Part 27

ഇന്ത്യയുടെ ആദ്യ റോക്കറ്റ് പരീക്ഷണം പരാജയപ്പെട്ടു.  തുമ്പയായിരുന്നു രാജ്യത്തിന്റെ ശ്രദ്ധാ കേന്ദ്രം.  പരാജയം രൂചിച്ച് ടീം ഇന്ത്യ.  തുമ്പയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിലേക്ക് സാക്ഷാല്‍ വിക്രം സാരാഭായ് എത്തുന്നു.  വളരെ കാര്‍ക്കശ്യത്തോടു കൂടി അബ്ദുള്‍കലാമിനോട് തന്നെ വന്നു കാണുവാന്‍ നിര്‍ദ്ദേശിച്ചു.  പരാജിതന്റെ മുഖവുമായി എ പി ജെ അബ്ദുള്‍കലാം എന്ന ശാസ്ത്രജ്ഞന്‍ സാരാഭായിയുടെ മുന്നില്‍ തലകുനിച്ചു നിന്നു.  ഒന്നും തന്നെ പറയാതെ വിക്രം സാരാഭായ് കലാമിന് ഒരു കവര്‍ നല്‍കി.  കവര്‍ പൊട്ടിച്ച് വായിച്ച കലാം വളരെ വിനയത്തോടുകൂടി മറുപടി പറയാന്‍ ശ്രമിക്കും മുന്‍പ് സാരാഭായ് ഇടപെട്ടു.  താങ്കളുടെ പ്രൊമോഷന്‍ ലെറ്റര്‍ ആണിത്.  ഇത് സ്വീകരിക്കുക.  റോക്കറ്റ് പരീക്ഷണപരാജയം ഇതിനൊരു തടസ്സമല്ല.  സാരാഭായ് തുടര്‍ന്നു: തോല്‍വി സാധാരണമാണ്.  വിജയത്തേക്കാള്‍ തോല്‍വിയില്‍ നിന്നുമാണ് നാം പഠിക്കുക.  താങ്കള്‍ ശരിയായ ദിശയിലാണ് പോകുന്നത് തീര്‍ച്ചയായും വിജയിക്കും.  ആ വിശ്വാസം ശരിയായിരുന്നു. പിന്നെയുള്ള കാലം ഇന്ത്യ ബഹിരാകാശ ക്ലബ്ബില്‍ അംഗമായി.  മിസൈല്‍ വിദ്യയില്‍ മുന്നിലെത്തി.  അതിനായി കലാം സ്വന്തം ജീവിതം തന്നെ മാറ്റിവെച്ചു.  പരാജയവും വിജയവും പലകുറി നമ്മള്‍ പറഞ്ഞും കേട്ടും അറിഞ്ഞതാണ്.  എന്നാല്‍ പരാജയത്തിന്റെ സമയത്തും പരാജിതന്റെ ദിശ ശരിയാണ് എന്ന് ഉറച്ചുവിശ്വസിക്കുവാന്‍ കാണിക്കുന്ന ദീര്‍ഘവീക്ഷണം, അതായിരുന്നു ഏറ്റവും ശ്രേഷ്ഠം.  പരാജയം സാധാരണമാണ്.  അതുകൊണ്ട് തന്നെ പരാജിതനെ കൂടെക്കൂട്ടാനും മുന്നേ നയിക്കാനും നമുക്ക് സാധിക്കട്ടെ - ശുഭദിനം 

Part 26

'കുഡ്രിയാവ്ക'  ഇങ്ങനെ ഒരു പേരോ... ആ പേര് പ്രതിനിധാനം ചെയ്യുന്ന ഒന്നിനെ നമ്മളാരും ഓര്‍ക്കുന്നുണ്ടാവില്ല.  ഒരു ഇടുങ്ങിയ ക്യാബിനിലെ ചില്ലുമറയിലൂടെ തന്റെ നിയോഗം എന്തെന്നറിയാതെ, തനിക്കെന്താണ് സംഭവിക്കുന്നത് എന്നറിയാതെ,   പിന്നെ ഒന്നുമറിയാതെ  ജീവന്‍ വെടിഞ്ഞു യാത്രയായി 'കുഡ്രിയാവ്ക'.  ദേശം റഷ്യ.  ലക്ഷ്യം ബഹിരാകാശ സഞ്ചാരം. ഭൂമിയില്‍ നിന്നും ശൂന്യാകാശത്ത് എത്തിയ ആദ്യ നായ്കുട്ടി.  1957 നവംബര്‍ 3 ന് സ്പുട്‌നിക് എന്ന റോക്കറ്റില്‍ തന്റെ അവസാന യാത്ര തിരിച്ചു.  റോക്കറ്റിന്റെ ചൂടും സമ്മര്‍ദ്ദവും ഏറ്റ് 'കുഡ്രിയാവ്ക' അന്തരിച്ചു.  ആ ദൗത്യത്തിന് തിരഞ്ഞെടുക്കപ്പെട്ടതുമുതല്‍ നമ്മള്‍ ആ നായക്കുട്ടിയെ അറിഞ്ഞത് 'ലയ്ക' എന്ന ഓമനപ്പേരില്‍ ആയിരുന്നു. അതിന് മുന്‍പും പിന്‍പുമായി പിന്നെയും 'ജീവന്‍വെച്ചുള്ള' പരീക്ഷണങ്ങള്‍ തുടര്‍ന്നിരുന്നു.  ആമകള്‍, കുരങ്ങ്, എലി, പൂച്ച ആ നിരയങ്ങനെ നീണ്ടു.  ഇനി വര്‍ത്തമാനകാലം.  ഡല്‍ഹിയിലെ ഉന്നതതല മീറ്റിങ്ങിനിടെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ISRO ചെയര്‍മാനോട് ചോദിച്ചു.  ഇന്ത്യ എന്നായിരിക്കും ഇത്തരം പരീക്ഷണം നടത്തുക.  മറുപടി ഇതായിരുന്നു.  ' ഇല്ല, നമ്മള്‍ മനുഷ്യനെ അയക്കും മുന്‍പ് മൃഗത്തിന്റെ ജീവന്‍ വച്ച് പരീക്ഷണം നടത്തില്ല.  ഓരോ പ്രാണനും നമുക്ക് വിലപ്പെട്ടതാണ്.  ആധുനിക ശാസ്ത്രമികവിലൂടെ ആ വെല്ലുവിളി നമ്മള്‍ അതിജീവിക്കും.  ഒരു ജീവന്‍പോലും നഷ്ടപ്പെടാതെ മനുഷ്യന്റെ ബഹികാശ യാത്ര നമ്മള്‍ ഉറപ്പാക്കും'   ഇങ്ങനെ ഒരു മറുപടി നല്‍കിയ ആ ശാസ്ത്രജ്ഞനാണ് 'കൈലാസ വടിവു ശിവന്‍ ' എന്ന കെ. ശിവന്‍.  കന്യാകുമാരിയുടെ കാര്‍ഷികഭൂമിയില്‍ നിന്നും ശാസ്ത്രമേഖലയിലേക്ക് റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന പ്രതിഭ.  പിന്നെ നമ്മള്‍ കണ്ടത് ചന്ദ്രയാന്‍ പരീക്ഷണവേളയില്‍ രാജ്യത്തെ പ്രധാനമന്ത്രിയുടെ തോളില്‍ തലചായ്ച്ചു കരയുന്ന ആ ശാസ്ത്രജ്ഞനെയാണ്.  കനിവാണ് ആ കണ്ണീര്‍.  ജീവനെ സ്‌നേഹിച്ച, തന്റെ ചുറ്റുപാടിലെ ഓരോ അണുവിനേയും ബഹുമാനിച്ച മനുഷ്യന്റെ കണ്ണീര്‍. - എല്ലാം വിലപ്പെട്ടതാണ്, ഓരോ അണുവും, ഓരോ ജീവനും.  ചിലതിരിച്ചറിവുകള്‍ നമ്മുടെയും വെളിച്ചമാകട്ടെ - ശുഭദിനം 

Part 25

ടിവിയില്‍ ലണ്ടന്‍ മാരത്തോണ്‍ ആകാംക്ഷയോടെ കാണുകയാണ് പീറ്റര്‍ ഗ്രേയും കുടുംബവും.  അപ്പോള്‍ ഇളയമകള്‍ ടാനി പിതാവിനോട് പറഞ്ഞു.  എനിക്കും മാരത്തോണില്‍ പങ്കെടുക്കണം.  വീട്ടില്‍ അതുവരെയുണ്ടായിരുന്ന ബഹളം മെല്ലെ നിശബ്ദതയിലേക്ക് വഴിമാറി.  എല്ലാവരും സങ്കടത്തോടെ അവളെ നോക്കി.  'എനിക്ക് ലോകമറിയുന്ന കായികതാരമാകണം. ഞാന്‍ ആവുക തന്നെ ചെയ്യും'  എന്ന് പറഞ്ഞ് അവള്‍ തന്റെ വീല്‍ചെയറുമായി തിരിച്ചുപോയി.  തന്റെ മകളുടെ ആഗ്രഹത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് ആ അച്ഛന് അറിയില്ലായിരുന്നു.  കാലം കടന്നുപോയി.  ബാസ്‌കറ്റ്‌ബോള്‍, അമ്പെയ്ത്ത്, നീന്തല്‍, കുതിരയോട്ടം എന്നിവയിലെല്ലാം ടാനി അസാമാന്യപ്രകടനം കാഴ്ചവെച്ചു. അവളുടെ സ്വപ്‌നംപോലെതന്നെ, 1988 ല്‍ ബ്രിട്ടനുവേണ്ടി ടാനി പാരാലിംപിക്‌സില്‍ പങ്കെടുത്തു.  അവിടന്നങ്ങോട്ട് ടാനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.  പാരാലിംപിക്‌സില്‍ 16 മെഡലുകള്‍, അതില്‍ 11 സ്വര്‍ണ്ണം.  6 തവണ ലണ്ടന്‍ മാരത്തോണ്‍ ചാമ്പ്യന്‍.  30-ാളം ലോകറെക്കാര്‍ഡുകള്‍ സ്വന്തം പേരിനൊപ്പം എഴുതിച്ചേര്‍ത്തു കേരിസ് ഡേവിനോ രേഗ എന്ന ടാനി.  ചിലരുടെ നിഘണ്ടുവില്‍ ഒരു വാക്ക് ഉണ്ടാകില്ല. ' അസാധ്യം' എന്ന വാക്ക്.  മനകരുത്ത്‌ കൊണ്ട് അവര്‍ എന്തും നേടിയെടുക്കും. നമ്മെ തേടിവരുന്ന സങ്കീര്‍ണ്ണതകളെയും നമുക്ക് മനകരുത്ത് കൊണ്ട് തന്നെ നേരിടാം.  ഇടയക്കൊക്കെ ' അസാധ്യം'  എന്ന വാക്കിനെയൊന്ന് നമുക്ക് മറക്കാന്‍ ശ്രമിക്കാം  - ശുഭദിനം  

Part 24

1800 കളുടെ അവസാന കാലം.  ന്യൂയോര്‍ക്കിലെ ഒരു തെരുവിലൂടെ നടക്കുകയായിരുന്നു ജോണ്‍ ജേക്കബ് ബൗഷ് എന്ന കണ്ണടനിര്‍മ്മാതാവ്. തികച്ചും യാദൃശ്ചികമായാണ് നിലത്തുകിടന്ന ഒരു റബ്ബര്‍ കഷ്ണം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടത്.  എന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കാം എന്ന് കരുതി ആ റബ്ബര്‍ കഷ്ണം അദ്ദേഹം കയ്യിലെടുത്തു.  അക്കാലത്ത് മാന്‍കൊമ്പോ, ആമത്തോടോ, സ്വര്‍ണ്ണമോ ഉപയോഗിച്ചാണ് കണ്ണടയുടെ ഫ്രെയിം നിര്‍മ്മിച്ചിരുന്നത്.  അതുകൊണ്ടുതന്നെ ഇത് സാധാരണക്കാര്‍ക്ക് ഇത് അപ്രാപ്യമായിരുന്നു. ജേക്കബ് ബൗഷ് ഒരു പരീക്ഷണം നടത്തി.  കണ്ണടയ്ക്ക് റബ്ബര്‍ മുറിച്ച് ഫ്രെയിം ഉണ്ടാക്കി.  ഇത് വിജയിച്ചു. വിലകുറച്ച് കണ്ണടകള്‍ വിപണയിലെത്തിക്കാന്‍ അദ്ദേഹത്തിനായി.  പിന്നീട് ജോണ്‍  ജേക്കബ് തന്റെ ചങ്ങാതി ഹെന്‍ട്രിയുമായി ചേര്‍ന്ന് ഒരു കമ്പനി ആരംഭിച്ചു.  കണ്ണടനിര്‍മ്മാണമാണ് ആദ്യം ലക്ഷ്യം വെച്ചിരുന്നതെങ്കിലും പിന്നീട് മൈസ്‌ക്രോസ്‌കോപ്പ്, ദൂരദര്‍ശിനി, ക്യാമറയിലേക്ക് ആവശ്യമായ ലെന്‍സുകള്‍, പ്രോജക്ട് ലെന്‍സുകള്‍ തുടങ്ങിയവയെല്ലാം നിര്‍മ്മിച്ച് നല്‍കാന്‍ തുടങ്ങി.  ഇവരുടെ  കമ്പനി ലെന്‍സ് നിര്‍മ്മാണത്തില്‍ പ്രസിദ്ധിനേടി.  ആയിടക്കാണ് അമേരിക്കന്‍ വായുസേനയിലെ ജീവനക്കാര്‍ക്ക് വിമാനം പറപ്പിക്കുമ്പോള്‍ സൂര്യരശ്മികള്‍ കണ്ണിലേക്കടിച്ച് തലവേദനയും, കണ്ണുവേദനയും ഉണ്ടാകുന്നെന്ന പരാതി ഉയര്‍ന്നത്.  ഇതിന് പരിഹാരം തേടി സേന ഇവരെ സമീപിച്ചു. അങ്ങനെ 1936 ല്‍ കമ്പനി പുതിയ തരം ലെന്‍സ് ഉപയോഗിച്ച് സൂര്യരശ്മികളെ തടയുന്ന ഒരു കണ്ണട കണ്ടുപിടിച്ചു.  പിന്നീട് നടന്നത് ചരിത്രമായിരുന്നു.  ഈ കണ്ണട ധീരതയുടേയും കരുത്തിന്റേയും പര്യായമായിമാറി.  ഹോളിവുഡ്, ബോളിവുഡ് എന്നുവേണ്ട നമ്മുടെ മോളിവുഡില്‍ പോലും ഇവന്‍ ഹിറ്റായി.  ഇത് ബൗഷ് ആന്റ് ലോംബ് കമ്പിനിയുടെ ' Ray -ban' എന്ന സ്‌റ്റൈലന്‍ കണ്ണടയുടെ കഥ!    വഴിയരികില്‍ നിന്നും ലഭിച്ച ഒരു റബ്ബര്‍ കഷ്ണം മാറ്റി മറിച്ച ജീവിതം.... അതെ, ജീവിതം അങ്ങനെ ധാരാളം യാദൃശ്ചികതകള്‍ നിറഞ്ഞതാണ്.  യാദൃശ്ചികമായിട്ടാണെങ്കിലും വന്നുചേരുന്ന അവസരങ്ങള്‍ യഥാവിധി വിനിയോഗിക്കുമ്പോഴാണ് വിജയചരിത്രം രചിക്കപ്പെടുന്നത്.  നമ്മുടെ ജീവിതത്തിലും ചരിത്രം തീര്‍ക്കാന്‍, കടന്നുവരുന്ന അവസരങ്ങളെ യഥാവിധി ഉപയോഗിക്കാനാകട്ടെ - ശുഭദിനം

Part 23

പുതിയ ഒരു ആശയമോ വസ്തുതകളോ എന്തുമാകട്ടെ, കേള്‍ക്കുമ്പോള്‍ തന്നെ അതിനെ തള്ളിക്കളയുക എന്ന രീതി മനുഷ്യസഹജമായ ഒന്നാണ്.  ആ സ്വഭാവത്തിന് കാലങ്ങളോ ദേശങ്ങളോ എന്ന വ്യത്യാസമില്ല എന്നതാണ് രസകരമായ മറ്റൊരു കാര്യം.  നമ്മുടെ ചിന്തകളെ ഗണിതശാസ്ത്ര രീതിയില്‍ അവതരിപ്പിക്കാന്‍ സാധിക്കുമോ? കേള്‍ക്കുമ്പോള്‍ തന്നെ 'വിഢിത്തം' എന്നല്ലേ നാവിന്‍ തുമ്പില്‍ വന്നത്.  ബ്രിട്ടണ്‍ ഗണിതശാസ്ത്രജ്ഞനായ ജോര്‍ജ് ബൂള്‍ ഈ ആശയം അവതരിപ്പിച്ചപ്പോള്‍ ഇതുതന്നെയായിരുന്നു സ്ഥിതി.  വിഢിത്തം എന്ന് പറഞ്ഞ് അവര്‍ ഈ ആശയത്തെ തള്ളിക്കളഞ്ഞു.  പക്ഷേ, കംപ്യൂട്ടര്‍ രംഗത്തെ കുതിച്ച് ചാട്ടത്തിന് കാരണമായത് ജോര്‍ജ് ബൂളിന്റെ 'ബൂളിയന്‍ ആള്‍ജിബ്ര' എന്ന ഗണിതരീതിയാണ് എന്നതാണ് അത്ഭുതകരം.  ഇംഗ്ലണ്ടിലെ ഒരു ചെരുപ്പുകുത്തിയുടെ മകനായാണ് ജോര്‍ജ് ബൂളിന്റെ ജനനം.  പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ ബൂള്‍ പുസ്തകങ്ങള്‍ സ്വയം വായിച്ചുപഠിച്ചാണ് തന്റെ ഗണിതസിദ്ധാന്തങ്ങള്‍ കണ്ടെത്തിയിരുന്നത്.  ഡബ്ലിന്‍, ഓക്‌സ്ഫോഡ് യൂണിവേഴ്‌സിറ്റികള്‍ ബൂളിന് ഹോണററി ബിരുദം നല്‍കിയിട്ടുണ്ട്.  റോയല്‍ സൊസൈറ്റി ഫെല്ലോ ആയി ബൂളിനെ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.  ബൂളിനെപോലെയുള്ള 'വിഢികള്‍' ആണ് പിന്നീട് ആധുനിക ലോകത്തേ ഇത്രയും 'ബുദ്ധി' യുള്ളതാക്കിയത്.  അംഗീകരിക്കപ്പെടുക എന്നതിലല്ല, അവതരിപ്പിക്കപ്പെടുക എന്നതാണ് പ്രധാനം.  തെറ്റും ശരിയുമെല്ലാം പിന്നീട്.  ഒരു ആശയാവതരണം നടക്കാതെ വരുമ്പോള്‍ നമ്മള്‍, നമ്മുടെ രണ്ട് സാധ്യതകളെ നശിപ്പിക്കുന്നു.  ഒന്ന് - അവതരിപ്പിക്കാനുള്ള സാധ്യത, രണ്ട് അതിന്റെ 'ഔട്ട് പുട്ട്' എന്ന സാധ്യത.  മാങ്ങയുള്ള കൊമ്പിലേ കല്ലെറിയുകയുള്ളൂ എന്ന പഴമൊഴി പോല, നമുക്ക് മറ്റുള്ളവരുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ ഒരാശയമോ, വസ്തുതകളോ ഉണ്ടെന്നിരിക്കട്ടെ, അവ ധൈര്യപൂര്‍വ്വം അവതരിപ്പിക്കുക.  അവസരങ്ങള്‍ വിനിയോഗിക്കപ്പെടട്ടെ - ശുഭദിനം.

Part -22

ചിലപ്പോഴൊക്കെ ചിലയാത്രകള്‍ ജീവിതത്തിലെ വഴിത്തിരിവായി മാറാറുണ്ട്. ഇദ്ദേഹത്തിന്റെ മുംബൈയില്‍ നിന്നുള്ള ദക്ഷിണാഫ്രിക്കന്‍ യാത്രയും ഒരു വഴിത്തിരിവിന്റെ തുടക്കമായിരുന്നു.  ദക്ഷിണാഫ്രിക്കയിലുള്ള ഒരു പാര്‍ക്കില്‍ റേഡിയോ കേട്ടിരിക്കുമ്പോള്‍ മനസ്സിലുടക്കിയ ഒരു പരസ്യം.  അതായിരുന്നു ഈ ആശയത്തിന്റെ തുടക്കം.  ഇതുപൊലൊന്ന് ഇന്ത്യയിലും തുടങ്ങിയാലോ എന്ന അന്വേഷണം.  ആ അന്വേഷണത്തിനൊടുവില്‍ സ്വകാര്യസ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് രണ്ടു കൂട്ടുകാരോടൊപ്പം ആകെയുള്ള എല്ലാ സമ്പാദ്യവും കൂട്ടിചേര്‍ത്ത് സ്വന്തം കിടപ്പുമുറിതന്നെ ഓഫീസാക്കി 'ബിഗ് ട്രീ എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനി ആരംഭിച്ചു.  ഉപഭോക്താക്കള്‍ക്ക് വെബ്‌സൈറ്റ് വഴി സിനിമാ ടിക്കറ്റ് ലഭ്യമാക്കുക എന്നതായിരുന്നു ആദ്യ ആശയം.  ഇതിനായി ഒരു വെബ്‌സൈറ്റ് തുടങ്ങുകയും ആവശ്യക്കാര്‍ക്ക് നേരിട്ട് ടിക്കറ്റ് എത്തിച്ചുകൊടുക്കുകയും ചെയ്തു.  കമ്പനി ചെറുതായി പച്ചപിടിച്ചു.  ഏകദേശം 150ഓളം ജീവനക്കാര്‍ ഈ കമ്പനിയ്ക്കുവേണ്ടി വര്‍ക്ക് ചെയ്തു.  ആ സമയത്താണ് 2002 ലെ സാമ്പത്തിക പ്രതിസന്ധി ഈ സ്ഥാപനത്തേയും ബാധിച്ചത്.  ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചും, വേതനം കുറച്ചുമെല്ലാം സ്ഥാപനത്തെ നിലനിര്‍ത്താന്‍ അയാള്‍ പാടുപെട്ടു.  കമ്പനി പൂട്ടാന്‍ എല്ലാവരും നിര്‍ദ്ദേശിച്ചപ്പോഴും തന്റെ ആശയം ലോകം ഒരിക്കല്‍ ഏറ്റെടുക്കും എന്ന പ്രതീക്ഷയില്‍ പല സ്ഥലത്തും സാമ്പത്തിക പിന്തുണയ്ക്കായി അയാള്‍ കയറിയിറങ്ങി.  അവസാനം GP മോര്‍ഗനില്‍ നിന്നും ഈ കമ്പനിക്ക് സാമ്പത്തിക സഹായം ലഭിച്ചു.  പുതിയകാലത്തിന്റെ മാറ്റങ്ങള്‍ കമ്പനിയിലും പുത്തന്‍ ഉണര്‍വ്‌നല്‍കി.  മള്‍ട്ടിപ്ലസ്സുകളുടെ കടന്നുവരവ് ഈ കമ്പനിയ്ക്ക് ഗുണമായി ഭവിച്ചു.  ഇത്തരം മള്‍ട്ടിപ്ലസ്സ് തിയറ്ററുകള്‍ക്ക് ആവശ്യമായ ടിക്കറ്റ് സംവിധാനത്തിനുള്ള സോഫ്ട്‌വെയര്‍  ഇവര്‍ നിര്‍മ്മിച്ചു കൊടുത്തു. പിന്നെയും കാലാനുസ്യതമായ ഇടപെടലുകള്‍.. ലോകം ഇദ്ദേഹത്തിന്റെ ആശയത്തെ ഏറ്റെടുത്തു.  ആശിഷ് ഹേംറജാനി എന്ന വ്യക്തിയുടെ കിടപ്പുമുറിയില്‍ ആരംഭിച്ച ഈ കമ്പനിയ്ക്ക് ഇന്ന് മൂവായിരത്തിലേറെ കോടികളുടെ മൂല്യമുണ്ട്.  ഒരുപക്ഷേ, ആശിഷ് ഹേംറജാനി എന്ന വ്യക്തി നമുക്ക് അത്രസുപരിചിതനായിരിക്കുകയില്ല.  പക്ഷേ അദ്ദേഹത്തിന്റെ തലയിലുദിച്ച ആശയത്തെ നമ്മള്‍ ' ബുക്ക് മൈ ഷോ' എന്ന പേരില്‍ അറിയും.  ഇന്ത്യന്‍ സിനിമാ വ്യവസായത്തില്‍ വമ്പിച്ച മുന്നേറ്റമായിരുന്നു ബുക്ക് മൈ ഷോ എന്ന ആപ്പ് വഴി ലഭിച്ചത്.  ഈ ആപ്പുവഴി ഇന്ത്യയിലുടനീളമുള്ള തിയറ്റുകളില്‍ ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സാധിക്കുന്നു, കൂടാതെ IPL പോലുളള സ്‌പോര്‍ട് മത്സരങ്ങളുടെ ടിക്കറ്റുകളും ബുക്ക് മൈ ഷോ വഴി ലഭ്യമാകുന്നു.  ക്യൂവിനെ തോല്‍പ്പിച്ച ഐക്യുവിന്റെ കഥതുടരുന്നു...

ഒരാശയം മനസ്സില്‍ പിറക്കുന്നതിലല്ല കാര്യം, കൃത്യമായ ഹോംവര്‍ക്കുകളിലൂടെ പ്രതിസന്ധികളില്‍ തളരാതെ, കാലാനുസൃതമായ ഇടപെടലുകള്‍ നടത്തി വിജയിപ്പിക്കുന്നതിലാണ്.  അതാണ് വിജയത്തിന്റെ മാജിക് - ശുഭദിനം 
June9

Part -21

 അവന് ചെറുപ്പം മുതലേ ക്രിക്കറ്റ് കളിയോട് അടങ്ങാത്ത മോഹമായിരുന്നു.  പക്ഷേ, അവന്റെ അച്ഛന്‍ അതിന് സമ്മതിച്ചിരുന്നില്ല.  പേടിച്ചും ഒളിച്ചുമാണ് അവന്‍ ക്രിക്കറ്റ് കളിക്കാന്‍ പോയിരുന്നത്.  അവന്റെ അച്ഛന്‍ ചെറിയൊരു കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.  തന്റെ മകനെ ഒരു പട്ടാളക്കാരനാക്കാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.  അടുത്തുള്ള ഒരാശുപത്രിയിലെ നേഴ്‌സായിരുന്നു അവന്റെ അമ്മ.  മകന്റെ ആഗ്രഹത്തിന് അച്ഛന്‍ അറിയാതെ കൂട്ട് നിന്നത് അമ്മയായിരുന്നു.  നാട്ടില്‍ ഒരു പഴയ ക്രിക്കറ്റ് കളിക്കാരനുണ്ടായിരുന്നു.  പോലീസില്‍ നിന്നും പിരിഞ്ഞ അദ്ദേഹം 'ക്രിക്കറ്റ് ബംഗ്ലാവ് ' എന്നൊരു സ്ഥാപനം നടത്തിയിരുന്നു.  പാവപ്പെട്ട കുട്ടികളെ ക്രിക്കറ്റ് പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം.  അവന്‍ ആ സ്ഥാപനത്തില്‍ കയറിപ്പറ്റി.  പടിപടിയായി മിന്നുന്നപ്രകടനങ്ങളോടെ ഉയര്‍ന്നു.  പക്ഷേ ഒരു ആക്‌സിഡന്റില്‍ അവന്റെ അമ്മ മരിച്ചത്, ആ കുടുംബത്തേയും അവന്റെ ക്രിക്കറ്റ് മോഹങ്ങളേയും അപ്പാടെ തച്ചുടച്ചു.  അവന്റെ ഉള്ളിലെ ക്രിക്കറ്റ് മോഹം അതോടെ കെട്ടുപോയി.  ദാരിദ്ര്യവും കഷ്ടപ്പാടുകളുമായിരുന്നു പിന്നെയാ കുടുംബത്തെ കാത്തിരുന്നത്.  ഒരു ദൈവനിയോഗം പോലെ അവന്റെ മൂത്തപെങ്ങള്‍ അമ്മയുടെ സ്ഥാനം ഏറ്റെടുത്തു.  അതേ ഹോസ്പിറ്റലില്‍ ഒരു ജോലി തരപ്പെടുത്തി.  പതിയെ പതിയെ ആ കുടുംബം ദാരിദ്ര്യത്തില്‍ നിന്നും കരകയറി.  തന്റെ അനിയന്റെ ക്രിക്കറ്റ് മോഹത്തിന് അവള്‍ വീണ്ടും തിരികൊളുത്തി.  ഇന്ത്യന്‍ ടീമിലെത്തണം, ഇന്ത്യയ്ക്ക് വേണ്ടി കളിക്കണം.  ഓരോ ശ്വാസത്തിലും അതായിരുന്നു അവന്റെ സ്വപ്നം, ആ സ്വപ്‌നത്തിന് വേണ്ടി അശ്രാന്തം പരിശ്രമിച്ചു. ഒടുവില്‍ അവന്റെ ആഗ്രഹത്തിന് കാലം പച്ചക്കൊടി കാട്ടി.  അവന്‍ ഇന്ത്യന്‍ ടീമിലെത്തി,  ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയെങ്കിലും കാലം അവന് വേണ്ടി സവിശേഷമായൊരു റെക്കോര്‍ഡ് കാത്തുവെച്ചിരുന്നു.  ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ മൂന്ന് ട്രിപ്പിള്‍ സെഞ്ചറി നേടിയ ഇന്ത്യക്കാരന്‍ എന്ന റെക്കോര്‍ഡ്! ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് പോലും സ്വന്തമാക്കാനാകാത്ത അപൂര്‍വ്വ റെക്കോര്‍ഡ്!! ഇത് രവീന്ദ്ര ജഡേജയുടെ സ്വപ്‌നസാക്ഷാത്കാരത്തിന്റെ കഥ...

കാലം എപ്പോഴും അങ്ങിനെയാണ്, എത്ര പ്രതിസന്ധികള്‍ വന്നാലും, എത്ര കൊടുങ്കാറ്റ് വന്നാലും അടിപതറാതെ, ഉലയാതെ, ലക്ഷ്യത്തിലേക്കുള്ള ഏകാഗ്രമായ യാത്ര നടത്തുന്നവര്‍ക്ക് കാലം ഒരു അത്ഭുതം ഒളിപ്പിച്ചുവെച്ചിരിക്കും. നമ്മള്‍ ആഗ്രഹിച്ച ഒരു സ്‌നേഹസമ്മാനം.  - ശുഭദിനം 

Part -20

ചിലരുടെ വാക്കുകള്‍ മറ്റുള്ളവര്‍ക്ക് എന്തെങ്കിലുമൊക്കെ ചെയ്യുവാനുള്ള പ്രചോദനം നല്‍കുന്നു.  ചിലപ്പോള്‍ ചിലരുടെ പ്രവര്‍ത്തികളാകാം മറ്റുള്ളവര്‍ക്ക് പ്രചോദനം.  എന്നാല്‍ വാക്കുകള്‍കൊണ്ടും പ്രവര്‍ത്തികൊണ്ടും ലോകത്തെ പ്രചോദിപ്പിച്ച ഒരു വനിതയുടെ കഥയാണിത്. 1928 ഏപ്രില്‍ 4 ന് അമേരിക്കയിലെ മിസോറിയിലാണ് അവര്‍ ജനിച്ചത്.  ആഫിക്കന്‍ വംശജ.  കടുത്ത ദാരിദ്യത്തിലായിരുന്നു അവരുടെ ബാല്യവും കൗമാരവും കടന്നുപോയത്.  സ്‌കൂള്‍ വിദ്യാഭ്യാസത്തോടെ തന്റെ പഠനം അവര്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നു.   40-ാം വയസ്സില്‍ അവര്‍ എഴുതിയ ആത്മകഥ അവരുടെ ജീവിതത്തെ അപ്പാടെ മാറ്റിമറിച്ചു.  ' I know why the caged bird sing' എന്നതായിരുന്നു  അവരുടെ   ആത്മകഥയുടെ പേര്.  ബാല്യകൗമാരകാലത്ത് താന്‍ അനുഭവിച്ച പീഢനങ്ങളുടേയും കഷ്ടപ്പാടുകളുടേയും നേര്‍ചിത്രമായിരുന്നു ഈ ആത്കഥ.  സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള അവരെ പിന്നീട് തേടിയെത്തിയത് 50 ല്‍ പരം സര്‍വ്വകലാശാലകളുടെ ബഹുമതികളായിരുന്നു.  ഇത് മായാ ഏഞ്ചലോ (Maya Angelou).  ബഹുമുഖപ്രതിഭ എന്ന വാക്കിന് സര്‍വ്വഥായോഗ്യയായ വ്യക്തിത്വം.  എഴുത്തുകാരി, കവയിത്രി, സംവിധായിക, നര്‍ത്തകി, അഭിനേത്രി, ഗായിക, പ്രഭാഷക, സാമൂഹ്യപ്രവര്‍ത്തക എന്നിങ്ങനെ വ്യത്യസ്ത നിലകളില്‍ അവര്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.  ഗ്രാമി അവാര്‍ഡും ഇവരെ തേടിയെത്തിയിട്ടുണ്ട്.  മാര്‍ട്ടിന്‍ ലുഥര്‍കിങ്ങിനൊപ്പം മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ നേതൃത്വം നല്‍കിയിട്ടുണ്ട്.  പച്ചയായ ജീവിതാനുഭവങ്ങള്‍ ലോകത്തിന് മുന്നിലെത്തിച്ച മായയുടെ വാക്കുകള്‍ ലോകത്തിലെ ഏറ്റവും പ്രചോദിപ്പിച്ച ഉദ്ധരണികളുടെ ശ്രേണിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.  'നിങ്ങള്‍ ചെയ്യുന്ന പ്രവൃത്തി നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ അത് ചെയ്യാതിരിക്കുക,  അല്ലെങ്കില്‍ അതിനോടുള്ള മനോഭാവം മാറ്റുക. കാരണം ആത്മാഭിമാനത്തോടെയുള്ള ജീവിതമാണ് ഏറ്റവും ഉത്തമമായത്' - മായ ഏഞ്ചലോയുടെ ഈ വാക്കുകള്‍ നമുക്കും പ്രചോദനമാകട്ടെ - ശുഭദിനം 

Part -19

ഒരുപാട് പഴക്കമുള്ള സര്‍ക്കാര്‍ ആശുപത്രിയായിരുന്നു അത്.  അവിടെ കിടക്കുന്ന രണ്ടുപേര്‍. കാന്‍സറിന്റെ അവസാന സ്റ്റേജില്‍ എത്തിനില്‍ക്കുന്ന ഒരാളും, നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ മറ്റൊരാളും.   കഠിനമായ വേദനയിലാണ് ഇരുവരും. നട്ടെല്ലിന് പരിക്കേറ്റ ആ ചെറുപ്പക്കാരന്‍ ഒന്നനങ്ങാന്‍ പോലുമാകാതെ നിലവിളിക്കും.  അപ്പോഴെല്ലാം കാന്‍സര്‍ രോഗിയായ യുവാവ് അയാളെ ആശ്വസിപ്പിക്കും.  ജനാലയ്ക്കരികിലായിരുന്നു യുവാവ് കിടന്നിരുന്നത്.  പുറത്തെകാഴ്ചകളെല്ലാം അയാള്‍ കൂട്ടുകാരന് പറഞ്ഞുകേള്‍പ്പിക്കും.  കഥപോലെ പുറത്തെകാഴ്ചകള്‍ കുട്ടുകാരന്‍ പറഞ്ഞു കേള്‍ക്കുമ്പോള്‍ നട്ടെല്ലിന്റെ വേദന മറന്ന് അയാള്‍ ചിരിക്കും. ഏറ്റവും ഹൃദ്യമായി കഥ പറഞ്ഞ ആ രാത്രിയില്‍ കാന്‍സര്‍ രോഗിയായ  യുവാവ് മരിച്ചു. അപ്പോഴേക്കും അവര്‍ ഉറ്റചങ്ങാതിമാരായി മാറിയിരുന്നു.  അയാളുടെ വിയോഗം കൂട്ടുകാരനെ വല്ലാതെ ഉലച്ചു.  അന്ന് നേഴ്‌സിനോട് അയാള്‍ ഒരു ആവശ്യം ഉന്നയിച്ചു.  തന്റെ കൂട്ടുകാരന്‍ കിടന്ന കട്ടിലില്‍ തന്നെ കിടത്തണം.  നേഴ്‌സ് അയാളെ ജനാലയ്ക്കരികിലുള്ള കട്ടിലിലേക്ക് മാറ്റി.  ചങ്ങാതിയുടെ ഓര്‍മ്മയില്‍ ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു.  ഒന്ന് എഴുന്നേറ്റിരിക്കാറായാപ്പോള്‍ ചങ്ങാതി പറഞ്ഞു തന്ന കാഴ്ചകള്‍ കാണാന്‍ അയാള്‍ ഒന്ന് എത്തിനോക്കി.  വലിയൊരു മതിലല്ലാതെ അവിടെ ഒന്നുമുണ്ടായിരുന്നില്ല.  ആ മതില്‍ പുതിയതായി കെട്ടിയതാണോ എന്ന് നേഴ്‌സ് വന്നപ്പോള്‍ അയാള്‍ അന്വേഷിച്ചു.  ഈ ആശുപത്രിയോളം പഴക്കം ആ മതിലിനുമുണ്ടെന്ന് നേഴ്‌സ് പറഞ്ഞു.  അപ്പോള്‍ തന്റെ ചങ്ങാതി പറഞ്ഞു തന്ന കാഴ്ചകളോ ? അതിന് നേഴ്‌സ് പറഞ്ഞ മറുപടിയില്‍ അയാള്‍ വീണ്ടും അമ്പരന്നു.  'അതിന് നിങ്ങളുടെ ചങ്ങാതിയ്ക്ക് ഇവിടെയെന്നല്ല, എവിടത്തെയും കാഴ്ചകള്‍ കാണാന്‍ ആവില്ലല്ലോ... അയാളുടെ കണ്ണിന് കാഴ്ചയുണ്ടായിരുന്നില്ല.  പക്ഷേ നിങ്ങള്‍ ഭാഗ്യവാനാണ്, വേദനകൊണ്ട് കരയാറുള്ള  നിങ്ങളെ സന്തോഷിപ്പിക്കാനായി സ്വന്തം ഭാവനയില്‍ അയാളുണ്ടാക്കിയ കഥകളായിരിക്കും അതെല്ലാം'. 

നല്ല സൗഹൃദങ്ങളുടെ നിയോഗമെന്താണെന്നോ... ചങ്ങാതിയുടെ കണ്ണ് നനയാന്‍ തുടങ്ങുമ്പോഴൊക്കെയും ചിരിപ്പിക്കുക. ചിരിപ്പിക്കാന്‍ മാത്രമല്ല, തോളില്‍ കിടന്ന് കരയാനും അനുവദിക്കുക.  കടവിലൊരാള്‍ കൈനീട്ടി നില്‍പ്പുണ്ടെങ്കില്‍ ഏത് പുഴയും അനായാസേന നീന്തിക്കയറും നമ്മള്‍.. നല്ല സൗഹൃദങ്ങള്‍ അങ്ങനെയൊരു ധൈര്യമാണ്.. - ശുഭദിനം 

Part -18

ഏതൊരു യുദ്ധത്തിലേതുപോലെ തന്നെയായിരുന്നു ആ യുദ്ധത്തിലേയും കാര്യങ്ങള്‍.  അമേരിക്കയും നോര്‍ത്ത് കൊറിയയും യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.  തെക്കന്‍ കൊറിയയുടെ സൈനികര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ സംഭവിച്ചിരിക്കുന്നു.  പരിക്കേറ്റവര്‍ സൈനിക ക്യാംപില്‍ ചികിത്സ തേടി.  പലര്‍ക്കും ശസ്ത്രക്രിയ വേണം.  എന്നാല്‍ സൈനികരുടെ ഭയത്തെ ഇല്ലാതാക്കിയത് അവര്‍ക്കിയിലേക്ക് എത്തിയ ജോസഫ് സി. സിര്‍ ആയിരുന്നു.  ഡോക്ടര്‍ എല്ലാവരുടേയും മുറിവുകള്‍ ചികിത്സിച്ചു, പലരേയും ശസ്ത്രക്രിയയിലൂടെ സുഖപ്പെടുത്തി.  ദിവസങ്ങള്‍ക്കു ശേഷം ഡോ.ജോസഫ് സി.സിറിന്റെ അമ്മ ഒരു സത്യം പുറത്തുവിട്ടു.  തന്റെ മകന്‍ ആയിരുന്നില്ല അന്നവിടെ ചികിത്സിക്കാന്‍ എത്തിയത് എന്ന്!  സൈന്യം അന്വേഷണം ആരംഭിച്ചു.  വൈകാതെ 'ഡോക്ടറെ' കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നു.  ഫ്രെഡ്  എന്ന് വിളിക്കപ്പെട്ടിരുന്ന ഫെര്‍ഡിനന്റ് വാല്‍ഡേ ഡിമെറ എന്ന കൊടും തട്ടിപ്പുകാരനായിരുന്നു അയാള്‍.  അമേരിക്കയില്‍ വ്യാപകമായ തട്ടിപ്പുകള്‍ നടത്തിയ ഫ്രെഡ് ഒടുവില്‍ സൈന്യത്തില്‍ എത്തി ഡോക്ടര്‍ ആയി വിലസി.  ചില പുസ്തകങ്ങള്‍ വായിച്ച പരിചയം മാത്രമായിരുന്നു ഡോക്ടറുടെ യോഗ്യത.  ഒടുവില്‍ ഡോക്ടര്‍ പിടിയിലായി.  സൈന്യം ആ തട്ടിപ്പുകാരനെ യാതൊരുവിധ ശിക്ഷാനടപടികളും കൂടാതെ വെറുതെ വിട്ടു.  നിരവധിപേരുടെ ജീവന്‍ രക്ഷിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നു എന്നാതായിരുന്നു കാരണം.  തെറ്റുകള്‍ ചിലപ്പോള്‍ തെറ്റുകളല്ലാതാകുന്നു.  പ്രവര്‍ത്തിയുടെ നല്ല ഗുണഫലം പ്രവര്‍ത്തിയെ ശുദ്ധീകരിക്കുന്നു.  നമ്മള്‍ ആരെന്നതല്ല, നമ്മള്‍ എന്ത് എന്നതാണ് വിലയിരുത്തപ്പെടേണ്ടത് - ശുഭദിനം 

Part -17

ജെയ് ജെ അമെസ് - 1932 ല്‍ അമേരിക്കയിലെ ടെക്‌സസില്‍ ആയിരുന്നു ഈ കുട്ടിയുടെ ജനനം.  11 വയസ്സുവരെ ആ കുട്ടിയുടെ ജീവിതം സാധാരണപോലെയായിരുന്നു.  പിന്നീട് അവിടന്നങ്ങോട്ട് ജെയ് അമെസിന്റെ ജീവിതം മറ്റൊന്നായിതീര്‍ന്നു.  1958 ല്‍ അദ്ദേഹം ഒരു ഡിക്റ്റടീവ് ഏജന്‍സി ആരംഭിച്ചു.  സങ്കീര്‍ണ്ണമായ പല കേസുകളിലും കുറ്റവാളികളെ കണ്ടെത്തി.  ഒരുവേള CIA യും FBI യും തോല്‍ക്കുന്നിടത്ത് ജെയ് വിജയിക്കുമെന്ന് ജനങ്ങള്‍ വിശ്വസിച്ചുതുടങ്ങി.  അങ്ങനെ ആ കാലം ജെയുടേതുമാത്രമായി മാറി.  അമേരിക്കന്‍ സിനിമാതാരം മര്‍ലന്‍ ബ്രാന്‍ഡോയുടെ മകനെ മെക്‌സിക്കന്‍ അധോലോകത്തിന്റെ കൈയ്യില്‍ നിന്നും രക്ഷപ്പെടുത്തിയതോടെ അദ്ദേഹം പ്രശസ്തിയുടെ അതിര്‍വരമ്പുകളെ മായ്ച്ചുകളഞ്ഞു.  ജെയ്യ് യെക്കുറിച്ച് സിനിമകള്‍ പിറന്നു, നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു.  എന്തിനേറെ കുട്ടികള്‍ക്ക് കളിക്കാന്‍ ജെയ്യുടെ പാവകള്‍ വരെ വിപണയിലെത്തി.  പക്ഷേ ആ പാവകള്‍ക്കെല്ലാം ഒരു പ്രത്യേകതയുണ്ടായിരുന്നു.  അവയ്‌ക്കൊന്നും രണ്ടു കൈയ്കളും ഉണ്ടായിരുന്നില്ല.  പാവകള്‍ക്ക് മാത്രമല്ല ജെയ്ക്കും കൈകള്‍ ഉണ്ടായിരുന്നില്ല.  11-ാം വയസ്സില്‍ ഒരു അപകടത്തില്‍ ജെയ്ക്ക് കൈകള്‍ നഷ്ടപ്പെട്ടിരുന്നു!!!

ജെയ്.ജെ.അമെസ് കടന്നുപോയ വഴികളിലെ അക്ഷരങ്ങള്‍ പെറുക്കിവെച്ചാല്‍ അദ്ദേഹത്തിന്റെ ജീവിതത്തെ ഇങ്ങനെ വായിക്കാം.- കഴിവില്ലായ്മയല്ല , കഴിയില്ല എന്ന മനോഭാവം... അതാണ് യഥാര്‍ത്ഥ പ്രശ്‌നം.  എന്ന് നാം ആ മനോഭാവത്തിന്റെ പുറംതോട് പൊട്ടിച്ച് പുറത്തുവരുന്നു, അന്ന് നമ്മുടെ കഴിവുകളെ നമുക്കും,  ഒപ്പം ലോകത്തിനും തിരിച്ചറിയാനാകും - ശുഭദിനം 

Part -16

ഭര്‍ത്താവ് തത്വശാസ്ത്രത്തില്‍ ഗവേഷണം നടത്തുകയാണ്.  ഭാര്യക്കൊരു സംശയം - ഭര്‍ത്താവിനു തന്നോടുള്ള സ്‌നേഹം കുറയുന്നുണ്ടോ.  പണ്ടു തന്റെ കാര്യങ്ങളില്‍ കുറച്ചുകൂടി ശ്രദ്ധിക്കുമായിരുന്നു.  ഒരു ദിവസം അവള്‍ ഇക്കാര്യം ഭര്‍ത്താവിനോട് ചോദിച്ചു.  താങ്കള്‍ എന്തുകൊണ്ടാണ് എന്നെ ഇത്ര തീവ്രമായി സ്‌നേഹിക്കുന്നത്?  അപ്പോള്‍ അദ്ദേഹം തിരിച്ചുചോദിച്ചു - തീവ്രത എന്നതുകൊണ്ട് നീ എന്താണ് ഉദ്ദേശിക്കുന്നത്, സ്‌നേഹപ്രകടനത്തിന്റെ ആവര്‍ത്തനമാണോ, സത്താപരമായ ഗുണനിലവാരമാണോ വാക്കുകളിലെ ഊഷ്മളതയാണോ അതോ എന്റെ മൗലികമായ സമീപനമാണോ.... ഉത്തരമില്ലാത്തതുകൊണ്ട് ഭാര്യ പിന്നീട് ഒന്നും ചോദിച്ചില്ല.  അറിവ് എങ്ങനെ എപ്പോള്‍ എവിടെ ഉപയോഗിക്കണമെന്ന അറിവാണ് യഥാര്‍ത്ഥ അറിവ്.  സംവേദനക്ഷമതയില്ലാത്ത, പരസ്പരം മനസ്സിലാകാത്ത സംഭാഷണങ്ങലും സംവാദങ്ങളുമാണ് എല്ലാ അകല്‍ച്ചകളുടേയും ആദ്യകാരണം.  നമ്മള്‍ എന്താണോ അതാകണം, എവിടെയാണോ അവിടെ ആയിരിക്കുകയും വേണം.  വീടിനുള്ളില്‍ വീട്ടുകാരനും തൊഴില്‍ സ്ഥലത്തു തൊഴിലാളിയുമാകണം.  ഒരു സ്ഥലത്തെ വികാരങ്ങളും വിചാരങ്ങളും മറ്റൊരിടത്തേക്കു കടന്നാല്‍ എല്ലായിടങ്ങളും പ്രശ്‌നബാധിതമാകും.  വീട്ടിലുള്ളവര്‍ പ്രതീക്ഷിക്കുന്നത് ഭര്‍ത്താവിനേയോ, ഭാര്യയേയോ, അചഛനേയോ, അമ്മയേയോ ഒക്കെയാണ്.  അവിടെ പ്രസിഡന്റിന്റേയോ, ഉദ്യാഗസ്ഥന്റേയോ മനഃസ്ഥിതിയ്ക്ക് പ്രസക്തിയില്ല. 

ഇടങ്ങള്‍ക്കനുസരിച്ച് ഇടപെടാനും ഓരോയിടവും എന്തിനുവേണ്ടി നിലകൊള്ളുന്നോ അതിനുവേണ്ടിതന്നെ നിലകൊള്ളാനുമുള്ള മാനസിക പക്വത നമുക്കും നേടാനാകട്ടെ - ശുഭദിനം

Part -15

ഹിറ്റ്ലറിന്റെ നരകത്തടവിൽ ലക്ഷക്കണക്കായ ജൂതകുടുംബങ്ങൾ മരണം കാത്തുകിടക്കുന്ന കാലം. ചില അടിയന്തിരാവശ്യങ്ങൾക്ക്‌ ഡോക്ടർമാരെ അവിടേക്ക്‌ കൊണ്ടുവരാറുണ്ട്‌. ആശുപത്രിയിലെ ആംബുലൻസിലാണ്‌ അവർ വരിക. അങ്ങോട്ടെത്തുന്ന ഡോക്ടർമാരുടെയെല്ലാം കൂടെ നഴ്സായ ഒരു പെൺകുട്ടി വരും. അനേകം തവണ അവളവിടെ വന്നുപോയി. വർഷങ്ങൾ കഴിഞ്ഞാണ്‌ ലോകം ആ വലിയ വാർത്തയറിഞ്ഞത്‌. ഓരോ തവണ വന്നുപോകുമ്പോഴും അവൾ, തടവിൽക്കഴിയുന്ന കുട്ടികളെ സൂത്രത്തിൽ പുറത്തെത്തിക്കും. കുട്ടികൾ കരഞ്ഞാൽ കാവൽക്കാർ അറിയും. കരയാതിരിക്കാൻ ചിലപ്പോൾ നേരിയ അളവിലുള്ള ഉറക്കഗുളിക നൽകും. മറ്റു ചിലപ്പൊൾ വീട്ടിലെ നായയെ കൂട്ടിവരും. ആംബുലൻസിൽ വെച്ച്‌ നായ ഉറക്കെ കുരയ്ക്കും. കുഞ്ഞുങ്ങളുടെ കരച്ചിൽ കാവൽക്കാർ കേൾക്കില്ല. മൂവായിരത്തോളം കുഞ്ഞുങ്ങളെ അവൾ ജീവിതത്തിന്റെ ആകാശത്തേക്ക്‌ തുറന്നുവിട്ടു. അയേന സെല്ലർ എന്ന ധീരയായ പെണ്‍കുട്ടിയുടെ കഥയാണിത്.
 അത്യന്തം അപകടമുള്ള ഈ പ്രവൃത്തിക്ക്‌ എങ്ങനെ ധൈര്യം കിട്ടി എന്ന ചോദ്യത്തിന്‌ അവൾ നൽകിയ മറുപടിയാണ്‌ പ്രധാനം; അവളുടെ അച്ഛൻ ഡോക്ടറായിരുന്നു. നാട്ടിലാകെ ഗുരുതരമായ പകർച്ചപ്പനി ബാധിച്ച കാലം. രോഗികളെ ചികിത്സിക്കാൻ ഭയന്ന് ഡോക്ടർമാരെല്ലാം നാടുവിട്ടുപോയി. ഇദ്ദേഹം  പനി ബാധിച്ചവരെയെല്ലാം വീടുകളിൽപ്പോയി ചികിത്സിച്ചു. കുറേ പേരെ രക്ഷിച്ചു. പക്ഷേ, പനി ഒടുവിൽ അയാളെയും തേടിയെത്തി. അധികം വൈകാതെ അദ്ദേഹം മരിക്കുകയും ചെയ്തു. മരണത്തിന്റെ ഏതാനും നിമിഷങ്ങൾക്കു മുമ്പ്‌ മകളെ അരികിലേക്ക്‌ വിളിച്ചു. ഒറ്റക്കാര്യം അവളോട്‌ പറഞ്ഞു: ‘ഒരാൾ മുങ്ങിമരിക്കുന്നത്‌ കണ്ടാൽ നിനക്ക്‌ നീന്തലറിയില്ലെങ്കിലും അയാളെ രക്ഷിക്കാൻ എടുത്തുചാടണം. കാരുണ്യമാണ്‌ ഈ ലോകത്ത്‌ ബാക്കിവെക്കാവുന്ന ഏറ്റവും നല്ല ഓർമ. '
അതെ.നമുക്ക്‌ നീന്തലറിയുമോ എന്നതല്ല. നമ്മളൊന്ന് കൈനീട്ടിയാൽ പിടിച്ചുകേറാൻ കാത്തിരിക്കുന്ന ഒരാൾക്കെങ്കിലും അത്‌ നൽകുന്നുണ്ടോ എന്നതാണ്‌ കാര്യം. കനിവോടെയുള്ളൊരു പുഞ്ചിരി മതിയാകും, ചിലർക്കെങ്കിലും‌ മുറിവിലുമ്മ വെക്കുന്നതുപോലെ സാന്ത്വനമേകാൻ.  ‘ഒരാൾ തനിക്കുവേണ്ടി ഏറ്റവും നന്നായി പ്രവർത്തിച്ചത്‌‌ മറ്റുള്ളവർക്കായി  പ്രവർത്തിച്ചപ്പോളായിരുന്നു’  എന്ന ഓര്‍മ്മപ്പെടുത്തലോടെ...  -  ശുഭദിനം

Part -14

സാമ്പത്തിക ശാസ്ത്രം പഠിക്കുന്നവർ കടന്നുപോകുന്ന ഒരു സിദ്ധാന്തമുണ്ട്,  'ആവശ്യവും അത്യാവശ്യവും'. ഇതിനെക്കുറിച്ച് ഒരു മലയാള സിനിമയിലെ ഡയലോഗ് ചേർത്തുവായിക്കാം "തന്റെ ആവശ്യം അവർക്ക് അനാവശ്യമായിരിക്കും...." ഇനി കഥയിലേക്ക്... നിക്കോളാസ് ലോവിങ്ങർ എന്ന അമേരിക്കക്കാരനായ 5 വയസ്സുകാരൻ ഒരിക്കൽ തന്റെ  അമ്മ സന്നദ്ധ പ്രവർത്തനം നടത്തുന്ന ഷെൽട്ടർ സന്ദർശിക്കുവാൻ ആഗ്രഹം പ്രകടിപ്പിച്ചു. അലങ്കാരപ്പണികൾ നിറഞ്ഞ പുത്തൻ ഷൂ ക്യാമ്പിലെ കുട്ടികളെ കാണിക്കുക എന്നതായിരുന്നു ആ യാത്രയുടെ ലക്ഷ്യം.
 പക്ഷേ അമ്മ അവന്റെ ആ താൽപര്യം മുളയിലെ നുള്ളി.  ക്യാമ്പിലെ ദാരിദ്രം കുട്ടിക്ക് പറഞ്ഞു കൊടുത്തു. പിന്നീട് ക്യാമ്പ് സന്ദർശിച്ച നിക്കോളാസ് കണ്ടത് നഗ്നപാദരായ തികച്ചും  ദാരിദ്ര്യത്തിൽ കഴിയുന്ന ഒരുപാട് കുട്ടികളെ. മനസ്സിൽ ഒരു തീരുമാനവും ആയിട്ടാണ് അവൻ അവിടെനിന്നും മടങ്ങിയത്.  അവിടെയുള്ള എല്ലാ കുട്ടികൾക്കും ഷൂ നൽകുക. അവൻ തന്റെ കൈയിലുള്ള എല്ലാ ഷൂവുകളും ശേഖരിച്ചു.  പക്ഷേ അതൊന്നും അവിടെ തികയുമായിരുന്നില്ല.  എല്ലാവർക്കും ഷൂ വേണം. അതിനായി പന്ത്രണ്ടാം വയസ്സിൽ അവൻ ഒരു സംഘടനയ്ക്ക് രൂപം നൽകി - ഗോട്ട ഹേവ്‌ സോൾ ഫൗണ്ടേഷൻ- എന്നായിരുന്നു അതിന്റെ പേര്. ആ സംഘടനവഴി നിക്കോളാസ് പലരിൽ നിന്നായി അനവധി ഷൂകൾ ശേഖരിച്ചു. ശേഖരിച്ച് ഷൂസുകൾ കുട്ടികൾക്ക് എത്തിച്ചു കൊടുത്തു. ഇപ്പോഴും ആ സംഘടന ഇത് തുടർന്നുകൊണ്ടേയിരിക്കന്നു. ഇനി തിരിച്ചു വരാം. ആവശ്യം അത്യാവശ്യം അനാവശ്യം.. ഈ മൂന്നു വാക്കുകളുടെ അർത്ഥം പൂർണ്ണമായി ഉൾക്കൊണ്ടപ്പോഴാണ് നിക്കോളസിന്  തന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ ആയത്.   ഷൂ തനിക്ക് ആഡംബരമായിരുന്നു എങ്കിൽ ഷെൽട്ടറിലെ കുട്ടികൾക്ക് അത് അത്യാവശ്യം ആയിരുന്നു.  അവരുടെ ആവശ്യം നഗ്നപാദങ്ങൾ സംരക്ഷിക്കാൻ സാധാരണമായ ഒരു ജോഡി ഷൂ മാത്രമായിരുന്നു... 

നമ്മുടെ ഓരോ തീരുമാനങ്ങൾക്കും മുന്നിലും ഒരു ഫിൽറ്റർ വയ്ക്കുക.  ആവശ്യത്തിനും അനാവശ്യത്തിനും അത്യാവശ്യത്തിനുമായ ഒരു ഫിൽറ്റർ -  ശുഭദിനം

Part -13

പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് സൈന്യം ലോകശ്രദ്ധ നേടിയിരുന്ന കാലം.  യുദ്ധവും സൈനികരുടെ പരിക്കുകളും തുടർക്കഥ. സൈനിക ക്യാമ്പിൽ ഒരു ഡോക്ടർ ഉണ്ടായിരുന്നു പേര് ജെയിംസ് ബാരി. അദ്ദേഹത്തിന്റെ കൈകളിൽ രോഗികൾ എന്നും സുരക്ഷിതരായി. പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ സൗകര്യത്തിൽ ഡോക്ടർ ജെയിംസ് ബാരി സിസേറിയൻ വിജയകരമായി നടത്തി. സൈന്യം ഡോക്ടർ ജെയിംസ് ബാരിയുടെ  സേവനം എന്നും ഓർമ്മയിൽ സൂക്ഷിക്കുന്നു. അയർലൻഡിലെ കോർക്കിൽ ആയിരുന്നു ബാരിയുടെ ജനനം. അക്കാലത്ത് അയർലൻഡിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കപെട്ടിരുന്നില്ല.  ബാരിയുടെ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് എഡിൻബറോ സർവ്വകലാശാലയിൽ നിന്നും അദ്ദേഹം ഡോക്ടർ ആയി. തന്റെ  സേവനം സൈന്യത്തിന് സമർപ്പിച്ചു.  മികവാർന്ന പ്രവർത്തനത്തിലൂടെ ഇൻസ്പെക്ടർ ജനറൽ പദവി വരെ എത്തി, 1859 സൈന്യത്തിൽ നിന്നും വിരമിച്ചു.ജീവിതസായാഹ്നത്തിലെ വിശ്രമത്തിനൊടുവിൽ  അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. അന്ന് ആദ്യമായി ലോകം മറ്റൊരു സത്യം മനസ്സിലാക്കി ഡോക്ടർ ജെയിംസ് ബാരി എന്ന പുരുഷൻ, ഡോക്ടർ മാർഗരറ്റ് ആൻ ബൾക്ക്ലി  എന്ന സ്ത്രീ ആയിരുന്നു!!! പഠിക്കണമെന്ന ആഗ്രഹം കാരണം പതിനേഴാം വയസ്സിൽ പുരുഷ വേഷമണിഞ്ഞ അവൾ പിന്നീട് ആ വേഷവും പേരും മാറ്റാതെ സൂക്ഷിച്ചു. ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ മാർഗ്ഗങ്ങൾ തടസ്സമാകാതെ അവൾ നോക്കി. പ്രശസ്ത ശാസ്ത്രജ്ഞൻ ലൂയിസ് പാസ്റ്റർ വിശ്വസിച്ചിരുന്ന ഒരു ആശയം കൂടി കൂട്ടി വായിക്കാം, ആഗ്രഹിക്കുന്ന മനസ്സുകൾക്കേ  അവസരങ്ങൾ തുറന്നു കിട്ടൂ - ശുഭദിനം

Part -12

അയാൾ പതിവായി ഒരു ഹോട്ടലിൽ നിന്ന് തന്നെയാണ് ഭക്ഷണം കഴിക്കുന്നത്. ഓർഡർ സ്വീകരിക്കുന്ന ആളുടെ കയ്യിൽ പണം മുൻകൂറായി നൽകുന്നതാണ് അവിടത്തെ രീതി. എല്ലാത്തവണയും കൃത്യം തുകതന്നെ  നൽകുന്നത് കണ്ട് വിളമ്പുകാരൻ അയാളോട് ചോദിച്ചു:  താങ്കളുടെ കയ്യിൽ എങ്ങനെയാണ് എന്നും കൃത്യം ചില്ലറ കാണുന്നത്?  അയാൾ പറഞ്ഞു: എനിക്കൊരു അത്ഭുതവിളക്ക് കിട്ടി അതിൽ നിന്നും പ്രത്യക്ഷപ്പെട്ട ഭൂതം വരം നൽകി.  എന്തു വാങ്ങിയാലും അതിനുള്ള കൃത്യം തുക എന്റെ പോക്കറ്റിൽ കാണും. വിളമ്പുകാരൻ പറഞ്ഞു:  നിങ്ങൾ എന്തൊരു മണ്ടനാണ്..  സാധാരണ എല്ലാവരും കോടികൾ ചോദിക്കും,  നിങ്ങൾ ചില്ലറ ചോദിക്കുന്നു... അപ്പോൾ അയാൾ പറഞ്ഞു:  കോടികൾ ഒരുമിച്ചു കിട്ടിയിട്ട് എന്തു ചെയ്യണമെന്ന് അറിയാതെ നിൽക്കുന്നതോ?  അതോ ഓരോ സമയത്തും വേണ്ടത് അപ്പോൾ ലഭിക്കുന്നതോ...  ഏതാണ് മെച്ചം? "  വിളമ്പുകാരന് മറുപടി ഉണ്ടായിരുന്നില്ല.  ആധിക്യമാണ് ആഡംബരങ്ങളുടെയും അനാവശ്യങ്ങളുടെയും ആദ്യകാരണം.  ലഭിക്കുന്നതൊന്നും അളന്ന് ഉപയോഗിക്കാനാകില്ല. അവയോടുള്ള മനോഭാവം തന്നെ നിസ്സംഗതയും നിസ്സാരതയും ആയിരിക്കും. സമ്പാദിക്കാൻ അറിയാത്തവന് നന്നായി അത് ചെലവഴിക്കാനും അറിയില്ല. കരുതലും നിക്ഷേപവും അനാവശ്യം എന്നല്ല, പക്ഷേ അവയുടെ വലിപ്പം കൊണ്ട് കാഴ്ച മറന്നുപോകരുത്. ഉപയോഗിക്കാതെ വച്ചിരിക്കുന്ന നിധിയുടെ അളവല്ല അയാളുടെ ജീവിതത്തിലെ വിജയത്തിന് തെളിവ്,  ഫലപ്രദമായും ഗുണനിലവാരത്തോടയും  ചിലവഴിച്ച സമയവും സമ്പാദ്യവും ആകും  ജീവിതത്തിലെ ഏറ്റവും ശ്രേഷ്ഠമായ മുതൽമുടക്ക്. ആർത്തിക്കു  അനുസരിച്ചല്ലാതെ ആവശ്യങ്ങൾക്കനുസരിച്ച് സമ്പാദ്യവും ചെലവും ക്രമീകരിക്കാൻ നമുക്കാകട്ടെ - ശുഭദിനം

Part - 11

ആരാണ് നമ്മുടെ സുഹൃത്തുക്കൾ?  ഇങ്ങനെ ചോദിച്ചാൽ കളിക്കൂട്ടുകാർ മുതൽ സമൂഹ മാധ്യമ സുഹൃത്തുക്കൾ വരെയുള്ളവരുടെ ഒരു നീണ്ട നിര തന്നെ വരും. അതിൽ തന്നെ നിരവധി കാറ്റഗറികളും ഉണ്ടാകും. ഇവർ മാത്രമാണോ നമ്മുടെ സുഹൃത്തുക്കൾ?  അല്ല എന്ന് തന്നെയാണ് ഉത്തരം.  കൃഷിഭൂമിയിൽ പോയിട്ടുണ്ടോ? അവിടെ ഓരോ ചെടിയോടും  കുശലം പറയുന്ന കർഷകനെ കാണാം. തൊഴുത്തിലെ പശുവിനോട് കിന്നാരം പറയുന്ന കറവക്കാരൻ.  തെങ്ങിനോട് പരിഭവിക്കുന്ന ചെത്തുതൊഴിലാളി,  പട്ടിക അങ്ങനെ നീളുന്നു... ഓർക്കുക ചുറ്റുപാടും കാണുന്ന എല്ലാം ഈ ഭൂമിയുടെ അവകാശികളാണ്. അതുകൊണ്ടുതന്നെ അവരോടും കൂട്ടുകൂടാം. ദിവസവും ഭക്ഷണം നൽകുന്ന കുട്ടിക്ക് പകരമായി മുത്തും കക്കയും കളിപ്പാട്ട കഷണങ്ങളും മറ്റും പൊതി കൊണ്ടുവന്നു കൊടുക്കുന്ന കാക്കയെ കുറിച്ച് ഉള്ള ഒരു വാർത്ത നമുക്ക് ഇവിടെ കൂട്ടിവായിക്കാം. അവയ്ക്കും നമ്മോട് പറയാൻ പലതുണ്ട്. ജയിലിന്റെ മുറ്റത്തെ ചെറിയ പാറകളെയും പുല്ലിന്റെ  ഉണങ്ങിയ കുറ്റികളെയും ഞാനെന്നും സുഹൃത്തിനെപ്പോലെ അഭിവാദ്യം ചെയ്യുമായിരുന്നു എന്ന് പറഞ്ഞത് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ആയിരുന്നു.   തന്നെ തടവിൽ പാർപ്പിച്ച ഓരോ ജയിലിലെയും തത്തയും അണ്ണാറക്കണ്ണനും കാക്കയും പൂച്ചയും നായ്ക്കുട്ടിയും എന്തിനേറെ പാമ്പ് വരെയും നെഹ്റുവിന്റെ പരിലാളനകൾ ഏറ്റു വാങ്ങി.  തന്റെ ആത്മകഥയിൽ ഈ  ജീവികളുമായുള്ള  സ്നേഹബന്ധത്തിന്റെ  കഥപറയാൻ നിരവധി പേജുകൾ അദ്ദേഹം മാറ്റിവെച്ചു.  ഒരു ഉപാധികളും ഇല്ലാത്ത സ്നേഹബന്ധം ആണ് അത്.  മുറ്റത്തെ ചെടിയോട് ഒന്ന് കുശലം പറഞ്ഞു നോക്കൂ.. മനസ്സ് പൂവുപോലെ വിരിയുന്നത് കാണാം.  ഓർക്കുക അവരും കൂടി  കൂടിച്ചേരുന്നതാണ് നമ്മുടെ സുഹൃത്ത് വലയം. ആ സൗഹൃദങ്ങൾ കൂടി അനുഭവിക്കാനുള്ള ഭാഗ്യം നമ്മുടെ ജീവിതത്തിലും ഉണ്ടാകട്ടെ -  ശുഭദിനം

Part - 10

ഒരു തലമുറ മുൻപുവരെ പഠിപ്പിച്ച അധ്യാപകരുടെ പേരുകൾ ചോദിച്ചാൽ മിക്കപ്പോഴും പറയുവാൻ പ്രയാസമായിരിക്കും. എന്നാൽ അവരുടെ ഇരട്ടപ്പേരുകൾ മിക്കവാറും ഓർക്കുന്നുണ്ടാകും.  ആ പേരുകളിൽ ആ അധ്യാപകരുടെ സ്വഭാവസവിശേഷതകൾ ഒളിഞ്ഞിരിക്കുന്നുമുണ്ടാകും.   പലപ്പോഴും കുട്ടികൾക്ക് നല്ലതല്ലാത്ത ചില സവിശേഷതകൾ കൊണ്ടായിരിക്കും ഇരട്ടപ്പേരുകൾ പിറക്കുന്നത്. പക്ഷേ ചിലപ്പോഴെങ്കിലും ഇരട്ടപേരുകൾ നല്ലതാകാറുമുണ്ട്. അത്തരമൊരു കഥ കഥയാണ് ഇനി. ലോകത്തിലെ പ്രധാന വേദികളിലെല്ലാം സംഗീതം അവതരിപ്പിച്ച ഒരാൾ. രാജ്യത്തെ ഒട്ടുമിക്ക പ്രമുഖ യൂണിവേഴ്സിറ്റികളും  ഡോക്ടറേറ്റ്  നൽകിയ ആദരണീയൻ.  രാജ്യം പത്മശ്രീയും പത്മഭൂഷണും ഒടുവിൽ പരമോന്നത ബഹുമതിയായ ഭാരതരത്നയും നൽകി ആദരം നൽകിയ ഷഹനായി ചക്രവർത്തി ഉസ്താദ് ബിസ്മില്ലാഖാൻ! ഇത്രയും ബഹുമതികൾക്ക് അർഹനായിട്ടും ജീവിതം ഒരു മഞ്ചാടിക്കുരുവിനെ പോലെ ചെറുതാക്കിയെടുക്കുയായിരുന്നു ഉസ്താദ്.  ഏറ്റവും കുറഞ്ഞ പ്രതിഫലം വാങ്ങിയിരുന്ന അദ്ദേഹം ആഡംബര ഹോട്ടലുകളിലെ താമസം ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ സായാഹ്നത്തിൽ സാമ്പത്തികമായ പ്രയാസങ്ങളും അദ്ദേഹം നേരിടേണ്ടിവന്നു. എന്നാലും അദ്ദേഹത്തിന് ഒന്ന് രണ്ട് കാര്യങ്ങളിൽ നിർബന്ധമുണ്ടായിരുന്നു. ഒന്നു തന്റെ  വീട്ടിലേക്ക് ആർക്കും എപ്പോഴും വരാം. രണ്ട് വീട്ടിലെത്തുന്ന ഏതൊരാളും അവിടെ നിന്നും ഭക്ഷണം കഴിച്ചിരിക്കണം. ഏതുസമയത്തും ഭക്ഷണമൊരുക്കി അദ്ദേഹം കാത്തിരുന്നു.  ആ ആതിഥേയത്വം  ഉസ്താദിന്റെ വീടിനൊരു പേര് കൊടുത്തു.  'ബിസ്മില്ല ഹോട്ടൽ'. ആ പേര്  സ്നേഹത്തിന്റെയും  ബഹുമാനത്തിന്റെയും  വിശേഷണം ആയിരുന്നു. ഇന്നും ആരാധകർ ആ വീടിനെ അങ്ങനെതന്നെ വിശേഷിപ്പിക്കുന്നു.

നമ്മുടെ ജീവിതത്തിലും ഇത്തരം  വിശേഷണ പദങ്ങൾ ധാരാളം ഉണ്ടാകട്ടെ. ആ വിശേഷണങ്ങളിൽ എന്നും ഓർക്കപ്പെടുന്ന ഒരു നന്മ നിറയ്ക്കാൻ നമുക്കും ആകട്ടെ - ശുഭദിനം

Part - 9

അയൽക്കാരായിരുന്നു അപ്പുവും അമ്മുവും.  നിധിപോലെ സൂക്ഷിക്കുന്ന കുറേ  ഗോട്ടികളുണ്ട് അപ്പുവിന്. അമ്മുവിനും അതുപോലെതന്നെ വളപ്പൊട്ടുകളുടെ വൻ  ശേഖരമുണ്ട്.  പലനിറത്തിലുള്ള വളപ്പൊട്ടുകൾ. അവൾ ഒരു ദിവസം വളപ്പൊട്ടുകൾ എല്ലാം അപ്പുവിനെ കാണിച്ചുകൊടുത്തു. എന്തെല്ലാം നിറങ്ങളിൽ കാണുന്ന വളപ്പൊട്ടുകൾ. അപ്പുവിന്  കൊതിയായി.  "വളപ്പൊട്ടുകൾ എനിക്ക് തരുമോ,  എന്നാൽ എന്റെ  ഗോട്ടികൾ മുഴുവൻ നിനക്ക് തരാം.  മുഴുവൻ വളപ്പൊട്ടുകളും അവൾ അപ്പുവിന്  കൊടുത്തു. അവൻ  സന്തോഷത്തോടെ വീട്ടിലേക്ക് പോയി. അമ്മുവിന് കൊടുക്കാൻ ഗോട്ടികൾ കൈയിലെടുത്തപ്പോൾ അവനൊരു  തോന്നൽ.  എല്ലാം കൊടുക്കണ്ട, കുറച്ചു മാറ്റി വെക്കാം. അവളെന്തായാലും അറിയില്ലല്ലോ. ഏറ്റവും ഭംഗിയുള്ള ഗോട്ടികൾ മാറ്റിവെച്ച് ബാക്കി അവൻ  അമ്മുവിന് കൊടുത്തു.  പക്ഷേ അവനാ രാത്രി ഉറക്കം വന്നില്ല.  അവൾ ഇതുപോലെ കുറേ വളപ്പൊട്ടുകൾ മാറ്റിവെച്ചിട്ട് ഉണ്ടാകുമോ?  ഇല്ല അവൾ എനിക്ക് മുഴുവനും തന്നിട്ടില്ല.  അവന് ആകെ സങ്കടമായി.  പക്ഷേ ഇതൊന്നും അറിയാതെ അടുത്ത വീട്ടിൽ അമ്മു സുഖമായി ഉറങ്ങി. സുഭാഷ് ചന്ദ്രൻ എഴുതിയ ഈ കുട്ടി കഥയിൽ നിറയെ ജീവിതമുണ്ട് അഴുക്കുള്ള മനസ്സിൽ നല്ല ചിന്തയോ, അശുദ്ധമായ കണ്ണിൽ നല്ല കാഴ്ചയോ പതിയില്ല.  ഒരാളെ പറ്റിച്ചു അപ്പോൾ അയാൾ തന്നെയും പറ്റിക്കുമോ  എന്ന ചിന്തയാൽ ഉള്ളം അശാന്തമായി.  പ്രിയപ്പെട്ട വരാൽ ചതിക്കപ്പെടുന്ന അതിനേക്കാൾ അസഹ്യമായ മറ്റൊരു അനുഭവം ഇല്ല.

 പറ്റിക്കാൻ എന്തെളുപ്പമാണ്,  ഏത് പ്രലോഭനങ്ങളിലും ബന്ധങ്ങൾ വിശ്വസ്തതയോടെ കാത്ത് വെക്കലാണ് വെല്ലുവിളി.   ആ വെല്ലുവിളി ഏറ്റെടുത്തു നടപ്പിലാക്കാൻ നമുക്കും സാധിക്കട്ടെ - ശുഭദിനം

Part - 8

സകല തിന്മകളുടേയും പര്യായമായിരുന്നു അയാള്‍.  ഒരിക്കല്‍ പാറക്കെട്ടുകള്‍ കയറുമ്പോള്‍ അയാളുടെ കാലുകള്‍ തെററി.  താഴേക്കു വീഴുന്നതിനിടെ ഒരു മരക്കൊമ്പില്‍ പിടുത്തം കിട്ടി.  അധികനേരം അങ്ങനെ നില്‍ക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ അന്ന് ആദ്യമായി അയാള്‍ ദൈവത്തെ വിളിച്ചു.  'ദൈവമേ, നീയുണ്ടെങ്കില്‍ എന്നെ രക്ഷപ്പെടുത്തുക.  എന്നെ രക്ഷിച്ചാല്‍ നീയുണ്ട് എന്ന യാഥാര്‍ത്ഥ്യം ഞാന്‍ ലോകം മുഴുവനും പ്രസംഗിക്കും'.  പക്ഷേ, പ്രത്യേകിച്ച് ഒന്നും തന്നെ സംഭവിച്ചില്ല.  അവസാനം മരച്ചില്ല ഒടിയുന്നതിനു മുമ്പെ അയാള്‍ ഒരു ശബ്ദം കേട്ടു: ' നിവൃത്തികേട് വരുമ്പോള്‍ എല്ലാവരും പറയുന്നതു മാത്രമാണ് നീയും പറഞ്ഞത് ! '   എല്ലാ മാര്‍ഗ്ഗങ്ങളും അടഞ്ഞുകഴിയുമ്പോള്‍ ആരുമൊന്നു വിശ്വാസിയാകാന്‍ നോക്കും.  താല്‍പര്യമുണ്ടായിട്ടല്ല, മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലാത്തതുകൊണ്ട്.  കാര്യം കാണാന്‍ വേണ്ടിമാത്രം അടുത്തുകൂടുന്നവരെ മനുഷ്യര്‍ക്കുപോലും മനസ്സിലാകും.  പിന്നെങ്ങനെ ഈശ്വരന്‍ തിരിച്ചറിയാതിരിക്കും.  അനുഗ്രഹിക്കാനുള്ള കഴിവില്ലായിരുന്നുവെങ്കില്‍ എത്രപേര്‍ ഈശ്വരനെ ആഗ്രഹിക്കും?  കാര്യസാധ്യത്തിനും അനുഗ്രഹത്തിനും വേണ്ടിയല്ലാതെ ഈശ്വര സാമീപ്യത്തിനു വേണ്ടി മാത്രം എത്ര പേര്‍ ദേവാലയങ്ങളില്‍ പോകുന്നുണ്ട്?  ആവശ്യത്തിനുപരിക്കുന്ന സൃഷ്ടിയായി മാത്രം ഈശ്വരനെ കാണുന്നവര്‍ക്ക്  ഈശ്വരാനുഭവം ഉണ്ടാകാറില്ല.    

വ്യവസ്ഥകളുടെ ദുര്‍ഗന്ധമില്ലാത്ത വിശുദ്ധമായ വിശ്വാസവും ആത്മാര്‍ത്ഥത നിറഞ്ഞ ആരാധനയും നമുക്കും പ്രാപ്യമാകട്ടെ - ശുഭദിനം 

Part - 7

 വികാരം - വിചാരം - അനുഭവം ഇത് മൂന്നും ചേര്‍ത്താല്‍ സാഹിത്യസൃഷ്ടിയുടെ അടിത്തറആയി എന്ന് പറയും.  ബുദ്ധിയും ഭാവനയും തന്റെ അനുഭവത്തില്‍ മിശ്രണം ചെയ്ത് ഉപയോഗിക്കാം.  നമ്മള്‍ 'ക്രിയാത്മകത' എന്ന വാക്ക് പലപ്പോഴും കലാപരമായ കാര്യങ്ങളില്‍ മാത്രം ഒതുക്കി നിര്‍ത്തുന്നു.  എന്നാല്‍ നല്ലൊരു കലാകാരന് വേണ്ടത് നിരീക്ഷണപാടവം ആണ്.  തന്റെ അനുഭവങ്ങളേയും ചുറ്റുപാടുകളേയും നന്നായി നിരീക്ഷിക്കാനും അവ ക്രിയാത്മകമായി അവതരിപ്പിക്കാനും അയാള്‍ക്ക് സാധിക്കണം.  ഇങ്ങനെയൊക്കെ പറയുമ്പോള്‍ അതേതോ കലയെക്കുറിച്ചോ കലാകാരനെക്കുറിച്ചോ ആണെന്ന് കരുതിപോവും.  അല്ല, അത് നാമെന്ന കലാകാരനെ കുറിച്ച് മാത്രം ആണ്.  ഓരോരുത്തരും അവരുടെ ജീവിതത്തെ എങ്ങനെ നോക്കികാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അയാളുടെ ജീവിതക്രമം. കുട്ടികള്‍ ഇല്ലാത്ത ദുഃഖം അത് അനിര്‍വചനീയമാണ്.  പലരും അനപത്യത ദുഃഖത്തില്‍ മുഴുകി സ്വയം ഉരുകിത്തീരുകയാണ് പതിവ്.  ഇനി ഒരു കഥയാകാം.  ആ ദമ്പതികള്‍ക്കും കുട്ടികള്‍ ഉണ്ടായിരുന്നില്ല.  അതുകൊണ്ട് തന്നെ കുട്ടികളായിരുന്നു എപ്പോഴും അവരുടെ ശ്രദ്ധാ കേന്ദ്രം.  അക്കാലത്ത് കുട്ടികള്‍ക്ക് വേണ്ടത്ര മുലപ്പാലും പോഷകാഹാരവും ലഭിക്കുന്നില്ല എന്നവര്‍ മനസ്സിലാക്കി.  അതിനൊരു പരിഹാരം വേണമെന്ന് ഹെന്ററി എന്ന ചെറുപ്പക്കാരനും ഭാര്യയും ആഗ്രഹിച്ചു. അതിനായി അവര്‍ കഠിനപരിശ്രമം തുടങ്ങി.  ഒരു ഫാര്‍മസിസ്റ്റ് കൂടിയായ ഹെന്ററി അതില്‍ വിജയിച്ചു. അങ്ങനെ അദ്ദേഹം ബേബിഫുഡ് നിര്‍മ്മിച്ചു.  ആ ബേബി ഫുഡ്ഡിനു തന്റെ സ്വന്തം പേര് തന്നെ അദ്ദേഹം നല്‍കി.  ലോഗോ ആയി തന്റെ കുടുംബവീടിന്റെ ചിഹ്നവും ചേര്‍ത്തു.  കിളികൂട് ആയിരുന്നു അദ്ദേഹത്തിന്റെ കുടുംബവീടിന്റെ ചിഹ്നം.  കാലം പിന്നെയും കടന്നുപോയി.  അതുപോലെ അദ്ദേഹത്തിന്റെ ബേബിഫുഡ്ഡും പല നാടുകളിലെ കുഞ്ഞുങ്ങളുടെ രുചിമുകുളങ്ങളെ കീഴടക്കി. കാലത്തിനനുസരിച്ച് ലോഗോയിലും വ്യത്യാസങ്ങള്‍ വന്നു.  കിളികൂട്ടില്‍ ഒരു കിളിയെ ആദ്യം വരച്ചു ചേര്‍ത്തു.  പിന്നീട് അമ്മകിളിക്കൊപ്പം കുഞ്ഞിക്കിളികള്‍ വന്നു,  ശേഷം അമ്മക്കിളിയില്‍ നിന്നും ഭക്ഷണം സ്വീകരിക്കുന്ന കുഞ്ഞിക്കിളികളും കൂടും വന്നു.  ഓരോ കാലത്തും അദ്ദേഹത്തിന്റെ പ്രോഡക്ടും മാറ്റങ്ങള്‍ക്ക് വിധേയമായി . എങ്കിലും ജനമനസ്സുകളില്‍ ഒന്നാം സ്ഥാനം തന്നെ നിലനിര്‍ത്തി.  നിരന്തരമായ നിരീക്ഷണമായിരുന്നു ഹെന്ററിയുടെ വിജയം.  ലോഗോയെക്കുറിച്ച് വിവരിക്കുമ്പോള്‍ തന്നെ ആ ബ്രാന്റ് നമ്മുടെ രുചിമുകുളങ്ങളെ ത്രസിപ്പിച്ചിരിക്കും.  എന്നിട്ടും ഓര്‍മയില്‍ വരാത്തവര്‍ക്ക് ഹെന്ററിയുടെ മുഴുവന്‍ പേര് കൂട്ടിവായിക്കാം.  - ഹെന്ററി നെസ്‌ലേ!!  - നെസ്‌ലേ എന്ന കമ്പനിയുടെ തലവന്‍. 

ജീവിതം അങ്ങിനെയാണ്.  എപ്പോഴും രണ്ടു വഴി നമുക്ക് മുന്നില്‍ തുറന്നിടും.  ഇല്ലായ്മകളില്‍ ദുഃഖിച്ച് കാലം കഴിക്കണോ, അതോ ഹെന്ററിയെപ്പോലെ ഇല്ലായ്മകളില്‍ നിന്നും ക്രിയാത്മകമായി ഉയരണോ - ആ വഴി നമുക്ക് തീരുമാനിക്കാം.   - ശുഭദിനം   

Part - 6

സ്ഥാപനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിന്റെ സമ്മര്‍ദ്ദത്തിലായിരുന്നു മാനേജര്‍.  ഓഫീസിലെത്തി ആരുടെയെങ്കിലും തലയില്‍ കുറ്റം ചാരി, തന്റെ രണ്ടു ജോലിക്കാരില്‍ ഒരാളെ പിരിച്ചുവിടാന്‍ തീരുമാനിച്ചാണ് അയാള്‍ ഇന്ന്  എത്തിയത്.  താമസിച്ചുവരുന്നയാളെ പിരിച്ചുവിടാമെന്നു കരുതിയപ്പോള്‍ രണ്ടുപേരും നേരത്തെഎത്തിയിരുന്നു.  ആദ്യം ചായ കുടിക്കാന്‍ പോകുന്നയാളെ ശകാരിക്കാന്‍ തീരുമാനിച്ചപ്പോള്‍, രണ്ടുപേരും ചായ അന്ന് ടേബിളില്‍ വരുത്തി കഴിച്ചു.  ഉച്ചഭക്ഷണത്തിന് കൂടുതല്‍ സമയം ചിലവിടുന്നയാളെ പിരിച്ചുവിടാം എന്ന് മനസ്സില്‍ ഉറപ്പിച്ചു.  പക്ഷേ, ഭക്ഷണം കഴിഞ്ഞ് പതിവിലും നേരത്തേ അവര്‍ എത്തി.  എന്നാല്‍ വൈകീട്ട് ആദ്യം പോകുന്നയാളെ തന്നെ പറഞ്ഞുവിടാനായി തിരഞ്ഞെടുക്കാം എന്ന തീരുമാനത്തില്‍ നില്‍ക്കുമ്പോള്‍, അന്ന് ജോലി സമയം കഴിഞ്ഞിട്ടും രണ്ടു പേരും പോകുന്ന ലക്ഷണം കാണുന്നില്ല.  അവസാനം തന്റെ ബസ്സിന് സമയമായപ്പോള്‍ ഒരാള്‍ പോകാനായി എഴുന്നേറ്റു.  അപ്പോള്‍ മാനേജര്‍ പറഞ്ഞു. 'കമ്പനിക്ക് കടുത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്.  ഞാന്‍ നിങ്ങളിലൊരാളെ പിരിച്ചുവിടുകയാണ്'  അപ്പോള്‍ പോകാന്‍ എഴുന്നേറ്റ വ്യക്തി പറഞ്ഞു. 'സര്‍, എന്നാല്‍ താങ്കള്‍ അയാളെ പിരിച്ചുവിട്ടോളൂ.  എനിക്ക് ബസ്സിന് സമയമായി, മാത്രമല്ല, നാളെ നേരത്തെ ഓഫീസില്‍ എത്തേണ്ടതാണ്'.  ഇതും പറഞ്ഞ് അയാള്‍ യാത്രയായി.  ഒരു പരിഹാരം കാണാനാകാതെ മാനേജര്‍ വിഷമിച്ചു.  സ്വന്തം പിരിമുറുക്കം മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ നോക്കുന്നവര്‍ സ്വയം വലിഞ്ഞു മുറുകി ഇല്ലാതാകുകയേ ഉള്ളൂ.  പ്രതിസന്ധികള്‍ മറികടക്കാനുള്ള ആദ്യപടി സ്വയം ശാന്തനാകുക എന്നതാണ്.  സ്വന്തം വൈഷമ്യങ്ങള്‍ക്ക് മറ്റുള്ളവരെ ബലിയാടാക്കി പരിഹാരം കാണാനുള്ള കുടിലബുദ്ധിയാണ് പ്രശ്‌നങ്ങളുടെയെല്ലാം അടിസ്ഥാനകാരണം.

ജീവിതത്തില്‍ പ്രതിബന്ധങ്ങളും പ്രതിസന്ധികളും വന്നുചേരാം.  അപ്പോള്‍ എന്താണ് കാരണം എന്ന് കണ്ടെത്താതെ, ആരാണു കാരണക്കാരന്‍ എന്ന് കണ്ടെത്താനുള്ള ശ്രമം പ്രശ്‌നപരിഹാരത്തിന്റേതല്ല, പ്രതികാരമനോഭാവത്തിന്റേതാണെന്ന് തിരിച്ചറിയാനും അത്തരം സന്ദര്‍ഭങ്ങളെ സമചിത്തതയോടെ നേരിടാനും നമുക്കാവട്ടെ -  ശുഭദിനം 

Part -5

പൂനിലാവുള്ള ഒരു രാത്രിയില്‍ പത്മാനദിയിലൂടെ ഏകനായി യാത്ര ചെയ്യുകയാണ് രവീന്ദ്രനാഥ് ടാഗോര്‍.  വഞ്ചിയില്‍ ഒരു മെഴുകുതിരി കത്തിച്ചുവെച്ചിട്ടുണ്ട്.  അതീവ ഭംഗിയാര്‍ന്ന രാത്രിയുടെ നിശ്ശബ്ദഗീതം.  ആ രാത്രി നല്‍കിയ ശാന്തതയെ ഉള്ളാകെ നുകര്‍ന്നു ടാഗോര്‍ യാത്ര തുടരുകയാണ്.  ഏറെ നേരം പിന്നിട്ടപ്പോള്‍ അദ്ദേഹം ആലോചിച്ചു. വെറുതെയെന്തിനാണ് വഞ്ചിയിലൊരു മെഴുകുതിരി കത്തിച്ചുവെച്ചത്. അതിന്റെ ആവശ്യമില്ലല്ലോ.  അദ്ദേഹമാ മെഴുകുതിരി അണച്ചു.  മെഴുകുതിരിയുടെ വെളിച്ചമണഞ്ഞപ്പോള്‍ അവിടെയാകെ നിലാവ് പരന്നു.  പുഴയുടെ ഓളങ്ങല്‍ നിലാവേറ്റു തിളങ്ങി.  വഞ്ചിയുടെ അകവും പുറവും നിലാവില്‍ മുങ്ങിനിവര്‍ന്നു.  ഇത്രനേരവും ആ നിലാപ്രഭയെ കാണാതെ പോയത് മെഴുകുതിരിയുടെ വെളിച്ചം കാരണമായിരുന്നു.  നമ്മുടെയുള്ളിലും ഇതുപോലെ അഹംബോധത്തിന്റെയും പാപചിന്തയുടേയും ചെറുമെഴുകുതിരി വെളിച്ചമാണ് ഉള്ളതെങ്കില്‍ സത്യത്തിന്റെ മഹാവെളിച്ചം എങ്ങനെയാണ് നമുക്ക് അനുഭവേഭദ്യമാകുക. 

ഇരുട്ട് പരത്തുന്ന വിളക്കുകളെ കണ്ടെത്താനും അവയെ നമ്മില്‍ നിന്നും അണച്ചുകളയാനുമുള്ള ധീരത, മനഃഥൈര്യം നമുക്കും ഉണ്ടാകട്ടെ - ശുഭദിനം 

ഭാഗം‌ - 4

എല്ലാവരിലും നന്മ കാണുന്ന ഒരു സന്ന്യാസി ഉണ്ടായിരുന്നു. ഉപവാസ ദിവസം ഭക്ഷണശാലയിലിരുന്ന് അദ്ദേഹം വെള്ളം കുടിക്കുകയായിരുന്നു,  തൊട്ടടുത്തിരുന്നു ഒരു യുവ സന്ന്യാസി ആഹാരം കഴിക്കുന്നത് അദ്ദേഹം കണ്ടു.  'ഞാന്‍ കഴിക്കുന്നത്‌ കൊണ്ട് താങ്കള്‍ക്ക് കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ?' യുവസന്ന്യാസി ചോദിച്ചു.  'എനിക്ക് പ്രശ്‌നമൊന്നുമില്ല, ഇന്ന് ഉപവാസദിനമാണെന്ന് താങ്കള്‍ മറന്നുപോയിക്കാണും അല്ലേ? '   ' ഇല്ല, എനിക്ക് നല്ല ഓര്‍മയുണ്ട്.'  'ഓഹോ, എങ്കില്‍ ആരോഗ്യപ്രശ്‌നം മൂലം ഡോക്ടറുടെ നിര്‍ദ്ദേശമുണ്ടാകും അല്ലേ?'   'ഇല്ല, എനിക്ക് ആരോഗ്യത്തിന് യാതൊരു കുഴപ്പവും ഇല്ല.'   മറുപടി കേട്ട് പ്രാര്‍ത്ഥനാ നിരതനായ സന്ന്യാസി ആത്മഗതം ചെയ്തു.  ' നുണ പറയാതെ, ചെയ്യുന്നത് അതേപടി തുറന്നുപറയുന്ന തലമുറ എത്ര മാതൃകാപരമാണ്'  .  ഒരാള്‍ എന്തുനോക്കി നടക്കുന്നുവോ അതുമാത്രമായിരിക്കും അയാളുടെ കണ്ണില്‍ പെടുക,  പുറമേയുള്ള കാഴ്ചകളല്ല ഉള്ള് മലിനമാക്കുന്നത്.  ഉള്ളിലുള്ള അശുദ്ധി മലിനമായ കാഴ്ചകളെ തേടുന്നതാണ്.  കാഴ്ച ശുദ്ധമാകണമെങ്കില്‍ കണ്ണട മാറിയാല്‍ പോര.  മനസ്സിന്റെ അറകളും കൂടി ശുദ്ധമാകണം.  അപരന്റെ തെറ്റ് കണ്ടുപിടക്കുന്നതാണ് പലരുടേയും വിനോദം.  അന്യന്റെ കുറ്റം വിറ്റ് ജീവിക്കുക എന്നത് തൊഴിലാക്കിയവരുമുണ്ട്.  സ്വന്തം തെറ്റുകള്‍ മറയ്ക്കാന്‍ അവര്‍ അന്യരുടെ തെറ്റുകള്‍ പരിചയായി ഉപയോഗിക്കും.  തെറ്റു ചെയ്യുന്നയാളെ തിരിത്തുന്നുതിനുള്ള എളുപ്പമാര്‍ഗ്ഗം, പരസ്യമായി അയാളെ ശിക്ഷിക്കുന്നതിനേക്കാള്‍ അയാളുടെ കുറച്ച് നന്മകളെ പരസ്യപ്പെടുത്തുന്നതാണ് എന്ന് വിശുദ്ധഗ്രന്ഥങ്ങള്‍ പറയുന്നു. 

ഇതുപോലെ മനസ്സിന്റെ ഉള്ളറകള്‍ ശുദ്ധമാക്കി , നാം കാണുന്നകാഴ്ചകളെ നമുക്ക് വിശുദ്ധമാക്കാം - ശുഭദിനം

ഭാഗം-3

ആ ബസ്സ് ഒരു ദീര്‍ഘദൂരയാത്രയിലാണ്.  രാത്രി ഏറെ വൈകി. യാത്രയുടെ പാതി വഴി പിന്നിട്ടു. എല്ലാസീറ്റിലും ആളുണ്ട്.  പക്ഷേ, ആരോ ഒരാള്‍ ടിക്കറ്റെടുത്തിട്ടില്ല.  സംശയം തോന്നിയവരോടെല്ലാം കണ്ടക്ടര്‍ ചോദിച്ചു.  എത്രയായിട്ടും ആളെ കണ്ടുപിടക്കാനായില്ല.  അവസാനം ബസ്സ് റോഡരുകില്‍ നിര്‍ത്തിയിട്ടു.  ഓരോരുത്തരോടായി ടിക്കറ്റ് കാണിക്കാന്‍ പറഞ്ഞു.  എല്ലാവരും ടിക്കറ്റ് കയ്യിലെടുത്തു.  കണ്ടക്ടര്‍ അത് നോക്കി ഉറപ്പ് വരുത്തി.  ഒരാള്‍ മാത്രം നല്ല ഉറക്കത്തിലാണ്.  കണ്ടക്ടര്‍ അയാളെ തട്ടിവിളിച്ച് ടിക്കറ്റ് ചോദിച്ചു.  അയാള്‍ ടിക്കറ്റ് എടുത്തിട്ടില്ല.  വലിയൊരു കുറ്റവാളിയെപ്പോലെ യാത്രക്കാരെല്ലാം അയാളെ നോക്കി.  കണ്ടക്ടര്‍ അയാളെ ശകാരിക്കുന്നതു കേള്‍ക്കാന്‍ എല്ലാവരും കാത് കൂര്‍പ്പിച്ചു.  അവര്‍ക്കൊന്നും കേള്‍ക്കാനായില്ല.  പരിഭ്രമത്തോടെ നില്‍ക്കുന്ന ആ മനുഷ്യനെ കണ്ടക്ടര്‍ ആശ്വസിപ്പിച്ചു. 'സാരമില്ല, നിങ്ങള്‍ ഉറങ്ങിപ്പോയതുകൊണ്ടല്ലേ, നമ്മളൊക്കെ മനുഷ്യരല്ലേ, നിങ്ങളെങ്ങോട്ടാ? ടിക്കറ്റെടുത്തിട്ട് ഉറങ്ങിക്കോളൂ'.  അപ്പോള്‍ ആ പാവം മനുഷ്യന്റെ ഉള്ളില്‍ ഒരു കര്‍ക്കിടക്കാലം ഒന്നിച്ചുപെയ്തപോലെ ആശ്വാസത്തിന്റെ തണുപ്പ് പരന്നു.  മറന്ന് പോയതിനെല്ലാം നമുക്ക് ഓരോ കാരങ്ങള്‍ ഉണ്ടായിരുന്നില്ലേ.... അതുപോലൊരു കാരണം എല്ലാമനുഷ്യര്‍ക്കും കാണുമെന്ന തിരിച്ചറിവ് എത്രയോ മഹത്തരമാണ്.  നമ്മെ കരയിപ്പിച്ചവരോട് പൊറുക്കുമ്പോള്‍ പോയകാലത്തിന് ഒന്നും സംഭവിക്കുന്നില്ല.  പക്ഷെ, ഇനിയുള്ള കാലം, വലിയൊരു ഭാരം മനസ്സില്‍ നിന്നൊഴിയുന്നത് അനുഭവിച്ചറിയാം. 

പൊറുത്തുകൊടുക്കലാണ് ആരോടും ചെയ്യാവുന്ന ഏറ്റവും നല്ല പ്രതികാരം.  പറയാന്‍ മറുപടിയൊന്നുമില്ലാതെ അവരുടെ കണ്ണ് നിറയുന്നത് നമുക്ക് കാണാം.  - ശുഭദിനം   

ഭാഗം-2

'പെര്‍ഫെക്ഷന്‍ ' - സമകാലിക പ്രവര്‍ത്തന മേഖലകളില്‍ എല്ലാം തന്നെ നമ്മള്‍ കേള്‍ക്കുന്ന ഒരു വാക്കാണ് പെര്‍ഫെക്ഷന്‍ അഥവാ പരിപൂര്‍ണ്ണത.  അതിലേക്കുള്ള ഒരു നെട്ടോട്ടമായി മാറി പ്രൊഫഷണലിസം.  പലപ്പോഴും പ്രൊഫഷണലിസം നമ്മളെ സമ്മര്‍ദ്ദത്തിലാക്കാനേ ഉപകരിക്കൂ എന്നതാണ് സത്യം.  ഇങ്ങനെ ഒരു പരിപൂര്‍ണ്ണത ആവശ്യമാണോ? അപൂര്‍ണമായിപ്പോയ ചിലതില്‍ പൂര്‍ണ്ണത കണ്ടെത്തി വിജയിച്ച രണ്ട് ഉദാഹരണങ്ങള്‍ ഇതാ.  1996 ല്‍ ഒരു കോളേജ് ഗവേഷണ വിഷയത്തിന്റെ ഭാഗമായി ലാറി പേജ്, സെര്‍ജി ബ്രീന്‍ എന്ന വിദ്യാര്‍ത്ഥികളുടെ തലയില്‍ ഉരുത്തിരിഞ്ഞ ആശയമാണ് പിന്നീട് ലോകത്തിലെ ഏറ്റവും വലിയ ഇന്റെര്‍നെറ്റ് സെര്‍ച്ച് എന്‍ജിന്റെ രൂപകല്‍പനയിലേക്ക് എത്തിയത്.  തങ്ങളുടെ ഈ ആശയത്തിന് അവര്‍ ഒരു പേര് കണ്ടെത്തി.  ഒന്ന് കഴിഞ്ഞ് നൂറ് പൂജ്യം വരുന്ന സംഖ്യയായ Googol  എന്നതായിരുന്നു അവര്‍ നല്‍കിയ പേര്.  പക്ഷെ എവിടെ വെച്ചോ ആ വാക്കില്‍ ഒരു അക്ഷരതെറ്റ് കടന്ന് കൂടി.  Googol അങ്ങനെ Google ആയി മാറി.  പക്ഷേ അവരുടെ ലക്ഷ്യമോ കമ്പനിയുടെ പ്രശസ്തിയോ ഒട്ടും മങ്ങിയില്ല.  ആ അപൂര്‍ണ്ണതിയില്‍ നിന്നുകൊണ്ട് തന്നെ Google  ലോകപ്രശസ്തമായി മാറി.  ഇനിയൊരു കഥ കേരളത്തില്‍ നിന്ന്.  കളവംകോട്ടം ക്ഷേത്രത്തിലെ പ്രസിദ്ധമായ കണ്ണാടിപ്രതിഷ്ട.  തര്‍ക്കം തീര്‍ക്കാന്‍ ശ്രീനാരായണഗുരു കണ്ണാടി സ്ഥാപിക്കാന്‍ തീരുമാനിച്ചു.  അതിനായി കണ്ണാടി കൊണ്ടുവരപ്പെട്ടു.  അതില്‍ 'ഓംശാന്തി' എന്ന് മെര്‍ക്കുറി ചുരണ്ടി എഴുതാന്‍ ഗുരു, ശിഷ്യന്മാരോട് ആവശ്യമുന്നയിച്ചു.  പക്ഷെ എഴുതി വന്നപ്പോള്‍ 'ഓം' എന്നത് 'ഒം'  എന്നായി മാറി.  ഗുരു അത് അങ്ങനെതന്നെ ആവട്ടെ എന്ന് പറഞ്ഞ് പ്രതിഷ്ഠ സ്ഥാപിച്ചു.  ലോകത്തിന് വലിയൊരു സന്ദേശം നല്‍കിയ 'കണ്ണാടി പ്രതിഷ്ഠ' ഇന്നും  ആ സന്ദേശത്തിന്റെ പൂര്‍ണ്ണതയില്‍ തന്നെ നില്‍ക്കുന്നു.

എല്ലായ്‌പ്പോഴും 'പൂര്‍ണ്ണത' അവകാശപ്പെടേണ്ടതില്ല, ചില അപൂര്‍ണ്ണതകളില്‍ നിന്നുകൊണ്ടു തന്നെ ലക്ഷ്യത്തില്‍ എത്താന്‍ നമുക്ക് തീര്‍ച്ചയായും സാധിക്കും - ശുഭദിനം  

ഭാഗം-1

സി വി ബാലകൃഷ്ണന്റെ ഒരു കഥയിലെ ഒരു പെണ്‍കുട്ടി, ആ കഥ വായിച്ച ഭൂരിഭാഗം പേരുടേയും മനസ്സില്‍ ആ പെൺകുട്ടി മായാതെ നില്‍ക്കുന്നുണ്ടാകും.  സ്‌ക്കൂളിലേക്കുള്ള വഴിയില്‍ ദുഷ്ടനായൊരാള്‍ അവളുടെ ചോറ്റുപാത്രം തട്ടിപ്പറിച്ചു.  ഉച്ചയ്ക്ക് കഴിക്കാന്‍ അവള്‍ കരുതിയിരുന്ന ഭക്ഷണം മുഴുവനും അയാള്‍ കഴിച്ചുതീര്‍ത്തു.  പാത്രം തിരികെ കിട്ടുന്നതുവരെ അവള്‍ അവിടെത്തന്നെ നിന്നു.  പാത്രം കിട്ടിയപ്പോള്‍ അവള്‍ചോദിച്ചു. 'ഇത്രേം വല്യവയറുനിറയാന്‍ ഇത്രകുറച്ച് ചോറ് മതിയോ.'  നിഷ്‌കളങ്കമായ ആ ചോദ്യം കേട്ടപ്പോള്‍ ആ മനുഷ്യന് കരയാതിരിക്കാനായില്ല.  മുറിവേറ്റ മൃഗം പോലെ അയാള്‍ നിലവിളിച്ച് ഓടിപ്പോയി.  ഒന്ന് ഓര്‍ത്തുനോക്കൂ...  ഇങ്ങനെയൊരു കുഞ്ഞാണ് മുതിര്‍ന്നപ്പോള്‍ നമ്മളില്‍ നിന്നും ഇറങ്ങിപ്പോയത്.  വേഗം കരഞ്ഞും, അതിലേറെ വേഗം അതൊക്കെ മറന്നും, കാണുന്നതെല്ലാം ആദ്യ കാഴ്ചപോലെ അത്ഭുതം കൂറിയും, മുന്‍വിധികളില്ലാതെ മറ്റുള്ളവരെ സ്‌നേഹിച്ചും നടന്ന ബാല്യത്തിന്റെ അടരുകള്‍ നമുക്ക് എവിടെയാണ് കളഞ്ഞുപോയത്.  അഹംബോധം ഇല്ലാതെ മറ്റുള്ളവരെ സ്‌നേഹിക്കാന്‍ മുതിര്‍ന്നപ്പോള്‍ നാം മറന്നുപോയതാണോ? കളഞ്ഞുപോയവ കണ്ടെത്തുമ്പോള്‍ ലഭിക്കുന്ന സന്തോഷം, ബാല്യത്തിലെ നന്മകളെ തിരിച്ചെടുക്കുമ്പോള്‍, ആ സന്തോഷം നമുക്ക് അനുഭവിക്കാനാവുക തന്നെ ചെയ്യും.

ആ സന്തോഷത്തെ വീണ്ടെടുക്കാന്‍, കളഞ്ഞപോയവയെ , നഷ്ടപ്പെട്ടവയെ തുന്നിച്ചേര്‍ക്കാന്‍ നമ്മുടെ ഇന്നുകള്‍ക്കും നാളെകള്‍ക്കും കഴിയട്ടെ - ശുഭദിനം