന്ന് വരം ഞാന്‍ തരാം.  അപ്പോള്‍ അയാള്‍ വീണ്ടും പറഞ്ഞു:  ശരി എന്നാല്‍ നാലരയായാലോ... അതീവദുര്‍ബലയായ മത്സ്യം പറഞ്ഞു:  ഇല്ല മൂന്ന് മാത്രം.  അപ്പോള്‍ അയാള്‍ പറഞ്ഞു:  ശരി നമുക്ക് ഈ ഇടപാട് ഉറപ്പിക്കാം.. നാല്.    പക്ഷേ, ആ മത്സ്യം പിന്നീട് അതിന് മറുപടിയൊന്നും പറഞ്ഞില്ല ജീവിതവും ഇതുപോലെയാണ്.  വളരെ ഹ്രസ്വമാണ്,.  അതില്‍ ഇടപാടുകള്‍ നടത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നാല്‍ എന്താണ് സംഭവിക്കുന്നത് എന്നറിയുന്നതിന് മുമ്പു തന്നെ അതങ്ങ് അവസാനിച്ചുപോകും. മറ്റുള്ളവരുമായുള്ള നമ്മുടെ ഇടപാടുകളും ഹ്രസ്വവും നന്മനിറഞ്ഞതുമാകട്ടെ - ശുഭദിനം.

Day 173

തന്റെ ശിഷ്യര്‍ താന്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ എല്ലാം കൃത്യമായി അനുസരിക്കണമെന്ന് ഗുരുവിന് നിര്‍ബന്ധമാണ്.  ഒരിക്കല്‍ ഗുരു പറഞ്ഞു:  ഇതുവരെ പഠിപ്പിച്ചതെല്ലാം ഹൃദിസ്ഥമാക്കി ചൊല്ലിക്കേള്‍പ്പിക്കുന്നവര്‍ക്ക് മാത്രമേ നാളെ പ്രഭാതഭക്ഷണം ഉണ്ടാകൂ.  ശിഷ്യന്‍മാരില്‍ മിടുക്കരെല്ലാം കല്‍പനപാലിച്ച് ഭക്ഷണം കഴിച്ചു.  ഒരു ശിഷ്യന്‍ വിശപ്പു സഹിക്കാനാകാതെ ഭക്ഷണം ചോദിച്ചെങ്കിലും ഗുരു നിഷേധിച്ചു.  അപ്പോള്‍ ശിഷ്യന്‍ ചോദിച്ചു: ഈ മുറ്റത്ത്കൂടി ഓടുന്ന പട്ടിക്കും പൂച്ചക്കും കോഴിക്കും വരെ അങ്ങ് ഭക്ഷണം കൊടുക്കുന്നുണ്ടല്ലോ.. ആ പരിഗണനയെങ്കിലും എനിക്ക് നല്‍കിക്കൂടെ.  ഗുരു അപ്പോള്‍ തന്നെ അവന് ഭക്ഷണം വിളമ്പി.   അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മുകളില്‍ നക്ഷത്ര ചിഹ്നമിട്ട് നിബന്ധനകള്‍ക്ക് വിധേയം എന്ന ബോര്‍ഡ് സ്ഥാപിക്കരുത്.  ആര്‍ക്കാണ് വിശപ്പില്ലാത്തത്.  അത് ധനികനും ദരിദ്രനും ഒരുപോലെയാണ്.  ആര്‍ക്കാണ് വസ്ത്രം ആവിശ്യമില്ലാത്തത്. അത് നാടോടിക്കും രാജാവിനും വേണം.  വായുവും വെള്ളവും എന്ത് മേല്‍ക്കോയ്മയുടെ പേരിലും ഒരാള്‍ക്കും നിഷേധിക്കരുത്.  എല്ലാം കണിശതയോടെ ചെയ്യുന്നവരേയും പൂര്‍ണ്ണതയോടെ ചെയ്യുന്നവരേയും തേടിയല്ല ഗുരു നടക്കേണ്ടത്. എത്ര ശ്രമിച്ചിട്ടും ശരിയാകാന്‍ കഴിയാത്തവരേയും ദൗര്‍ബല്യങ്ങളിലൂടെയും ന്യൂനതകളിലൂടെയും മാത്രം യാത്ര ചെയ്യുന്നവരേയും അന്വേഷിച്ചാണ് ഗുരു ഇറങ്ങി നടക്കേണ്ടത്. എല്ലായോഗ്യതകളുമുള്ളവരുടെ ഗുരുവാകാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. അംഗീകാരവും അഭിനന്ദനവും ലഭിക്കും.  അര്‍ഹതയില്ലാത്തവരെ സംരക്ഷിക്കാനിറങ്ങിയാല്‍ അപമാനമായിരിക്കും ഫലം. കൃത്ജ്ഞത പ്രകടിപ്പിക്കാന്‍  പോലും അറിയാത്തവരുടെ കാവലാളാകുവാന്‍ നമുക്കും ശ്രമിക്കാം - ശുഭദിനം.

Day 172

ഹിന്ദി ദേശീയഭാഷയാക്കണമെന്ന അപേക്ഷയുമായി ഒരു യു പി ക്കാരന്‍ പയ്യന്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ സമീപിച്ചു. മുഴുവന്‍ ദക്ഷിണേന്ത്യക്കാരേയും ഹിന്ദി പഠിപ്പിക്കണമെന്നാതായിരുന്നു മറ്റൊരാവശ്യം.  അതിന് നെഹ്‌റു ഇങ്ങനെ മറുപടി പറഞ്ഞു:  നീയിപ്പോള്‍ ഒരു വിദ്യാര്‍ത്ഥി മാത്രമാണ്.  നിനക്ക് അങ്ങിനെയൊക്കെ പറയാം.  എനിക്ക് ഭാരതത്തിലെ മുഴുവന്‍ ജനങ്ങളേയും തൃപ്തിപ്പെടുത്തേണ്ട കടമയുണ്ട്.  ദക്ഷിണേന്ത്യക്കാര്‍, അവര്‍ സ്വമേധയാ പഠിക്കാന്‍ തയ്യാറാകന്നതുവരെ അവരില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ഞാന്‍ ഒരുക്കമല്ല.  ഒരു ഉത്തരേന്ത്യക്കാരന് ഒരു ജന്മം മുഴുവന്‍ തലകുത്തിനിന്നാല്‍ ഏതെങ്കിലും ഒരു ദ്രാവിഡ ഭാഷ പഠിക്കാന്‍ കഴിയുമോ?  പറ്റുമെങ്കില്‍ നീയൊരു കാര്യം ചെയ്യ്. അങ്ങ് തെക്ക് കേരളത്തില്‍ മലയാളം എന്നൊരു ഭാഷയുണ്ട്.  കഴിയുമെങ്കില്‍ അതൊന്ന് പഠിച്ചെടുക്കാന്‍ നോക്ക്.  മലയാളം വെറുതെ പഠിച്ചാല്‍ പോര , ആ ഭാഷയില്‍ നിന്റെയൊരു കയ്യൊപ്പ് പതിയണം.   നെഹ്‌റുവിന്റെ വെല്ലുവിളി ആ19 കാരന്‍  പയ്യന്‍ ഏറ്റെടുത്തു.  പിന്നീട് അദ്ദേഹം 1960 ല്‍ ചതുര്‍വേദി ഡല്‍ഹി സര്‍വ്വകലാശാലയില്‍ മലയാളം പഠനത്തിന് ചേര്‍ന്നു.  9 പെണ്‍കുട്ടികള്‍ക്കൊപ്പം ആരംഭിച്ച പഠനം തുടര്‍ന്നുള്ള ദിവസങ്ങള്‍ എത്തിയപ്പോള്‍ ആ ക്ലാസ്സിലെ ഏക വിദ്യാര്‍ത്ഥിയായി മാറി.  രണ്ടു വര്‍ഷത്തിന് ശേഷം പി കേശവദേവിന്റെ ഓടയില്‍ നിന്ന് , കുട്ടികൃഷ്ണമാരാരരുടെ ഭാരതപര്യടനം എന്നിവ ഹിന്ദിയിലേക്ക് തര്‍ജ്ജമ ചെയ്തു.  മലയാളം പഠിച്ചെങ്കിലും ദക്ഷിണേന്ത്യയില്‍ ഹിന്ദി പ്രചരിപ്പിക്കണം എന്ന ആഗ്രഹം അയാള്‍ വിട്ടുകളഞ്ഞില്ല.  അങ്ങനെ കേരളത്തിലേക്ക് എത്തിയ അദ്ദേഹം കൊല്ലം ഹിന്ദി ട്രെയിനിങ്ങ് കോളേജില്‍ നിയമിതനായി.  ഇതിനിടെ കേരള സര്‍വ്വകലാശാലയില്‍ നിന്നും മലയാളത്തില്‍ ഡോക്ടറേറ്റ് നേടി.  പിന്നീട് തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ ഹിന്ദി അധ്യാപകനായി. കേരളവര്‍മ്മയില്‍ പ്രിന്‍സിപ്പലായി വിരമിച്ചു.  കേരളത്തിലുണ്ടായിരുന്ന നാല് പതിറ്റാണ്ടുകള്‍ പകരം വെയ്ക്കാനാകാത്ത സംഭാവനയാണ് അദ്ദേഹം ഹിന്ദി - മലയാള ഭാഷകള്‍ക്ക് നല്‍കിയത്.  ഇത് ഉത്തര്‍പ്രദേശുകാരനായ ഡോ.സുധാംശു ചതുര്‍വേദിയുടെ കഥ.  വിജയത്തിന് കഠിനാധ്വാനം എന്നൊരു പേരുകൂടിയുണ്ട്.  -ശുഭദിനം.

Day 171

ദൈവം തന്റെ ശിഷ്യനോട് പറഞ്ഞു:  ഭൂമിയില്‍ നിന്ന് ഏറ്റവും മഹത്തായ ഒന്നിനെ എന്റെ അടുക്കല്‍ കൊണ്ടുവരണം.  ശിഷ്യന്‍ ഭൂമിയിലെത്തിയപ്പോള്‍ ഒരുപാട് പേരുടെ ജീവന്‍ രക്ഷിച്ച ഒരാളുടെ മരണം കണ്ടു.  അയാളുടെ അവസാന ശ്വാസമെടുത്ത് ദൈവത്തിനടുത്തെത്തി.  ദൈവം പറഞ്ഞു ഇത് മഹത്തായതു തന്നെ പക്ഷേ, ഇതിനേക്കാള്‍ മഹത്തരമായ മറ്റൊന്നുണ്ട്.  ശിഷ്യന്‍ പലകാര്യങ്ങളും കൊണ്ടുവന്നെങ്കിലും ദൈവം അതെല്ലാം നിരാകരിച്ചു.  പിന്നെയും ശിഷ്യന്‍ ഭൂമിയിലെത്തിയപ്പോള്‍ ഒരാള്‍ കുതിരപ്പുറത്ത് സഞ്ചരിക്കുന്നത് കണ്ടു.  എങ്ങോട്ടാണ് യാത്രയെന്ന് അന്വേഷിച്ചപ്പോള്‍ അയാളെ ചതിച്ചവനെ കൊല്ലാനുള്ള യാത്രയാണ് അതെന്ന് മനസ്സിലായി.  ശിഷ്യനും അയാളുടെ ഒപ്പം കൂടി.  ഒരു വീട്ടുമുറ്റത്തെത്തിയ അയാള്‍ തോക്കെടുത്ത് ജനാലയ്ക്കുള്ളിലൂടെ നോക്കിയപ്പോള്‍ തന്റെ ശത്രു അയാളുടെ മക്കളെ ചുംബിച്ച് ഉറക്കാന്‍ കെടുത്തുന്നതാണ് കണ്ടത്.  അത് കണ്ട് കണ്ണുനിറഞ്ഞ് അയാള്‍ തിരിച്ചുപോയി.  ശിഷ്യന്‍ ആ കണ്ണുനീരെടുത്ത് ദൈവത്തിനടുത്തെത്തി.  ദൈവം പറഞ്ഞു: ഇതു തന്നെയാണ് ഏറ്റവും മൂല്യമുള്ള വസ്തു. അനുതാപം.  മടങ്ങിവരവിനേക്കാള്‍ മനോഹരമായ യാത്ര മറ്റൊന്നില്ല.. തെറ്റിന് ശേഷമാണെങ്കിലും തീര്‍ത്ഥാടനത്തിന് ശേഷമാണെങ്കിലും തിരിച്ചുവരാനൊരു സ്ഥലമുണ്ട് എന്നതാണ് എല്ലാ യാത്രകളുടേയും മനോഹാരിത.  രണ്ടു തരം യാത്രകളുണ്ട്.  ആയിരിക്കുന്ന സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ നടത്തുന്ന യാത്രയും., ആയിരിക്കുന്ന സ്ഥലത്തിന്റെ സമ്പന്നത തിരിച്ചറിയുന്ന യാത്രയും.   മടങ്ങിവരാനാകാത്ത ഒരു യാത്രയുമില്ല.   പലരും തിരിച്ചുവരാത്തതിന് കാരണം തിരിച്ചെത്തുമ്പോഴുള്ള ചോദ്യങ്ങളോടുള്ള ഭയമാണ്.  തെറ്റി എന്നുമനസ്സിലായാല്‍ തിരുത്തുക എന്നത് തന്നെയാണ് പോംവഴി.  തെറ്റ് തിരുത്തുന്നതിനേക്കാള്‍ വിശുദ്ധമായി മറ്റെന്താണുള്ളത്.   തെറ്റ് ചെയ്യുന്നതിനേക്കാള്‍ മനസ്സാന്നിധ്യവും മുന്നൊരുക്കവും വേണം തെറ്റില്‍ നിന്നും തിരിച്ചുവരാന്‍.  തെറ്റില്‍ നിന്നും ഒരാള്‍ പിന്മാറാന്‍ തീരുമാനിച്ചാല്‍ അയാള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് വീണ്ടും ആ തെറ്റിലേക്ക് അയാളെ തള്ളിവിടാതിരിക്കാന്‍ നാം കാണിക്കേണ്ട ഉത്തരവാദിത്ത്വം..  മടങ്ങിവരവിന്റെ യാത്രകള്‍ ആഘോഷമാക്കാന്‍ നമുക്ക് സാധിക്കട്ടെ - ശുഭദിനം.

Day 170

ഒരു അലക്കുകാരന്‍ തന്റെ കഴുതയെ വിറകുവെട്ടുകാരന് വിറ്റു. പക്ഷേ, ഒരാഴ്ച തികയുന്നതിന് മുമ്പേ വിറകുവെട്ടുകാരന്‍ അലക്കുകാരന്റെ വീട്ടില്‍ വന്ന് കുറെ ചീത്തവിളിച്ചു.  നിങ്ങള്‍ എന്നെ കബളിപ്പിച്ചു. ഈ കഴുത ഒരു പണിയുമെടുക്കില്ല.  എനിക്കാ എല്ലാ ദിവസവും വിറക് ശേഖരിക്കേണ്ടതാണ്. ഇതിനെ എത്ര തല്ലിയാലും വരില്ല.  ഭക്ഷണവും ഉറക്കവും മാത്രമേ ഇതിനുള്ളൂ.  അപ്പോള്‍ അലക്കുകാരന്‍ പറഞ്ഞു:  ക്ഷമിക്കണം.  അത് അതിന്റെ കുറ്റമല്ല.  എന്റെ കുറ്റമാണ്. എനിക്ക് ആഴ്ചയില്‍ രണ്ടു ദിവസമേ ജോലിയുണ്ടാകാറുള്ളൂ.  തുണി ശേഖരിക്കാന്‍ പോകാനും തുണി കഴുകി തിരിച്ചേല്‍പ്പിക്കാനും. പുതിയ ഉടമസ്ഥന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറുവാന്‍ അതിന് കുറച്ച് സമയം അനുവദിക്കുക.  ഉടമയുടെ ല ക്ഷ്യങ്ങളെക്കാളോ ശീലങ്ങളേക്കാളോ വലുതാകില്ല തൊഴിലാളിയുടെ ദിനചര്യകളും കര്‍മ്മങ്ങളും.  താന്‍ രൂപപ്പെടുത്തിയ നടപടിക്രമങ്ങള്‍ക്കനുസരിച്ചായിരിക്കും തന്റെ കൂടെയുള്ളവരെ ഓരോ ഉടമകളും നേതാക്കളും ക്രമീകരിക്കുക. നേതാക്കളുടെ പ്രഘോഷണങ്ങളാണ് അനുയായിയുടെ മഹദ് വചനങ്ങള്‍.  ഓരോ ഉടമസ്ഥനും ചില ലക്ഷ്യങ്ങളും അവയിലേക്കെത്താന്‍ ചില വഴികളും ഉണ്ടായിരിക്കും.  അത് അവര്‍ തന്റെ അനുയായികളെ പഠിപ്പിക്കുന്നുണ്ടായിരിക്കും.  മികവുറ്റ ലക്ഷ്യങ്ങളും സഞ്ചാരപദങ്ങളും ഉള്ളവരുടെ കൂടെ യാത്ര ചെയ്യുക എന്നതാണ് വലിയ നേട്ടങ്ങളിലേക്ക് എത്താനുള്ള എളുപ്പവഴി.  നമുക്കും മികവിനൊപ്പം സഞ്ചരിക്കാന്‍ ശീലിക്കാം - ശുഭദിനം.

Day 169

അതിര്‍ത്തിക്കടുത്തുളള മലമ്പാതയിലൂടെ അവര്‍ നടന്നുപോവുകയായിരുന്നു.  അപ്പോഴാണ് മലയടിവാരത്തില്‍ കൊള്ളക്കാരെ അവര്‍ കണ്ടത്.  അവരില്‍ ഒരാള്‍ പറഞ്ഞു:  കുറച്ചകലെ സൈനികരുടെ ഒരു കൂടാരമുണ്ട്.  നമുക്ക് അങ്ങോട്ട് ഓടിപ്പോകാം.  അവിടെ ആയുധങ്ങള്‍ കാണാതിരിക്കില്ല.   അപ്പോള്‍ രണ്ടാമന്‍ പറഞ്ഞു:  നമ്മുടെ കയ്യിലും ആയുധമുണ്ട്.  അതും പറഞ്ഞ് അയാള്‍ മുന്നോട്ട് കുതിച്ചു.  വലിയ പാറക്കല്ലുകള്‍ തുടരെത്തുടരെ താഴേക്ക് ഉരുട്ടിവിട്ടുകൊണ്ടിരുന്നു.  ഇത് കണ്ട് മറ്റുള്ളവരും അതുപോലെ ചെയ്തു.  അവസാനം കൊള്ളക്കാര്‍ പിന്തിരിഞ്ഞോടി.  അതുകണ്ട് ആദ്യത്തെയാള്‍ ചോദിച്ചു:  ഈ കല്ലാണല്ലേ നീ പറഞ്ഞ ആയുധം!  അപ്പോള്‍ രണ്ടാമന്‍ പറഞ്ഞു:   കല്ല് അല്ല, സമയമാണ് ആയുധം.  കൊള്ളക്കാര്‍ മുകളിലെത്തിയാല്‍ നമുക്കവരെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല.  സമയവും ആയുധമാണ്.  കൃത്യമായി അത് വിനിയോഗിച്ചാല്‍ നമുക്ക് അതിനെ വിജയത്തിന്റെ ചവിട്ടുപടിയായി മാറ്റാന്‍ സാധിക്കുക തന്നെ ചെയ്യും - ശുഭദിനം.

Day 168

ആ ഗവേഷകന്റെ സഹായിയായി നിന്ന് കൂടുതല്‍ പഠിക്കാനായി വന്നതാണ് അയാള്‍. എന്നാല്‍ അവിടെ വന്നപ്പോള്‍ മുതല്‍ കാര്യങ്ങളെ പഠിക്കാനല്ല, മറ്റുള്ള സഹായികളെ പഠിപ്പിക്കാനായിരുന്നു അയാള്‍ക്ക് ഉത്സാഹം.  അയാളുടെ ഈ സ്വഭാവത്തില്‍ മറ്റു ഗവേഷകര്‍ക്കെല്ലാം മുറുമുറുപ്പ് തുടങ്ങി.  ഒരു ദിവസം ഗവേഷകന്‍ അയാളെയും കൂട്ടി ഒരു കാട്ടിലേക്ക് പോയി.  അവിടെ ഒരു കിളിക്കൂട് കാണിച്ചുകൊടുത്തിട്ട് പറഞ്ഞു:  ഈ കൂടിന് ഒരു പ്രത്യേതയുണ്ട്.  ഇതിന് പുറത്തേക്ക് തുറക്കുന്ന വാതിലാണ് ഉള്ളത്.  പക്ഷേ, കിളിക്ക് അകത്തേക്കും കടക്കാം!  അയാള്‍ക്ക് ചിരിവന്നു.  ഇതാണോ ഇത്ര വലിയ കാര്യം.. പക്ഷേ, കുറച്ച് കഴിഞ്ഞപ്പോള്‍ എന്താണ് ഗവേഷകന്‍ ഉദ്ദേശിച്ചത് എന്ന് അയാള്‍ക്ക് മനസ്സിലായി.  അന്നുമുതല്‍ അയാള്‍ പരമാവധി സമയം പഠിക്കാന്‍ വേണ്ടി ചിലവഴിച്ചു.  ചില മനുഷ്യര്‍ അങ്ങിനെയാണ്.  താന്‍ വലിയ സംഭവമാണെന്ന് കാണിക്കാന്‍ എപ്പോഴും മറ്റുള്ളവര്‍ക്കായി തന്റെ ചെറിയ അറിവുകള്‍ വലുതാക്കി കാണിച്ചു പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കും. ആരില്‍ നിന്നും ഒന്നും തന്നെ സ്വീകരിക്കാന്‍ അവര്‍ തയ്യാറല്ല.  അവരുടെ എല്ലാ പ്രവൃത്തിയിലും ഒരു താന്‍പോരിമ കാണാന്‍ സാധിക്കും.  അറിവ് സമ്പാദനത്തില്‍ നമുക്കും ആ കിളിക്കൂട് പോലെയാകാന്‍ ശ്രമിക്കാം.  പുറത്തേക്ക് മാത്രം തുറക്കാതെ, ഉള്ളിലേക്കും സ്വീകരിക്കാന്‍ ശീലിക്കാം - ശുഭദിനം.

Day 167

യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ വളരെ വിദഗ്ധനായിരുന്നു അയാള്‍.  ഒരിക്കല്‍ അയാള്‍ ഒരു യന്ത്രവിമാനം നിര്‍മ്മിച്ചു.  കാറ്റിന്റെ സഹായത്തോടെ ഏറെ ദൂരം പറക്കാവുന്ന ഒരു വിമാനം.  അതില്‍ പലതവണ പറന്ന് അത് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തി.  അതിന് ശേഷം തന്റെ ശിഷ്യനോട് പറഞ്ഞു:  ഇനി താന്‍ ഒന്നു പറന്നുനോക്കൂ.. പക്ഷേ ശിഷ്യന്‍ ഒന്ന് സംശയിച്ചു.  ശിഷ്യന്‍ ചോദിച്ചു: പറക്കുന്നതിനിടെ പക്ഷികള്‍ വന്ന് വിമാനച്ചിറകുകള്‍ കൊത്തിക്കീറാന്‍ ശ്രമിച്ചാല്‍ എന്ത് ചെയ്യും?  അയാള്‍ പറഞ്ഞു:  കത്തികൊണ്ടാല്‍ പോലും മുറിയാത്ത തുണികൊണ്ടല്ലേ നമ്മള്‍ ഈ ചിറകുകള്‍ ഉണ്ടാക്കിയത്.  എന്നിട്ടും ശിഷ്യന്റെ സംശയം തീര്‍ന്നില്ല.  പരുന്തുകളോ മറ്റോ ആക്രമിച്ചാലോ?  ഗുരു പറഞ്ഞു:  യന്ത്രവിമാനം കണ്ടാല്‍ അവ ഒഴിഞ്ഞുമാറും.   ശിഷ്യന്‍ പിന്നെയും ചോദിച്ചു:  കൂട്ടത്തോടെയാണ് അവ വരുന്നതെങ്കില്‍ അവയ്ക്ക് പേടിയുണ്ടാകില്ലല്ലോ?  ഗുരു ഒന്നും മിണ്ടാതെ കുറെ കല്ലുകള്‍ പറക്കി ചാക്കിലാക്കി കൊണ്ടുവന്ന് ഗുരു പറഞ്ഞു.  ഈ ചാക്ക് കൂടി വിമാനത്തില്‍ വെച്ചോളൂ.. പക്ഷികള്‍ വരുമ്പോള്‍ കല്ല് വലിച്ചെറിയാം.  ശിഷ്യന്റെ സംശയം തീര്‍ന്നില്ല.  ഇത്രയും ഭാരം കയറ്റിയാല്‍ വിമാനം എങ്ങനെ പറക്കും?  അയാള്‍ പറഞ്ഞു:  വാസ്തവത്തില്‍ നിന്റെ സംശയങ്ങള്‍ക്കാണ് ഇതിനേക്കാള്‍ വലിയ ഭാരം.    ചിലരങ്ങനെയാണ്.. ഏത് കാര്യം തുടങ്ങുന്നതിനുമുമ്പും നിറയെ ആശങ്കകളാണ്.  ചിലപ്പോള്‍ സത്യം അവരുടെ നിഗമനങ്ങളേക്കാള്‍ ഒരുപാട് ദൂരയായിരിക്കും.  അടിസ്ഥാനമില്ലാത്ത ആശങ്കകള്‍ നമ്മളെ പിന്നോട്ട് വലിക്കും.  അതിനാല്‍ എന്ത് ചെയ്യാന്‍ തീരുമാനിച്ചാലും അത് ചെയ്യുക, ആശങ്കകളെ അകറ്റി മുന്നോട്ട് തന്നെ പോവുക - ശുഭദിനം.

Day 166

തമിഴ്‌നാട്ടില്‍ നിന്നാണ് ആ കുടുംബം കേരളത്തിലെത്തിയത്.  വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്നതില്‍ നിന്നും കിട്ടിയിരുന്ന തുച്ഛമായ വരുമാനമാണ് ആ കുടുംബത്തിന്റ വരുമാനം.  തന്റെ മകളേയും മകനേയും നന്നായി പഠിപ്പിക്കാന്‍ ആ അച്ഛന്‍ ആഗ്രഹിച്ചിരുന്നു.  പഠിച്ച് ഉയരങ്ങളിലെത്തണമെന്ന് മക്കള്‍ക്കും ആഗ്രഹമുണ്ടായിരുന്നു. പഠിക്കാന്‍ മിടുക്കനായ അവനെ പഠിച്ച സ്‌കൂളിലെ സിസ്റ്റേഴ്‌സ് കൂടുതല്‍ നല്ല പഠനം ലഭിക്കുന്ന സ്‌കൂളിലേക്ക് പറഞ്ഞയച്ചു.  ആ സ്‌കൂളിലെ കൂട്ടുകാരനായിരുന്നു അമര്‍നാഥിന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളപ്പിച്ചത്.  രാജ്യാന്തരസര്‍വ്വകലാശാലയില്‍ പ്രവേശനം നേടി സുഹൃത്ത് പോയപ്പോള്‍ തന്റെ പഠനസാമഗ്രികള്‍ കൂട്ടുകാരന് നല്‍കിയാണ് ആ സ്വപ്നത്തിന് വിത്തുപാകിയത്.  അന്നുമുതല്‍ രാപ്പകലില്ലാതെ അവന്‍ നടത്തിയ കഠിനപരിശ്രമത്തിന് ഫലമുണ്ടായി.  അമേരിക്കയിലെ നാലുവര്‍ഷത്തെ എന്‍ജിനീയറിങ്ങ് പഠനത്തിന് സര്‍വ്വകലാശാലയുടെ ഒന്നരകോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് ആ മിടുക്കന്‍ നേടിയെടുത്തു.  പക്ഷേ, അവനെ പിന്നേയും ഒരുപാട് തടസ്സങ്ങള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.  രണ്ടാം വര്‍ഷം മുതലേ സ്‌കോളര്‍ഷിപ്പ് കിട്ടിതുടങ്ങുകയുള്ളൂ. ആദ്യ വര്‍ഷത്തേക്കുള്ള പണവും യാത്രയ്ക്കുളള തുകയും കണ്ടെത്തണമായിരുന്നു.  ഒട്ടും ചെറുതല്ലാത്ത ആ തുക അവര്‍ക്ക് ചിന്തിക്കാന്‍ സാധിക്കുന്നതിലും അപ്പുറമായിരുന്നു.  പല സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും ചെറുതും വലുതുമായ സഹായങ്ങള്‍ ലഭിച്ചു.  അതെല്ലാം ആദ്യവര്‍ഷ പഠനത്തിന് മാത്രമേ തികയുമായിരുന്നുള്ളൂ.. യാത്രാക്കൂലി അപ്പോഴും സംഘടിപ്പിക്കാന്‍ ആയിരുന്നില്ല.  അപ്പോഴാണ് ഒരു രാത്രി അവനെ തേടി ഒരു അപരിചിതനെത്തിയത്.  സ്വന്തം പേരുപോലും വെളിപ്പെടുത്താതെ അവനു യാത്രചെയ്യാനുളള ടിക്കറ്റുമായി അയാള്‍ എത്തി. അങ്ങനെ അവന്‍ അമേരിക്കയിലെത്തി.  ഒരു പാട് പേര്‍ക്ക് സ്വപ്നം കാണാനുള്ള ചിറകുകള്‍ നല്‍കിയാണ് അയാള്‍ അവിടെയെത്തിയത്.  ഇത് അമര്‍നാഥ്.  തമിഴ്‌നാട് കമ്പം തേനിയില്‍ നിന്നും കേരളത്തിലെത്തിയ മുരുകേശന്റെ മകന്‍.  നമുക്ക് പൗലോ കൊയ്‌ലോയുടെ വാക്കുകളെ കൂട്ടിച്ചേര്‍ക്കാം.. ഒരു കാര്യം നേടണമെന്ന് നാം ആഗ്രഹിക്കുകയാണെങ്കില്‍  അത് നേടുവാന്‍ ഈ മുഴുവന്‍ പ്രപഞ്ചവും നമുക്ക് വേണ്ടി കരുക്കള്‍ നീക്കുക തന്നെ ചെയ്യും - ശുഭദിനം.

Day 165

അയാള്‍ ഒരു മണ്‍പാത്രകച്ചവടക്കാരനായിരുന്നു. ഒരിക്കല്‍ സുഹൃത്തുമായി ചേര്‍ന്ന് അയാള്‍ ഒരു വഞ്ചിയില്‍ യാത്ര ചെയ്യുകയായിരുന്നു.  അയാള്‍ സുഹൃത്തിനോട് പറഞ്ഞു:  കച്ചവടമെല്ലാം കുറവാണ്.  ഇപ്പോള്‍ ആര്‍ക്കും അടുക്കളയിലേക്ക് മണ്‍പാത്രം വേണ്ടല്ലോ...  ഇത് കേട്ട് കൂട്ടുകാരന്‍ ഇങ്ങനെ പറഞ്ഞു:  നീ ആ വഞ്ചിക്കാരനെ ശ്രദ്ധിച്ചിരുന്നുവോ.. പുറപ്പെടുന്ന സമയത്ത് അയാള്‍ നീളമുള്ള മുള കുത്തിയാണ് വഞ്ചി മുന്നോട്ട് നീക്കിയിരുന്നത്.  ആഴം കൂടിയ ഭാഗത്ത് എത്തിയപ്പോള്‍ മുള മാറ്റി പങ്കായം കയ്യിലെടുത്ത് തുഴയാന്‍ തുടങ്ങി.   അയാള്‍ക്ക് കൂട്ടുകാരന്‍ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായി.  വൈകാതെ തന്നെ അയാള്‍ ചെടിച്ചട്ടികളും, അലങ്കാര പാത്രങ്ങളും നിര്‍മ്മിക്കാന്‍ തുടങ്ങി.  അയാളുടെ കച്ചവടം മെച്ചപ്പെടുകയും ചെയ്തു.   ജീവിതവും ഇങ്ങനെ തന്നെയാണ്.  സാഹചര്യങ്ങള്‍ മാറി മാറി വരും.  പക്ഷേ, ആ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറുക എന്നതാണ് വിവേകം. ആ വിവേകം നമ്മുടെ ഓരോ നീക്കങ്ങളിലും ഉണ്ടാക്കിയെടുക്കാന്‍ നമുക്ക് ശ്രമിക്കാം- ശുഭദിനം.

Day 164

ആ കൃഷിക്കാരന്‍ ഭയങ്കര അഹങ്കാരിയായിരുന്നു.  താന്‍ നിലം ഉഴുത് വിത്ത് വിതച്ച് കൊയ്യുന്നതുകൊണ്ടാണ് നിങ്ങള്‍ എല്ലാം ഭക്ഷണം കഴിക്കുന്നത്.  ഞാനില്ലെങ്കില്‍ നിങ്ങള്‍ എന്ത് ചെയ്യും.  അതുകൊണ്ട് തന്നെ ബാക്കിയുള്ളവരെല്ലാം എന്നേക്കാള്‍ താഴ്ന്ന പദവിയില്‍ ഉള്ളവരാണ്. അയാള്‍ ഇതെല്ലാം എപ്പോഴും പറഞ്ഞുകൊണ്ടേയിരിന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ വാഹനം അപകടത്തില്‍ തകര്‍ന്നു.  അത് നന്നാക്കാന്‍ വര്‍ക്ഷോപ്പ്കാരന്‍ എത്തിയപ്പോള്‍ അയാള്‍ ഇങ്ങനെ പറഞ്ഞു:  നിങ്ങളടെ പൊങ്ങച്ചം നിര്‍ത്താതെ ഞാന്‍ വണ്ടി നന്നാക്കില്ല.  അപ്പോള്‍ മുതല്‍ കര്‍ഷകന്‍ ഇങ്ങനെ പറയാന്‍ തുടങ്ങി:  വര്‍ക്ഷോപ്പ് കാരന്‍ ഒഴികെ എല്ലാവരും എന്നെ ആശ്രയിച്ചാണ് ജീവിക്കുന്നത്.  ഒരിക്കല്‍ കീറിപ്പോയ ഷൂ നന്നാക്കാന്‍ ചെരുപ്പുകുത്തിയുടെ അടുത്തെത്തിയപ്പോഴും അയാളും അഹാങ്കാരം കുറയ്ക്കാന്‍ പറഞ്ഞു.  പിന്നീട് കര്‍ഷകന്‍ ഇങ്ങനെ പറഞ്ഞു:  വര്‍ക്ഷോപ്പ്കാരനും ചെരുപ്പുകുത്തിയുമൊഴികെ ബാക്കിയെല്ലാവരും എന്നെ ആശ്രയിക്കുന്നു.  പിന്നീട് ഓരോ ആവശ്യത്തിനായി ആശാരിയേയും തയ്യല്‍ക്കാരനേയും മില്ലുടമയേയും കടക്കാരനേയും ഒക്കെ സമീപിച്ചപ്പോള്‍ അവരും ഇതേ ആവശ്യമുന്നയിച്ചു.  അപ്പോള്‍ കര്‍ഷകന്‍ പറഞ്ഞു: എല്ലാവരും കര്‍ഷകരെ ആശ്രയിക്കുന്നു.  അതുപോലെ കര്‍ഷകരും എല്ലാവരേയും ആശ്രയിക്കുന്നു.  സ്വയംപര്യാപ്തതയുടെ പരിപൂര്‍ണ്ണതയില്‍ വാഴുന്ന ആരും തന്നെയില്ല.  മറ്റ് പലരും ഉളളതുകൊണ്ടാണ് എല്ലാവരും തങ്ങളുടെ ഇടത്തില്‍ സ്വതന്ത്രമായി വാഴുന്നത്.  പലരും ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന അദൃശ്യമായ കണ്ണികള്‍ അപ്രത്യക്ഷമാകുമ്പോള്‍ മാത്രമാണ് അവയുടെ പ്രാധാന്യം നാം മനസ്സിലാക്കുക.   എല്ലാവരും എല്ലാക്കാലത്തും ആരേയെങ്കിലും ആശ്രയിക്കുന്നുണ്ട്.  ചവിട്ടി നില്‍ക്കുന്നമണ്ണ് പോലും മറ്റാരില്‍ നിന്നോ നമുക്ക് ലഭിച്ചതാണ്.  ആരുടെയൊക്കെയോ തുടര്‍ച്ചയാണ് താനെന്നും തനിക്ക് ശേഷവും പൂര്‍ണ്ണ ആര്‍ജ്ജവത്തോടെയും പുതുമയോടെയും എല്ലാം തുടരുമെന്നും ഉള്ള തിരിച്ചറിവ് നമുക്ക് ഉണ്ടാകട്ടെ - ശുഭദിനം.

Day 163

1812ല്‍ ഇംഗ്ലണ്ടിലാണ് അയാള്‍ ജനിച്ചത്.  അവന് അച്ഛന്‍ മാത്രമാണുണ്ടായിരുന്നത്.  ഒരു ബിസിനസ്സില്‍ തകര്‍ന്ന് അവന്റെ അച്ഛന്‍ ജയിലിലായി. പത്ത് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ അവന്‍ തെരുവിലേക്ക് എറിയപ്പെട്ടു. ഒരുപാട് നാളത്തെ അലച്ചിലിനൊടുവില്‍ അവന്‍ ഒരു ചെറിയ ജോലി തരപ്പെടുത്തി.  ഒരു ഉത്പന്നം കയറ്റുമതി ചെയ്യുന്ന കുപ്പികളുടെ പുറത്ത് ഉള്ളടക്കത്തെപ്പറ്റിയുള്ള ലേബല്‍ ഒട്ടിക്കുക.  അവന്റെ പണിപ്പുരയുടെ മൂലയില്‍ തന്നെ കിടക്കാനൊരിടവും ആ കമ്പനി അവന് നല്‍കി.  നിറയെ അഴുക്കുകൂമ്പാരങ്ങള്‍ നിറഞ്ഞതായിരുന്നു ആ പണിസ്ഥലം.  ഒപ്പം നിറയെ എലികളും.  തന്റെ ലോകത്ത് ചെറിയ ജോലികള്‍ ചെയ്യുമ്പോഴും അവനൊരു സ്വപ്നമുണ്ടായിരുന്നു.  ഒരു എഴുത്തുകാരനാകണം.  വെറും നാലാംക്ലാസ്സ് മാത്രം വിദ്യാഭ്യാസയോഗ്യതയുളള തനിക്ക് ഇതൊരു അതിമോഹമാണെന്ന് അവന് നല്ല ബോധ്യമായിരുന്നു.  എങ്കിലും ആ അതിമോഹത്തെ അവന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.  രാത്രികള്‍ തന്റെ സ്വപ്നത്തിനായി അവന്‍ മാറ്റിവെച്ചു.  താന്‍ എഴുതിയതെല്ലാം ആരും കാണാതെ ചില പ്രസിദ്ധീകരണങ്ങള്‍ക്ക് അയച്ചുകൊടുത്തു.  ഒരു സ്ഥലത്ത് നിന്നും മറുപടിയൊന്നും വന്നില്ലെങ്കിലും അവന്‍ തന്റെ എഴുത്ത് തുടര്‍ന്നുകൊണ്ടേയിരുന്നു.  അവസാനം ഒരു പത്രാധിപരില്‍ നിന്ന് ഒരു അനുകൂലമായ ഒരു മറുപടി  ലഭിച്ചു.  പിന്നെ ഒന്നിനു പിറകെ ഒന്നൊന്നായി കൃതികള്‍ പുറത്തുവന്നു.  അന്നത്തെ സമൂഹികാവസ്ഥയെ അപഗ്രഥനം ചെയ്തും വിമര്‍ശിച്ചും ധാരാളം കൃതികള്‍ ജനശ്രദ്ധപിടിച്ചുപറ്റി.   വെറും നാലാം ക്ലാസ്സ് മാത്രം വിദ്യാഭ്യാസമുള്ള അയാളുടെ കൃതികള്‍ പഠന വിഷയമായി മാറി.. ലോകം അത്ഭുതത്തോടെ അദ്ദേഹത്തെ ഇങ്ങനെ വിളിച്ചു.  ചാള്‍സ് ഡിക്കന്‍സ്. ജന്മസിദ്ധമായ കഴിവുകള്‍ നമുക്ക് ധാരാളം ഉണ്ടാകും.  അവയെ നിരന്തരപരിശ്രമത്തിലൂടെ രാകി മിനുക്കാന്‍ ശ്രമിച്ചാല്‍ നാം ഉയരങ്ങള്‍ കീഴടക്കുക തന്നെ ചെയ്യും - ശുഭദിനം.

Day 162

ആ ഗുരു വളരെ പ്രശസ്തനായിരുന്നു. വിവിധ നാടുകളില്‍ നിന്നായി നിരവധിപേര്‍ ഗുരുവിന്റെ കീഴില്‍ ആയുധവിദ്യപഠിക്കാന്‍ എത്തിയിരുന്നു. ഒരിക്കല്‍ ഒരു യുവാവ് ആയുധവിദ്യ പഠിക്കാന്‍ ഗുരുവിനടുത്തെത്തി. ഒരു മാസം കൊണ്ട് തന്നെ യോദ്ധാവാക്കണം എന്നതായിരുന്നു ആവശ്യം. ഒരു നല്ല യോദ്ധാവാകാന്‍ ഒരുമാസം മതിയാകില്ലെന്ന് ഗുരു പറഞ്ഞെങ്കിലും അയാള്‍ അത് കേട്ടില്ല. അപ്പോള്‍ ഗുരു ഒരു വിളക്ക് ചൂണ്ടി കാണിച്ചിട്ടു പറഞ്ഞു: പഠനം തുടങ്ങാം. പക്ഷേ ആദ്യം ഈ വിളക്കില്‍ എണ്ണയൊഴിക്കൂ.. കത്തുന്ന തിരിയിലേക്ക് വേണം എണ്ണയൊഴിക്കാന്‍. അയാള്‍ അതുപോലെ ചെയ്തു. കത്തിനിന്നിരുന്ന ആ തിരി എണ്ണ വീണതോടെ കെട്ടുപോയി. ഗുരു പറഞ്ഞു: തിരി കത്തണമെങ്കില്‍ എണ്ണ വേണം. എന്നാല്‍ അത് താഴെ നിന്നും പതുക്കെ കയറി വന്നാല്‍ മാത്രമേ പറ്റൂ.. അതു പോലെയാണ് പഠനവും.. എന്തും ശരിയായി പഠിക്കണമെങ്കില്‍ അതിനാവശ്യമായ സമയം കൊടുക്കണം. അപൂര്‍ണ്ണമായവയില്‍ നിന്നും പാതി നിര്‍ത്തിയിടത്തു നിന്നും നമുക്ക് തുടങ്ങാം.. ആവശ്യമായ സമയമെടുത്ത് തന്നെ - ശുഭദിനം.

Day 161

വളരെ പ്രസിദ്ധനായ ഗുരുവിന്റെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു അയാള്‍. ഒരിക്കല്‍ സൈന്യത്തിലേക്ക് ആളെ എടുക്കുന്നു എന്ന വിളംബരം കേട്ട് ശിഷ്യനും കൊട്ടാരത്തിലേക്ക് പുറപ്പെട്ടു. പിറ്റേന്ന് ശിഷ്യന്‍ മടങ്ങി വന്നപ്പോള്‍ അവന്റെ മുഖം മങ്ങിയിരിക്കുന്നത് ഗുരു ശ്രദ്ധിച്ചു. ഗുരു ശിഷ്യനെ സമാധാനിപ്പിച്ചു. അപ്പോള്‍ ശിഷ്യന്‍ പറഞ്ഞു: ഗുരോ , ആയുധപരീക്ഷയില്‍ ഞാന്‍ വിജയിച്ചു. എനിക്ക് സൈന്യത്തില്‍ ജോലിയും കിട്ടി. പിന്നെന്തിനാണ് നിന്റെ മുഖം വാടിയിരിക്കുന്നത്? ഗുരു ചോദിച്ചു. ശിഷ്യന്‍ പറഞ്ഞു: ആയുധപരിശീലനത്തിനുള്ള പരിശീലനത്തിനിടെ കഴിഞ്ഞ ആഴ്ച എന്റെ വാള്‍ത്തലപ്പ് ഒടിഞ്ഞില്ലേ, ആ ദുഃഖം ഇപ്പോഴും മനസ്സില്‍ നിന്നും പോകുന്നില്ല.. പട്ടണത്തില്‍ ഒരു പ്രദര്‍ശനം നടക്കുന്നുണ്ട്. നമുക്ക് അവിടേക്ക് പോകാം. മനസ്സിന് സന്തോഷം വരാന്‍ അത് നല്ലതാണ്. ഗുരു പറഞ്ഞു. അവര്‍ പ്രദര്‍ശനശാലയിലെത്തി. അവിടെ പലതരം ജീവികളുടെ അസ്ഥികൂടങ്ങളും പഴയ ആയുധങ്ങളും പാത്രങ്ങളുമൊക്കെയുണ്ട്. അകത്തേക്ക് കടന്നതും ഗുരു ഉറയില്‍ നിന്നും വാള് ഊരിപ്പിടിച്ചു. അത് കണ്ട് ശിഷ്യന്‍ ചോദിച്ചു: എന്തിനാണ് അങ്ങ് ആയുധമെടുത്തത്? ഗുരു പറഞ്ഞു: ആനയുടേയും കടുവയുടേയുമൊക്കെ അസ്ഥികൂടമല്ലേ.. നമ്മള്‍ സൂക്ഷിക്കണം. ശിഷ്യന്‍ ഇത് കേട്ട് ചിരിച്ചു. പണ്ടെങ്ങോ ചത്തുപോയ മൃഗങ്ങളുടെ അസ്ഥികൂടത്തെ ഭയക്കണമോ? അപ്പോള്‍ ഗുരു പറഞ്ഞു: മുന്‍പെപ്പോഴോ കഴിഞ്ഞ കാര്യത്തിന്റെ പേരില്‍ ഇപ്പോഴും ദുഃഖിക്കാമെങ്കില്‍ ഈ അസ്ഥികൂടങ്ങളേയും പേടിക്കണം. ശിഷ്യന് ഗുരു ഉദ്ദേശിച്ച കാര്യം മനസ്സിലായി. കഴിഞ്ഞുപോയ കാര്യങ്ങളെപ്പറ്റി അനാവശ്യമായി വേവലാതിപ്പെടുന്നത് വിഢ്ഢിത്തമാണ്. നമുക്ക് ഇന്നില്‍ ജീവിക്കാം. ഈ നിമിഷത്തെ പൂര്‍ണ്ണതയിലെത്തിക്കാന്‍ ശ്രമിക്കാം - ശുഭദിനം.

Day 160

ഏത് കാര്യത്തിലും സമയനിഷ്ഠപാലിക്കുന്ന ഒരു വ്യക്തിയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍. ഒരിക്കല്‍ ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റിയില്‍ അദ്ദേഹത്തെ മുഖ്യപ്രഭാഷകനായി ക്ഷണിക്കപ്പെട്ടു. പക്ഷേ, അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിന് തകരാറു സംഭവിച്ചതുമൂലം സമ്മേളനത്തിന് എത്താന്‍ ഒരുപാട് വൈകി. മീറ്റിങ്ങ് തീരുന്നതിന് അഞ്ച് മിനിറ്റ് മുന്‍പാണ് അദ്ദേഹം അവിടെ എത്തിച്ചേര്‍ന്നത്. പക്ഷേ, അവിടെയുള്ളവരെല്ലാം അദ്ദേഹത്തെ കാത്തിരിക്കുകയായിരുന്നു. സമയം തീരാറായതിനാല്‍ താന്‍ പ്രസംഗിക്കുന്നില്ലെന്ന് ചര്‍ച്ചില്‍ പറഞ്ഞു. പക്ഷേ, എന്തെങ്കിലും സന്ദേശം നല്‍കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. അദ്ദേഹം പ്രസംഗിക്കാന്‍ എഴുന്നേറ്റു. മൂന്നുവാക്കുകളില്‍ അദ്ദേഹം തന്റെ പ്രസംഗം ചുരുക്കി. - Never give up - ഒരിക്കലും വിട്ടുകളയരുത് (പിന്മാറരുത്). വീണ്ടും അല്‍പസമയത്തെ നിശബ്ദതയ്ക്ക് ശേഷം ആവര്‍ത്തിച്ചു: Never, Never give up. അപ്പോഴേക്കും സദസ്സില്‍ കരഘോഷം മുഴങ്ങി. അദ്ദേഹം വീണ്ടും ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. Never Never Never give up. അദ്ദേഹം വലിയൊരു തത്വമായിരുന്നു യുവതലമുറയ്ക്ക് പകര്‍ന്ന് കൊടുത്തത്. പ്രശ്‌നങ്ങളും പ്രയാസങ്ങളും ഉയരുമ്പോള്‍ നമുക്ക് മുന്നേറുവാനുളള ധൈര്യം നഷ്ടപ്പെടുന്നു. നമ്മുടെ ആത്മധൈര്യം കെടുത്തുന്നത് ചിലപ്പോള്‍ നമ്മുടെ സ്‌നേഹിതരോ, സഹപ്രവര്‍ത്തകരോ, പ്രിയപ്പെട്ടവരോ ആകാം. പക്ഷേ, വിട്ടുകൊടുക്കാതെ നമുക്ക് മുന്നേറാം. പ്രതിബന്ധങ്ങളെ വകഞ്ഞുമാറ്റി, ലക്ഷ്യത്തിലേക്ക് - ശുഭദിനം.

Day 159

അവന്റെ ക്ലാസ്സില്‍ അവനൊഴികെ എല്ലാവര്‍ക്കും സൈക്കിള്‍ ഉണ്ടായിരുന്നു. ഒരുദിവസം ക്ലാസ്സില്‍ ടീച്ചര്‍ എല്ലാവരോടും അവരവരുടെ ജീവിതാഭിലാഷം എഴുതാന്‍ പറഞ്ഞു. മിക്കവരും തങ്ങള്‍ക്ക് ഭാവിയില്‍ ലഭിക്കുന്ന ജോലിയെ കുറിച്ച് എഴുതിയപ്പോള്‍ അവന്‍ മാത്രം ഇങ്ങനെ എഴുതി: എനിക്കൊരു സൈക്കിള്‍ വാങ്ങണം. അവന്റെ ആഗ്രഹം കണ്ട് ടീച്ചര്‍ക്ക് സങ്കടം തോന്നി. ടീച്ചര്‍ ഇക്കാര്യം അവന്റെ അച്ഛനോട് പറഞ്ഞു. മകന്‍ വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍ ചോദിച്ചു: നിനക്ക് സൈക്കിള്‍ വാങ്ങണമെങ്കില്‍ എന്നോട് പറഞ്ഞാല്‍ പോരായിരുന്നോ? അപ്പോള്‍ അവന്‍ പറഞ്ഞു: എനിക്ക് സൈക്കിള്‍ വാങ്ങാനുള്ള പണമൊന്നും അച്ഛന്റെ ജോലിയില്‍ നിന്നും കിട്ടുന്നില്ല എന്ന് എനിക്കറിയാം. അച്ഛനെ ബുദ്ധിമുട്ടിക്കാതെ വലുതാകുമ്പോള്‍ ഞാന്‍ തന്നെ ഒരു സൈക്കിള്‍ വാങ്ങിച്ചുകൊള്ളാം... പക്വതയുണ്ടാകുന്നതിന് പ്രായമാകേണ്ട ആവശ്യമില്ല. പരിസരമറിഞ്ഞ് പ്രതികരിക്കുമ്പോഴാണ് പക്വതയുണ്ടാകുന്നത്. പ്രായമാകുന്ന എല്ലാവരും വളരുന്നില്ല. വളരണമെങ്കില്‍ തന്റേതായ തീരുമാനങ്ങളും സ്വയം തുടങ്ങിയ നടപടിക്രമങ്ങളും വേണം. പൂര്‍ണ്ണവളര്‍ച്ചയെത്തുന്നത് ഒരു ശാരീരിക പ്രക്രിയ മാത്രമല്ല, മാനസിക, ബൗദ്ധിക പ്രക്രിയ കൂടിയാണ്. വളരുന്നുണ്ടോ എന്ന് സ്വയം തിരിച്ചറിയാന്‍ ചില ചോദ്യങ്ങള്‍ ചോദിച്ചാല്‍ മതി. അപരന്റെ പരിമിതികളെ ബഹുമാനിക്കാറുണ്ടോ, ആഗ്രഹങ്ങള്‍ക്കനുസരിച്ച് പരിശ്രമങ്ങളെ ബലപ്പെടുത്താറുണ്ടോ, ചുറ്റുപാടുകളേയും സഹജീവികളേയും ബഹുമാനിക്കാറുണ്ടോ.. തണലാകുന്നവര്‍ കൊള്ളുന്ന വെയിലിന്റെ കാഠിന്യം നിഴലില്‍ നില്‍ക്കുന്നവര്‍ അറിയാന്‍ ശ്രമിക്കുക തന്നെ വേണം. ആ തിരിച്ചറിവാണ് പക്വതയുടെ തെളിമ - ശുഭദിനം