ടോസ് ചെയ്ത നാണയം താഴേക്ക് വരുന്നതും നോക്കി അവര്‍ നിന്നു. ഇത് ബില്‍ ഹ്യൂലററും ഡേവിഡ് പക്കാഡും. അവരുടെ ജീവിതത്തിലെ ഒരു നിര്‍ണ്ണായകമായ തീരുമാനവുമായാണ് ആ നാണയം എത്തുക. ഇരുവരും പഠിക്കാന്‍ മിടുക്കരായിരുന്നു. ഇലക്ടിക്കല്‍ എഞ്ചിനീയറിങ്ങ് അവര്‍ നല്ല മാര്‍ക്കോടെ വിജയിച്ചു . കൂട്ടുകൂടി നടന്ന കുട്ടിക്കാലം മുതലേ അവര്‍ കണ്ട സ്വപ്‌നമാണ് ഒരു കമ്പനി എന്നത്. ആഗ്രഹം അവരോടൊപ്പം വളര്‍ന്നു. കമ്പനിക്കായി പണം ആവശ്യമാണ്. അവര്‍ കിട്ടാവുന്ന ജോലികള്‍ ചെയ്തു ഓരോ നാണയത്തുട്ടും ശേഖരിച്ചു. അങ്ങനെ അവരുടെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടു. കമ്പനി രൂപീകൃതമായി. കമ്പനിക്ക് ഒരു പേര് വേണം, രണ്ടുപേരുടേയും പേരിന്റെ ഒരു ഭാഗമെടുത്ത് ഇടാം എന്നവര്‍ തീരുമാനിച്ചു. പക്ഷേ ആരുടെ പേര് ആദ്യം ഇടും. അതിനുളള ഉത്തരവുമായാണ് ആ നാണയം എത്തുന്നത്. ബില്‍ ഹ്യൂലറ്റിലെ ഹ്യൂലറ്റും, ഡേവിഡ് പക്കാഡിലെ പക്കാഡും ചേര്‍ത്ത് ' ഹ്യൂലറ്റ് പക്കാഡ് ' എന്ന കമ്പനി 1939 ല്‍ ജനിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങളായിരുന്നു ആദ്യം അവര്‍ നിര്‍മ്മിച്ചത്. അവരുടെ ഉപകരണങ്ങള്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ മിലിറ്ററി ഉപയോഗിച്ചു. അങ്ങനെ ഹ്യൂലറ്റ് പക്കാഡ് വികസിച്ചു. പതുക്കെ പതുക്കെ പല കമ്പനികളേയും ഹ്യൂലറ്റ് പക്കാഡ് ഏറ്റെടുത്തു. പോക്കറ്റ് കാല്‍ക്കുലേറ്റര്‍ ആദ്യമായി പുറത്തിറക്കിയത് ഹ്യൂലറ്റ് പക്കാഡ് ആണ്. കംപ്യൂട്ടറുകള്‍ വ്യാപകമായതോടെ ഹ്യൂലറ്റ് പക്കാഡ് കംപ്യൂട്ടര്‍ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ന് ലോകത്തിന്റെ ഏതൊരു കോണിലും ഈ പേര് പ്രസിദ്ധമാണ്. പക്ഷേ, നമ്മള്‍ ആ പേരിനെ ഇങ്ങനെയാണ് വായിക്കുക HP !! നിങ്ങള്‍ തയ്യാറായാല്‍ ലോകം മുഴുവന്‍ അതിനായുള്ള സാഹചര്യമൊരുക്കുമെന്ന ആല്‍ക്കമിസ്റ്റ് തത്വം പോലെ, നമുക്കും തയ്യാറാകാം. സ്വപ്‌നസാഫല്യത്തിന്റെ പുതിയ വഴികള്‍ തുറക്കുന്ന പുലരികള്‍ക്കായി - ശുഭദിനം
Part - 82
അസാധാരണമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു യൂറി ഗഗാറിന്‍. തികഞ്ഞ മനോനിയന്ത്രണം, വലിയ അഭിമാനബോധം, ആഗ്രഹപൂര്‍ത്തിക്കായി സാഹസികതയുടെ ഏതറ്റം വരെയും പോകാനുള്ള തന്റേടം. ഇവയൊക്കെ ഗഗാറിനുണ്ടായിരുന്നു. ഔദ്യോഗിക കാര്യങ്ങള്‍ക്കുപുറമേ ചില സ്വകാര്യതകളും അദ്ദേഹം തന്റെ ഭാര്യ വാലിയ ഗോറിയച്ചേവയോട് പോലും പറഞ്ഞിരുന്നില്ല. വിവാഹത്തിലൊഴികെ സുപ്രധാനമായ മറ്റു പലതിലും ഭാര്യയുടെ അഭിപ്രായം തേടിയതുമില്ല. സ്വയം തീരുമാനമെടുത്ത് നടപ്പിലാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശീലം. വാലിയയോട് ആലോചിക്കാതെയാണ് അദ്ദേഹം ആര്‍ട്ടിക്കിലേക്ക് പോകാന്‍ തീരുമാനിച്ചത്. ബഹിരാകാശയാത്രികനാകാനുള്ള മോഹത്തില്‍ സെലക്ഷന്‍ കമ്മീഷന് അപേക്ഷ അയച്ചതും രഹസ്യമായിട്ടായിരുന്നു. ചിലപ്പോള്‍ നടക്കാതെ പോയാലോ എന്നൊരാശങ്കയും അദ്ദേഹത്തിനുണ്ടായിരുന്നു. തീവ്രപരിശീലനങ്ങളുടെ അവസാനത്തില്‍ താന്‍ ബഹിരാകാശയാത്രയ്ക്ക് ഒരുങ്ങുകയാണെന്ന് വാലിയയോട് പറഞ്ഞത് പോലും തമാശരൂപേണയായിരുന്നു. പക്ഷേ അതിനുമുമ്പേ വാലിയ തന്റെ ഭര്‍ത്താവിന്റെ നിയോഗത്തെ പറ്റി മനസ്സിലാക്കിയിരുന്നു. ഇക്കാര്യമറിഞ്ഞ് അവര്‍ ആശങ്കപ്പെട്ടെങ്കിലും ഭര്‍ത്താവിന്റെ മാര്‍ഗ്ഗത്തിന് തടസ്സമായില്ല. ആ വലിയ ഉത്തരവാദിത്വം നിറവേറ്റാന്‍ സ്‌നേഹപൂര്‍വ്വം യാത്ര അയക്കുകയാണുണ്ടായത്. ഗഗാറിന്റെ അച്ഛനാകട്ടെ, മകന്റെ നേട്ടം അറിഞ്ഞത് ശൂന്യാകാശയാത്രയ്ക്ക് ശേഷമായിരുന്നു. നേടാന്‍ ഉറപ്പില്ലാത്തത് മറ്റുള്ളവരോട് പറയുന്നതിനേക്കാള്‍ നല്ലത്, നേടിയത് പറയുന്നതാണ്. കാരണം ആ നേട്ടങ്ങള്‍ക്കേ മഹത്വമുള്ളൂ. - ശുഭദിനം
Part - 81
ആരോഗ്യദൃഢഗാത്രനായിരുന്നു ഡയോജനീസ്. ആളുകളെ പിടികൂടി അടിമകളാക്കി വില്‍ക്കുന്ന ഒരു സംഘം ഒരിക്കല്‍ അദ്ദേഹത്തെ വളഞ്ഞു. ഡയോജനീസിന്റെ ആകാരം കണ്ട അവര്‍ ആദ്യം ഒന്ന് മടിച്ചു. ഡയോജനീസ് പറഞ്ഞു: പേടിക്കേണ്ട, ഞാന്‍ എതിര്‍ക്കുകയില്ല. നിങ്ങള്‍ക്കെന്നെ ചങ്ങലയ്ക്കിടാം. അവര്‍ അദ്ദേഹത്തെ ചങ്ങലയ്ക്കിട്ട് അടിമചന്തയിലെത്തിച്ചു. അവിടെയെത്തിയപ്പോള്‍ ഡയോജനീസ് വിളിച്ചുപറഞ്ഞു: ഒരു യജമാനനെ വില്‍ക്കാന്‍ കൊണ്ടുവന്നിട്ടുണ്ട്. അടിമകളാരെങ്കിലും വന്ന് വാങ്ങിക്കൊള്ളൂ !! താങ്കളെന്താണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് ചോദിച്ചവരോട് ഡയോജനീസ് പറഞ്ഞു: യജമാനന്‍ എന്നും യജമാനന്‍ തന്നെ,. സ്വാതന്ത്ര്യം എന്നത് അടിമത്തത്വത്തില്‍ നിന്നുള്ള മോചനമല്ല, അടിമത്തത്തെ മറികടക്കലാണ് ! അടിമത്തം ഒരു മനോഭാവമാണ്. അത് ഭയത്തിന്റെയോ മുഖസ്തുതിയുടേയോ സഹതാപത്തിന്റേതോ ആകാം. എല്ലാ അടിമത്തങ്ങളും പ്രത്യക്ഷത്തില്‍ സ്വാതന്ത്ര്യം എന്ന് തോന്നുന്ന പല കാര്യങ്ങളും അനുവദിച്ചു തരും, കഴിക്കുന്ന ഭക്ഷണവും ശ്വസിക്കുന്ന വായുപോലും ഔദാര്യമാണെന്ന് പറഞ്ഞു വിശ്വസിപ്പിക്കും. ഓടിയൊളിച്ചല്ല സ്വാതന്ത്ര്യം പ്രാപിക്കേണ്ടത്. എന്തിനെയാണോ ഭയക്കുന്നത് അതിന്റെ കൂടെ ജീവിച്ച് ആ ഭയത്തെ മറികടക്കം. തനതു ശീലങ്ങളും വ്യക്തമായ അഭിപ്രായങ്ങളും ഈടുറ്റ ശൈലികളും നമ്മുടെ സ്വഭാവത്തിന്റെ ഭാഗമായി മാറട്ടെ, കാരണം ഇവരെ ആര്‍ക്കും ഭയപ്പെടുത്താനാവില്ല. - ശുഭദിനം
Part - 80
ഇത് 60കളിലെ കഥയാണ്. അമേരിക്കയിലെ ഒരു തുറമുഖത്ത് വലിയ കപ്പലുകള്‍ ചരക്കിറക്കുന്നതും കാത്ത് കടലില്‍ കിടക്കുന്നു. 'ഇങ്ങനെ പോയാല്‍ ഈ ബിസിനസ്സ് തന്നെ നിര്‍ത്തേണ്ടി വരും. നഷ്ടം സഹിച്ച് എങ്ങിനെ ഇങ്ങനെ ചരക്ക് നീക്കം നടത്തും' ആ കപ്പലുകളിലുള്ള കമ്പനി ഉടകള്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു. കപ്പലുകളിലെ ചരക്കുകളെ കുറിച്ചുള്ള രേഖകള്‍ വിശദമായി പരിശോധിച്ചുമാത്രമേ തുറമുഖം അധികൃതര്‍ക്ക് ചരക്ക് ഇറക്കാനുള്ള അനുവാദം നല്‍കൂ. അത്രയും നേരം കപ്പലുകള്‍ തുറമുഖത്ത് കാത്തിരിക്കണം. ഇങ്ങനെ കാത്തിരിക്കുന്നതിന് തുറമുഖത്തിന് വലിയ വാടകയും നല്‍കണം. ഇത് ഭീമമായ നഷ്ടമാണ് പല കമ്പനികള്‍ക്കും വരുത്തിവെച്ചത്. അഡ്രിയാന്‍ ഡാല്‍സെ, ലാറി ഹില്‍ബോം, റോബര്‍ട്ട് ലിന്‍ എന്ന മൂന്ന് പേരുടെ ഇടയിലേക്ക് ഇക്കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് വന്നു. 'കപ്പല്‍ എത്തുന്നതിന് മുമ്പ് അതിന്റെ രേഖകള്‍ തുറമുഖത്ത് എത്തിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാം' ഒന്നാമന്‍ പറഞ്ഞു. 'രേഖകള്‍ പരിശോധിക്കാന്‍ അപ്പോള്‍ ആവശ്യത്തിന് സമയം കിട്ടുകയും കപ്പല്‍ വന്നാല്‍ ചരക്ക് താമസംവിനാ ഇറക്കാനും സാധിക്കും' രണ്ടാമനും അഭിപ്രായപ്പെട്ടു. 'എന്നാല്‍ വിമാനമാര്‍ഗ്ഗം രേഖകള്‍ എത്തിക്കുന്നതാണ് നല്ലത്' എന്നായി മൂന്നാമന്‍. ഈ ചര്‍ച്ചകള്‍ക്കെടുവില്‍ 1969 ല്‍ അവര്‍ ഒരു കൊറിയര്‍ കമ്പനി തുടങ്ങി. മൂന്ന് പേരുടേയും പേരിന്റെ രണ്ടാം ഭാഗത്തിന്റെ ആദ്യാക്ഷരം പേരായി നല്‍കി. ഡിഎച്ച്എല്‍ !! രേഖകള്‍ സുരക്ഷിതമായി അതിവേഗം എത്തിക്കേണ്ടിടത്ത് ഉത്തരവാദിത്വത്തോടെ എത്തിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തില്‍ അവര്‍ വിജയിച്ചു. അമേരിക്കയില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്കും അവരുടെ സേവനങ്ങള്‍ വ്യാപിച്ചു. 10 വര്‍ഷങ്ങള്‍ക്കകം യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, തെക്കേ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും DHL തന്റെ വെന്നിക്കൊടി പാറിച്ചു. 2015 ല്‍ DHL ഹെലികോപ്റ്റര്‍ ഡെലിവറി എന്ന സംവിധാനത്തിനും തുടക്കമിട്ടു. ഇ-മെയില്‍ പോലെയുള്ള നിരവധി സംവിധാനങ്ങള്‍ വന്നെങ്കിലും ഇന്നും കാലത്തിനനുസരിച്ച് പുതിയ സംവിധാനങ്ങള്‍ രൂപപ്പെടുത്തി DHL സ്വയം പുതുക്കിക്കൊണ്ടിരിക്കുന്നു. നമുക്ക് ചുറ്റും നോക്കിയാല്‍ കാണാം പല പുതിയ ബിസിനസ്സുകളും രൂപം കൊള്ളുന്നതും അതുപോലെ തന്നെ നഷ്ടത്തില്‍ കൂപ്പുകുത്തി നാമാവശേഷമായിപോകുന്നതും. കാലത്തിനനുസരിച്ച് പുതുമകള്‍ കണ്ടെത്താത്തതാണ് അവ പലതും നഷ്ടമാകാന്‍ കാരണം. ഒരു സംരംഭം ആരംഭിക്കുന്ന ആത്മാര്‍ത്ഥതയും പ്രതീക്ഷയും ഇടയിലെവിടെയോ നഷ്ടപ്പെടുന്നതാണ് ഇതിനു കാരണം. പരിശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുക. കാലാനുസൃതമായ പുതിയ മാറ്റങ്ങള്‍ സ്വയം വരുത്തുക. വിജയം തേടിയെത്തുക തന്നെ ചെയ്യും - ശുഭദിനം
Part - 79
സന്യാസിയെക്കണ്ടു സങ്കടം പറയാന്‍ ഒരാളെത്തി. :ഞാന്‍ എന്തു പറഞ്ഞാലും ആളുകള്‍ കളിയാക്കി ചിരിക്കും. നാട്ടില്‍ ജീവിക്കാനാവുന്നില്ല.' സങ്കടം സഹിക്കാനാകാതെ അയാള്‍ പൊട്ടിക്കരഞ്ഞു. അപ്പോള്‍ സന്ന്യാസി പറഞ്ഞു.' ഇനിമുതല്‍ എല്ലാറ്റിനേയും എതിര്‍ക്കുക. സൂര്യന്റെ മനോഹാരിതയെക്കുറിച്ച് പറഞ്ഞാല്‍ അതിന്റെ അസഹനീയമായ ചൂടിനെക്കുറിച്ച് പറയുക. ഈശ്വരനെക്കുറിച്ച് പറഞ്ഞാല്‍ നീ നിരീശ്വരവാദിയാകുക. ആരെന്തെപറഞ്ഞാലും നിഷേധ നിലപാടുമാത്രം സ്വീകരിക്കുക. ഏഴു ദിവസം കഴിഞ്ഞ് നമുക്ക് വീണ്ടും കാണാം.' ഒരാഴ്ചകഴിഞ്ഞ് അയാള്‍ വന്നപ്പോള്‍ കൂടെ ഒരുപറ്റം ആളുകളും ഉണ്ടായിരുന്നു. അവരുടെയെല്ലാം ആരാധനാ കഥാപത്രമായി അയാള്‍ മാറിയിരുന്നു. നിഷേധ സമീപനങ്ങള്‍ക്ക് പെട്ടെന്ന് ആള്‍ക്കൂട്ട ശ്രദ്ധ പിടിച്ചുപറ്റാനാകും. ആരാലും ശ്രദ്ധിക്കപ്പെടാത്തവര്‍ ഒരു കാരണവുമില്ലാതെ എന്തിനെയും എതിര്‍ക്കാന്‍ തുടങ്ങിയാല്‍ സാവധാനം അവര്‍ കുറച്ചുപേരുടെയെങ്കിലും ആരാധനാമൂര്‍ത്തികളാകും. എതിര്‍പ്പിന്റെ യുക്തിരാഹിത്യം കൂടുന്നതിനനുസരിച്ച് ആള്‍ക്കൂട്ടത്തിന്റെ പിന്തുണയും കൂടും. എതിര്‍ക്കപ്പെടാന്‍ പാടില്ലാത്തതായി ഒന്നുമില്ല. പക്ഷേ. എന്തുകൊണ്ട് എതിര്‍ക്കുന്നു എന്നതിന് ഒരു യുക്തി ഉണ്ടായിരിക്കണം. പൂര്‍ണ്ണമായ ശരി ഒന്നിലും ഉണ്ടാകില്ല. എത്ര ശരിയെന്നു കരുതുന്നവയെയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യാം. പക്ഷേ, നിഷേധം ഒരു തന്ത്രമായി സ്വീകരിക്കുന്ന വരെ തിരിച്ചറിയാനുള്ള യുക്തി അത് നമുക്കുണ്ടാകട്ടെ - ശുഭദിനം
Part - 78
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു വന്‍മരത്തിന്റെ വലുപ്പം കണ്ട് ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു: ഇത്രയും വലിയ മരം എങ്ങിനെയാണ് ഉണ്ടായത്? അപ്പോള്‍ ഗുരു പറഞ്ഞു: നിങ്ങള്‍ പോയി അതിന്റെ ഒരു പഴം പറിച്ചുകൊണ്ടുവരിക. പഴം കൊണ്ടു വന്നപ്പോള്‍ അത് മുറിക്കാന്‍ ഗുരു ആവശ്യപ്പെട്ടു. ശിഷ്യന്‍ ആ പഴം മുറിച്ചപ്പോള്‍ അതില്‍ നൂറ്കണക്കിന് വിത്തുകള്‍ . അതിലൊന്ന് തിരഞ്ഞെടുക്കാന്‍ ഗുരു വീണ്ടും പറഞ്ഞു. അപ്പോള്‍ അവര്‍ ഒരു വിത്ത് കയ്യിലെടുത്തു. അതും പൊട്ടിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. അവര്‍ വിത്തു പൊട്ടിച്ചു. എന്നിട്ട് ഗുരുവിനോട് പറഞ്ഞു: ഗുരോ, ഈ വിത്തിനകത്ത് ഒന്നുമില്ല. ഗുരു പറഞ്ഞു: ആ ഒന്നുമില്ലായ്മയില്‍ നിന്നാണ് ഈ വന്‍മരം ഉണ്ടായത് ! ഒരു ദിവസം കൊണ്ടല്ല ഒന്നും രൂപപ്പെടുന്നത്. എവിടെ നിന്നു തുടങ്ങി എന്ന് ചോദിച്ചാല്‍ കൃത്യമായ ഒരു സ്ഥലമോ സമയമോ പറയാന്‍ ഇല്ലാത്തവരാണ് ഭൂരിഭാഗവും. നല്ല തുടക്കത്തിന് വേണ്ടി കാത്തിരുന്നതിനാലാണ് പലരും ഒന്നും തുടങ്ങാത്തത്. നല്ല സമയവും കാലവും അന്വേഷിച്ച് ആയുസ്സു മുഴുവന്‍ കാത്തിരുന്ന് മുളയ്ക്കാതെ പോയ വിത്തുകള്‍ നമുക്ക് ചുറ്റും കണ്ണോടിച്ചാല്‍ കാണാം. ശൂന്യതയില്‍ നിന്ന് നിറവിലേക്കുള്ള യാത്രയാണ് ഓരോ വളര്‍ച്ചയും. വളര്‍ച്ചയുടെ വഴികള്‍ കാണാത്ത, ആ വഴികളിലൂടെ സഞ്ചരിക്കാന്‍ തയ്യാറാകാത്ത ഒരാളും വളരില്ല. ശ്രേഷ്ഠമായ തുടക്കങ്ങളുടെ കഥപറയാന്‍ പറ്റിയ ഇതിഹാസങ്ങള്‍ കുറവാണ്. ഭൂരിഭാഗവും ശൂന്യതയില്‍ നിന്ന് തുടങ്ങി പടവെട്ടി പിടിച്ചുകയറിയവരാണ്. നമ്മിലെ സ്വപ്‌നങ്ങളുടെ വിത്തുകളെ നമുക്ക് മുളയ്ക്കാന്‍ അനുവദിക്കാം. അവയോരോന്നും സ്വപ്‌നങ്ങളില്‍ നിന്നുമിറങ്ങിവന്ന് സ്വപ്‌നസാഫല്യത്തിന്റെ വന്‍മരങ്ങളായിത്തീരട്ടെ. ഓരോ ദിനവും ഓരോ നിമിഷവും ശൂന്യതയില്‍ നിന്ന് നിറവിലേക്കുള്ള യാത്രയായിമാറട്ടെ.
Part - 77
1824. ഇംഗ്ലണ്ടിലെ പോര്‍ട്‌സ് മൗത്തിലെ ലാന്റ്‌പോര്‍ട്ട്. ജോണ്‍ ഡിക്കന്‍സിന്റെയും എലിസബത്തിന്റെയും 8 മക്കളില്‍ രണ്ടാമനായിരുന്നു ചാള്‍സ്. ഇംഗ്ലണ്ടിലെ നേവി ഓഫീസിലെ ക്ലര്‍ക്കായിരുന്നു ജോണ്‍. തന്റെ തുച്ഛമായ വരുമാനത്തില്‍ ആ വീടു കൊണ്ടുപോകാന്‍ ജോണ്‍ കഷ്ടപ്പെട്ടു. കടങ്ങള്‍ തലയ്ക്ക് മീതെയായി. ഒരു ദിവസം സ്‌കൂള്‍ വിട്ടു വീട്ടില്‍ വന്നപ്പോള്‍ അമ്മ കരഞ്ഞുതളര്‍ന്ന് ഇരിക്കുന്നു. അച്ഛനെ കാണാനുമില്ല. പതിയെ കുട്ടികള്‍ക്ക് കാര്യങ്ങള്‍ മനസ്സിലായി. കടബാധ്യതമൂലം അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. പഠിച്ചു മിടുക്കനായി ഉയര്‍ന്ന ജീവിതം നയിക്കണമെന്ന അവന്റെ സ്വപ്‌നം അവിടെ അവസാനിച്ചു. സ്‌കൂള്‍ ഫീസ് കൊടുക്കാനില്ലാതായപ്പോള്‍ സ്‌കൂളില്‍ നിന്നും അവനെ പുറത്താക്കി. അന്നന്നത്തെ ആഹാരത്തിനു പോലും വകയില്ലാതായി. പട്ടിണി സഹിക്കാതായപ്പോള്‍ തന്റെ 12-ാം വയസ്സില്‍ ആ കുടുംബത്തിന്റെ ഭാരം അവന്‍ തലയിലേറ്റി. ഒരു കുട്ടിക്ക് കിട്ടാവുന്ന ജോലികളെല്ലാം അവന്‍ ചെയ്തു. ഷൂ പോളീഷ് ചെയ്തു, ചുമടെടുത്തു, ഹോട്ടലില്‍ നിന്നു, കിട്ടുന്ന ഓരോ നാണയത്തുട്ടും അവന്‍ അമ്മയെ ഏല്‍പ്പിച്ചു. പഠിക്കാനുള്ള മോഹം അവന്‍ മനസ്സില്‍ കെടാതെ സൂക്ഷിച്ചു. കണ്‍മുന്നില്‍ കിട്ടുന്നതെല്ലാം അവന്‍ വായിച്ചു. അവനിലെ എഴുത്തുകാരന്‍ ജനിച്ചു. കാലം തനിക്ക് നല്‍കിയ ദാരിദ്യവും പട്ടിണിയും അപമാനവും അയാള്‍ കടലാസ്സിലേക്ക് പകര്‍ത്തി. ആ അനുഭവങ്ങളും ദുരിതവുമെല്ലാം പില്‍ക്കാലത്ത് കഥകളായും നോവലുകളായും വായിച്ച് ലോകം അത്ഭുതം കൊണ്ടു. ഇത് ചാള്‍സ് ഡിക്കന്‍സ്. സാഹിത്യത്തില്‍ ഷേക്‌സ്പിയറിന് ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ വായിക്കുകയും ആരാധിക്കുകയും ചെയ്ത എഴുത്തുകാരന്‍. ഓരോരുത്തരിലും ഒരു തീ കെടാതെ അവശേഷിക്കുന്നുണ്ടാകും. എത്ര പ്രതിസന്ധികള്‍ വന്നാലും അവയെ അണയ്ക്കാനാകില്ല. നമ്മിലെ ആ തീയെ കണ്ടെത്തുക. അണയ്ക്കാതെ ആളികത്തിക്കുക.
Part -76
ഭാര്യയും ഭര്‍ത്താവും ഒരു പുഴയിലൂടെ ചെറുവള്ളത്തില്‍ സഞ്ചരിക്കുകയാണ്. പെട്ടെന്ന് കാറ്റ് വീശാന്‍ തുടങ്ങി. വലിയ ഓളമുണ്ടായി വഞ്ചി മറിയുന്ന സ്ഥിതിയായി. ഭാര്യ പേടിച്ച് ഭര്‍ത്താവിനോട് പറഞ്ഞു. നമ്മള്‍ അക്കരയെത്തില്ല. വഞ്ചി മറിയും. ഇനിയെന്തു ചെയ്യും? ഇതുകേട്ട് ഭര്‍ത്താവ് ശാന്തനായി തന്നെ ഇരുന്നു. ഇത് കണ്ട് ഭാര്യ ചോദിച്ചു: പേടി തോന്നുന്നില്ലേ... ഭര്‍ത്താവ് ഉടന്‍ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ഭാര്യയുടെ കഴുത്തില്‍ വെച്ചു. ഭാര്യയോട് അയാള്‍ ചോദിച്ചു : നിനക്ക് പേടിയില്ലേ? അപ്പോള്‍ പുഞ്ചിരിച്ചുകൊണ്ട് ഭാര്യ പറഞ്ഞു: ഞാന്‍ എന്തിനാണു പേടിക്കുന്നത്. കത്തി അങ്ങയുടെ കയ്യിലല്ലേ, അങ്ങ് എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. അപ്പോള്‍ അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു: ഈ വഞ്ചിയും ഇതുപോലെ ഈശ്വരന്റെ കയ്യിലാണ്. അദ്ദേഹം നമ്മെ സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്കും ഉറപ്പുണ്ട്. ഈശ്വരന്‍ എന്തു ചെയ്താലും നന്മയേ ചെയ്യൂ.. നമുക്ക് നല്ലത് പ്രതീക്ഷിക്കാം. അയാള്‍ പറഞ്ഞുതുപോലെ കാറ്റിന്റെ വേഗം കുറഞ്ഞു. അവര്‍ സുരക്ഷിതരായി അക്കരയെത്തുകയും ചെയ്തു. നിയന്ത്രണാതീതമായ കാര്യങ്ങളെക്കുറിച്ച് വ്യാകുലപ്പെടുന്നതില്‍ അര്‍ഥമില്ല. പ്രതിസന്ധികളുടെ ആഴത്തേക്കാള്‍ അവയോടുള്ള സമീപനത്തിലെ അപാകതയാണ് സാഹചര്യങ്ങൾ കൂടുതല്‍ വഷളാക്കുന്നത്. നിയന്ത്രിക്കാനാകാത്ത സാഹചര്യങ്ങളേക്കാള്‍ അപകടകരം, നിയന്ത്രിക്കാനാകാത്ത മനസ്സാണ്. ഒന്നു ശാന്തമായാല്‍ പരിഹാരമുണ്ടാകുന്ന പല പ്രശ്‌നങ്ങളുമുണ്ട്. ഒന്ന് ശ്രദ്ധിച്ചാല്‍ പ്രതിവിധി കണ്ടെത്താവുന്ന വെല്ലുവിളികളുമുണ്ട്. ഓരോന്നിനും അതര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാന്‍ കഴിയുന്ന മനസ്സിന്റെ പക്വതയാണ് പ്രധാനം. നമ്മെ തേടിവരുന്ന ഓരോ പ്രശ്‌നങ്ങളിലും മനസ്സിന്റെ ഈ പാകത കാത്തുസൂക്ഷിക്കാന്‍ നമുക്കാകട്ടെ.
Part - 75
തനിക്ക് സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ പുതിയൊരിടം വേണം. അക്കാലത്ത് അതൊരു ശ്രമകരമായ കാര്യമാണ്. വിഷയം കേട്ടറിഞ്ഞ് ഒരാളെത്തി. അദ്ദേഹം തന്റെ വീടിന്റെ രണ്ടാം നില വാടകയൊന്നും കൂടാതെ തന്നെ നല്‍കുവാന്‍ തീരുമാനിച്ചു. മൈക്കിള്‍ ഗോമസ് അതായിരുന്നു വീട്ടുടമസ്ഥന്റെ പേര്. ആ വാഗ്ദാനം നന്ദിയോടെ സ്വീകരിക്കപ്പെട്ടു. എന്നാല്‍ സാമൂഹ്യസഹായസന്നദ്ധപ്ര ത്തനങ്ങള്‍ നടത്തുവാന്‍ പിന്നെയും ധാരാളം പേര്‍ എത്തിച്ചേര്‍ന്നു. പുതുതായി എത്തിയവരേയും എത്തിക്കൊണ്ടിരുന്നവരേയും ആ കുഞ്ഞ് വീട്ടിലേക്ക് അദ്ദേഹം സ്വാഗതം ചെയ്തു. ക്രമേണ അതൊരു മുപ്പതംഗസംഘമായി മാറി. മൈക്കിള്‍ ഗോമസ് തന്റെ വീട് പൂര്‍ണ്ണമായും അവര്‍ക്കായി വിട്ടുകൊടുത്തു. മാത്രമല്ല, സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹവും പങ്കാളിയായി. അവിടെയുണ്ടായിരുന്ന മുപ്പതംഗങ്ങളുടെ കാര്യങ്ങള്‍ നോക്കുന്നതിലും അവരെ നയിച്ചിരുന്ന ആള്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും മൈക്കിള്‍ ഗോമസ് ഉണ്ടായിരുന്നു. ക്രമേണ മൈക്കിള്‍ ഗോമസ് ആ സംഘടനയുടെ താങ്ങും തണലുമായി. അവര്‍ക്ക് കീഴില്‍ ധാരാളം സ്‌കൂളുകള്‍ വന്നു. അതിന്റെ ചുമതല, നിരാശ്രയരായവരെ കണ്ടെത്തി സംരക്ഷണം നല്‍കുക, തെരുവിലെ കുട്ടികളെ പുനരധിവസിപ്പിക്കുക. .... അങ്ങനെ നിരവധി ചുമതലകളും അദ്ദേഹത്തില്‍ നിക്ഷിപ്തമായി. സംഘടനയുടെ സേവനങ്ങള്‍ പലസ്ഥലത്തേക്കും വ്യാപിച്ചു. കാലം ആ സംഘടനയുടെ പേര് മനസ്സില്‍ കൊത്തിവെച്ചു. ആ സംഘടനയെ നയിച്ചവ്യക്തിയെ ലോകം ഒരുപാടിഷ്ടത്തോടെ നെഞ്ചിലേറ്റി. അതായിരുന്നു മദര്‍ തേരേസയും മിഷനറീസ് ഓഫ് ചാരിറ്റിയും. മദര്‍ തേരേസ എന്ന വലിയ ജ്വാലയെ ആളിപ്പടര്‍ത്തിയ ഒരു ചെറിയ കൈത്തിരിയായിരുന്നു മൈക്കിള്‍ ഗോമസ്. ഓര്‍ക്കുക, ഒരു ചെറിയ നാളത്തിന് വലിയൊരു ജ്വാലയെ സൃഷ്ടിക്കാനാകും. നമ്മിലെ ചെറുനാളത്തെ കെടാതെ കാത്തുസൂക്ഷിക്കാന്‍ നമുക്കാകട്ടെ.
Part - 74
എഞ്ചിനീയറാകാനായാണ് അയാള്‍ പഠിച്ചത്. പഠനം കഴിഞ്ഞപ്പോള്‍ ജോലിയും കിട്ടി. പക്ഷെ, വളരെ ചെറുപ്പത്തില്‍ പിടിപെട്ട മലമ്പനി അവശേഷിപ്പിച്ച അനാരോഗ്യം ജോണ്‍ എന്ന ആ ചെറുപ്പക്കാരനെ പിന്നോട്ട് നയിച്ചു. ജോണ്‍ ലോഗി ബയേര്‍ഡ് അതായിരുന്നു അയാളുടെ മുഴുവന്‍ പേര്. രോഗിയായി വീട്ടിലൊതുങ്ങിക്കൂടാനായിരുന്നു ജോണിന്റെ വിധി. പക്ഷേ, ആ വിധിയെ തിരുത്തുക എന്നതായിരുന്നു അവന്റെ ലക്ഷ്യം. അവശനായി വീട്ടില്‍ കഴിയവേ, വീട്ടിലുണ്ടായിരുന്ന കുറെ ആക്രിസാധങ്ങള്‍ കൊണ്ട് ചില പരീക്ഷണങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. ഒരു തേയിലപ്പെട്ടി, ബിസ്‌കറ്റ് ടിന്‍, വയര്‍ലസ് ട്രാന്‍സ്മിറ്റര്‍ അങ്ങനെ കുറെ സാധനങ്ങള്‍. തുടര്‍ച്ചയായ രണ്ട് വര്‍ഷത്തെ പരീക്ഷണം. അവ്യക്തമായ ചില ചിത്രങ്ങള്‍ ആ തേയിലപ്പെട്ടിയില്‍ തെളിഞ്ഞു. ആ അത്ഭുതകാഴ്ച നാട്ടുകാരുടെ മുന്നില്‍ കാണിച്ച് കിട്ടിയ കാശുകൊണ്ട് കുറച്ച് ഉപകരണങ്ങള്‍ കൂടി വാങ്ങി. അങ്ങനെ ഒരു മുയല്‍ പാവയുടെ തല അദ്ദേഹം ക്യാമറയില്‍ പകര്‍ത്തി. എന്നിട്ട് ദൂരെയുള്ള ഒരു സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. ആദ്യത്തെ ടെലിവിഷന്‍ രൂപം. 1925 ഒക്ടോബര്‍ 2 ആയിരുന്നു ആ ദിവസം. പിന്നീട് ചായ കൊണ്ടുവരുന്ന പയ്യനായ വില്യം ടെയ്ന്റനെ പിടിച്ചിരുത്തി ഷൂട്ട് ചെയ്ത് അതും ടെലിവിഷനില്‍ പ്രദര്‍ശിപ്പിച്ചു. വില്യം അങ്ങനെ ആദ്യത്തെ മിനിസ്‌ക്രീന്‍ താരമായി. ശാസ്ത്രലോകം ജോണിന്റെ കണ്ടുപിടുത്തത്തെ അംഗീകരിച്ചു. പിന്നെ സമ്പന്നതയുടെ നാളുകളായിരുന്നു. തുടര്‍ന്ന് കളര്‍ ടെലിവിഷനും അദ്ദേഹം തന്നെ കണ്ടുപിടിച്ചു. അസുഖബാധിതനായി ഒരു നിത്യരോഗിയായി ഒതുങ്ങിക്കൂടാന്‍ തയ്യാറാകാതിരുന്ന അദ്ദേഹത്തിന്റെ മനസ്സ് നമുക്ക് എക്കാലവും മാതൃകയാണ്. കാരണം മനസ്സില്‍ ആരോഗ്യം സൂക്ഷിക്കുന്നവര്‍ക്ക് ശാരീരികാസ്വാസ്ഥ്യങ്ങള്‍ ജീവിതലക്ഷ്യങ്ങള്‍ക്ക് ഒരിക്കലും തടസ്സമാകുകയേ ഇല്ല. ആരോഗ്യപൂര്‍ണ്ണമായ മനസ്സിനുടമകളായി മാറട്ടെ നാമോരോരുത്തരും.
Part - 73
ഒരു സ്വര്‍ണ്ണപണിക്കാരനായിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെ ലോഹങ്ങളെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായ അവബോധം ഉണ്ടായിരുന്നു. അതുപോലെ നിറയെ നിറമുള്ള ആശയങ്ങളും ആ മനസ്സില്‍ ഉണ്ടായിരുന്നു. ജര്‍മ്മന്‍കാരനായ ജൊഹാന്‍ ഗുട്ടര്‍ ബര്‍ഗ് അതായിരുന്നു അദ്ദേഹത്തിന്റെ പേര്. മെയിന്‍സ് എന്ന ചെറുപട്ടണത്തില്‍ സ്വര്‍ണ്ണവും ഇരുമ്പും ഉലയൂതി വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു അദ്ദേഹം. അക്കാലത്താണ് അക്ഷരങ്ങള്‍ എന്ന അത്ഭുതത്തെക്കുറിച്ച് ജൊഹാന്‍ ചിന്തിച്ചത്. പ്രത്യേകമായ അച്ചുകള്‍ അതിനായി അദ്ദേഹം തയ്യാറാക്കി. ലോഹങ്ങളെക്കുറിച്ചുള്ള അറിവ് അതിന് സഹായകമായി. ഒരിക്കലുപയോഗിച്ച അച്ചുകള്‍ വീണ്ടും ഉപയോഗിക്കാന്‍ പോന്നതരത്തില്‍ രൂപപ്പെടുത്തി. ജൊഹാന്‍ തയ്യാറാക്കിയ അച്ചുകളില്‍ ആദ്യം ജനിച്ചത് ബൈബിളായിരുന്നു. 1455ൽ ആയിരുന്നു ആ ജനനം. തുടര്‍ന്ന് ഒരു കലണ്ടറും അദ്ദേഹം അച്ചടിച്ചു. ജര്‍മ്മനിയില്‍ നിന്നും അച്ചടി യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്നു. ജൊഹാന്‍ കണ്ടെത്തിയ അടിസ്ഥാന തത്വങ്ങളില്‍ നിന്നും അച്ചടി അതിവേഗം വളര്‍ന്ന് വികസിച്ചു. ജൊഹാന്റെ കാര്യമാകട്ടെ, കേസും കൂട്ടവുമായി. അനേകം പേര്‍ അതിനുമുമ്പേ അച്ചടികണ്ടെത്തിയിരുന്നു എന്ന അവകാശവാദവുമായി രംഗത്തെത്തി. അവയെല്ലാം കോടതി വ്യവഹാരങ്ങളിലുമെത്തി. ജോഹാനാകട്ടെ ഒന്നും സ്ഥാപിച്ചെടുക്കാനുള്ള രേഖകള്‍ സൂക്ഷിച്ചതുമില്ല. പിന്നീടെപ്പോഴോ ജൊഹാന്‍ ഗുട്ടന്‍ബര്‍ഗ് വിസ്മൃതിയിലായി. അദ്ദേഹത്തിന്റെ മരണം പോലും ഏത് വര്‍ഷമെന്ന് സ്ഥിരീകരിക്കപ്പെട്ടില്ല. കാലം പിന്നെയും മുന്നോട്ട് യാത്രയായി. ഒടുവില്‍ ആ കാലം വന്നു. ലോകം ആ സത്യം തിരിച്ചറിഞ്ഞു. ജൊഹാന്‍ ഗുട്ടന്‍ ബര്‍ഗായിരുന്നു അച്ചടിയന്ത്രം കണ്ടുപിടിച്ച ആദ്യത്തെ വ്യക്തി !! അതുകൊണ്ടുതന്നെ ലോകം അദ്ദേഹത്തെ ഇങ്ങനെ വിളിച്ചു. ജൊഹാന്‍ ഗുട്ടര്‍ ബര്‍ഗ് - 'അച്ചടിയുടെ പിതാവ്' - എന്ന്. സത്യങ്ങള്‍ അങ്ങിനെയാണ്, ചിലപ്പോഴെല്ലാം കരിപുരണ്ട് കിടക്കും. എന്നാല്‍ ഒരിക്കല്‍ ഊതിക്കാച്ചി തെളിച്ച പൊന്നുപോലെ അത് തിളങ്ങും. ആ തിളക്കത്തിന് ക്ഷമയോടെ കാത്തിരിക്കുക.
Part - 72
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണം, അതിന്റെ വളര്‍ച്ച, വികാസം. ഇതിനൊക്കെയൊപ്പം ചേര്‍ത്തുവായിച്ച പേരുകള്‍ അനവധിയാണ്. ആ ധീരവിപ്ലവ നേതാക്കളെല്ലാം തന്നെ ഇന്നും ആശയങ്ങളിലൂടെ ജീവിക്കുന്നു. പല പേരുകളും തുടര്‍ തലമുറകളെ ആവേശം കൊള്ളിക്കുകയും ചെയ്തു. കാള്‍ മാര്‍ക്‌സ്, കമ്മ്യൂണിസത്തിന്റെ ആചാര്യന്‍. എഴുത്തും വായനയും ചിന്തയും. മണിക്കൂറുകളോളം ഇടതടവില്ലാത്ത പ്രവര്‍ത്തനമായിരുന്നു കാള്‍മാര്‍ക്‌സിന്റേത്. കാള്‍മാര്‍ക്‌സിന്റെ ജീവിതത്തിലെ വലിയൊരു ഭാഗവും എഴുത്തിനായി നീക്കിവെക്കപ്പെട്ടു. 1867 സെപ്റ്റംബര്‍ 14 കാള്‍മാക്‌സിന്റെ ജീവിതത്തിലെ ഏറ്റവു പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നായിരുന്നു . 'മൂലധനം അഥവാ ദാസ് കാപ്പിറ്റല്‍ ' എന്ന മഹാഗ്രന്ഥം പ്രസിദ്ധീകരിച്ച ദിവസം. മാര്‍സിന്റെ വര്‍ഷങ്ങള്‍ നീണ്ട ചിന്തയുടേയും ഗവേഷണത്തിന്റെയും ഫലം. ഇത്രയൊക്കെയും ഒരു പക്ഷേ നമ്മള്‍ പഠിച്ചും വായിച്ചും അറിഞ്ഞ കാര്യങ്ങള്‍. എന്നാല്‍ ഇതിനോട് ചേര്‍ത്ത് വായിക്കേണ്ട മറ്റൊരു പേരുണ്ട്. എലനര്‍. മുഴവന്‍ പേര് എലനര്‍ മാര്‍ക്‌സ്. എലനര്‍, മാര്‍ക്‌സിന്റെ ഇളയപുത്രിയായിരുന്നു. പിതാവിന്റെ എഴുത്തുപുരയിലെ മികച്ച സഹായിയായിരുന്നു എലനര്‍. പ്രായത്തില്‍ കവിഞ്ഞ പക്വതയും ബുദ്ധിയുമുള്ള എലനര്‍ പിതാവിന്റെ പാത പിന്തുടര്‍ന്ന് പരന്ന വായനയും ആശയങ്ങളെ വേര്‍തിരിച്ച് മനസ്സിലാക്കാനുള്ള കഴിവും നേടിയെടുത്തു. 16 വയസ്സായപ്പോഴേക്കും, പിതാവിന്റെ ചിന്തകളിലെ നേരിയ അര്‍ഥതലങ്ങള്‍ പോലും മനസ്സിലാക്കിയെടുക്കുന്നതില്‍ എലനര്‍ മിടുക്കു കാട്ടി. മൂലധനത്തിന്റെ രചനയിലും സഹായിയായി നിന്നത് എലനര്‍ ആയിരുന്നു. കമ്യൂണിസ്റ്റ് ആശയങ്ങള്‍ എലനര്‍ക്ക് പകര്‍ന്ന് നല്‍കിയത് മാര്‍ക്‌സ് തന്നെയായിരുന്നു. പിന്നീട് ഈ പുത്രിയെകുറിച്ച് മാര്‍ക്‌സ് ഇങ്ങനെ പറഞ്ഞു. 'എന്റെ മൂത്ത മകള്‍ പലകാര്യങ്ങളിലും എന്നെപ്പോലെയാണ്, പക്ഷേ ഇളയമകള്‍ എലനര്‍ എന്നെപ്പോലെയെന്നല്ല, ഞാന്‍ തന്നെയാണെന്നാണ് പറയേണ്ടത് '. ആശയങ്ങള്‍ അഗ്നിയാകുന്നത് തുടര്‍ച്ചകളിലൂടെയാണ്. അറിവ് കൈമാറ്റപ്പെടാനുളളതാണ്. നമ്മുടെ ഓരോ അറിവുകളും മറ്റുളളവരിലേക്ക് പകരുക. അതിലൂടെ അവര്‍ക്ക് പഠിക്കാനും നമുക്ക് കൂടുതല്‍ തെളിയാനും അവസരമാകുന്നു
Part - 71
താരവും ആരാധകരും - ഒരു നൂലിലെ രണ്ടു മുത്തുകള്‍. സിനിമയുടെ ലോകത്തും കായിക ലോകത്തും വിജയിച്ചവരെ ആരാധനയോടെ കാണുന്നവര്‍ ഏറെയുണ്ട്. ചിലപ്പോഴത് വെറും ആരാധന മാത്രം. മറ്റ് ചിലപ്പോള്‍ മാതൃക രൂപങ്ങള്‍. എന്ത് തന്നെയായാലും പരസ്പരം കരുത്ത് പകരുന്നവരാണ് ഇരുകൂട്ടരും. ഗുന്ദര്‍ പോര്‍ഷെ. അയാളും ഒരു ആരാധകനായിരുന്നു. കായികരംഗത്ത് കത്തി ജ്വലിച്ചുനിന്ന ഒരു താരത്തിന്റെ.. കളിമികവും സൗന്ദര്യവും ഒരുപോലെ ചര്‍ച്ചചെയ്യപ്പെടുന്ന ടെന്നീസ് കോര്‍ട്ടിലെ എക്കാലത്തേയും ഇതിഹാസതാരമായിരുന്ന മോണിക്ക സെലസ്. 1991 ലും 1992 ലും ലോക ഒന്നാം നമ്പര്‍കാരിയായിരുന്നു സെലസ്. സെര്‍ബിയയില്‍ ജനിച്ച് യുഗസ്ലോവാക്യയ്ക്ക് വേണ്ടിയും പിന്നീട് യു എസ് നു വേണ്ടിയും കളിച്ച മിടുക്കി. മാതൃരാജ്യത്തിന് വേണ്ടി അവര്‍ 8 ഗ്രാൻഡ്‌സ്ലാം കീരീടങ്ങളും അമേരിക്കയ്ക്ക് വേണ്ടി ഒന്നും അവര്‍ സ്വന്തമാക്കി. 1993 ഏപ്രില്‍ 30. പതിവുപോലെ മോണിക്ക ജര്‍മ്മനിയിലെ ഹാംബര്‍ഗിലെ കളിമണ്‍ കോര്‍ട്ടില്‍ ബള്‍ഗേറിയന്‍ താരം മാഗി മല്ലിവയ്‌ക്കെതിരെ മത്സരിക്കുന്നു. ഓരോ സെര്‍വിന് ശേഷവും കളിക്കളത്തില്‍ താളം കണ്ടെത്തുമ്പോള്‍ ഈശ്വരനോട് പ്രാര്‍ത്ഥിച്ചിരുന്ന സെലസ്. നേരിയ സ്വര്‍ണ്ണമാലയും ലളിതമായ അലങ്കാരങ്ങളുമുള്ള സെലസ്. അക്കാലം ടെന്നീസ് കോര്‍ട്ടിലെ സൗന്ദര്യം മുഴുവന്‍ ആവാഹിക്കപ്പെട്ടത് സെലസിലായിരുന്നു ! സെറ്റുകള്‍ സ്വന്തമാക്കിക്കൊണ്ട് സെലസ് മുന്നോട്ട്. തന്റെ പ്രിയ താരത്തിന്റെ കളികാണാന്‍ ഗുന്ദര്‍ പോര്‍ഷെ നേരത്തെ തന്നെ എത്തിയിരുന്നു. കളിക്കിടയില്‍ ഗുന്ദര്‍പോര്‍ഷെ ആള്‍ക്കൂട്ടത്തിനിടയിലൂടെ സെലസിനടുത്തെത്തി. കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സെലസിനെ ആഞ്ഞ് കുത്തി. ആരാധനയുടെ വിഭ്രമകരമായ ഒരു തലം. ഗുരുതരമായ പരിക്കേറ്റ സെലസ് പിന്നീട് ചികിത്സയും വിശ്രമവുമായി കോര്‍ട്ടില്‍ നിന്നും മടങ്ങി. 1995 ല്‍ തിരിച്ചെത്തി. പക്ഷേ, വേണ്ടത്ര തിളങ്ങാനായില്ല. 1996 ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കി. 2000 ത്തിലെ ഒളിംപിക്‌സില്‍ വെങ്കലം നേടി. 2008 ല്‍ കളിക്കളത്തോട് വിടപറഞ്ഞു വിശ്രമജീവിത്തിലേക്ക് മടങ്ങി. ആ മടങ്ങി വരവിന് ഒന്നേയുള്ളൂ പേര്. ആത്മവിശ്വാസം. ഏത് പ്രതിസന്ധിയിലും ഞാന്‍ തിരിച്ച് വരുമെന്ന് സ്വന്തം മനസ്സിന് നല്‍കുന്ന വിശ്വാസം. ആ വിശ്വാസം നമ്മെയും നയിക്കട്ടെ.
Part - 70
1932-33 ആഷസ് പരമ്പര. ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനം. ക്രിക്കറ്റ് ഇതിഹാസം സര്‍.ഡോണ്‍ ബ്രാഡ്മാന്‍ പിച്ചില്‍ നിറഞ്ഞുനിന്ന കാലം. അദ്ദേഹത്തെ ഏത് വിധേനയും പിടിച്ചുകെട്ടുക എന്നതായിരുന്നു ഇംഗ്ലീഷ് ടീമിന്റെ ലക്ഷ്യം. ക്യാപ്റ്റന്‍ ഡഗ്ലസ് ജാര്‍ഡൈന്‍ അതുവരെയുള്ള ക്രിക്കറ്റ് ചരിത്രത്തിലെ കറുത്ത അധ്യായം എഴുതിച്ചേര്‍ത്തു. അതായിരുന്നു ബോഡി ലൈന്‍ തന്ത്രം. ബാറ്റ്‌സ്മാന്റെ സ്റ്റംമ്പിനു നേരെ ബൗള്‍ ചെയ്യുന്നതിന് പകരം, പിച്ചില്‍ കുത്തി ബാറ്റ്‌സ്മാന്റെ ശരീരത്തിനു നേരെ അതിവേഗം പന്ത് തിരിച്ചുവിടുന്ന തന്ത്രം. ശരീരത്തിന് നേരെ പാഞ്ഞടുക്കുന്ന ബോളില്‍ നിന്ന് രക്ഷനേടാന്‍ ബാറ്റ്‌സ്മാന്‍ ഡിഫെന്‍ഡ് ചെയ്യേണ്ടി വരുന്നു. ഈ സമയത്ത് ബാറ്റില്‍ കൊണ്ട് ബോള്‍ ഉയര്‍ന്നുപൊങ്ങി ഫീല്‍ഡറുടെ കൈകളിലെത്തും. ഇതിനായി ഷോട്ട്‌ലെഗ്ഗില്‍ 5 ഫീല്‍ഡര്‍മാരേയും , ഡീപ്പില്‍ 2 ഫീല്‍ഡര്‍മാരേയും നിര്‍ത്തിയിരുന്നു. ബോഡി ലൈന്‍ പരീക്ഷണത്തെ തുടര്‍ന്ന് പലതാരങ്ങള്‍ക്കും പരിക്കേറ്റു. ഗുരുതരമായ പരിക്കുകള്‍ കാണികള്‍ പ്രതിഷേധിക്കുന്നതിലേക്കെത്തിച്ചു. എന്നാല്‍ ഇത് ലെഗ് തിയറിയാണെന്ന് ഇംഗ്‌ളണ്ട് വാദിച്ചു. സഹികെട്ട് ഓസ്‌ട്രേലിയ സ്‌പോര്‍ട്മാന്‍ഷിപ്പിന് നിരക്കാത്ത ക്രിക്കറ്റാണ് ഇംഗ്ലീഷുകാര്‍ കളിക്കുന്നതെന്ന് സന്ദേശമയച്ചു. ആ പദപ്രയോഗം പിന്‍വലിച്ചില്ലെങ്കില്‍ പരമ്പരയില്‍ നിന്ന് പിന്‍മാറുമെന്ന് ഇംഗ്ലണ്ട് വാശിപിടിച്ചു. സംഭവം കളിക്കളത്തിന് പുറത്തേക്ക് വ്യാപിച്ചു. സൗത്ത് ഓസ്‌ട്രേലിയന്‍ ഗവര്‍ണന്‍ അലക്‌സാണ്ടര്‍ റൂത്ത്‌വെന്‍, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ഹെന്‍ട്രി തോമസിനെ ഗൗരവമറിയിച്ചു. ബോഡീലൈന്‍ തുടര്‍ന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധത്തെ ബാധിച്ചേക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഒടുവില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ക്രിക്കറ്റ് ബോര്‍ഡുമായി സംസാരിച്ചു. അങ്ങനെ കളി കാര്യമായി. അതിന് രാഷ്ട്രീയ മാനങ്ങള്‍ വന്നു. അന്താരാഷ്ട്ര വ്യാപാരത്തെ ബാധിച്ചു. ഒടുവില്‍ ഓസ്‌ട്രേലിയ, സ്‌പോട്‌സ്മാന്‍ഷിപ്പിന് നിരക്കാത്ത എന്ന പ്രയോഗം പിന്‍വലിച്ചു. 1935 ല്‍ ക്രിക്കറ്റ് നിയമം മാറ്റിയെഴുതി. ഉപദ്രവകരമായി പന്തെറിഞ്ഞാല്‍ അമ്പെയര്‍മാര്‍ക്ക് ഇടപെടാന്‍ സ്വാതന്ത്ര്യം വന്നു. ഫീല്‍ഡര്‍മാരുടെ പൊസിഷനുകള്‍ നിശ്ചയിക്കപ്പെട്ടു. പുതിയ കളി നിയമങ്ങള്‍ വന്നു. ഇത്രയും കലുഷിതമായ കാര്യങ്ങള്‍ നടക്കുമ്പോള്‍ വളരെ ശാന്തമായി സമാന്തരമായി മറ്റൊന്നു സംഭവിക്കുന്നുണ്ടായിരുന്നു. ആരെ പിടിച്ചുകെട്ടുവാനാണോ ഈ കള്ളക്കളി പുറത്തെടുത്തത്, ആ വ്യക്തി ക്രിക്കറ്റിന്റെ രാജാവ് സര്‍.ഡോണ്‍ ബ്രാഡ്മാന്‍ ഇതൊന്നുമേശാതെ ആ പന്തുള്‍പ്പെടെ എല്ലാത്തിനേയും അടിച്ചുതെറിപ്പിച്ച് നിലംപരിശാക്കിക്കൊണ്ടിരുന്നു. പരമ്പരയില്‍ 139 റണ്‍സ് ശരാശരിയോടെ ബ്രാഡ്മാന്‍ 974 റണ്‍സ് എന്ന മികച്ച റെക്കോര്‍ഡ് സ്വന്തമാക്കി. അന്തര്‍ലീനമായികിടക്കുന്ന പ്രതിഭ, അത് അഗ്നിയാണ്. ഏത് കൊടുങ്കാറ്റിലും ഏത് പേമാരിയിലും ഉലയാതെയും അണയാതെയും ആളിപ്പടര്‍ന്നുകൊണ്ടേയിരിക്കും.
Part- 69
ഇറ്റലിയിലെ ട്യൂറിനില്‍ ഒരു ജൂതകുടുംബത്തിലായിരുന്നു റിതയുടെ ജനനം. മുഴുവന്‍ പേര് റിത ലെവി മൊന്റാല്‍സിനി. ഒരു എഴുത്തുകാരിയാവാനായിരുന്നു അവളുടെ ആഗ്രഹം. എന്നാല്‍ ട്യൂമര്‍ ബാധിച്ച് ഒരു ബന്ധു മരണപ്പെട്ടതോടെ വൈദ്യശാസ്ത്രരംഗത്ത് എന്തെങ്കിലും ചെയ്യണമെന്ന അതിയായ ആഗ്രഹം മനസ്സില്‍ കുടിയേറി. മെഡിസിന്‍ പഠനം ആരംഭിച്ചപ്പോള്‍ നാഡീവ്യൂഹത്തെക്കുറിച്ചായിരുന്നു ഏറെയും ശ്രദ്ധ ചെലുത്തിയത്. പഠനശേഷം ജോലിയിലേക്ക്. എന്നാല്‍ റിതയുടെ ആഗ്രഹം പ്രാവര്‍ത്തികമാക്കാന്‍ പറ്റുന്നതായിരുന്നില്ല. ജൂതവംശജരെ അക്കാദമിക് രംഗത്തുനിന്നും നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ ജോലി നഷ്ടമായി. പക്ഷേ, പഠിക്കണമെന്ന ആഗ്രഹത്തിന് ഒട്ടും കുറവ് വന്നില്ല. വീട്ടിലെ കിടപ്പുമുറി ലാബ് ആയി മാറി. പരീക്ഷണവസ്തുവായി ഉപയോഗിച്ചത് കോഴിയെയായിരുന്നു. ഭ്രൂണത്തിലെ നാഡീഞരമ്പുകളിലായിരുന്നു പരീക്ഷണം. പക്ഷേ വിധി റിതയ്ക്ക് അനുകൂലമായിരുന്നില്ല. രണ്ടാം ലോക മഹായുദ്ധം, ജര്‍മ്മന്‍ സേന ഇറ്റലി ആക്രമിക്കുന്നു. റിത ഫ്‌ളോറന്‍സിലേക്ക് പലായനം ചെയ്തു. അവിടത്തെ അഭയാര്‍ത്ഥി ജീവിതത്തില്‍ ആരും കാണാതെ റിത ഒരു ലബോറട്ടറി ഒരുക്കി. ആ ഒളിവിലെ ലാബിലും അവര്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. 1946 യുദ്ധം അവസാനിച്ചു. റിത വീണ്ടും ട്യൂറനിലേക്ക്. തുടര്‍ന്ന് നീണ്ട 30 വര്‍ഷര്‍ഷത്തോളം ഒരേ വിഷയത്തില്‍ ഗവേഷണം. 1952 ല്‍ നാഡീ ഞരമ്പുകളിലെ ചില കോശങ്ങളുടെ അസാധാരണ വളര്‍ച്ച റിത കണ്ടെത്തി. അതിന്റെ കാരണം അവര്‍ വേര്‍തിരിച്ചെടുത്തു. അതിരില്ലാത്ത പഠനമായിരുന്നു റിതയുടെ ജീവിതം. ഒടുവില്‍ ലോകം അവര്‍ക്കൊരു സമ്മാനം നല്‍കി. 1986 ല്‍ ന്യൂറോ ബയോളിജിക്ക് ആവര്‍ഷത്തെ നൊബല്‍ സമ്മാനം. അതായിരുന്നു ആ സമ്മാനം. ലക്ഷ്യത്തിലേക്ക് - വിജയത്തിലേക്ക് - ഒരൊറ്റ ഷോട്ട്കട്ട് മാത്രമേയുള്ളൂ എന്ന് റിത നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഏത് പ്രതികൂലാവസ്ഥയിലും ലക്ഷ്യത്തിനായി പ്രയത്‌നിക്കാനുള്ള കരുത്ത് നേടാനാകട്ടെ - ശുഭദിനം
Part - 68
1988 ല്‍ ബ്രസീലില്‍ 44 വയസ്സുള്ള യുവാവ് ഒരു ഫാം ഉടമയുടെ വെടിയേറ്റ് കൊല ചെയ്യപ്പെട്ടു. തന്റെ യൗവനത്തിന്റെ പകുതിയോളം കാലം എഴുത്തോ, വായനയോ അറിയാത്ത വ്യക്തിയായിരുന്നു അയാള്‍. പക്ഷേ, കാലം അയാളുടെ തുടര്‍ന്നുള്ള ജീവിതത്തില്‍ ചില മാജിക്കുകള്‍ കാത്തുവെച്ചിരുന്നു. ബ്രസീല്‍ സര്‍ക്കാര്‍ സംവിധാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളിലൊന്നാണ് Institute for conservation of Biodiveristy. ഇന്ന് ഈ സ്ഥാപനത്തിന്റെ പേര് തുടങ്ങുന്നത് Chiko Mentus Institute of Conservation of Biodiversity എന്നാണ്. ചികോ മെന്റസ് - അതായിരുന്നു കൊലചെയ്യപ്പെട്ട ആ യുവാവിന്റെ പേര്. 1944 ല്‍ ജനിച്ച ചികോ വെറുമൊരു റബ്ബര്‍വെട്ടുകാരനായാണ് ജീവിതം തുടങ്ങിയത്. തന്റെ കൃഷിഭൂമിയിലെ റബ്ബര്‍ മരങ്ങള്‍ക്കപ്പുറം മറ്റൊരു ചിന്തയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നാല്‍ കൃഷിയെകുറിച്ചും കൃഷിഭൂമിയെക്കുറിച്ചും അദ്ദേഹത്തില്‍ ആഴത്തിലുള്ള അറിവുകള്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവൃത്തിക്കേണ്ട ഒരു അവസരം അദ്ദേഹത്തിന് വന്ന് ചേര്‍ന്നു. അങ്ങനെ അയാള്‍ പുറംലോകവുമായി ബന്ധപ്പെട്ടു. പതിയെ ചികോയുടെ ജീവിതം മറ്റൊന്നായി മാറുകയായിരുന്നു. പരിസ്ഥിതിയെക്കുറിച്ചു പ്രായോഗിക അറിവും സംഘടനാ പാടവവും കൈമുതലായപ്പോള്‍ ചികോ, ആമസോണിന്‍െ പ്രിയ പുത്രനായിമാറി. ആമസോണ്‍ മഴക്കാടുകളെ സംരക്ഷിക്കാനായി തീവ്രപോരാട്ടത്തിലായി ചികോ മെന്റസ്. ചികോ പിന്നീട് അറിയപ്പെട്ടതും, ഇപ്പോള്‍ അറിയപ്പെടുന്നതും ആമസോണ്‍ മഴക്കാടുകളുടെ സംരക്ഷകന്‍ എന്ന പേരില്‍ തന്നെയാണ്. പ്രകൃതിയ്ക്ക് വേണ്ടി പോരാടി രക്തസാക്ഷിയാവുകയായിരുന്നു ചികോ മെന്റസ്. ചികോയെ ഈ രംഗത്തേക്ക് എത്തിച്ചത് സാമ്പ്രദായിക വിദ്യാഭ്യാസമായിരുന്നില്ല. മറിച്ച് പ്രകൃതിയില്‍ നിന്നും ചുറ്റുപാടകളില്‍ നിന്നും അദ്ദേഹം നേരിട്ട് നേടിയ അറിവുകളായിരുന്നു.
ഓര്‍ക്കുക ... വിവേകവും വിദ്യാഭ്യാസവും രണ്ടാണ്. വിവേകത്തോടെ നമുക്ക് മുന്നേറാം - ശുഭദിനം
ഓര്‍ക്കുക ... വിവേകവും വിദ്യാഭ്യാസവും രണ്ടാണ്. വിവേകത്തോടെ നമുക്ക് മുന്നേറാം - ശുഭദിനം
Part - 67
ആല്‍ഫ്രഡ് നൊബെല്‍. അവിചാരിതമായി കണ്ടെത്തിയ, അപകടകാരിയായ രാസവസ്തുവായ നൈട്രോഗ്ലിസറിന്റെ കണ്ടുപിടുത്തക്കാരന്‍; സാധാരണ അവസ്ഥയില്‍, ചെറിയ മര്‍ദ്ദം ഏറ്റാല്‍ പോലും വലിയ പൊട്ടിത്തെറിയുണ്ടാക്കുന്ന അപകടകാരിയായ രാസവസ്തുവാണ് നൈട്രോഗ്ലിസറിന്‍. അദ്ദേഹത്തിന്റെ സഹോദരന്‍ പോലും നൈട്രോഗ്ല്രിസറിന്റെ പരീക്ഷണത്തിനിടയിലുണ്ടായ പൊട്ടിത്തെറിയില്‍ കൊല്ലപ്പെട്ടു. തുരങ്കനിര്‍മ്മാണവും, ഖനനവും ഒക്കെ നൈട്രോഗ്ല്രിസറിന്‍ കൊണ്ട് നൊബെല്‍ സുഗമമാക്കി. അതൊടെ നൊബെല്‍ വലിയ സമ്പന്നനായി മാറി. അന്നത്തെ സെക്രട്ടറിയായിരുന്ന ബെര്‍ത്ത പിന്നീട് യുദ്ധറിപ്പോര്‍ട്ടര്‍ ആയി. യുദ്ധമുഖത്ത് നൊബെലിന്റെ ഡയനാമിറ്റുകള്‍ ഉണ്ടാക്കുന്ന നാശം അദ്ദേഹം നേരില്‍ കണ്ടു. മരണങ്ങള്‍ ഏറെ കണ്ട ബെര്‍ത്ത ആ വിഷയം അടിസ്ഥാനമാക്കി ഒരു നോവല്‍ എഴുതി. പിന്നീട് നൊബെലിന് ഡയനാമിറ്റിന്റെ അപകടം മനസ്സിലാക്കിക്കൊടുക്കാന്‍ കത്തെഴുതി. നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ നേരില്‍ കണ്ട് അപേക്ഷിച്ചു. പക്ഷേ, നൊബെല്‍ പിന്‍വാങ്ങിയില്ല. അങ്ങനെയിരിക്കെ നൊബെലിന്റെ സഹോദരന്റെ മരണം നടന്നു,. പത്രമാധ്യമങ്ങള്‍ ആ വാര്‍ത്ത തെറ്റായി റിപ്പോര്‍ട്ട് ചെയ്തു. ആല്‍ഫ്രഡ് നൊബെല്‍ മരണപ്പെട്ടു എന്നായിരുന്നു ആ വാര്‍ത്ത. വാര്‍ത്ത കണ്ട നൊബെല്‍ അത്ഭുതപ്പെട്ടു. അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയത്, പത്രം ആ വാര്‍ത്തയ്ക്ക് കൊടുത്ത തലക്കെട്ടായിരുന്നു. 'മരണത്തിന്റെ മൊത്തവ്യാപാരി അന്തരിച്ചു' !!. തലകെട്ട് നൊബെലിനെ മാറ്റി ചിന്തിപ്പിച്ചു. ഒടുവില്‍ തന്റെ സമ്പാദ്യം ശാസ്ത്രരംഗത്തെ മികവിന് സമ്മാനമായി സമര്‍പ്പിച്ചു. അവിടെ 'നൊബെല്‍ അവാര്‍ഡ് ' പിറവിയെടുത്തു. ഇടയ്‌ക്കൊക്കെ നമുക്കും ഒന്ന് വിശകലനം നടത്താം, ലോകം തന്നെ എങ്ങിനെ വിലയിരുത്തുന്നു എന്ന്. ആ തിരിച്ചറിവ് സ്വയം സ്ഫുടം ചെയ്ത് ഒരു ശുദ്ധീകരണത്തിന് നമ്മെ സഹായിക്കുക തന്നെ ചെയ്യും - ശുഭദിനം
Part - 66
റേഡിയോ കണ്ടുപിടിച്ച്ത് മാര്‍ക്കോണിയാണെന്നാണ് നമ്മള്‍ പഠിച്ച ചരിത്രം. പക്ഷേ, ചിലപ്പോഴൊക്കെ ചില തിരുത്തലുകള്‍ ചരിത്രം നേരിടേണ്ടി വന്നിട്ടുണ്ട്. ഇത് നിക്കോളോ ടെസ്‌ല. ഇദ്ദേഹം ക്രൊയേഷ്യയില്‍ ജനിച്ച് അമേരിക്കയില്‍ കുടിയേറിയ ശാസ്ത്രജ്ഞനാണ്. 1892 ല്‍ റേഡിയോ എന്ന ആശയം അദ്ദേഹം ആവിഷ്‌കരിച്ചിരുന്നു. ലോകമെങ്ങും റേഡിയോ വഴി ആശയവിനിമയം എത്തിക്കുക എന്ന പരീക്ഷണത്തില്‍ വിജയിക്കാനായില്ലെങ്കിലും, തന്റെ ഗവേഷണങ്ങളില്‍ അദ്ദേഹം ഏറെ മുമ്പോട്ട് പോയിരുന്നു. വാസ്തവത്തില്‍ 1892 ല്‍ ടെസ്‌ല വികസിപ്പിച്ചെടുത്ത ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് 5 വര്‍ഷത്തിന് ശേഷം മാര്‍ക്കേണി റേഡിയോ തരംഗങ്ങളെ അടിസ്ഥാനമാക്കിയുള്ള വയര്‍ലസ് ടെലിഗ്രാഫി വികസിപ്പിച്ച് അതിന് പേറ്റന്റ് നേടിയത്. ഈ കണ്ടുപിടുത്തത്തില്‍ നൊബൈല്‍ സമ്മാനവും മാക്രേണിയെ തേടിയെത്തി ! കച്ചവട ചിന്താഗതി ഒട്ടുമില്ലാതിരുന്ന ടെസ്‌ല തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ദാരിദ്ര്യത്തിലായിരുന്നു ജീവിച്ചുതീര്‍ത്തത്. റേഡിയോയുടെ പിതാവ് മാര്‍ക്കോണിയല്ല, ടെസ്ലയാണ് എന്ന വാദത്തിന് പിന്നീട് ശക്തികൂടി. 1943 ല്‍ അമേരിക്കയിലെ സുപ്രീം കോടതിയും ആ വിധി ശരിവെച്ചു. മറ്റെല്ലാവരുടേയും പേറ്റന്റുകള്‍ റദ്ദാക്കിയ സുപ്രീംകോടതി ടെസ്‌ലക്ക് റേഡിയോയുടെ പേറ്റന്റ് നല്‍കുകയും ചെയ്തു. എന്നാല്‍ ആ വിധി വരുന്നതിനു 8 മാസങ്ങള്‍ക്ക് മുമ്പേ നിക്കോളാസ് ടെസ്‌ല ഈ ലോകത്തോട് വിടപറഞ്ഞിരുന്നു. ആര്‍ക്കും നിഷേധിക്കാനാകാത്ത ഒരു സത്യം ബാക്കി വെച്ചാണ് ടെസ്‌ല പോയത്. സത്യങ്ങള്‍ എപ്പോഴും അങ്ങനെയാണ്, ചാരം മൂടിയ കനല്‍പോലെ, ഒരിക്കല്‍ അത് തെളിമയോടെ ആളിപടരുക തന്നെ ചെയ്യും. സത്യംവദഃ ധര്‍മ്മംചരഃ - ശുഭദിനം
Part - 65
മൂന്ന് പേര്‍ സംഭാഷണത്തിലാണ്. ആദ്യത്തെ ആള്‍ ചോദിച്ചു. സ്വപ്‌നത്തില്‍ ഒരുകോടി രൂപ ലഭിച്ചാല്‍ ഞാന്‍ ലോകം മുഴുവന്‍ ചുറ്റിക്കറങ്ങും. നിങ്ങളോ? രണ്ടാമന്‍ പറഞ്ഞു. പിന്നെ ഞാന്‍ വീട്ടില്‍ വെറുതെ ഇരുന്നു ഇനിയുള്ള കാലം വിശ്രമിക്കും. അപ്പോള്‍ മൂന്നാമന്‍ പറഞ്ഞു ഞാന്‍ വീണ്ടും കിടന്നുറങ്ങും. ഒരു സ്വപ്‌നം കണ്ടാല്‍ ഒരു കോടി രൂപ കിട്ടുമെങ്കില്‍ വീണ്ടുമൊരു സ്വപ്‌നം കൂടി കണ്ടാല്‍ രണ്ടു കോടിയാകുമല്ലോ ! പലരും ഇങ്ങനെയാണ്. ഭാവനകളെ താലോലിച്ചാണ് ഭൂരിഭാഗം പേരും സംതൃപ്തി കണ്ടെത്തുന്നത്. ഭാവനകള്‍ക്ക് പണചിലവോ, പരിധിയോ ഇല്ലല്ലോ.. നമ്മുടെയെല്ലാം ഭാവനയില്‍ ഇതുപോലെ എത്രയെത്ര സ്വപ്‌നങ്ങള്‍ ഉറങ്ങുന്നുണ്ടാകും. സ്വപ്‌നം കാണുന്നതു തെറ്റല്ല. കണ്ട സ്വപ്‌നങ്ങളെ അവിടെ തന്നെ കിടത്തി ഉറക്കുന്നതാണ് തെറ്റ്. കണ്ട സ്വപ്‌നങ്ങളും പങ്കുവെച്ച സ്വപ്‌നങ്ങളും കഴിവിന്റെയോ മികവിന്റെയോ അടയാളമല്ല. പൂര്‍ത്തീകരിക്കപ്പെട്ട സ്വപ്‌നങ്ങള്‍ മാത്രമാണ് ആര്‍ജ്ജവവും ആവേശവും നല്‍കുന്നത്. വലിയ സ്വപ്‌നങ്ങളെക്കുറിച്ച് പറഞ്ഞു നടക്കുന്ന പലരും ചെറിയ കാര്യങ്ങള്‍പോലും ചെയ്തു തീര്‍ക്കാറുണ്ടോ? കണ്ട സ്വപ്‌നങ്ങളുടെ എണ്ണത്തിലല്ല കാര്യം. തുടങ്ങി വെച്ചതോ, പൂര്‍ത്തീകരിച്ചതോ ആയ സ്വപ്‌നങ്ങള്‍ മാത്രമാണ് കാഴ്ചപാടിന്റൈയും കര്‍മോത്സുകതയുടേയും അടയാളമായി മാറുകയുള്ളൂ. നടക്കാതെ പോകുന്ന കാര്യങ്ങളെ മനസ്സിലിട്ടു തോലോലിക്കാനുള്ള മാര്‍ഗ്ഗമായി മാറരുത് നമ്മുടെ സ്വപ്‌നങ്ങള്‍. മറിച്ച് , നടത്തിയെടുക്കേണ്ട കാര്യങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന പണിശാലകളായി മാറട്ടെ നമ്മുടെ ഓരോ സ്വപ്‌നാടനവും.
Part - 64
അമേരിക്കയിലെ ബോസ്റ്റണ്‍. അതായിരുന്നു ഏലിയാസ് ഹോവിന്റെ ജന്മസ്ഥലം. ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം. അതായിരുന്നു ലക്ഷ്യം. ആ സ്വപ്‌നം മനസ്സില്‍ സൂക്ഷിച്ച് ചെയ്തിരുന്ന വര്‍ക് ഷോപ്പ് ജോലിയിലെ ശ്രദ്ധ നഷ്ടപ്പെട്ടു. ജോലിയും നഷ്ടമായി. ഒരിക്കല്‍ ഒരു നെയ്ത്തുകാരന്‍ വസ്ത്രം തുന്നുന്നത് കണ്ടു. ഊടും പാവും ഇഴചേരുന്നത് കണ്ട് ഹോവ് അതൊരു യന്ത്രമാക്കി മാറ്റാന്‍ തീരുമാനിച്ചു. സമ്പാദ്യമെല്ലാം വിറ്റ് പരീക്ഷണം തുടങ്ങി. പകുതിയായപ്പോള്‍ പണമെല്ലാം തീര്‍ന്നു. സഹായിക്കാന്‍ ഒരു സുഹൃത്ത് എത്തി. അങ്ങനെ യന്ത്രം പൂര്‍ത്തിയാക്കി. നഗരത്തിലെ മികച്ച 5 തുന്നല്‍ക്കാരെ മത്സരത്തിന് ക്ഷണിച്ചു. അവര്‍ കൈകൊണ്ട് തുന്നി. ഹോവ് മെഷീനിലും. ഹോവ് വിജയിച്ചു. മെഷീന്‍ ജനശ്രദ്ധയാകര്‍ഷിച്ചു. യന്ത്രത്തിന്റെ ചിലവ് അധികമായിരുന്നു. 300 ഡോളര്‍ കൊടുത്ത് ആരും അത് വാങ്ങാന്‍ തയ്യാറായില്ല. നിരാശനായ ഹോവ് ശ്രമം നിര്‍ത്തിവെച്ചു. അദ്ദേഹത്തിന്റെ സഹോദരന്‍ ഈ യന്ത്രം ഇംഗ്ലണ്ടിലേക്ക് എത്തിച്ചു. ഇംഗ്ലണ്ടിലും ചിലവായില്ല. തിരിച്ചുവരാന്‍ കയ്യില്‍ പണവുമില്ല. തന്ത്രശാലിയായ തോമസ് എന്നൊരാള്‍ യന്ത്രത്തിന്റെ നിര്‍മ്മാണാവകാശം തുച്ഛമായ തുകയ്ക്ക് എഴുതി വാങ്ങി യന്ത്രം സ്വന്തമാക്കി. പിന്നീട് തോമസ് യന്ത്രം പരിഷ്‌കരിക്കാന്‍ ഹോവിനെ ഇംഗ്ലണ്ടിലേക്ക് എത്തിച്ചു. ഒരു അടിമയെപ്പോലെ ഹോവിനെ പണിയെടുപ്പിച്ചു. മനസ്സുമടുത്ത ഹോവ് അമേരിക്കയിലേക്ക് മടങ്ങി. അവിടെയെത്തിയ ഹോവ് കേട്ട വാര്‍ത്ത ഇതായിരുന്നു. ഇംഗ്ലണ്ടില്‍ തയ്യല്‍ യന്ത്രം കണ്ടുപിടക്കപ്പെട്ടിരിക്കുന്നു. യന്ത്രം വന്‍ പ്രചാരം നേടി. ഹോവ് നിരാശനായി. കേസ് നടത്താനുള്ള പണവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ആ സമയത്ത് മുന്‍പ് മത്സരത്തില്‍ ജഡ്ജായി വന്ന മിസ്റ്റര്‍ ബ്ലാസ്, ഹോവിനു വേണ്ടി കോടതിയില്‍ സാക്ഷിപറഞ്ഞു. കോടതി അത് അംഗീകരിച്ചു. തോമസ് വില്‍ക്കുന്ന ഓരോ യന്ത്രത്തിന്റെയും റോയലിറ്റി ഹോവിന് നല്‍കാന്‍ വിധിയായി. ഹോവ് ധനികനായി. എന്നാല്‍ കിട്ടുന്നപണമത്രയും ഹോവ് പൊതുജനങ്ങള്‍ക്കായി വിനിയോഗിച്ചുകൊണ്ടിരുന്നു. ഒടുവില്‍ കൂടുതല്‍ പണം തനിക്കാവശ്യമില്ലെന്ന് പറഞ്ഞ് റോയൽറ്റി വേണ്ടെന്ന് വെച്ചു. കൊടിയ കഷ്ടകാലത്തിന് ശേഷം ചെറിയൊരു കാലം സമൃദ്ധിയില്‍ കഴിഞ്ഞ ഏലിയാസ് ഹോവ് 48-ാം വയസ്സില്‍ അന്തരിച്ചു. ചെറിയ കാലത്തിനുള്ളില്‍ ഹോവ് പറഞ്ഞുവെച്ചത്, കാട്ടിതന്നത് രണ്ട് വലിയ കാര്യങ്ങളായിരുന്നു. സത്യം ജയിക്കുക തന്നെ ചെയ്യും. ജീവിക്കാന്‍ ആവശ്യത്തിനു മതി. കാരണം സന്തോഷവും സംതൃപ്തിയുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമാനദണ്ഡം. എല്ലാത്തിലുമുപരി നാം തേടേണ്ടതും നേടേണ്ടതും അതു തന്നെയല്ലേ. സന്തോഷവും സംതൃപ്തിയുമാകട്ടെ നമ്മുടേയും ജീവിതമാനദണ്ഡം.
Part - 63
1924 ജൂണ്‍ 8 . കേംബ്രിഡ്ജ് പ്രൊഫസര്‍ ജോര്‍ജ് ലെയ് മല്ലോറിയും അദ്ദേഹത്തിന്റെ സഹായി സാന്റി ഇര്‍വിന്‍ എന്നിവര്‍ എവറസ്റ്റിന്റെ ഉച്ചിയിലേക്ക് അടുത്തുകൊണ്ടിരിക്കുകാണ്. ഇരുവരും 28000 അടി ഉയരത്തില്‍. ദൂരെ ദൂരെ ഒരിടത്തു നിന്ന്, രണ്ടു പൊട്ടുപോലെ ആ കാഴ്ച, ഭൗമശാസ്ത്രജ്ഞനായ നോയല്‍ ഒഡല്‍ കാണുന്നു. പെട്ടെന്നൊരു മേഘം വന്ന് ഒഡലിന്റെ കാഴ്ച മറച്ചു. പിന്നീടാരും മല്ലോറിയേയും ഇര്‍വിനേയും ജീവനോടെ കണ്ടിട്ടില്ല. ഒഡേല്‍ അവസാനമായി ഇരുവരേയും കാണുമ്പോള്‍ എവറസ്റ്റിന്റെ മുകളില്‍ 'രണ്ടാം ചുവട് ' എന്ന് വിളിക്കുന്ന സ്ഥലത്തായിരുന്നു അവര്‍. 'രണ്ടാം ചുവടില്‍' മല്ലോറിയും കൂട്ടുകാരനും അടിതെറ്റി വീണുമരിച്ചു എന്ന് ലോകം കരുതുന്നു. പിൽകാലത്ത് ഒരു ചൈനീസ് സംഘം ഇതുവഴിയിലൂടെ സഞ്ചരിച്ച് 'രണ്ടാം ചുവട് ' കടന്ന് എവറസ്റ്റ് കീഴടക്കി. അങ്ങനെയെങ്കില്‍ മല്ലോറിയും എവറസ്റ്റ് കീഴടക്കിയിട്ടുണ്ടാകില്ലേ! കയറുമ്പോഴായിരുന്നോ ഇറങ്ങുമ്പോഴായിരുന്നോ മരണം. ഇര്‍വിന്റെ ശരീരം കിടന്നിടത്തു നിന്നും 750 അടി മുകളില്‍ അദ്ദേഹം ഉപയോഗിച്ചിരുന്ന മഴു കണ്ടെത്തിയിരുന്നു. മല്ലോറി വീണത് ഇറങ്ങുമ്പോഴായിരുന്നോ കയറുമ്പോഴായിരുന്നോ എന്ന് ഇതുവരെയും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞിരുന്നെങ്കില്‍ ചരിത്രം മറ്റൊന്നായിപ്പോയേനെ. കാരണം ടെന്‍സിങ്ങ് ഹിലാരി എവറസറ്റ് കീഴടക്കുന്നതിനും മൂന്ന് പതിറ്റാണ്ട് മുമ്പായിരുന്നു ഈ സംഭവം!! മറഞ്ഞു കിടക്കുന്ന അനേകം സത്യങ്ങള്‍ വെളിച്ചത്തേക്ക് വരുമ്പോള്‍ അതുവരെയുള്ള ചരിത്രം വഴിമാറുന്നു. അതുവരെയുള്ള വിശ്വാസങ്ങളും പ്രവൃത്തികളും തെറ്റായി മാറുന്നു. കാലം ശരികളെ ഒരിക്കല്‍ പുറത്ത് കൊണ്ടുവരിക തന്നെ ചെയ്യും. ശരിക്കുവേണ്ടി നമുക്കും കാത്തിരിക്കാം.
Part - 61
ഒന്നിനും കൊള്ളാത്ത അറപ്പുളവാക്കുന്ന ഒന്നായിരുന്നു അക്കാലത്ത് റബ്ബര്‍. ഈ വസ്തുവിനെ എങ്ങനെയെങ്കിലും മനുഷ്യന് ഉപകാരപ്രദമാക്കി മാറ്റുക എന്നതായിരുന്നു ചാള്‍സ് ഗുഡ്ഇയര്‍ എന്ന മനുഷ്യന്റെ ജീവിതലക്ഷ്യം തന്നെ. വര്‍ഷങ്ങള്‍ നീണ്ട അദ്ദേഹത്തിന്റെ ഈ പരീക്ഷണങ്ങള്‍ മൂലം, 'റബ്ബര്‍ ഭ്രാന്തന്‍ ' എന്ന് അയാള്‍ അറിയപ്പെട്ടു. കയ്യിലുള്ള സമ്പാദ്യം മുഴുവന്‍ അയാള്‍ തന്റെ പരീക്ഷണങ്ങള്‍ക്കായി വിനിയോഗിച്ചു. തൊട്ടാല്‍ കയ്യില്‍ ഒട്ടിപ്പിടിക്കുന്ന, ഉരുകി പോകുന്ന ദുര്‍ഗന്ധമുള്ള റബ്ബര്‍. അതൊരിക്കലും ഗുഡ്ഇയറിന്റെ വരുതിക്ക് വന്നതേയില്ല. ഒരു ഉഷ്ണക്കാലം. ഗുഡ്ഇയറിന്റെ കയ്യിലുണ്ടായിരുന്ന റബ്ബര്‍ മുഴുവനും ചൂട്, താങ്ങാനാകാതെ ഉരുകിയൊലിച്ചുപോയി. അയാള്‍ ഭാരിച്ച കടക്കാരനായി. കടം വീട്ടാനാകാതെ ഗുഡ്ഇയര്‍ ജയിലിലായി. ജയില്‍ സൂപ്രണ്ടിന്റെ അനുവാദപ്രകാരം തന്റെ പരീക്ഷണങ്ങള്‍ ജയിലില്‍ തുടരാന്‍ ഗുഡ്ഇയറിന് കഴിഞ്ഞു. കാലം കടന്നുപോയി. അദ്ദേഹം ജയില്‍മോചിതനായി. ഒറ്റമുറി വീട്ടില്‍ അദ്ദേഹവും ഭാര്യയും കഴിഞ്ഞുപോന്നു. ആ വീടിന്റെ അടുക്കള തന്നെയായിരുന്നു അദ്ദേഹത്തിന്റെ പരീക്ഷണശാല. പരീക്ഷണങ്ങള്‍ക്ക് പണമില്ലാതായപ്പോള്‍ അടുക്കള പാത്രങ്ങള്‍ എടുത്തു വിറ്റ് പണം കണ്ടെത്താന്‍ ഗുഡ്ഇയര്‍ ശ്രമിച്ചു. ദാരിദ്രം വല്ലാതെ പിടിച്ചുലച്ചപ്പോള്‍ പരീക്ഷണങ്ങള്‍ നിര്‍ത്താന്‍ ഭാര്യ ഉഗ്രശാസനം നല്‍കി. പക്ഷേ, ഭാര്യ പുറത്ത് പോകുന്ന തക്കം നോക്കി ഗുഡ്ഇയര്‍ തന്റെ പരീക്ഷണം തുടര്‍ന്നു. ഒരു ദിവസം അപ്രതീക്ഷിതമായി എത്തിയ ഭാര്യയെ ഭയന്ന് ഗുഡ്ഇയര്‍ കയ്യിലുണ്ടായിരുന്ന റബ്ബറും ഗന്ധകവും അടുപ്പിലേക്ക് വാരിയെറിഞ്ഞു. ഭാര്യ മടങ്ങിപ്പോയപ്പോള്‍ റബ്ബറിന്റെ അവശിഷ്ടം തേടിയെത്തിയ ഗുഡ്ഇയറിനെ കാത്ത് ഒരത്ഭുതം ഉണ്ടായിരുന്നു. ഗുഡ്ഇയര്‍ തേടി നടന്ന മൂല്യവത്തായ റബ്ബര്‍ ആ അടുപ്പില്‍ രൂപപ്പെട്ടിരുന്നു!! ഒരു ബന്ധുവിന്റെ സാമ്പത്തിക സഹായത്തോടെ അയാള്‍ റബ്ബര്‍ ഉത്പന്ന നിര്‍മ്മാണം തുടങ്ങി. 1844 ല്‍ പേറ്റെന്റും നേടി. അവകാശവാദവുമായി പലരും വന്നു. വീണ്ടും നിയമയുദ്ധം. ഇംഗ്ലണ്ടിലും ഫ്രാന്‍സിലും ഫാക്ടറി സ്ഥാപിക്കാന്‍ ഗുഡ്ഇയറിന് അനുവാദം ലഭിച്ചില്ല. മറ്റൊരാളുടെ സഹായത്തോടെ ഫ്രാന്‍സില്‍ ആരംഭിച്ച കമ്പനി പൂട്ടേണ്ടി വന്നു. ഗുഡ്ഇയര്‍ വീണ്ടും ജയിലിലായി. ഇതിനിടെ സാങ്കേതിക വിദ്യ പലരും ചോര്‍ത്തി. പുതിയ ഉത്പന്നങ്ങള്‍ വിപണി കീഴടക്കി. അവര്‍ സമ്പന്നരായി. ഗുഡ്ഇയറാകട്ടെ ദാരിദ്ര്യത്തില്‍ നിന്നും ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി. അവസാനം 1860 ജൂലൈയില്‍ അദ്ദേഹം യാത്രയായി. ഈ ലോകത്തിന് ഏറ്റവും ഗുണകരമായ ഒരു കണ്ടുപിടുത്തം നല്‍കിയായിരുന്നു അദ്ദേഹം യാത്രയായത്. അത് തിരിച്ചറിഞ്ഞ നെപ്പോളിയന്‍ ചക്രവര്‍ത്തി, ഫ്രാന്‍സിലെ ഏറ്റവും വലിയ ദേശീയ ബഹുമതി മരണാനന്തരം ഗുഡ്ഇയറിന് നല്‍കി. അമേരിക്കയിലെ ഇന്നത്തെ ഏറ്റവും വലിയ റബ്ബര്‍ കമ്പനിയുടെ പേര് കൂടി അറിയുക. ഗുഡ്ഇയര്‍!! ഇന്ന് 2020 എന്ന വര്‍ഷത്തില്‍ ഇരുന്ന് ഗുഡ്ഇയറിനെ നാം ഓര്‍ക്കുന്നത് അദ്ദേഹം ചാര്‍ത്തിയ കയ്യൊപ്പ് ഒന്നുകൊണ്ടുതന്നെയാണ്. കാലമെത്ര കഴിഞ്ഞാലും , ലക്ഷ്യം ശുദ്ധവും സത്യവുമാണെങ്കില്‍ നാം അംഗീകരിക്കപ്പെടുക തന്നെ ചെയ്യും.
Part - 60
പഠിക്കാന്‍ വിട്ടാല്‍ പഠിക്കണം. അല്ലെങ്കില്‍ ഇങ്ങനെ ചുറ്റിക്കറങ്ങി നടക്കേണ്ടിവരും. ഒരു തലമുറമുഴുവന്‍ കേട്ട പഴിവാക്കുകളാണിത്. വിദ്യാഭ്യാസത്തിന്റെ ആവശ്യം ചൂണ്ടിക്കാണിക്കുന്ന ഒരു പ്രസ്താവന ആയിരുന്നു അത്. എന്നാല്‍ പിന്നീട് ഈയൊരു വര്‍ത്തമാനകാലത്തിലേക്കെത്തുമ്പോള്‍ വിദ്യാസമ്പന്നരായവരെ മാത്രം നമ്മള്‍ കണ്ടുമുട്ടുന്നു. ഇനിയൊരു കഥപറയട്ടെ, ഫ്രഞ്ച്കാരനായ പാപ്പിന്റെ കഥ. പെന്റുലും ക്ലോക്ക് കണ്ടുപിടിച്ച ഡച്ച് ശാസ്ത്രജ്ഞനായിരുന്ന ക്രിസ്ത്യന്‍ ഹൈഗന്‍സിന്റെ സഹായിയായിട്ടായിരുന്നു പാപ്പിന്റെ തുടക്കം. പിന്നീട് മറ്റൊരു ശാസ്ത്രജ്ഞനായ ബോയിലിന്റെ കൂടെയായി. നിരീഷണപരീക്ഷണങ്ങള്‍ക്കിടയില്‍ പാപ്പിന്‍ കട്ടിയുള്ള ഒരു ലോഹത്തകിടുകൊണ്ട് ഒരു പാത്രവും അടപ്പും നിര്‍മ്മിച്ചു. എന്നിട്ട് തന്റെ സഹോദരിയോട് അതില്‍ ഭക്ഷണം പാകം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. ആദ്യമായി അതില്‍ സൂപ്പ് ഉണ്ടാക്കാനായി മാംസം വേവിക്കാനായിരുന്നു തീരുമാനം. നീണ്ട സമയം എടുക്കുമായിരുന്ന ആ പ്രക്രിയ വെറും അരമണിക്കൂറില്‍ പൂര്‍ത്തിയായി. മാംസത്തിനോടൊപ്പമുള്ള എല്ലിനുപോലും നല്ല മാര്‍ദ്ദവം. ആ അത്ഭുതവിദ്യയുടെ പിന്നിലെ തത്വം വളരെ ചെറുതായിരുന്നു. അടപ്പ് മുറിക്കിയടച്ചതോടെ നീരാവി ഒട്ടും പുറത്ത് പോകാതെ , വലിയ താപനിലയില്‍ ഭക്ഷണം പെട്ടെന്ന് തന്നെ വെന്തു. അങ്ങനെ ആദ്യത്ത പ്രഷര്‍കുക്കര്‍ പിറന്നു! നീരാവിയുടെ അതിസമ്മര്‍ദ്ദം മൂലം ഉണ്ടാകാവുന്ന അപകടം ഒഴിവാക്കാന്‍ സേഫ്റ്റിവാല്‍വും പാപ്പിന്‍ കണ്ടുപിടിച്ചു. 1680ലായിരുന്നു ഈ പാത്രത്തിന്റെ പിറവി !!! അന്നതിന് 'അസ്ഥിദഹനയന്ത്രം' എന്നായിരുന്നു വിളിപ്പേര്. എന്തായാലും യന്ത്രം പ്രചാരം നേടി. പാപ്പിന്‍ അതിനൊപ്പമൊന്നും നിന്നില്ല. അദ്ദേഹം നീരാവിയുടെ ശക്തി തിരിച്ചറിഞ്ഞ ലഹരിയില്‍ പുതിയ ഗവേഷണങ്ങളിലേക്ക് തിരിഞ്ഞു. ഒരു ആവി എന്‍ജിനായിരുന്നു ലക്ഷ്യം. അങ്ങനെയൊന്ന് രൂപപ്പെടുത്തി പഴയൊരു ബോട്ടില്‍ ഉറപ്പിച്ച് ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ചു. കടലില്‍ വെച്ച് മറ്റ് തോണിക്കാരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പാപ്പിന്റെ യന്ത്രം തകര്‍ക്കപ്പെട്ടു. പിന്നീട് പാപ്പിന് എന്തു സംഭവിച്ചുവെന്ന് ചരിത്രത്തിലെവിടെയും ഇല്ല .. എന്നാല്‍, പാപ്പിന്‍ തുടങ്ങിവെച്ച നീരാവി യന്ത്രങ്ങള്‍ പിന്നീട് ലോകത്തിന്റെ ഗതിയെ തന്നെ മാറ്റി മറിച്ചു. ഇനി പാപ്പിന്റെ ജീവിതത്തിലെ ഒരു ട്വിസ്റ്റ്. വിദ്യാര്‍ത്ഥിയായിരിക്കെയാണ് അദ്ദേഹം ഇത്തരം പരീക്ഷണങ്ങളിലേക്ക് തിരിഞ്ഞത്. അതും ഉന്നതവിദ്യാഭ്യാസ രംഗത്തു നിന്നും, തന്റെ 'കിറുക്കന്‍ ആശയങ്ങള്‍ക്ക് ' പിറകെ ഇറങ്ങിത്തിരിക്കുമ്പോള്‍ പാപ്പിന്‍ ഉപേക്ഷിച്ചത് തന്റെ വൈദ്യശാസ്ത്രവിദ്യാഭ്യാസമായിരുന്നു!! എന്ത് പഠിക്കണം ? ആരാകണം ? തീരുമാനിക്കപ്പെടേണ്ടത് എവിടെയാണ്.? താല്‍പര്യങ്ങള്‍ക്കനുസരിച്ച് പഠിക്കുവാനും, പഠിപ്പിക്കുവാനും നമുക്കാകട്ടെ - ശുഭദിനം.
Part - 59
കച്ചവടക്കാരന്‍ കടയടച്ചു ബസില്‍ വീട്ടിലേക്ക് പോവുകയായിരുന്നു. പണമടങ്ങിയ ബാഗ് കയ്യിലുണ്ടായിരുന്നു. കുറച്ച് നേരം അയാള്‍ ഉറങ്ങിപ്പോയി. ഉണര്‍പ്പോള്‍ , ബാഗ് മോഷണം പോയെന്നുമനസ്സിലായി. സഹയാത്രികരെല്ലാം ചുറ്റുംകൂടി. അതിലൊരാള്‍ പറഞ്ഞു. പണമുള്ള ബാഗും കയ്യില്‍ വെച്ച് ഉറങ്ങാന്‍ പാടില്ലായിരുന്നു. പണവുമായി ബസില്‍ കയറിയതുതന്നെ തെറ്റായിപ്പോയെന്ന് മറ്റൊരാള്‍. ഇതെല്ലാം കേട്ട് കച്ചവടക്കാരന്‍ പറഞ്ഞു: എന്റെ ബാഗ് മോഷ്ടിക്കപ്പെട്ടതിന്റെ പേരില്‍ നിങ്ങളെല്ലാം എന്നെ കുറ്റപ്പെടുത്തുന്നു. മോഷ്ടിച്ചവനെക്കുറിച്ച് ഒരു വാക്കി പോലും പറയുന്നില്ലല്ലോ? !! വിമര്‍ശിക്കാന്‍ വേണ്ടി മാത്രം വായ തുറക്കുന്ന ചിലരുണ്ട്. വിമര്‍ശനം ശീലമാക്കിയവര്‍ക്കെല്ലാം ഒരു പൊതു ഗുണമുണ്ട്. അവര്‍ അധികം വിമര്‍ശിക്കപ്പെടില്ല. എന്തെങ്കിലും ചെയ്യുന്നവരെയല്ലേ ആര്‍ക്കെങ്കിലും വിമര്‍ശിക്കാന്‍ സാധിക്കൂ!! ഒന്നും ചെയ്യാനറിയാത്തവന്റെ തുറുപ്പുചീട്ടാണ് സ്ഥിരവിമര്‍ശനം. അവര്‍ക്കു തങ്ങളുടെ സാന്നിധ്യം അറിയിക്കാനുള്ള ഏകമാര്‍ഗ്ഗവും അതാണ്. ഒരാള്‍ സ്ഥിരമായി വിമര്‍ശിക്കപ്പെടുകയാണെങ്കില്‍ അതിനര്‍ത്ഥം, അയാള്‍ നിരന്തരം കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും അവയോരോന്നും ഫലം കാണുന്നുണ്ടെന്നുമാണ്. കല്ലേറുകള്‍ക്കെല്ലാം മറുപടി നല്‍കാന്‍ നിന്നാല്‍ ഏറു കൊണ്ടു മരിക്കുകയേ ഉള്ളൂ. എന്നാല്‍ എറിഞ്ഞുവീഴാത്താന്‍ പറ്റാത്തവിധം മുകളിലെത്തിയാലോ, എറിയുന്നവന്‍ കൈകഴച്ച് നിര്‍ത്തിപോവുകയേ തരമുള്ളൂ. വിമര്‍ശനങ്ങളെ നേരിടേണ്ടി വരുമ്പോള്‍ ഓര്‍ക്കുക, നിങ്ങള്‍ ചെയ്ത പ്രവര്‍ത്തികള്‍ ഫലം കണ്ടുതുടങ്ങി എന്ന്. കല്ലേറുകള്‍ക്ക് മീതെ പറന്നുയരാനുള്ള മനശ്ശക്തി സ്വായത്തമാക്കാനാകട്ടെ - ശുഭദിനം
Part - 58
ഇന്നസെന്‍സോ മാന്‍സെറ്റി, ജൊഹാന്‍ ഫിലിപ് റീസ്, അന്റോണിയോ മ്യൂച്ചി, എലിഷാ ഗ്രേ, അലക്‌സാണ്ടര്‍ ഗ്രഹാം ബെല്‍ ഇതില്‍ അവസാനത്തെ പേരുമാത്രം എല്ലാവര്‍ക്കും അറിയാം. ടെലിഫോണ്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ അല്ലേ. അപ്പോള്‍ ലിസ്റ്റിലുള്ള മറ്റുള്ളവരോ ? അവരും ടെലഫോണ്‍ കണ്ടുപിടിച്ചവരാണ് !! ഗ്രഹാം ബെലിന്റെ പേരിലാണ് ടെലഫോണിന്റെ പേറ്റന്റ്. ഗ്രഹാം ബെലിനേക്കാള്‍ മുമ്പ് ടെലിഫോണ്‍ കണ്ടുപിടിച്ചത് താനാണ് എന്ന് അവകാശപ്പെട്ട ചിലരുടെ പേരുകളാണ് മുന്‍പ് പറഞ്ഞത്. ഇതില്‍ ചിലരുടെ വാദങ്ങള്‍ എല്ലാവരും തള്ളിക്കളഞ്ഞതാണ്, ഇതില്‍ രണ്ടുപേര്‍ ഒഴികെ. അന്റോണിയോ മ്യൂച്ചി, എലിഷാ ഗ്രേ എന്നിവരാണ് അവര്‍. എലിഷാ ഗ്രേയുടെ തത്വങ്ങള്‍ മോഷ്ടിച്ചാണ് ഗ്രഹാം ബെല്‍ പേറ്റന്റ് സമ്പാദിച്ചതെന്ന് ഒരുപാട് പേര്‍ വാദിക്കുന്നു. അതുപോലെ തന്നെ 1876 ലാണ് ഗ്രഹാം ബെല്ലിന് ടെലിഫോണിന്റെ പേറ്റന്റ് ലഭിക്കുന്നത്. എന്നൽ 1856 ല്‍ മ്യൂച്ചി സംസാരിക്കുന്ന ടെലിഗ്രാഫ് എന്ന് പേരിട്ട ഒരു ഉപകരണം നിര്‍മ്മിച്ചിരുന്നുവത്രേ. ഈ ഉപകരണത്തെയാണ് ആദ്യത്തെ ടെലിഫോണ്‍ എന്ന് പലരും കണക്കാക്കുന്നത്. പേറ്റന്റിന് അപേക്ഷിക്കാനുള്ള പണം ഇല്ലാതിരുന്നതുകൊണ്ട് അദ്ദേഹത്തിന് ഈ കണ്ടുപിടുത്തത്തിന് പേറ്റന്റ് നേടാനായില്ല. വൈകാതെ ഗ്രഹാംബെല്‍ ടെലിഫോണിന്റെ പേറ്റന്റ് നേടുകയും ചെയ്തു. സത്യം എന്തായാലും, ഒരു കാര്യം നാം മനസ്സിലാക്കേണ്ടതുണ്ട്. ടെലിഫോണ്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഗ്രഹാം ബെല്ലിനെപോലെ പരിശ്രമിച്ച ഒരുപാട് പേരുണ്ട്. അറിഞ്ഞസത്യത്തേക്കാള്‍ കൂടുതലാണ് അറിയാതെ പോകുന്ന സത്യങ്ങള്‍. സത്യത്തിന് നേരെ കണ്ണ് തുറന്ന്, സത്യത്തെ അറിഞ്ഞ് ജീവിക്കാന്‍ നമുക്കാകട്ടെ - ശുഭദിനം
Part - 57
കാലം, കലണ്ടര്‍ - ചലിക്കുന്ന ഒന്നിന്റെ നിശ്ചലമായ സൂചിക; ഒരു പേജ് മറിഞ്ഞാല്‍ കാലം മാറുന്നു. കാലം പുതുതാകുന്നു. അപ്പോള്‍ ചിലതെല്ലാം, അല്ലെങ്കില്‍ അതുവരെയുള്ളതെല്ലാം പഴയതാകുന്നു! കഥപോലെ ചിലതുണ്ട്. അങ്ങനെ പഴയതായതും എന്നാല്‍ കാലത്തെ പാകപ്പെടുത്തി പുതുക്കുന്നതുമായ ചിലത്. അതിലേക്ക്.
ജൂലൈ 28 - സമയം 2.59 pm. എനിക്ക് കരച്ചില്‍ നിര്‍ത്താനാവുന്നില്ല. ഞാന്‍ ഇന്നു രാത്രി കൊല്ലപ്പെട്ടേക്കും.
ആഗസ്റ്റ് 25 - സമയം 3.31 pm മനുഷ്യത്വം തിരികെ എത്തുമ്പോള്‍ എന്നെ വിളിച്ചുണര്‍ത്തുക. ഞാന്‍ ഒരിക്കലും ഉണരില്ലെന്നു കരുതുന്നു.
വികാരതീവ്രമായ ഈ വരികള്‍ 29 വയസ്സുള്ള ഫറ ബക്കര്‍ എന്ന പാലസ്തീന്‍ പെണ്‍കുട്ടിയുടേതാണ്. ഗാസയില്‍ ഇസ്രയേല്‍ പോരോട്ടം ശക്തമായപ്പോള്‍ മരണമുഖത്തു നിന്നുകൊണ്ട് ഫറ ട്വിറ്ററിലൂടെ പുറം ലോകത്തെ അറിയിച്ച യുദ്ധത്തിന്റെ നേര്‍ചിത്രങ്ങളില്‍ ചിലതുമാത്രമാണിത്. കാലം ഈ വരികളെ പിന്നീട് ചരിത്രരേഖകളാക്കി മാറ്റിവെച്ചു. ഫറയ്ക്ക് പുതിയൊരു വിളിപ്പേരും ലഭിച്ചു. ഗാസയുടെ ആന്‍ഫ്രാങ്ക്. ഇനി ശരിക്കുള്ള ആന്‍ഫ്രാങ്കിലേക്ക് - ഹിറ്റ്‌ലറുടെ ജര്‍മ്മിനിയില്‍ ജനിച്ച്, ഹംഗറിയില്‍ കുടിയേറി പേടിയോടെ ഒളിത്താവളത്തില്‍ ജീവിച്ച 14 വയസ്സുകാരി പെണ്‍കുട്ടി. പിന്നീട് ഹിറ്റ്‌ലറുടെ ക്യാപുകളില്‍ തടവുകാരിയായി, രോഗബാധിതയായി മരണമടഞ്ഞവള്‍. രണ്ടാം ലോക മഹായുദ്ധത്തിന്റെയും ഹിറ്റ്‌ലര്‍ നടപ്പിലാക്കിയ ജൂതവിദ്വേഷത്തിന്റെയും ദുരിതങ്ങള്‍ ഒളിയിടത്തിലിരുന്ന് കടലാസ്സില്‍ പകര്‍ത്തി ലോകത്തിനായി മാറ്റിവെച്ചവള്‍. ആന്‍ഫ്രാങ്ക് ഒരെഴുത്തുകാരി ആകാനാണ് കൊതിച്ചിരുന്നത്. തന്റെ പ്രിയ സുഹൃത്ത് കിറ്റിയുടെ പേരാണ് ആന്‍ തന്റെ ഡയറിക്ക് സമ്മാനിച്ചത്. കിറ്റിയോട് സംസാരിക്കുംപോലെ ആയിരുന്നു ആ ഡയറിക്കുറിപ്പുകള്‍. അതിലെ ഒരു കുറിപ്പ് ഇങ്ങനെയായിരുന്നു. 'നോക്കൂ കിറ്റീ, വീപ്പയില്‍ ഒളിച്ചുവെച്ച ഒരു വര്‍ഷം പഴക്കമുള്ള കാബേജ് നുറുക്കി അത്താഴം ഉണ്ടാക്കി. അതിന്റെ ദുര്‍ഗന്ധം നിനക്ക് ഊഹിക്കാമല്ലോ... യുദ്ധത്തിന്റെ നാലാം വര്‍ഷവും ഒളിവില്‍ കഴിയുക ചെറിയ കാര്യമല്ല. ഇതൊന്നു അവസാനിച്ചെങ്കില്‍ എന്ന് മാത്രമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. എന്ന് നിന്റെ സ്വന്തം ആന്‍.' ബൈബിള്‍ കഴിഞ്ഞാല്‍ കഥേതര വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകം ആയിരുന്നു ആനിന്റെ ഡയറിക്കുറിപ്പുകള്‍. ഡയറികള്‍ മാറുന്ന കാലമാണ്. എഴുതിയവ എവിടെയോ സൂക്ഷിക്കപ്പെടുന്നു. പുതിയത് എഴുതിക്കൊണ്ടേയിരിക്കുന്നു. ഓര്‍ക്കുക, ഓരോ വരിയും ചരിത്രമാണ്. ചരിത്രത്തില്‍ നിന്നു പാഠം ഉള്‍ക്കൊള്ളേണ്ടതുണ്ട്. - നമുക്ക് നമ്മുടെ ഡയറിതാളുകളിലൂടെ ഇടയ്‌ക്കൊക്കെ പിന്നോട്ട് നടക്കാം, കാരണം, മുന്നോട്ട് സഞ്ചരിക്കാനുള്ള ഊര്‍ജ്ജം ആ യാത്ര നമുക്ക് നല്‍കും

